തിരുദൂതരുടെ സ്വർഗീയ സഹായി

തിരുദൂതരുടെ പിതൃസഹോദരി സ്വഫിയ്യ(റ)യുടെയും തിരുപത്‌നി ഖദീജ(റ)യുടെ സഹോദരൻ അവ്വാമുബ്‌നു ഖുവൈലിദിന്റെയും പുത്രനാണ് സുബൈർ. അദ്ദേഹത്തിനൊരു കൂട്ടുകാരനുണ്ടായിരുന്നു. മരണത്തിനു പോലും ഇണപിരിക്കാൻ കഴിയാത്ത സന്തത സഹചാരി. ത്വൽഹത്തുബ്‌നു ഉബൈദില്ലാഹ്. റസൂൽ(സ്വ) പലപ്പോഴും ഈ സൗഹൃദത്തെ കുറിച്ചു പരാമർശിക്കുമായിരുന്നു. പ്രവാചകരുടെ പിതാമഹന്മാരായ ഖുസയ്യിന്റെയും മുർറത്തിന്റെയും പരമ്പരയിൽ പെട്ടവരായിരുന്നു ഇരുവരും. സുബൈർ ഖുസയ്യിന്റെയും ത്വൽഹത്ത് മുർറത്തിന്റെയും കണ്ണിയായിരുന്നു. ഒരിക്കൽ അവിടുന്ന് പറയുകയുണ്ടായി: ത്വൽഹത്തും സുബൈറും സ്വർഗത്തിൽ എന്റെ അയൽക്കാരാകുന്നു.

ഇരുവരുടെയും സ്വഭാവം, വളർച്ച, ധീരത, സമ്പത്ത്, ഐശ്വര്യം, സ്വീകാര്യത തുടങ്ങിയ ഗുണങ്ങളെല്ലാം ഈ പാരസ്പര്യം ഊട്ടിയുറപ്പിക്കുന്നതിന് സഹായകമായി. സ്വർഗംകൊണ്ട് സന്തോഷവാർത്തയറിയിക്കപ്പെട്ട അൽഅശറത്തുൽ മുബശ്ശിറയിൽ ഇരുവരും ഉൾപ്പെടുന്നു.

രണ്ടാം ഖലീഫ ഉമർ(റ) തന്റെ പിൻഗാമിയെ നിശ്ചയിക്കാൻ നിയമിച്ച ആറു പേരടങ്ങുന്ന സമിതിയിലും ഇരുവരും അംഗങ്ങളായിരുന്നു. ഇസ്‌ലാമിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ സുബൈർ(റ) വിശുദ്ധ മതം സ്വീകരിച്ചു. അന്ന് അഞ്ചോ ആറോ പേർ മാത്രമേ മുസ്‌ലിംകളായുണ്ടായിരുന്നുള്ളൂ. ദാറുൽ അർഖമിൽ രഹസ്യ പ്രബോധനം നടക്കുന്ന കാലം. അന്ന് പതിനാറ് വയസ്സാണ് അദ്ദേഹത്തിന്.

നല്ലൊരു കുതിരപ്പടയാളിയായിരുന്നു സുബൈർ(റ). ഇസ്‌ലാമിന് വേണ്ടി ആദ്യമായി വാളെടുത്തത് അദ്ദേഹമാണെന്നാണ് ചരിത്രം. ആ സംഭവമിങ്ങനെ: മുസ്‌ലിംകളുടെ രഹസ്യ താവളമായ ദാറുൽ അർഖമിൽ ചർച്ചയിലേർപ്പെട്ടിരിക്കുകയായിരുന്നു സുബൈർ(റ)വും സംഘവും. അവിടേക്കൊരു കിംവദന്തിയെത്തി. പ്രവാചകർ(സ്വ) വധിക്കപ്പെട്ടിരിക്കുന്നുവെന്നായിരുന്നു ആ വ്യാജവാർത്ത. സുബൈർ(റ)വിനെയും കൂട്ടുകാരെയും ഇതു പരിഭ്രാന്തരാക്കി. വാള് ഉറയിൽനിന്ന് ഊരി അദ്ദേഹം മക്കയുടെ തെരുവിലേക്കിറങ്ങി. കേട്ടത് ശരിയാണെങ്കിൽ ഓരോ ഖുറൈശി മുഖ്യന്റെയും തല കൊയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിജ്ഞ. നാലുപാടും പരതി നടന്ന അദ്ദേഹം അൽപനേരത്തിനു ശേഷം തിരുദൂതർ(സ്വ) എതിരെ വരുന്നതായി കണ്ടു. ദൂരെ നിന്നുതന്നെ ഇരുവരും പരസ്പരം തിരിച്ചറിഞ്ഞു. അടുത്തെത്തിയപ്പോൾ റസൂൽ(സ്വ) ആരാഞ്ഞു: സുബൈർ, എന്താണ് വാളുമായി ഇറങ്ങിയിരിക്കുന്നത്?

അദ്ദേഹം സംഭവം വിശദീകരിച്ചുകൊടുത്തു. പറഞ്ഞവസാനിപ്പിച്ചപ്പോഴേക്ക് അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. പ്രവാചകർ(സ്വ) ആശ്വസിപ്പിച്ചു. തന്നെ അത്രയേറെ സ്‌നേഹിക്കുന്ന ആ ചെറുപ്പക്കാരനു വേണ്ടി അവിടുന്ന് പ്രാർത്ഥിച്ചു. അപ്പോഴേ ആ മനം ശാന്തമായുള്ളൂ.

ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ ക്രൂരമായ പീഡനങ്ങൾ അദ്ദേഹത്തിനനുഭവിക്കേണ്ടിവന്നു. പീഡന മുറകളേൽപിച്ച പിതൃവ്യൻ പറഞ്ഞു: സുബൈറേ, മുഹമ്മദിനെ തള്ളിപ്പറയുക. എന്നാൽ നിനക്ക് രക്ഷ പ്രാപിക്കാം.

എന്തു ചെയ്തിട്ടും മനസ്സു മാറുന്നില്ലെന്ന് കണ്ടപ്പോൾ അവസാനം അദ്ദേഹത്തെ പായയിൽ ചുരുട്ടിക്കൂട്ടി തീയിട്ടു. പുകയേറ്റ് മഹാന് ശ്വാസം മുട്ടി. എന്നിട്ടും അവിശ്വാസത്തിന് തയ്യാറായില്ല. മറ്റൊരു നിർവാഹവുമില്ലാത്തതിനാൽ കുടുംബം അദ്ദേഹത്തെ വെറുതെ വിട്ടു.

ശത്രുമർദനം രൂക്ഷമായപ്പോൾ മുസ്‌ലിംകൾ മക്കയിൽനിന്ന് അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയി. സുബൈർ(റ)വും അവരോടൊപ്പം പുറപ്പെട്ടു. തിരിച്ചുവന്ന ശേഷം എല്ലാ ധർമസമരങ്ങളിലും അദ്ദേഹം റസൂൽ(സ്വ)ക്കൊപ്പം അണിനിരന്നു. ഉഹ്ദിലെ വിപൽസന്ധിയിൽ പതറാതെ പൊരുതിയ അൽപം ചിലരിലൊരാൾ സുബൈറുബ്‌നുൽ അവ്വാം(റ)വായിരുന്നു. ഇസ്‌ലാമിന്റെ സംരക്ഷണത്തിന് വേണ്ടി ദേഹമാസകലം വെട്ടും കുത്തുമേറ്റു അദ്ദേഹത്തിന്. ആ യുവകോമളന്റെ മേനിയിലെ പരിക്കടയാളങ്ങൾ കണ്ട് അത്ഭുതപ്പെടുന്നവരോട് സുബൈർ(റ) വാചാലനാകും: രക്ഷിതാവിന്റെ മാർഗത്തിൽ പോരാടിയപ്പോൾ ഏറ്റ മുറിപ്പാടുകളാണിത്.

ഉഹ്ദ് യുദ്ധാനന്തരം ജേതാക്കളായി മക്കയിലേക്ക് മടങ്ങുകയായിരുന്നു ശത്രുസൈന്യം. മുസ്‌ലിംകൾ അശക്തരാണെന്ന ധാരണ ഖുറൈശികൾക്കുണ്ടാകാതിരിക്കേണ്ടത് അനിവാര്യമാണെന്നു മനസ്സിലാക്കി പ്രവാചകർ(സ്വ) സിദ്ദീഖുൽ അക്ബർ(റ)നോടും സുബൈർ(റ)വിനോടും അവരെ പിന്തുടരാൻ കൽപിച്ചു. വിജയാരവങ്ങളോടെ മടങ്ങുന്നവരെയാണ് തങ്ങൾ പിന്തുടരുന്നതെന്ന ഭയാശങ്കകളില്ലാതെ എഴുപത് പേരടങ്ങുന്ന പോരാളികളുമായി അവർ മുന്നേറി. സുശക്തമായൊരു സൈന്യത്തെയാണ് ഇരുവരും നയിച്ചുവരുന്നതെന്ന് തെറ്റിദ്ധരിച്ച ഖുറൈശികൾ അതിവേഗം മക്കയിലേക്കു മടങ്ങി. തിരുദൂതരുടെ തന്ത്രം ഫലിച്ചു.

ഉഹ്ദിൽ രക്തസാക്ഷിയായ തന്റെ അമ്മാവൻ ഹംസ(റ)ന്റെ ശത്രുക്കൾ വികൃതമാക്കിയ ദേഹം കണ്ടപ്പോൾ അതിനു പ്രതികാരം ചെയ്യുമെന്ന് സുബൈർ(റ) പ്രതിജ്ഞയെടുത്തു. എല്ലാ പോരാട്ട സന്ദർഭങ്ങളിലും ശത്രുക്കളെ മുഖാമുഖം കാണുമ്പോൾ ഹംസ(റ)ന്റെ കരളലിയിക്കുന്ന ദൃശ്യം അദ്ദേഹത്തിന്റെ മനോമുകുരത്തിൽ തെളിഞ്ഞുവരും. കാലങ്ങൾക്കു ശേഷം ഖൈബറിന്റെ പോർഭൂമികയിലും ആ പ്രഖ്യാപനം ആവർത്തിച്ചു. ഖൈബറിലെ ജൂതർ കീഴടങ്ങാതെ കോട്ടക്കകത്ത് കഴിയുകയായിരുന്നു. ബനൂഖുറൈളക്കാരുടെ കോട്ടമതിലിനടുത്ത് ചെന്ന് അലി(റ)വോടൊപ്പം അദ്ദേഹം വിളിച്ചുപറഞ്ഞു: ഞങ്ങളുടെ പ്രിയപ്പെട്ട ഹംസ(റ) അനുഭവിച്ചത് പോലെ നിങ്ങളെയും ഞങ്ങളനുഭവിപ്പിക്കും.ശ്രമപ്പെട്ട് കോട്ടയിൽ കയറിപ്പറ്റിയ അലി, സുബൈർ(റ) മുസ്‌ലിംകൾക്ക് കവാടം തുറന്നുകൊടുത്തു.

യർമൂക്ക് യുദ്ധത്തിൽ സുബൈർ(റ) ധീരോദാത്തമായ പോരാട്ടം കാഴ്ചവച്ചു. റോം പർവതത്തിന്റെ പ്രാന്തത്തിൽ നിന്ന് ശത്രുസൈന്യത്തിന്റെ കരുത്തു കണ്ട് ഒരുവേള പിന്തിരിയാൻ തുനിഞ്ഞ മുസ്‌ലിം സൈനികർക്ക് സ്ഥൈര്യം പകർന്ന് ശത്രുനിരയിലേക്ക് എടുത്തുചാടി അസാമാന്യ ശൂരത്വം പ്രകടിപ്പിച്ചു മഹാൻ. ചരിത്രത്തിൽ വിസ്മയം പകർന്ന അനുപമ ധീരതയുടെ അധ്യായമാണ് അതുവഴി അദ്ദേഹം രചിച്ചത്.

നാഥന്റെ മാർഗത്തിലുള്ള രക്തസാക്ഷിത്വം എന്നും സുബൈർ(റ)ന്റെ മോഹമായിരുന്നു. മുൻഗാമികളായ ശുഹദാക്കളോട് വലിയ ആദരവും സ്‌നേഹവും പുലർത്തിയിരുന്നു അദ്ദേഹം. ഒരിക്കൽ അദ്ദേഹം ആത്മഗതം പോലെ പറയുകയുണ്ടായി: റസൂലിനു ശേഷം മറ്റൊരു പ്രവാചകൻ വരാനില്ല. ഇതറിയാമായിരുന്നിട്ടും എന്റെ കൂട്ടുകാരൻ ത്വൽഹത്ത് സന്താനങ്ങൾക്ക് പ്രവാചകൻമാരുടെ നാമങ്ങളാണ് നൽകിയിരിക്കുന്നത്. എന്നാൽ ഞാൻ എന്റെ കുട്ടികൾക്ക് ദീനിനായി ദേഹവും ജീവനും അർപ്പണം ചെയ്ത ശുഹദാക്കളുടെ പേരുകൾ നൽകാനാണ് ഇഷ്ടപ്പെടുന്നത്. എന്റെ മക്കൾ ആ ധീരകേസരികളെ പോലെ ഏക ഇലാഹിന്റെ സരണിയിൽ രക്തസാക്ഷികളായിത്തീർന്നാൽ നന്നായിരുന്നുവെന്നാണെന്റെ അഭിലാഷം.അബ്ദുല്ല, മുൻദിർ, ഉർവത്ത്, ഹംസ, ജഅ്ഫർ, മുസ്അബ്, ഖാലിദ് എന്നീ പേരുകളാണ് അദ്ദേഹം മക്കൾക്കിട്ടത്. എല്ലാം ശുഹദാക്കളുടെ നാമങ്ങൾ.

   കവി ഹസ്സാനുബ്‌നു സാബിത്(റ) ഒരിക്കൽ സുബൈർ(റ)നെ കുറിച്ചു പാടി. ആശയമിങ്ങനെ: എടുത്ത പ്രതിജ്ഞ തെറ്റിക്കാതെ നിലകൊണ്ട റസൂലിന്റെ സഹായിയായിരുന്നു അദ്ദേഹം. വാക്കും പ്രവൃത്തിയും സമാനമായവൻ. യുദ്ധദിനങ്ങളിൽ കുതിച്ചുചാടി അസാമാന്യ പ്രകടനം കാഴ്ചവച്ച ധീരൻ. ഇസ്‌ലാമിനു ചെയ്ത സേവനം അദ്ദേഹത്തെ വിശ്രുതനാക്കി. അല്ലാഹുവിന്റെ ദൂതരുമായി അടുത്ത കുടുംബ ബന്ധമുള്ളയാൾ. സുബൈറുബ്‌നുൽ അവ്വാമിന്റെ വാൾ പ്രവാചകരെതൊട്ട് തട്ടിമാറ്റിയ കഷ്ടതകൾ അനവധിയാണ്. നാഥൻ അദ്ദേഹത്തിനു കനത്ത പ്രതിഫലം നൽകട്ടെ.

നല്ലൊരു കച്ചവടക്കാരൻ കൂടിയായിരുന്നു അദ്ദേഹം. ഇസ്‌ലാമിനു വേണ്ടി ചെലവഴിച്ച് അദ്ദേഹത്തിന് അവസാനം കച്ചവടം ഉപേക്ഷിക്കേണ്ടിവന്നു. കടം കയറി. രക്തസാക്ഷിയാകുമ്പോൾ വലിയ കടബാധിതനായിരുന്നു മഹാൻ.

മോനേ, ഉപ്പയുടെ കടം വീട്ടാൻ നിനക്ക് കഴിയാതെ വരികയാണെങ്കിൽ നീ വിഷമിക്കേണ്ടതില്ല. എന്റെ യജമാനനോട് സഹായം തേടിയാൽ മതി.മരണത്തിന്റെ തൊട്ടുമുമ്പായി പുത്രൻ അബ്ദുല്ലയോട് മഹാന്റെ വസ്വിയ്യത്ത്.

ഉപ്പാ, ആരാണ് അങ്ങയുടെ യജമാനൻ?’

മോനേ, യജമാനൻമാരിൽ വച്ച് ഉന്നതനും ഉത്തമനും അവസാനിക്കാത്ത ഖജനാവിന്റെ ഉടമയുമായ സർവശക്തൻ തന്നെ!

പിൽക്കാലത്ത് അബ്ദുല്ല പലപ്പോഴും പറയുമായിരുന്നു: പിതാവിന്റെ കടബാധ്യതകൾ വീട്ടാൻ വഴി കാണാതെ വിഷമിക്കുമ്പോൾ ഉപ്പ ഓർമപ്പെടുത്തിയതു പോലെ ഞാൻ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കും. ഉടനെ പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്യും.

എല്ലാ നബിമാർക്കും ഓരോ അടുത്ത സഹായികളുണ്ട്. എന്റെ സഹായി സുബൈർ(റ)വാകുന്നു‘- തിരുദൂതർ അനുസ്മരിച്ചു. ഹിജ്‌റയുടെ 28 വർഷം മുമ്പ് മക്കയിൽ ജനിച്ച ഈ പ്രവാചക സഹായിയുടെ മരണം ജമൽ യുദ്ധക്കളത്തിൽ നടന്ന ഒരു ചതിയുടെ ഫലമായായിരുന്നു.

ജമൽ യുദ്ധ ദിവസം പോർക്കളത്തിൽ നിന്നു മാറി സുബൈർ(റ) നിസ്‌കാരത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അംറുബ്‌നു ജർമുസ് എന്നയാൾ പിറകിലൂടെ വന്ന് മഹാനെ വെട്ടി താഴെയിട്ടു. ശേഷം ആ വൃത്താന്തം അലി(റ)ന്റെ ക്യാമ്പിൽ ചെന്നു പറഞ്ഞു. അദ്ദേഹം തന്റെ എതിർപക്ഷത്തായിട്ടും അലി(റ) അത് കേട്ട് നടുങ്ങി. രോഷത്തോടെ അയാളെ ആട്ടിയോടിച്ച് ഖലീഫ പറയുകയുണ്ടായി: സ്വഫിയ്യ(റ)യുടെ പുത്രന്റെ കൊലയാളിക്ക് അല്ലാഹു നൽകുന്ന ശിക്ഷ നരകമായിരിക്കും.

അനന്തരം ആ ധീര കേസരിയുടെ നിഷ്‌ചേതന ശരീരത്തിനടുത്ത് ചെന്ന് കരവാളെടുത്ത് ചുംബിച്ചുകൊണ്ട് അലി(റ) പറഞ്ഞു: ഹോ, ഈ ഖഡ്ഗം തിരുദൂതർക്ക് കാവലും തുണയുമായിരുന്നു. നബിയുടെ ഉത്തമ സ്‌നേഹിതാ, അല്ലാഹു താങ്കൾക്ക് രക്ഷയേകട്ടെ.ഹിജ്‌റ 36-ലായിരുന്നു സുബൈർ(റ) രക്തസാക്ഷിത്വം വരിച്ചത്. അന്ന് അദ്ദേഹത്തിന് 64 വയസ്സാണ് പ്രായം.

(നുജൂമുൻ ഹൗലർറസൂൽ(സ്വ), സുവറുൻ മിൻ ഹയാതിസ്സ്വഹാബത്തി വസ്സ്വഹാബിയ്യാത്ത്: 129-135).

You must be logged in to post a comment Login