അശരീരികളിലെ നബിയൊളി

നബി പ്രകാശം ദര്‍ശിച്ച് ആനന്ദിച്ച ഭൂതവര്‍ഗത്തിലെ കവികളെ അത് ആകര്‍ഷിച്ചിട്ടുണ്ട്. അബ്ദുല്‍ മുത്വലിബ് ഒരിക്കല്‍ അശരീരിപോലെ കേട്ട കവിതയുടെ സാരം ഇങ്ങനെ: മുഴുവന്‍ പ്രകാശങ്ങള്‍ക്കും മേലെയാണല്ലോ നബി പ്രകാശം. ശാശ്വത സമാധാന ഗേഹമായ സ്വര്‍ഗത്തിലേക്കുള്ള വഴികാട്ടിയത്രെ ആ പ്രകാശം. സദസ്യരേ, നബി പ്രകാശത്തിന് നിങ്ങള്‍ സ്വലാത്തും സലാമും ചൊല്ലുക. പ്രവാചക പ്രഭയ്ക്ക് സ്വലാത്തും സലാമും നിര്‍വഹിച്ച് നിങ്ങള്‍ അനുഗ്രഹീതരാകുകയും ചെയ്യുക. ഭീതിയുടെയും അപകടത്തിന്റെയും കൂട്ടങ്ങളില്‍ നിന്നുമുള്ള മോചനം നബി പ്രകാശത്തിന് സ്വലാത്ത് നിര്‍വഹിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. അന്ത്യദിനത്തില്‍ നരക ശിക്ഷയില്‍ നിന്നു മോചനവും ലഭിക്കും. രഹസ്യങ്ങളുടെ കെട്ടഴിക്കപ്പെടുന്ന അന്ത്യദിനത്തിലെ മടക്കയാത്രയിലെ വിജയത്തിന്റെ കപ്പലേറ്റമാണ് നബിപ്രകാശം. പ്രഭ പരത്തുന്ന ആ ചന്ദ്രനു മേല്‍ നിങ്ങള്‍ സ്വലാത്ത് ചൊല്ലുക. സര്‍വാധിപതിയായ നമ്മുടെ രക്ഷിതാവിന്റെ ഉറ്റ മിത്രവുമത്രെ പ്രകടമായ ആ പൂര്‍ണ ചന്ദ്രന്‍.

സ്വലാത്തും സലാമും ചൊല്ലുന്നത് അഥവാ നന്മയ്ക്കും രക്ഷയ്ക്കും വേണ്ടി ദുആ ഇരക്കുന്നത് തിരുനബി(സ്വ)യുടെ ഭൗതിക ശരീരത്തിന് വേണ്ടിയല്ലെന്നും മറിച്ച് ഹഖീഖത്തുല്‍ മുഹമ്മദിയ്യ (തിരുനബി യാഥാര്‍ത്ഥ)മായ നബി പ്രകാശത്തിന് വേണ്ടിയാണെന്നുമാണ് ജിന്ന് വര്‍ഗത്തില്‍പ്പെട്ട ഈ കവിയുടെ ഭാവനാസാരം. ഉന്നതനായ എന്റെ രക്ഷിതാവ് എനിക്ക് മതിയായവനാണ്. എന്റെ ഹൃദയത്തില്‍ അല്ലാഹു അല്ലാതെ ആരാധ്യനില്ല. (ഹസ്ബീ റബ്ബീ ജല്ലല്ലാഹ്, മാഫീ ഖല്‍ബീ ഗയ്‌റുല്ലാഹ്), നബി പ്രകാശത്തിന് അല്ലാഹു സ്വലാത്ത് നിര്‍വഹിക്കട്ടെ, ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണ് (നൂറ് മുഹമ്മദ് സ്വല്ലല്ലാഹ്, ലാലിഇലാഹ ഇല്ലല്ലാഹ്) എന്നിങ്ങനെ ലോക മുസ്‌ലിംകള്‍ പരമ്പരാഗതമായി ചൊല്ലി വരുന്ന കവിതാ ശകലത്തിലെ നബിപ്രകാശത്തിന് സ്വലാത്ത് നിര്‍വഹിക്കട്ടെ എന്ന ആശയം ജിന്നുവര്‍ഗാംഗമായ കവിയുടെ ഭാവനയുമായി താദാത്മ്യം പുലര്‍ത്തുന്നു.

ആമിന(റ)യുടെ വീടിന് മുകളില്‍ നിന്ന് ഒരു  അശരീരി കവിത ഹലീമത്തു സഅദിയ്യ(റ) ശ്രവിച്ചിട്ടുണ്ട്. ആ കവിതയിലും നബി പ്രകാശത്തിനാണ് യഥാര്‍ത്ഥത്തില്‍ സ്വലാത്ത് നിര്‍വഹിക്കുന്നതെന്ന ആശയമാണുള്ളത്. ഭൗതികതകള്‍ക്ക് ഒട്ടും വിലകല്‍പിക്കാത്ത, ആത്മാവിന് വേണ്ടി സര്‍വവും ത്യജിച്ച തിരുനബി ദര്‍ശനങ്ങളോട് ബൗദ്ധികമായി കൂടുതല്‍ യോജിക്കുന്നതും ഇത് തന്നെയാണ്. പ്രസ്തുത കവിതയുടെ ആശയം ഇങ്ങനെ: മഹിമ വര്‍ധിച്ച് കൊണ്ടേയിരിക്കുന്ന പ്രകാശത്തിന് നിങ്ങള്‍ സ്വലാത്ത് ചൊല്ലുക. ബുദ്ധികളെയും പ്രകാശങ്ങളെയും കീഴടക്കിയ പ്രകാശമാണത്. സത്യം വിളിച്ച് പറഞ്ഞ ശുപാര്‍ശകനായ മുഹമ്മദ്(സ്വ) സൃഷ്ടികളഖിലത്തിനും അലങ്കാരമാണ്. നമ്മുടെ നബി ആരാധ്യനായ അല്ലാഹുവിന്റെ ശ്രേഷ്ഠ സ്‌നേഹിതനത്രെ. വിശുദ്ധ ഖുര്‍ആന്‍ ജീവിത ചര്യയാക്കിയ ഉത്തമ ദൂതനുമാണ്. സൃഷ്ടി ശ്രേഷ്ഠര്‍ക്ക് നിങ്ങള്‍ സ്വലാത്ത് ചൊല്ലുക. ഉന്നത പ്രതിഫലം കരസ്ഥമാക്കുകയും ചെയ്യും.

വിശ്രുത പ്രവാചക പ്രകീര്‍ത്തനമായ ബാനത്ത് സുആദ് തിരുനബി സന്നിധിയില്‍ ആലപിച്ച കഅ്ബ്‌നു സുഹൈര്‍(റ) തിരുദൂതരെ പ്രകാശമെന്ന് വാഴ്ത്തിയിട്ടുണ്ട്. തീര്‍ച്ച, അല്ലാഹുവിന്റെ ദൂതന്‍ പ്രകാശമാണ്. അത് നിമിത്തമാണ് നമുക്ക് പ്രകാശം ലഭിക്കുന്നത്. ഇന്ത്യന്‍ നിര്‍മിതവും അല്ലാഹുവിന്റേയുമായ ഖഡ്ഗവുമാണ്. ഉറയില്‍ നിന്ന് പുറത്തെടുത്ത് ശത്രുക്കള്‍ക്കു നേരെ ഊരിപ്പിടിച്ചതുമാണത് (അല്‍ നുകത് വല്‍ ഉയൂല്‍ 4-411).

അബ്ദുല്‍ മുത്വലിബ് ഒരു വേദ പണ്ഡിതനോടൊപ്പമിരിക്കുമ്പോള്‍ ജുഹ്ഫയില്‍ വെച്ച് കേട്ട ഒരു അശരീരി കവിതാസാരം ഇങ്ങനെ വായിക്കാം: പ്രശോഭിത ചന്ദ്രന് നിങ്ങള്‍ സ്വലാത്ത് ചൊല്ലുക. ഭംഗിയുടെയും സൗന്ദര്യത്തിന്റെയും അകമ്പടിയോടെയാണ് അത് പ്രത്യക്ഷപ്പെടുന്നത്. പൂര്‍ണതയിലും ശ്രേഷ്ഠതയിലും ശോഭയിലും അത്തരത്തില്‍ മറ്റൊരു സൃഷ്ടിയെ അല്ലാഹു പടച്ചിട്ടില്ല. പ്രവാചക സമാപ്തി സുഗന്ധ പൂരിതമാണ്. അതിന്റെ സമാപ്തി മുദ്ര തന്റെ ഔന്നത്യത്തിന്റെ ഇളം തെന്നലില്‍ നിന്നുണ്ടായ കസ്തൂരിയാണ്. ഒരു പതാകയ്ക്കും നിങ്ങള്‍ സ്വലാത്ത് ചൊല്ലുക. അതിനെ ലക്ഷ്യം വെച്ചവന്റെ ആഗ്രഹങ്ങളഖിലവും പൂര്‍ത്തീകരിക്കപ്പെടും. പൂര്‍ണ ചന്ദ്രന് നിങ്ങള്‍ സ്വലാത്ത് ചൊല്ലുക, സലാമും ചൊല്ലുക, അതിന്റെ ഔദാര്യത്തെ നിങ്ങള്‍ വസീലയാക്കുക. അതിന്റെ സൗന്ദര്യത്തെയും നിങ്ങള്‍ വസീലയാക്കുക. ശ്രേഷ്ഠതയ്ക്ക് മാനദണ്ഡമാക്കുക, കാരുണ്യത്തിന്റെ നിമിത്തമാക്കുക, വാല്‍സല്യത്തിനും സ്‌നേഹത്തിനും കാരണമാക്കുകയും ചെയ്യുക.

യമാമയിലെ പിശാച് സേവകയായ സര്‍ഖാഇന്റെ സഹചാരിയായ ജിന്ന് നബി പ്രകാശത്തിന്റെ വെളിപാടിന് ശേഷം സര്‍ഖാഇനും (അത്തരക്കാര്‍ക്കും) രക്ഷയില്ലെന്ന് താക്കീത് ചെയ്തിട്ടുണ്ട്. യമാമയിലെ ഏറ്റവും വലിയ പിശാച് സേവകയാണ് നിങ്ങളെ സമീപിച്ചിരിക്കുന്നത്. ആദരവ് എന്ന വിശേഷണം തന്നെയുള്ള തലയെടുപ്പും മനക്കരുത്തുമുള്ള മുഹമ്മദ്(സ്വ) അവളെ തളര്‍ത്തിയിരിക്കുന്നു. തിരുനബി(സ്വ)യുടെ പ്രശോഭിക്കുന്ന നബി പ്രകാശം ദര്‍ശിച്ചപ്പോഴാണ് അവള്‍ തളര്‍ന്നത്. നബി(സ്വ) ഒരു അടയാളം പ്രത്യക്ഷപ്പെടുത്തുക മാത്രമായിരുന്നു. ആ പ്രകാശം കാരണമായി സര്‍ഖാഇന് ഇനിയും ഖേദിക്കേണ്ടിവരും.  മേഘങ്ങള്‍ തണലിട്ട മുഹമ്മദ്(സ്വ) ആഗതനാകുമ്പോഴാണ് അവള്‍ ഖേദിക്കുക. സര്‍ഖാഅ്, നീ ഒരിക്കലും രക്ഷപ്പെടാന്‍ പോകുന്നില്ല.

ലൗകിക ലോകത്തെ ഉന്നത കവികളെ പോലെ തന്നെ സ്വര്‍ഗീയ വനിതകളെയും നബി പ്രകാശം സ്വാധീനിച്ചിട്ടുണ്ട്. തിരുനബി(സ്വ)യുടെ ജനന സമയത്ത് മാതാവ് ആമിനാ(റ)യെ സന്ദര്‍ശിച്ച സ്വര്‍ഗീയ വനിതകള്‍ ചൊല്ലിയ ആശംസാ കവിതയിലെ ഏതാനും വരികളുടെ സാരം ഇങ്ങനെ: ആരാധനക്കര്‍ഹനായ അല്ലാഹുവും അര്‍ശിന്റെ ചുറ്റും വസിക്കുന്ന മാലാഖമാരും പരിശുദ്ധാത്മാക്കളും സദുപദേശകനായ പ്രവാചകന് സ്വലാത്ത് നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹുവും സജ്ജനങ്ങളും വിശ്വാസികളും ആ വിളക്കിന് സ്വലാത്ത് ചൊല്ലി. സൃഷ്ടി ശ്രേഷ്ഠരായ മുഹമ്മദ്(സ്വ) ലോകങ്ങളുടെ നേതാവും അല്ലാഹുവിനാല്‍ തിരഞ്ഞെടുക്കപ്പെട്ടവരും പ്രകടമായ പ്രകാശത്തിന്റെ വാഹകനുമാണ്. മാനവര്‍ക്ക് അലങ്കാരവും അവര്‍ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരും സന്മാര്‍ഗത്തിന്റെ പതാകയുമാണ്. സത്യസന്ധനും സല്‍കര്‍മിയും സദുപദേശകനുമാണ് തിരുദൂതര്‍(സ്വ). ഇളം തെന്നലിന്റെ തലോടല്‍ നിലനില്‍ക്കുന്നിടത്തോളം കാലം പ്രാവുകളുടെ കുറുകലുകള്‍ക്കൊപ്പിച്ച് താളം പിടിച്ച് ഇലകള്‍ ഇളകുന്ന കാലത്തോളവും അല്ലാഹു പുണ്യറസൂല്‍(സ്വ)യ്ക്ക് സ്വലാത്ത് നിര്‍വഹിക്കട്ടെ.

(തുടരും)

You must be logged in to post a comment Login