ഒരു പുഴയും തിരിച്ചൊഴുകുന്നില്ല

jn1 (5)കഴിഞ്ഞതോര്‍ത്തും പേര്‍ത്തും കഴിയുന്ന ചിലരുണ്ട്. അവര്‍ക്ക് ഒന്നും മറക്കാനാവില്ല. മറക്കേണ്ടതെല്ലാം മറക്കാതിരിക്കല്‍ ഒരു മാനസിക പ്രശ്നമല്ലേ? രോഗമാണെന്ന് സമ്മതിക്കാന്‍ പലര്‍ക്കും മടി കാണും. കാരണം നമ്മളും ചിലതൊക്കെ മറക്കാന്‍ കൂട്ടാക്കാത്തവരാണ്. ചിലര്‍ക്ക് പറയാനുണ്ടാവുക അതൊരു നേട്ടമാണെന്നാകും. കാരണം ഒന്നും മായാതെ മനസ്സില്‍ ശിലാലിഖിതം പോലെ കിടക്കുകയല്ലേ. അത് നേട്ടമല്ലെങ്കില്‍ പിന്നെന്താണ്?
സത്യത്തില്‍ എന്താണിക്കാര്യത്തില്‍ നമുക്ക് അനുഗുണം. സംശയം വേണ്ട. ചിലതൊക്കെ മറക്കുന്ന മനസ്സുതന്നെ. മറക്കേണ്ടവ മറക്കുകതന്നെ വേണം. കഴിഞ്ഞതു കഴിഞ്ഞു എന്ന് ചിന്തിക്കുന്നതാണ് ബുദ്ധി. “ഭൂതം’ എന്ന കാലം നമ്മെ വിട്ടുപിരിഞ്ഞ ഒന്നാണ്. അത് തിരിച്ചുവരില്ലെന്നതാണ് സത്യം. പിന്നെന്തിനു നാം ഗതകാല വൃത്താന്തങ്ങള്‍ ഓര്‍ത്ത് വെറുതെ സമയം മിനക്കെടുത്തണം?
ഒന്നറിയുക, ഒരു പുഴയും തിരിച്ചൊഴുകുന്നത് നാം കാണുന്നില്ല. കറന്നെടുത്ത പാല് അകിട്ടിലേക്കുതന്നെ മടങ്ങുന്നില്ല. പിന്നെന്തിനു നാം ഗുണമില്ലാത്ത ഗതകാല പരിദേവനങ്ങളിലേക്കും വാര്‍ത്തകളിലേക്കും മടങ്ങണം.
നിങ്ങളോട് പണ്ട് ഭര്‍ത്താവ് ദ്യേം പിടിച്ചപ്പോള്‍ പറഞ്ഞതിനെപ്പറ്റി, പണ്ടെന്നോ ഭര്‍തൃമാതാവ് പഴിച്ചതിനെപ്പറ്റി, സഹോദരന്‍ അവഗണിച്ചതിനെ പറ്റി, മരുമകള്‍ മുന്പൊരിക്കല്‍ നിങ്ങളെ രൂക്ഷമായി നോക്കിയതിനെപ്പറ്റി, പരിഗണിക്കാത്തതിനെ ചൊല്ലി… ഇപ്പോള്‍ എന്തിനു നിങ്ങള്‍ ചിന്തിക്കുന്നു, ഓര്‍ക്കുന്നു. ചിലതൊക്കെ അനുഗുണമല്ലെന്നറിയുക. അവയുടെ ദുഃഖസ്മൃതികള്‍ നിങ്ങളുടെ മനസ്സിനെ മരവിപ്പിക്കുകയേ ഉള്ളൂ. പ്രതികാരത്തിന്‍റെയും പകപോക്കലിന്‍റെയും കനലെരിക്കും അത്. അതിനാല്‍ കഴിഞ്ഞത് കഴിഞ്ഞെന്നു തന്നെ കരുതുക. അതൊരു പച്ചയായ യഥാര്‍ത്ഥ്യമായി നിങ്ങള്‍ സ്വയം ഉള്‍ക്കൊള്ളുക. എന്നാല്‍ നിങ്ങള്‍ക്ക് കിട്ടുന്നത് സമയലാഭമായിരിക്കും, മനഃസമാധാനമായിരിക്കും.
അതുകൊണ്ട്, ജീവിതവിജയം നിങ്ങള്‍ മുന്നില്‍ കാണുന്നുവെങ്കില്‍ ഇനി പറയുന്നപോലെ ചെയ്യുക. ജീവിതത്തിലെ തിക്താനുഭവങ്ങള്‍ ഒരു ലിസ്റ്റില്‍ പകര്‍ത്തിയതായി മനസ്സില്‍ സങ്കല്‍പ്പിക്കുക. ആ പകര്‍ത്തിയവ ഞാന്‍ മായ്ക്കുന്നു എന്നു പറഞ്ഞ് പൂര്‍ണമായി നശിപ്പിക്കുക. പകരം മധുര സ്മരണകള്‍ കൊണ്ടുവന്നു നിറക്കുക. ഓര്‍ത്തെടുക്കുന്നത് ഇനി നല്ല സ്മൃതികള്‍ മാത്രം!
തസ്ഫിയ21

എസ്എസ് ബുഖാരി

You must be logged in to post a comment Login

Leave a Reply