കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വേണ്ടത് യുക്തിവിചാരം

വെള്ളവും വായുവുമടക്കം ജീവനു നിലനില്‍ക്കാനാവുന്ന സാഹചര്യങ്ങളുള്ള ഭൗമേതര ഗ്രഹങ്ങള്‍ക്കായുള്ള അന്വേഷണം ഇപ്പോഴും കരക്കണഞ്ഞിട്ടില്ല. അങ്ങനെ ഒന്നുണ്ടെന്നു വരികില്‍തന്നെ അതില്‍ കേറി വാസമുറപ്പിക്കുക എളുപ്പവുമായിരിക്കില്ല. മംഗള്‍യാന്‍ എന്ന ഇന്ത്യന്‍ അഭിമാന പേടകം ചൊവ്വയിലേക്കു തിരിച്ച യാത്ര ഏകദേശം ഒരു കൊല്ലം കൊണ്ടാണത്രെ അവസാനിക്കുക. 450 കോടി ചിലവും വരും. ഇങ്ങനെയൊക്കെ സഹിച്ച് വാസഗ്രഹം മാറാന്‍ എത്രപേര്‍ക്ക് സാധിക്കും. ഭൂമിയില്‍ പ്രതിനിധിയായാണു മനുഷ്യന്റെ സൃഷ്ടിപ്പെന്നാണല്ലോ ഖുര്‍ആന്‍ പറഞ്ഞത്. അതുകൊണ്ടു തന്നെ ലഭ്യമായ വിഭവങ്ങള്‍ യുക്തിപൂര്‍വം ഉപയോഗിച്ച് മുന്നോട്ടു പോവുകയാണു കരണീയം.

ഇവിടെയാണ് പ്രകൃതി സംരക്ഷണത്തിന്റെ പ്രസക്തി ഉയരുന്നത്. ജലം, പര്‍വതങ്ങള്‍, വൃക്ഷങ്ങള്‍, പോലുള്ള ദൈവിക സംവിധാനങ്ങള്‍ ലോകത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. ദക്ഷിണേന്ത്യയുടെ പൊതുവിലും കേരളത്തിന്റെ പ്രത്യേകമായും കാലാവസ്ഥയ്ക്കും നിലനില്‍പ്പിനും ഏറെ സ്വാധീനം ചെലുത്തുന്ന പശ്ചിമഘട്ടം എന്തുകൊണ്ടും സംരക്ഷിക്കേണ്ടതാണെന്നതില്‍ തര്‍ക്കമില്ല. കസ്തൂരിരംഗന്‍ കമ്മീഷനായാലും മാധവ്ഗാഡ്ഗില്‍ കമ്മീഷനായാലും ആരു മുന്നോട്ടുവെക്കുന്ന ശാസ്ത്രീയ തീരുമാനങ്ങളും ഈ ആവശ്യാര്‍ത്ഥം സ്വീകരിക്കപ്പെടേണ്ടതും നടപ്പിലാകേണ്ടതുമാണ്. എങ്കിലേ പ്രകൃതി വിഭവങ്ങള്‍ കൊള്ള ചെയ്യുന്ന വന്‍ മാഫിയകള്‍ക്ക് തടയിടാനാവുകയുള്ളൂ. എന്നാല്‍ ഇത് മറ്റു ദുരന്തങ്ങള്‍ക്ക് കാരണമാവാതെയാവണം. കൃഷി, താമസം, വസ്തുകൈമാറ്റം പോലുള്ള മാനുഷികാവശ്യങ്ങള്‍ക്ക് യാതൊരു തടസ്സവും പ്രകൃതി സംരക്ഷണത്തിന്റെ പേരില്‍ ഉണ്ടായിക്കൂടാ. ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്കു ഭീഷണിയുമല്ല. റിപ്പോര്‍ട്ടുകള്‍ സുതാര്യമായും നിഗൂഢതകള്‍ പരിഹരിച്ചും വേണ്ടത്ര പൊതു ചര്‍ച്ച നടത്തിയും നടപ്പിലാക്കുകയാണ് വേണ്ടത്. എടുത്തുചാട്ടം പൈശാചികമാണെന്ന നബിവചനം ഓര്‍ക്കുക. കാളപെറ്റെന്ന് കേള്‍ക്കുമ്പോഴേക്ക് കയറെടുക്കുന്ന ശൈലി പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ കക്ഷികളും ഉപേക്ഷിച്ച് നാടിനു ഉപകാരപ്രദമായ കാര്യങ്ങളില്‍ ഒന്നിച്ചുനില്‍ക്കുകയും യുക്തിവിചാരത്തോടെ മനസ്സിലാക്കുകയുമാണു പ്രധാനം. മുമ്പ് മുല്ലപ്പെരിയാര്‍ ഭീതി സൃഷ്ടിച്ച് നമ്മുടെ ശ്വാസം മുട്ടിച്ചിട്ട് എന്തു സംഭവിച്ചുവെന്നതുകൂടി വിലയിരുത്തുകയും വേണം. അത്തരമൊരു ശൈലിയാവരുത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് നാം കൈക്കൊള്ളുന്നത്

You must be logged in to post a comment Login

Leave a Reply