കിംവദന്തികള്‍ അവഗണിക്കുക: സമസ്ത

കോഴിക്കോട്: സിറിയയിലെ സാധാരണക്കാരായ ജനങ്ങളുടെ ഉന്‍മൂലനാശത്തിനു വഴിവെക്കുന്ന യുദ്ധ നീക്കത്തില്‍ സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ ശക്തമായി അപലപിച്ചു. ഇറാഖിലും അഫ്ഗാനിലും നേരത്തെ നടത്തിയ യുദ്ധങ്ങള്‍ വഴി ആ രാജ്യങ്ങളിലെ മനുഷ്യ വിഭവവും സമ്പത്തും നശിക്കുക മാത്രമായിരുന്നു അനന്തരഫലം സിറിയില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ ഇന്ത്യപോലുള്ള രാജ്യങ്ങള്‍ മുന്‍കയ്യെടുക്കണമെന്നും മുശാവറ അഭിപ്രായപ്പെട്ടു.
സമസ്തയിലെ പണ്ഡിതര്‍ക്കിടയില്‍ ഏകാഭിപ്രായമുള്ള കാരന്തൂര്‍ മര്‍കസിലെ ശഅറ് മുബാറക്കടക്കമുള്ള വിഷയങ്ങളില്‍ അനാവശ്യ വിവാദം വലിച്ചിടുന്നവരെ സമൂഹം തിരിച്ചറിയണമെന്നും ദുരാരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും മുശാവറ പ്രസ്താവനയില്‍ പറഞ്ഞു. അനാവശ്യ വിവാദം വലിച്ചിഴക്കുന്ന ആദര്‍ശ വിരോധികളുടെ വില കുളഞ്ഞ വിമര്‍ശനങ്ങളും അവര്‍ക്ക് സഹായകമാകുന്ന കിംവദന്തികളും അവഗണിക്കാനും സമൂഹത്തിന് പുരോഗതിയുണ്ടാക്കുന്ന കീഴ്ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളിലും ആദര്‍ശ പ്രചാരണങ്ങളിലും എല്ലാവരും സജീവമാവണം.
സംഘടനാ സങ്കുചിതത്വത്തിലൂടെ ഭിന്നതകള്‍ സൃഷ്ടിച്ച് അക്രമങ്ങള്‍ അഴിച്ച് വിട്ട് മഹല്ലുകളില്‍ അരാജകത്വം സൃഷ്ടിക്കുകയും അക്രമിക്കുകയും ചെയ്യുന്നതിനെതിരെ ഭരണകൂടം ജാഗ്രത പുലര്‍ത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.
കുരുവട്ടൂര് ഹാഫിള് അബ്ദുല്‍ ഹകീം എന്ന വ്യക്തിയുടെ സംസാരങ്ങളിലും നീക്കങ്ങളിലും ദുരൂഹതകളും സംശയാസ്പദമായ പലകാര്യങ്ങളും ഉള്ളതായി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ വിലയിരുത്തുകയും അദ്ദേഹവുമായി സുന്നി പ്രവര്‍ത്തകര്‍ വിട്ട് നില്‍ക്കണമെന്ന് സമസ്ത മുശാവറ ആഹ്വാനം ചെയ്യുകയും ചെയ്തു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബൂഖാരി, ഇ സൂലൈമാന്‍ മുസ്ലിയാര്‍, എകെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, എന്‍ ബാവ മുസ്ലിയാര്‍, പി ടി കഞ്ഞമ്മു മുസ്ലിയാര്‍, എന്‍ അലി മുസ്ലിയാര്‍, അലി കുഞ്ഞിമുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു. എ പി മുഹമ്മദ് മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു.

1 Comment

  1. vistarbpo

    September 16, 2013 at 8:17 pm

    nice

You must be logged in to post a comment Login

Leave a Reply