ഗൾഫ് പത്രാസിന്റെ ഉള്ളുകള്ളികൾ

ഖത്തറിൽ നിന്നാണ് ആ ചെറുപ്പക്കാരനെ പരിചയപ്പെട്ടത്. ആരോഗ്യവാൻ. നല്ല തന്റേടി. പൊതുപ്രവർത്തനങ്ങളിൽ എപ്പോഴും മുന്നിൽ തന്നെ കാണും. വെറുതെ അലസമായി പ്രവാസം തീർക്കാതെ വൻ ചിന്തകളും കേരളം പൊളിച്ചടക്കി നവലോകം പണിയാനുള്ള പ്രൊജക്റ്റുമായി നടക്കുന്ന പരിശ്രമശാലി! എല്ലാം കൊണ്ടും ആകർഷിച്ചപ്പോൾ കൂടുതൽ ബന്ധമായി. അപ്പോഴാണ് പതിവിനു വിരുദ്ധമായി ഒരു സ്വഭാവം ശ്രദ്ധയിൽ പെട്ടത്. പലപ്പോഴും ഹോട്ടലിൽ കയറി നന്നായി തട്ടും. മൂന്നും നാലും ദോശയും ബീഫ് കറിയുമൊക്കെയായി നല്ലൊരു പ്രാതൽ കഴിച്ചു വരുമ്പോഴേക്ക് ഇരുപത് റിയാലിനപ്പുറത്തെത്തിയിരിക്കും. ഇതു പക്ഷേ പതിവു ഗൾഫു മലയാളികളുടെ രീതിയല്ലല്ലോ. കേരളത്തിലെ തമിഴ്‌നാട്ടുകാരും ഗൾഫിലെ ഫിലിപ്പൈനികളുമാണ് ഇങ്ങനെ ചെലവഴിക്കുന്നവർ. നാട്ടിലെ ബംഗാളികളുടെ അതേ രീതിയാണ് പൊതുവെ പറഞ്ഞാൽ ഗൾഫിലെ ഒരു വിധം മലയാളികൾക്കൊക്കെ. കേരളത്തിൽ ഗൾഫ് കണ്ടു പിടിച്ച ഉത്തരേന്ത്യക്കാർ രാവിലെ ഏറ്റവും വില കുറഞ്ഞ അരി വാങ്ങി ഒരു കലം പുഴുങ്ങി വെക്കും. പിന്നെ ദാലും ആലുവും പ്യാസും ചേർത്തൊരു കറി. അവർ ചെയ്യുന്ന വാർക്ക ജോലികൾക്ക് കോൺക്രീറ്റു തയ്യാറാക്കുന്നതുപോലെ. ഇത് മൂന്ന് നേരം ഉണ്ട് വെള്ളം കുടിച്ചുള്ള ജീവിതം. തമിഴരെ പോലെ ദിവസക്കൂലിയിലെ പകുതിയിലധികം കേരളത്തിൽ തന്നെ ചെലവഴിക്കുന്ന രീതി അവർക്കില്ല. ബിരിയാണി കഴിക്കുന്ന, കൊക്കക്കോള കുടിക്കുന്ന, എന്തിനധികം ഹോട്ടലിൽ കയറുക പോലും ചെയ്യുന്ന ബംഗാളികൾ ഇല്ലയെന്നു പറയാം.
ഇതേ രീതിയാണ് പാവം ഗൾഫു മലയാളികൾക്കും. അവിടെ നടക്കുന്ന മൗലിദിലെയും സ്ഥാപന പരിപാടിയിലെയുമൊക്കെ ചോറ് ദിവസങ്ങളോളം ഉപയോഗിക്കുന്നവർ. അല്ലെങ്കിൽ ഒരു റിയാലിന് ഒരു പായ്ക്ക് കിട്ടുന്ന ഖുബ്ബൂസ് കൊണ്ട് വിശപ്പകറ്റുന്നവർ. രണ്ടു വിഭാഗവും നല്ല ഭക്ഷണം മോഹമില്ലാത്തവരൊന്നുമല്ലതാനും. ദോശക്ക് കൊടുക്കേണ്ട 3 റിയാൽ അവർ നാട്ടിലെ 17 രൂപ വെച്ച് പെട്ടെന്ന് ഗുണിച്ചെടുക്കുമ്പോൾ ‘ഹൗ’ എന്നൊരു നെടുവീർപ്പാണ്. അതോടെ പള്ളയിൽ തീ കത്തി നാശ്ത കഴിക്കാനുള്ള മോഹം ഒരാവിയായി പുറത്ത് വരികയാണ് പതിവ്. പിന്നെ ആ ഉദരാഗ്നി ശമിപ്പിക്കാൻ റേഡിയേറ്ററിലേക്കെന്ന വിധം കുടു കുടാ വെള്ളമൊഴിക്കും. സന്തോഷത്തോടെ ജോലിക്ക് പോവുകയും ചെയ്യും. കക്കൂസും കിണറും മേൽക്കൂര പോലുമില്ലാത്ത തന്റെ വീടും കരന്റും ടാറിട്ട റോഡും പരിചയമില്ലാത്ത ഗ്രാമവും ഓർമ വരുമ്പോൾ ബംഗാളികളും വലിയ മോഹങ്ങൾ അടക്കിവെക്കുകയാണ് ചെയ്യുന്നത്. രണ്ടു വിഭാഗവും തന്നെക്കാളും തന്റെ ആരോഗ്യത്തെക്കാളും കുടുംബത്തെ സ്‌നേഹിക്കുന്നു. നാം എത്ര സഹിച്ച് ജീവിച്ചാലും സ്വഭവനത്തിൽ ഒരു കുറവും വരരുതെന്ന് ആത്മാർത്ഥമായാഗ്രഹിക്കുന്നു.
ആകാര സൗഷ്ഠവത്തിലും നയനിലപാടുകളിലും വരെ വ്യത്യസ്തനായ ഉപരിസൂചിത ചെറുപ്പക്കാരൻ പക്ഷേ, തന്റെ ജീവിതവും ഭക്ഷണവും ആരോഗ്യവും പ്രാധാന്യത്തോടെ കാണുന്ന വിഷയത്തിലും വ്യതിരിക്തനായിരുന്നു. കാഴ്ചയിൽ ഗൗരവക്കാരനും ദേഷ്യക്കാരനുമൊക്കെയാണെന്ന് തോന്നുമെങ്കിലും ഉള്ള് പച്ചപ്പാവമാണെന്ന് അതുവരെയുള്ള ഇടപെടലുകളിൽ നിന്ന് ബോധ്യം വന്നതിനാൽ ഒരു നല്ല സന്ദർഭത്തിൽ അദ്ദേഹത്തോട് ഇതേക്കുറിച്ചന്വേഷിച്ചു. എഴുതി തയ്യാറാക്കി മനഃപാഠം ചൊല്ലിപ്പഠിച്ചു വന്നതു പോലെയായിരുന്നു മറുപടി: അതുകൊള്ളാം. വീട്ടുകാർക്ക് ഒരു ചെറിയ സൽക്കാരം നടത്താൻ എന്തൊക്കെ വിഭവങ്ങൾ വേണം? ചോറു തന്നെ എത്ര വിധമാണുണ്ടാക്കുന്നത്? ശേഷം എന്തൊക്കെ ഭക്ഷണ പദാർത്ഥങ്ങളും ഫ്രൂഡ്‌സുകളും. സാധാരണ അവർ കഴിക്കുന്ന ചോറിന് എന്തൊക്കെ ജാതി കറിയും കൂട്ടാനുമാണ്. മത്സ്യവും മാംസവും വാങ്ങാതെ അവർക്ക് അന്നമിറങ്ങുമോ? എന്നിട്ട് അതിനൊക്കെ നാം ഇവിടെ പെടാപാട് പെടുകയും ഒന്നും കഴിക്കാതെ വിശപ്പ് സഹിച്ച് ആരോഗ്യം നശിപ്പിക്കുകയും ചെയ്യുകയാണോ വേണ്ടത്? എന്നെ കിട്ടില്ല അതിനൊന്നും!’ ഒന്നും പറയാൻ എനിക്കവസരം നൽകാതെയുള്ള ഈ പ്രഭാഷണം കഴിഞ്ഞപ്പോൾ സംഗതി കാര്യം തന്നെയല്ലേ എന്ന് എനിക്ക് തോന്നി.
ശരിയാണ് കുടുംബത്തെയും സമൂഹത്തെയും ഉജ്ജ്വലമായി നിർത്താൻ സ്വയം സമർപ്പിച്ച ആത്മത്യാഗികൾക്ക് പ്രവാസികൾ എന്ന് പേര്! അതിനവർക്ക് പരലോകത്ത് പറുദീസ ലഭിക്കും. കുടുംബബന്ധം പുലർത്തുന്നവർക്ക് നബി(സ്വ) വാഗ്ദാനം ചെയ്ത പ്രതിഫലവും കിട്ടും. എന്നാലും, പുതിയ ഗൾഫ് പ്രതിസന്ധിയുടെ കരിമേഘങ്ങൾക്കു താഴെ പ്രവാസികളുടെ നാട്ടിലെ ഉപഭോക്താക്കൾ ചില കരുതലുകളെടുക്കൽ നിർബന്ധമാണ്. അനാവശ്യങ്ങൾ ഉന്നയിച്ചും പൊങ്ങച്ചത്തിനും വേണ്ടി പ്രവാസികളെ ബുദ്ധിമുട്ടിക്കരുത്. എല്ലാം തീർക്കുക എന്നതല്ല; സംരക്ഷിക്കുന്നതാണ് നല്ലത്. ചുരുങ്ങിയ പക്ഷം ധൂർത്തും അമിത ചെലവുകളും മാറ്റിവെച്ച് മര്യാദക്കൊന്ന് ജീവിക്കാനെങ്കിലും!

മുറാഖിബ്

You must be logged in to post a comment Login