അനുരാഗികള്‍ നബിയെത്തേടി

I (8)പ്രപഞ്ച സൃഷ്ടിപ്പിന് നിദാനവും നിമിത്തവും പ്രവാചകര്‍(സ്വ)യാണ്. പ്രവാചകപ്രകാശം (നൂറുമുഹമ്മദ്) ആണ് അല്ലാഹുവിന്റെ ആദ്യ സൃഷ്ടി (മുസ്വന്നഫ് അബ്ദുറസാഖ്). മണ്ണും മനുഷ്യനും മാനവും മഴയും എല്ലാം പ്രപഞ്ച കുടുംബത്തിലെ അംഗങ്ങളാണ്. തിരുനബി(സ്വ) തന്നെയാണ് ഇതിനൊക്കെയും കാരണഭൂതര്‍. പര്‍വതങ്ങളും പറവകളും പാറക്കഷ്ണങ്ങളും വൃക്ഷങ്ങളും പ്രവാചകരോട് കഥിച്ചത് ചരിത്രത്തില്‍ നിന്നു കേട്ടവരാണ് നാം.
മനുഷ്യരാകുന്ന നമ്മളും പ്രവാചകരില്‍ അലിഞ്ഞുചേരണം. അങ്ങനെ അലിഞ്ഞുചേര്‍ന്ന് വിജയം വരിച്ചവര്‍ സൗഭാഗ്യവാന്മാര്‍. മുന്‍ഗാമികളില്‍ അത്തരം സച്ചരിതര്‍ നിരവധിയുണ്ട്. അവരുടെ ഭാഗ്യനിദാനം ഒന്നുമാത്രമായിരുന്നു; ഇശ്ഖ്! തിരുനബി(സ്വ)യോടുള്ള അതിരറ്റ അനുരാഗം. കവികളും പണ്ഡിതന്മാരും അവരുടെ സര്‍ഗാത്മകതയെ തുഴയാക്കി ഇശ്ഖിന്റെ ലോകത്ത് തോണിയടുപ്പിക്കുന്പോള്‍, അത്ര മേന്മയൊന്നുമില്ലാത്തവരുടെ നല്ല ആയുധമാണ് സ്വലാത്. സ്വലാതിലൂടെയാണ് പലരും കരപറ്റിയത്.
സ്വലാത് എന്ന പദത്തിന്റെ അര്‍ത്ഥഭേദങ്ങള്‍ സുഗ്രാഹ്യമാണ്. അല്ലാഹുവില്‍ നിന്നുള്ള സ്വലാതിന്റെ പൊരുള്‍ അവന്റെ അനുഗ്രഹവര്‍ഷമാണ്. മാലാഖമാരില്‍ നിന്നാവുന്പോള്‍ പാപമോചനത്തിനുള്ള തേട്ടവും വിശ്വാസികളില്‍ നിന്നാവുന്പോള്‍ പ്രാര്‍ത്ഥനയും. സ്വലാതിന്റെ മഹാത്മ്യം വിശദീകരിക്കുന്ന ആയത്തുകളും ഹദീസുകളും ചരിത്രശകലങ്ങളും അനുഭവസാക്ഷ്യങ്ങളും നിരവധിയാണ്.
ഖുര്‍ആ`ന്‍ സൂക്തമിങ്ങനെ: “അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകര്‍(സ്വ)യുടെ മേല്‍ സ്വലാത് ചെയ്യുന്നു. വിശ്വാസികളേ നിങ്ങളും അവിടുത്തെ മേല്‍ സ്വലാത് സലാമുകള്‍ ചൊല്ലുക’ (33/56).
ഹദീസുകള്‍ സ്വലാതിനെക്കുറിച്ച് വാചാലമാണ്: “നിങ്ങളില്‍ നിന്നും അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്തു നില്‍ക്കുന്നവര്‍ ഏറ്റവും കൂടുതല്‍ സ്വലാതുകള്‍ ചൊല്ലുന്നവരാണ്’ (ബൈഹഖി). “തിരുനബി(സ്വ)യുടെ പേരു കേള്‍ക്കുന്പോള്‍ സ്വലാത് കൊണ്ട് പ്രതിവചിക്കാത്തവനത്രെ ഏറ്റവും വലിയ ലുബ്ധ`ന്‍’ (അഹ്മദ്). “ഒരാള്‍ ഒരു സ്വലാത് ചൊല്ലിയാല്‍ അവന്റെ പേരില്‍ പത്ത് ഗുണങ്ങള്‍ എഴുതുകയും പത്ത് ദോഷങ്ങള്‍ മായ്ച്ചു കളയുകയും ചെയ്യുന്നു’ (ത്വബ്റാനി). “വാങ്ക്ഇഖാമതുകള്‍ക്ക് ശേഷം പ്രത്യേക ദുആ നടത്തുന്നവര്‍ക്ക് അന്ത്യനാളില്‍ തിരുശഫാഅത്ത് ലഭ്യമാകുന്നതാണ്’ (ദാറുഖുത്നി). “വെള്ളിയാഴ്ച നിങ്ങള്‍ സ്വലാത് അധികരിപ്പിക്കുക’ (ഹാകിം).
വിശ്വാസത്തിന്റെ കനവും കഴന്പുമുള്ള ഹൃദയത്തില്‍ നിന്നാണ് സ്വലാതിന്റെ ആര്‍ദ്രത പ്രവഹിക്കുക. തിരുനബി(സ്വ)യുടെ സമകാലികനോ സമീപകാലക്കാരനോ ആകാ`ന്‍ സാധിക്കാത്തതിലുള്ള ആകുലത ഓരോ വിശ്വാസിയും അവന്റെ സ്വലാതിലൂടെ വരച്ചിടുന്നു. ഒരു സ്വപ്ന ദര്‍ശനത്തെയെങ്കിലും മനസ്സില്‍ കൊണ്ടുനടക്കുന്നു. പരിശുദ്ധ പ്രവാചകനെ സംബന്ധിക്കുന്ന ഖിസ്സകള്‍ മനസ്സുനിറയെ കേള്‍ക്കുകയും കണ്ണീര്‍ വാര്‍ക്കുകയും ചെയ്യുന്നു. അങ്ങനെ അകലാനാകാത്ത വിധം അനുരാഗികള്‍ പ്രവാചകനെ തേടിയലയുന്നു. അങ്ങയുടെ അസാന്നിധ്യത്തില്‍ സ്വലാത് ചൊല്ലുന്നവരെ അങ്ങ് അറിയുമോ എന്നാരാഞ്ഞയാളോട് സ്വലാത് ചൊല്ലുന്നവരെയും അവരുടെ സ്വലാതുകളെയും ഞാനറിയുമെന്നായിരുന്നു നബി(സ്വ)യുടെ ഉത്തരം (അല്‍ജാമിഉസ്സഗീര്‍).
ഒരാള്‍ പ്രവാചകരെ സമീപിക്കുന്നു. ഭക്തിയുള്ള വിശ്വാസികളെയും അല്ലാത്തവരെയും നാം കാണുന്നതെന്ത് കൊണ്ടാണെന്ന് അയാള്‍ക്കറിയണം. നബി(സ്വ)യുടെ മറുപടി, മാധുര്യമുള്ള ഈമാനുള്ളവരാണ് ഭക്തവിശ്വാസികള്‍. മറ്റുള്ളവര്‍ക്ക് മാധുര്യം സിദ്ധിച്ചിട്ടില്ല. ഉടനെ വരുന്നു ഉപചോദ്യം. ഒരു വിഭാഗം മാത്രം മാധുര്യം നുകരാനുള്ള കാരണമെന്താണ്? “അല്ലാഹുവിലുള്ള നിര്‍വ്യാജമായ സ്നേഹം തന്നെ’യെന്നുത്തരം. തിരുനബി(സ്വ)യോടുള്ള സ്നേഹമാണ് ഇതിനു നിദാനം. നബിസ്നേഹം വഴി അല്ലാഹുവിന്റെ തൃപ്തി കാംക്ഷിക്കുക. അതേ, ദൂതരിലൂടെ നാഥനിലേക്ക്. മറുപടി അയാളെ തൃപ്തനാക്കി.
ഈമാനില്‍ സുദൃഢ`ന്‍ ആരാണെന്ന് ചോദിച്ചപ്പോഴും നബി(സ്വ) പറഞ്ഞത് നബിയെ സ്നേഹിച്ചവ`ന്‍ എന്നാണ്. സ്നേഹത്തിലുള്ള സത്യസന്ധതയാണ് സ്നേഹപ്രേരണ.
ഇഹപര ലോകങ്ങളില്‍ ഫലം അനുഭവവേദ്യമാകുന്ന ഒരു സല്‍കര്‍മമാണ് സ്വലാത്. ഒരു ഹദീസ് ഇങ്ങനെ: “നബി(സ്വ) പറയുന്നു: എന്റെ മേല്‍ ഒരു സ്വലാത് ചൊല്ലിയാല്‍ അവന്റെ മേല്‍ അല്ലാഹു പത്ത് ഗുണം ചെയ്യുന്നു. പത്ത് ചൊല്ലിയാല്‍ നൂറ് ഗുണവും. നൂറു ചൊല്ലിയാല്‍ നരകാഗ്നി അവന് നിഷിദ്ധമാക്കുന്നു. ഐഹിക ജീവിതത്തിലും വിചാരണ വേളയില്‍ പാരത്രിക ലോകത്തും “ഖൗലുസ്സാബിത്’ കൊണ്ട് അല്ലാഹു അവനെ അനുഗ്രഹിക്കുന്നു. അങ്ങനെയവ`ന്‍ സ്വര്‍ഗാവകാശിയായി മാറുന്നു. അവന്റെ സ്വലാതുകള്‍ അന്ത്യനാളില്‍ സ്വിറാത് പാലത്തില്‍ പ്രകാശമായി അവനെ നയിക്കുന്നു.’
“അബൂഹുറൈറ(റ) പറയുന്നു: സ്വലാത് ചൊല്ലുന്നവര്‍ സ്വിറാത് കടക്കുന്പോള്‍ ഒരു പ്രകാശം അവരുടെ കൂടെയുണ്ടാകും. ആ പ്രകാശവുമായി അവ`ന്‍ നരകത്തെ നേരിടുകയില്ല.’
അനുപമമായ പ്രതിഫലമാണ് സ്വലാതിന് അല്ലാഹു നല്‍കുന്നത് എന്നു ചുരുക്കം. ഒരേയവസരത്തില്‍ തന്നെ അല്ലാഹുവിനെയും പരകോടി ജനങ്ങള്‍ക്കിടയില്‍ നിന്ന് അല്ലാഹു അതിരറ്റ് സ്നേഹിച്ച പരിശുദ്ധ പ്രവാചകനെയും സ്മരിക്കുകയാണ് സ്വലാതിലൂടെ. അല്ലാഹുവിന്റെ അജയ്യതയെ സ്വലാതിലൂടെ സമ്മതിക്കുകകൂടി ചെയ്യുന്നുണ്ട്. കാരണം, ലോകാനുഗ്രഹിയും നേതാവുമായ തിരുനബി(സ്വ)യുടെ മേല്‍ അനുഗ്രഹം ചൊരിയണമെന്ന് അല്ലാഹുവിനോട് അടിമകള്‍ നടത്തുന്ന ശിപാര്‍ശയാണ് സ്വലാത്. സ്വലാതിന് വേണ്ടി ഒരുക്കുന്ന സദസ്സുകള്‍ പ്രതിഫലാര്‍ഹമായ ഉദ്യമങ്ങളാണെന്നതില്‍ സന്ദേഹമില്ല. നന്മയുടെ അത്തരം സദസ്സുകളില്‍ മാലാഖമാര്‍ വന്നുനിറയുന്നു.
ഉദ്ദേശ്യപൂര്‍ത്തീകരണം ആരുടെയും ആഗ്രഹമാണ്. ജീവിതത്തിന്റെ അനര്‍ഘ നിമിഷങ്ങള്‍ പോലും നാമിതിന് വിനിയോഗിക്കുന്നു. പൂവണിയാതെ പോയ ആഗ്രഹങ്ങളെ ചൊല്ലി വ്യാകുലചിത്തരാവുകയും ചെയ്യുന്നു. എന്നാല്‍ സ്വലാത് ഇതിനുള്ള ഒരു പോംവഴിയാണ്. നബി(സ്വ) പറഞ്ഞു: “ആശ നിറവേറാ`ന്‍ ആഗ്രഹിക്കുന്നവര്‍ സ്വലാതുകള്‍ അധികരിപ്പിക്കട്ടെ. അതു പ്രതിസന്ധികളകറ്റുന്നു. ഭക്ഷണവിശാലത സാധ്യമാക്കുന്നു.’
സ്വ ശരീരമൊഴിച്ചാല്‍ എന്റെ ഏറ്റവും ഇഷ്ടഭാജനം തിരുനബി(സ്വ)യാണെന്ന് പറഞ്ഞ ഉമര്‍(റ)വിനോടുള്ള അവിടുത്തെ പ്രതികരണം, വിശ്വാസം സന്പൂര്‍ണമല്ലെന്നായിരുന്നു. പ്രവാചക`ന്‍ തന്നെയാണ് ഇനി മുതല്‍ ഒന്നാമതെന്ന് ഉമര്‍(റ) തിരുത്തിപ്പറഞ്ഞപ്പോള്‍ നബിയുടെ അംഗീകാരം വന്നു: “ഇപ്പോള്‍ നിന്റെ വിശ്വാസം പൂര്‍ണത പുല്‍കിയിരിക്കുന്നു.’ പരിശുദ്ധ റസൂല്‍ നിങ്ങളുടെ ആത്മസ്വത്തത്തെക്കാള്‍ ബന്ധപ്പെട്ടതാണെന്നാണല്ലോ ഖുര്‍ആ`ന്‍ വചനം. അനസ്(റ)ന്റെ ഉദ്ധരണവും ഇതു തന്നെയാണര്‍ത്ഥമാക്കുന്നത്: “സ്വന്തം ശരീരം, സമ്പത്ത്, മാതാപിതാക്കള്‍, സന്താനങ്ങള്‍, സര്‍വജനങ്ങള്‍ എല്ലാവരെക്കാളും ദൂതരെ ഇഷ്ടപ്പെടാത്ത കാലമത്രയും ഒരാളും പൂര്‍ണവിശ്വാസിയാകുന്നില്ല.’
വിശ്വാസം ആരാധനാനിഷ്ഠം മാത്രമല്ല, സ്നേഹാധിഷ്ഠിതം കൂടിയാണ്. നബിസ്നേഹത്തെ ആത്മാവിലുറപ്പിച്ചവര്‍ക്കു മാത്രമേ പൂര്‍ണ വിശ്വാസിയാകാ`ന്‍ സാധിക്കൂ. വിശ്വാസത്തെയും സ്നേഹത്തെയും ഇരു ധ്രുവങ്ങളിലിരുത്തുന്നവര്‍ക്ക് ലക്ഷ്യസ്ഥാനത്തേക്ക് സരളമായി ചെന്നെത്തുക പ്രയാസമാണ്. പ്രവാചകാധ്യാപനങ്ങള്‍ പാലിക്കുകയാണ് നബിസ്നേഹമെന്നും അതിലുപരി സ്നേഹം വേണ്ടതില്ലെന്നുമുള്ള പരിഷ്കാരി വാദികള്‍ക്ക് ഇതു ദഹിക്കില്ലെങ്കിലും.

 

You must be logged in to post a comment Login

Leave a Reply