നോട്ട് നിരോധനത്തിന്റെ നബിദർശനം

അൽ ഉജ്‌ലതു മിന ശ്ശൈത്വാൻ’ എന്നത് പ്രസിദ്ധമായൊരു നബിവചനമാണ്. എടുത്തുചാട്ടം പൈശാചികമാണെന്ന് ലളിതസാരം. ബുദ്ധിയും വിവേകവുമുള്ളവരാണ് മനുഷ്യർ. അത് യഥാവിധി ഉപയോഗിക്കുന്നവർ പക്വമതികളും പ്രത്യുത്പന്നമതികളുമൊക്കെയാവും. പാഴാക്കുന്നവരും വാശിവൈരാഗ്യത്തിനും മറ്റുമായി ദുരുപയോഗം ചെയ്യുന്നവരും വൈകാതെ ഖേദിക്കേണ്ടിവരും.

ഏതുകാര്യത്തിലും അവധാനത വേണം. അതിന്റെ ഗുണഫലങ്ങളെക്കുറിച്ച് ചിന്തിക്കുകയും ദോഷവശങ്ങൾ കൃത്യമായി വിലയിരുത്തുകയും വേണം. എടുത്തുചാടി എന്തെങ്കിലും ചെയ്തിട്ട് പിന്നീട് ദുഃഖിക്കുന്നതിലർത്ഥമില്ല.

സമാനമായി നബി(സ്വ) പറഞ്ഞ മറ്റൊരു വാക്യസാരമിങ്ങനെ: ‘അടിയന്തര പ്രാധാ

ന്യമില്ലാത്തതിൽ ചെന്നു പെടാതിരിക്കുന്നത് വിശ്വാസസൗന്ദര്യത്തിന്റെ ഭാഗമാകുന്നു.’ ഇതും ചിന്തിച്ചുമാത്രം പ്രവർത്തിക്കാനാണ് പ്രേരിപ്പിക്കുന്നത്. വാക്കിലും നോക്കിലും പ്രവൃത്തികളിലൊക്കെയും ഈ സാവകാശം ഉണ്ടായേതീരൂ. ജീവിതത്തിന്റെ എല്ലാ മേഖലയിലും നബി(സ്വ) ഇത് പ്രാവർത്തികമാക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യയുമൊത്തുള്ള ലൈംഗിക വേഴ്ചക്കുമുമ്പുപോലും ഇക്കാര്യം ശ്രദ്ധിക്കാനായാണ് ധൃതികാണിക്കരുതെന്നും രണ്ടുദൂതന്മാർ (ചുംബനം, സ്‌നേഹഭാഷണം) ആദ്യം വേണമെന്നും ലോക ഗുരു പഠിപ്പിച്ചത്. അനുചിതമായൊരു വാക്കിന്റെ തിക്തഫലം മാരകമാവുന്നത് ആശാവഹമല്ലല്ലോ. ത്വലാഖ് ദുരുപയോഗം ചെയ്യുന്നതൊക്കെ പലപ്പോഴും ഇത്തരം ശ്രദ്ധക്കുറവുകൊണ്ടാണ്.

കള്ളപ്പണം വെളുപ്പിച്ചെടുക്കാൻ പ്രധാനമന്ത്രി മോദി സ്വീകരിച്ച നടപടികൾ ഈ ഗണത്തിലാണ് പെടുന്നത്. പത്ത് മാസം ചിന്തിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും എടുത്ത്ചാടി ഊരയൊടിയുകയാണ് ഫലത്തിൽ സംഭവിച്ചത്. നാടാകെ കലങ്ങിമറിഞ്ഞു. ജനം മുഴുവൻ എല്ലാ ജോലികളും ഉപേക്ഷിച്ച് ബാങ്കുകൾക്ക് മുമ്പിൽ കാത്തുകെട്ടിനിൽക്കേണ്ടിവന്നു. നിർമാണപ്രവർത്തനങ്ങൾ പാടെ നിന്നു. ടൂറിസ്റ്റുകൾ പട്ടിണിയായി. സ്വന്തം സമ്പാദ്യം കൂടിക്കിടന്നിട്ടും മനുഷ്യമക്കൾ യാതന അനുഭവിച്ചു. അവസാനം പ്രതിഷേധവും കവർച്ചയും വസ്ത്രമുരിയ

ലും കൂട്ടത്തല്ലും ആത്മഹത്യയും അരങ്ങേറി. കള്ളപ്പണം രാജ്യത്തെ സ്‌നേഹിക്കുന്ന ആർക്കും അംഗീകരിക്കാനാവാത്തതാണ്. വ്യാജ നോട്ടുകൾ രാജ്യസുരക്ഷക്കുതന്നെ ഭീഷണിയുമാണ്. എന്നുവെച്ച് 80% ത്തിലധികം വരുന്ന പൊതുജനത്തെ നരകയാതന അനുഭവിപ്പിച്ചാണോ ഇതിനെതിരെ നടപടിയെടുക്കേണ്ടത്? സ്വന്തക്കാരെ സംരക്ഷിക്കുക, വൻകിടക്കാർക്കും

പാർട്ടിക്കാർക്കും ആദ്യമേ വിവരം നൽകുക പോലുള്ള ആരോപണങ്ങൾ ഉയർന്നത് ഈ പശ്ചാതലത്തിലാണ്.

ഭരണത്തിലേറി 100 ദിവസം പൂർത്തിയാകുംമുമ്പ് വിദേശ ബാങ്കുകളിലെ കള്ളപ്പണം പിടിച്ചെടുത്ത് ഓരോ പൗരനും 15 ലക്ഷം വീതം വിതരണം ചെയ്യുമെന്നുകൂടി പറഞ്ഞായിരുന്നല്ലോ മോദി വോട്ട് വാങ്ങിയത്. എന്നിട്ട് ഇതുവരെ 15 പൈസ ഈ വകയിൽ ആർക്കും ലഭിച്ചില്ലെന്നുമാത്രമല്ല കോടതിക്കുപോലും കള്ളപ്പണക്കാരുടെ ലിസ്റ്റ് നൽകാതെ കള്ളക്കളി കളിക്കുകയാണ് ഭരണാധികാരികൾ. ഇതിലെങ്കിലും സുതാര്യതവരുത്തിയിട്ടുമതിയായിരുന്നു നോട്ടുനിരോധനത്തിന്റെ പേരിലുള്ള എടുത്തുചാട്ടം.

You must be logged in to post a comment Login