തഫ്‌സീർ-3: തഫ്‌സീർ ശാഖയിലെ ഇന്ത്യൻ സംഭാവനകൾ

contribution of India to thafseer Malayalam

ഹനഫീ മദ്ഹബിലെ പ്രധാന പണ്ഡിതനും വ്യത്യസ്ത വിജ്ഞാനശാഖകളിൽ പ്രഗത്ഭനുമായ ഇമാം അബ്ദുല്ലാഹി ബിൻ അഹ്മദ് ബിൻ മഹ്മൂദ് അന്നസഫി (റ-മരണം ഹിജ്‌റ 701) രചിച്ച വിശ്രുത ഖുർആൻ വ്യാഖ്യാനമാണ് തഫ്‌സീറുന്നസഫി. അവതരണത്തിന്റെ അർത്ഥതലങ്ങളും സ്പഷ്ടമായ വ്യാഖ്യാനങ്ങളും എന്നർത്ഥം വരുന്ന ‘മദാരികുത്തൻസീൽ വ ഹഖാഇഖുത്തഅ്‌വീൽ’ എന്നാണ് ഈ വ്യാഖ്യാനത്തിന് മഹാൻ നാമകരണം ചെയ്തത്. ഗ്രന്ഥത്തിന്റെ ആമുഖത്തിൽതന്നെ തഫ്‌സീർ രചനയിൽ ഉപയുക്തമാക്കിയ രീതിശാസ്ത്രം ഇമാം വ്യക്തമാക്കുന്നുണ്ട്. ഖുർആൻ സൂക്തങ്ങളിൽ വ്യാപകമായി അംഗീകരിക്കപ്പെട്ടതും (മുതവാതിർ) ഒറ്റപ്പെട്ടതുമായ (ശാദ്ദ്) പാരായണ ശൈലികൾ ഗ്രന്ഥം വ്യക്തമായി വിശദീകരിക്കുന്നു. മുതവാതിറായ പാരായണ ശൈലികളെ അവയുടെ ഇമാമുമാരിലേക്ക്തന്നെ ചേർത്തുന്നു. എന്നാൽ ഒറ്റപ്പെട്ട ഖിറാഅത്തുകളെ കേവലം ഖിറാഅത്തുകളെന്ന് മാത്രം രേഖപ്പെടുത്തുകയാണ് പതിവ്.

ഇമാം സമഖ്ശരി കശ്ശാഫിലവതരിപ്പിച്ച സാഹിതീയ അമാനുഷികത ഇമാം നസഫിയും തഫ്‌സീറിൽ അവതരിപ്പിക്കുന്നുണ്ട്. ഖുർആനിലെ അലങ്കാര ശാസ്ത്രം സാഹചര്യാനുസൃതം പ്രതിപാദിക്കുന്നു. സൂക്തങ്ങളുടെ അർത്ഥഭംഗി വിശദീകരിക്കുമ്പോൾ വാക്യങ്ങളുടെ ഇനങ്ങൾ (ഇസ്മിയ്യ, ഫിഅ്‌ലിയ്യ, ഇൻശാഇയ്യ, ഖസമിയ്യ), പദങ്ങളുടെ പ്രത്യേകതകൾ (മഅ്‌രിഫ, നകിറ), സ്ഥാനങ്ങൾ (തഖ്ദീം, തഅ്ഖീർ) എന്നിവയിലേക്കും അവതരണഭംഗി വിശദീകരിക്കുമ്പോൾ വാക്യങ്ങളിലെ വ്യത്യസ്തമായ ഉപമകൾ (തശ്ബീഹ്) ആലങ്കാരിക പ്രയോഗങ്ങൾ (മജാസ്, കിനായത്ത്, ഇസ്തിആറത്ത്) തുടങ്ങിയവയെ കുറിച്ചുള്ള ചർച്ചകളിലേക്കും അദ്ദേഹം കടന്നുവരുന്നു. ഓരോ ആയത്തിന്റെയും ശ്രേഷ്ഠത സംബന്ധിച്ച് വന്ന ഹദീസുകളെ റാവിമാരെ ഉദ്ധരിക്കാതെ പറയുന്നതിനാൽ സ്വഹീഹായതും ളഈഫായതുമായ ഹദീസുകൾ ഇതിലുൾപ്പെടുന്നു. കർമശാസ്ത്രപരമായി ഹനഫീ സരണിയും വിശ്വാസപരമായി മാതുരീദി ചിന്താസരണിയും പിന്തുടരുന്ന ഇമാം നസഫി ഗ്രന്ഥത്തിൽ ഇവയ്ക്ക് പ്രാധാന്യം നൽകുന്നുണ്ട്.

 

തഫ്‌സീർ ഇബ്‌നു കസീർ

ഇബ്‌നു കസീർ(മരണം: 774) എന്നു വിശ്രുതനായ ജമാലുദ്ദീൻ അബുൽ ഫാദാഅ് ഇസ്മാഈലുബ്‌നു ഉമറുബ്‌നു കസീറിന്റെ വിഖ്യാത രചനയാണിത്. വ്യത്യസ്ത വിജ്ഞാന ശാസ്ത്രങ്ങൾ അവതരിപ്പിക്കാനുള്ള അവഗാഹം തഫ്‌സീറുബ്‌നു കസീറിനെ വേറിട്ടതാക്കുന്നു. ഖുർആൻ വ്യാഖ്യാനശൈലികളിലൊന്നായ ‘തഫ്‌സീറുൻ ബിൽ മഅ്‌സൂറി’ൽ ഇതിനെ ഉൾപ്പെടുത്താവുന്നതാണ്. ഖുർആൻ സൂക്തത്തെ ഖുർആൻ സൂക്തങ്ങൾകൊണ്ട് തന്നെ വിശദീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. സൂക്തങ്ങളെ വ്യാഖ്യാനിക്കുന്നതിന് മുഫസ്സൽ, മൂജസ്, മുജ്മൽ, മുത്വ്‌ലഖ് തുടങ്ങിയ രീതികളാണ് സ്വീകരിച്ചിരിക്കുന്നത്. വിശദീകരണങ്ങളർഹിക്കുന്ന സൂക്തങ്ങളെ മുഫസ്സൽ, മുബയ്യൻ, മുഖയ്യദ് എന്ന നിലക്കും വ്യാഖ്യാനിക്കുന്നു. ഖുർആൻ സൂക്തങ്ങൾക്കു പുറമെ ഹദീസുകളും വരുന്നതോടെ തഫ്‌സീർ കിടയറ്റതാകുന്നു. കേവലം ഹദീസ് മാത്രം ഉദ്ധരിക്കാതെ റാവിമാരെ സനദ് സഹിതം ഉൾപ്പെടുത്തിയാണ് ഗ്രന്ഥത്തിന്റെ ആധികാരികത മുഫസ്സിർ ഉറപ്പിക്കുന്നത്.

ഇസ്‌റാഈലിയ്യാത്തുകൾ ഇബ്‌നു കസീർ സ്പർശിച്ചിട്ടുണ്ടെങ്കിലും കൃത്യമായ നിരൂപണങ്ങളോടെയാണവ വിശദീകരിക്കപ്പെട്ടത്. മാത്രമല്ല തഫ്‌സീറുകളിലെ ഇസ്‌റാഈലിയ്യാത്തിനെ മൂന്നായി ഭാഗിക്കുക കൂടി രചയിതാവ് ചെയ്യുന്നുണ്ട്.

പദങ്ങളുടെ അർത്ഥം, ഉദ്ദേശ്യം, വിവിധ ഭാഷാഭേദങ്ങൾ, മൂലധാതു, പദവിന്യാസത്തിലെ ചാതുരി തുടങ്ങിയവ ഭാഷാ ചർച്ചകളിൽ കടന്നു വരുന്നു. ഉംദത്തുത്തഫ്‌സീർ അനിൽ ഹാഫിള് ഇബ്‌നു കസീർ, തഫ്‌സീർ അൽഅലിയ്യുൽ ഖദീർ ലി ഇഖ്തിസ്വാരി തഫ്‌സീറു ഇബ്‌നു കസീർ തുടങ്ങിയ വ്യത്യസ്തങ്ങളായ സംക്ഷിപ്തങ്ങൾ ഇതിനുണ്ട്.

 

തഫ്‌സീറു ജലാലൈനി

ഇമാം ജലാലുദ്ദീൻ മഹല്ലി(റ-മരണം 864)വിന്റെയും ശിഷ്യനായ ഇമാം ജലാലുദ്ദീൻ സുയൂത്വി(റ-മരണം 913)ന്റെയും വിശ്രുത രചനയാണിത്. സൂറത്തുൽ കഹ്ഫ് മുതൽ വ്യാഖ്യാനമെഴുതാനാരംഭിച്ച ഇമാം മഹല്ലി(റ) സൂറത്തുന്നാസ് വരെ എത്തുകയും ശേഷം ഫാത്തിഹ സൂറത്തെഴുതുകയും ചെയ്തു. അപ്പോഴേക്ക് മഹാൻ മരണപ്പെട്ടു. ശേഷം ശിഷ്യനായ ഇമാം സുയൂത്വി(റ) ബാക്കി സൂറത്തുകൾക്ക് വ്യാഖ്യാനം രചിച്ച് ഗ്രന്ഥം പൂർത്തിയാക്കുകയായിരുന്നു. ഇരു ജലാലുദ്ദീനുമാരുടെ തഫ്‌സീർ എന്ന അർത്ഥത്തിലാണ് തഫ്‌സീർ ജലാലൈനി എന്ന നാമത്തിൽ ഇത് പ്രസിദ്ധമായത്.

ഫാതിഹക്ക് തഫ്‌സീർ എഴുതിയത് ഇമാം സുയൂത്വി(റ) ആണെന്ന് കശ്ഫുള്ളുനൂനിൽ ഹാജി ഖലീഫ പരാമർശിച്ചതിനെ അത്തഫ്‌സീറു വൽ മുഫസ്സിറൂൻ എന്ന ഗ്രന്ഥത്തിൽ (1/234) ഡോ. മുഹമ്മദ് ഹുസൈൻ ദഹബി ഖണ്ഡിച്ചിട്ടുണ്ട്. ബിസ്മിക്ക് ഇരുവരും വ്യാഖ്യാനം നൽകിയിട്ടില്ല. ഇമാം മഹല്ലി(റ) ഗ്രന്ഥത്തിന് ആമുഖമോ ഉപസംഹാരമോ കുറിച്ചിട്ടില്ലെങ്കിലും ഇമാം സുയൂത്വി(റ) സൂറത്തുൽ ബഖറയുടെ തുടക്കത്തിൽ മുഖവുരയും സൂറത്തുൽ ഇസ്‌റാഇന് ശേഷം ഉപസംഹാരവും നൽകിയിട്ടുണ്ട്. ഇതര തഫ്‌സീറുകളിൽനിന്ന് വിഭിന്നമായി സൂക്ഷ്മമായ ഭാഷാസൗന്ദര്യത്തോടെയുള്ള സംഗ്രഹരൂപമാണ് തഫ്‌സീറുൽ ജലാലൈനിക്കുള്ളത്. ശ്രേഷ്ഠഗുരുവിനെ പിന്തുടർന്ന ശിഷ്യനും ഈ രീതി തന്നെയാണ് ഉചിതമായി കണ്ടത്. അങ്ങനെ നാൽപത് ദിവസംകൊണ്ട് പൂർത്തീകരിച്ചു എന്ന് സൂറത്തുൽ ഇസ്‌റാഇന്റെ അവസാനത്തിൽ ഇമാം സുയൂത്വി(റ) വിശദീകരിക്കുന്നതായി കാണാം. ഹാശിയ്യത്തുസ്സ്വാവി, അൽഫുതൂഹാതുൽ ഇലാഹിയ്യ (ജമൽ) തുടങ്ങിയവ പ്രസിദ്ധ വ്യാഖ്യാനങ്ങളാണ്. മർഹൂം പാനൂർ തങ്ങളുടെയും കോടമ്പുഴ ബാവ ഉസ്താദിന്റെ(അപൂർണം)യും അടക്കം ഏതാനും വിശദീകരണ ഗ്രന്ഥങ്ങൾ ഈ തഫ്‌സീറിന് കേരള പണ്ഡിതരും രചിച്ചിട്ടുണ്ട്.

 

റൂഹുൽ ബയാൻ

പുതുമയാർന്ന ശൈലിയിലുള്ള രചനയാണ് ശൈഖ് ഇസ്മാഈലുൽ ഹിഖി അൽബറൂസവി(മരണം: 1063)യുടെ റൂഹുൽ ബയാന്റേത്. കർമശാസ്ത്രം, കഥകൾ, ചരിത്രങ്ങൾ, ഭാഷാസൗന്ദര്യം എല്ലാം അടങ്ങിയ ഈ ഗ്രന്ഥം വിശാലമാണ്. ഗുരുവര്യരായ ഇബ്‌നു അദ്‌നാൻ(റ)വിന്റെ പ്രേരണമൂലമാണ് രചന തുടങ്ങുന്നത്. വ്യത്യസ്തമായ പദങ്ങളുടെ അർത്ഥതലങ്ങൾ വിശദീകരിച്ച റൂഹുൽ ബയാനിൽ അവതരണ പശ്ചാത്തലം കൃത്യമായി സൂചിപ്പിക്കുന്നു. ഹനഫീ മദ്ഹബ് അനുധാവനം ചെയ്യുന്ന ഇമാം മുശ്‌രിക്കുകളുടെ കുട്ടികൾ സ്വർഗത്തിലെ സേവകരാണെന്ന ഹനഫീ മദ്ഹബ് നിരീക്ഷണം ഖണ്ഡിതമായി പ്രഖ്യാപിക്കുന്നു. ആയത്തുകളിലെ കഥകളും ചരിത്രങ്ങളും വളരെ കുറച്ച് വിശദീകരിക്കുന്ന സമ്പ്രദായം സ്വീകരിച്ച ഇമാം അനുബന്ധ വിഷയങ്ങൾ കഥകളിലൂടെയും മറ്റും വിവരിക്കുന്നുണ്ട്. പലയിടങ്ങളിലും കവിതകളും കാണാം.

 

ഇതര വ്യാഖ്യാനങ്ങൾ

ഈ തഫ്‌സീറുകൾക്ക് പുറമെ അനേകം വ്യാഖ്യാനങ്ങൾ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്.  അബുല്ലൈസ് അസ്സമർഖന്ദി (ഇമാമുൽ ഹുദാ) രചിച്ച  ബഹ്‌റുൽ ഉലൂം, ഇമാം സഅ്‌ലബി മുന്നൂറിലേറെ പണ്ഡിതരെ സമീപിച്ച് നൂറോളം കിതാബുകൾ മുത്വാലഅ ചെയ്ത് രചിച്ച അൽകശ്ഫു വൽ ബയാൻ, ഇമാം സഅ്‌ലബിയുടെ തഫ്‌സീർ ചുരുക്കി ഇമാം ബഗ്‌വി(റ) തയ്യാറാക്കിയ മആലിമുത്തൻസീൽ, അബൂമുഹമ്മദ് അബ്ദുൽ ഹഖ് അന്ദലുസിയുടെ അൽമുഹർററുൽ വജീസ്, ഇമാം സുയൂത്വി(റ) രചിച്ച  അദ്ദുർറുൽ മൻസ്വൂർ തുടങ്ങിയ തഫ്‌സീർ മഅ്‌സൂറിലെ രചനകളും തഫ്‌സീറുൽ ഖാസിൻ, ഗ്വറാഇബുൽ ഖുർആൻ, തഫ്‌സീറു അബിസ്സുഊദ്, അൽബഹ്‌റുൽ മുഹീത്വ്, റൂഹുൽ മആനി, അസ്സിറാജുൽ മുനീർ തുടങ്ങിയ തഫ്‌സീറു ബി റഅ്‌യിലെ ഗ്രന്ഥങ്ങളും ഉദാഹരണം. സഹൽ ബിൻ അബ്ദുല്ലാഹിത്തുസ്തുരി രചിച്ച തഫ്‌സീറുൽ ഖുർആനിൽ അളീം, ഇമാം സൽമിയുടെ ഹഖാഇഖുത്തഫ്‌സീർ, ഇബ്‌നു അറബിയുടെ അഹ്കാമുൽ ഖുർആൻ തുടങ്ങിയവ തഫ്‌സീറുൽ ഇശാരിക്കുദാഹരണമാണ്. പുള്ളിയില്ലാത്ത അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് എഴുതപ്പെട്ട തഫ്‌സീറാണ് അല്ലാമ മഹ്മൂദ് അൽഹുസൈനിൽ ഹംസാവി അൽഹനഫിയുടെ ദുർറുൽ അസ്‌റാർ ലിൽ ഹംസാവി. കർമശാസ്ത്രവിഷയങ്ങൾ മാത്രം ചർച്ച ചെയ്യുന്ന തഫ്‌സീറുകളും വിരളമല്ല. അബൂബക്കർ അഹ്മദ് ബിൻ അലിയ്യുർറാസിൽ ജസ്സാസ് അൽഹനഫിയുടെ അഹ്കാമുൽ ഖുർആൻ, അബുൽ ഹസൻ അലി രചിച്ച അഹ്കാമുൽ ഖുർആൻ എന്നിവ അതിൽ രണ്ടെണ്ണം മാത്രം.

 

ഇന്ത്യൻ സംഭാവനകൾ

തഫ്‌സീർ രചനയിൽ ഇന്ത്യക്കാരും ചെറുതല്ലാത്ത പങ്ക് നിർവഹിച്ചിട്ടുണ്ട്. ഖാളി സനാഉല്ലാ പാനിപ്പത്തി, അൽമഹാഇമി, ഫൈളി (സവാത്വിഉൽ ഇൽഹാമിന്റെ രചയിതാവ്), ഫറാഹി, അബുൽ കലാം ആസാദ് (തർജുമാനുൽ ഖുർആൻ) എന്നിവ ഇന്ത്യൻ വ്യാഖ്യാനങ്ങളിൽ എടുത്തുപറയാവുന്നതാണ്. പാനൂർ തങ്ങളുടെ അലാ ഹാമിശിത്തഫാസീർ കേരളീയ രചനക്കുദാഹരണം.

ആധുനിക യുഗത്തോട് സംവദിക്കുന്ന അനേകം തഫ്‌സീറുകൾ രചിക്കപ്പെട്ടിട്ടുണ്ട്. ത്വൻതാവിയുടെ അൽജവാഹിർ, മുഹമ്മദ് ശഅ്‌റാവിയുടെ തഫ്‌സീറുശ്ശഅ്‌റാവി, അബുൽ ഫറജ് അൽഖാസിമിയുടെ മഹാസിനുത്തഅ്‌വീൽ തുടങ്ങിയവ പ്രധാനം.

You must be logged in to post a comment Login