അവയവങ്ങള്‍ നാഥനും പ്രവാചകനും

തിരുദൂതരുടെ അമ്മായി ഉമയ്മത്തിന്റെയും റിയാബിന്റെ മകന്‍ ജഹ്ശിന്റെയും പുത്രനാണ് അബ്ദുല്ലാഹിബ്നു ജഹ്ശ്(റ). അദ്ദേഹത്തിന്റെ സഹോദരി സൈനബ(റ) തിരുപത്നിമാരില്‍ ഒരാളാണ്. നബി(സ്വ) തങ്ങളുമായി അടുത്ത കുടുംബ ബന്ധമുണ്ടായിരുന്ന ഇദ്ദേഹം രഹസ്യ പ്രബോധനത്തിന് അല്‍ഖമിന്റെ വീട് സജ്ജമാകുന്നതിന് മമ്പുതന്നെ ഇസ്‌ലാം സ്വീകരിച്ച് ആദ്യകാല വിശ്വാസികളില്‍ ഒരാളായി. വിശ്വാസ സംരക്ഷണത്തിന് എത്യോപ്യയിലേക്കും തുടര്‍ന്ന് മദീനയിലേക്കും ഹിജ്റ പോയിട്ടുണ്ട്. മക്കയിലെ അസദ് കുടുംബമായിരുന്നു ഇവരുടേത്. അദ്ദേഹവും കുടുംബവും പലായനം ചെയ്തതോടെ ഇവര്‍ പാര്‍ത്തിരുന്ന പ്രദേശം വിജനമായിത്തീര്‍ന്നു.

അക്കാലത്ത് ഓരോ ദിവസവും ബന്ധുജനങ്ങളെ ഉപേക്ഷിച്ചു സത്യവിശ്വാസികള്‍ മദീനയിലേക്ക് പാലായനം ചെയ്തുകൊണ്ടിരുന്നു. ഏതു കുടുംബത്തിലെ ആരെല്ലാമാണ് നാടുവിട്ടതെന്ന് ഖുറൈശി പ്രമുഖര്‍ ഓരോ പ്രഭാതത്തിലും അന്വേഷിക്കും. അബ്ദുല്ലാഹിബ്നു ജഹ്ശിന്റെ അസദ് ഗോത്രം താമസിച്ചിരുന്ന സാമാന്യം സൗകര്യവുമുള്ള പുരയിടം ശൂന്യമായി കണ്ട ഖുറൈശി പ്രമുഖന്‍ അബൂജഹ്ല്‍ ആ വീട് കൈവശപ്പെടുത്തി.

“യാ റസൂലല്ലാഹ്, മക്കയിലെ ഞങ്ങളുടെ ഭവനം ദുഷ്ടന്‍ അബൂജഹ്ല്‍ കൈവശം വെച്ചിരിക്കുന്നതായി അവിടെ നിന്നെത്തിയവര്‍ പറയുന്നു…’ അബ്ദുല്ല തിരുദൂതരോട് ആവലാതിപ്പെട്ടു.

അബ്ദുല്ലാ, മക്കയിലെ നിങ്ങളുടെ കുടുംബ വീടിനു പകരം സുന്ദരമായ ഒരു മണിമന്ദിരം അല്ലാഹു പകരം നല്‍കുന്നതില്‍ നീ സന്തുഷ്ടനല്ലേ?

“എങ്കില്‍ എനിക്കതുമതി…’ അദ്ദേഹം ആശ്വാസം പൂണ്ടു.

ഏതു പ്രതിസന്ധിയും തരണം ചെയ്യാനും ത്യാഗത്തിന്റെ കൊടുമുടികള്‍ കയറിക്കടക്കാനും പോന്ന ഇച്ഛാശക്തിയുടെ ഉടമയായിരുന്നു അബ്ദുല്ലാഹിബ്നു ജഹ്ശ്(റ). ആ ത്യാഗ ബോധത്തിന് തിരുദൂതരടുടെ അംഗീകാരവും ലഭിച്ചു.

“നിങ്ങളില്‍ ഏറ്റവും കൂടുതല്‍ വിശപ്പും ദാഹവും സഹിക്കാന്‍ ശേഷിയുള്ള ഒരാളെയാണ് ഇന്ന് ഞാന്‍ നിങ്ങളുടെ നേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്.’

ഇസ്‌ലാമിന്റെ പ്രഥമ സൈനിക സംരംഭമായി ഹിജ്റ രണ്ടാം വര്‍ഷം റജബ് മാസം എട്ടുപേരുള്ള ഒരു ചെറുസംഘത്തെ സജ്ജമാക്കി അവരുടെ നായകത്വം അബ്ദുല്ല(റ)യെ ഏല്‍പ്പിച്ചു തിരുദൂതര്‍ പറഞ്ഞതാണിത്. തന്റെ സന്തത സഹചാരി സഅദുബ്നു അബീ വഖാസ്(റ)യും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ദൗത്യസംഘത്തിന് സഞ്ചരിക്കാനുള്ള ദിക്കും പാതയും പരിചയപ്പെടുത്തിയ ശേഷം അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)ന്റെ കൈയില്‍ ഒരെഴുത്ത് കൊടുത്ത് നബി(സ്വ) പറഞ്ഞു:

“അബ്ദുല്ലാ, നിങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശം എന്റെ ഈ എഴുത്തിലുണ്ട്. പക്ഷേ, ഒരു കാര്യം ഓര്‍മിക്കുക; രണ്ടു നാളത്തെ സഞ്ചാരശേഷമല്ലാതെ ഈ കത്ത് വായിക്കരുത്. പിന്നീട് ഇതിലേ നിര്‍ദേശാനുസാരം വേണ്ടത് ചെയ്യുക.’

അബ്ദുല്ല(റ)ന്റെ നേതൃത്വത്തില്‍ സംഘം പുറപ്പെട്ടു. പറഞ്ഞതുപോലെ രണ്ടു ദിവസം കഴിഞ്ഞ് തിരുറസൂലിന്റെ കുറിമാനം എടുത്തുവായിച്ചു. അതിലിങ്ങനെയുണ്ടായിരുന്നു:

“നിങ്ങള്‍ നഖ്ലയിലേക്ക് പോവുക. അവിടെയുള്ള ഖുറൈശി കച്ചവട സംഘത്തിന്റെ വിവരം രഹസ്യമായി അറിഞ്ഞു മദീനയിലെത്തിക്കുക.’

“അല്ലാഹു സത്യം, റസൂലിന്റെ കല്‍പന സന്പൂര്‍ണമായി ഞാന്‍ അനുസരിച്ചിരിക്കുന്നു.’

ശേഷം കുറിപ്പ് വിശദീകരിച്ച് സഹചാരികളോടായി പറഞ്ഞു: “നിങ്ങളിലൊരാളെ പോലും നിര്‍ബന്ധിച്ചു കൂടെ കൂട്ടരുതെന്ന് എനിക്ക് നിര്‍ദേശമുണ്ട്. അതിനാല്‍ അല്ലാഹുവിന്റെ പ്രീതിയും രക്തസാക്ഷിത്വമെന്ന മഹത്തായ പദവിയും ആഗ്രഹിക്കുന്നവര്‍ മാത്രം എന്നെ അനുഗമിക്കുക. അല്ലാത്തവര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചുപോകാം.’

“ഞങ്ങളും സന്നദ്ധരാണ്. നബി(സ്വ) എവിടെ പോകാന്‍ കല്‍പിച്ചാലും അവിടേക്ക് നിര്‍ഭയം ഞങ്ങളും വരും.’ അവര്‍ ഏക സ്വരത്തില്‍ പ്രതികരിച്ചു.

അങ്ങനെ അവര്‍ നഖ്ലയിലേക്ക് തിരിച്ചു. ഖുറൈശി സാര്‍ത്ഥവാഹകരെ അന്വേഷിച്ചുകൊണ്ടിരുന്നു. ഇടക്ക് അംറുബ്നുല്‍ അസ്റമി, മുഗീറ, ഹകമുബ്നു അബ്ദില്ല എന്നിവരടങ്ങിയ ഒരു ചെറിയ സംഘത്തെ കാണാനിടയായി. തോലുല്‍പന്നങ്ങളും മുന്തിരിയുമായിരുന്നു അവരുടെ കച്ചവട വസ്തുക്കള്‍.

നിര്‍ഭയ കാലഘട്ടമായി അറബ് ജനത നിര്‍ണയിച്ചുവന്ന ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, മുഹറം, റജബ് എന്നീ മാസങ്ങളുടെയും നിര്‍ഭയ പ്രദേശമായി മാനിച്ചിരുന്ന ഹറമിന്റെയും പവിത്രത കളങ്കപ്പെടുത്തുക വലിയ ആക്ഷേപത്തിനും വിമര്‍ശനത്തിനും വഴിവെക്കും. യുദ്ധം ഹറാമായ റജബ് അവസാനത്തിലോ ശഅ്ബാന്‍ ആരംഭത്തിലോ ആയിരുന്നു അത്. എങ്കിലും നീണ്ട കൂടിയാലോചനക്കു ശേഷം കച്ചവട സംഘത്തെ നേരിടാന്‍ തന്നെയായിരുന്നു തീരുമാനം. അബ്ദുല്ല(റ)ന്റെ നേതൃത്വത്തിലുള്ള സംഘം അവരെ കീഴടക്കി. ഒരാളെ വധിക്കുകയും രണ്ടുപേരെ ബന്ധനസ്ഥനാക്കുകയും ചെയ്തു. നാലാമന്‍ ഓടി രക്ഷപ്പെട്ടു. കച്ചവട വസ്തുക്കള്‍ പിടിച്ചെടുത്തു പോന്നു.

അക്രമം നടന്നത് പരിശുദ്ധമായ റജബിലോ ശഅ്ബാനിലോ എന്ന് സംശയമായി. ഖുറൈശികളും പരോക്ഷമായി അവരോട് സഹകരിച്ച മദീനാ ജൂതന്മാരും സംഭവത്തിന് വമ്പിച്ച പ്രചാരം നല്‍കി. വലിയ ദൈവഭക്തരായി കഴിയുന്ന മുഹമ്മദും കൂട്ടുകാരും വിശുദ്ധ മാസങ്ങളില്‍ കൊലയും കൊള്ളയും നടത്തുന്നുവെന്നായിരുന്നു വിമര്‍ശനം.

തന്റെ ദൗത്യവാഹകരുടെ അതിക്രമമറിഞ്ഞു തിരുദൂതര്‍ സങ്കടംപൂണ്ടു പ്രതികരിച്ചതിങ്ങനെ:

“ഖുറൈശി സാര്‍ത്ഥവാഹകരുടെ മേല്‍ അതിക്രമം കാണിക്കാനും അതിക്രമിച്ചു കൊലപ്പെടുത്താനുമല്ല അവരെ അയച്ചത്. മറിച്ച് അവരുടെ വിവരമന്വേഷിച്ച് അറിയിക്കാന്‍ മാത്രമായിരുന്നു.’

ഇതോടെ അബ്ദുല്ല(റ)യും കൂട്ടരും തിരുകല്‍പന ധിക്കരിച്ചവരായി ചിത്രീകരിക്കപ്പെട്ടു. വിമര്‍ശനങ്ങളും കുത്തുവാക്കുകളും അവരെ മാനസികമായി തളര്‍ത്തി. ഓര്‍ക്കാപ്പുറത്ത് വന്ന അമളിയില്‍ അവര്‍ക്ക് ലജ്ജയും ദുഃഖവും തോന്നി. അക്രമമോ അനീതിയോ തിരുകല്‍പനാ നിരാകരണമോ ആയിരുന്നില്ല അവരുടെ ലക്ഷ്യം. ബദ്ധവൈരികളെ നീക്കം തകര്‍ക്കുക മാത്രമായിരുന്നു. പക്ഷേ, പരിണതി ആക്ഷേപാര്‍ഹമായി. എന്നാലും അവരുടെ അസ്വസ്ഥതക്ക് ഏറെ സമയദൈര്‍ഘ്യമുണ്ടായില്ല. സദുദ്ദേശപരമായ അവരുടെ ഇടപെടലിനെ ശരിവെച്ചു ഖുര്‍ആന്‍ വിവരണം വന്നെത്തി.

“ജനങ്ങള്‍ ചോദിക്കുന്നു, വിശുദ്ധ മാസത്തില്‍ യുദ്ധം ചെയ്യുന്നതെങ്ങനെ? പറയുക: അതില്‍ യുദ്ധത്തിലേര്‍പ്പെടുക ഗുരുതരമായ കാര്യമാകുന്നു. എന്നാല്‍, ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയലും അവനെ നിഷേധിക്കലും ദൈവഭക്തന്മാര്‍ക്ക് മസ്ജിദുല്‍ ഹറാമിലേക്കുള്ള വഴി വിലക്കലും ഹറം നിവാസികളെ അവിടെ നിന്ന് ബഹിഷ്കരിക്കലും അല്ലാഹുവിങ്കല്‍ അതിനേക്കാള്‍ ഗുരുതരമത്രെ; രക്തം ചിന്തുന്നതിനേക്കാള്‍ ഗുരുതരമാണ് ഫിത്ന’ (അല്‍ബഖറ/217).

ഇതോടെ അബ്ദുല്ല(റ)യും കൂട്ടുകാരും സന്തുഷ്ടരായി. തിരുദൂതര്‍(സ്വ) ബന്ധികള്‍ക്ക് മോചനം നല്‍കുകയും സ്വത്ത് തടഞ്ഞുവെക്കുകയും ചെയ്തു.

അബ്ദുല്ല(റ)ന്റെ ബദ്റിലെ പ്രകടനം ഏറെ Çാഘനീയമായിരുന്നു. എന്നാല്‍ ഉഹ്ദ് രണാങ്കണത്തിലെ അദ്ദേഹത്തിന്റെയും കൂട്ടുകാരന്‍ സഅ്ദുബ്നു അബീ വഖാസ്(റ)ന്റെയും വീരകഥ രോമാഞ്ചജനകവും.

അക്കഥ സഅ്ദ്(റ) വിവരിക്കുന്നതു നോക്കൂ:

ഉഹ്ദ് യുദ്ധത്തിന്റെയന്ന് അബ്ദുല്ലാഹിബ്നു ജഹ്ശ്(റ) എന്നോട് ചോദിക്കുകയാണ്:

സഅ്ദേ, നമുക്കിന്ന് നമ്മുടെ രക്ഷിതാവിനോട് നന്നായി ദുആ ചെയ്യേണ്ടേ?

“അതിനെന്താ, നമുക്ക് നിര്‍വഹിക്കാമല്ലോ.’

അങ്ങനെ ഞങ്ങളിരുവരും ഒരു വിജനസ്ഥലത്തു ചെന്നു. ആദ്യം ഞാനിങ്ങനെ പ്രാര്‍ത്ഥിച്ചു:

“രക്ഷിതാവേ, ഞാനിന്ന് പടക്കളത്തിലിറങ്ങിയാല്‍ ശക്തരായ എതിരാളികളെ എനിക്ക് നേരിടാന്‍ നീ നല്‍കണം. ശക്തമായ ഏറ്റുമുട്ടലുകള്‍ക്ക് ശേഷം അവനെ പരാജയപ്പെടുത്താനും വധിക്കാനും എനിക്ക് നീ കരുത്തും കഴിവും നല്‍കേണമേ.’

എന്റെ ഈ പ്രാര്‍ത്ഥനക്ക് അബ്ദുല്ല ആമീന്‍ പറഞ്ഞു. പിന്നീട് അദ്ദേഹം പ്രാര്‍ത്ഥിച്ചു:

“കരുണാവാരിധിയായ തമ്പുരാനേ, ഈ യുദ്ധഭൂമികയില്‍ രണശൂര പരാക്രമിയായ ഒരു എതിരാളിയെ എനിക്ക് നീ നല്‍കേണമേ. പോരാട്ടത്തില്‍ അവന്‍ എന്നെ വധിക്കുകയും എന്റെ നാക്കും ചെവിയും അരിഞ്ഞെടുത്ത് വികൃതമാക്കുകയും ചേയ്യേണമേ. അങ്ങനെ ഞാന്‍ ദീനിനുവേണ്ടി അംഗം ഛേദിക്കപ്പെട്ടവനായി പുനര്‍ജന്മവേള നിന്റെ സഭയില്‍ എത്തും. അബ്ദുല്ലയുടെ ചെവിയെവിടെ, നാവെവിടെ എന്നു ചോദിക്കുമ്പോള്‍ ദയാപരനായ അല്ലാഹുവേ, നിനക്കും നിന്റെ പ്രവാചകനുമായി ഞാനവ നല്‍കിയെന്ന് മറുപടി പറയുവാനുള്ള അവസരം നീ എനിക്ക് നല്‍കുകയും ചെയ്യേണമേ.’

അദ്ദേഹത്തിന്റെ ഈ പ്രാര്‍ത്ഥനക്ക് ഞാനും ആത്മാര്‍ത്ഥമായി ആമീന്‍ പറഞ്ഞു. എന്റെ പ്രാര്‍ത്ഥനയേക്കാള്‍ ഉത്തമമായിരുന്നു അബ്ദുല്ല(റ)യുടെ ദുആ. കരുണാമയനായ നാഥന്‍ അദ്ദേഹത്തിന്റെ തേട്ടം കേട്ടു. യുദ്ധാവസാനം സന്ധ്യാനേരത്ത് രണാങ്കണത്തില്‍ അദ്ദേഹം വധിക്കപ്പെട്ടു കിടക്കുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന പോലെ ശരീരം മുഴുവനും വികൃതമാക്കപ്പെട്ടിരിക്കുന്നു. ചെവിയും മൂക്കും ശത്രുക്കള്‍ അരിഞ്ഞെടുത്ത് ഒരു നൂലില്‍ കോര്‍ത്ത് ജനാസക്കരികെയുള്ള മരത്തില്‍ കെട്ടിത്തൂക്കിയ ഹൃദയഭേദകമായ കാഴ്ച ഞാന്‍ കണ്ടു.

അബ്ദുല്ല(റ)ന്റെ അമ്മാവനും രക്തസാക്ഷികളുടെ നേതാവുമായ ഹംസ(റ)വും വധിക്കപ്പെടുകയും മൃതശരീരം വികൃതമാക്കപ്പെടുകയും ചെയ്ത നാളായിരുന്നു അത്. ഉഹ്ദ് പര്‍വതപ്രാന്തത്തില്‍ ആ അമ്മാവനെയും മരുമകനെയും തിരുദൂതര്‍(സ്വ) ഒരേ ഖബറില്‍ അടക്കം ചെയ്തു.

(അല്‍ഇസ്വാബ, സുവറുമിന്‍ ഹയാത്തിസ്വഹാബ)

ടിടിഎ ഫൈസി പൊഴുതന

You must be logged in to post a comment Login