നല്ലവനായ കണ്ടക്ടറുടെ ഉപമ

പുലര്‍ച്ചെ നാലുമണിക്കാണ് കോഴിക്കോട് സ്റ്റാന്‍റില്‍ നിന്ന് പാലക്കാട്ടേക്കുള്ള ടൗണ്‍ ടൂ ടൗണ്‍ ബസില്‍ കയറിയത്. യാത്ര തുടങ്ങിയപ്പോഴേക്ക് നാലരയായി. കണ്ടക്ടര്‍ ടിക്കറ്റുമായി വന്നപ്പോള്‍ അങ്ങാടിപ്പുറമെത്തുന്നത് എത്ര മണിക്കാണെന്ന് അന്വേഷിച്ചു. ആറേകാലെങ്കിലുമാവുമെന്ന് അദ്ദേഹം. എങ്കില്‍ മലപ്പുറത്തേക്ക് ഒരു ടിക്കറ്റ് എന്ന് പറയേണ്ട താമസം, താടിവെച്ച ആ ചെറുപ്പക്കാരന്‍റെ മറുപടി ഇങ്ങനെ വന്നു: സ്വുബ്ഹിനിസ്ക്കരിക്കാനാണോ? അതു മലപ്പുറത്തു നിന്നുചെയ്യാം, ഞാന്‍ അവിടെ നിന്നാണ് നിസ്കരിക്കാറുള്ളത്.

ശരിക്കും സന്തോഷം തോന്നി. തിരക്കു പിടിച്ച “ആനവണ്ടി’യിലെ ഒരു ജീവനക്കാരന്‍, സങ്കീര്‍ണമായ ജോലി ഭാരത്തിനിടക്കും അല്ലാഹുവിനുള്ള ബാധ്യത നിറവേറ്റാന്‍ ശ്രദ്ധിക്കുന്നു.

കോട്ടപ്പടി എത്തിയപ്പോള്‍ തന്നെ അദ്ദേഹം എന്നെ കുലുക്കിവിളിച്ചു. ഏതാനും ആളുകള്‍ പുറത്തിറങ്ങിയ ശേഷം ഞാന്‍ പള്ളിയിലെത്തുമ്പോഴേക്ക് അദ്ദേഹം രണ്ടാം റക്അത്തില്‍ ഖുനൂത്ത് ഓതി കൊണ്ടിരിക്കുന്നു. നിസ്കരിച്ചു പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹം പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വേഗത്തില്‍ വണ്ടിയിലെത്തി യാത്ര തുടര്‍ന്നു. 25 വയസ്സിനപ്പുറം പ്രായം വരാത്ത ഈ യുവാവിന് സര്‍ക്കാര്‍ ജോലിയിലും മതം പുലര്‍ത്താനാവുന്നതിനു പിന്നില്‍ വിശ്വാസ ദാര്‍ഢ്യവും ആത്മാര്‍ത്ഥതയുമാണ് തിളങ്ങിനില്‍ക്കുന്നത്. ഒപ്പം, ഈയൊരു സഹകരണഭാവത്തിലേക്ക് ഡ്രൈവറടക്കമുള്ള സഹപ്രവര്‍ത്തകരെ സ്നേഹ ബുദ്ധ്യാ എത്തിക്കാനുള്ള പക്വതയും. ഇറങ്ങുന്നതിന്‍റെ കുറച്ചു മുന്പുതന്നെ എഴുന്നേറ്റ് കണ്ടക്ടറെ പരിചയപ്പെടാന്‍ ചെന്നു. പൂക്കോട്ടൂരിനടുത്താണു വീട്. സംഘടനാ നേതാക്കളെയും എഴുത്തുകാരെയുമൊക്കെ അറിയുന്ന സുന്നീ പ്രസ്ഥാന ബന്ധു.

യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും മത ശീലുകള്‍ പുലര്‍ത്തി വീണുകിട്ടുന്ന അര്‍ദ്ധാവസരങ്ങള്‍ ഉപയോഗിച്ച് നിസ്കാരാദി ഇബാദത്തുകള്‍ നിര്‍വഹിക്കുന്നവരെ പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ കാണാറുണ്ട്. മലന്പുഴ കാണാന്‍ പോയപ്പോള്‍ ഉദ്യാനത്തിലെ പുല്‍തകിടില്‍ അഞ്ചു സ്വഫ് ആളുകള്‍ നിറഞ്ഞ നിസ്കാരം ശ്രദ്ധയില്‍പെട്ടിരുന്നു.

മതം പാലിക്കണമെന്ന താല്‍ പര്യമുണ്ടായാല്‍ അതിനു സൗകര്യം ലഭിക്കുക തന്നെ ചെയ്യുമെന്നതിന്‍റെ തെളിവുകളാണ് ഇതൊക്കെ. ആത്മാര്‍ത്ഥതയാവണം നമ്മെ നിയന്ത്രിക്കേണ്ടതെന്നു മാത്രം. ചെറിയ ഒരു അസുഖം ബാധിച്ചാല്‍, വല്ല പരിപാടികളുമുണ്ടായാല്‍, വീട്ടില്‍ കല്യാണം വന്നാല്‍, യാത്രയാരംഭിച്ചാല്‍ഒക്കെ നിസ്കാര സമയം തെറ്റിക്കുന്നവര്‍ക്ക് പാഠമാവേണ്ടതുകൊണ്ടാണ് ബസ് ജീവനക്കാരനെ കുറിച്ച് വിശദീകരിച്ചത്. മറ്റുള്ളവര്‍ക്കും അതിനാവുമെന്ന് പ്രചോദിപ്പിക്കാനും.

ഒരു മണിക്കൂറിലധികമാണ് തൊഴിലാളികളുടെ ഉച്ച വിശ്രമം. കോണ്‍ക്രീറ്റ് ജോലിയടക്കം എത്ര കായികാധ്വാനം വേണ്ടതാണെങ്കിലും അതിനിടയില്‍ നാലുമിനിറ്റ് സമയമെടുത്ത് ളുഹ്ര്‍ നിസ്കരിക്കാനാവും. സിമന്‍റ്, മണ്ണ്് പോലുള്ളതൊന്നും നിസ്കാരം മുടക്കുന്ന മാലിന്യമല്ലല്ലോ. അവ വസ്ത്രത്തില്‍ നിന്ന് കഴുകി കളഞ്ഞില്ലെങ്കിലും ആരാധന ശരിയാവും. നിസ്കാരം മുടക്കാന്‍ തീരുമാനിച്ച ചിലര്‍ വിയര്‍പ്പിനെയാണ് കാരണമാക്കുന്നത്. അത് നജസല്ല. വേണമെന്നു വിചാരിച്ചാല്‍ ആര്‍ക്കും മതം പാലിക്കാനാവുമെന്നുസാരം.

രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തില്‍ ചെറുതല്ലാത്ത റോളുണ്ട്. ചെറുപ്പം മുതല്‍ മക്കളെ മതരീതികള്‍ പരിശീലിപ്പിക്കുകയും മതവുമായും സുന്നീസംഘടനാ പ്രവര്‍ത്തകരുമായുമൊക്കെ ബന്ധപ്പെടുത്തുകയും വേണം. അങ്ങനെ ദീന്‍ പാലിക്കല്‍ സ്വഭാവത്തിന്‍റെ ഭാഗമായി മാറ്റാനായാല്‍ മക്കളെ ഓര്‍ത്ത് ആശങ്കപ്പെടാതെ ജീവിക്കാം. സ്വയം നന്നാവാതെ ഇതിനൊന്നുമാവില്ലെന്ന് ആദ്യമേ മനസ്സിലാക്കുകയും വേണം.

You must be logged in to post a comment Login