ബാങ്കിംഗിന്റെ ചരിത്രം; പലിശയുടെയും

പതിനാലാം നൂറ്റാണ്ടില്‍ ഇറ്റലിയിലാണ് ബാങ്ക് എന്ന ആശയം ആദ്യമായി പ്രാവര്‍ത്തികമായത്. ദരിദ്രരെ സഹായിക്കുന്നതിന് കണ്ടെത്തിയ പോംവഴിയായിട്ടായിരുന്നു ബാങ്കിന്റെ ഉത്ഭവം. അതിന്റെ നടത്തിപ്പുകാര്‍ സമ്പന്ന വ്യക്തിയോ സമ്പന്നരുടെ കൂട്ടായ്മയോ ആയിരുന്നു. അവരുടെ നിശ്ചിത തുകയായിരുന്നു ബാങ്കിന്റെ മൂലധനം. നടത്തിപ്പുകാരന്‍ എന്ന നിലയിലല്ലാതെ ഇതുമായി സഹകരിക്കാന്‍ സന്നദ്ധതയുള്ള സമ്പന്നരില്‍ നിന്നും പണം ശേഖരിച്ച് മൂലധനത്തോടൊപ്പം ചേര്‍ത്ത് മൊത്തം സംഖ്യയും പണം ആവശ്യപ്പെടുന്ന ദരിദ്രര്‍ക്ക് വായ്പയായി നല്‍കുകയും നിബന്ധന അനുസരിച്ച് തവണകളായി തിരിച്ചടക്കുകയും ചെയ്യുക എന്നതായിരുന്നു ഈ സംവിധാനത്തിന്റെ പ്രാരംഭരീതി.

ഇവിടെ രണ്ടു പ്രശ്നങ്ങള്‍ ഉദിച്ചു. ഒന്ന്, ബാങ്കിന്റെ നടത്തിപ്പ് ചെലവിന് ആവശ്യമായ പണം കണ്ടെത്തുക. രണ്ട്, ബാങ്കുമായി സഹകരിച്ച് പണം നിക്ഷേപിക്കുന്ന സമ്പന്നരെ പ്രോത്സാഹിപ്പിക്കാന്‍ അവര്‍ക്ക് നിക്ഷേപ തുകക്ക് പ്രതിഫലം നല്‍കുക. ബാങ്കില്‍ നിന്നും വായ്പയെടുക്കുന്ന ദരിദ്രരില്‍ നിന്നും നിശ്ചിത തുക പലിശയായി ഈടാക്കുക എന്നതായിരുന്നു ഈ രണ്ട് പ്രശ്നങ്ങള്‍ക്കും പരിഹാരമായി കണ്ടെത്തിയത്. ബാങ്കിന്റെ നടത്തിപ്പുകാര്‍ ഇറക്കുന്ന മൂലധനത്തിനു പ്രതിഫലം ലഭിക്കണമെന്ന ചിന്തകൂടി ഉടലെടുത്തപ്പോള്‍ നടത്തിപ്പിനുള്ള ചെലവ്, നിക്ഷേപകര്‍ക്ക് നല്‍കുന്ന പലിശ, നടത്തിപ്പുകാര്‍ക്ക് ലഭിക്കുന്ന ലാഭം എന്നീ മൂന്ന് ലക്ഷ്യങ്ങള്‍ക്കു മതിയാകുന്ന സംഖ്യ ദരിദ്രരില്‍ നിന്ന് ഗഡുക്കളായി ഈടാക്കേണ്ടിവന്നു. നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശയുടെയും വായ്പക്കാര്‍ അടക്കുന്ന പലിശയുടെയും ഇടയിലുള്ള ഭീമമായ വ്യത്യാസം മറ്റു രണ്ടു കാര്യത്തിനും ചെലവഴിക്കുന്നതു കൊണ്ടുണ്ടായതാണ്.

ദരിദ്രരെ സഹായിക്കുന്നതിന് വേണ്ടി ബാങ്ക് സംവിധാനം എന്ന ആശയം മുന്നോട്ടുവെച്ചവര്‍ സത്യമത വിശ്വാസികളല്ലാത്തതിനാല്‍ അവരുടെ മുതല്‍മുടക്കിനും അടിസ്ഥാന നിക്ഷേപത്തിനും അല്ലാഹു നല്‍കുന്ന പ്രതിഫലം വാഗ്ദാനം ചെയ്യാനോ അത് ആഗ്രഹിച്ച് ദരിദ്രരെ സഹായിക്കാനോ അവര്‍ക്ക് സാധിച്ചില്ല.

അവശത അനുഭവിക്കുന്നവരെ സഹായിക്കുക എന്നത് വിശുദ്ധ ഇസ്‌ലാമിന്റെ അടിസ്ഥാന ദര്‍ശനങ്ങളില്‍ ഒന്നാണ്. പരലോകത്തുള്ള വിജയമാണ് അതിനു ഇസ്‌ലാം വിഭാവനം ചെയ്യുന്ന പ്രതിഫലം. അതിലുപരി ധനം വായ്പ നല്‍കുന്നതിന് അത്രയും ധനം ധര്‍മം (സ്വദഖ) ചെയ്യുന്നതിന്റെ പകുതി പ്രതിഫലം പരലോകത്ത് ലഭിക്കുന്നതാണ് എന്ന സുവിശേഷം കൂടി മതം അറിയിച്ചു.

തിരിച്ചുനല്‍കാന്‍ മാര്‍ഗമില്ലാത്ത ദരിദ്രര്‍ക്ക് പണം വായ്പ നല്‍കി പ്രയാസപ്പെടുത്തരുത്. പകരം അവര്‍ക്ക് ആവശ്യമായ തുക സ്വദഖയായി നല്‍കണം. മതദര്‍ശനങ്ങള്‍ പാലിക്കാനും അല്ലാഹു വാഗ്ദാനം ചെയ്ത പ്രതിഫലം മാത്രം പ്രതീക്ഷിച്ച് ദരിദ്രനെ സഹായിക്കാനും ദരിദ്ര സേവനം പ്രോത്സാഹിപ്പിക്കാനും സത്യമത വിശ്വാസിക്കേ സാധിക്കൂ. ആശ്വാസം ലഭിക്കുന്നത് അപ്പോഴാണ് ദരിദ്രന്. ബാങ്ക് അടക്കമുള്ള ഭൗതിക സംവിധാനങ്ങളില്‍ ദരിദ്രര്‍ കൂടുതല്‍ ചൂഷണത്തിന് വിധേയരാകുകയാണ്. അവന്റെ ദാരിദ്ര്യം സമ്പന്നര്‍ ചൂഷണം ചെയ്യുന്നു. താല്‍ക്കാലിക ആശ്വാസത്തിന്റെ പേരില്‍ അവന്‍ കൂടുതല്‍ കഷ്ടത അനുഭവിക്കേണ്ടി വരുന്നു.

പ്രാരംഭത്തില്‍ സാധുസംരക്ഷണത്തിന്റെ ഭാഗമായിരുന്നു ബാങ്ക് സംവിധാനമെങ്കിലും വര്‍ത്തമാന കാലത്ത് സമൂഹത്തിലെ നാനാതുറകളിലുള്ള ജനങ്ങളുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി അത് വളര്‍ന്നിട്ടുണ്ട്. അവിശ്വാസികള്‍ക്ക് പുറമെ വിശ്വാസികള്‍ക്കും ബാങ്കുമായി ബന്ധപ്പെടേണ്ടിവരുന്നു. ദരിദ്രര്‍ക്ക് പുറമെ സമ്പന്നരും ബാങ്കില്‍ നിന്നും വായ്പ എടുക്കാന്‍ നിര്‍ബന്ധിതരാവുന്നു. സൂക്ഷ്മശാലികളായ മതപണ്ഡിതന്മാര്‍ക്ക് പോലും ബാങ്ക് ബാന്ധവത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ പലപ്പോഴും കഴിയുന്നില്ല.

വ്യവസായം, വ്യാപാരം എന്നിവക്ക് പുറമെ വിദ്യ അഭ്യസിക്കാനും ബാങ്കിടപാട് അനിവാര്യമായ അവസ്ഥയാണ്. മറുനാട്ടില്‍ നിന്നും പണം അയക്കാന്‍ ബാങ്കിടപാട് നിര്‍ബന്ധമായി വരുന്നു. സമ്പന്നര്‍ക്ക് പോലും പുതിയ വ്യവസായങ്ങളോ വ്യാപാരങ്ങളോ ആരംഭിക്കാന്‍ ബാങ്ക് വായ്പയും ഇന്‍ഷൂറന്‍സും കൂടാതെ കഴിയില്ല. നിശ്ചിത സംഖ്യയിലധികം സ്വന്തം കൈവശത്തില്‍ സൂക്ഷിക്കുന്നതു പോലും നിയമപരമായി കുറ്റകരമാണ്; അസുരക്ഷിതത്വവും. ഈ കാര്യങ്ങള്‍ മുന്നില്‍ വെച്ചാല്‍ ബാങ്ക് അനിവാര്യമായി വരും.

സേവിംഗ് അക്കൗണ്ടാണ് പൊതുവെ ജനങ്ങള്‍ക്ക് ലഭിക്കുക. ബാങ്കിന്റെ നിയമങ്ങള്‍ അംഗീകരിക്കുമെന്ന കരാര്‍ ഒപ്പിട്ടാണ് അക്കൗണ്ട് എടുക്കുക. അതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിലെ എല്ലാ ഇടപാടുകളും നടക്കുക. എടിഎം കൗണ്ടറുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത് വരെ പ്രസ്തുത കരാറിന്റെ വരുതിയില്‍ നിന്ന് പുറത്തല്ല. നിക്ഷേപത്തിനും വായ്പക്കും പലിശ എന്ന അവസ്ഥയില്‍ നിന്നും മാറി പൂര്‍ണമായ പലിശമുക്ത നിക്ഷേപവും പരിശരഹിത വായ്പയും വര്‍ത്തമാന കാല ബാങ്ക് സംവിധാനത്തില്‍ ഇല്ലാത്തതിനാല്‍ ബാങ്കിടപാടുകള്‍ നടത്തുന്നവര്‍ പലിശക്ക് നിര്‍ബന്ധിതരാകുന്നു. വായ്പക്കാരില്‍ നിന്നും ഈടാക്കുന്ന പലിശയുടെ ഒരു ഭാഗമാണ് പൊതുവേ നിക്ഷേപകര്‍ക്ക് പ്രതിഫലമായി നല്‍കുന്നത്. എന്നാല്‍ ചില ബാങ്കുകള്‍ നേരിട്ട് വ്യവസായങ്ങള്‍ നടത്തിയോ വ്യവസായങ്ങളില്‍ മൂലധനമിറിക്കിയോ ലഭിക്കുന്ന വരുമാനത്തിന്റെ വിഹിതം നിക്ഷേപകര്‍ക്ക് പ്രതിഫലമായി നല്‍കുന്നുണ്ട്.

ഇസ്‌ലാമിക കര്‍മശാസ്ത്ര നിബന്ധനകള്‍ അനുസരിച്ചുള്ള ഖിറാള്, ശിര്‍ക്കത്ത് എന്നീ കൂറുകച്ചവടത്തിന്റെ രണ്ട് ഇനങ്ങളുടെയും നിബന്ധനകള്‍ ഇവിടെ പാലിക്കപ്പെടാത്തതിനാല്‍ ബാങ്ക് ഏതു രീതിയില്‍ വരുമാനം ഉണ്ടാക്കിയാലും നിക്ഷേപകന് ലഭിക്കുന്നത് പലിശ തന്നെയാണ്. ബാങ്ക് നിക്ഷേപം അനിവാര്യമാവുന്നതിനാല്‍ നിക്ഷേപിച്ച തുക മാത്രം തിരിച്ചെടുക്കുകയും പലിശ ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ് പരിഹാരമായി പറയാനാവുക. ഒരാളുടെ നിക്ഷേപത്തിന് ഇത്രരൂപ പലിശ നല്‍കാനുണ്ട് എന്ന് അക്കൗണ്ടില്‍ എഴുതിവെക്കുകയല്ലാതെ അത് കൈപ്പറ്റാന്‍ ബാങ്ക് നിയമങ്ങള്‍ നിര്‍ബന്ധിക്കുന്നില്ല. അക്കൗണ്ടില്‍ ശേഷിക്കുന്ന പലിശ കൈപ്പറ്റാത്തതിന്റെ പേരില്‍ നടത്തിപ്പുകാര്‍ അന്വേഷിച്ചു വരികയോ അയാള്‍ക്കെതിരില്‍ കേസെടുക്കുകയോ ഇല്ല. അതിനാല്‍ അക്കൗണ്ടില്‍ എഴുതിവെച്ചിട്ടുള്ള പലിശ മുതല്‍ കൈപ്പറ്റാതിരിക്കാവുന്നതാണ്. കേരളത്തിലെ മൊത്തം ബാങ്കുകളില്‍ മുസ്ലിംകളുടെ അക്കൗണ്ടുകളില്‍ കൈപ്പറ്റാതെ കിടക്കുന്ന പലിശ തുകയുടെ കണക്ക് പത്രങ്ങള്‍ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നല്ലോ.

പലിശ മുതല്‍ കൈപ്പറ്റാതെ അക്കൗണ്ടില്‍ തന്നെ ഉപേക്ഷിച്ചാല്‍ ഇസ്‌ലാമിക വിരുദ്ധമായ പദ്ധതികള്‍ക്കോ മറ്റോ ബാങ്കുകള്‍ അത് ഉപയോഗിക്കുമോ എന്നതാണ് ഒരു ഭയം. യഥാര്‍ത്ഥത്തില്‍ ഈ ആശങ്ക ഉണ്ടാകേണ്ടത് നിക്ഷേപ സമയത്താണ്. ഭീമന്‍ തുക നിക്ഷേപിക്കുമ്പോള്‍ പലിശയായി വരുന്നത് അതിന്റെ വളരെ ചെറിയ ശതമാനം മാത്രമാണ്. പലിശ മാത്രമല്ല, ഈ ഭീമന്‍ തുകയും ഇസ്‌ലാമിക വിരുദ്ധ പദ്ധതികള്‍ക്ക് ബാങ്കുകള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുമല്ലോ. അതിനാല്‍ പലിശ മുതല്‍ കൈപ്പറ്റാന്‍ ഇതു ന്യായീകരണമല്ല. സാധിക്കുമെങ്കില്‍ ബാങ്ക് നിക്ഷേപത്തില്‍ നിന്നുതന്നെ മോചനം നേടാനുള്ള യുക്തവഴി അന്വേഷിക്കാനാണ് ഈ ഭയം നിമിത്തമാകേണ്ടത്.

ഹനഫി മദ്ഹബ് അനുസരിച്ച് ബാങ്ക് പലിശ കൈപ്പറ്റുന്നതില്‍ പന്തികേടില്ലെന്ന ഒരു ധാരണ പൊതുവെ ഉണ്ട്. ബാങ്ക് നിക്ഷേപത്തിന്റെ പ്രതിഫലം അനുവദനീയമാണോ, പോസ്റ്റ് ഓഫീസില്‍ പണം നിക്ഷേപിച്ച് പ്രതിഫലം സ്വീകരിക്കാമോ, ബ്രിട്ടീഷുകാരുടെ ബാങ്കുകളില്‍ പണം നിക്ഷേപിച്ച് ലഭിക്കുന്ന പ്രതിഫലത്തിന്റെ വിധി എന്ത് എന്നിങ്ങനെ ബാങ്ക് പലിശയുമായി ബന്ധപ്പെട്ട പത്തോളം ചോദ്യങ്ങള്‍ അല്ലാമാ അഹ്മദ് രിളാഖാന്‍ ബറേല്‍വി(റ)യോട് ചോദിച്ചതായി ഫതാവാ റസ്വിയ്യ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് നിക്ഷേപത്തിന്റെ പ്രതിഫലം ഇസ്‌ലാം നിഷിദ്ധമാക്കിയ പലിശയാണെന്ന രീതിയിലായിരുന്നു പ്രസ്തുത ചോദ്യങ്ങള്‍ക്കൊക്കെ അദ്ദേഹത്തിന്റെ മറുപടി. ഇന്ത്യ ദാറുല്‍ ഇസ്‌ലാം (ഇസ്‌ലാമധീന രാജ്യം) അല്ലെന്നും അതിനാല്‍ ഇവിടെ പലിശ ഇടപാട് നിഷിദ്ധമല്ലെന്നുമുള്ള ചില ദെയൂബന്ദ് പണ്ഡിതരുടെ ഫത്വയെ അഹ്മദ് രിളാഖാന്‍(റ) തന്റെ ഇഅ്ലാമുല്‍ അഅ്ലാം ബി അന്ന ഹിന്ദുസ്ഥാന്‍ ദാറ ഇസ്‌ലാം എന്ന ഗ്രന്ഥത്തില്‍ നിശിതമായി വിമര്‍ശിച്ചിട്ടുമുണ്ട്.

സാധ്യമായ മുഴുവന്‍ ബാങ്ക് വായ്പയും കരസ്ഥമാക്കി കഴിയുന്ന വ്യവസായങ്ങളും വ്യാപാരങ്ങളും നടത്തി തന്റെ സാമ്പത്തിക സാമ്രാജ്യം കഴിയുന്നത്ര വികസിപ്പിക്കുക എന്ന രീതി പിന്തുടരുന്ന ചില സമ്പന്നരുണ്ട്. ഇതിന് യാതൊരു ന്യായീകരണവുമില്ല. മുഴുവന്‍ പലിശ ഇടപാടുകളും ഒഴിവാക്കുക എന്നതായിരിക്കണം വിശ്വാസിയുടെ അടിസ്ഥാന നിലപാട്.

ബാങ്കുമായി ഇടപെടുന്നത് മറ്റു നിര്‍വാഹമില്ലാത്തതു കൊണ്ടാണെന്നും അതിന്റെ പേരില്‍ അല്ലാഹുവേ നീ എന്നെ ശിക്ഷക്ക് വിധേയമാക്കരുതെന്നുമുള്ള പശ്ചാതാപ ബോധം ഇത്തരം ഇടപാടുകളില്‍ ബന്ധപ്പെടുന്ന ഓരോ വിശ്വാസിക്കും ഉണ്ടായിരിക്കണം. അനിവാര്യമല്ലാത്ത ഇടപാടുകള്‍ ഒഴിവാക്കാനും അല്ലാഹുവിന്റെ കോടതിയില്‍ രക്ഷപ്പെടാനും ഇതു നിമിത്തമായേക്കാം.

എഎ ഹകീം സഅദി കരുനാഗപ്പള്ളി

You must be logged in to post a comment Login