ജലസംരക്ഷണം കുന്നുകളും വനങ്ങളും നിര്‍വ്വഹിക്കുന്നത്

m1 (4)നിങ്ങള്‍ കാണുന്ന തൂണൊന്നും കൂടാതെ അവന്‍ ആകാശങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട് ചെരിഞ്ഞുപോകാതിരിക്കാന്‍ അവനതില്‍ ഉറച്ച പര്‍വതങ്ങളെ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. ആകാശത്തുനിന്നും നാം വെള്ളമിറക്കി വിശിഷ്ടമായ എല്ലാ ചെടികളെയും മുളപ്പിക്കുകയും ചെയ്തിരിക്കുന്നു (ലുഖ്മാന്‍10).
ജീവജാലങ്ങളുടെ സങ്കേതമായ ഭൂമിയുടെ ആവാസ വ്യവസ്ഥ നിലനിര്‍ത്തുന്നതില്‍ മലകള്‍ക്കും കുന്നുകള്‍ക്കും ജലത്തിനും സസ്യങ്ങള്‍ക്കുമുള്ള പ്രാധാന്യവും പ്രസക്തിയും ഈ സൂക്തത്തില്‍ നിന്നും വ്യക്തമാവും.
ജീവനും ജലവും തമ്മിലുള്ള അദമ്യമായ ബന്ധം കണക്കിലെടുത്തുകൊണ്ട് തന്നെയാവണം പ്രപഞ്ച സ്രഷ്ടാവ് ഭൂമിയെ ഒരു ജലഗോളമാക്കിയത്. ഭൂഗോളത്തിന്റെ 75 ശതമാനവും വെള്ളമാണെന്നതിനു പുറമെ കരഭാഗത്തു താഴേക്ക് കുഴിച്ചാല്‍ അവിടെയും ജലസംഭരണിയാണ്. ഭൂമിയിലെ ഏറ്റവും വലിയ സമുദ്രം പസഫിക് സമുദ്രമാണ്. ലോകസമുദ്രങ്ങളുടെ 45.5 ശതമാനം വരുമത്രെ ഇത്. 16,62,41,000 ച.കി.മീറ്റര്‍ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഇതിലെ മരിയാന ട്രഞ്ച് എന്ന കിടങ്ങാണ് കടലിന്നടിയില്‍ ഏറ്റവും ആഴമുള്ള ഭാഗം. ഒരു കിലോഗ്രാം ഭാരമുള്ള ഇരുമ്പു കഷ്ണം മുകളിലിട്ടാല്‍ അത് അടിയില്‍ എത്തിച്ചേരണമെങ്കില്‍ 64 മിനിട്ട് വേണ്ടിവരുന്ന ഈ സ്ഥലത്തിന് 11,033 മീറ്റര്‍ ആഴമുണ്ടത്രെ.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ആസ്ട്രേലിയ, വടക്കേ അമേരിക്ക, തെക്കെ അമേരിക്ക, അന്‍റാര്‍ട്ടിക്ക എന്നീ ഏഴ് വന്‍കരകളെയും മൂന്നു മഹാസമുദ്രങ്ങള്‍ വലയം ചെയ്തിരിക്കുകയാണ്. അറ്റ്ലാന്‍റിക് സമുദ്രം, പസഫിക് സമുദ്രം, ഇന്ത്യന്‍ സമുദ്രം എന്നിവയാണവ. ഇതിനു പുറമെ കരഭാഗത്തുകൂടി ഒഴുകുന്ന ചെറുതും വലുതുമായ ആയിരക്കണക്കിനു പുഴകളും ജലാശയങ്ങളും ഭൂമിയിലുണ്ട്. ബുറുന്‍ഡിയില്‍ ഡാങ്കനിക്ക തടാകത്തിന്റെ കിഴക്കു ഭാഗത്തു നിന്നുദ്ഭവിച്ച് മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ പതിക്കുന്ന 6,650 കി.മി നീളമുള്ള നൈല്‍ നദിയാണ് ലോകത്തെ ഏറ്റവും നീളം കൂടിയ നദിയെങ്കില്‍, ഏറ്റവും കൂടുതല്‍ ജലപ്രവാഹമുള്ള നദി തെക്കെ അമേരിക്കയിലെ ആമസോണ്‍ നദിയാണ്.
ജീവന്റെ നിലനില്‍പിന് വെള്ളവുമായുള്ള ബന്ധം ഈ പ്രകൃതി സംവിധാനത്തില്‍ നിന്നു തന്നെ സ്പഷ്ടമാവും. കുടിക്കുക, ശുചീകരിക്കുക, കൃഷി ചെയ്യുക, നിര്‍മാണ പ്രവര്‍ത്തനം… ഇവയെല്ലാം വെള്ളം കൊണ്ടുള്ള പ്രാഥമിക ആവശ്യങ്ങളാണ്. ഇതില്‍ ഏറ്റവും പ്രാധാന്യമുള്ള കുടിക്കാനുപയോഗിക്കുന്ന ശുദ്ധജലമാണ് ഇന്ന് ദുര്‍ലഭമായിക്കൊണ്ടിരിക്കുന്നത്.
കടല്‍ജലം നേരിട്ട് നമുക്ക് കുടിക്കാന്‍ പറ്റില്ല. വയറിളക്കമുള്‍പ്പെടെയുള്ളവമൂലം അപകടമുണ്ടാവും. കിണറുകള്‍, കുഴല്‍ക്കിണറുകള്‍ എന്നിവയില്‍ നിന്നു കുഴിച്ചെടുക്കുന്നതില്‍ നല്ലൊരു ഭാഗവും മണ്ണുകൊണ്ട് ഫില്‍ട്ടര്‍ ചെയ്യപ്പെട്ട കടല്‍ജലമാണ്.
ശുദ്ധജല വിതരണത്തിന് അല്ലാഹു സംവിധാനിച്ച പ്രധാന പദ്ധതിയാണ് മഴ. ഇതിലൂടെയാണ് എല്ലാ ഉയര്‍ന്ന സ്ഥലങ്ങളിലേക്കും ശുദ്ധജലമെത്തിക്കുന്നത്. ഇവിടെയാണ് ജലസംരക്ഷണത്തില്‍ മലകള്‍ക്കും കാടുകള്‍ക്കുമുള്ള പ്രാധാന്യം നാം തിരിച്ചറിയേണ്ടത്.
മലകള്‍ ഭൂമിയുടെ ആണിക്കല്ലുകളാണെന്ന അല്ലാഹുവിന്റെ പ്രഖ്യാപനം ശ്രദ്ധേയമാണ്. ഒരു ഭാഗത്ത് കടലിനു എത്ര ഭാരമുണ്ടോ അതിനു സമതുലിതമായി എതിര്‍ദിശയില്‍ മലകളുണ്ടാവും. ഭൂമി നിങ്ങളെയും കൊണ്ട് ആടിയുലയാതിരിക്കാന്‍ അവനതില്‍ ഉറച്ച മലകള്‍ സ്ഥാപിച്ചു’ (ലുഖ്മാന്‍10) എന്ന പ്രയോഗം ചിന്തനീയമാണ്.
ഇതിനു പുറമെ മേഘങ്ങളെ തടഞ്ഞുനിര്‍ത്തി മഴ ലഭ്യമാകുന്നത് ഉയര്‍ന്ന പര്‍വതങ്ങളാണ്. മഴ ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് മലയോരങ്ങളിലാവാന്‍ കാരണമിതാണ്. മഴ പെയ്യിപ്പിക്കാന്‍ കാരണമാവുന്നതിനു പുറമെ നദികളുടെ ഉദ്ഭവവും പര്‍വതങ്ങളെ ആശ്രയിച്ചാണ്. പക്ഷേ, ഇന്ന് പ്രകൃതി ചൂഷണത്തില്‍ ഭീകരമായ കയ്യേറ്റത്തിനു വിധേയമാകുന്നത് മലകളും കുന്നുകളുമാണ്. ചെങ്കല്‍ ഖനനം, ചതുപ്പ് നിലങ്ങള്‍ നികത്തല്‍, ഇടിച്ചുനിരത്തി പറമ്പുകളാക്കി വില്‍ക്കാനുള്ള ഭൂ മാഫിയകളുടെ ശ്രമം തുടങ്ങിയവയെല്ലാം പര്‍വത നശീകരണത്തിനു കാരണമാകുന്നു. ഇതിന്റെ ഫലമായി അതാതു പ്രദേശങ്ങളിലെ കിണറുകള്‍ നേരത്തെ വരണ്ടുണങ്ങുകയും ശുദ്ധജലം കിട്ടാക്കനിയാവുകയും ചെയ്യുന്നു.
വനത്തിന്റെ ധര്‍മം
തന്നെ മഴ ലഭ്യമാകുന്നതിലും ജലം സംഭരിക്കുന്നതിലും പര്‍വതങ്ങളെപ്പോലെ വനത്തിനും അനല്‍പമായ പങ്കുണ്ട്. 3,50,000ല്‍ പരം സസ്യജാതികള്‍ ഉള്‍പ്പെടുന്നതാണ് ഭൂമിയിലെ സസ്യസമ്പത്ത്. വന്‍മരങ്ങളായ പൈന്‍ മരം, ആല്‍മരം മുതല്‍ പായല്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനു പുറമെ ഒരു ലക്ഷത്തില്‍ പരം കുമിള്‍ജാതികളും ഭൂമിയിലുണ്ട്.
ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഓക്സിജനും നമ്മുടെ ഭക്ഷണത്തിന്റെ എണ്‍പത് ശതമാനവും ലഭ്യമാകുന്നത് സസ്യങ്ങളിലൂടെയാണ്. നാം കഴിക്കുന്ന മാംസമത്സ്യാദി ആഹാരങ്ങളും മറ്റൊരു രീതിയില്‍ സസ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് വസ്തുത.
കാറ്റിന്റെ ശക്തി കുറച്ച് മേഘത്തെ തടഞ്ഞുവെച്ച് മഴ വര്‍ഷിപ്പിക്കുന്നതില്‍ കാടിനുള്ള പങ്ക് അനല്‍പമാണ്. കാടുകളില്‍ മഴ പെയ്യുമ്പോള്‍ വളരെ ശക്തി കുറഞ്ഞാണ് അത് മണ്ണില്‍ പതിക്കുന്നത്. ഇലകളില്‍ തടഞ്ഞു മരത്തിലൂടെ ഒഴുകിയും ചെറിയ തുള്ളികളായി നിലംപതിക്കുന്നതുകൊണ്ട് ഭൂമിക്കടിയിലേക്ക് ആഴ്ന്നിറങ്ങാന്‍ സഹായകമാവുന്നു. ഒരു ഹെക്ടര്‍ ഹരിതവനം രണ്ടരലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കുമെന്നാണ് കണക്ക്.
വനത്തില്‍ പതിക്കുന്ന മഴയുടെ 60 ശതമാനവും മണ്ണിലെത്തുമ്പോള്‍ തരിശുഭൂമിയില്‍ വീഴുന്നതിന്റെ ഏഴു ശതമാനം മാത്രമേ മണ്ണിലിറങ്ങുന്നുള്ളൂ. ബാക്കി ഒഴുകിപ്പോകുന്നു.
ശുദ്ധജലം സംഭരിക്കുന്നതില്‍ ഇത്രയും വലിയ സേവനം ചെയ്യുന്ന വനങ്ങളും സസ്യങ്ങളും മനുഷ്യന്റെ രോഗശമനത്തിനുള്ള ഔഷധങ്ങള്‍ കൂടിയാണ്. പതിനെട്ടാം നൂറ്റാണ്ടു മുതല്‍ക്കാണ് ആഗോളതലത്തില്‍ വനങ്ങള്‍ക്കെതിരെ വന്‍ കയ്യേറ്റങ്ങള്‍ ആരംഭിച്ചത്. ഓരോ മണിക്കൂറിലും ഒന്നര ഏക്കര്‍ വനങ്ങള്‍ നശിപ്പിക്കപ്പെടുന്നുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. മരത്തടികളുമായി നിരത്തുകളിലൂടെ നീങ്ങുന്ന ലോറികള്‍ ശ്രദ്ധിച്ചാല്‍ ഇതു ബോധ്യമാവും.
തെറ്റായ വികസന നയവും കാട്ടുതീയും മരമാഫിയകളുമാണ് കേരളത്തിലെ വന നശീകരണങ്ങള്‍ക്ക് പ്രധാന കാരണം. ഇതുമുഖേന വന്യജീവികള്‍ വനത്തില്‍ ജീവിക്കാന്‍ പ്രയാസപ്പെടുത് കൊണ്ടാണ് അവ ജനവാസ കേന്ദ്രങ്ങളിലേക്ക് അതിക്രമിച്ചു കടക്കുന്നത്. അരുവികളില്‍ ദാഹമകറ്റാനുള്ള വെള്ളം ലഭിക്കാതിരിക്കുകയും പരമ്പരാഗത ഭക്ഷ്യവസ്തുക്കള്‍ കുറഞ്ഞുവരികയും ചെയ്യുന്നതാണ് ആനകള്‍ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങിവരാന്‍ കാരണമെന്ന് അഭിപ്രായമുണ്ട്.
ആവാസ വ്യവസ്ഥ സംരക്ഷിക്കപ്പെടണമെങ്കില്‍, ജീവികള്‍ ദാഹിച്ചു മരിക്കാതിരിക്കണമെങ്കില്‍, കുന്നും കാടും ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കാനുള്ള ശക്തമായ നിലപാടുകളും ബോധവല്‍കരണവും ഉണ്ടാകേണ്ടതുണ്ട്.
കപ്പല്‍പലക പൊളിക്കാന്‍ ശ്രമിക്കുന്നവന്റെ കൈക്ക് പിടിക്കാന്‍ തയ്യാറാകുന്നതുപോലെ ഭൂമിയുടെ ആണിക്കല്ലാകുന്ന കുന്നുകള്‍ നിരത്തുന്നവരുടെ കൈപിടിച്ചു വെക്കണം. കാടുകള്‍ വെട്ടി നശിപ്പിക്കാതിരിക്കാന്‍ കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കുന്ന പദ്ധതി നിര്‍ത്തിവെച്ച് പുതിയ വന നയം രൂപീകരിക്കണം. വനവല്‍കരണം നടത്താനും വ്യാപകമായി മരങ്ങള്‍ വെച്ചുപിടിപ്പിക്കാനും പ്രായോഗിക പദ്ധതി തയ്യാറാക്കണം. പ്രവാചകര്‍(സ്വ) പറഞ്ഞു: ഒരു മുസ്ലിം ഏതൊരു നടീന്‍ വസ്തു നട്ടുപിടിപ്പിച്ചാലും അതില്‍ നിന്നും ഭക്ഷിക്കപ്പെടുന്നത് അവനു സ്വദഖയായിരിക്കും. അത് ഹിംസ്ര ജന്തുക്കള്‍ കഴിച്ചാലും പക്ഷി കഴിച്ചാലും അവനു സ്വദഖയാവും. ആര് കൃഷിയിറക്കിയാലും അതും സ്വദഖയുടെ പ്രതിഫലം നല്‍കപ്പെടാന്‍ കാരണമാകും (മുസ്ലിം). തിരുനബി(സ്വ)യുടെ ഈ ഹദീസ് നമുക്കു പ്രചോദനമാവട്ടെ.

റഹ് മതുല്ലാഹ് സഖാഫി എളമരം

You must be logged in to post a comment Login

Leave a Reply