ബദര്‍ സ്വേഛാധിപത്യത്തിനെതിരായ വിജയം

യൗമുല്‍ ഫുര്‍ഖാന്‍ (സത്യാസത്യ വിവേചനദിനം) എന്നാണ് ഖുര്‍ആന്‍ ബദര്‍ ദിനത്തിന് നല്‍കിയ വിശേഷണം. ബദര്‍ ഉണര്‍ത്തുന്ന ചിന്തകള്‍ വിശുദ്ധിയുടെ നാളുകള്‍ക്ക് ആവേശവും ഉശിരും നല്‍കുന്നു. അതിലുപരി മനസ്സിന് കരുത്തും ഊര്‍ജവും പ്രദാനിക്കുന്നു. ഹിജ്റ രണ്ടാം വര്‍ഷം റമളാന്‍ പതിനേഴിനാണ് മദീനക്കടുത്ത ബദ്റില്‍ ഇരുളും വെളിച്ചവും ഏറ്റുമുട്ടിയത്.

ഹിജ്റ രണ്ടാം വര്‍ഷം ജമാദുല്‍ അവ്വലില്‍ (ക്രി: 623 ജൂലൈയില്‍) ശാമിലേക്ക് പോകുന്ന ഖുറൈശി ഒട്ടക സംഘത്തെ ഉദ്ദേശിച്ച് നബി (സ്വ)പുറപ്പെട്ടു. മക്കയില്‍ ഖുറൈശികളിലെ ഒരാളും ഒഴിവാകാതെ തങ്ങളുടെ സമ്പാദ്യം മുഴുവന്‍ ആ വാണിജ്യ സംഘത്തില്‍ മുതലിറക്കിയിരുന്നു. അന്‍പതിനായിരം സ്വര്‍ണ്ണ നാണയങ്ങളും ആയിരം ഒട്ടകങ്ങളും എന്നാണ് ചരിത്രം പറയുന്ന കണക്ക്. മുസ്ലിംകളെ പുറത്താക്കിയപ്പോള്‍ പിടിച്ചെടുത്ത സമ്പാദ്യമായിരുന്നു അതില്‍ നല്ലൊരു പങ്കും. അത് മുസ്ലിംകളുടെ അവകാശം കൂടിയാണ്. അതിനാല്‍ മുഹാജിറുകളായ നൂറ്റമ്പതുപേരുമായി ഒട്ടക സംഘത്തെ തടയാന്‍ നബി (സ്വ) അല്‍ഉശൈറ എന്ന സ്ഥലത്തെത്തിയപ്പോഴേക്കും സംഘം കടന്നുപോയിരുന്നു. ഈ സംഘം ശാമില്‍ നിന്നും തിരിച്ചെത്തുമ്പോഴാണ് ബദര്‍ യുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഉണ്ടായത്.

ഖുറൈശികളുടെ കിരാതമായ അക്രമണത്തിനും സ്വേഛാധിപത്യത്തിനുമെതിരിലുണ്ടായ ഐതിഹാസിക വിജയമാണ് ബദര്‍. വിശ്വാസികളുടെ മക്കയിലെ സമ്പത്തും സംവിധാനങ്ങളും മറ്റു വസ്തുക്കളുമെല്ലാം ഖുറൈശികള്‍ പിടിച്ചടക്കിയിരുന്നു. അത് തിരിച്ചുപിടിക്കാനുള്ള അവസരമായിരുന്നു അബൂസുഫിയാന്‍റെ ഖാഫിലകളെ തടഞ്ഞുവെക്കല്‍. എന്നും ഭീരുക്കളും നിസ്സഹായരുമായി ജീവിക്കാനാവില്ല. എല്ലാം ഉപേക്ഷിച്ച് അക്രമികളുടെ ആട്ടും തൊഴിയും മടുത്ത് മക്ക വിട്ടിറങ്ങിയപ്പോള്‍ ഒരു മനസ്സാക്ഷിക്കുത്തും മുസ്ലിംകള്‍ക്കുണ്ടായിരുന്നില്ല. സമ്പാദ്യവും സൗഭാഗ്യവും വലിച്ചെറിഞ്ഞ് സത്യത്തിന്‍റെ വെളിച്ചം തേടിയുള്ള ആ പ്രയാണം ചരിത്രത്തിലെ ഇതിഹാസമായിരുന്നു. മദീനയിലെത്തിയിട്ടും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാതെ തങ്ങളില്‍ നിന്ന് തട്ടിയെടുത്ത സമ്പത്ത് ഉപയോഗിച്ച് വീണ്ടും തടിച്ചുകൊഴുക്കുന്ന ശത്രു സൈന്യത്തെ തടയല്‍ മാത്രമായിരുന്നു തിരുനബിയുടെ ലക്ഷ്യം.

ആതിഖയുടെ സ്വപ്നം

നബി(സ്വ)യുടെ പിതൃസഹോദരി ആതിഖ ഒരു സ്വപ്നം കണ്ടു. ഒരു സഞ്ചാരി ഒട്ടകപ്പുറത്ത് പ്രത്യക്ഷനായി. അബ്ത്വനില്‍ (മക്കയുടെ സമീപസ്ഥലം)വെച്ചും കഅ്ബയുടെ മുകളില്‍ വെച്ചും ഉയര്‍ന്ന ശബ്ദത്തില്‍ ഇങ്ങനെ വിളിച്ച് പറയുന്നു:

‘ഏയ് വഞ്ചകരേ, മൂന്ന് ദിവസത്തിന് ശേഷം നിങ്ങളുടെ മരണഭൂമിയിലേക്ക് പുറപ്പെടുക.’

പിന്നെ അയാള്‍ മലമുകളില്‍ നിന്നും ഒരു പാറക്കല്ല് താഴോട്ടിട്ടു. അത് ഉരുണ്ട് വന്ന് താഴ്വരയിലെത്തി പൊട്ടിച്ചിതറി. അതിന്‍റെ കഷ്ണം എത്താത്ത വീടോ കൂരയോ മക്കയില്‍ ഇല്ലായിരുന്നു. ആരോടും പറയരുതെന്ന് സത്യം ചെയ്യിപ്പിച്ച് അബ്ബാസ്(റ)നോട് ആതിഖ സ്വകാര്യമായി പറഞ്ഞ സ്വപ്ന വൃത്താന്തം പക്ഷേ, മക്കയിലാകെ പരന്നു. ഖുറൈശി സഭകളിലും നേതാവായ അബൂജഹ്ലിന്‍റെ ശ്രദ്ധയിലുമെല്ലാം സ്വപ്നവിവരം പരന്നു കഴിഞ്ഞു. ആതിഖയുടെ സ്വപ്നം പരിഹാസ പൂര്‍വം തള്ളിയ ഖുറൈശി സംഘത്തിന് മൂന്നാം ദിവസം നേരം വെളുത്തപ്പോള്‍ കാണാന്‍ കഴിഞ്ഞത് ഒട്ടകസംഘത്തെ രക്ഷപ്പെടുത്താന്‍ ഉടന്‍ യുദ്ധത്തിനു പുറപ്പെടണമെന്നറിയിക്കാന്‍ അബൂസുഫ്യാന്‍ പറഞ്ഞയച്ച ളംളമിന്‍റെ അട്ടഹാസമായരുന്നു:

‘ഖുറൈശികളേ, നിങ്ങളുടെ ഒട്ടകസംഘങ്ങളെയും സമ്പാദ്യങ്ങളും മുഹമ്മദും അനുയായികളും തടഞ്ഞിരിക്കുന്നു. നിങ്ങള്‍ക്കത് വീണ്ടെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.’

ഒട്ടകസംഘം രക്ഷപ്പെട്ടു

നബിയും സ്വഹാബികളും യാത്രചെയ്ത് സ്വഫ്റാഇല്‍ എത്തി. രഹസ്യാന്വേഷണത്തിന്നായി നബി(സ്വ) രണ്ടുപേരെ ബദറിലേക്കയച്ചു. അവര്‍ ബദ്റിലെത്തിയപ്പോള്‍ വെള്ളം കോരുന്ന രണ്ട് പെണ്ണുങ്ങള്‍ ശണ്ഠകൂടുന്നത് കണ്ടു. ഒരുത്തി മറ്റൊരുത്തിയോട് തനിക്ക് കിട്ടാനുള്ള കടം ചോദിക്കുന്നു. അപ്പോള്‍ കടബാധ്യതയുള്ളവള്‍ പറയുന്നു: ‘നാളയോ മറ്റന്നാളോ ഒട്ടകസംഘം വന്നെത്തും. അവര്‍ക്ക് പണിയെടുത്ത് കൊടുത്ത് നിന്‍റെ കടം ഞാന്‍ വീട്ടാം.’

ഈ വാര്‍ത്തയുമായി നബി(സ്വ)യുടെ രഹസ്യാന്വേഷകര്‍ മടങ്ങിവന്നു. അതിനു ശേഷം അബൂസുഫിയാന്‍ ഒട്ടകസംഘവുമായി അവിടെ എത്തി. അവിടെയുണ്ടായിരുന്ന മജ്ദിയ്യുബ്നു അംറിനോട് വിവരം അന്വേഷിച്ചു. തോല്‍ പാത്രത്തില്‍ വെള്ളം എടുത്ത രണ്ട് ഒട്ടക സവാരിക്കാരെ പറ്റി മജ്ദിയ്യ് പറഞ്ഞ്കൊടുത്തു. അബൂസുഫിയാന്‍ നിലത്തിറങ്ങി ഒട്ടക കാഷ്ടമെടുത്ത് പരിശോധിച്ചു. അതില്‍ മദീനയിലെ ഈത്തപ്പന കുരു കണ്ടു. ആ രണ്ടുപേരും മുഹമ്മദ് നബി(സ്വ) നിയോഗിച്ചവരായിരിക്കണമെന്നും മുസ്ലിംകള്‍ പരിസരത്തുതന്നെയുണ്ടാകുമെന്നും അബൂസുഫ്യാന്‍ ഊഹിച്ചു.

പതിവ് യാത്രാവഴി ഉപേക്ഷിച്ച് കടല്‍തീരത്തിലൂടെ അബൂസുഫിയാന്‍ ഒട്ടക സംഘവുമായി മക്കയിലേക്ക് രക്ഷപ്പെട്ടു. ഒട്ടക സംഘം സുരക്ഷിതമായത് കൊണ്ട് മക്കയിലേക്ക് മടങ്ങണമെന്ന് അദ്ദേഹം ഖുറൈശികളെ വിവരമറിയിച്ചു. പക്ഷേ അഹങ്കാരിയായ അബൂജഹല്‍ സമ്മതിച്ചില്ല. ബദറില്‍ ചെന്ന് മൂന്ന് ദിവസം താമസിച്ച് ഒട്ടകത്തെ അറുത്ത് ഭക്ഷണം ഊട്ടുകയും മദ്യം വിളമ്പുകയും കൊട്ടും പാട്ടും ആഘോഷിച്ചല്ലാതെ ഞങ്ങള്‍ തിരിച്ചുപോവില്ല. അബൂജഹല്‍ ആക്രോഷിച്ചു.

രംഗം മാറുന്നു

തങ്ങളില്‍ നിന്ന് തട്ടിയെടുത്ത സമ്പത്ത് തിരിച്ചുപിക്കാനുള്ള ശ്രമമാണ് ഖുറൈശി ധിക്കാരികളുടെ അഹങ്കാരം കാരണം യുദ്ധത്തിലേക്കെത്തിച്ചത്. മുസ്ലിംകള്‍ യാത്രതുടര്‍ന്ന് ദഫിറാന്‍ താഴ്വരയിലെത്തിയപ്പോള്‍ മക്കയില്‍ നിന്ന് ഖുറൈശികളൊന്നാകെ പുറപ്പെട്ടിട്ടുണ്ടെന്നറിഞ്ഞു. പരമാവധി എഴുപത് പേരുള്ള ഒട്ടകസംഘത്തെ തടയാനാണ് അവര്‍ പുറപ്പെട്ടത്. എന്നാല്‍ അംഗസംഖ്യയും ആയുധ ബലവും ഒത്തിണങ്ങിയ ഒരു കൂറ്റന്‍ സേനയുമായുള്ള ഏറ്റുമുട്ടലിനാണ് ഇപ്പോള്‍ ഒരുങ്ങേണ്ടിവന്നിരിക്കുന്നത്.

മുന്നൂറ്റി പതിമൂന്നാണ് മുസ്ലിം അംഗസംഖ്യ. അറുപത് അങ്കിയും രണ്ട് കുതിരയും എഴുപത് ഒട്ടകവുമാണ് കൂടെയുള്ളത്. ആയിരത്തോടടുത്ത് ആളുകളുള്ള ഖുറൈശികള്‍ക്ക് അറുനൂറ് അങ്കിയും നൂറ് കുതിരയും എഴുനൂറ് ഒട്ടകവും ഉണ്ടായിരുന്നു. മുസ്ലിംകളെ ആക്ഷേപിച്ച് പാടുന്ന ഗായികമാരും ദഫ്ഫ് മുട്ടുകാരും വേറെയും. മുസ്ലിംകള്‍ മൂന്ന് പതാകകള്‍ വഹിച്ചിരുന്നു. വെളുത്ത പതാക മുമ്പില്‍ മുസ്അബ്ബ്നു ഉമൈറും കറുത്ത ഓരോ പതാകകള്‍ അലി(റ)വും സഅ്ദ് ബ്നു മുആദ്(റ)വും കയ്യിലേന്തി.

ഖുറൈശികളുടെ പട പുറപ്പെട്ടതറിഞ്ഞ നബി(സ്വ) അനുയായികളുമായി കൂടിയാലോചന നടത്തി. ഒട്ടക സംഘത്തെ ഉദ്ദേശിച്ച് പുറപ്പെട്ട നാം വലിയൊരു സൈന്യത്തെ നേരിണ്ടേണ്ടിവന്നിരിക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്ന് പറയുക. മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബികളെല്ലാം നബി(സ്വ)ക്ക് ഉറപ്പ് കൊടുത്തു. ഞങ്ങള്‍ നബിയോടൊപ്പമുണ്ട്. താങ്കള്‍ സമുദ്രത്തില്‍ ഇറങ്ങിയാല്‍ ഞങ്ങളും കൂടെ ഇറങ്ങും. ഒരാളും വിട്ട് നില്‍ക്കില്ല. അന്‍സ്വാരിയായ പതാകവാഹകന്‍ സഅ്ദ്ബ്നു മുആദ്(റ) പറഞ്ഞു. തിരുനബിക്ക് സന്തോഷമായി. ദഫിറാനില്‍ നിന്നും അനുയായികളോടൊപ്പം യാത്രതുടര്‍ന്ന പ്രവാചകര്‍(സ്വ) ബദ്റിന് സമീപം ഇറങ്ങി. അനുയായികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു:

‘അല്ലാഹുവേ ഇവര്‍ നഗ്ന പാദരാണ് ഇവരെ വാഹനപ്പുറത്തേറ്റേണമേ! ഇവര്‍ വിവസ്ത്രരാണ്, ഇവര്‍ക്ക് നീ അണിയിക്കേണമേ! ഇവര്‍ വിശന്നവരാണ്, ഇവര്‍ക്ക് നീ ഭക്ഷിപ്പിക്കേണമേ! ഇവര്‍ ദരിദ്രരാണ്, നിന്‍റെ ഔദാര്യത്തില്‍ നിന്നും ഇവരെ നീ സമ്പന്നരാക്കേണമേ!’

ഈ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു. ബദ്റില്‍ നിന്ന് വരുമ്പോള്‍ വാഹനം വേണ്ടവന് വാഹനവും വസ്ത്രം വേണ്ടവന് വസ്ത്രവും ഭക്ഷ്യവിഭവങ്ങളും ലഭിച്ചു. ബന്ദികളാക്കപ്പെട്ട ശത്രുക്കളെ മോചിപ്പിക്കാന്‍ ഖുറൈശികള്‍ കൊടുത്ത ദ്രവ്യത്തിലൂടെ ഓരോരുത്തരും സാമ്പത്തികമായി മെച്ചപ്പെട്ടു. വൈകുന്നേരമായപ്പോള്‍ ഖുറൈശികളുടെ വിവരമന്വേഷിച്ച് വരാന്‍ നബി(സ്വ) ഒരു സംഘത്തെ അയച്ചു. അവര്‍ ഖുറൈശികളുടെ ജലസേവകന്മാരായ രണ്ട് പേരെ പിടിച്ച് കൊണ്ടുവന്നു. അവരില്‍ നിന്നും ഖുറൈശികളുടെ മുഴുവന്‍ വിവരവും നബി(സ്വ) മനസ്സിലാക്കി പറഞ്ഞു: മക്ക, അതിന്‍റെ കരള്‍തുണ്ടുകളെ നിങ്ങള്‍ക്ക് ഇട്ട്തന്നിരിക്കുന്നു.

സന്തോഷത്തിന്‍റെ മഴ

മുസ്ലിംകള്‍ അല്‍ഉദ്വതുദുന്‍യായില്‍ (മദീനയോട് അടുത്ത താഴ്വര) താവളമടിച്ചു. പക്ഷേ മുസ്ലിംകള്‍ ജലസ്രോതസ്സുകളില്‍ നിന്ന് അകന്നും ഖുറൈശികള്‍ അടുത്തുമായിരുന്നു. അംഗസ്നാനത്തിനും കുളിക്കാനും ദാഹമകറ്റാനും ആവശ്യമായ വെള്ളത്തിന് രാത്രിയില്‍ അല്ലാഹു മഴ വര്‍ഷിപ്പിച്ചു. പൊടി അടങ്ങി. ഭൂമി ഉറച്ചു. സഞ്ചാരയോഗ്യമായി. വെള്ളം സുലഭമായി. ദാഹം തീര്‍ത്തു. പാത്രങ്ങളിലെല്ലാം വെള്ളം നിറച്ചു. അന്തരീക്ഷവും മനസ്സുമെല്ലാം കുളിരണിഞ്ഞു. ഇതേ സമയം ഖുറൈശികളുടെ താവളത്തില്‍ ചെളി നിറഞ്ഞു. നടക്കാനും വാഹന സഞ്ചാരത്തിനും പറ്റാതായി.

അല്ലാഹു പറഞ്ഞു: ‘ആകാശത്ത് നിന്നും അവന്‍ നിങ്ങള്‍ക്ക് മീതെ മഴ വര്‍ഷിപ്പിക്കുന്നു. അത്കൊണ്ട് നിങ്ങളെ അവന്‍ ശുദ്ധീകരിക്കാനും പിശാചിന്‍റെ മാലിന്യം ദൂരീകരിക്കാനും നിങ്ങളുടെ ഹൃദയങ്ങള്‍ ബലപ്പെടുത്താനും പാദങ്ങള്‍ ഉറപ്പിച്ചു നിറുത്താനും’ (ഖുര്‍ആന്‍ 8/11).

ഹിജ്റ രണ്ടാം വര്‍ഷം റമളാന്‍ പതിനേഴ് വെള്ളിയാഴ്ച രാവായിരുന്നു അത്. വിജയത്തെ കുറിച്ച് മുസ്ലിംകള്‍ക്ക് റസൂല്‍(സ്വ) സന്തോഷവാര്‍ത്ത നല്‍കി. ഖുറൈശി തലവന്മാര്‍ മരിച്ച് വീഴുന്ന സ്ഥലങ്ങള്‍ കാണിച്ച് കൊടുത്തു. അനുയായികളെല്ലാം ആ രാത്രിയില്‍ ഉറങ്ങി. ആരാധനാ നിരതനായ നബി(സ്വ) സുജൂദില്‍ യാ ഹയ്യുഹല്‍ ഖയ്യൂം എന്ന് നിരന്തരം വിളിച്ച് പ്രാര്‍ത്ഥിച്ച് നേരം വെളുപ്പിച്ചു. അല്ലാഹുവേ, ഈ സംഘം നശിപ്പിക്കപ്പെട്ടാല്‍ പിന്നെ നീ ആരാധിക്കപ്പെടുകയില്ല. പ്രാര്‍ത്ഥനയില്‍ അവിടുന്ന് പറഞ്ഞു.

പോരാട്ടത്തിലേക്ക്

നേരം വെളുത്തപ്പോള്‍ മുസ്ലിംകളുടെ അംഗസംഖ്യ നോക്കാന്‍ ഉമൈറുബ്നു വഹാബിനെ ഖുറൈശികള്‍ നിയോഗിച്ചു. ബദര്‍ താഴ്വര ചുറ്റിക്കറങ്ങി തിരിച്ചെത്തിയ ഉമൈര്‍ പറഞ്ഞു: ‘ഏകദേശം മുന്നൂറുപേരാണവര്‍. ഒളിപ്പോരാളികളോ സഹായ സൈന്യമോ ഒന്നും അവര്‍ക്കില്ല. പക്ഷേ അവര്‍ വീട്ടിലേക്ക് മടങ്ങാന്‍ വന്നവരല്ല. ഒറ്റ തീര്‍പ്പിലാണവരുള്ളത്. നമ്മളില്‍ ഒരാള്‍ മരിച്ച് വീഴാതെ അവരില്‍ ഒരാള്‍ മരിച്ച് വീഴില്ല. ധീരരും ശൂരരും വീരരുമായാണ് മുസ്ലിംകളുടെ നില്‍പ്.’

 പരാജയം മണത്തറിഞ്ഞ ഉമൈര്‍ യുദ്ധം ചെയ്യാതെ തിരിച്ചുപോകാന്‍ ആഗ്രഹിച്ചു. ഹകീമുബ്നു ഹിസാമും ഉത്ബതുമെല്ലാം ആ അഭിപ്രായക്കാരായിരുന്നു. തിരുനബി(സ്വ)യും ഉമര്‍(റ) മുഖേനെ യുദ്ധം ഒഴിവാക്കാനുള്ള അവസാനവട്ട അനുരജ്ഞന ശ്രമം നടത്തി. അബൂജഹല്‍ എല്ലാം അട്ടിമറിച്ചു. യുദ്ധത്തിനു വേണ്ടി അയാള്‍ വാശിപിടിച്ചു.

ഖുറൈശികളോട് ഏറ്റവും അടുത്ത ജലസ്രോതസ്സ് തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും മറ്റുള്ളവ നികത്തുകയും ചെയ്യാനുള്ള യുദ്ധ തന്ത്രമാണ് മുസ്ലിംകള്‍ ആദ്യം എടുത്തത്. അതിലൂടെ ശത്രുക്കളുടെ വെള്ളം മുട്ടിക്കുകയും അങ്ങനെ അവര്‍ പിരിഞ്ഞ് പോവുന്ന രംഗം സൃഷ്ടിക്കുകയുമായിരുന്നു ലക്ഷ്യം. അതില്‍ അവര്‍ വിജയിച്ചു.

മുസ്ലിംകളും മുശ്രിക്കുകളും യുദ്ധഭൂമിയില്‍ അണിനിരന്നപ്പോള്‍ പോരാട്ടം തുടങ്ങുന്നതിന് മുമ്പ് ഓരോരുത്തരേയും അവരുടെ ദൃഷ്ടിയില്‍ ന്യൂനപക്ഷമായി അല്ലാഹു കാണിച്ചു കൊടുത്തു (ഖു: 8/44). യുദ്ധം രൂക്ഷമായപ്പോള്‍ ശത്രുക്കളുടെ ദൃഷ്ടിയില്‍ മുസ്ലിംകളെ ഭൂരിപക്ഷമായി അല്ലാഹു കാണിച്ചുകൊടുത്തു (ഖു: 3/13).

അതിനിടയില്‍ അസ്വദുല്‍ മഖ്സൂമി എന്ന ഭീകരന്‍ ഇങ്ങനെ ആക്രോശിച്ചു: ‘മുഹമ്മദിന്‍റെ ഹൗളില്‍ നിന്ന് ഞാന്‍ കുടിക്കും. അല്ലെങ്കില്‍ ഞാനത് തകര്‍ക്കും. അതുമല്ലെങ്കില്‍ ഞാന്‍ മരിക്കും.’ ഇത് പറഞ്ഞ് അസ്വദ് മുന്നോട്ടിറങ്ങി. മുസ്ലിംകളില്‍ നിന്ന് ഹംസ(റ) അയാളെ തടയാനായിറങ്ങി. അസ്വദിന്‍റെ കാലില്‍ വെട്ടി. അത് മുറിഞ്ഞ് തെറിച്ച് അവന്‍റെ മുതുകില്‍ വന്ന് വീണു. എന്നിട്ടും ശപഥം നിറവേറ്റാന്‍ നിരങ്ങിനിരങ്ങി ഹൗളിലേക്ക് അവന്‍ തള്ളിക്കയറി. പരിക്കില്ലാത്ത കാല്‍ കൊണ്ട് ഹൗളിന്‍റെ ഒരു ഭാഗം തകര്‍ത്തു. അല്‍പം വെള്ളം കുടിച്ചു. ഹംസ(റ) അവനെ വധിച്ചു.

ഉത്ബ, ശൈബ, വലീദ്  എന്നിവര്‍ മുശ്രികുകളില്‍ നിന്നും അങ്കത്തിന്നിറങ്ങി. അവരെ യഥാക്രമം ഉബൈദത്ത്(റ), ഹംസ(റ), അലി(റ) എന്നിവര്‍ നേരിട്ടു. ഹംസ(റ)യും അലി(റ)വും തങ്ങളുടെ പ്രതിയോഗികളെ വധിച്ചു. ഉബൈദത്തും ശൈബത്തും ഏറ്റുമുട്ടി. രണ്ട് പേരും മുറിവേറ്റ് വീണു. ഹംസ (റ)വും അലി (റ)വും ചാടിയിറങ്ങി ശൈബത്തിനെ വധിച്ചു. ഉബൈദത്ത് (റ)വിനെ നബിയുടെ അടുത്തേക്ക് ചുമുന്നുകൊണ്ടുപോയി. മദീനയിലേക്കുള്ള മടക്കയാത്രയില്‍ സ്വഫ്റാഇല്‍ വെച്ച് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

തനിക്കുവേണ്ടി തയ്യാറാക്കിയ പന്തലില്‍ പ്രാര്‍ത്ഥനയിലാണ്ട നബി(സ്വ) ‘ശത്രു സൈന്യം ശേഷം തുരത്തപ്പെടും. അവര്‍ പിന്തിരിഞ്ഞ് കളയും’ എന്ന ഖുര്‍ആന്‍ വാക്യം (45/46) പാരായണം ചെയ്ത് കൊണ്ട് പുറത്തുവന്നു. വിജയവാര്‍ത്തയും മലാഇകതുകളെ ഇറക്കിക്കൊണ്ടുള്ള സന്തോഷവാര്‍ത്തയും നബി(സ്വ)ക്ക് ലഭിച്ചിരുന്നു.

ഇബ്ലീസ് ബദ്റില്‍

കിനാന ഗോത്രക്കാരനായ സുറാഖത്ത് ബ്നു മാലികിന്‍റെ രൂപത്തില്‍ ഇബ്ലീസ് തന്‍റെ സൈന്യവുമായി ഖുറൈശിപക്ഷത്തുണ്ടായിരുന്നു. അബൂജഹലിന്‍റെ സഹോദരന്‍ ഹാരിസ്ബ്നു ഹിശാമിന്‍റെ കൈ കോര്‍ത്ത് പിടിച്ചിരിക്കുന്ന വേളയിലാണ് ജിബ്രീലിന്‍റെ നേതൃത്വത്തില്‍ മലക്കുകള്‍ ഇറങ്ങുന്നത് ഇബ്ലീസ് കാണുന്നത്. കൈ വേര്‍പ്പെടുത്തി ഇബ്ലീസ് ഓടി. കൂടെ സൈന്യവും.

ഞാന്‍ നിങ്ങളില്‍ നിന്നൊഴിവാണ്. നിങ്ങള്‍ കാണാത്തത് ഞാന്‍ കാണുന്നു… നിര്‍ണായക ഘട്ടത്തില്‍ ഞങ്ങളെ കൈവിടുകയാണോ എന്ന് ചോദിച്ച ഹാരിസിനോട് ഇബ്ലീസ് പറഞ്ഞു (സീറത്തുല്‍ ഹലബിയ്യ 2/173).

നബി(സ്വ) പോര്‍ക്കളത്തിലിറങ്ങി. ശത്രുക്കളുടെ അടുത്തേക്ക് ചെന്ന് ഒരു പിടി ചരല്‍ വാരിയെടുത്ത്. ഖുറൈശികളെ അഭിമുഖീകരിച്ച് ‘മുഖങ്ങള്‍ വികൃതമാവട്ടെ’ എന്ന് പറഞ്ഞ് അവരെ എറിഞ്ഞു. അനുയായികളോട് പോരാടാന്‍ കല്‍പ്പിച്ചു. ആ മണ്ണില്‍ നിന്നും അല്‍പമെങ്കിലും ഏല്‍ക്കാത്ത ഒരു ശത്രുവും ഉണ്ടായിരുന്നില്ല. തളികയില്‍ ചരല്‍ വന്ന് വീഴുന്നത് പോലെ ഹൃദയങ്ങളിലും പിറകിലും ഒരു ശബ്ദം കേട്ടപ്പോള്‍ കഠിന ഭയത്താല്‍ പിന്തിരിഞ്ഞോടി എന്നാണ് ചില മുശ്രിക്കുകള്‍ പിന്നീട് അനുഭവം വിവരിച്ചത്.

‘നിങ്ങള്‍ അവരെ വധിച്ചിട്ടില്ല. പ്രത്യുത അല്ലാഹുവാണ് അവരെ വധിച്ചിരിക്കുന്നത്. താങ്കള്‍ എറിഞ്ഞിട്ടില്ല. താങ്കള്‍ എറിഞ്ഞപ്പോള്‍ അല്ലാഹുവാണ് എറിഞ്ഞിരിക്കുന്നത് (ഖു:8/17).

സത്യത്തിന്‍റെ വിജയം

സത്യമാണ് ബദ്റില്‍ വിജയിച്ചത്. അധികാരത്തിന്‍റെയും പണത്തിന്‍റെയും ഹുങ്കില്‍ മനുഷ്യത്വം മറന്ന കഷ്മലന്മാരുടെ അന്ത്യം കുറിച്ച ഭൂമിയാണ് ബദര്‍. നിങ്ങള്‍ സ്വര്‍ഗത്തിലേക്ക് എഴുന്നേല്‍ക്കുക. ആകാശഭൂമികളുടെ അത്രയാണ് അതിന്‍റെ വിസ്താരം. ഭയഭക്തിയുള്ളവര്‍ക്കത് സജ്ജീകരിച്ചിരിക്കുന്നു എന്നിങ്ങനെ ധര്‍മസമരത്തിന് പ്രേരിപ്പിച്ച് കൊണ്ടുള്ള പ്രസംഗങ്ങളില്‍ ആവേശം കൊണ്ട് സ്വര്‍ഗം പ്രാപിക്കാന്‍ മോഹം അലയടിച്ച് യുദ്ധക്കളത്തിലേക്ക് ചാടിവീണ ഉമൈറുബ്നുല്‍ ഹുമാമിനെപോലുള്ള ധീരരാണ് ബദ്റില്‍ പോരാടിയത്.

ബദ്ര്‍ദിനം മുസ്ലിം ഭടന്മാരുടെ മനസ്സുകളെ ഭരിച്ചിരുന്ന വികാരവും ഉത്തേജിപ്പിച്ചിരുന്ന ഈ മാനികാവേശവും സൃഷ്ടിച്ചെടുത്തതിന് നിരവധി കാരണങ്ങളുണ്ട്. നബി(സ്വ)യുടെ പ്രാര്‍ത്ഥനയും അമാനുഷിക പ്രകടനങ്ങളും മുസ്ലിം ഭടന്മാരുടെ ആത്മധൈര്യവും അത്യുജ്വലപോരാട്ടവും മലക്കുകളുടെ സാന്നിധ്യവും യുദ്ധഗതി നിര്‍ണയിച്ച സംഗതികളായുരുന്നു.

ആരവം നിലച്ചു

യുദ്ധം കഴിഞ്ഞപ്പോള്‍ മുശ്രികുകളില്‍ നിന്ന് എഴുപത് പേര്‍ വധിക്കപ്പെടുകയും എഴുപത് പേര്‍ ബന്ധികളാക്കപ്പെടുകയും ചെയ്തു. വധിക്കപ്പെട്ടവരില്‍ ഉത്ബത്ത്, ശൈബത്ത്, അബൂജഹല്‍, ഉമയ്യതുബ്നു ഖലഫ്, സംഅതുബ്നുല്‍ അസ്വദ് തുടങ്ങിയ പ്രമുഖരുണ്ടായിരുന്നു. ബന്ദികളില്‍ ഉഖ്ബതുബ്നു അബീ മുഐത്വ്, നള്റുബ്നു ഹാരിസ്, അംറുബ്നു അബൂസുഫിയാന്‍, ഖാലിദുബ്നുല്‍ വലീദ് പോലുള്ള പ്രമുഖരും.

മനം നിറയെ കോട്ടകള്‍ കെട്ടി ബദ്റിലേക്ക് പുറപ്പെട്ട എല്ലാ അഹങ്കാരികളും അവിടെ നിലം പതിച്ചു. നാട്ടിലും മറുനാട്ടിലും മുസ്ലിംകളെ സ്വസ്ഥമായി ജീവിക്കാനനുവദിക്കില്ലെന്ന പിടിവാശിയുമായി ഖുറൈശികള്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍ ചോദിച്ചുവാങ്ങിയ തിരിച്ചടി. ഒരു സമൂഹം എന്നും ദുര്‍ബലരായി കഴിയുകയില്ല. പീഡിതരുടെ ഉയര്‍ത്തെഴുന്നേല്‍പ് ഒരിക്കലുണ്ടാകും.

ബദര്‍; മുസ്ലിം മനസ്സുകള്‍ക്കാവേശമാണ്. എന്നും എവിടെയും ബദ്രീങ്ങള്‍ വിശ്വാസി മനസ്സിനെ കീഴടക്കിയിട്ടുണ്ട്. എക്കാലവും അവരുടെ അവലംബമായി, അത്താണിയായി ബദ്രീങ്ങളെ അല്ലാഹു നിലനിറുത്തിയിരിക്കുന്നു. അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാരായ ബദ്രീങ്ങള്‍ മുസ്ലിം സമുദായത്തിന്‍റെ രക്ഷാകവചമാണ്.

സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞ് പോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞ്പോകുന്നതാകുന്നു (ഖു:17/81).

അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

You must be logged in to post a comment Login