ധാര്മിക സമൂഹ സൃഷ്ടിപ്പ് എസ്.വൈ.എസ് ലക്ഷ്യം: നൂറുല്‍ ഉലമ

തൃക്കരിപ്പൂര്‍: മനുഷ്യ നിര്‍മിത പ്രസ്ഥാനങ്ങളും മതപരിഷ്കരണവാദികളും സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥകള്‍ക്കിടയില്‍ യഥാര്‍ത്ഥ മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടുള്ള ധാര്‍മിക സമൂഹ സൃഷ്ടിപ്പാണ് എസ് വൈ എസ് ലക്ഷ്യമിടുന്നതെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡണ്ട് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്ഥാവിച്ചു.

സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ ഫെബ്രുവരി 27, 28 മാര്‍ച്ച് ഒന്ന് തിയ്യതികളില്‍ മലപ്പുറം താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് 60 ാം വാര്‍ഷിക ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.

സംഘടനയുടെ ദൗത്യം സന്പൂര്‍ണമായി പ്രതിഫലിപ്പിച്ചു കൊണ്ട് നടത്തിയ 40, 50, വാര്‍ഷിക സമ്മേളനങ്ങള്‍ പ്രസ്ഥാന ചരിത്രത്തിലെ നാഴികക്കല്ലുകളായിരുന്നു. വരാനിരിക്കുന്ന 60ാം വാര്‍ഷിക സമ്മേളനവും ഏറെ ശ്രദ്ധേയമായി മാറും. അതിനായി മുഴുവന്‍ പ്രവര്‍ത്തകരും അരയും തലയും മുറുക്കി കര്‍മ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മുഹമ്മദ് പറവൂര്‍, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, സുലൈമാന്‍ കരിവള്ളൂര്‍, ചിത്താരി അബ്ദുല്ല ഹാജി, അലി മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ലോഗോ പ്രകാശിതമായി

തൃക്കരിപ്പൂര്‍: കേരള മുസ്‌ലിംകളുടെ ആധികാരിക പണ്ഡിത സഭ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നേതൃത്വം നല്‍കുന്ന സുന്നീപ്രസ്ഥാനത്തിന്റെ ജനകീയ മുഖമായ എസ്.വൈ.എസിന്റെ പിന്നിട്ട അറുപതാണ്ടിന്റെ കര്‍മ പാരമ്പര്യം അനാവരണം ചെയ്യുന്ന എസ്.വൈ.എസ് 60ാം വാര്‍ഷിക സമ്മേളന ലോഗോ പ്രകാശിതമായി.

“സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം’ എന്ന ശ്രദ്ധേയമായ സമ്മേളന പ്രമേയത്തിന്റെ വിവിധ തലങ്ങളെ പ്രതിഫലിപ്പിക്കുന്ന ലോഗോ ഇസ്‌ലാമിക പൈതൃകവും പാരമ്പര്യവും പേറിയുള്ള പ്രയാണം, പുതിയ ചക്രവാളങ്ങളിലേക്കുള്ള കരളുറച്ച മുന്നേറ്റം, പൊതു സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാതലത്തില്‍ യൗവനത്തെ സക്രിയമായി ഉപയോഗപ്പെടുത്തി വൈവിധ്യമാര്‍ന്ന കര്‍മ തലങ്ങളില്‍ എസ്.വൈ.എസ് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ എടുത്ത് കാണിക്കുന്നു.

സംഘടനയുടെ രൂപീകരണം, വളര്‍ച്ച, മുന്നേറ്റം, നയനിലപാടുകള്‍ തുടങ്ങിയവയില്‍ അനിഷേധ്യമായ പങ്കാളിത്തം വഹിച്ച് ഇപ്പോള്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ അധ്യക്ഷ പദവി വഹിക്കുന്ന നൂറുല്‍ ഉലമയുടെ അനുഗ്രഹീത കരങ്ങളാലാണ് ലോഗോ പ്രകാശനം ചെയ്യപ്പെട്ടത്.

You must be logged in to post a comment Login