മതം, പ്രചാരണം, പ്രബോധനം: ഭരണഘടന എന്ത് പറയുന്നു?

Islam and Constitution - Malayalam

മതത്തെ ഒരു ജൈവിക യാഥാർത്ഥ്യമായി അംഗീകരിക്കുന്നുവെന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും വലിയ സവിശേഷത. പാശ്ചാത്യ മതേതര സങ്കൽപ്പങ്ങളെ പൂർണമായി നിരാകരിക്കുകയാണ്  ഭരണഘടനാ ശിൽപ്പികൾ ചെയ്തത്. ഒരു വ്യക്തിയുടെ വിശ്വാസം അയാളുടെ സ്വകാര്യ അനുഷ്ഠാനം മാത്രമാണെന്നും പൊതുമണ്ഡലത്തിൽ അതിന് ഒരു ഇടവുമില്ലെന്നും വാദിക്കുന്ന പാശ്ചാത്യ മൂല്യബോധം മതനിരാസത്തിലാണ് ചെന്ന് തൊടുന്നത്. എന്നാൽ ഈ നില ഇന്ത്യയിൽ അസാധ്യവും അപ്രായോഗികവുമാണെന്ന് ഭരണഘടനാ നിർമാണത്തിൽ പങ്കാളികളായവർക്കും ദേശീയ നേതാക്കൾക്കും ബോധ്യമുണ്ടായിരുന്നു. പാർലമെന്റിൽ ഹിന്ദു കോഡ് ബില്ലിനെക്കുറിച്ച് നടന്ന വാദപ്രതിവാദത്തിൽ ഇടപെട്ടുകൊണ്ട് ഡോ. അംബേദ്കർ ഇന്ത്യൻ മതേതര സങ്കൽപ്പത്തെ ഇങ്ങനെ വിശദീകരിച്ചു: ജനങ്ങളുടെ മതവികാരങ്ങൾ കണക്കിലെടുത്തുകൂടെന്ന് മതേതര രാഷ്ട്രത്തിന് അർത്ഥമില്ല. ഏതെങ്കിലും പ്രത്യേക മതം മറ്റുള്ള ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ പാർലമെന്റിനർഹതയുണ്ടായിക്കൂടെന്ന് മാത്രമാണ് ഒരു മതേതര രാഷ്ട്രമെന്നതിന് ആകെക്കൂടിയുള്ള അർത്ഥം. ഭരണഘടന അംഗീകരിക്കുന്ന ഏക പരിമിതി അതാണ്.

ഡോ. എസ് രാധാകൃഷണൻ ഇന്ത്യൻ മതനിരപേക്ഷതയെ വിവരിക്കുന്നതിങ്ങനെ: ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് പറയുമ്പോൾ അദൃശ്യമായ ഒരാത്മാവിന്റെ യാഥാർത്ഥ്യത്തെയോ ജീവിതത്തിൽ മതത്തിന്റെ പ്രസക്തിയെയോ നാം നിരാകരിക്കുകയോ മതരാഹിത്യത്തെ മാനിക്കുകയോ ചെയ്യുകയെന്ന് അർത്ഥമില്ല. മതനിരപേക്ഷതതന്നെ വാസ്തവിക മതമായിത്തീരുന്നുവെന്നോ രാഷ്ട്രം ദിവ്യമായ പ്രത്യേകാധികാരങ്ങൾ ഏറ്റെടുക്കുന്നുവെന്നോ ഉള്ള അർത്ഥവും അതിനില്ല. ഇന്ത്യൻ പാരമ്പര്യത്തിന്റ അടിസ്ഥാന തത്ത്വം ഈശ്വര വിശ്വാസമാണെങ്കിലും ഇന്ത്യാ രാഷ്ട്രം ഏതെങ്കിലും മതവുമായി ഇണങ്ങിച്ചേരുകയോ അതിന്റെ നിയന്ത്രണത്തിന് വിധേയമാകുകയോ ചെയ്യില്ല. ഒരു മതത്തിനും മുൻഗണനാ പദവിയോ പ്രശസ്ത നിലയോ അനുവദിച്ചു കൂടാ.

ഇന്ത്യ മതേതര രാഷ്ട്രമായിരിക്കുമെന്ന് നിശ്ചയിച്ച ശേഷം മതസ്വാതന്ത്ര്യം മൗലികാവകാശമായി അംഗീകരിക്കുന്നതിൽ വൈരുദ്ധ്യമുണ്ടെന്ന് ഭരണഘടനാ നിർമാണസഭയിൽ ചിലർ വാദിച്ചിരുന്നു. ഈ വാദഗതികളെ പദാനുപദം ഇഴകീറി പരിശോധിച്ചാണ് ആർട്ടിക്കിൾ 25 അടക്കമുള്ള വകുപ്പുകൾ ഭരണഘടനയിൽ ചേർക്കപ്പെട്ടിട്ടുള്ളത്. ഇതു സംബന്ധിച്ച് സഭയിൽ നടന്ന ചർച്ചകൾ ഈ രാജ്യം മതവിശ്വാസത്തെ എത്രമാത്രം അർത്ഥവത്തായി കാണുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. കോൺസ്റ്റിറ്റുവന്റ് അസംബ്ലി  അംഗമായിരുന്ന എച്ച്‌വി കമ്മത്ത് അന്ന് പറഞ്ഞു: രാഷ്ട്രം ഏതെങ്കിലുമൊരു മതവുമായി താദാത്മ്യം പ്രാപിച്ചുകൂടെന്ന് ഞാൻ പറയുമ്പോൾ രാഷ്ട്രം മതരഹിതമോ മതവിരുദ്ധമോ ആയിരിക്കണമെന്ന് അർത്ഥമാക്കുന്നില്ല. ഇന്ത്യ ഒരു മതേതര രാഷ്ട്രമായിരിക്കണമെന്ന് നാം സുനിശ്ചിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ എന്റെ അഭിപ്രായത്തിൽ ഒരു മതേതര രാഷ്ട്രം നിരീശ്വരവാദപരമോ മതരഹിതമോ മതവിരുദ്ധമോ ആയ രാഷ്ട്രമല്ല‘.

മതസ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 25 അടക്കമുള്ള അനുച്ഛേദങ്ങൾ വ്യാഖ്യാനിച്ചുകൊണ്ട് സുപ്രീം കോടതി 1954-ൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ മതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് കൃത്യമായി വിശദീകരിക്കുന്നുണ്ട് പ്രമുഖ അഭിഭാഷകനായ അഡ്വ. കാളീശ്വരം രാജ്. അമേരിക്കൻ ഫെഡറൽ കോടതി 1880-ൽ മതത്തിന് നൽകിയ നിർവചനത്തിൽ നിന്ന് എത്രമാത്രം ഉത്കൃഷ്ടവും സമഗ്രവുമാണ് ഇന്ത്യൻ സുപ്രീം കോടതിയുടെ കാഴ്ചപ്പാടെന്ന് വിശദീകരിക്കുകയാണ് അദ്ദേഹം. അമേരിക്കൻ കോടതി പറയുന്നു: സ്രഷ്ടാവുമായുള്ള ബന്ധത്തെ സംബന്ധിച്ച് ഒരാളുടെ വീക്ഷണമാണ് മതം. ദൈവാസ്തിത്വം ഉണ്ടാക്കുന്ന കടപ്പാടുകളുടെ സഞ്ചയമാണ് അത്. അവന്റെ ഇച്ഛയോടുള്ള അനുസരണമാണ് മതം. ആരാധനാ രീതികളും അനുഷ്ഠാനങ്ങളുമാണ് മതമെന്ന് ചിലർ ധരിച്ചേക്കാം. എന്നാൽ അവയിൽ നിന്ന് വ്യത്യസ്തമായ ഒന്നാണത്‘. എന്നാൽ ഇന്ത്യൻ സുപ്രീം കോടതി ഈ കാഴ്ചപ്പാടിനെ പിന്തുണക്കുന്നില്ലെന്ന് മാത്രമല്ല അതിൽ നിന്ന് ഏറെ മുന്നോട്ട് പോകുന്നു. സുപ്രീം കോടതി വിധിയിൽ പറഞ്ഞു: മതം വിശ്വാസത്തിലും ഉപരിയായ പലതും ചേർന്നതാണ്. അത് കേവലമായ മൂല്യസംഹിത മാത്രമല്ല. അനുഷ്ഠാനങ്ങളും ആചാരാഘോഷങ്ങളും പ്രാർത്ഥനാ രീതികളുമെല്ലാം അതിന്റെ ഭാഗമാണ്. ഇന്ത്യൻ ഭരണഘടന മതവിശ്വാസത്തെ മാത്രമല്ല, മതാധിഷ്ഠിതമായ ജീവിതരീതികളെയും അനുഷ്ഠാനങ്ങളെയും കൂടി  സംരക്ഷിക്കുന്നു. മതത്തിന്റെ പരിശീലനം അഥവാ പ്രയോഗം (പ്രാക്ടീസ്) എന്ന വാക്ക് അതാണ് വ്യക്തമാക്കുന്നത്.

ആർട്ടിക്കിൾ 25

മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും ശക്തമായ പ്രഖ്യാപനം 25-ാം അനുച്ഛേദം തന്നെയാണ്.  അത് മതസ്വാതന്ത്ര്യത്തെ മൗലികാവകാശമായി അംഗീകരിച്ചിരിക്കുന്നു. ആ അവകാശം ലംഘിക്കപ്പെട്ടാൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാവുന്നതാണ്. 25-ാം വകുപ്പ് ഒന്നാം ഉപവകുപ്പ് പ്രകാരം പൊതുക്രമം, സദാചാരബോധം, ആരോഗ്യം എന്നിവക്ക് വിധേയമായി മനസ്സാക്ഷി സ്വാതന്ത്ര്യത്തിന് എല്ലാ വ്യക്തികൾക്കും തുല്യമായ അർഹതയും സ്വേച്ഛാനുസാരം മതമവലംബിക്കാനും( പ്രൊഫെസ്), അനുവർത്തിക്കാനും (പ്രാക്ടീസ്), പ്രചരിപ്പിക്കാനും (പ്രൊപ്പഗേറ്റ്) അവകാശമുണ്ടായിരിക്കും.

ഈ വകുപ്പ് വ്യക്തമാക്കുന്ന മൂന്ന് കാര്യങ്ങൾ മറ്റ് രാജ്യങ്ങളിലെ ഭരണഘടനയിൽ നിന്നെല്ലാം വ്യക്തവും കൃത്യവുമാണ്. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമായി തീർത്തതിനാൽ മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ടോ എന്നത് കോൺസ്റ്റിന്റുവന്റ് അസംബ്ലിയിൽ വലിയ വാഗ്വാദത്തിന് ഇടയാക്കിയിരുന്നു. മിഷണറി പ്രവർത്തനത്തെ മുന്നിൽ കണ്ടുകൊണ്ട് ഇങ്ങനെയൊരു പരാമർശം ഉൾപ്പെടുത്തേണ്ടതുണ്ടോ എന്നാണ് ചില അംഗങ്ങൾ സന്ദേഹമുന്നയിച്ചത്. എന്നാൽ അങ്ങനെ കാണേണ്ടതില്ലെന്നും മതപരിവർത്തന കോലാഹലങ്ങൾക്ക് വഴി വെക്കുമെന്ന മുൻധാരണയിൽ ഈ ആശയത്തെ വ്യാഖ്യാനിക്കരുതെന്നും ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടു. പ്രചരിപ്പിക്കുക എന്നാൽ അർത്ഥം മതപരിവർത്തനമെന്ന് മാത്രമല്ലെന്നും വാദമുയർന്നു. ഒരാൾക്ക് വിശ്വസിക്കാനും ആചരിക്കാനും സ്വാതന്ത്ര്യമുള്ള ഒരു തത്ത്വസംഹിത ശാന്തമായി പ്രചരിപ്പിക്കാൻ അവകാശം നൽകുന്നതിൽ എന്താണ് തെറ്റ് എന്ന വാദമാണ് മുന്നിട്ടുനിന്നത്. പിന്നെയും നിലനിന്ന ആശങ്കകളെ ദൂരീകരിക്കാൻ തുടക്കത്തിൽ വെച്ച മൂന്ന് നിയന്ത്രണങ്ങൾ (പൊതുക്രമം, സദാചാരബോധം, ആരോഗ്യം) പര്യാപ്തമാണെന്നും തീർപ്പിലെത്തുകയായിരുന്നു.

ആർട്ടിക്കിൾ 26

26-ാം വകുപ്പ് 25-ാം വകുപ്പിന്റെ തുടർച്ചയാണ്. ഇതനുസരിച്ച് എല്ലാ മതവിഭാഗങ്ങൾക്കും

മതധർമ ലക്ഷ്യങ്ങൾക്കായി സ്ഥാപനങ്ങളുണ്ടാക്കി നിലനിർത്താനും

മതകാര്യങ്ങളെ സംബന്ധിച്ചിടത്തോളം വേണ്ടതെല്ലാം ചെയ്യാനും

സ്ഥാവരജംഗമ വസ്തുക്കൾ നേടാനും അവയുടെ ഉടമസ്ഥാവകാശം പുലർത്താനും

നിയമങ്ങളനുസരിച്ച് അത്തരം സ്വത്തുക്കളുടെ ഭരണം നടത്താനും അവകാശം നൽകപ്പെട്ടിരിക്കുന്നു.

ആർട്ടിക്കിൾ 27

ഏത് മതവും പരിപാലിക്കാനും പ്രോത്സാഹിപ്പിക്കാനും വിനിയോഗിക്കുന്ന പണം നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നുവെന്ന് ആർട്ടിക്കിൾ 27 വ്യക്തമാക്കുന്നു. മതപരമായ പ്രവർത്തനത്തിന് കൂടുതൽ സംരക്ഷണം നൽകുന്നുണ്ട് ഈ വകുപ്പ്.

ആർട്ടിക്കിൾ 28

രാഷ്ട്രത്തിന്റെ പൂർണമായ ചെലവിൽ നടത്തുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതബോധനം- രാഷ്ട്രം നേരിട്ടായാലും മറ്റേതെങ്കിലും സംഘടനവഴിയായാലും- പാടില്ലെന്ന് 28-ാം വകുപ്പ് പ്രഖ്യാപിക്കുന്നു. ഈ അനുച്ഛേദം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ട കാര്യമില്ല. രാഷ്ട്രം  ഒരു മതത്തിന്റെ വക്താവാകാൻ പാടില്ലെന്ന അടിസ്ഥാന മൂല്യംതന്നെയാണ് ഈ വകുപ്പ് ഉയർത്തിപ്പിടിക്കുന്നത്. അത് മതന്യൂനപക്ഷങ്ങൾക്ക് വലിയ പരിരക്ഷ നൽകുന്നു. ഭൂരിപക്ഷ മതം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി അടിച്ചേൽപ്പിക്കാനുള്ള സാധ്യതയാണ് ഈ വകുപ്പ് അടയ്ക്കുന്നത്.

എന്നാൽ ഈ ആർട്ടിക്കിളിന്റെ എക്സ്റ്റൻഷൻ കുറച്ചു കൂടി പ്രധാനമാണ്.  രാഷ്ട്രത്തിന്റെ കീഴിലോ സാമ്പത്തിക സഹായത്തിലോ പ്രവർത്തിക്കുന്നതായാൽപോലും മതബോധനം കൂടിയേ കഴിയൂ എന്ന് നിർദേശിക്കുന്ന ട്രസ്റ്റിന്റെയോ ധർമസ്ഥാപനത്തിന്റെയോ വക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ നിരോധനം ബാധകമായിരിക്കില്ല. അവർ നടത്തുന്ന സ്ഥാപനങ്ങളിൽ മതബോധനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് അത് നൽകാവുന്നതാണ്. പക്ഷേ, ആ സ്ഥാപനത്തിൽ പഠിക്കുന്ന ഒരാളെയും മതപഠനത്തിന് നിർബന്ധിക്കാനാകില്ല. മൈനറാണെങ്കിൽ രക്ഷിതാവിന്റെ സമ്മതം അനിവാര്യം. ഇവിടെ, എല്ലാ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രാഷ്ട്രത്തിന്റെ മതേതര സ്വഭാവം ഉണ്ടാകണമെന്ന് ഭരണഘടന നിഷ്‌കർഷിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം മതസംഘങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക്, സർക്കാർ സഹായം കൈപ്പറ്റുമ്പോൾ തന്നെ, മതസ്വഭാവം നിലനിർത്താൻ അനുമതി നൽകുകയും ചെയ്യുന്നു.

ആർട്ടിക്കിൾ 29,30

സംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾക്ക് സംരക്ഷണം നൽകുന്നതാണ് 29, 30 വകുപ്പുകൾ. ഈ വകുപ്പുകൾ മതസ്വത്വത്തിന് കൂടി പ്രാധാന്യം പ്രഖ്യാപിക്കുന്നുണ്ട്. മതം സാംസ്‌കാരികതയുടെ കേന്ദ്രം കൂടിയാണല്ലോ. രാജ്യത്തെ ഏത് പൗരനും സ്വന്തം ഭാഷയും ലിപിയും സംസ്‌കാരവും സംരക്ഷിക്കുന്നതിനുള്ള അവകാശം ഉറപ്പ് നൽകുന്നതാണ് 29-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പ്.

രണ്ടാം ഉപവകുപ്പ് സർക്കാറിന് ഉടമസ്ഥതയിലുള്ളതോ സഹായത്തിലുള്ളതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് മതപരമായോ ജാതിപരമായോ ഭാഷാപരമായോ വിവേചനം പാടില്ലെന്ന് നിഷ്‌കർഷിക്കുന്നു. 

30-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നത് സംബന്ധിച്ചുള്ളതാണ്. മതത്തെ അടിസ്ഥാനമാക്കിയായാലും ഭാഷയെ അടിസ്ഥാനപ്പെടുത്തിയായാലും എല്ലാ ന്യൂനപക്ഷങ്ങൾക്കും സ്വഹിതമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏർപ്പെടുത്താനും ഭരിക്കാനും അവകാശമുണ്ടായിരിക്കുമെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു.

30-ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പ് അതീവ പ്രധാനമാണ്. മത, ഭാഷാ ന്യൂനപക്ഷ മാനേജ്‌മെന്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായി എന്ന കാരണത്താൽ സർക്കാർ സഹായത്തിന്റെ കാര്യത്തിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തോടും വിവേചനം കാണിക്കരുതെന്ന് ഈ വകുപ്പ് അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.

നിയമത്തിന് മുന്നിലെ സമത്വവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 14ഉം 15ഉമെല്ലാം മതസ്വാതന്ത്ര്യത്തെ കൂടി ഉയർത്തിപ്പിടിക്കുന്നവയാണെന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ വ്യക്തമാകും. മുഴുവൻ പൗരൻമാരും നിയമത്തിന്റെ മുന്നിൽ സമൻമാരായിരിക്കുമെന്നും എല്ലാവർക്കും നിയമത്തിന്റെ സംരക്ഷണം സമമായി ലഭ്യമാകണമെന്നും നിഷ്‌കർഷിക്കുന്നതാണ് ആർട്ടിക്കിൾ 14.

എല്ലാ തരം വിവേചനങ്ങളിൽ നിന്നും പൗരൻമാർ മുക്തരായിരിക്കണമെന്ന ഉത്തമ താൽപര്യം സഫലമാക്കാൻ ആർട്ടിക്കിൾ 14 പോരെന്ന് തോന്നിയതിൽ നിന്നാണ് ആർട്ടിക്കിൾ 15 രൂപമെടുക്കുന്നത്. അത് വിവേചനത്തിനെതിരെ നിലകൊള്ളുന്നു: ജാതി, മത, ലിംഗ, ജന്മ, ദേശ കാരണങ്ങളാൽ രാഷ്ട്രം ഒരു പൗരനോടും വിവേചനം കാട്ടാൻ പാടില്ലെന്ന് ഈ വകുപ്പ് അനുശാസിക്കുന്നു.

സർക്കാറിന്റെ പണംകൊണ്ട് പൂർണമായോ ഭാഗികമായോ നിലനിർത്തിക്കൊണ്ടിരിക്കുന്നതോ പൊതുജന ഉപയോഗത്തിന് സമർപ്പിക്കപ്പെട്ടതോ ആയ കുളങ്ങൾ, കിണറുകൾ, റോഡുകൾ, പൊതുസങ്കേതങ്ങൾ എന്നിവയുടെ ഉപയോഗമോ വ്യപാരസ്ഥാപനങ്ങളിലേക്കും പൊതു റസ്റ്റോറന്റുകളിലേക്കുമുള്ള പ്രവേശനമോ ഈ കാരണങ്ങളിലേതെങ്കിലുമൊന്ന് അടിസ്ഥാനമാക്കി നിഷേധിച്ചു കൂടെന്ന് ആർട്ടിക്കിൾ 15 വ്യക്തമാക്കുന്നു.

ആർട്ടിക്കിൾ 16 പൊതുനിയമനത്തിൽ വിവേചനം പാടില്ലെന്ന് നിഷ്‌കർഷിക്കുന്നതാണ്. സംവരണം അടക്കമുള്ള സംരക്ഷിത വിവേചനത്തിന് അനുമതി നൽകിക്കൊണ്ടാണ് ഭരണഘടന ഈ വകുപ്പ് മുന്നോട്ട് വെക്കുന്നത്. 

ആർട്ടിക്കിൾ 17 അയിത്താചരണം പൂർണമായി നിരോധിക്കുന്നു. ഇന്ത്യയിൽ കൊടുകുത്തി വാണ ജാതിഭ്രാന്തിന്റെ ആണിക്കല്ലിളക്കുന്ന ഏറ്റവും വിപ്ലവകരമായ ഈ വകുപ്പ് ചില മതങ്ങൾക്കകത്തെ ജീർണതയിലേക്കും കട്ടപിടിച്ച ഇരുട്ടിലേക്കുമാണ് വെളിച്ചം വീശുന്നത്.

ഇവിടെ പരാമർശിക്കപ്പെട്ട ഭരണഘടനാ അനുച്ഛേദങ്ങളെല്ലാം ആയിരക്കണക്കായ കോടതിവിധികൾക്ക് ആധാരമായി. ആ വിധികളെല്ലാം മതസ്വാതന്ത്ര്യം സംബന്ധിച്ച് അമൂല്യമായ ധാരണകൾ പങ്കുവെക്കുന്നവയാണ്. യഹോവ സാക്ഷി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾ ദേശീയ ഗാനം ഉരുവിടാൻ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട കേസിലെ വിധി ഉദാഹരണം. ന്യൂനപക്ഷ കമ്മീഷൻ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളും മതപരമായ സ്വത്വത്തെയാണ് പരിപോഷിപ്പിക്കുന്നത്. പൊതു സിവിൽ നിയമങ്ങൾക്കൊപ്പം പ്രത്യേക വ്യക്തിനിയമങ്ങൾ അനുവദിച്ചത് മതപരമായ അവകാശത്തിന് രാഷ്ട്രം നൽകുന്ന പ്രാധാന്യമാണ് വിളിച്ചോതുന്നത്.

എന്നാൽ ന്യായാധിപൻമാർ ഭരണഘടനാ തത്ത്വങ്ങളെ വ്യാഖ്യാനിക്കുമ്പോൾ അപരിഹാര്യമായ വ്യതിചലനങ്ങൾ നടത്തുന്നുവെന്നത് കാണാതിരുന്നു കൂടാ. ഏകസിവിൽ കോഡിന്റേയും ഗോവധ നിരോധനത്തിന്റെയും കാര്യത്തിൽ സംഭവിച്ചത് പോലെ, മൗലികാവകാശങ്ങൾ നിരാകരിക്കാൻ നിർദേശക തത്ത്വങ്ങളെ ഉപയോഗിക്കുകയാണ് ചില ന്യായാധിപൻമാർ. ഷാബാനു ബീഗം കേസിലും സരള മുദ്ഗൽ കേസിലും ബീഹാറിലെ ഗോവധ നിരോധനവുമായി ബന്ധപ്പെട്ട കേസിലും ഇതു നാം കണ്ടു. നിർദേശകതത്ത്വങ്ങൾ നിർദേശം മാത്രമാണെങ്കിൽ മൗലികാവകാശങ്ങൾ കോടതികൾ വഴി സംരക്ഷിതമാണെന്നെങ്കിലും ബഹുമാന്യരായ ന്യായാധിപൻമാർ മനസ്സിലാക്കേണ്ടതാണ്. ഹിന്ദുത്വ എന്ന പ്രയോഗം ഈ ദേശത്തെ ജീവിത സംസ്‌കാരത്തെ സൂചിപ്പിക്കുന്നുവെന്ന് വിധിക്കുക വഴി കോടതി ഭൂരിപക്ഷ യുക്തിക്ക് കീഴ്‌പ്പെടുന്നതും കണ്ടു. 

 സമത്വത്തിനുള്ള അവകാശം ഉപയോഗിച്ച് മതസ്വാതന്ത്ര്യത്തിനായുള്ള അവകാശത്തെ ദുർബലമാക്കുന്ന പ്രവണതയും ശക്തമാകുന്നുണ്ട്. സ്വവർഗ രതി കുറ്റമായി കാണുന്ന ഐപിസി 377 റദ്ദാക്കിയത് ആർട്ടിക്കിൾ 14, 15 വകുപ്പുകൾ അടിസ്ഥാനമാക്കിയാണ്. വിവാഹേതര ലൈംഗിക ബന്ധം നിരോധിക്കുന്ന ഐപിസി 497 റദ്ദാക്കിയതും ഇതേ സമത്വത്തിന്റെ കണ്ണിലൂടെയാണ്. എങ്കിലും ഇന്ത്യൻ ഭരണഘടന മതമൂല്യങ്ങൾക്ക് നൽകുന്ന സംരക്ഷണം എല്ലാ വ്യാഖ്യാനങ്ങൾക്കും മീതെ ഉരുക്കു കോട്ടയായി നിലകൊള്ളുന്നത് തന്നെയാണ്. മതനിരാസയുക്തി പടർത്താൻ വിയർക്കുന്നവർ, മന്ത്രിയായാലും ജഡ്ജിയായാലും ഭരണഘടന ഒന്ന് തൊട്ടു നോക്കുന്നത് നല്ലതാണ്.

 

അവലംബം:

ഇന്ത്യൻ ഭരണഘടന- ഡോ. എംപി പൈലി

ഏകീകൃത സിവിൽ കോഡ് അകവും പുറവും- എഡി. ഹമീദ് ചേന്ദമംഗല്ലൂർ

ഇന്ത്യൻ കാനൂൻ ഡോട്ട് ഓർഗ്‌

You must be logged in to post a comment Login