ഇമാം ജസൂലി(റ)യും ദലാഇലുൽ ഖൈറാത്തും

Imam Jasuli R -Malayalam

മൊറോക്കോയിൽ ജനിച്ച് ലോകത്തിനു വെളിച്ചം വീശിയ മഹാപണ്ഡിതനാണ് മുഹമ്മദ് ബിൻ സുലൈമാനുൽ ജുസൂലി(റ). മൊറോക്കോയുടെ ചരിത്രത്തിൽ വിസ്മരിക്കാനാവാത്ത ഏഴ് പുരുഷന്മാരുണ്ട്. അബുൽ ഫള്ൽ ഇയാള് (ഖാളി ഇയാള്), അബ്ദുറഹ്മാനുസ്സുഹൈലി, യൂസുഫ് ബിൻ അലിയ്യുസ്സൻഹാജി, അബുൽ അബ്ബാസിസ്സബ്ത്തി, മുഹമ്മദ് ബിൻ സുലൈമാനുൽ ജസൂലി, അബ്ദുൽ അസീസ് ബിൻ അബ്ദുൽ ഹക്കിത്തിബാഅ, അബ്ദുല്ലാഹിബിൻ അജാലിൽ ഗസ്‌വാനി എന്നിവരാണവർ.

ഹിജ്‌റ 807-ൽ മൊറോക്കോയിലെ സൂസ് എന്ന പ്രദേശത്തെ ജുസൂല എന്ന ഗ്രാമത്തിലായിരുന്നു ജനനം. ഉമർ(റ)ന്റെ കാലത്ത് അബൂമൂസൽ അശ്അരി(റ) മുഖേനയാണ് ഇസ്‌ലാം ഇവിടെ എത്തിയത്. നാട്ടിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം  പൂർത്തിയാക്കി. ഉന്നത പഠനത്തിന് വേണ്ടി ഫാസിലേക്ക് പോയി. പണ്ഡിതന്മാരുടെ സംഗമ ഭൂമിയായ ഫാസിലെ മദ്‌റസത്തുസ്സഫാരിൻ തിരഞ്ഞെടുത്തു. പടിഞ്ഞാറു ഭരിച്ചിരുന്ന മാറൈനിയ്യ രാജവംശം 1271-ൽ സ്ഥാപിച്ചതാണ് ഈ മദ്‌റസ. പ്രദേശത്തെ മറ്റു മദ്‌റസകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് അവിടുത്തെ പ്രസിദ്ധവും മനോഹരവുമായ ലൈബ്രറിയാണ്. ചെറു പ്രായത്തിൽതന്നെ മാലികി മദ്ഹബിലെ പ്രാമാണിക കിതാബുകളായ ഫർഇയ്യുബ്‌നു ഹാജിബും മുദവ്വനയും മനപ്പാഠമാക്കി. ഫിഖ്ഹ്, അറബി, ഗണിതം എന്നിവയിൽ അവഗാഹം നേടി. അവിത്തെ പ്രധാന ഉസ്താദുമാരായിരുന്നു അബുൽ അബ്ബാസിൽ ഹൽഫാനിയും അദ്ദേഹത്തിന്റെ സഹോദരനും ഖാളിയുമായ അബ്ദുൽ അസീസും.

അറിവ് തേടിയുള്ള ഇമാമിന്റെ യാത്ര മൊറോക്കോയിലൂടെയും തലിംസാനിലൂടെയും ട്യുണീഷ്യയിലൂടെയും തുടർന്നു. പഠന സമയത്തു തന്നെ പല വിജ്ഞാന പ്രവർത്തനങ്ങൾക്കും ഇമാമവർകൾ സമയം ചെലവിട്ടു. അധ്യാപനത്തിനും പണ്ഡിത ചർച്ചകൾക്കുമായി വിവിധ നാടുകളിൽ സന്ദർശനം നടത്തി.

പിന്നീട് ഫാസിൽ നിന്ന് സ്വന്തം നാട്ടിലേക്കു തന്നെ മടങ്ങി. അവിടെ ദീനീ ദഅ്‌വത്തുമായി തുടന്നുകൊണ്ടിരിക്കെ ചില പ്രശ്‌നങ്ങൾ മൂലം ഫാസിലേക്ക് തന്നെ തിരിച്ചു. ജീവിതത്തിൽ വലിയ വഴിത്തിരിവുകൾക്ക് ഇതു നിമിത്തമായതായി പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു.

ഇമാമിന്റെ ശേഷിച്ച ജീവിതം ആത്മീയ ലോകത്തായിരുന്നു. തർബിയത് ചെയ്യുന്ന ഒരു ആത്മീയ ഗുരുവിനെ അന്വേഷിച്ചിറങ്ങിയ ഇമാം ഒരുപാട് കാതങ്ങൾ താണ്ടി. അങ്ങനെയാണ് സർറൂഖ് എന്ന പണ്ഡിതനെ കാണുന്നതും പരിചയപ്പെടുന്നതും. അദ്ദേഹം ശൈഖ് മുഹമ്മദുൽ അംഗാർ എന്ന പണ്ഡിതനെക്കുറിച്ച് പറഞ്ഞു കൊടുത്തു. വൈകാതെ അദ്ദേഹത്തെ കണ്ടുമുട്ടുകയും ശിഷ്യത്വവും ത്വരീഖത്തും സ്വീകരിക്കുകയും ചെയ്തു.

ഫാസിലേക്കുള്ള ആദ്യ യാത്രയിലാണ് ഇമാം ജസൂലി(റ) വിശ്വവിഖ്യാതമായ ദലാഇലുൽ ഖൈറാത്തിന്റെ ക്രോഡീകരണം ആരംഭിക്കുന്നത്. രണ്ടാം യാത്രയിലാണ് ശൈഖ് മുഹമ്മദുൽ അംഗാറിനെ പരിചയപ്പെടുന്നതും ത്വരീഖത്ത് സ്വീകരിക്കുന്നതും. ഫാസിലെ ജീവിതത്തിന് ശേഷം ഇമാം ‘സാഹിൽ’ എന്ന പ്രദേശത്തേക്ക് നീങ്ങി. അവിടെ വച്ചാണ് ശൈഖ് മുഹമ്മദ് അംഗാറുസ്സ്വഗീറുമായി പരിചയപ്പെടുന്നത്. ഈ കൂടിക്കാഴ്ചയും ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ആത്മീയ ലോകത്തേക്കുള്ള ഉയർച്ചക്ക് ശേഷം 14 വർഷം മഹാൻ ഖൽവത്തിലായി (ഏകാന്തവാസം) കഴിഞ്ഞു.

അല്ലാഹുവിലേക്കും റസൂലിലേക്കും കൂടുതൽ അടുക്കാൻ കാരണമായ ഈ ഘട്ടത്തിന് ശേഷം മഹാൻ ദീനീ പ്രബോധനം ലക്ഷ്യമിട്ട് ‘ആസ്ഫിയ’എന്ന പ്രദേശത്തേക്ക് പോയി. ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നതിനോടൊപ്പം ദിക്ർ, സ്വലാത്ത്, ഖിറാഅത്തടക്കമുള്ള ആരാധനകളിൽ കൂടുതൽ വ്യാപൃതനായി. ദീനിന്റെ അടയാളങ്ങൾ മുറുകെപ്പിടിച്ചുള്ള ഇമാമിന്റെ ജീവിതം ‘അഹ്‌ലുസ്സ്വലാഹ്’ എന്ന സ്ഥാനത്തിന് അർഹനാക്കി. ലോകമെമ്പാടും മഹാനവർകളുടെ പേരും പോരിമയും അറിയപ്പെട്ടു. ഭൂഗോളത്തിന്റെ മുക്ക് മൂലകളിൽ നിന്ന് ശിഷ്യഗണങ്ങൾ ഒഴുകിയെത്തി. പിന്നീട് ‘ആഫുഗാൽ’ എന്ന സ്ഥലത്തേക്ക് യാത്രയായി. 12000ത്തിലധികം ശിഷ്യന്മാർ അവിടെയുണ്ടായിരുന്നു.

ദർസും ദീനീ പ്രബോധനവും നടത്തുമ്പോൾ തന്നെ ഓരോ ദിവസവും ഖുർആനും ദലാഇലുൽ ഖൈറാത്തും ഖതം ചെയ്യുമായിരുന്നു. റബ്ബിനെ ഭയന്ന് എല്ലാം അവനിൽ അർപ്പിച്ച് ദീനിന് വേണ്ടി ജീവിച്ച പണ്ഡിതനായിരുന്നു ഇമാം ജുസൂലി(റ). ആ കാലഘട്ടത്തിലെ ഖുതുബായിരുന്നു അദ്ദേഹമെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയതായി കാണാം. ആളുകളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ശിഷ്യരെ വിലായതിന്റെ പദവിയിലേക്ക് ഉയർത്തുകയും ചെയ്ത ഇമാം ആത്മീയ ലോകത്ത് ഉന്നത  സ്ഥാനം കരസ്ഥമാക്കി. ഇമാമിലൂടെ മൊറോക്കോ മുഴുവൻ ത്വരീഖത്ത് വ്യാപിച്ചു. മാത്രമല്ല, തിരുനബി(സ്വ)യുടെ മേലിലുള്ള സ്വലാത്ത് വ്യവസ്ഥാപിത രീതിയിൽ ലോകം മുഴുവൻ ചൊല്ലാൻ അദ്ദേഹത്തിന്റെ രചനകളും ഇടപെടലുകളും ഹേതുവായി. ഒരേസമയം 12665 ശിഷ്യർ മുന്നിലിരിക്കുന്ന ഗുരുവായിരുന്നു അദ്ദേഹമെന്നത് എടുത്ത് പറയേണ്ട മഹത്ത്വം തന്നെയാണ്.

ഇമാം ഒരുപാട് ഗ്രന്ഥങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. ഹിസ്ബുൽ ജസൂലി (ഹിസ്ബ് സുബ്ഹാനദ്ദാഇമു), ശഹാദത് കലിമകൊണ്ട് തുടങ്ങുകയും നബിയുടെ മേലുള്ള സലാംകൊണ്ട് അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ രൂപം. മറ്റൊന്ന് ഹിസ്ബുൽ ഫലാഹാണ്. വിശ്വാസപരമായ കാര്യങ്ങൾ ചർച്ചചെയ്യുന്ന അഖീദത്തുൽ ജസൂലി എന്ന ഗ്രന്ഥം മറ്റൊരു രചന. ഏറ്റവും പ്രസിദ്ധമായത് ദലാഇലുൽ ഖൈറാത്ത് തന്നെ.

ഇമാമിനെ ഖബറടക്കി 62 വർഷങ്ങൾക്ക് ശേഷം ഹിജ്‌റ 930-ൽ അന്നത്തെ രാജാവായ അഹ്മദുൽ അഅ്‌റജ് ഇമാമിന്റെ ഭൗതിക ശരീരം മൊറോക്കോയിലേക്ക് മാറ്റുകയുണ്ടായി. ഈ രംഗം കണ്ട് നിന്നവർ റിപ്പോർട്ട് ചെയ്യുന്നു: ‘ഇമാമവർകൾ മരണപ്പെട്ട ദിവസത്തെ പോലെ ഒരു മാറ്റവും ശരീരത്തിന് സംഭവിച്ചിട്ടില്ലായിരുന്നു. താടിയും തല മുടിയും അപ്പോൾ വൃത്തിയാക്കിവെച്ചത് പോലെയുണ്ട്. തൊട്ടുനോക്കുമ്പോൾ ജീവനുള്ളതു പോലെ രക്തം നീങ്ങുന്നു’. ആ രാജാവിന്റെ ഖബറും അദ്ദേഹത്തിന്റേതിനൊപ്പം തന്നെ. ഇമാമിന്റെ ഖബറിൽ നിന്ന് കസ്തൂരി ഗന്ധം പുറത്ത് വന്നതായി മഹാന്മാർ രേഖപ്പെടുത്തുന്നു.

ഹിജ്‌റ 869-ലെ ഒരു ബുധനാഴ്ച സുബ്ഹിയുടെ രണ്ടാം റക്അത്തിലെ ഒന്നാം സുജൂദിൽ ആഫുഗാൽ എന്ന സ്ഥലത്തായിരുന്നു ഇമാമിന്റെ മരണം എന്നാണ് പ്രബലം. ഹിജ്‌റ 870 റബീഉൽ അവ്വൽ 16-നാണ് എന്നും അഭിപ്രായമുണ്ട്. അന്ന് തന്നെ ളുഹ്‌റിന്റെ സമയത്ത് മറമാടി.

ദലാഇലുൽ ഖൈറാത്ത്

ലോക പ്രശസ്ത സ്വലാത്തുകളിൽപെട്ടതാണ് ദലാഇലുൽ ഖൈറാത്ത്. ഫാസിലെ പ്രശസ്തമായ ജാമിഉൽ ഖർവിയ്യീൻ ലൈബ്രറി ഉപയോഗപ്പെടുത്തിയാണ് ഇമാം ഈ കൃതി പൂർത്തിയാക്കിയത്.

പണ്ഡിത പാമര ഭേദമന്യേ  ഈ സ്വലാത്ത് ജനങ്ങൾ പതിവാക്കുകയും അതിനായി മജ്‌ലിസുകൾ സംഘടിപ്പിക്കുകയും ചെയ്തു. ചൊല്ലുന്നവർക്ക് ആയാസരഹിതമായ സുന്ദര രീതിയിലാണ് ക്രോഡീകരിച്ചിട്ടുള്ളത്. തിങ്കളിൽ തുടങ്ങി ഞായറിൽ അവസാനിക്കുന്ന വിധം ഓരോ ദിവസത്തിനും ഓരോ ഭാഗം ക്രമീകരിച്ചിരിക്കുന്നു. നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങൾ ഇതിന് രചിക്കപ്പെട്ടിട്ടുണ്ട്. ഹിജ്‌റ 1109-ൽ വഫാത്തായ മുഹമ്മദുൽ മഹ്ദിയ്യിബ്‌നു അഹ്മദുൽ ഫാസിയുടെ വ്യാഖ്യാനമായ മത്വാലിഉൽ മസറാത്ത് ബി  ജലാഇ ദലാഇലിൽ ഖൈറാത്ത്, വൈലത്തൂർ ബാവ ഉസ്താദിന്റെ തൻവീറുൽ മസറാത് ബി ശറഹി ദലാഇലിൽ ഖൈറാത്ത് ആണ് പ്രസിദ്ധ രചനകൾ. അബൂസൈദ് അബുൽ റഹ്മാൻ ബിൻ മുഹമ്മദുൽ ഫാസിയുടെ അൻവാറുല്ലാമിആത്ത് ഫിൽ കലാമി അലാ ദലാഇലിൽ ഖൈറാത്ത്  തുടങ്ങി വേറെയും ഗ്രന്ധങ്ങൾ ഈ ഗണത്തിലുണ്ട്.

ലോകത്ത് അറിയപ്പെട്ട ദലാഇലുൽ ഖൈറാത്തിന്റെ സനദ് യൂസുഫുന്നബ്ഹാനി ഉൾപ്പെടെയുള്ളവർക്ക് ലഭിച്ചത് അലിയ്യുബ്‌നു യൂസുഫുൽ ഹരീരി വഴിയാണ്. ഈ സനദിലേക്ക് തന്നെയാണ് കേരളത്തിലെ പണ്ഡിതന്മാരും എത്തിച്ചേരുന്നത്. കേരളത്തിൽ ദലാഇലുൽ ഖൈറാത്തിന്റെ പ്രചാരകനും ഇജാസത് നൽകുന്നവരുമായിരുന്നു 1902-ൽ ജനിച്ച് 1990-ൽ വഫാത്തായ സ്വാഹിബുൽ ഇഹ്‌യാ എന്ന് സ്ഥാനപ്പേരുള്ള കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ(നഃമ). പ്രമുഖ ആത്മീയ ഗുരുവായ അദ്ദേഹം ജീവിതം സ്വലാത്തിന് വേണ്ടി മാറ്റിവച്ചു. രണ്ടു ആത്മീയ സാരഥികളുടെയും പരലോക പദവി അല്ലാഹു ഉന്നതമാക്കട്ടെ.

You must be logged in to post a comment Login