jl1 (19)ചില ഇസ്ലാമേതര മതങ്ങളും വ്രതം അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഇസ്ലാമിക വ്രതാനുഷ്ഠാനം തികച്ചും വ്യത്യസ്തവും ശാസ്ത്രീയവുമാണെന്നതില്‍ വ്യൈലോകത്തിനും ഭിന്നാഭിപ്രായമില്ല. പ്രവാചകന്‍(സ്വ) പറഞ്ഞതിതാണ്: നമ്മുടെ നോമ്പിന്റെ പ്രത്യേകത; പുലരുന്നതിനു മുമ്പുള്ള അത്താഴമാണ്(മുസ്ലിം). നിങ്ങള്‍ വ്രതമനുഷ്ഠിക്കൂ, ആരോഗ്യമുള്ളവരാകാം (ത്വബ്റാനി).
ഹദീസുകള്‍ പരിശോധിച്ചാല്‍ നോമ്പ്ഒരു പരിചയാണെന്ന് മനസ്സിലാക്കാം. ആത്മീയവളര്‍ച്ചയോടൊപ്പം ആരോഗ്യ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും അത് സഹായിക്കുന്നു. ഒരു യഥാര്‍ത്ഥ വിശ്വാസി നോമ്പ്കാലത്ത് സാധാരണയുള്ളതിലും അധികം പ്രാര്‍ത്ഥനയിലും സല്‍കര്‍മങ്ങളിലും മുഴുകും. ക്ഷമയും, സഹനവും പാലിക്കും. വിശപ്പിനെ തടഞ്ഞ്, രുചിയെ അതിജീവിച്ചും മുന്നോട്ട് പോകാനുള്ള സഹനം, അനാവശ്യ സംസാരങ്ങളില്‍ നിന്നും മറ്റുമുള്ള ഒഴിഞ്ഞുമാറല്‍ ഇതൊക്കെയും ജീവിതത്തിന്റെ മുതല്‍ക്കൂട്ടാണ്. അപ്പോഴാണ് നോമ്പ്ആത്മാവിലും ശരീരത്തിലും സ്വഭാവത്തിലും ഒരു പോലെ പരിചയായി വര്‍ത്തിക്കുക. രോഗത്തിനെതിരെ പ്രതിരോധവും തീര്‍ക്കുന്നത്.
രോഗികള്‍ക്കും യാത്രാക്കാര്‍ക്കും നോമ്പില്‍ ഇളവ് അനുവദിക്കുന്നുവെങ്കിലും കഴിവതും ഒഴിവാക്കരുത് എന്നുകൂടി പറയുന്നത് അതിന്റെ പ്രാധാന്യം കൊണ്ടാണ്.
വ്രതാനുഷ്ഠാനം നിശ്ചിത ദിവസങ്ങളിലാണല്ലോ. നിങ്ങളില്‍ ആരെങ്കിലും രോഗിയോ യാത്രാക്കാരനോ ആയിരുന്നാല്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികയ്ക്കട്ടെ എന്നാണു കല്‍പന. വ്രതമനുഷ്ഠിക്കാന്‍ കഴിവില്ലാത്തവന്‍ അനുഷ്ഠിക്കുന്നില്ലെങ്കില്‍ പ്രായശ്ചിത്തം നല്‍കേണ്ടതുണ്ട്. ഒരു അഗതിക്ക് അന്നം കൊടുക്കലാണ് ഒരു നോമ്പിന്റെ പ്രായശ്ചിത്തം. ആരെങ്കിലും കൂടുതല്‍ നല്‍കിയാല്‍ അതവന് നല്ലത്. എന്നാല്‍, വ്രതമനുഷ്ഠിക്കുന്നത് തന്നെയാണ് നിങ്ങള്‍ക്ക് ഏറെ ഉല്‍കൃഷ്ടമായിട്ടുള്ളത്. നിങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍ (ഖുര്‍ആന്‍ 2184). നോമ്പിലുള്ള ആത്മീയതക്കൊപ്പം ആരോഗ്യ പ്രാധാന്യം കൂടി കണക്കിലെടുത്താണ് ഇസ്ലാം ഇങ്ങനെ നിര്‍ദേശിക്കുന്നത്.
നോമ്പ്കാലത്ത് മനുഷ്യന്‍ ഉദാരനാകണമെന്നാണ് സ്രഷ്ടാവിന്റെ ശാസന. കാരണം സ്രഷ്ടാവ് അവനോട് ഉദാരനാണ്. ഒരു സല്‍കര്‍മത്തിന് ഏഴായിരം വരെ ഇരട്ടി പ്രതിഫലം അവന്‍ വാഗ്ദാനം ചെയ്യുന്നതും ഇതുകൊണ്ടുതന്നെ. റമളാനിലെ ഒരു പ്രത്യേക രാത്രി ആയിരം രാവുകളെക്കാള്‍ ശ്രേഷ്ഠമാണല്ലോ. ആ രാത്രിയില്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് 1000 മാസം തുടര്‍ച്ചയായി ചെയ്യുന്ന പ്രതിഫലമാണ് അവന്റെ വാഗ്ദാനം. ഇത് മനസ്സിലാക്കുന്ന അടിമ ആത്മാവിനെ ശുദ്ധീകരിക്കാനാരംഭിക്കുന്നു. തന്റെ സഹജീവിയുടെ വിശപ്പിന്റെ വിളി അവന്‍ കേള്‍ക്കുന്നു, ഇത്രയും നാളും ചെയ്ത തിന്മകളുടെ ആഴം തിരിച്ചറിയുന്നു, ഖുര്‍ആന്‍ പാരായണത്തിലൂടെയും ദിക്റുകളിലൂടെയും അധിക നിസ്കാരങ്ങളിലൂടെയും അവന്‍ സര്‍വശക്തനിലേക്ക് കൂടുതല്‍ അടുക്കുന്നു, ദാനധര്‍മങ്ങള്‍ അധികരിപ്പിക്കുന്നു, എല്ലാ ഭാരവും രക്ഷിതാവില്‍ ഇറക്കിവയ്ക്കുന്നു. അങ്ങനെ മാനസികവും ശാരീരികവും ആത്മീയവുമായ സംതൃപ്തി നേടിയെടുക്കുന്നു.
നിങ്ങള്‍ അത്താഴം കഴിക്കൂ, അതില്‍ അനുഗ്രഹമുണ്ട്(ബുഖാരി) എന്ന തിരുവചനമെടുക്കാം. ആരോഗ്യ സംബന്ധിയായ നിരവധി പാഠങ്ങളുണ്ടതില്‍. അത്താഴം കഴിക്കല്‍ സുന്നത്താണല്ലോ. എന്നാല്‍, എങ്ങനെ കഴിക്കണമെന്നും പ്രവാചകന്‍ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. ഈത്തപ്പഴത്തില്‍ ആരംഭിക്കുകയും ഈത്തപ്പഴത്തില്‍ നോമ്പ്മുറിക്കുകയും ചെയ്യാനാണ് പ്രവാചകാജ്ഞ.
മനുഷ്യശരീരത്തിനാവശ്യമായ മിക്ക പോഷക ഘടകങ്ങളും ഈത്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. അത് പോഷക സമൃദ്ധവും ഔഷധവുമാണ്. മാത്രമല്ല, ഇക്കാലത്ത് മായം കലരാത്തതും രാസവസ്തുക്കള്‍ ചേരാത്തതുമായ ഫലം ഈത്തപ്പഴമാണ്.
റസൂല്‍(സ്വ) പറയുന്നു: മേല്‍തരം കാരക്കയിനത്തില്‍ നിന്ന് 7 ഈത്തപ്പഴം എല്ലാ ദിവസവും പ്രഭാതത്തില്‍ മറ്റെന്തെങ്കിലും കഴിക്കുന്നതിനുമുമ്പായി കഴിച്ചാല്‍ വിഷമോ സിഹ്റോ അവനെ ബാധിക്കുകയില്ല (ബുഖാരി).
പ്രവാചക(സ്വ)ന്റെ അത്താഴം വളരെ ലളിതമായിരുന്നു. മിക്കപ്പോഴും തിരുദൂതരും അനുയായികളും അത്താഴത്തിന് ഈത്തപ്പഴമാണ് കഴിച്ചിരുന്നത്. ആരോഗ്യത്തിനും ശരീരത്തിനും അതാണ് നല്ലത്. മാത്രമല്ല, ആലസ്യത്തില്‍ നിന്നും, ക്ഷീണത്തില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യാം.
അവിടുന്ന് പറഞ്ഞു: നോമ്പ്തുറക്കുന്നത് പഴുത്ത കാരയ്ക്ക കൊണ്ടാവുക. ഒറ്റയാക്കുന്നതാണ് നല്ലത്.മറ്റൊരിടത്ത് പഠിപ്പിച്ചതിതാണ്: നിങ്ങള്‍ കാരയ്ക്കകൊണ്ട് നോമ്പ്തുറക്കുക. അത് ലഭിച്ചില്ലെങ്കില്‍ വെള്ളം കൊണ്ട്. എന്തുകൊണ്ടെന്നാല്‍ വെള്ളം ശുദ്ധമാകുന്നു.
ഇനി നാം എങ്ങനെയാണ് നോമ്പനുഷ്ഠിക്കുക എന്ന് നോക്കാം. വിഭവസമൃദ്ധമായ അത്താഴത്തിനുശേഷം ചിലര്‍ സുന്നത്ത് നിറവേറ്റാനായി ഒന്നോ, മൂന്നോ ഈത്തപ്പഴം അകത്താക്കും. ശേഷിച്ച സ്ഥലത്ത് വെള്ളവും കുടിച്ചുനിറച്ച് അത്താഴം അവസാനിപ്പിക്കും. സുബ്ഹി നമസ്കാരശേഷം വിശാലമായ ഒരു ഉറക്കം. രണ്ടോ മൂന്നോ മണിക്കൂര്‍ അതു നീണ്ടുനില്‍ക്കും. ദിവസം മുഴുവന്‍ നമസ്കാര ശേഷമുള്ള ഉറക്കം പുറമെയും. നോമ്പ്തുറക്കുന്ന സമയം ബഹുരസം. കാരയ്ക്കയും വെള്ളവും കൊണ്ട് ആദ്യം നോമ്പ്തുറക്കും, പിന്നെ കരിച്ചതും പൊരിച്ചതും ഫ്രൂട്ട്സും പാനീയങ്ങളും. മഗ്രിബ് നിസ്കാരശേഷം വയറുനിറയെ ഭക്ഷണ സേവ. പിന്നെയൊരു ഐസ്ക്രീമും കിട്ടിയാല്‍ കുശാലായി. കരിമ്പിന്‍വിളയില്‍ ആന കയറിയ പ്രതീതി. അല്‍പം കഴിഞ്ഞ് ഔഷധക്കഞ്ഞിയൂം ഉണ്ടാകും.
അനസ്(റ)ല്‍ നിന്ന് ഉദ്ധരിച്ചത് നോക്കൂ: പ്രവാചകന്‍ വിഭവസമൃദ്ധമായി ഭക്ഷിക്കുകയോ, പാത്രങ്ങള്‍ നിരത്തിവച്ച് കഴിക്കുകയോ, ആഹാരം മേശമേല്‍ വച്ച് കഴിക്കുകയോ മൃദുവായ റൊട്ടി കഴിക്കുകയോ ചെയ്തതായി എനിക്കറിയില്ല (ബുഖാരി).
റസൂലിന്റെ തീന്‍മേശ അതിലളിതമായിരുന്നെന്നു സാരം. എന്നാല്‍ നമ്മുടേതോ? റമളാനാണ് നമുക്ക് ഏറ്റവും ചെലവേറിയ മാസം. ഉത്സവപ്രതീതിയാണ് നമ്മുടെ ഭക്ഷണമുറികളില്‍. റമളാനില്‍ പകല്‍ മുഴുവന്‍ ഭക്ഷണം ഒഴിവാക്കി ആ ചെലവ് മിച്ചം പിടിച്ച് അതിലൊരു പങ്കുകൂടി ദാനധര്‍മങ്ങള്‍ക്ക് വിനിയോഗിക്കുന്പോഴാണ് നോമ്പ്അര്‍ത്ഥവത്താകുന്നത്. നാം ഇഫ്താറുകള്‍ക്ക് ഒരുക്കുന്ന വിഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ നോമ്പിന്റെ ഫലം കുറയ്ക്കുന്നതും ആരോഗ്യത്തിന് ദോഷകരവുമല്ലേ? വയറു നിറയെ ഭക്ഷണം കഴിച്ചശേഷം ആലസ്യത്തോടെ നിസ്കാരം നിറവേറ്റി ഉറക്കിലേക്ക് വഴുതി വീഴും. ഖുര്‍ആന്‍ പാരായണം ചെയ്യാനും, രാത്രി നിന്നു നിസ്ക്കരിക്കാനുമുള്ള ഉന്മേഷാവസരം നശിപ്പിക്കുകയാണ് ഇത്തരം വിഭവസമൃദ്ധമായ അടിച്ചുപൊളി ഇഫ്താറുകള്‍ ചെയ്യുക.
ഇഫ്താറുകള്‍ക്ക് ഒരുക്കുന്ന കലക്കുവെള്ളം മുതല്‍ തുടങ്ങുന്നു ആരോഗ്യത്തിന് ഹാനികരമായ കാര്യങ്ങള്‍. വാസ്തവത്തില്‍ ഇളനീരോ പഴച്ചാറുകളോ വെജിറ്റബിള്‍ ജ്യൂസോ തേന്‍ നാരങ്ങാ വെള്ളമോ നല്‍കി അതിഥികളെ സല്‍ക്കരിക്കാമെന്നിരിക്കെ കുപ്പി പാനീയങ്ങളും വിവിധ നിറത്തിലുള്ള കലക്കുവെള്ളങ്ങളുമാണ് നല്കുന്നത്. എണ്ണപ്പലഹാരങ്ങള്‍, മധുരപലഹാരങ്ങള്‍, മൈദ ഉല്‍പന്നങ്ങള്‍ മുതലായവ നോമ്പുതുറക്കുന്ന സമയത്ത് ഉപയോഗിക്കുന്നത് വ്യൈശാസ്ത്രത്തിന്റെ എല്ലാ ശാഖകളും ഒരുപോലെ എതിര്‍ക്കുന്ന കാര്യമാണ്. മൈദ നമ്മുടെ ദഹനേന്ദ്രിയങ്ങളെ അപകടപ്പെടുത്തും എന്നിരിക്കെ പൊറോട്ട ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തീന്‍മേശയില്‍ നിരത്തും നാം; വിഭവങ്ങളുടെ എണ്ണം കൂട്ടാന്‍.
കഴിക്കുന്നതിനുമുണ്ട് ഇസ്ലാമില്‍ വ്യവസ്ഥ. നബി(സ്വ) പറഞ്ഞു: രണ്ട് പേരുടെ ഭക്ഷണം മൂന്ന് പേര്‍ക്ക്. മൂന്നു പേരുടേത് നാലുപേര്‍ക്കും. എന്നാല്‍ നമ്മുടെ നോമ്പുതുറകളില്‍ 10 പേരുടെ ഭക്ഷണം അഞ്ചുപേര്‍ കഴിക്കും. അങ്ങനെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കേണ്ട നോമ്പുകാലം അമിതാഹാരത്തിലൂടെ ആരോഗ്യത്തെ അപകടത്തിലാക്കും. ഇതിനറുതി വരുത്താന്‍ നാം സ്വയം തീരുമാനമെടുക്കണം. ചെലവുകളിലും ആഹാരപദാര്‍ത്ഥങ്ങളൊരുക്കുന്നതിലും മിതത്വം ശീലിക്കണം. അതാണ് പ്രവാചക നിര്‍ദേശം. ശാസ്ത്രീയവുമാണത്. നോമ്പുകാലത്തുമാത്രമല്ല, അതില്‍ നിന്നുള്‍ക്കൊണ്ട് ശേഷക്കാലവും ഈ ശീലങ്ങള്‍ പുലര്‍ത്തണം. എങ്കിലേ ആരോഗ്യകരമായ സുജീവനം സുസാധ്യമാവൂ.

ഡോ. കരകുളം നിസാമുദ്ദീന്‍

1 comment
Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ