ആഇശതുൽ ബാഊനിയ്യ: തിരുപ്രണയത്തിന്റെ പെൺമാതൃക

ayishathu baeeniyyah-malayalam article

പണ്ഡിതരും സാഹിത്യകാരന്മാരും ധാരാളമുള്ളൊരു കുടുംബത്തിൽ പണ്ഡിത, അധ്യാപിക, കവയിത്രി, ഗ്രന്ഥകാരി എന്നീ നിലയിലെല്ലാം ചരിത്രപ്രതിഷ്ഠ നേടിയ മഹതിയാണ് ആഇശതുൽ ബാഊനിയ്യ. കർമശാസ്ത്ര പാണ്ഡിത്യവും ആധ്യാത്മികതയും ഒത്തിണങ്ങിയ പ്രവാചകാനുരാഗിണിയായി ഒമ്പതാം ശതകത്തിന്റെ മധ്യത്തിൽ അവർ ജീവിതം നയിച്ചു. ഹിജ്‌റ 865-ൽ കിഴക്കൻ ജോർദാനിലെ സ്വാലിഹിയ്യയിലായിരുന്നു ജനനം. പിതാവും സഹോദരനും പിതൃസഹോദരങ്ങളുമെല്ലാം പണ്ഡിതരും സാഹിത്യകാരന്മാരും കവികളുമായിരുന്നു. പിതാവ് അബുൽമഹാസിൻ യൂസുഫ്ബ്‌നു അഹ്മദൽ മഖ്ദിസി അശ്ശാഫിഈ(മരണം ഹി.880) ഡമസ്‌കസിലും ഹലപ്പോയിലും ട്രിപ്പോളിയിലും ഖാളി സ്ഥാനം വഹിച്ചു. സ്വഫദിൽ ചീഫ് ജഡ്ജിയുമായിരുന്നു. സഹോദരൻ ബഹാഉദ്ദീൻ മുഹമ്മദ് അൽബാഊനി(ഹി. 916) ചരിത്രഗ്രന്ഥങ്ങളും കവിതകളും രചിച്ച പണ്ഡിതനാണ്. അൽഇശാറത്തുൽ വഫിയ്യ, അൽഖൗലുസ്സദീദ്, ബഹ്ജതുൽ വലദ് തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളാണ്.

പിതൃസഹോദരങ്ങളായ ബുർഹാനുദ്ദീൻ ഇബ്‌റാഹീമുബ്‌നു അഹ്മദ്ബ്‌നു നാസ്വിൽ ബാഊനിദ്ദിമിശ്ഖി(ഹി. 870)യും ചീഫ് ജസ്റ്റിസ് തന്നെ. അക്കാലത്തെ ശാമിലെ ശൈഖുൽ അദബായും അദ്ദേഹം പ്രസിദ്ധി നേടി. മുഖ്തസ്വറുസ്സിഹാഹ്, അൽഗൈബുൽ ഹാതിൻ തുടങ്ങിയവ ഗ്രന്ഥങ്ങളാണ്. മറ്റൊരു പിതൃവ്യൻ ശംസുദ്ദീൻ മുഹമ്മദ് അൽബാഊനി പണ്ഡിത നേതാവും പദ്യഗദ്യഗ്രന്ഥങ്ങൾ രചിച്ചയാളുമാണ്. യനാഉൽ അഹ്‌സാൻ, തുഹ്ഫതുള്ളുറഫാഅ് എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്. മിൻഹതുല്ലബീബ് എന്ന ചരിത്രകാവ്യവും ചില കവിതകളുടെ തഖ്മീസും രചിച്ചിട്ടുണ്ട്.

ആഇശ ബാഊനിയ്യയുടെ കുടുംബ പശ്ചാത്തലവും ജീവിതസാഹചര്യവും ഇത്തരമൊരു സാഹിത്യ തറവാടുമായി ബന്ധപ്പെട്ടതായതിനാൽ അവരിലും അതിന്റെ ഗുണങ്ങൾ ദൃശ്യമായി. ഇസ്‌ലാമികമായ അച്ചടക്കത്തിന്റെ പരിധിയിൽ നിന്നുകൊണ്ടുതന്നെ ഒരു മുസ്‌ലിം വനിതക്ക് എത്രത്തോളം വൈജ്ഞാനിക സേവനം സാധ്യമാണെന്നതിന്റെ ചരിത്രത്തിലെ നല്ല ഉദാഹരണമാണ് മഹതി. തിരുനബിയോടുള്ള അനുരാഗത്തിന്റെ ഗാഢത ആവിഷ്‌കരിച്ച് ചരിത്രത്തിന്റെ തങ്കലിപികളിൽ ഉല്ലേഖിതയായി അവർ. ഇമാം ബൂസ്വീരി, ഇമാം സ്വർസ്വരീ, അബ്ദുർറഹീമിൽ ബർഈ തുടങ്ങിയവർ ഈ ശ്രേണിയിൽ വരുന്ന അനുരാഗകവികളാണ്. ആഇശ ബാഊനിയ്യയുടെ കാവ്യപ്രപഞ്ചം വികസിച്ചതും സ്വരരാഗസുധ തീർത്തതും പഠിച്ചറിഞ്ഞ കാര്യങ്ങളും കുടുംബസാഹചര്യങ്ങളും പ്രചോദനമായപ്പോഴാണ്.

ഡമസ്‌കസിൽ പിതാവിനൊപ്പമാണ് ചെറുപ്പകാലത്തും യൗവനഘട്ടത്തിലും അവർ കഴിഞ്ഞത്. പ്രാഥമികജ്ഞാനം പിതാവിൽ നിന്നാർജിച്ചു. കുടുംബത്തിന്റെ പരിചരണവും പരിശീലനവും വൈജ്ഞാനികവും സാഹിതീയവുമായ പുരോഗതിക്ക് അസ്ഥിവാരങ്ങളായി. ഭൗതികലോകത്തും അവരുടെ ജീവിതവും സംഭാവനകളും ശ്രദ്ധേയമായി പരിഗണിക്കപ്പെട്ടതിന്റെ തെളിവാണ് ആഇശബാഊനിയ്യയുടെ അഞ്ഞൂറാം ജന്മവാർഷികം ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ-സാംസ്‌കാരിക ഓർഗനൈസേഷനായ യുനസ്‌കോ 2006-07ൽ ആചരിച്ചത്. സ്വസമൂഹത്തിൽ നാഗരികമായ വ്യത്യസ്തതകൾ അടയാളപ്പെടുത്തിയ 64 പേരെ അന്താരാഷ്ട്രതലത്തിൽ ആദരിക്കാൻ യുനസ്‌കോ തീരുമാനിച്ചപ്പോൾ അതിൽ ആഇശ ബാഊനിയ്യയും ഉൾപ്പെടുകയുണ്ടായി. ജർമനിയിലെ യൃലരവ,േ ആസ്‌ത്രേലിയയിൽ നിന്നുള്ള ളൃലൗറല തുടങ്ങിയവരുടെ ഗണത്തിലായിരുന്നു അവരുടെ പേർ ചേർത്തുവച്ചതെന്നത് ശ്രദ്ധയർഹിക്കുന്നു. മഹതിയെ കൂടാതെ ഈ പട്ടികയിൽ ഇടംപിടിച്ച അറബി പണ്ഡിതർ അൽഫാറാബിയും ഇബ്‌നുഖൽദൂനും മാത്രമാണെന്നു കൂടി അറിയുമ്പോഴാണ് സമിതിയുടെ തിരഞ്ഞെടുപ്പിന്റെ സൂക്ഷ്മതലം ബോധ്യമാവുക.

ഫലസ്തീനിലെ വെസ്റ്റ്ബാങ്കിൽ സ്ഥിതിചെയ്യുന്ന ബിർസിത്ത് യൂണിവേഴ്‌സിറ്റിയിലെ പ്രഫ. മഹ്ദി അസ്അദ്അറാർ ആഇശ ബാഊനിയ്യയുടെ കാവ്യങ്ങൾക്ക് ടിപ്പണി തയ്യാറാക്കിയിട്ടുണ്ട്. പൊതുസമൂഹത്തിൽ അംഗീകാരവും ആദരവും നേടിയ വ്യക്തിപ്രഭാവം അവർ നേടിയതിന്റെ സൂചനകളാണിതെല്ലാം.

കവയിത്രിയുടെ കവിതകളിൽ ചിലതിന്റെ ആമുഖങ്ങളിൽ നിന്ന് തന്നെ അവരുടെ ജീവിതത്തിലേക്കുള്ള കൃത്യമായ സൂചനകൾ ലഭിക്കുന്നുണ്ട്. പ്രവാചക പ്രണയത്തിന്റെ ആഴവും അനുഭവിക്കുന്ന ആത്മീയപ്രഭയും ആഗ്രഹാഭിലാഷങ്ങളും കവിതകളിൽ നിന്ന് ഗ്രാഹ്യം. കേവലമായ പ്രണയമല്ല അവർ കവിതകളിൽ വിന്യസിച്ചത്. ആത്മീയതയിൽ ചാലിച്ചെടുത്തതാണ് ഓരോ വരിയും. ഇമാം ബൂസ്വീരി(റ)യെ പോലെതന്നെ തന്റെ പ്രണയവും കവിതയിൽ പരിമിതമല്ലെന്നും പ്രവാചക പാഠങ്ങളോടും തിരുമേനിയോടും കെട്ടുപിണഞ്ഞതാണെന്നും ബോധ്യപ്പെടുന്ന രചനാരീതിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഔദ്യോഗികമായ തിരക്കുകൾക്കിടയിലും പിതാവ് ഖാളി യൂസുഫ് അൽബാഊനിക്ക് മകളുടെ വ്യതിരിക്ത വ്യക്തിത്വത്തിനും വളർച്ചക്കുമാവശ്യമായ വളം നൽകാനായെന്നത് എടുത്തുപറയണം. സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്വന്തം പ്രകൃതിയുടെ പരിമിതികൾക്കകത്ത് നിന്നുകൊണ്ടുതന്നെ ഉയരങ്ങൾ കീഴടക്കുന്നതാണ് മതപരമായ അച്ചടക്കം. അതിന് യോഗ്യതയൊത്ത സംരക്ഷണം ആവശ്യമാണ്. യൂസുഫുൽ ബാഊനിക്ക് അതിനു സാധിച്ചുവെന്ന് മകളുടെ ജീവിതവിശുദ്ധി തെളിയിക്കുന്നു. അഞ്ചു ശതാബ്ദങ്ങൾക്കിപ്പുറവും മുസ്‌ലിം സമൂഹം അവരെ ഓർമിക്കുന്നതിനു കാരണവും മറ്റൊന്നല്ല. കവനകൗശലത്തിന്റെ വർണവൈവിധ്യത്തിൽ പ്രവാചകസ്‌നേഹം പ്രസാദിതമായതാണ് ഇബ്‌നു ഹിശാമിനെയും ഇബ്‌നു ഇസ്ഹാഖിനെയും പോലുള്ള ധൈഷണികരെക്കാൾ സാധാരണക്കാർക്കു വരെ ഇമാം ബൂസ്വീരി(റ) സുപരിചിതനായതിനു നിദാനം. ഇതേ അനുരാഗമാണ് ആഇശ ബാഊനിയ്യയെയും ശ്രദ്ധാകേന്ദ്രമാക്കുന്നത്.

ഡമസ്‌കസിലും കൈറോയിലുമാണ് വളരെക്കാലം അവർ കഴിച്ചുകൂട്ടിയത്. പിതാവ് ഡമസ്‌കസിലെ ഖാളിയായിരുന്നപ്പോഴായിരുന്നു അവിടത്തെ വാസം. പൗരാണികമായ ആ പട്ടണത്തിൽ വൈജ്ഞാനികമായ ഏറെ സാധ്യതതകളുണ്ടായിരുന്നു. ശേഷം കൈറോയിലേക്കു പോയി. കാലങ്ങൾക്കു ശേഷം ഡമസ്‌കസിൽ തിരിച്ചെത്തുകയും അവിടെവച്ച് വഫാത്താവുകയും ചെയ്തു.

പിതാവ് തന്നെയായിരുന്നു പ്രഥമ ആത്മീയഗുരു. ഇസ്മാഈലുൽ ഖവാരിസ്മി, മുഹ്‌യിദ്ദീനിൽ അർമവീ എന്നിവരാണ് മറ്റു പ്രധാന ഗുരുക്കൾ. പഠിച്ചത് അനുവർത്തിക്കുക മാത്രമായിരുന്നില്ല, ആത്മീയ സരണിയുമായി ബന്ധപ്പെട്ട സാങ്കേതിക സംജ്ഞകൾക്കു കൃത്യമായ വിവരണം നൽകാനും അവർക്കായി. പ്രസിദ്ധരായ പല ആധ്യാത്മികജ്ഞാനികളുടെയും ജീവിത പാഠങ്ങൾ അവരിൽ സ്വാധീനം ചെലുത്തിയതായി കാണാം. ഡോ. മഹ്ദീ അസ്അദി, ബാഊനിയ്യയുടെ കൃതികൾക്ക് തയ്യാറാക്കിയ ടിപ്പണികളുടെ ആമുഖത്തിൽ ഇതു സംബന്ധിച്ച പരാമർശം കാണാവുന്നതാണ്. റാബിഅതുൽ അദവിയ്യ, ഹല്ലാജ്, ഇബ്‌നുൽ ഫാരിള്, സുഹ്‌റവർദി, ഇബ്‌നുസുറൈഖ്(റ) തുടങ്ങിയവർ ഉദാഹരണം. നിഷ്‌കാമവും അഗാധവുമായ ഇലാഹീ സ്‌നേഹത്തിന്റെയും മൂർത്തമായ ജീവിതസമർപ്പണത്തിന്റെയും ഉൽപന്നമായ അക്ഷരവീചികൾ ഇവരിൽ നിന്നെല്ലാമാണ് മഹതി കൈവരിക്കുന്നതെന്നു ചുരുക്കം.

ഹ്രസ്വവും ദീർഘവുമായ ശൈലിയിലെല്ലാം അവർ കവിത രചിച്ചു. അവയുടെയെല്ലാം പ്രധാന പ്രമേയം നബിസ്‌നേഹവും ഇലാഹീ വിചാരവും തന്നെ. ഡമസ്‌കസിലെ ‘ദാറുൽ കുതുബിൽ വത്വനിയ്യത്തിള്ളാഹിരിയ്യ’യിൽ ആഇശാ ബാഊനിയ്യയുടെ കൈപ്പടയിലെഴുതിയ കാവ്യസമാഹാരം സൂക്ഷിക്കുന്നുണ്ട്. തിരുനബി(സ്വ)യാണ് കവയിത്രിയുടെ പ്രേമഭാജനം. അവിടുത്തെ പ്രശംസിക്കാനാവുന്നത് മഹാസൗഭാഗ്യമായി അവർ കരുതുന്നു. ‘അൽ ഖൗലുസ്സ്വഹീഹ് ഫീ തഖ്മീസി ബുർദതിൽ മദീഹ്’ എന്ന പ്രകീർത്തന കാവ്യം അലങ്കാരശാസ്ത്രത്തെ സുന്ദരമായി ഉപയോഗപ്പെടുത്തിയ അനേകം കാവ്യബിംബങ്ങളാൽ സമ്പന്നനമാണ്. ഈ രചനയുടെ പേര് കവയിത്രി തന്നെ ‘ബദീഉൽ ബദീഅ് ഫീ മദ്ഹിശ്ശഫീഅ്’ എന്ന് പരിഷ്‌കരിച്ചിട്ടുണ്ട്. ‘അൽഫത്ഹുൽ മുബീൻ’ എന്ന പേരിൽ പിൽക്കാലത്ത് രചിച്ച മറ്റൊരു തിരുകീർത്തന കാവ്യത്തിന്റെ ആമുഖത്തിൽ ഈ പേരുമാറ്റത്തിലേക്ക് സൂചന കാണാം. 143 ഈരടികളാണ് ഇതിലുള്ളത്.

‘ഫുതൂഹുൽ ഹഖി ഫീ മദ്ഹി സയ്യിദിൽ ഖൽഖ്’ എന്നു പേരുള്ള കവിത 170 വരികളിൽ നബിസ്‌നേഹത്തെ വരച്ചിടുന്നു. ‘നഫാഇസുൽ ഗുറർ ഫീ മദ്ഹി സയ്യിദിൽ ബശർ’ എന്ന കവിതയിൽ 167 വരികളും ‘ലവാമിഉൽ ഫുതൂഹി ഫീ അശ്‌റഫിൽ മംദൂഹ്’ എന്നതിൽ 101 വരികളുമാണുള്ളത്. ഫത്ഹ്, ഫുതൂഹ് എന്നീ പ്രയോഗങ്ങളുടെ ആവർത്തനം രണ്ട് അർത്ഥതലങ്ങളെ പ്രകാശിപ്പിക്കുന്നു. തനിക്കു തുറന്നുകിട്ടിയ തെളിപ്രകാശമാണ് ഈ സ്‌നേഹഗീതങ്ങളെന്നതാണ് ഒന്ന്. രണ്ടാമത്തേത് തന്റെ പ്രണയഭാജനത്തെ തുറന്നുവെക്കാനുള്ള ശ്രമമാണ് തന്റേതെന്നും. അതുകൊണ്ടുതന്നെ അവരുടെ ഓരോ കവിതയും അറ്റമില്ലാത്ത പ്രവാചക സ്‌നേഹത്തിന്റെ കീർത്തനപ്രവാഹമാണ്.

‘അൽമൗരിദുൽ അഹ്‌നാ ഫിൽ മൗലിദിൽ അസ്‌നാ’ എന്ന പദ്യഗദ്യ സമ്മിശ്രമായ മൗലിദ് കിതാബ് രചിച്ചതും ആഇശാ ബാഊനിയ്യയാണ്. ലക്ഷണമൊത്തൊരു കൃതിയാണിത്. തിരുജന്മം വിവരിക്കുമ്പോൾ ‘മർഹബ’ പാടി സ്വാഗതം ചെയ്യുന്ന നമ്മുടെ നാട്ടിലെ രീതി ഈ കൃതിയിലും കാണാം. മദ്ഹും സ്‌നേഹവും ചരിത്രവും തിരുവിശേഷവർണനയുമെല്ലാം ഇടകലർത്തിയുള്ള അവതരണം. നെഞ്ചകത്ത് തിരുനബിയോട് സ്‌നേഹമുള്ളവർക്ക് അവിടുത്തെ പ്രശംസിക്കാതിരിക്കാനാവില്ലല്ലോ. തീവ്രമായ പ്രവാചകാനുരാഗത്താൽ മുഗ്ധമാണ് ആയിശ ബാഊനിയ്യയുടെ ഓരോ കവിതയും ഓരോ വരിയും. ‘മുഹമ്മദ്(സ്വ)യുടെ പ്രഭ സഞ്ചരിച്ചൂ/ ഉന്നതശ്രേഷ്ഠ ഗുണങ്ങളിണങ്ങിയ വിശുദ്ധരിലൂടെ/ ചന്ദ്രൻ ഭ്രമണപഥത്തിൽ ചരിക്കും പോൽ/ തിരുമാതാവിലതു നിറശോഭയിൽ പ്രകടമായ്/ അവിഹിതങ്ങളിൽ നിന്നു പ്രമിതാക്കൾ വിശുദ്ധരായ്/ സംശുദ്ധരും സമ്പൂർണരുമായവിടുന്ന് ജാതരായ്’.

നബി(സ്വ)ക്ക് സ്വലാത്തുകളർപ്പിക്കുന്നതിന്റെ മഹത്ത്വം വിവരിക്കുന്ന തന്റെ സമകാലികനായ ഇമാം സഖാവി(റ)യുടെ ‘അൽ ഖൗലുൽ ബദീഇ ഫിസ്സ്വലാത്തി അലൽ ഹബീബിശ്ശഫീഅ്’ എന്ന പ്രശസ്ത രചനയുടെ സംക്ഷേപ കാവ്യാവിഷ്‌കാരമാണ് ‘ഉർജൂസതുൽ ഖൗലിൽ ബദീഅ്’. റസൂൽ(സ്വ)യുടെ മുഅ്ജിസത്തുകളും സവിശേഷതകളും വിവരിക്കുന്ന 1740 വരികളുള്ള സുദീർഘമായ കവിതയാണ് ‘ദുററുൽ ഗാഇസ്വി ഫീ ബഹ്‌രിൽ മുഅ്ജിസാത്തി വൽ ഖസ്വാഇസ്’. നബി(സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലുന്നതിന്റെ രീതി വൈവിധ്യങ്ങൾ വിവരിക്കുന്ന കൃതിയാണ് ‘കൈഫിയ്യാത്തുസ്സ്വലാത്തി അലന്നബിയ്യി സ്വല്ലല്ലാഹു അലൈവി വസ്സല്ലം’. സ്വലാത്തുകൾ കവിതകളായി പെയ്തിറങ്ങുന്ന കൃതിയാണ് ‘ഫുതൂഹുള്ളിറാഅത്തി ഫിസ്സ്വലാത്തി അലാ സ്വാഹിബിശ്ശഫാഅ’ എന്നത്. ‘ഫത്ഹുൽ മുജീബ്’ എന്ന കൃതി പ്രവാചകർ(സ്വ)യുടെ കുറെ പ്രാർത്ഥനകളുടെ സമാഹാരമാണ്. പ്രവാചക കീർത്തനമായി രചിച്ച അനേകം സ്‌നേഹ കാവ്യങ്ങളിലൂടെ ലബ്ധമായ രചനാ വൈഭവം ഉപയുക്തമാക്കി നിരവധി അധ്യാത്മിക കാവ്യങ്ങളും ആഇശാ ബാഊനിയ്യ എഴുതിയിട്ടുണ്ട്. ഹിജ്‌റ 481-ൽ വഫാത്തായ ശൈഖുൽ ഇസ്‌ലാം അൽഹാഫിളുൽ ഹറവീ അൽ ഹമ്പലി(റ)വിന്റെ ‘മനാസിലുസ്സാഇറീൻ’ എന്ന കൃതിക്ക് ബാഊനിയ്യ എഴുതിയ കാവ്യാവിഷ്‌കാരമാണ് ‘അൽ ഇശാറാതുൽ വഫിയ്യ ഫിൽ മനാസിലിൽ അലിയ്യ’ എന്നത്. ‘അൽ ഫത്ഹുൽ ഹഖിയ്യു മിൻ മിനഹിത്തലഖീ’ എന്ന ജ്ഞാന ശകലങ്ങളുടെ കാവ്യാവിഷ്‌കാരം സ്വൂഫികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്. ‘അൽമലാമിഹുശ്ശരീഫ ഫിൽ ആസാറില്ലത്തീഫ’ എന്ന കൃതി സ്വൂഫീകവിതാ ശകലങ്ങളത്രെ.

ആസ്വാദനമർഹിക്കുന്ന കാവ്യശീലുകളാണ് ആഇശ ബാഊനിയ്യയുടേത്. അലങ്കാരശാസ്ത്രത്തിന്റെയും കാവ്യശാസ്ത്രത്തിന്റെയും ചൂടും ചൂരും വ്യവസ്ഥകളും ക്രമനിബദ്ധമായി ഉപജീവിച്ചുള്ള സഞ്ചാരമാണ് കവയിത്രി നടത്തിയിട്ടുള്ളത്. റസൂലരെ വർണിച്ചും കാമിച്ചും ജനപഥങ്ങളുടെ രാഗങ്ങളായി ആഇശബാഊനിയ്യ പ്രവാഹം തുടരുന്നു.

 

You must be logged in to post a comment Login