ബുർദയുടെ ആശയ പ്രപഞ്ചം-2

Burdha- malayalam article

ബുർദയിലെ അഞ്ചാം ഭാഗത്ത് എഴുപത്തി രണ്ട് മുതൽ എൺപത്തി ഏഴ് വരെയുള്ള വരികളിൽ തിരുനബി(സ്വ)യിൽനിന്ന് പ്രകടമായ മുഅ്ജിസത്തുകളുമായി ബന്ധപ്പെട്ട ചില വിവരണങ്ങളാണ്. നബിയുടെ ക്ഷണപ്രകാരം വൃക്ഷങ്ങൾ അനുസരണ ശീലമുള്ളവരായി നടന്നുവന്നത്, തിരുമേനിക്ക് സൂര്യതാപമേൽക്കാതിരിക്കാൻ മേഘം നിഴൽ സംരക്ഷണം നൽകിയത്, തിരുമേനിയുടെ നിർദേശപ്രകാരം ചന്ദ്രൻ രണ്ട് പാതിയായി പിളർന്നത്, സൗർ ഗുഹയിൽ ശത്രുക്കൾ കാണാത്ത നിലയിൽ സുരക്ഷ ലഭിച്ചത് അടക്കം അത്യത്ഭുതങ്ങളായ നിരവധി സംഭവങ്ങൾ തിരുനബിയുടെ മുഅ്ജിസത്തുകളായുണ്ട്. റസൂൽ(സ്വ)യുടെ ആയിരത്തിലേറെ മുഅ്ജിസത്തുകൾ ക്രോഡീകരിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങൾ ഇന്ന് ലഭ്യമാണ്.

ചന്ദ്രനും തിരുഹൃദയവും തമ്മിൽ ഒരു ബന്ധമുണ്ടെന്ന് ഇമാം ബൂസ്വൂരി(റ) എഴുപത്തി അഞ്ചാം വരിയിൽ പറയുന്നുണ്ട്. ചന്ദ്രന്റെ പിളർപ്പ് പ്രപഞ്ചത്തിൽ നിരവധി പ്രതിഫലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്-ചേരമാൻ പെരുമാളിന്റെ ഇസ്‌ലാം പ്രവേശമുൾപ്പെടെ. തിരുഹൃദയം നാല് പ്രാവശ്യം പുറത്തെടുത്ത് ശുദ്ധി ചെയ്തിട്ടുണ്ടെന്ന് പ്രമാണങ്ങൾ പറയുന്നു. എല്ലാവർക്കും വെളിച്ചം നൽകാൻ തിരുഹൃദയം പാകപ്പെടുത്തുകയായിരുന്നു ഇതിലൂടെ. പ്രപഞ്ചം മുഴുക്കെ വെളിച്ചം നൽകുകയാണല്ലോ ചന്ദ്രനും. ഈ വരി വ്യാഖ്യാനിച്ചവർ ഇങ്ങനെയൊരു ആശയം പറഞ്ഞതു കാണാം. വേറെയും ആശയങ്ങളുണ്ട്. സിദ്ദീഖ്(റ)വിന്റെ സാന്നിധ്യം, പ്രാവ് മുട്ടയിടാതെ, ചിലന്തി വീട് നിർമിക്കാതെ കാണപ്പെട്ട സൗർ. ഈ സുരക്ഷാവലയം അല്ലാഹുവിന്റെ നിയമമാണ്. പ്രയാസഘട്ടങ്ങളിൽ തിരുമേനിയോട് അഭയം തേടുമ്പോഴെല്ലാം എനിക്കത് ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞ ശേഷം പ്രവാചക മുഅ്ജിസത്തുകളിൽ അൽപ്പം കൂടി എടുത്തുപറയുന്നു. എപ്പോഴും ഉണർവുള്ള ഹൃദയമാണ് തിരുനബിയുടേത്. കണ്ണുകൾക്ക് മാത്രമേ ഉറക്കമുള്ളൂ. അവിടുത്തെ കരസ്പർശംകൊണ്ട് അനേകർക്ക് ശമനം ലഭിച്ചിട്ടുണ്ട്. വരൾച്ച ബാധിച്ച ഘട്ടങ്ങളിൽ അവിടുത്തെ പ്രാർത്ഥന മുഖേന സുലഭമായി വെള്ളം ലഭിച്ചു. ഇപ്പറഞ്ഞ മുഴുവൻ മുഅ്ജിസത്തുകളും വിശ്വാസയോഗ്യമായി തെളിയിക്കപ്പെട്ടതാണ്.

തിരുനബിയുടെ മുഅ്ജിസത്തുകളിൽ ഏറ്റവും മുന്നിലാണ് വിശുദ്ധ ഖുർആൻ. ആറാം ഭാഗത്ത് എൺപത്തിയെട്ട് മുതൽ നൂറ്റിനാല് വരെ ഖുർആനിന്റെ മഹത്ത്വങ്ങളാണ് പ്രതിപാദിക്കുന്നത്. ഇരുട്ടുകൾ വകഞ്ഞ്മാറ്റി വെളിച്ചം പൊഴിക്കുന്ന പ്രകൃതമാണ് തിരുനബിയുടെ മുഅ്ജിസത്തുകളെന്ന് വിശേഷിപ്പിച്ച്‌കൊണ്ട് ഖുർആനിന്റെ മഹത്ത്വങ്ങളിലേക്ക് കടക്കുന്നു. ഖുർആന്റെ ഘടന കോർത്ത് വച്ച മുത്തുകൾ പോലെയാണ്. അല്ലാഹുവിന്റെ സന്ദേശവും ദൃഷ്ടാന്തവുമാണ് ഖുർആൻ. തിരുമേനിയുടെ ഏറ്റവും വലിയ മുഅ്ജിസത്ത്. മറ്റ് പ്രവാചകരുടെയെല്ലാം മുഅ്ജിസത്തുകൾക്കു മീതെയാണ് ഖുർആൻ. ഒരു സംശയവുമില്ലാത്ത തത്ത്വങ്ങളാണതിലുള്ളത്. എല്ലാ ശത്രുക്കളും ഖുർആനിന് മുന്നിൽ അടിയറവ് പറഞ്ഞിട്ടുണ്ട്. ഖുർആനിന്റെ സാഹിത്യം ശത്രുവിനെ പരിഭ്രമിപ്പിക്കുന്നതായിരുന്നു. സമുദ്രത്തിലെ തിരമാലകൾ കണക്കെ അർത്ഥ പ്രപഞ്ചമുണ്ട് അതിന്. സൗന്ദര്യത്തിലും ഗുണത്തിലും ഒന്നാമതാണ് അതിന്റെ സ്ഥാനം. ഖുർആനിന്റെ അത്ഭുതങ്ങൾ എണ്ണിയാൽ തീരില്ല. ഖുർആൻ ഓതുന്നവന് മടി വരില്ല. ഓത്തുകാരന്റെ കണ്ണിന് കൂടുതൽ കുളിർമയാണ് ലഭിക്കുക. നരകത്തിന്റെ ചൂട് കെടുത്തിക്കളയാൻ ഖുർആൻ ഓത്തുകാരന് കഴിയും. അന്ത്യനാളിൽ തെറ്റുകാരെ കഴുകി ശുദ്ധിയാക്കുമ്പോൾ സുന്ദരക്കുട്ടന്മാരാകുന്നത് പോലെ മനസ്സകത്തെ ശുദ്ധിവരുത്തി സുന്ദരമാക്കുന്നു ഖുർആൻ. അന്ത്യനാളിലെ സ്വിറാത്വും മീസാനും നിർവഹിക്കുന്ന നീതിയാണ് ഖുർആൻ നിർവഹിക്കുന്നത്. ഇങ്ങനെയൊക്കെയാണ് ഖുർആനെങ്കിലും അഹങ്കാരിയും നിഷേധിയും എന്നും ഖുർആനെതിരെയുണ്ട്. ചെങ്കണ്ണ് രോഗം ബാധിച്ച കണ്ണിനും വെള്ളത്തിന്റെ രുചി ആസ്വദിക്കാൻ കഴിയാതെ രോഗം പിടിപെട്ടവന്റെ വായക്കും സംഭവിച്ചത് പോലെയാണ് ഖുർആനിന്റെ ശത്രു. അവനതാസ്വദിക്കാനാകില്ല. ഇമാം ബൂസ്വീരി(റ)യുടെ ഖുർആൻ മഹിമയുടെ വരികൾ ആശയസമ്പന്നതയും സാഹിത്യഭംഗിയും ഉൾസാരങ്ങളും നിറഞ്ഞവയാണ്.

ഏഴാം ഭാഗത്ത് നൂറ്റി അഞ്ച് മുതൽ നൂറ്റി പതിനേഴ് വരെയുള്ള വരികൾ തിരുനബിയുടെ ഇസ്‌റാഅ്-മിഅ്‌റാജ് സംബന്ധമായ ചർച്ചകളാണ്. ഒട്ടകപ്പുറത്തും കാൽനടയായും സന്ദർശകർ ഓടിയെത്തുന്ന സവിധത്തിൽ വിശ്രമിക്കുന്ന നബി, ചിന്തിക്കുന്നവർക്ക് ഏറ്റവും വലിയ ദൃഷ്ടാന്തമുള്ള നബി എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ചാർത്തി അവിടത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ആരംഭം. രാത്രിയുടെ കുറഞ്ഞ സമയംകൊണ്ടാണ് മസ്ജിദുൽ ഹറാമിൽനിന്ന് മസ്ജിദുൽ അഖ്‌സ്വയിൽ നിങ്ങൾ എത്തിയത്. ഒരാൾക്കും ലഭ്യമാകാത്ത ഉന്നത പദവി അങ്ങ് നേടി. ഒരു നബിയും മുർസലും ആ സ്ഥാനത്തെത്തിയിട്ടില്ല. അവരെല്ലാം പ്രസ്തുത യാത്രയിൽ അങ്ങയുടെ സേവകരായിരുന്നു. ഏഴ് ആകാശങ്ങളിലൂടെ കടന്നുപോവുമ്പോൾ താങ്കളായിരുന്നു ശ്രദ്ധാകേന്ദ്രം. ഏതൊക്കെ ഉയരമുണ്ടോ ഈ യാത്രയിൽ അവിടെയെല്ലാം നിങ്ങളെത്തി. പ്രവാചകന്മാർക്കെല്ലാം സ്ഥാനങ്ങളുണ്ട്. അവരെല്ലാം മഹത്ത്വമുള്ളവരുമാണ്. എന്നാൽ അവർക്കൊന്നുമില്ലാത്ത സ്ഥാനമാണ് നിങ്ങൾ ഈ യാത്രയിലൂടെ നേടിയത്. എല്ലാ കണ്ണുകളിൽനിന്നും മാറിനിന്നാണ് നിങ്ങൾ ഈ വിജയം നേടിയത്. ഒരാൾക്കും പങ്കാളിത്തമില്ലാത്ത വിജയം. നിങ്ങൾക്ക് ലഭിച്ച സ്ഥാനമാനങ്ങൾ എത്ര ഉന്നതം. മുസ്‌ലിംകളേ, ഒരിക്കലും പൊളിഞ്ഞുവീഴാത്ത ഒരു അവലംബമാണ് നമുക്ക് അല്ലാഹു തന്നിട്ടുള്ളത്. ആ നബിയെ അനുസരിക്കുന്നതിലൂടെ നാം ഉത്തമ സമുദായമായി തീരുകയാണ്.

എട്ടാം ഭാഗത്ത് 118 മുതൽ 139 വരെ തിരുമേനിയുടെ സമരം, സ്വഹാബത്തിന്റെ ആത്മവീര്യം എന്നിവയെ കുറിച്ചാണ് പ്രതിപാദ്യം. തിരുജന്മം ശത്രുക്കളെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. ജനന സമയത്ത് കാണപ്പെട്ട ദൃഷ്ടാന്തങ്ങളെ കുറിച്ച് പുരോഹിതരിൽനിന്ന് ലഭിച്ച വിവരണങ്ങൾ തങ്ങളുടെ ആധിപത്യം തകരുമെന്നതായിരുന്നു. ശത്രുക്കളുടെ സങ്കുചിതമായ ചിന്തകളും നീക്കങ്ങളും പലപ്പോഴും പോരാട്ടങ്ങളിലും ആൾനാശങ്ങളിലുമാണ് കലാശിച്ചത്. ജാഹിലിയ്യ കാലത്ത്തന്നെ ആദരിച്ചുപോന്നിരുന്ന യുദ്ധംനിഷിദ്ധമായ മാസങ്ങളിൽപോലും ശത്രുക്കൾ അടങ്ങിയിരുന്നില്ല. എന്നാൽ അല്ലാഹുവിന്റെ മാർഗത്തിൽ എല്ലാം സമർപ്പിക്കാൻ തയ്യാറായി നിന്നിരുന്ന അനുയായി വൃന്ദമായിരുന്നു തിരുനബി(സ്വ)യുടെ കൂടെ. അവർ ക്ഷമിച്ചും സഹിച്ചും പൊറുതിമുട്ടിയപ്പോൾ ഗത്യന്തരമില്ലാതെ തിരിച്ചടിച്ചു. വൻ സ്രാവുകളും തറവാട്ടുകാരും ആദർശപോരാളികൾക്ക് മുന്നിൽ നിലംപരിശായി. അമ്പും കുത്തും വെട്ടുമേറ്റ് ശത്രുസേന സമരക്കളത്തിൽ ചത്ത് മലച്ചു. അറവ് ശാലയിൽ തൂങ്ങിക്കിടക്കുന്ന മാംസത്തുണ്ടുകൾ പോലെ ശത്രുശരീരങ്ങൾ തുണ്ടംതുണ്ടമായി. ആൾ-ആയുധ ബലങ്ങൾ കുറവായിട്ടും ഏറ്റുമുട്ടലുകളിൽ വിജയിക്കാനായത് പർവതങ്ങളെ പോലും തരിപ്പണമാക്കുന്ന മനക്കരുത്ത് കാരണമാണ്. പ്രവാചകാനുയായികളുടെ മനക്കരുത്തിന് മുന്നിൽ എല്ലാം നിഷ്പ്രഭമാകും. ഇസ്‌ലാം ഒരിക്കലും പോരാട്ടത്തിനിറങ്ങിയിട്ടില്ല. വാൾ പുറത്തെടുത്തിട്ടില്ല. ശത്രുക്കളുടെ നിലപാടുകളും അഹങ്കാരവുമാണ് എല്ലാം ക്ഷണിച്ച് വരുത്തിയത്. അവയെല്ലാം ധീരയോദ്ധാക്കൾക്ക് മുന്നിൽ തോറ്റു എന്ന് മാത്രം.

ബദ്‌റിലും ഉഹ്ദിലും ഹുനൈനിലും ശത്രുക്കൾ ചോദിച്ച് വാങ്ങിയ നാശങ്ങൾ മാറാവ്യാധി രോഗങ്ങളെക്കാൾ ഭീകരമായിരുന്നു. സ്വഹാബത്തിന്റെ ധീരോദാത്തമായ പ്രതിരോധമാണ് ഇസ്‌ലാമിനെ സംരക്ഷിച്ചത്. ഇസ്‌ലാം അനാഥമാകാതെ വളർന്നതും സ്വഹാബത്തിന്റെ ആത്മവീര്യംകൊണ്ടാണ്. സമരക്കളത്തിൽ ശത്രുവിനെ കൈകാര്യം ചെയ്ത സ്വഹാബത്തിനെ വർണിക്കുന്ന വരികളുടെ സൗന്ദര്യവും അർത്ഥസാരവും ഒന്ന് വേറെ തന്നെയാണ്. മല്ലന്മാരും കറുപ്പൻ മുടിക്കാരുമായ ശത്രുവിനെ നേരിട്ട് ആഞ്ഞ് വെട്ടി വെളുത്ത വാളുകൾക്ക് ചുവന്ന ചായം പൂശിയവരാണ് സ്വഹാബത്ത്. ശത്രുവിന്റെ ശരീരത്തിലെ ഒരുഭാഗം വിട്ടൊഴിയാതെ കുന്തങ്ങളാകുന്ന പേന കൊണ്ട് പ്രബന്ധമെഴുതിയവരാണവർ. യുദ്ധായുധങ്ങളാണ് കളത്തിലിറങ്ങിയാൽ അവരെ തിരിച്ചറിയാനുള്ള പ്രത്യേകം അടയാളം. കാട്ടുചെടികൾക്കിടയിൽ നിന്ന് പനിനീർച്ചെടികൾ പെട്ടെന്ന് തിരിച്ചറിയാനാകുമല്ലോ.

സ്വഹാബത്തിലെ ഓരോ പടയാളിയുടേയും ധീരസാന്നിധ്യമാണ് സമരക്കളത്തിൽ നേടിയെടുത്ത വിജയ നിദാനം. കുന്നിൻപുറത്ത് സുഗന്ധച്ചെടി ആടിയുലയുന്നത് പോലെ ആടിയുലഞ്ഞാണ് സ്വഹാബികൾ കുതിരപ്പുറത്തിരിക്കുന്നത്. ചാഞ്ഞും ചെരിഞ്ഞും അവർ ദൃഷ്ടിയയച്ച് നിരീക്ഷിക്കുകയാണെല്ലാം. ആവശ്യമാവുമ്പോൾ അവർ ചാടിവീഴും. സ്വഹാബത്തിന്റെ പ്രഹരങ്ങളേറ്റ് ശത്രുക്കളുടെ സമനില തെറ്റിപ്പോയത് കാരണം ഒന്നും തിരിച്ചറിയാൻ കഴിയാത്ത പരുവത്തിലെത്തിയിട്ടുണ്ടവർ. ആട്ടിൻകുട്ടികളെയും യുവയോദ്ധാക്കളെയും വരെ അവർക്ക് തിരിച്ചറിയാനാവുന്നില്ല. ഈ കരുത്തും ഉശിരും സ്വഹാബത്ത് നേടിയെടുത്തത് തിരുനബി(സ്വ)യുമായുള്ള സഹവാസവും വിശ്വാസവും കൊണ്ടാണ്. തിരുസഹായം ലഭിക്കുമെന്നുറപ്പുള്ളവർക്ക് ഒന്നും പേടിക്കാനില്ല. സിംഹങ്ങളെ അവയുടെ മടകളിൽ കണ്ടാൽപോലും പേടിക്കേണ്ടതില്ല. നബിയുടെ സഹായം പ്രതീക്ഷിച്ച് കഴിയുന്നവരാരും വെറുതെയാവില്ല. എന്നാൽ നബിയോട് മത്സരിച്ചവർക്ക് രക്ഷപ്പെടാനുമാവില്ല. അതിശക്തമാണ് ഉമ്മത്തിന് തിരുനബി നൽകുന്ന സുരക്ഷ. കുഞ്ഞുങ്ങൾക്ക് സംരക്ഷണമൊരുക്കി മടയിൽ തങ്ങുന്ന സിംഹത്തെ പോലെ. നബിയെ പ്രതീക്ഷിച്ചിരിക്കുന്ന ദൃഢമാനസർക്ക് ഒന്നും പേടിക്കേണ്ടി വരില്ല തന്നെ. എല്ലാവർക്കും കാര്യങ്ങൾ ബോധ്യപ്പെടാനാവശ്യമായ ദൃഷ്ടാന്തങ്ങൾ അല്ലാഹു തരുന്നുണ്ട്. എല്ലാ തർക്കങ്ങൾക്കും അറുതി വരുത്തുന്ന അടയാളങ്ങളും വചനങ്ങളും കണക്കില്ലാതെ അവൻ തന്നിട്ടുമുണ്ട്. അവന്റെ വചനമായ ഖുർആനിലെ ചെറിയ സൂക്തത്തിന് മുന്നിൽ പോലും താർക്കികർ തോറ്റുപോയിട്ടുണ്ടല്ലോ? എല്ലാം അവിടെ നിൽക്കട്ടെ, ഒരക്ഷരവും ഒരാളിൽനിന്നും പഠിക്കാൻ അവസരം കിട്ടാത്ത, മാതാപിതാക്കളിൽനിന്ന് വാത്സല്യവും സ്‌നേഹവും വേണ്ടവിധം അനുഭവിക്കാൻ ഭാഗ്യം ലഭിക്കാത്ത, അന്ധകാര കാലഘട്ടത്തിൽ ജീവിച്ച ഒരാളിൽ നിന്നും പ്രവഹിച്ച ജ്ഞാനോർജം മതി തിരുമേനിയുടെ മുഅ്ജിസത്തായി കണക്കാക്കാൻ.

ഒമ്പതാം ഭാഗത്ത് 140-151 വരെ നബി(സ്വ)യെകൊണ്ടുള്ള ഇടതേട്ടമാണ്. തിരുപ്രകീർത്തനം വഴി ഞാൻ കൊതിക്കുന്നത് എന്റെ പാപമോചനമാണെന്നാണ് കവി പറയുന്നത്. ജീവിതത്തിലെ പാപങ്ങൾ പൊറുത്ത് കിട്ടലാണല്ലോ വിശ്വാസിയുടെ താൽപര്യം. നബിപ്രകീർത്തനംകൊണ്ട് ഇത് സാധ്യമാവുമെന്ന് ഖുർആൻ പറഞ്ഞിട്ടുമുണ്ട്. തന്റെ ജീവിതത്തിന്റെ സിംഹഭാഗവും വെറുതെ കളഞ്ഞല്ലോ എന്ന് പരിതപിക്കുന്നുണ്ട് കവി. ദീൻ വാങ്ങാൻ കഴിഞ്ഞില്ലല്ലോ. എന്റെ ജീവിതം നഷ്ടത്തിലായല്ലോ. എന്റെ പ്രതീക്ഷ തിരുനബി മാത്രമാണ്. നബി തിരുമേനി(സ്വ) എന്നെ കൈവിടില്ല. എന്റെ നാമം തിരുനാമമായ മുഹമ്മദ് എന്നാണല്ലോ എന്നതിലും എനിക്ക് പ്രതീക്ഷയുണ്ട്. നബിയുടെ സഹായമില്ലെങ്കിൽ എന്റെ കാര്യം കഷ്ടംതന്നെ. നബിയുടെ ഔദാര്യം പ്രതീക്ഷിച്ച് ചെല്ലുന്നവരെ അവിടുന്ന് വെറുതെ തിരിച്ചയക്കുകയില്ലല്ലോ? നബിപ്രകീർത്തന ലോകത്തേക്ക് കടന്നത് മുതൽ എന്റെ അനുഭവം അത് ബോധ്യപ്പെടുത്തുന്നുണ്ട്. സ്വശരീരം കുഴഞ്ഞപ്പോൾ ചികിത്സയായാണല്ലോ ഞാൻ നബികീർത്തനത്തിലേക്ക് പ്രവേശിച്ചത്. സ്വജീവിതത്തിൽ അതിന്റെ ഫലം ഞാൻ അനുഭവിച്ചു. എന്റെ രണ്ട് കൈകളിലും സൽകർമങ്ങൾ ഒന്നുമില്ലെങ്കിലും തിരുനബി(സ്വ)യുടെ സഹായത്താൽ ഞാൻ രക്ഷപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. കാരണം, തിരുപ്രകീർത്തനംകൊണ്ട് ഭൗതികമായ ഒരുതാൽപര്യം എന്റെ മുന്നിലില്ല. പാരത്രിക മോക്ഷം മാത്രമാണെന്റെ ലക്ഷ്യം.

പത്താം ഭാഗത്ത് 152-160 വരെ നബി(സ്വ)യെ നേരിട്ട് വിളിക്കുകയാണ്. അതിഭീകര ദിനത്തിൽ(മഹ്ശറിൽ) ആശ്രയമായ നബിയേ, അങ്ങയുടെ മഹത്ത്വംകൊണ്ട് അല്ലാഹുവിൽനിന്ന് എനിക്ക് കരുണ ലഭിക്കണം. ഈ ലോകവും പരലോകവുമെല്ലാം അങ്ങയുടെ ഔദാര്യമാണ്. തങ്ങൾ കാരണമാണല്ലോ ഇതെല്ലാം സൃഷ്ടിക്കപ്പെട്ടത്. ഹേ, ശരീരമേ! നീ നിരാശപ്പെടേണ്ട. എത്ര ഗൗരവമുള്ള തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിലും എല്ലാം പൊറുക്കപ്പെടും. ഞാൻ ചെയ്ത് കൂട്ടിയ തെറ്റുകളുടെ കൂമ്പാരങ്ങൾ കണക്കെ എനിക്ക് അനുഗ്രഹം ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ. രണ്ട് ലോകത്തും എന്നോട് ദയകാണിക്കണമെന്ന് ആവശ്യപ്പെട്ട് തിരുനബിക്ക് സ്വലാത്ത് ചൊല്ലി സമാപിക്കുകയാണ് ബുർദയുടെ വരികൾ.

160 വരികൾക്ക് പുറമെ ഏഴ് വരികൾ ബുർദയിൽ കാണപ്പെടുന്നത് പിൽക്കാലത്ത് ചേർക്കപ്പെട്ടതാണെന്ന് അഭിപ്രായമുണ്ട്. ബുർദയിലെ വരികൾ നൂറ്റി അറുപതാണ്. അവ മുഖേന ഞങ്ങളുടെ ദുഃഖങ്ങൾ നീ അകറ്റേണമേ എന്ന ഏഴാം വരി നൽകുന്ന സൂചനയും അതുതന്നെ.

ലോകോത്തര ഭാഷകളിലെല്ലാം ബുർദ ഭാഷാന്തരം ചെയ്തിട്ടുണ്ട്. ഓരോ ഭാഷയിലും നിരവധി വ്യാഖ്യാനങ്ങളും ബുർദക്കുണ്ടായിട്ടുണ്ട്. അറബി ഭാഷയിൽ കയ്യെഴുത്ത് പ്രതികളും പ്രസിദ്ധീകരിക്കപ്പെട്ടവയുമായി നിരവധി വ്യാഖ്യാനങ്ങൾ ബുർദക്കുണ്ട്. ഇബ്‌നു ഹജറുൽ ഹൈത്തമി(റ)യുടെ അൽഉംദ, മുല്ലാ അലിയ്യുൽ ഖാരിയുടെയും സകരിയ്യൽ അൻസ്വാരിയുടെയും ബാജൂരിയുടെയും ശീറാസിയുടെയും ബുർദ വ്യാഖ്യാനങ്ങൾ, ആധുനികരായ നിരവധി പണ്ഡിതരുടെ വ്യാഖ്യാന രചനകൾ, ബുർദയെ സമ്പുഷ്ടവും സമ്പന്നവുമാക്കുന്നു.

(അവസാനിച്ചു)

You must be logged in to post a comment Login