നാല് ഖലീഫമാരുടെ ഹജ്ജ് സമീപനം

നാല് ഖലീഫമാരുടെ ഹജ്ജ് സമീപനം

ശരീരവും മനസ്സും സമ്പത്തും ഒന്നിച്ചു പങ്കാളിയാസുന്ന പുണ്യകര്‍മമാണ് ഹജ്ജ്. ദുര്‍മേദസ്സുകളില്‍ നിന്ന് മുക്തമായ ശരീരവും ശുദ്ധമായ മനസ്സും അനുവദനീയ സമ്പത്തുമാണ് ഹജ്ജിന്‍റെ പങ്കാളികള്‍. കര്‍മങ്ങള്‍ കണിശതയോടെ നിര്‍വഹിക്കുന്നതിനൊപ്പം മനസ്സും ശരീരവും കൂടി അതിനോടൊന്നിച്ച് സഞ്ചരിക്കണമെന്നത് ഹജ്ജില്‍ ശ്രദ്ധിക്കേണ്ട ഗൗരവമുള്ള കാര്യമാണ്. തിരുനബി(സ്വ) പറഞ്ഞു: തെറ്റ് ചെയ്യാതെ, അനാവശ്യ വാക്കുകള്‍ ഉപേക്ഷിച്ച് ഒരാള്‍ ഹജ്ജ് നിര്‍വഹിച്ചാല്‍ ജനിച്ച ദിവസത്തിലെന്നപോലെ അയാള്‍ പാപമോചിതനായിത്തീരും (ബുഖാരി 1449, മുസ്ലിം 1350). അനാവശ്യ വാക്കുകള്‍, തര്‍ക്കങ്ങള്‍ തുടങ്ങിയവ ഹജ്ജില്‍ പാടില്ലെന്ന ആശയം ഖുര്‍ആനും പ്രതിപാദിച്ചിട്ടുണ്ട്. സഹയാത്രികരെ പരിഗണിച്ചും സേവിച്ചും തന്നെക്കാള്‍ മറ്റുള്ളവരെ കണ്ടറിഞ്ഞും ഹജ്ജിന്‍റെ പുണ്യകര്‍മങ്ങള്‍ നിര്‍വഹിച്ചവരായിരുന്നു സച്ചരിതരെല്ലാം. അവരില്‍ ഏറെ മുന്‍പന്തിയിലായിരുന്നു മഹാന്‍മാരായ ഖുലഫാഉറാശിദുകള്‍. നാലു ഖലീഫമാരുടെ ഹജ്ജനുഷ്ഠാനത്തിലെ പാഠങ്ങള്‍ ഹ്രസ്വമായി അവലോകനം ചെയ്യാം.

 

സിദ്ദീഖ്(റ)

ഹിജ്റ ഒന്‍പതാം വര്‍ഷം തിരുനബി(സ്വ) ഹജ്ജ് അമീറായി സിദ്ദീഖ്(റ)നെ നിശ്ചയിച്ചു. സഹയാത്രികരോടൊന്നിച്ച് അദ്ദേഹം ഹജ്ജിന് പുറപ്പെട്ട സമയത്താണ് സൂറത്തു തൗബയുടെ അവതരണം നടക്കുന്നത്. അപ്പോള്‍ നബി(സ്വ) അലി(റ)നോട് മുമ്പേ പോയ സിദ്ദീഖ്(റ)നെ അനുഗമിച്ച് ഹജ്ജിന് പുറപ്പെടാന്‍ കല്‍പ്പിച്ചു. നബി(സ്വ)യുടെ വാഹനമായിരുന്ന അള്ബാഅ് ഒട്ടക പുറത്താണ് അലി(റ) യാത്ര തിരിച്ചത്. ദുല്‍ഹുലൈഫയില്‍ വച്ച് സിദ്ദീഖ്(റ)വുമായി അലി(റ) സംഗമിച്ചു.  പിന്നീട് അവര്‍ ഒന്നിച്ചായി യാത്ര. സിദ്ദീഖ്(റ)വിന്‍റെ സഹായിയും ഉപനായകനുമായി അലി(റ) യാത്രയിലുടനീളം നിറസാന്നിധ്യമായി. പ്രധാന കര്‍മങ്ങളെ കുറിച്ച് ആവശ്യമായ ഇടങ്ങളില്‍ വച്ചെല്ലാം സഹയാത്രികരെ ബോധ്യപ്പെടുത്തുന്നതില്‍ ശക്തമായ ശ്രദ്ധയായിരുന്നു സിദ്ദീഖ്(റ)ന്. തര്‍വിയത്തിന് മുമ്പ്, അറഫ ദിനത്തില്‍, അറവ് ദിനത്തില്‍, ജംറകളില്‍, മിനയിലെ മടക്കയാത്രയില്‍ നിരന്തരമായ ക്ലാസുകളും പ്രസംഗങ്ങളുമായി സഹയാത്രികരെ സജ്ജരാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു മഹാന്‍. തൗബ സൂറത്തിന്‍റെ ആമുഖ ഭാഗം പാരായണം ചെയ്തായിരുന്നു പ്രസംഗങ്ങളെല്ലാം ആരംഭിച്ചിരുന്നത്. അതിനൊരു കാരണമുണ്ട്, ഹിജ്റ ആറാം വര്‍ഷം ഹജ്ജ് നിര്‍ബന്ധമായതിന് ശേഷം ഹജ്ജിനൊരുങ്ങിയ മുസ്ലിംകള്‍ക്ക് മക്കയില്‍ നിന്ന് ശത്രുക്കളുടെ ഭീഷണികളുണ്ടായിരുന്നു.

ഹിജ്റ എട്ടാം വര്‍ഷം മക്ക വിജയം നടന്നു. പൂര്‍ണമായും മക്കയും പരിസരവും മുസ്ലിംകളുടെ പരിധിയിലായി. പക്ഷേ പൂര്‍ണ നഗ്നരായി കഅ്ബ ത്വവാഫ് ചെയ്യുന്ന മക്കാ മുശ്രിക്കുകളുടെ പ്രവൃത്തി തിരുനബി(സ്വ)യെ വല്ലാതെ വേദനിപ്പിച്ചു. അവിടുന്ന് പറയുകയുണ്ടായി: ഇപ്പോഴും പൂര്‍ണ നഗ്നരായാണ് മുശ്രിക്കുകള്‍ കഅ്ബയെ ചുറ്റുന്നത്. മക്കയും കഅ്ബയും ശുദ്ധമാവുന്നത് വരെ ഞാന്‍ ഹജ്ജ് ചെയ്യുന്നില്ല. പരിപൂര്‍ണമായി മക്കയും കഅ്ബയും ദുര്‍വൃത്തരില്‍ നിന്ന് മോചിപ്പിക്കപ്പെട്ടുവെന്നും അവര്‍ക്ക് ഇനിയവിടെ താമസിക്കാന്‍ അനുമതിയില്ലെന്നുമുള്ള അറിയിപ്പുകളാണ് തൗബ സൂറത്തിന്‍റെ പ്രമേയങ്ങളില്‍ പ്രധാനം. ഇത് കാരണമാണ് സിദ്ദീഖ്(റ) തന്‍റെ പ്രസംഗങ്ങളിലെല്ലാം തൗബ സൂറത്ത് പാരായണം ചെയ്തിരുന്നത്. ഇനി മുതല്‍ നഗ്നരായി കഅ്ബ ത്വവാഫ് ചെയ്യരുതെന്നും അല്ലാഹുവിനോടും റസൂലിനോടുമുള്ള കരാറുകള്‍ കൃത്യമായി പാലിക്കണമെന്നുമുള്ള ഉപദേശങ്ങളും സിദ്ദീഖ്(റ)ന്‍റെ പ്രസംഗങ്ങളില്‍ പ്രത്യേകം ഉണര്‍ത്തിയിരുന്നു. സഹയാത്രികരെ രണ്ടായി ഭാഗിച്ച് അവരെ നിയന്ത്രിക്കാനും ബോധവല്‍കരിക്കാനും അലി(റ)നെ ഏല്‍പിച്ചു. സഹായത്തിന് അബൂഹുറൈറ(റ)വിനെയും.

മനുഷ്യ ബന്ധങ്ങള്‍ തകര്‍ക്കുന്ന പ്രവണതകള്‍ ഒരാളില്‍ നിന്നും ഉണ്ടാവരുത്, സഹജീവി സ്നേഹം മനുഷ്യന്‍റെ സമാധാന ജീവിതത്തിനും പ്രപഞ്ചത്തിന്‍റെ സുഗമമായ സഞ്ചാരത്തിനും നിലനില്‍പ്പിനും ആവശ്യമാണ്, പരസ്പരമുള്ള ദൃഢബന്ധം ഒരിക്കലും തകര്‍ക്കരുത്, കുലമഹിമയും സമ്പത്തിന്‍റെ മേല്‍ക്കോയ്മയുമൊന്നും മേനി നടിക്കാന്‍ പറ്റിയ മാനദണ്ഡങ്ങളല്ല, വിശ്വാസവും സൂക്ഷ്മതയുള്ള ജീവിതവുമാണ് മനുഷ്യന് മുഖ്യം… എന്നിങ്ങനെയുള്ള ഉണര്‍ത്തലുകളായിരുന്നു സഹയാത്രികര്‍ക്ക് സിദ്ദീഖ്(റ) നല്‍കിക്കൊണ്ടിരുന്നത്. സിദ്ദീഖ്(റ)ന്‍റെ ഈ ഹജ്ജ് യാത്ര ഹജ്ജത്തുല്‍ വദാഇന്‍റെ അറിയിപ്പ് കൂടിയായിരുന്നു. ഈ ഹജ്ജിന് പുറമെ ഹജ്ജത്തുല്‍ വദാഇലും  മഹാന്‍ പങ്കടുത്തിട്ടുണ്ട്.

ഹജ്ജത്തുല്‍ വദാഇലെ ഒരു സംഭവം ഇമാം അഹ്മദ് അബ്ദുല്ലാഹിബ്നു സുബൈറി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നുണ്ട്. അസ്മാഅ്(റ) പറഞ്ഞു: ഞങ്ങള്‍ തിരുനബി(സ്വ)യോടൊന്നിച്ച് ഹജ്ജിന് പുറപ്പെട്ടു. വഴിയിലൊരിടത്ത് ഞങ്ങള്‍ വിശ്രമിക്കാനിറങ്ങി. ഞങ്ങളുടേയും നബിയുടേയും ഭക്ഷണസാമഗ്രികളുടെ സഞ്ചി ഒന്നായിരുന്നു. ഞങ്ങളുടെ കൂടെ പിതാവ് അബൂബക്കര്‍(റ)ന്‍റെ ഒരടിമയുമുണ്ട്. ഞാന്‍ ഉപ്പക്കരികിലും ആഇശ(റ) തിരുനബിക്കരികിലും ഇരിക്കുകയാണ്. ആ സമയത്താണ് അടിമ കയറിവരുന്നത്. യാത്രാമൃഗമായ ഒട്ടകമില്ലാതെയാണ് അടിമയുടെ വരവ്. ഇത് കണ്ട ഉപ്പ അടിമയോട് ചോദിച്ചു: എവിടെ നിന്‍റെ ഒട്ടകം?

അടിമ: അതിനെ ഇന്നലെ കാണാതായി.

സിദ്ദീഖ്(റ): ഒരൊട്ടകത്തെ നിനക്ക് ശ്രദ്ധിക്കാന്‍ കഴിയില്ലേ?

ഇത് കേട്ട് പുഞ്ചിരിച്ച് കൊണ്ട് നബി(സ്വ) സ്വിദ്ദീഖ്(റ)നോട് പറഞ്ഞു: എന്താണ് ഹജ്ജിന് ഇഹ്റാം ചെയ്ത ഇയാള്‍ ചെയ്യുന്നത്? (മുസ്നദ് അഹ്മദ് 344/6).

 

ഉമര്‍(റ)

ഹറമിന്‍റെ മഹത്ത്വവും പവിത്രതയും സൂക്ഷിക്കുന്നതില്‍ കണിശത പാലിക്കണമെന്ന നിര്‍ബന്ധ പ്രകൃതക്കാരനായിരുന്നു രണ്ടാം ഖലീഫ ഉമര്‍(റ). ഹജ്ജ് കര്‍മങ്ങള്‍ക്ക് ശേഷം മക്കയില്‍ തങ്ങുന്നവരെ പ്രഹരിക്കുകയും യമനികളെയും ശാമുകാരെയും ഇറാഖികളെയുമെല്ലാം തിരഞ്ഞുപിടിച്ച് നാട്ടിലേക്ക് തിരിച്ചുപോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു അദ്ദേഹം. കഅ്ബയുമായും ഹറമുമായും കൂടുതല്‍ ഇണങ്ങുമ്പോള്‍ അവയോടുള്ള ബഹുമാനം നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടാണ് ഉമര്‍(റ) ഇങ്ങനെ ചെയ്തിരുന്നത്. തിരുനബി(സ്വ)യുടെ മദീന പള്ളിയില്‍ ശബ്ദമുണ്ടാക്കിയവരെ ഉമര്‍(റ) ശകാരിച്ചതും ഇന്നാട്ടുകാരായിരുന്നുവെങ്കില്‍ നിങ്ങളെ ഞാന്‍ ശിക്ഷിക്കുമായിരുന്നുവെന്ന് പറഞ്ഞതും പ്രസിദ്ധം.

ഹിജ്റ ഇരുപത്തി മൂന്നാം വര്‍ഷം ഹജ്ജ് കര്‍മത്തില്‍ ഉമര്‍(റ) പങ്കെടുത്തിട്ടുണ്ട്. രക്തസാക്ഷിയാവുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രസ്തുത ഹജ്ജ് വേളയിലാണ് യമനിലെ ഖറന്‍ സ്വദേശിയായ താബിഈ പ്രമുഖന്‍ ഉവൈസ്(റ)നെ ഉമര്‍(റ) അന്വേഷിക്കുന്നതും കണ്ടെത്തുന്നതും. കൂടെ അലി(റ)വുമുണ്ടായിരുന്നു. ഹൃദയസ്പര്‍ശിയായ ഈ സംഭവം നിരവധി ചരിത്ര ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. തിരുനബി(സ്വ) പറഞ്ഞേല്‍പ്പിച്ച സലാം ഉവൈസ്(റ)ന് കൈമാറിയതും പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടതുമെല്ലാം ഈ ഹജ്ജ് വേളയിലാണ്. നബി(സ്വ)യുടെ കാലത്ത് ജീവിക്കുകയും പക്ഷേ പ്രവാചകരെ കാണാന്‍ അവസരമില്ലാതെയാവുകയും ചെയ്ത ഉവൈസി(റ)ന്‍റെ ശരീര പ്രകൃതിയും തിരിച്ചറിയാനുള്ള അടയാളവുമെല്ലാം റസൂല്‍(സ്വ) ഉമര്‍(റ)നെ പ്രത്യേകം ബോധ്യപ്പെടുത്തിയിരുന്നു. എല്ലാം കണ്ടെത്തി ബോധ്യപ്പെട്ട അദ്ദേഹം ഉവൈസ്(റ)നെ ആശ്ലേഷിച്ചത് ഇമാം മുസ്ലിം(റ) അടക്കമുള്ളവര്‍ ഉദ്ധരിച്ചിട്ടുണ്ട്.

സഹയാത്രികര്‍ക്ക് സേവനം ചെയ്തും അവരെ സഹായിച്ചുമൊക്കെയായിരുന്നു ഉമര്‍(റ)ന്‍റെ ഹജ്ജ് യാത്ര. ഭക്ഷണത്തിനും വെള്ളത്തിനും പ്രയാസപ്പെടുന്നവരെ കണ്ടെത്തി പരിചരിക്കാനും രോഗികളെയും സ്ത്രീകളെയും വൃദ്ധരെയും പ്രത്യേകം പരിഗണിക്കാനും ഖലീഫ ശ്രദ്ധിച്ചിരുന്നു. അറഫയില്‍ വച്ച് ഉമര്‍(റ)നെതിരെ ഒരു വധശ്രമം നടന്നു. പ്രമുഖ ചരിത്രകാരന്‍ ഇബ്നു സഅ്ദ് ജുബൈറുബ്നു മുത്വ്ഇമില്‍ നിന്ന് പ്രസ്തുത സംഭവം ഉദ്ധരിക്കുന്നുണ്ട്. ഉമര്‍(റ)വും സഹയാത്രികരും അറഫയിലെ പര്‍വതത്തില്‍ നില്‍ക്കുന്ന സമയം ഒരാള്‍ ഉമര്‍(റ)നെ അത്യുച്ചത്തില്‍ വിളിച്ചു. ഇത് കേട്ട ഒരാള്‍ അയാളോട് ക്രോധത്തോടെ പ്രതികരിച്ചു. സുബൈര്‍(റ) അയാളുടെ അടുത്തെത്തി ഖലീഫയെ അപമാനിക്കുന്ന രൂപത്തില്‍ പെരുമാറിയതിനെതിരെ ശക്തമായി ആക്ഷേപിച്ചു. സുബൈര്‍(റ) പറയുന്നു: പിറ്റേന്ന് ഞങ്ങള്‍ ജംറയില്‍ എറിയുമ്പോള്‍ ഒരു ഉരുളന്‍ കല്ല് വന്ന് ഉമര്‍(റ)ന്‍റെ തലയില്‍ പതിച്ചു. തല പിളര്‍ന്നു. ഞാന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ മലമുകളില്‍ ഒരാള്‍ നില്‍ക്കുന്നു. അയാള്‍ വിളിച്ച് പറയുന്നു; ‘കഅ്ബയുടെ രക്ഷിതാവ് തന്നെ സത്യം! ഇനിയൊരിക്കലും ഉമര്‍ ഈ സ്ഥലത്ത് വരികയില്ല. ഇത് ഉമറിന്‍റെ മക്കയിലേക്കുള്ള അവസാന വരവാണ്.’ ആഇശ(റ)യില്‍ നിന്നും ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട് (താരീഖുല്‍ ഖുലഫ-ഇമാം സുയൂഥി. പേ. 135). വേറെയും മുഹദ്ദിസുകള്‍ പ്രസ്തുത ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

മഹത്തുക്കള്‍ പ്രധാന ഉദ്ദേശ്യങ്ങളും ആവശ്യങ്ങളും കരുതിക്കൊണ്ടായിരുന്നു സംസം കുടിച്ചിരുന്നത്. ഉമര്‍(റ) സംസം കുടിക്കുമ്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: പടച്ചവനേ, അന്ത്യനാളില്‍ ദാഹമില്ലാതിരിക്കാന്‍ ഞാന്‍ സംസം കുടിക്കുന്നു (അല്‍ജൗഹറുല്‍ മുനള്ളം).

 

ഉസ്മാന്‍(റ)

മൂന്നാം ഖലീഫ ഉസ്മാന്‍(റ) തന്‍റെ ഭരണ കാലങ്ങളില്‍ അവസാന വര്‍ഷമൊഴികെയുള്ള ഹജ്ജുകളെല്ലാം നിര്‍വഹിച്ചിട്ടുണ്ട്. മുഫ്രിദ് (ഹജ്ജിന് മാത്രം ഇഹ്റാം ചെയ്യുക) ആയാണ് മുഴുവന്‍ ഹജ്ജുകളും അദ്ദേഹം നിര്‍വഹിച്ചത്. നീണ്ട ഇരുപത്തി നാല് വര്‍ഷമാണ് ആദ്യ മൂന്ന് ഖലീഫമാരുടെ  ഭരണ കാലം. അവര്‍ മുഴുവന്‍ ഈ കാലമത്രയും മുഫ്രിദുകളായി ഹജ്ജ് നിര്‍വഹിച്ചത് ഇഫ്റാദാണ് ഏറ്റവും ശ്രേഷ്ഠമെന്നതിന് ഇമാം നവവി(റ) ലക്ഷ്യമായി ഉദ്ധരിക്കുന്നുണ്ട് (ശറഹുല്‍ മുഹദ്ദബ്, ശറഹു മുസ്ലിം.) സിദ്ദീഖ്(റ)വും ഉമര്‍(റ)വും ചെയ്തിരുന്നതും അങ്ങനെ തന്നെയായിരുന്നു.

ഹജ്ജിന് പുറപ്പെടുന്നതിന്‍റെ മുമ്പ് തന്നെ തന്‍റെ ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രത്യേകം കത്തെഴുതി അവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉസ്മാന്‍(റ) ഉത്ബോധിപ്പിച്ചിരുന്നു. തങ്ങളുടെ അടുക്കല്‍ വരുന്ന പരാതികള്‍ക്ക് പരിഹാരം കാണുക, നന്‍മ ഉണര്‍ത്തിയും തിന്‍മ തടഞ്ഞും ഹാജിമാര്‍ക്കൊപ്പം നില്‍ക്കുക, അശരണരെ സഹായിച്ചും സാന്ത്വനം നല്‍കിയും കടമകള്‍ നിര്‍വഹിക്കുക എന്നിവയായിരുന്നു കത്തിലെ ഉള്ളടക്കം.

സഹയാത്രികരോടും മറ്റു ഹാജിമാരോടും ഇടക്കിടെ ഉല്‍ബോധനം നടത്തുന്ന പതിവുണ്ടായിരുന്നു ഉസ്മാന്‍(റ)വിന്. ഹജ്ജിന്‍റെ മൂല്യവും സത്തയും നഷ്ടപ്പെടുത്താതെയും വിശുദ്ധ ഭൂമിയുടെ പവിത്രത കണക്കിലെടുത്തും കര്‍മങ്ങള്‍ നിര്‍വഹിക്കണമെന്നതായിരുന്നു ഉല്‍ബോധനങ്ങളുടെയെല്ലാം കാതല്‍. ‘മനുഷ്യരേ, നിങ്ങള്‍ സംഗമിച്ചിട്ടുള്ളത് അല്ലാഹു വളരെ കൂടുതല്‍ ആദരിച്ച ഒരിടത്താണ്. ഗൗരവത്തോടെ ഞാന്‍ നിങ്ങളോട് പറയട്ടെ. അല്ലാഹുവിനെ ഭയപ്പെടുക, അവന്‍ ആദരിക്കുന്നവയെ ആദരിക്കുക, മുഹാജിറുകള്‍, അന്‍സ്വാറുകള്‍ അടക്കമുള്ള മുസ്ലിംകള്‍ക്ക് വലിയ അനുഗ്രഹമാണ് അല്ലാഹു നല്‍കിയിട്ടുള്ളത്. അവര്‍ക്ക് നാം നന്ദിയുള്ളവരാവുക (താരീഖുല്‍ മദീന 1091/3).

മക്കയിലെത്തിയ ഉടന്‍ വുളൂഅ് ചെയ്ത് കഅ്ബ ത്വവാഫ്(ഖുദൂമിന്‍റെ ത്വവാഫ്) ചെയ്തായിരുന്നു ഉസ്മാന്‍(റ) ഹജ്ജിലേക്ക് പ്രവേശിച്ചിരുന്നത്. മക്കയിലെത്തിയവര്‍ ആദ്യം നിര്‍വഹിക്കേണ്ട കര്‍മവും അച്ചടക്കവും ഇങ്ങനെയായിരിക്കണമെന്നും തിരുനബിയും സിദ്ദീഖ്(റ), ഉമര്‍(റ) അടക്കമുള്ളവര്‍ അങ്ങനെയാണ് നമുക്ക് കാണിച്ച് തന്നതെന്നും ഉസ്മാന്‍(റ) പ്രത്യേകം ഊന്നിപ്പറയുകയും ചെയ്തിരുന്നു. മിനയില്‍ ഇബാദത്തിന്‍റെ സൗകര്യത്തിന് സ്വന്തമായി ടെന്‍റ് കെട്ടി കഴിഞ്ഞുകൂടുന്ന പ്രകൃതമായിരുന്നു ഉസ്മാന്‍(റ)വിന്‍റേത്. അറഫയില്‍ കൂടുതല്‍ സമയം ദുആഇനായി നീക്കിവെക്കുകയും സഹയാത്രികരെ കുറിച്ച് ഇടക്കിടെ അന്വേഷിക്കുകയും സഹായം ആവശ്യമായിടത്ത് ഇടപെടുകയും ചെയ്തുകൊണ്ടായിരുന്നു ഖലീഫ ഹജ്ജിന്‍റെ കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നത്.

ഉസ്മാന്‍, അലി, ഹുസൈന്‍ എന്നിവര്‍ ഒന്നിച്ചുള്ള ഹജ്ജ് വേള. യാത്രക്കിടെ അവര്‍ വഴിപിരിഞ്ഞു. പിന്നെ രണ്ട് ഭാഗത്തിലൂടെയായി യാത്ര തുടര്‍ന്നു. ഉസ്മാന്‍(റ)വും സംഘവും യാത്ര ചെയ്യുന്നതിനിടയില്‍ ഒട്ടകത്തിനരികില്‍ ഉറങ്ങിക്കിടക്കുന്ന ഒരാളെ കണ്ടു. ഉസ്മാന്‍(റ) അയാളെ വിളിച്ചുണര്‍ത്തി. അദ്ദേഹത്തിന് ആശ്ചര്യം. നേരത്തെ കൂടെ യാത്ര ചെയ്ത് ഇടക്കുവച്ച് പിരിഞ്ഞ ഹുസൈന്‍(റ)വായിരുന്നു അത്.

ഉസ്മാന്‍(റ) ചോദിച്ചു: എന്തു പറ്റി?

ഹുസൈന്‍(ഖ): സുഖമില്ല, ഇരുപത് ദിവസത്തോളമായി ശക്തമായ തലവേദനയാണ്. അലി(റ)നെ വിളിച്ചുവരുത്തി. അദ്ദേഹം ചോദിച്ചപ്പോഴും മറുപടി അതുതന്നെയായിരുന്നു. അലി(റ) തലമുടി കളയാന്‍ പറഞ്ഞു. ഹജ്ജ് കര്‍മത്തിന് ശേഷം ഒട്ടകത്തെ അറുത്ത് പ്രായശ്ചിത്തം നല്‍കാനും (ത്വബ്രി 3/196). ഒരു ഹജ്ജ് വേളയില്‍ തിരുനബിയുടെ ഭാര്യമാര്‍ ഉസ്മാന്‍(റ)ന്‍റെ കൂടെയുണ്ടായിരുന്നു. ഉമര്‍(റ)ന്‍റെ കൂടെയും നബി പത്നിമാര്‍ ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. ഹജ്ജിന് പുറപ്പെട്ട ഇദ്ദയിലുള്ള സ്ത്രീകളെ ഉസ്മാന്‍(റ) ഒരു ഹജ്ജ് വേളയില്‍ തിരിച്ച് പറഞ്ഞയച്ചിരുന്നതായി ചരിത്രകാരന്‍മാര്‍ കുറിച്ചിട്ടുണ്ട്.

 

അലി(റ)

ഭക്ഷണവും യാത്രാ സൗകര്യങ്ങളുമെല്ലാം ഉണ്ടായിട്ടും ഹജ്ജ് നിര്‍വഹിക്കാത്തവന്‍ ജൂതനോ ക്രിസ്ത്യനോ ആയി മരിക്കട്ടെ എന്ന പ്രസിദ്ധ ഹദീസ് നാലാം ഖലീഫ അലി(റ)വില്‍ നിന്നാണ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. അതിസൂക്ഷ്മമായാണ് ഹജ്ജിന്‍റെ മുഴുകര്‍മങ്ങളും അലി(റ) നിര്‍വഹിച്ചത്. അനുവദനീയ അവസരങ്ങള്‍ പോലും സൂക്ഷ്മതയുടെ പേരില്‍ മഹാന്‍ മാറ്റിവച്ചു. ഹജ്ജ് വേളയില്‍ വേട്ട മൃഗത്തിന്‍റെ മാംസം കൊണ്ട് തയ്യാര്‍ ചെയ്ത ഭക്ഷണം കഴിക്കാനിരിക്കുകയാണ് ഉസ്മാന്‍(റ)വും സഹയാത്രികരും. അലി(റ) കൂടി വന്നോട്ടെ എന്ന് ചിലര്‍ പറയുകയുണ്ടായി. ഭക്ഷണത്തളികയുടെ മുന്നിലിരിക്കുന്നവരോട് അലി(റ) മാംസത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. വേട്ടമൃഗമാണെന്നറിഞ്ഞപ്പോള്‍ എനിക്ക് വേണ്ട, ഞാന്‍ ഇഹ്റാമിലാണെന്നായി അദ്ദേഹം. ഇത് കേട്ട് ഉസ്മാന്‍(റ) എന്താണ് കാരണമെന്നന്വേഷിച്ചു.

അലി(റ) പ്രതിവചിച്ചു: സത്യവിശ്വാസികളേ! നിങ്ങള്‍ ഇഹ്റാമിലായി വേട്ടമൃഗങ്ങളെ കൊല്ലരുത് എന്നാണല്ലോ ഖുര്‍ആന്‍ പറഞ്ഞത്.

ഉസ്മാന്‍(റ): അതിന് നാം വേട്ടയാടിയിട്ടില്ലല്ലോ, വേട്ടയാടാന്‍ ആളെ വിട്ടിട്ടുമില്ല.

അലി(റ): നിങ്ങള്‍ ഇഹ്റാമിലായിരിക്കുമ്പോള്‍ കരയിലെ വേട്ടമൃഗങ്ങള്‍ നിങ്ങള്‍ക്ക് നിഷിദ്ധിമാണെന്നും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടല്ലോ (ത്വബ്രി 96/11).

വേട്ടമൃഗത്തിന്‍റെ മാംസം കഴിക്കുന്നത് ഉമര്‍(റ)വും ഉസ്മാന്‍(റ)വും അനുവദിച്ചിരുന്നുവെങ്കിലും സൂക്ഷ്മതയുടെ ഭാഗമായി അലി(റ) അത് വെറുത്തു. കരയിലെ വേട്ടമൃഗങ്ങള്‍ നിഷിദ്ധമാണെന്ന് ഖുര്‍ആന്‍ പറഞ്ഞത് വേട്ടയാടല്‍ നിഷിദ്ധമാണെന്ന അര്‍ത്ഥത്തിലാണെന്ന് ഉമര്‍(റ)വും ഉസ്മാന്‍(റ) നിരീക്ഷിച്ചപ്പോള്‍, ഒരു നിലയിലും പാടില്ലെന്നാണ് അലി(റ) നിരീക്ഷിച്ചത്.

ഹിജ്റ ഒന്‍പതാം വര്‍ഷം സിദ്ദീഖ്(റ)ന്‍റെ നേതൃത്വത്തില്‍ പുറപ്പെട്ട ഹാജിമാരുടെ കൂടെ അലി(റ) പ്രവാചകാജ്ഞ പ്രകാരം ചേര്‍ന്നത് പരാമര്‍ശിച്ചല്ലോ. സൂറത്തു തൗബയുടെ ഒന്നു മുതല്‍ നാല് വരെയുള്ള വചനങ്ങള്‍ ജനങ്ങളെ ബോധവല്‍കരിച്ചും ഹറമിന്‍റെ പവിത്രത ഉണര്‍ത്തിയും അദ്ദേഹം സിദ്ദീഖ്(റ)ന് സഹായിയായി. സിദ്ദീഖ്(റ)വിന്‍റെ അറഫ പ്രസംഗം കേള്‍ക്കാത്തവരുടെ അരികിലെത്തി അലി(റ) പ്രസംഗം ആവര്‍ത്തിക്കുമായിരുന്നു. കൂട്ടത്തില്‍ തിരുനബി(സ്വ) ഏല്‍പിച്ചയച്ച തൗബ സൂറത്തിന്‍റെ ആമുഖത്തിന്‍റെ ആശയ പ്രബോധനവും നടത്തും. ദുല്‍ഹിജ്ജ, മുഹര്‍റം, സ്വഫര്‍, റബീഉല്‍ അവ്വല്‍, റബീഉല്‍ ആഖിറിലെ ആദ്യ പത്ത് ദിനം അടക്കമുള്ള നാല് മാസം അവിശ്വാസികള്‍ക്ക് മക്കയില്‍ തങ്ങാന്‍ സമയം നല്‍കി. അവിശ്വാസികളില്‍ നിന്ന് പൂര്‍ണമായും മക്കയും ഹറമും പരിശുദ്ധമായി. ഈ മഹാധര്‍മത്തിന് ധീരോദാത്തമായ മാതൃകയാണ് അലി(റ) ആ ഹജ്ജ് വേളയില്‍ നിര്‍വഹിച്ചത്.

ഭരണ വര്‍ഷങ്ങളിലെ മുഴുവന്‍ ഹജ്ജുകളും അലി(റ) നിര്‍വഹിച്ചിട്ടില്ല. ഭരണപരമായ ഉത്തരവാദിത്വങ്ങള്‍ക്കാണ് അദ്ദേഹം പ്രാമുഖ്യം നല്‍കിയിരുന്നത്. വിവിധ വര്‍ഷങ്ങളില്‍ അബ്ദുല്ലാഹിബ്നു അബ്ബാസ്, ഖുസമുബ്നു അബ്ബാസ്, ശൈബത്തുബ്നു ഉസ്മാന്‍ തുടങ്ങിയ പ്രമുഖരെ അമീറുമാരായി നിശ്ചയിച്ച് ഹജ്ജിന്‍റെ കര്‍മങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ അലി(റ) പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. അവശതയനുഭവിക്കുന്നവരെ മുഴുസ്ഥലങ്ങളിലും സഹായിക്കാനും ഭക്ഷണം, വെള്ളം അടക്കം അവര്‍ക്കാവശ്യമായ മുന്‍കരുതലുകള്‍ നടത്താനും അമീറുമാര്‍ക്ക് നിര്‍ദേശം നല്‍കി. സിദ്ദീഖ്(റ)വും ഭരണകാലത്ത് ഹജ്ജ് നിര്‍വഹിച്ചിട്ടില്ലെന്നാണ് ചരിത്രകാരന്മാരില്‍ ഒരു വിഭാഗത്തിന്‍റെ പക്ഷം. പ്രമുഖ ചരിത്രകാരന്‍ ത്വബരി(റ) ഇത് വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

മഹാത്മാക്കളുടെ ഹജ്ജനുഭവങ്ങള്‍ അറിയുന്നത് നമ്മുടെ ആരാധനകളുടെ പവിത്രതക്കും ആത്മാര്‍ത്ഥമായ നിര്‍വഹണത്തിനും പ്രചോദനമാണ്. ഹാജിയെന്ന വിളിപ്പേരായിരുന്നില്ല, ദൈവികമായ പ്രതിഫലമായിരുന്നു, സ്വര്‍ഗീയ പറുദീസയിലെ സ്ഥാനമാനങ്ങളായിരുന്നു അവരുടെയെല്ലാം ലക്ഷ്യം. ആധുനിക ഹജ്ജെഴുത്തുകളില്‍ അതെത്രമാത്രമുണ്ടെന്നത് ചിന്തനീയമാണ്.

You must be logged in to post a comment Login