തിരുദൂതരെയോര്ത്ത് …

ഒരു അന്‍സ്വാരീ തരുണി നബി പത്നി ആഇശാ ബീവി(റ)ക്കരികില്‍ വന്നു. നബി(സ്വ) വഫാതായി കാലങ്ങള്‍ പിന്നിട്ടിരുന്നു.
വികാരാധീനയായി അവര്‍ അപേക്ഷിച്ചു:
“ഉമ്മാ, എനിക്കു തിരുറൗള ഒന്നു തുറന്നു കാണിക്കൂ, ഞാനൊന്നു കാണട്ടെ.’
ബീവി ആ സഹോദരിയുടെ ആഗ്രഹം സാധിപ്പിച്ചു. റൗള തുറന്ന് തിരുദൂതരുടെ ഖബ്ര്‍ കാണിച്ചു.
ഒരു നിമിഷം!
ആ അന്‍സ്വാരീ സഹോദരി പ്രവാചകസ്നേഹം അടക്കാനാകാതെ നിലംപൊത്തി. തിരുപ്രണയത്തിന്റെ രക്തസാക്ഷിയായി ചരിത്രത്തിലിടം നേടി.
ഇമാം ഖാളി ഇയാള്(റ) അശ്ശിഫാഇല്‍ ഉദ്ധരിച്ച ഈ സംഭവത്തില്‍ പെണ്‍മനസ്സും തിരുസ്നേഹവും തമ്മിലുള്ള അഗാധബന്ധം സൂചിപ്പിക്കുന്നുണ്ട്.
സ്ത്രീമനസ്സ് ലോലമാണ്, പെട്ടെന്ന് പരിവര്‍ത്തനങ്ങള്‍ വരുന്നതും ഭയപ്രതീക്ഷകള്‍ ഏറെ നിഴലിക്കുന്നതുമാണ്. സ്നേഹമാണ് സ്ത്രീ മനസ്സിന്റെ നൈസര്‍ഗിക ഭാവം. അതു കിട്ടുന്നിടത്തേക്ക് അവള്‍ തിരിച്ച്. അവിടെ സ്വയം സമര്‍പ്പിക്കാന്‍ സന്നദ്ധയാകുന്നു. സ്നേഹ സാമ്രാജ്യത്തില്‍ അതിവിശുദ്ധവും അനിവാര്യ ബാധ്യതയുമാണല്ലോ നബിസ്നേഹം. അതില്ലാതെ ഇസ്‌ലാം പൂര്‍ണമാകുന്നില്ല, ഈമാന്‍ മധുരം ചുരത്തുന്നില്ല. പ്രവാചകസ്നേഹം സ്ത്രീ മനസ്സിനെ ധാര്‍മികമായി നന്നായി പരിവര്‍ത്തിപ്പിക്കും. അവിടെ അവള്‍ മാലാഖയായി മാറാന്‍ താമസമുണ്ടാകില്ല.
വിശ്വാസ ജീവിതം നന്മ നിറഞ്ഞതാകണമെങ്കില്‍ മഹബ്ബതുന്നബിയുടെ പാഠങ്ങള്‍ പകര്‍ന്നെടുത്ത് പ്രാവര്‍ത്തികമാക്കണം. അന്‍സ്വാരീ മങ്കകള്‍ ഈ ഗണത്തില്‍ ഉത്തമ മാതൃകകള്‍ തന്നെയാണ് സൃഷ്ടിച്ചത്.
ഉഹ്ദ് രണാങ്കണത്തില്‍ പിതാവും സഹോദരനും പ്രിയതമനുമെല്ലാം കൊല്ലപ്പെട്ട അന്‍സ്വാരീ സ്ത്രീ, എന്നിട്ടും ആദ്യം അന്വേഷിച്ചത് തിരുനബിയെപ്പറ്റിയായിരുന്നു. നബി(സ്വ)ക്ക് ഒന്നും പറ്റിയിട്ടില്ലെന്ന വൃത്താന്തമറിഞ്ഞിട്ടും മനസ്സടങ്ങാതെ നബി(സ്വ)യെ കാണിച്ചുതരാന്‍ ശഠിച്ചു ആ സഹോദരി. ഒടുവില്‍ സ്വഹാബത്ത് റസൂലിനെ കാണാന്‍ അവസരമൊരുക്കി. വിശുദ്ധ പ്രവാചകന്റെ സുരക്ഷിതത്വം ബോധ്യപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു:
“തിരുദൂതരേ, അങ്ങ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ പിന്നെ എനിക്ക് ഒരു മുസ്വീബത്തും സാരമുള്ളതല്ല.’
മറ്റൊരു അന്‍സ്വാരീ വൃദ്ധ അന്തിയുടെ യാമങ്ങള്‍ തള്ളിനീക്കുന്നത് തിരുനബിയില്‍ സ്വലാത്തും സ്നേഹകീര്‍ത്തനവുമുതിര്‍ത്താണ്. കമ്പിളി വസ്ത്രം നെയ്തുകൊണ്ടിരിക്കുന്ന ആ വൃദ്ധമാതാവ് ഒടുവില്‍ തിരുദൂതരുമൊത്ത് സ്വര്‍ഗത്തില്‍ സന്ധിക്കാനാകുമോ എന്നതിനെ ചൊല്ലി ഉറക്കെ വിലപിക്കുന്നു. പ്രജാക്ഷേമാന്വേഷണത്തിനായി റോന്തുചുറ്റുന്ന ഉമര്‍(റ) അതുകേട്ട് നിലത്തിരുന്ന് കരഞ്ഞുപോയി.
ഇങ്ങനെ തിരു പ്രണയിനികളായിരുന്നു മദീനത്തെ ഓരോ വിശ്വാസിനിയും. ആ സ്നേഹവിശ്വാസം നിലനിര്‍ത്താന്‍ കഴിഞ്ഞതായിരുന്നു അവരുടെ വിജയം.
മലയാള മണ്ണിലെ മങ്കകള്‍ ഗതകാലങ്ങളില്‍ ഇതിന്റെ തുടര്‍ച്ചയെന്നോണം ഭവനാന്തരങ്ങള്‍ മാലമൗലിദുകള്‍ കൊണ്ട് ധന്യമാക്കി. തിരുകീര്‍ത്തനങ്ങള്‍ ഗൃഹാന്തരീക്ഷത്തെ വര്‍ണാഭമാക്കി. മുത്തുനബിയുടെ പേരില്‍ യാസീനും ഫാതിഹയും ഓതി. നൂറുകണക്കിന് സ്വലാത്തുകള്‍ വേറെയും. തീര്‍ച്ച, നമ്മുടെ ആ നല്ല മാതാക്കള്‍ ഖബ്റില്‍ കിടന്ന് സുകൃത പുണ്യത്തിന്റെ മധു ഇന്നു നുകരുന്നുണ്ടാകും. അവരുടെ മക്കള്‍ അവര്‍ക്കായി തിരുകീര്‍ത്തന സദസ്സുകള്‍ ഒരുക്കി പ്രാര്‍ത്ഥന നടത്തുന്നുമുണ്ടാകണം. നന്മ നിറഞ്ഞ ഈ അനുഭവം ആവര്‍ത്തിക്കണമെന്ന് മോഹിക്കുന്നുവെങ്കില്‍ സഹോദരീ തിരുപ്രണയത്തിന്റെ ജീവിക്കുന്ന പതിപ്പാകാന്‍ ശ്രമിക്കുക.

തസ്ഫിയ 27 . എസ് എസ് ബുഖാരി

You must be logged in to post a comment Login