ഖുര്‍ആന്‍ പാരായണം: രീതിയും മഹത്ത്വവും

Quran recitation style-malayalam

വിശുദ്ധ ഖുര്‍ആന്‍ പഠിക്കണം, പഠിപ്പിക്കണം, പാരായണം ചെയ്യണം. അത് ജീവിതത്തിന്റെയും ദിനചര്യയുടെയും പ്രധാനപ്പെട്ട ഭാഗമാകണം. ഖുര്‍ആന്‍ ഏതു കഠിന ഹൃദയനെയും അല്ലാഹുവിലേക്ക് അടുപ്പിക്കുകയും പാപങ്ങളില്‍ നിന്ന് അകറ്റുകയും ചെയ്യും. ഖുര്‍ആനുമായി നിത്യസമ്പര്‍ക്കമില്ലാത്തവന്റെ വിശ്വാസം ലഘുവായ പരീക്ഷണങ്ങളുടെ മുമ്പില്‍ പോലും പതറിപ്പോവും.

ഖുര്‍ആന്‍ പഠനത്തെ പോലെ പാരായണത്തിനും വലിയ പ്രതിഫലമുണ്ട്. വിശ്വാസത്തിന്റെ പരിമളമാണത്. റസൂല്‍(സ്വ) പറഞ്ഞു: ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വിശ്വാസി ഓറഞ്ച് പോലെയാണ്. അതിന് നല്ല സുഗന്ധവും ആസ്വാദ്യകരമായ രുചിയുമുണ്ട്. ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വിശ്വാസി കാരക്കപോലെയാണ്. രുചി ആസ്വാദ്യകരമാണെങ്കിലും അതിന് പരിമളമില്ല (ബുഖാരി).

ഖുര്‍ആന്‍ പാരായണം അല്ലാഹു കല്‍പിച്ച പുണ്യകര്‍മമാണ്. പാരായണക്കാരെ അവന്‍ ഏറെ പുകഴ്ത്തുന്നതു കാണാം. ഖുര്‍ആന്‍ പറയുന്നു: താങ്കള്‍ക്ക് ബോധനം നല്‍കപ്പെട്ട നാഥന്റെ ഗ്രന്ഥം പാരായണം ചെയ്യുക (18/27).

നിശ്ചയമായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും നിസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും നഷ്ടം സംഭവിക്കാത്ത പ്രതിഫലമാണ് കാംക്ഷിക്കുന്നത്. അവര്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ അവന്‍ പൂര്‍ണമായും നല്‍കുവാനും അവന്റെ അനുഗ്രഹങ്ങളില്‍ നിന്ന് വര്‍ധിപ്പിക്കുന്നതിനും വേണ്ടി (35/29,30).

 

പാരായണത്തിന്റെ പ്രാധാന്യം

ഖുര്‍ആന്‍ പാരായണം ഏറ്റവും ശ്രേഷ്ഠമായ ദിക്‌റാണ്. ഖുര്‍ആന്‍ പാരായണത്തിന് ധാരാളം പവിത്രതകളും അളവറ്റ പ്രതിഫലങ്ങളുമുണ്ട്. അവയില്‍ ചിലതു പരാമര്‍ശിക്കാം. നബി(സ്വ) പറയുന്നു: എന്റെ സമുദായത്തിന്റെ ആരാധനാ കര്‍മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ഖുര്‍ആന്‍ പാരായണമാണ് (ഇഹ്‌യാഅ്). നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. അത് അന്ത്യദിനത്തില്‍ അതിന്റെ ആളുകള്‍ക്ക് ശിപാര്‍ശക്കായി എത്തിച്ചേരും (മുസ്‌ലിം). അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് ഒരക്ഷരം പാരായണം ചെയ്യുന്നവന് ഒരു നന്മയുണ്ട്. ഒരു നന്മ അതിനോട് തുല്യമായ പത്ത് നന്മകളായാണ് പ്രതിഫലം നല്‍കപ്പെടുക. അലിഫ്, ലാം, മീം ഇവ ഒരക്ഷരമാണെന്നു ഞാന്‍ പറയുന്നില്ല. അലിഫ് ഒരു അക്ഷരവും ലാം മറ്റൊരക്ഷരവും മീം വേറൊരക്ഷരവുമാണ് (തുര്‍മുദി). ഖുര്‍ആനിന്റെ ബന്ധുവിനോട് അന്ത്യദിനത്തില്‍ പറയപ്പെടും; നീ പാരായണം ചെയ്യുകയും പദവി നേടുകയും ചെയ്യുക. ഭൗതിക ലോകത്ത് നീ പാരായണം ചെയ്തത് പോലെ സാവകാശം പാരായണം ചെയ്യുക. നിന്റെ പദവി നീ ഓതുന്ന അവസാന ആയത്തിന്റെ സമീപത്താകുന്നു.

അല്ലാഹു പറയുന്നു: എന്നോട് ഇരക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിനേയും വിട്ട് വല്ലൊരുത്തനും ഖുര്‍ആന്‍ പാരായണത്തില്‍ വ്യാപൃതനായാല്‍ ചോദിക്കുന്നവര്‍ക്ക് നല്‍കുന്നതിനേക്കാള്‍ ശ്രേഷ്ഠമായ പ്രതിഫലം അവനു ഞാന്‍ നല്‍കും (തുര്‍മുദി). വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വീടുകള്‍ ശ്മശാന സദൃശങ്ങളും പിശാചുക്കളുടെ കേന്ദ്രങ്ങളുമാണ്. നബി(സ്വ) പറയുന്നു: നിങ്ങളുടെ വീടുകളെ നിങ്ങള്‍ ശ്മശാനങ്ങളാക്കരുത്. സുറത്തുല്‍ ബഖറ പാരായണം ചെയ്യുന്ന വീടുകളില്‍ നിന്ന് പിശാചുക്കള്‍ ഓടിയകലും (മുസ്‌ലിം).

അബൂഹുറൈറ(റ) പറയുന്നു: ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുന്ന വീടുകള്‍ വീട്ടുകാര്‍ക്ക് വിശാലമാകുകയും നന്മ വര്‍ധിക്കുകയും അവിടെ മലക്കുകള്‍ സന്നിഹിതരാവുകയും പിശാചുക്കള്‍ പുറത്ത് പോവുകയും ചെയ്യും. ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വീടുകള്‍ സങ്കീര്‍ണമാക്കപ്പെടുകയും നന്മ കുറഞ്ഞുപോവുകയും ചെയ്യും. മലക്കുകള്‍ ആ വീട്ടില്‍ നിന്ന് പുറത്തുപോവുകയും പിശാചുക്കള്‍ അവിടെ ആഗതരാവുകയും ചെയ്യും.

 

പാരായണ മര്യാദകള്‍

ഖുര്‍ആന്‍ മടിവരാതെ സാവേശം ഓതണം. വിലപ്പെട്ട സമയങ്ങള്‍ അനാവശ്യ വര്‍ത്തമാനങ്ങളില്‍ ഉപയോഗിക്കാതെ നന്മയില്‍ മാത്രം തളച്ചിടാനുള്ള രക്ഷാമാര്‍ഗമാണ് ഖുര്‍ആന്‍ പാരായണം. ബാഹ്യവും ആന്തരികവുമായ മര്യാദകള്‍ പരിഗണിച്ചായിരിക്കണം അത് നിര്‍വഹിക്കുന്നത്. ബാഹ്യമായ അദബുകള്‍ പത്താണ്.

  1. ഓതുന്നവന്‍ വുളൂഅ് ചെയ്ത് ഖിബ്‌ലക്കഭിമുഖമായി വിനയം പ്രകടമാക്കിക്കൊണ്ടു ഓതുക. വുളൂ ഇല്ലാതെ ഓതിയാലും പുണ്യമുണ്ടെങ്കിലും ശുദ്ധി വരുത്തുന്നതാണ് ഉത്തമം.
  2. പാരായണത്തിന്റെ അളവുമായി ബന്ധപ്പെട്ടുള്ളതാണ് രണ്ടാമത്തേത്. പലര്‍ക്കും വ്യത്യസ്ത രീതികളും ചര്യകളുമാണ് ഈ കാര്യത്തിലുണ്ടാവുക. ജോലികളില്‍ നിന്നെല്ലാം ഒഴിവായി ആരാധനകളില്‍ മുഴുകിയവര്‍ ആഴ്ചയില്‍ രണ്ടു ഖത്മ് തീര്‍ക്കണം. ആവര്‍ത്തനവും വിചിന്തനവും കൂടുതലായി ആവശ്യമുള്ളതു കൊണ്ട് ആശയങ്ങളില്‍ ആഴത്തിലിറങ്ങി ചിന്തിക്കുന്നവര്‍ക്ക് മാസത്തില്‍ ഒരു തവണ ഓതിത്തീര്‍ത്താല്‍ മതി.
  3. സൗകര്യാര്‍ത്ഥം നിശ്ചിത ഭാഗങ്ങളാക്കി തിരിച്ച് ഓരോ ദിവസത്തിനും അളവ് നിര്‍ണയിച്ച് പാരായണത്തെ വിഭജിക്കുക.
  4. എഴുത്തുമായി ബന്ധപ്പെട്ടതാണ് നാലാമത്തേത്. ഭംഗിയില്‍ വ്യക്തമായും വൃത്തിയായും അന്യമായതൊന്നും കൂട്ടിച്ചേര്‍ക്കാതെയാണ് ഖുര്‍ആന്‍ എഴുതേണ്ടത്.
  5. സാവകാശം പാരായണം ചെയ്യുക. ഖുര്‍ആനില്‍ അല്ലാഹു പറയുന്നതും സാവകാശം ഓതണമെന്നാണ്.
  6. പാരായണ വേളയില്‍ ഖേദത്തോടെ കണ്ണീര്‍ വാര്‍ക്കുക. റസൂല്‍(സ്വ) അരുളി: നിങ്ങള്‍ ഖുര്‍ആന്‍ ഓതി കരയുക. കരയാന്‍ സാധിക്കുന്നില്ലെങ്കില്‍ കരയുന്നതായി കാണിക്കുകയെങ്കിലും ചെയ്യുക. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: കണ്ണിനു കരയാന്‍ സാധിക്കുന്നില്ലെങ്കില്‍ ഹൃദയം കൊണ്ട് കരയുക.
  7. സജദയുടെ ആയത്ത് പാരായണം ചെയ്തു കഴിഞ്ഞാല്‍ സുജൂദ് ചെയ്യുക. നിസ്‌കാരത്തിലും പുറത്തും ഈ സുജൂദ് സുന്നത്തുണ്ട്. നിസ്‌കാരത്തിനു പുറത്തുള്ള ശ്രോതാവിനും സുന്നത്തുണ്ട്.

നിസ്‌കാരത്തിന് പുറത്താണ് സുജൂദ് ചെയ്യുന്നതെങ്കില്‍ നാല് നിബന്ധനകള്‍ പാലിക്കണം. ഒന്ന്, നിയ്യത്ത്. രണ്ട്, തക്ബീറത്തുല്‍ ഇഹ്‌റാം. മൂന്ന്, ഒരു സുജൂദ് ചെയ്യുക. നാല്, ഒരു സലാം വീട്ടുക. തക്ബീറത്തുല്‍ ഇഹ്‌റാമില്‍ ഇരുകൈകളും ചുമലിനു നേരെ ഉയര്‍ത്തുക, സുജൂദിലേക്കു കുനിയുമ്പോഴും അതില്‍ നിന്നുയരുമ്പോഴും കൈകള്‍ ഉയര്‍ത്താതെ തക്ബീര്‍ ചൊല്ലുക, സലാമിനു വേണ്ടി ഇരിക്കുക, നിസ്‌കാരത്തിലെ സുന്നത്തുകള്‍ പാലിക്കുക, സുജൂദില്‍ ……………………………………………………………… എന്ന ദിക്ര്‍ ചൊല്ലുക എന്നിവ സുന്നത്താണ്.

  1. അവസരോചിതമായ പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കുക. തുടക്കത്തില്‍ അഊദു ഓതുക, അവസാനം സ്വദഖല്ലാഹു… ചൊല്ലി പ്രാര്‍ത്ഥിക്കുക, തസ്ബീഹിന്റെ ആയത്തുകള്‍ പാരായണം ചെയ്താല്‍ തസ്ബീഹും പ്രാര്‍ത്ഥനയുടേത് വന്നാല്‍ ദുആയും ശിക്ഷയുടേതു വന്നാല്‍ കാവല്‍ ചോദിക്കുകയും ചെയ്യുക.
  2. ഉപദ്രവ സാധ്യതയില്ലാത്തിടത്ത് ഉറക്കെ ഓതുക. സ്വന്തത്തെ കേള്‍പ്പിച്ചായിരിക്കണം ഓത്ത്. മറ്റുള്ളവര്‍ക്ക് പ്രയാസം, ഉള്‍നാട്യം, പ്രശംസാ മോഹം തുടങ്ങിയ വിലക്കപ്പെട്ട കാര്യങ്ങള്‍ ഉച്ചത്തില്‍ പാരായണം ചെയ്താല്‍ ഉണ്ടായിത്തീരുമെങ്കില്‍ പതുക്കെ ഓതുക. നബി(സ്വ) പറഞ്ഞു: നിങ്ങളുടെ ശബ്ദങ്ങളെ കൊണ്ട് ഖുര്‍ആനിനെ നിങ്ങള്‍ ഭംഗിയാക്കുക (അബൂദാവൂദ്).

ഹൃദയ സംസ്‌കരണൗഷധം

വിശ്വാസിയുടെ ഹൃദയം ഈമാന്‍ കാരണം പ്രകാശം പൊഴിച്ചുകൊണ്ടിരിക്കും. എന്നാലും ക്രമേണ ആ ഹൃദയത്തില്‍ തുരുമ്പ് കയറും. അത് തുടച്ചു നീക്കി സദാ പ്രകാശിതമായി നില്‍ക്കാനുള്ള ദിവ്യ ഒളിയാണ് വിശുദ്ധ ഖുര്‍ആന്‍. പ്രവാചകര്‍(സ്വ) പറയുകയുണ്ടായി: ഇരുമ്പ് നനയുമ്പോള്‍ തുരുമ്പെടുക്കുന്നതു പോലെ ഹൃദയങ്ങളെയും തുരുമ്പ് ബാധിക്കും. ഒരാള്‍ ചോദിച്ചു: തുരുമ്പ് നീക്കി ഹൃദയം തെളിയിക്കാനുള്ള മാര്‍ഗമെന്താണ് നബിയേ? അവിടുന്ന് മറുപടി നല്‍കി: മരണസ്മരണ വര്‍ധിപ്പിക്കുക, ഖുര്‍ആന്‍ പാരായണം ചെയ്യുക (ബൈഹഖി). മറ്റൊരു ഹദീസ് കാണുക: ഖുര്‍ആനില്‍ നിന്ന് ഒന്നും മനസ്സിലില്ലാത്തവന്‍ ശൂന്യമായ വീടുപോലെയാണ് (തുര്‍മുദി).

അപാരമാണ് ഖുര്‍ആനിന്റെ ഹൃദയ സ്വാധീനം. വിശുദ്ധ വേദം അവതരിച്ചത് പര്‍വത മുകളിലായിരുന്നെങ്കില്‍ ദൈവഭയം മൂലം പര്‍വതം പൊട്ടിച്ചിതറുമായിരുന്നെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. ഇലാഹീ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ വിശ്വാസിയുടെ ഹൃദയം വിറകൊള്ളുമെന്നും ഖുര്‍ആന്‍. അതുകൊണ്ടുതന്നെയാണ് ഹൃദയസംസ്‌കരണൗഷധങ്ങളുടെ കൂട്ടത്തില്‍ ആശയം ചിന്തിച്ചുള്ള ഖുര്‍ആന്‍ പാരായണത്തെയും മഹത്തുക്കള്‍ എണ്ണിയത്. ആത്മീയ ഭിഷഗ്വരനായ ഇബ്‌റാഹീം ഖവ്വാസ്(റ)വിനെ പോലുള്ളവര്‍ പഠിപ്പിച്ച ഇക്കാര്യം സൈനുദ്ദീന്‍ മഖ്ദൂം കബീര്‍(റ) അദ്കിയയില്‍ ഉദ്ധരിക്കുന്നുണ്ട്.

ആശയം ചിന്തിച്ചു പാരായണം ചെയ്യുന്നതിന് ഖുര്‍ആന്‍ പഠിക്കാനുള്ള തീവ്രശ്രമം വേണം. സകല മനുഷ്യരുടേയും ഇഹപരമോക്ഷത്തിനു വേണ്ടി തന്റെ യജമാനന്‍ അവതരിപ്പിച്ച വിശുദ്ധ ഗ്രന്ഥത്തിന്റെ ആശയം പഠിക്കാന്‍ സാധിക്കുകയെന്നതിലുപരി എന്തു സൗഭാഗ്യമാണുള്ളത്. അര്‍ത്ഥവും ആശയവും ഗ്രഹിച്ചുകൊണ്ടുള്ള പാരായണമാണ് സമ്പൂര്‍ണ ഫലം ഉളവാക്കുക. സംഘടനയുടെ കീഴില്‍ വ്യാപകമായി നടക്കുന്ന സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ക്ലാസുകള്‍ ഇതിന് ഏറെ സഹായകമാണ്. എന്നാല്‍ അര്‍ത്ഥം അറിയാതെയോ അത് ചിന്തിക്കാതെയോ ഓതിയാലും പ്രതിഫലം ലഭിക്കും.

എത്ര ഓതണം?

വിഖ്യാത പണ്ഡിതനായ ഇമാം നവവി(റ) ഖുര്‍ആന്‍ പാരായണത്തെക്കുറിച്ചെഴുതിയ കാര്യങ്ങള്‍ ഇവിടെ സംഗ്രഹിക്കാം: രാവും പകലും ഓതണം. നാട്ടിലാവുമ്പോഴും യാത്രാവേളയിലും ഓതണം. പൂര്‍വികരായ മുസ്‌ലിംകള്‍ ഖത്മില്‍ വ്യത്യസ്ത നിലപാടുകളായിരുന്നു സ്വീകരിച്ചിരുന്നത്. അവരിലൊരു വിഭാഗം രണ്ടു മാസത്തിലൊരു തവണയും മറ്റു ചിലര്‍ പത്തു ദിവസത്തിലൊരിക്കലും ഖത്മ് ചെയ്യും. എട്ടു ദിവസത്തിലും ഏഴു ദിവസത്തിലും ഓതിത്തീര്‍ക്കുന്നവരുമുണ്ടായിരുന്നു. എന്നാല്‍ പൂര്‍വികരില്‍ ചിലര്‍ ആറു ദിവസത്തിലും മറ്റു ചിലര്‍ നാലു ദിവസത്തിലും വേറെ പലരും മൂന്നു ദിവസത്തിലും ഖത്മ് ചെയ്യുമായിരുന്നു. ഒരു ദിനരാത്രം കൊണ്ട് തന്നെ ഒരു ഖത്മ് പൂര്‍ത്തിയാക്കുന്ന നിരവധി മഹാന്മാരുമുണ്ടായിരുന്നു. ഒരു രാപ്പകല്‍ കൊണ്ട് രണ്ടും മൂന്നും ഖത്മ് നടത്തിയവരുമുണ്ട്. രാത്രി നാല് പകല്‍ നാല് എന്ന ക്രമത്തില്‍ ഒരു ദിവസം എട്ട് ഖത്മ് നടത്തിയ അപൂര്‍വം വ്യക്തികളുമുണ്ട്.

പാരായണ രീതി വ്യക്തികളുടെ സ്ഥിതിക്കനുസരിച്ച് വ്യത്യാസപ്പെടുമെന്നാണ് പ്രബലാഭിപ്രായം. സൂക്ഷ്മ ചിന്തയിലൂടെ അഗാധമായ ആശയങ്ങളും ഫലങ്ങളും ഗ്രഹിക്കാന്‍ കഴിയുന്നവര്‍ അതിനു സഹായകമായ വിധത്തില്‍ സാവകാശം പാരായണം ചെയ്യുകയാണ് വേണ്ടത്. അപ്രകാരം തന്നെ മതകീയവും മുസ്‌ലിമീങ്ങളുടെ പൊതുപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതുമായ വിജ്ഞാന പ്രചാരണം, വിധിന്യായം തുടങ്ങിയ കാര്യങ്ങളില്‍ വ്യാപൃതരായിട്ടുള്ളവര്‍ പ്രസ്തുത സേവന പ്രവര്‍ത്തനങ്ങള്‍ക്കു വിഘാതമാവാത്ത രീതിയില്‍ ഖുര്‍ആന്‍ പാരായണത്തിന് സമയം കാണുകയാണ് വേണ്ടത്. ഇത്തരം പൊതുസേവന ബാധ്യതകളില്ലാത്തവര്‍ ഖുര്‍ആന്‍ കൂടുതലായി ഓതുന്നതിന് പരമാവധി സമയം ഉപയോഗിക്കുകയും ചെയ്യുക. പക്ഷേ, അത് പാരായണത്തില്‍ അമിത വേഗതക്കോ മടുപ്പും വിമുഖതയും ഉളവാക്കുന്നതിനോ ഇടവരുത്താത്ത വിധത്തിലാകണം.

ശുദ്ധിയുള്ള ഏതൊരാള്‍ക്കും ഏത് സമയത്തും ഓതാവുന്നതാണ്. ഖുര്‍ആന്‍ ഓതാന്‍ പാടില്ലാത്ത ഒരു സമയവുമില്ല. നിസ്‌കാരത്തിലാണ് ഏറ്റവും ഉത്തമം. അലി(റ) പറഞ്ഞു: ‘നിസ്‌കാരത്തില്‍ നിന്നുകൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്തവന് ഓരോ അക്ഷരത്തിനും നൂറ് നന്മ ലഭിക്കും. ഇരുന്ന് നിസ്‌കരിക്കുന്നവന്റെ പാരായണത്തില്‍ ഓരോ അക്ഷരത്തിനും അമ്പത് നന്മയും.’

നിസ്‌കാരത്തിലല്ലാത്തപ്പോള്‍ രാത്രി സമയമാണ് ഖിറാഅത്തിനുത്തമം. രാത്രിയില്‍ അതിശ്രേഷ്ഠം പാതിരാത്രിയും. രാത്രിയില്‍ പിന്നെ ഉത്തമം ഇശാ മഗ്‌രിബിനിടക്കാണ്. പകല്‍ സമയങ്ങളില്‍ പാരായണത്തിന് ശ്രേഷ്ഠം സുബ്ഹി നിസ്‌കാരാനന്തരവും. പല്ലു തേച്ചു വായ ശുദ്ധിവരുത്തി വേണം പാരായണം. ഭക്തിയോടെ വിനയപൂര്‍വം ആശയം ചിന്തിച്ചോതണം. ഒരൊറ്റ സൂക്തത്തിന്റെ അനന്തമായ ആശയങ്ങളില്‍ ചിന്തിച്ച് ഒരു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയ മഹാന്മാര്‍ പൂര്‍വികരിലുണ്ട്. ഖുര്‍ആനിന്റെ ഗംഭീരമായ താക്കീതുകള്‍ ചിന്തിച്ച് അവരില്‍ പലരും ബോധംകെട്ടു വീഴുമായിരുന്നു. ഭയഭക്തിയോടെ മനസ്സറിഞ്ഞ് കരയണം. അതാണ് ആത്മീയ പണ്ഡിതന്മാരുടെയും അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെയും ശൈലി. മനസ്സിളകി കരയാന്‍ കഴിയാത്തവര്‍ ബാഹ്യമായെങ്കിലും കരയണം. മുസ്വ്ഹഫില്‍ നോക്കി ഓതുന്നതിനേക്കാള്‍ അര്‍ത്ഥം ചിന്തിക്കാന്‍ കൂടുതല്‍ സഹായകം കാണാതെ ഓതുന്നതാണെങ്കില്‍ അങ്ങനെ ചെയ്യലാണ് ഉത്തമം. ഇല്ലെങ്കില്‍ മുസ്വ്ഹഫില്‍ നോക്കി ഓതുന്നതാണ് ശ്രേഷ്ഠം. ആത്മാര്‍ത്ഥതക്ക് ഹാനികരമായ വിധം ബാഹ്യപ്രകടനത്തിനു സാധ്യതയുണ്ടെങ്കില്‍ രഹസ്യപാരായണമാണ് വേണ്ടത്. അല്ലെങ്കില്‍ ഉറക്കെയും. പക്ഷേ, മറ്റുള്ളവരുടെ നിസ്‌കാരത്തിനോ ഉറക്കിനോ ദിക്‌റിനോ പഠനത്തിനോ ശല്യമാകുംവിധം ഉറക്കെ ഓതാന്‍ പാടില്ല. കൂടുതല്‍ ശ്രദ്ധകിട്ടാനും ആലസ്യം അകറ്റാനും മറ്റുള്ളവര്‍ക്ക് ആവേശം പകരാനും അവരുടെ ആസ്വാദനത്തിനും കാരണമാകുമെങ്കില്‍ ഉറക്കെ ഓതുന്നത് തന്നെയാണുത്തമം (അല്‍അദ്കാര്‍-ഇമാം നവവി).

നിയമങ്ങള്‍ പാലിക്കുക

ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്. അതു പാരായണം ചെയ്യുന്നതിന് പ്രത്യേകമായ നിയമങ്ങളുണ്ട്. അതിന് വിധേയമായേ ഓതാവൂ. മറിച്ചായാല്‍ പ്രതിഫലത്തിനു പകരം വിപത്തുകളായിരിക്കും ഉണ്ടാവുക. നിയമാനുസൃതം ശൈലിയിലും രാഗത്തിലും ഓതാന്‍ ഭാഗ്യം ലഭിക്കുന്നത് വലിയ പുണ്യമാണ്. പലരും അതു ശ്രദ്ധിക്കാറില്ലെന്നത് ദൗര്‍ഭാഗ്യകരം തന്നെ. സ്വഹീഹായ രൂപത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന് മൂന്ന് നിബന്ധനകളുണ്ട്. ഒന്ന്, നിപുണനായ ഗുരുനാഥനില്‍ നിന്നു പഠിച്ച് സനദ് മുത്തസിലാവുക. രണ്ട്, വ്യാകരണ നിയമങ്ങള്‍ക്കനുസൃതമായിരിക്കുക. മൂന്ന്, ഉസ്മാനിയ്യാ എഴുത്ത് രീതി അറിഞ്ഞിരിക്കുക. ഖുര്‍ആന്‍ പാരായണ ശാസ്ത്രമാണ് തജ്‌വീദ്. അതിന് ഭംഗം വരുമ്പോള്‍ കുറ്റക്കാരനായിത്തീരുകയും നിസ്‌കാരം സ്വഹീഹാകാതിരിക്കുകയും ചെയ്യും. അക്ഷരങ്ങള്‍ മഖ്‌റജുകള്‍ (ഉച്ചാരണ സ്ഥാനം) മാറി ഉച്ചരിക്കുമ്പോള്‍ അര്‍ത്ഥവ്യതിയാനം സംഭവിക്കുന്നതിനാല്‍ കുറ്റത്തിന് കാഠിന്യം വര്‍ധിക്കും. ഓതിക്കൊണ്ടിരിക്കുന്ന എത്രപേരെയാണ് ഖുര്‍ആന്‍ ശപിച്ചുകൊണ്ടിരിക്കുന്നതെന്ന മഹദ്വചനം ഓര്‍ക്കുക.

You must be logged in to post a comment Login