ആവശ്യ സൗകര്യം ആര്‍ഭാടമല്ല

[box type=”shadow” align=”alignleft” width=”1″ ]അഭിമുഖം: പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍/ ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി [/box]

jn1 (7)

 ? സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണല്ലോ, സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്തു പറയുന്നു.

നേതാക്കളും സയ്യിദന്മാരുമൊക്കെ ഒരുമിച്ചു കൂടി തീരുമാനിച്ചതല്ലേ. സമൂഹത്തിന് സേവനം ചെയ്യാനുള്ള ഒരവസരമായാണ് ഇതിനെ കാണുന്നത്. സംഘടനയുടെ പ്രവര്‍ത്തനം ഏറെ ആശാവഹമായി തുടരുന്നുണ്ട്. സമൂഹത്തിന്‍റെ മതപരവും ഭൗതികവുമായ പുരോഗതിക്കുവേണ്ടി നിരവധി പ്രയത്നങ്ങള്‍ ഇതുവരെയായി സംഘടന ചെയ്തിട്ടുണ്ട്. പഠനക്യാമ്പുകള്‍, വിവിധ സന്ദര്‍ഭങ്ങളിലെ കാമ്പയിനുകള്‍, ആത്മീയ ക്യാമ്പുകള്‍, റിലീഫ് പ്രവര്‍ത്തനം, സ്ഥാപനങ്ങള്‍, ഹജ്ജ്ഉംറ സേവങ്ങള്‍, സുന്നിവോയ്സ്, എസ്വൈഎസ് ബുക്സ്റ്റാള്‍ വഴി ധാരാളം വൈജ്ഞാനിക ഗ്രന്ഥങ്ങള്‍, ആദര്‍ശ ജാഗരണത്തിനു സഹായിച്ച സമ്മേളനങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍. പണ്ഡിതന്മാര്‍ക്കു മാത്രമായുള്ള പരിശീലന കളരികളും പലയിടങ്ങളില്‍ നടന്നു.

രാജ്യത്തിനു ഭാരവും ഭീഷണിയുമല്ലാത്ത, മതത്തെ പൂര്‍ണമായുള്‍ക്കൊള്ളുകയും നാടിന്‍റെ പുരോഗതിക്ക് അധ്വാനിക്കുകയും ചെയ്യുന്ന അനുയായികളാണ് സംഘടനയുടെ സമ്പത്ത്. ഇവ്വിധമുള്ള ലക്ഷക്കണക്കിനാളുകളെ സൃഷ്ടിക്കുക എന്നത് ചെറിയ കാര്യമാണോ?

? പുതിയ നേതൃത്വത്തിനു കീഴില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഉദ്ദേശിക്കുന്നത്.

കാസര്‍ഗോഡ് സഅദിയ്യയില്‍ വെച്ച് നടന്ന സംസ്ഥാന കൗണ്‍സിലില്‍ തീരുമാനിച്ച കാര്യങ്ങള്‍ സുന്നിവോയ്സും സിറാജുമൊക്കെ റിപ്പോര്‍ട്ട് ചെയ്തിരുന്നുവല്ലോ. മതപരവും ഭൗതികവുമായ പുരോഗതിക്ക് ആവശ്യമാകുന്ന തീരുമാനങ്ങള്‍ യഥാസമയം കൈക്കൊള്ളുകയും നടപ്പിലാക്കുകയും ചെയ്യുന്നതാണ് സംഘടനാ രീതി. ഏതെങ്കിലും ഭാരവാഹി ഒറ്റക്കായല്ല, കൂട്ടായി ചര്‍ച്ച ചെയ്ത് ഗുണദോഷങ്ങള്‍ വിലയിരുത്തിയാണ് സംഘടനാ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

? പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിര സ്വഭാവത്തോടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്ന തീരുമാനത്തെക്കുറിച്ച്.

നാം നടത്തുന്ന സംഘടനാ പ്രവര്‍ത്തനങ്ങളൊക്കെയും ദഅ്വയാണ്, പ്രബോധന പ്രവര്‍ത്തനങ്ങളാണ്. പ്രബോധനത്തിന് വിവിധ തലങ്ങളുണ്ടല്ലോ. സ്വന്തത്തോട് അതുവേണം, കുടുംബത്തോടുണ്ടാവണം, സ്വസമൂഹത്തോടു ചെയ്യണം. മതത്തെ മനസ്സിലാക്കാന്‍ കഴിയാതിരുന്നവര്‍ക്കും ദീനീ സന്ദേശമെത്തിക്കണം. ഇതില്‍ ആദ്യം പറഞ്ഞ മൂന്നുവിഭാഗം ഏറെ സജീവമായും സക്രിയമായും സംഘടന നടത്തിവരുന്നു. നാലാമത്തേതിലും നമ്മള്‍ ആരുടെയും പിന്നിലല്ല, ദീന്‍ പ്രചാരണമാണല്ലോ എസ്വൈഎസിന്‍റെ ഒന്നാമത്തെ ലക്ഷ്യംതന്നെ. എന്നാല്‍, കാലികമായ മാറ്റങ്ങളും സൗകര്യവും ഉപയോഗപ്പെടുത്തി പൊതുവെ എല്ലാ വിഭാഗം ദഅ്വക്കും പ്രാധാന്യം നല്‍കിയുള്ള ഊര്‍ജസ്വല പ്രവര്‍ത്തനം വ്യവസ്ഥാപിതമായി നടത്താനാണ് പുതിയ തീരുമാനം. അതിനു കീഴില്‍ ധാരാളം സംരംഭങ്ങള്‍ വരാനിരിക്കുന്നു.

? “നേതൃത്വം മഹത്തരമാണ്; എന്നാല്‍ ഏറെ ശ്രമകരവും‘  ഇതെങ്ങനെ കൈകാര്യം ചെയ്യാം.

മഹത്തരം എന്നാല്‍ നേതാവാകലാണോ ഉദ്ദേശിക്കുന്നത്. എന്നാല്‍ അതിലൊരു മഹത്ത്വവുമില്ല. മറിച്ച്, സമൂഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തടയപ്പെടാതിരിക്കാന്‍ അവര്‍ക്കുവേണ്ടി സേവനം ചെയ്യുക എന്ന ലക്ഷ്യത്തിനായി നിലകൊണ്ടാല്‍ നേതൃത്വവും ഒരു ഇബാദത്തായി മാറും. ഭൗതിക താല്‍പര്യങ്ങള്‍ക്ക് സ്വാധീനം നല്‍കി പൊതു പ്രവര്‍ത്തനത്തില്‍ ആര് ഏര്‍പ്പെട്ടാലും അതവര്‍ക്ക് ഭീഷണിയാണ്. എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും എല്ലാവരെയും ഒരുപോലെ കാണാന്‍ നിര്‍ബന്ധം പിടിക്കുകയും വേണം. ജീവിതത്തില്‍ മുഴുക്കെ വേണ്ടതാണ് ഈ സ്വഭാവങ്ങള്‍. നേതാവായാലും അല്ലെങ്കിലും വേണം.

? നേതാക്കള്‍ നല്ല വീടുവെക്കുന്നതും വാഹനങ്ങള്‍ ഉപയോഗിക്കുന്നതും തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കില്ലേ. ഇത് എല്ലാ സംഘടനകളിലും കണ്ടുവരുന്നു.

സൗകര്യങ്ങള്‍ ആപേക്ഷികമായാണ് വേണ്ടത്. നിരവധിയാളുകള്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്നുപോകുന്ന ഒരു വീട് അല്ലെങ്കില്‍ ഓഫീസ് അത് ചെറ്റക്കുടിലില്‍ ഒരു സൗകര്യങ്ങളുമില്ലാതായാല്‍ പറ്റുമോ? നിരന്തര യാത്രയുള്ള ഒരാള്‍ക്ക് തലകുനിച്ച് നടുവളച്ച് ചുരുണ്ടുകൂടി മാത്രം സഞ്ചരിക്കാന്‍ പറ്റുന്ന വാഹനം മതിയോ? അതുമായി എത്രകാലം പിടിച്ചുനില്‍ക്കാനാവും? ഇതു കൊണ്ടൊക്കെയാവണം പല നേതാക്കളും സൗകര്യമുള്ള കാറും വീടുമൊക്കെ ഉപയോഗിക്കുന്നത്.

? എന്നാലും പൂര്‍വിക പണ്ഡിതരൊക്കെയും ലളിത ജീവിതമാണ് നയിച്ചത്…

ആവശ്യ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് ലാളിത്യത്തിനെതിരാണെന്ന് ആരു പറഞ്ഞു? ഇമാമുമാര്‍ കുതിര പോലുള്ള വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നു. അന്നത്തെ ഏറ്റവും മുന്തിയതാണിത്. ആദ്യകാലത്ത് അവരുടെ ജീവിതം ദുരിതങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നുവെങ്കിലും പിന്നീട് അല്ലാഹു അവര്‍ക്ക് ജീവിത വിശാലത നല്‍കി. അതവര്‍ ഉപയോഗിക്കുകയും ചെയ്തു. ഇക്കാര്യം ഇമാം ശഅ്റാനി(റ) ലത്വാഇഫുല്‍ മിനനില്‍ പറഞ്ഞിട്ടുണ്ട്.

സൈനുദ്ദീന്‍ മഖ്ദൂം(റ) താമസിച്ചിരുന്ന വീട് ഇപ്പോഴുമുണ്ടല്ലോ. അന്നത്തെ കാലത്തിലേക്ക് ചേര്‍ത്തിനോക്കിയാല്‍ നല്ല സൗകര്യങ്ങളുള്ള വീടാണത്. അദ്ദേഹത്തിന് വിദേശ ശിഷ്യരടക്കം ധാരാളം സന്ദര്‍ശകരുണ്ടായിരുന്ന കാര്യം ഓര്‍ക്കുക. അമിതമായ ആസ്വാദനമല്ല പറയുന്നത്. അങ്ങനെ ആരും ആയിത്തീരരുത്. പ്രവര്‍ത്തനമേഖലയുടെ വ്യാപ്തിയനുസരിച്ച് സൗകര്യങ്ങളും വേണ്ടിവരുമെന്നു മാത്രം.

? ഒരു നേതാവിന് വേണ്ട ഗുണങ്ങള്‍ വിശദീകരിക്കാമോ.

പലതും ആവശ്യമാണ്. അതൊക്കെയും പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരികയും വേണം. വിശദീകരണമില്ലാതെ ചിലതു സൂചിപ്പിക്കാം.

ഒന്ന്: നേതൃത്വത്തിനു വേണ്ട അറിവ്. സ്വന്തത്തിന്‍റെയും അനുയായികളുടെയും സംശയങ്ങള്‍ തീര്‍ക്കാന്‍ പര്യാപ്തമായ വിധം ആഴമുള്ളതായിരിക്കണം. രണ്ട്: അധ്വാനശീലം. പ്രവര്‍ത്തന രംഗത്തും പഠനരംഗത്തും ഇതുവേണം. അലസത തീരെ പാടില്ല. പുതിയ പ്രവര്‍ത്തികളെക്കുറിച്ച് ചിന്തിക്കുകയും വിജ്ഞാന വര്‍ധനവിനു നിരന്തരം ശ്രമിക്കുകയും വേണം. പുതിയ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അവ പരിഹരിക്കാനും ശ്രമിക്കണം. ഇതിനൊക്കെ കഠിനാധ്വാനം കൂടിയേതീരൂ. മൂന്ന്: ക്ഷമ. സംഘടനാ നേതാക്കള്‍ ദര്‍സും മറ്റുമായി പലവിധ ജോലികള്‍ ഉള്ളവരാണ്. പലര്‍ക്കും സ്ഥാപനങ്ങള്‍ നടത്തുകയും വേണം. അതിനിടക്കാണ് സംഘടനാ പ്രവര്‍ത്തനം. പ്രകോപനങ്ങളും പ്രതിസന്ധികളും നിറയെയുള്ള പൊതുപ്രവര്‍ത്തനത്തില്‍ ഏറെ ക്ഷമ വച്ചുപുലര്‍ത്തിയാലേ ഇതൊക്കെയും ഒരുമിച്ചു കൊണ്ടുപോകാനാവുകയുള്ളൂ. കോപം അടക്കാനാവുക, വിട്ടുവീഴ്ചാ മനസ്കത പുലര്‍ത്തുക, വിശാലമായി ചിന്തിക്കുക തുടങ്ങിയ കാര്യങ്ങളും പാലിക്കണം. നാല്: തഖ്വയും ഇഖ്ലാസും. പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടാനും പരലോക പ്രതിഫലത്തിനര്‍ഹമാവാനും നിര്‍ബന്ധമായും ഇവ വേണം. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം മോഹിക്കുന്നത് തെറ്റല്ല. പക്ഷേ, അല്ലാഹുവില്‍ നിന്ന് പരലോകത്ത് വെച്ചു മാത്രമായിരിക്കണമത്. ഓരോ പ്രവര്‍ത്തകനും താന്‍ നിര്‍വഹിക്കുന്നത് ദീനിനു വേണ്ടിയുള്ള ജിഹാദാണെന്ന് മനസ്സിലുറപ്പിക്കുക. വലിയൊരു പ്രവര്‍ത്തകനാണെന്ന് തെളിയിക്കാനാണ് നിലകൊള്ളുന്നതെങ്കില്‍ ആഖിറത്തില്‍ ഒന്നും കാണില്ല. ഹദീസുകളില്‍ വ്യക്തമാക്കിയ കാര്യമാണിത്. അഞ്ച്: കേള്‍ക്കാനുള്ള മനസ്സ്. പലവിധ പരാതികളുമായും ആളുകള്‍ വരും. ചിലത് തീരെ നിസ്സാരങ്ങളായിരിക്കും. എന്നാലും അതൊക്കെ കേള്‍ക്കുകയും നല്ല വാക്കുപറഞ്ഞ് ആശ്വസിപ്പിക്കുകയും വേണം. ആരെയും അവഗണിച്ചു തള്ളരുത്. ആറ്: കൂടിയാലോചനാ പാടവം. കൂടിയാലോചന നടത്താന്‍ നബി(സ്വ)യോടു പോലും അല്ലാഹു കല്‍പിച്ചിട്ടുണ്ട്. വിശ്വാസികളുടെ ലക്ഷണമായി “അവര്‍ കാര്യങ്ങള്‍ കൂടിയാലോചിക്കുന്നവരാണ്’ എന്ന് ഖുര്‍ആന്‍ പറയുന്നു. അതില്‍ പുണ്യമുണ്ട്, ഗുണമുണ്ട്. നല്ല അഭിപ്രായങ്ങള്‍ നടപ്പിലാക്കാനുമാവും. ഇതില്ലാതെ സ്വയം തീരുമാനങ്ങളെടുക്കുന്നതു കൊണ്ട് പല പ്രശ്നങ്ങളുമുണ്ടാവും. ഇതിന്‍റെ അനുബന്ധമാണ് മുന്‍ഗാമികളുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കുക. അവരുടെ പ്രവര്‍ത്തനങ്ങള്‍ ശരിക്കും പരിഗണിക്കണം. ഇന്നത്തെ സൗകര്യം എന്തായാലും ഇതിന്‍റെ മുമ്പുണ്ടാവില്ല. പരിമിത സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍ എന്തുകൊണ്ടും ആദരവര്‍ഹിക്കുന്നുണ്ട്. പുതിയ തീരുമാനങ്ങളെടുക്കുമ്പോള്‍ അവരുടെ അനുഭവസമ്പത്ത് പുതിയ നേതൃത്വം ഉപയോഗിക്കുക തന്നെ വേണം. കൂടെ പറയേണ്ട മറ്റൊരു കാര്യവുമുണ്ട്. ഒരു സംഘടനക്ക് എന്നും ഒരേ ഭാരവാഹികള്‍ ആയിരിക്കില്ല. സമയാസമയങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ ഉണ്ടാവും. അതും എല്ലാവരും അംഗീകരിക്കുകയും പുതിയ നേതൃത്വത്തോട് പൂര്‍ണമായി സഹകരിക്കുകയും വേണം. സംഘടനാ കാര്യത്തെക്കുറിച്ച് അന്വേഷിക്കുന്നവരോട് “ഏയ് എനിക്കൊന്നും അറിയില്ല, ഇപ്പോ ഞാനല്ലല്ലോ, എന്നെ പറ്റില്ലല്ലോ…’ പോലുള്ള നിരാശാ പ്രകടനങ്ങള്‍ നല്ല മനസ്സിന്‍റെ ലക്ഷണമല്ലെന്നോര്‍ക്കുക. ആരെങ്കിലും അങ്ങനെയാണെന്നല്ല പറയുന്നത്; ഇതൊന്നും ആക്കും പറ്റില്ലെന്നു മാത്രം. ഏഴ്: വ്യക്തിവിരോധവും സ്വജന പക്ഷപാതവും പാടില്ല. എട്ട്: നന്മ പ്രോത്സാഹിപ്പിക്കുക. ഒമ്പത്: തിന്മ വിരോധിക്കുക. പത്ത്: സംഘടനാ കാര്യങ്ങളിലും വ്യക്തിജീവിതത്തിലും സൂക്ഷ്മത പുലര്‍ത്തുക തുടങ്ങി നിരവധി വശങ്ങള്‍ ഇതുസംബന്ധമായി ശ്രദ്ധിക്കേണ്ടതുണ്ട്.

? സുന്നിവോയ്സ് വായനക്കാരോട് പ്രത്യേകമായെന്തെങ്കിലും പറയാനുണ്ടോ.

ആദര്‍ശ പഠനത്തിനുള്ള ആധികാരിക സ്രോതസ്സാണ് നമ്മുടെ മുഖപത്രം. അത് പ്രചരിപ്പിക്കുകയും പഠിക്കുകയും ചെയ്യണം. വായിച്ച് എടുത്തുവെക്കുകയല്ല വേണ്ടത്, പലയാവര്‍ത്തി വായിച്ച് പഠിക്കുക തന്നെ വേണം. സംഘടനാ പ്രവര്‍ത്തനം ആഖിറത്തിനുവേണ്ടി നടപ്പിലാക്കുന്ന അനുയായികളും നേതാക്കളുമാണ് നമ്മുടെ കരുത്ത്. യൂണിറ്റ്തലം മുതല്‍ ഇത് ബോധ്യമാവും. ദീനിനുവേണ്ടി നല്ലതു പ്രവര്‍ത്തിക്കാന്‍ എല്ലാവരും എപ്പോഴും ശ്രമിക്കേണ്ടതുണ്ട്. അല്ലാഹു സ്വീകരിക്കട്ടെ.

You must be logged in to post a comment Login

Leave a Reply