ആഗമനം എങ്ങനെ?

15383_403458919758109_601356022_nപരിശുദ്ധ ഖുര്‍ആനില്‍ സൂറതുല്‍ ഇന്‍ഫിത്വാറിലെ 13,14 വചനങ്ങളുടെ ആശയമിതാണ്: തീര്‍ച്ച, നല്ല ആളുകള്‍ സര്‍വാനുഗ്രഹത്തിലാണ്. ചീത്ത ആളുകള്‍ നരകാഗ്നിയിലുമാകുന്നു.
നമ്മുടെ ജീവിതത്തിന്റെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന വചനമാണിത്. നന്മ പുലര്‍ത്തുന്നവര്‍ക്ക് സന്തോഷവും തിന്മ പുലര്‍ത്തുന്നവര്‍ക്ക് ലക്ഷണമൊത്ത മുന്നറിയിപ്പും ഈ വചനങ്ങള്‍ നല്‍കുന്നു. ചരിത്രത്തില്‍ കാണാം:
ചക്രവര്‍ത്തി സുലൈമാനുബ്നുല്‍ അബ്ദില്‍ മലിക് മദീന വഴി മക്കത്തേക്ക് നീങ്ങുകയാണ്. വഴിയില്‍ അബൂഹാസിമിനെ കാണാനിടവന്ന ചക്രവര്‍ത്തി ചോദിച്ചു:
ഗുരോ, നാളെ എങ്ങനെയാണ് അല്ലാഹുവിന്റെ സമക്ഷത്തിലേക്ക് ആഗമനം നടക്കുക.
അബൂഹാസിം പറഞ്ഞു: പുണ്യവാന്റെ ആഗമനം ദീര്‍ഘനാള്‍ കുടുംബത്തില്‍ നിന്നകന്ന് കഴിയവെ യാത്ര മതിയാക്കി തിരിച്ചെത്തുന്നതിന് സമാനമാകുന്നു. എന്നാല്‍ ദുര്‍ഗുണന്‍ വരുന്നത് ഓടിപ്പോയ അടിമ യജമാനനരികിലേക്ക് ആഗമിക്കുന്ന തരത്തിലുമാകുന്നു.
അബൂഹാസിമിന്റെ വചനം സുലൈമാന്‍ ചക്രവര്‍ത്തിയുടെ മനസ്സില്‍ തറച്ചു. ചക്രവര്‍ത്തി പൊട്ടിക്കരഞ്ഞുപോയി.
പടച്ചവനേ, ഞാന്‍ എങ്ങനെയാണ് നാളെ നിന്നെ കണ്ടുമുട്ടുകയാവോ? അല്ലാഹുവിങ്കല്‍ എന്റെ സ്ഥിതിയെന്തെന്നറിഞ്ഞിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു.
ഇതുകേട്ട അബൂഹാസിം പറഞ്ഞു: അറിയാനൊക്കെ വഴിയുണ്ട്. നിങ്ങള്‍ സ്വന്തം ചെയ്തികളെ അല്ലാഹുവിന്റെ കിതാബിനു മേല്‍ തട്ടിച്ചുനോക്കൂ.
ഗുരോ, ഖുര്‍ആനില്‍ ഏതു വചനത്തിനു മേലാണ് ഞാനെന്റെ ചെയ്തികളെ പ്രകാശിപ്പിക്കേണ്ടത്?
സൂറതുല്‍ ഇന്‍ഫിത്വാറിലെ പുണ്യവാന്മാര്‍ സ്വര്‍ഗത്തിലും നിര്‍ഗുണന്മാര്‍ നരകത്തിലുമാണെന്നര്‍ത്ഥം വരുന്ന വചനങ്ങള്‍ തന്നെയെന്നദ്ദേഹം പറഞ്ഞു (തഫ്സീര്‍ റാസി 3286).
അതേ, നന്മ നിറഞ്ഞ ജീവിതത്തിനേ ആത്യന്തികാനുഗ്രഹമായ സ്വര്‍ഗം പ്രാപിക്കാനാകൂ. തിന്മ നിറഞ്ഞ ജീവിതത്തിന് നരകമാണു സങ്കേതം. നന്മകള്‍ വര്‍ധിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാവുക. തിന്മകള്‍ കുറച്ചുകൊണ്ട് വന്നു. അവപാടെ നിഷ്കാസിതമാക്കാന്‍ യത്നിക്കുക.
ഹദീസില്‍ ഇങ്ങനെ കാണാം: സൂറതുല്‍ ഇന്‍ഫിത്വാര്‍ ആരെങ്കിലും ഓതിയാല്‍ ഖബ്റുകളുടെ എണ്ണത്തിനു സമാനം പ്രതിഫലം കിട്ടും. മഴത്തുള്ളികള്‍ക്കാനുപാതികമായി നന്മയും കിട്ടും (റൂഹുല്‍ബയാന്‍ 10363).

തസ്ഫിയ25/ എസ്എസ് ബുഖാരി

You must be logged in to post a comment Login

Leave a Reply