മതത്തെയും മഥിക്കുന്ന ലഹരി

narcotics-malayalam

ബുദ്ധി നൽകി അല്ലാഹു ആദരിച്ച ജീവിയാണ് മനുഷ്യൻ. മറ്റ് ജീവികളിൽ നിന്ന് അവനെ വേറിട്ട് നിറുത്തുന്നതും വിവേകബുദ്ധി തന്നെ. അത് നശിപ്പിക്കുന്നതോ ഭംഗം വരുത്തുന്നതോ ആയ ഒന്നും മതം അനുവദിക്കുന്നില്ല. പൂർണമായും ബുദ്ധിയെ സംരക്ഷിച്ച് നിറുത്തണമെന്ന് ഗൗരവപൂർണമാണ് മനുഷ്യനോടുള്ള നിർദേശം.

മനുഷ്യനെ മർക്കടനും മനുഷ്യബുദ്ധിയെ നിരർത്ഥകവുമാക്കുന്ന മുഴുവൻ ലഹരി പദാർത്ഥങ്ങളും ഇസ്‌ലാം കഠിനമായി വിരോധിച്ചിട്ടുണ്ട്. അത് പാനീയമോ ഖര രൂപത്തിലുള്ളതോ ക്യാപ്‌സൂളോ പൊടിയോ എന്തുമാവട്ടെ നിഷിദ്ധം തന്നെ. പഴങ്ങളുടെയും വിത്തുകളുടെയും സത്തെടുത്ത് അതിൽ ലഹരി പദാർത്ഥങ്ങൾ ചേർത്ത് പല ബ്രാൻഡുകളിലും വിനിമയം ചെയ്യപ്പെടുന്ന മദ്യവും, കഞ്ചാവ്, വൈൻ, വീര്യം കൂടിയ കെമിക്കൽ ചേർത്ത് നിർമിക്കുന്ന ലഹരി വസ്തുക്കളുമെല്ലാം ഈ കർശന നിയമത്തിന്റെ പരിധിയിൽ വരുന്നവയാണ്.

ഒരു കാലത്ത് അറേബ്യൻ സംസ്‌കാരമായിരുന്നു മദ്യപാനം. എന്നാൽ മദ്യം ഉപയോഗിക്കുമ്പോഴും അതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് അവർക്ക് ബോധ്യമുണ്ടായിരുന്നു. അവരിൽ നിന്നുണ്ടായ പ്രതികരണങ്ങൾ അതാണ് തെളിയിക്കുന്നത്. ‘നബിയേ! അങ്ങയോട് അവർ മദ്യത്തേയും ചൂത് കളിയേയും കുറിച്ച് ചോദിക്കും. താങ്കൾ പറയുക, അവ രണ്ടിലും വൻകുറ്റമുണ്ട്. മനുഷ്യർക്ക് ചില ഉപകാരങ്ങളുമുണ്ട്. എന്നാൽ അവയിലെ ഉപകാരത്തേക്കാൾ വലുത് കുറ്റം തന്നെയാണ്’ (അൽബഖറ 219).

ശാരീരികവും സാമ്പത്തികവും മതപരവുമായ നഷ്ടങ്ങളാണ് മദ്യത്തിലും ചൂത് കളിയിലുമുള്ള വൻ അപകടങ്ങൾ. മദ്യവിൽപ്പനയിലൂടെയും ചൂത് കളിയിലൂടെയും നേടിയെടുക്കുന്ന സമ്പാദ്യമാണ് ഉപകാരങ്ങൾ. മദ്യത്തിന്റെ അപകടമുണർത്തി അവതരിച്ച ആദ്യ വചനമാണിത്. ഇതിന്റെ അവതരണത്തോടെ കുറച്ച് പേർ അതിൽ നിന്ന് വിട്ടുനിന്നു. ഏതാനും പേർ തുടർന്നു. സൂറത്തുന്നിസാഇലെ 43-ാം വചനമാണ് രണ്ടാമത് അവതരിച്ചത്: ‘സത്യവിശ്വാസികളേ! നിങ്ങൾ പറയുന്നത് നിങ്ങൾ അറിയുന്നത് വരെ ലഹരി ബാധിതരായി നിസ്‌കാരത്തോട് അടുക്കരുത്’. പൂർണ്ണ നിരോധവുമായിട്ടാണ് മാഇദയിലെ 93, 94 വചനങ്ങൾ അവതരിക്കുന്നത്: ‘സത്യവിശ്വാസികളേ! തീർച്ച, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും അമ്പും കോലുകളും പിശാചിന്റെ പ്രവർത്തനത്തിലെ വൃത്തികെട്ടതാണ്. നിങ്ങളത് വർജിക്കുക. നിങ്ങൾക്ക് വിജയമുണ്ടാവാൻ. മദ്യത്തിലും ചൂതാട്ടത്തിലും നിങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനും അല്ലാഹുവിന്റെ സ്മരണയിൽ നിന്നും നിസ്‌കാരത്തിൽ നിന്നും നിങ്ങളെ തടയാനുമാണ് പിശാച് ഉദ്ദേശിക്കുന്നത്. നിങ്ങൾ വിട്ടുനിൽക്കുന്നില്ലേ?’. ഈ വചനത്തിന്റെ അവതരണത്തോടെ മദ്യത്തിന്റെ മഹാവിപത്തിൽ നിന്ന് മുഴുവൻ പേരും വിട്ടുനിന്നു. ‘ഞങ്ങൾ വിട്ടുനിന്നു’ എന്ന് തെളിയിച്ച് പറഞ്ഞ്‌കൊണ്ടും മദീനയുടെ തെരുവുകളിൽ മദ്യം ഒഴുക്കിക്കളഞ്ഞും ഖുർആനിന്റെ താക്കീത് അവർ ഉൾക്കൊണ്ടു.

ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം. തിരുനബി(സ്വ) പറഞ്ഞു: മുഴുവൻ ലഹരി പദാർത്ഥങ്ങളും ബുദ്ധിയെ തകിടം മറിക്കുന്നതാണ്. അവയെല്ലാം നിഷിദ്ധവുമാണ് (അഹ്മദ്, അബൂദാവൂദ്). ജാബിർ(റ)വിൽ നിന്ന്. യമനിലെ ഒരാൾ നബിയോട് ചോദിച്ചു: ചോളത്തിൽ നിന്ന് നിർമിക്കുന്ന ഒരു പാനീയം ഞങ്ങൾ കുടിക്കാറുണ്ട് (അതിനു വിരോധമുണ്ടോ?). തിരുനബി(സ്വ) ചോദിച്ചു: അത് ലഹരിയുള്ളതാണോ? അയാൾ പറഞ്ഞു. അതേ! റസൂൽ(സ്വ) പറഞ്ഞു: എല്ലാ ലഹരികളും നിഷിദ്ധമാണ് (മുസ്‌ലിം). അവിടുന്ന് പറയുകയുണ്ടായി: ലഹരി പദാർത്ഥം അൽപ്പമാണെങ്കിലും നിഷിദ്ധംതന്നെ (തുർമുദി, അബൂദാവൂദ്, നസാഈ). ഇമാം നവവി കുറിച്ചു: മദ്യം നിഷിദ്ധമാണെന്നത് മുസ്‌ലിംകളുടെ ഏകോപനാഭിപ്രായമാണ്. മദ്യം ഉപയോഗിക്കുന്നവന് ശിക്ഷ നൽകൽ നിർബന്ധമാണെന്നതും പണ്ഡിതരുടെ ഏകാഭിപ്രായമത്രെ. മദ്യം അൽപ്പമാണെങ്കിലും കൂടുതലാണെങ്കിലും ഇത് തന്നെയാണ് നിയമം (ശറഹു മുസ്‌ലിം 214/11).

മതപരമായി നിരവധി അപകടങ്ങൾ മദ്യത്തിലുണ്ട്. മദ്യപാനിയുടെ നാൽപ്പത് ദിവസത്തെ നിസ്‌കാരം സ്വീകരിക്കപ്പെടുകയില്ലെന്ന് ഇമാം അഹ്മദി(റ)ന്റെ ഹദീസിലുണ്ട്. ഒരു തുള്ളി മദ്യമാണെങ്കിലും മ്ലേഛവും വൃത്തികെട്ടതുമാണെന്നും അതു പുരണ്ടാൽ ശരീരത്തിൽ നിന്നും വസ്ത്രത്തിൽ നിന്നും മണവും രുചിയും നിറവും പോകുന്നത് വരെ കഴുകണമെന്നുമാണ് കർമശാസ്ത്രത്തിന്റെ നിരീക്ഷണം. മദ്യം വിൽപ്പന നടത്തുന്നതും അതിലൂടെ ലഭിക്കുന്ന ലാഭവിഹിതവുമെല്ലാം നിഷിദ്ധ സമ്പാദ്യങ്ങളാണ്. മദ്യ കച്ചവടക്കാരന് പഞ്ചസാര, ശർക്കര വെല്ലം പോലുള്ളവ വിൽപ്പന നടത്തുന്നത് പോലും നിഷിദ്ധങ്ങളിൽപെടുന്നു. ബുദ്ധിപരമായും സാമ്പത്തികമായും ആരോഗ്യപരമായും മനുഷ്യന് മദ്യ-മയക്കുമരുന്നുകൾ വരുത്തുന്ന അപകടങ്ങൾ പ്രസിദ്ധമാണ്. മുഴുദോഷങ്ങളുടെയും മാതാവെന്ന് മദ്യത്തെ വിശേഷിപ്പിക്കാൻ കാരണവും ഇതാണ്. അബ്ദുല്ലാഹിബ്‌നു ഉമർ(റ)വിൽ നിന്ന്. ‘മദ്യം മുഴുതിന്മകളുടെയും മാതാവാണ്. മദ്യപാനി നിസ്‌കാരം ഉപേക്ഷിക്കും. മാതാവിനെയോ മാതൃസഹോദരിയെയോ പിതൃസഹോദരിയെയോ കയറിപ്പിടിക്കാൻ അവന് മടിയുണ്ടാവില്ല’ (ത്വബ്‌റാനി).

ഉസ്മാൻ(റ) പറഞ്ഞു: മദ്യം ഒഴിവാക്കുക, അത് മുഴുവൻ തിന്മകളുടെയും ഉറവിടമാണ്. സാത്വികനായ ഒരാളുണ്ടായിരുന്നു പണ്ട്കാലത്ത്. സുന്ദരിയായ സ്ത്രീ തന്റെ അടിമപ്പെണ്ണിനെ അയാളുടെ അടുത്തേക്കയച്ചു. ഒരു പ്രധാന കാര്യത്തിന് സാക്ഷിനിൽക്കാൻ നിങ്ങളെ യജമാന വിളിക്കുന്നുണ്ടെന്ന് പറഞ്ഞാണവൾ വന്നത്. സാത്വികൻ അടിമപെണ്ണിന്റെ കൂടെ ചെന്നു. സുന്ദരിയുടെ വീട്ടിലെത്തി. ഉടൻ അവൾ വാതിൽ കുറ്റിയിട്ടു. അവിടെ ഒരാൺകുട്ടിയും കള്ളുപാത്രവുമുണ്ട്. സ്ത്രീ പറഞ്ഞു: ‘നിങ്ങളെ ഞാൻ വിളിപ്പിച്ചത് മറ്റൊന്നിനുമല്ല. ഒന്നുകിൽ എന്റെ കൂടെ ലൈംഗിക വേഴ്ച നടത്തുക, അല്ലെങ്കിൽ ഈ കുട്ടിയെ കൊലപ്പെടുത്തുക, അതുമല്ലെങ്കിൽ ഒരു കോപ്പ കള്ളുകുടിക്കുക.’ അയാൾ പറഞ്ഞു: ‘ഞാൻ ഒരു കോപ്പ കള്ള് കുടിച്ചുകൊള്ളാം.’ ഒരു കോപ്പ കുടിച്ചപ്പോൾ ലഹരി ബാധിച്ച അയാൾ വീണ്ടും ആവശ്യപ്പെട്ടു. വീണ്ടും കുടിച്ചു. ഉന്മത്തനായ അയാൾ ആ സ്ത്രീയുമായി ലൈംഗിക ബന്ധം നടത്തുകയും കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. ലഹരി ബാധിച്ചപ്പോൾ എന്ത് തെറ്റുകൾ ചെയ്യാനും അയാൾ തയ്യാറാവുകയായിരുന്നു. അതിനാൽ നിങ്ങൾ മദ്യം വർജിക്കുക. വിശ്വാസവും മദ്യലഹരിയും ഒന്നിക്കുകയില്ല (നസാഈ).

മദ്യപാനിയെ ശിക്ഷിക്കണമെന്നാണ് ഇസ്‌ലാമിക നിയമം. നാൽപ്പത് അടിയാണ് ശിക്ഷ. ബുദ്ധിഭ്രമം വരുത്തുന്ന മദ്യപാനം ആവർത്തിക്കുന്നവന് എൺപത് അടി വരെ നൽകണമെന്നാണ് ഇമാം ശാഫിഈ(റ)യുടെ പക്ഷം. ഇമാം നവവി(റ) പറഞ്ഞു: തിരുനബി(സ്വ) മദ്യപാനിക്ക് നാൽപ്പത് അടി നടപ്പിലാക്കിയത് ഇമാം മുസ്‌ലിം(റ) ഉദ്ധരിച്ചിട്ടുണ്ട്. എൺപത് അടി നടപ്പിലാക്കിയ സംഭവം ഉമർ(റ)വിന്റെ ചരിത്രത്തിലുമുണ്ട്. ഭരണാധികാരിയുടെ താൽപര്യപ്രകാരം അങ്ങനെയാവാമെന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്. സാഹചര്യവും നന്മയും പരിഗണിച്ച് ഇമാമിന് അത് നടപ്പിലാക്കാം, വേണ്ടെന്ന് വെക്കുകയുമാവാം. നബിതിരുമേനിയും ഒന്നാം ഖലീഫ സ്വിദ്ദീഖ്(റ)വും നാൽപ്പത് അടി ശിക്ഷയാണ് നടപ്പിലാക്കിയത്. നാലാം ഖലീഫ അലി(റ)വും അങ്ങനെതന്നെ ചെയ്തു. അലി(റ) ഇങ്ങനെ പറയുകയുണ്ടായി: ഈ നടപടികളെല്ലാം ഇസ്‌ലാമികചര്യയാണ്. നാൽപ്പതിൽ ചുരുങ്ങാതെ എൺപത് വരെയാകാമെന്നാണ് അതിന്റെ താൽപര്യം. മദ്യപാനിക്ക് ലഹരി ബാധിച്ചാലും ഇല്ലെങ്കിലും അൽപ്പമാണെങ്കിലും അല്ലെങ്കിലും ശിക്ഷാനടപടി വേണമെന്നത് മുസ്‌ലിം ഉമ്മത്തിന്റെ ഏകാഭിപ്രായമാണ് (ശറഹു മുസ്‌ലിം 214/11). മദ്യപാനിക്ക് പാരത്രിക ലോകത്ത് ലഭിക്കുന്ന കഠിന ശിക്ഷകളെ കുറിച്ച് ഹദീസുകളിൽ പരാമർശങ്ങളുണ്ട്. ജാബിർ(റ)വിൽ നിന്ന് ഉദ്ധരണം. തിരുനബി(സ്വ) പറഞ്ഞു: എല്ലാ ലഹരികളും നിഷിദ്ധമാണ്. ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവനെ അല്ലാഹു ‘ത്വീനത്തുൽ ഖബാലി’ൽ നിന്ന് കുടിപ്പിക്കും. സ്വഹാബത്ത് ചോദിച്ചു: ‘നബിയേ, എന്താണ് ത്വീനത്തുൽ ഖബാൽ?’ അവിടുന്ന് പറഞ്ഞു: നരകക്കാരുടെ വിയർപ്പും ചലവും (മുസ്‌ലിം). അബ്ദുല്ലാഹിബ്‌നു ഉമർ(റ)വിൽ നിന്ന്. ഭൗതിക ലോകത്ത് വച്ച് മദ്യപിക്കുകയും പശ്ചാത്തപിക്കാതെ മരണപ്പെടുകയും ചെയ്താൽ സ്വർഗത്തിലെ പാനീയം അവന് നിഷിദ്ധമാണ് (ബുഖാരി).

ദ്രാവക ലഹരികൾ മാലിന്യങ്ങളിൽ ഒന്നാമത്തേതായാണ് കർമശാസ്ത്രം എണ്ണുന്നത്. ശരീരത്തിലോ വസ്ത്രത്തിലോ മറ്റോ അതായാൽ മുഴുഅടയാളങ്ങളും നീങ്ങും വരെ ശുദ്ധീകരിക്കൽ നിർബന്ധമാണ്. അല്ലാതിരുന്നാൽ നിസ്‌കാരം ശരിയാവില്ല. കാരക്ക, മുന്തിരി എന്നിവയിൽ നിന്നുണ്ടാക്കുന്ന മദ്യം സ്വയം സുർക്കയായി മാറിയാൽ ഈ നിഷിദ്ധം ഒഴിവാകും. ഉള്ളി, റൊട്ടി പോലുള്ള വല്ലതും മദ്യത്തിൽ ഇട്ടതിന് ശേഷമാണ് ഈ സ്വഭാവ മാറ്റമെങ്കിൽ അപ്പോഴും നിഷിദ്ധവും മാലിന്യവുമാണെന്നാണ് വിധി. അനസ്(റ) പറഞ്ഞു: തിരുനബി(സ്വ)യോട് ‘കള്ള് സുർക്കയാക്കിമാറ്റാൻ പറ്റുമോ?’ എന്ന് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: പാടില്ല (മുസ്‌ലിം).

മനുഷ്യനെ കാർന്ന് തിന്നുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ആസക്തി വർധിച്ച കാലമാണിത്. വിവിധ വർണത്തിലും രുചികളിലുമായി അഞ്ഞൂറിലേറെ ഇനം മയക്കുമരുന്നുകളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പ്രകൃതിദത്തമായി ലഹരിയുള്ളതും മറ്റു വസ്തുക്കൾ ചേർത്ത് നിർമിക്കപ്പെട്ടവയുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ദ്രാവകം, പൊടി, ക്യാപ്‌സൂൾ, ലേഹ്യ രൂപത്തിലുള്ളത്, ഇഞ്ചക്ഷൻ ചെയ്ത് കയറ്റുന്നത്, ശ്വസനംവഴി ഉന്മാദമുണ്ടാക്കുന്നത് തുടങ്ങി എല്ലാതരം ലഹരി പദാർത്ഥങ്ങളും നടേ പറഞ്ഞ കർശന നിഷിദ്ധത്തിന്റെ പരിധിയിൽ വരുന്നവയാണ്. ഇവയുടെ ദൂഷ്യഫലങ്ങളും ഭൗതികവും അഭൗതികവുമായ അപകടങ്ങളും വ്യക്തമായി ഖുർആനും സുന്നത്തും പഠിപ്പിച്ചിട്ടുണ്ട്. ‘അല്ലാഹു അവർക്ക് നല്ലതിനെ അനുവദിക്കുകയും മാലിന്യങ്ങളെ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു’ (അഅ്‌റാഫ് 157). ‘നിങ്ങളുടെ ശരീരങ്ങളെ നിങ്ങൾ കൊല്ലരുത്. അല്ലാഹു നിങ്ങൾക്ക് കാരുണ്യം നൽകുന്നവനാണ്’ (നിസാഅ് 29). ‘നിങ്ങളുടെ ശരീരങ്ങളെ നിങ്ങൾ നാശത്തിലേക്ക് തള്ളരുത്’ (അൽബഖറ 195).

മ്ലേഛവും മാലിന്യവുമായ മദ്യത്തിന്റേയും മയക്കുമരുന്നുകളുടെയും ഉപയോഗം ആരോഗ്യത്തിനും ശരീരത്തിനും സമ്പത്തിനുമെല്ലാം നാശമാണെന്നത് അഭിപ്രായഭിന്നതയില്ലാത്ത വസ്തുതയാണ്. ഇവയിൽ നിന്ന് വിട്ടുനിൽക്കാനുള്ള കർക്കശ നിർദേശങ്ങളാണ് ഖുർആനിലെ മേൽവചനങ്ങൾ. ഉമ്മുസലമ(റ) പറയുന്നു: മുഴുവൻ ലഹരികളേയും ശരീരത്തെ ക്ഷീണിപ്പിക്കുന്നവയേയും തിരുനബി(സ്വ) വിരോധിച്ചിട്ടുണ്ട് (അഹ്മദ്). മുസ്‌കിർ, മുഫ്തിർ എന്നീ പദങ്ങളാണ് പ്രവാചകർ(സ്വ) ഇവിടെ ഉപയോഗിച്ചത്. ലഹരി പദാർത്ഥങ്ങൾക്കാണ് മുസ്‌കിർ എന്ന് പറയുക. മുഫ്തിർ എന്നാൽ ശരീരക്ഷീണം, മെലിച്ചിൽ, രോഗം, അംഗവൈകല്യം തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന പദമാണ്. ആധുനികവും അത്യാധുനികവുമായ എല്ലാ ലഹരികളും തിരുനബി(സ്വ)യുടെ മേൽ വചനത്തിന്റെ പരിധിയിൽ വരുമെന്ന് പണ്ഡിതർ സൂചിപ്പിക്കുന്നു. ദ്രാവക ലഹരികളേക്കാൾ അപകടകരമാണ് ഇതര ലഹരികൾ. ദ്രാവക ലഹരിയിൽ ജലാംശം കലർന്നിരിക്കും. എന്നാൽ മറ്റ് ലഹരികൾ ഒന്നും കലരാത്ത മുഴുലഹരികളാണ്. ഹാഫിളുദ്ദഹബി കഞ്ചാവിനെ പരിചയപ്പെടുത്തി: മദ്യപാനിക്ക് നൽകുന്ന ശിക്ഷ കഞ്ചാവ് ഉപയോഗിക്കുന്നവർക്കും നൽകണം. കാരണം മദ്യത്തേക്കാൾ അപകടകാരിയാണ് കഞ്ചാവ് (അൽകബാഇർ 86).

മദ്യ-മയക്കുമരുന്നുകൾ ആന്തരികമായി വരുത്തിവെക്കുന്ന അപകടങ്ങൾ വളരെ വലുതാണ്. നിത്യമദ്യപാനിക്ക് മക്കളെ നിക്കാഹ് ചെയ്ത് കൊടുക്കാൻ പാടില്ലെന്ന് പോലും കർമശാസ്ത്ര പണ്ഡിതർ പരാമർശിച്ചതു കാണാം. അവന്റെ ഒരു സൽകർമവും സ്വീകാര്യമല്ല. അല്ലാഹുവിന്റെയും മലക്കുകളുടെയും തിരുനോട്ടം അവന് ലഭിക്കില്ല. മരണസമയവും ശേഷമുള്ള ജീവിതവും തീരാദു:ഖത്തിന്റേതായിരിക്കും. അബ്ദുല്ലാഹിബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം. തിരുനബി(സ്വ) പറഞ്ഞു: ഒരാൾ മദ്യപിച്ചാൽ അവന്റെ നാൽപത് ദിവസത്തെ നിസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല. അവൻ പശ്ചാത്തപിച്ചാൽ അല്ലാഹു തൗബ സ്വീകരിക്കും. വീണ്ടും മദ്യപിച്ചാൽ നാൽപ്പത് ദിവസത്തെ നിസ്‌കാരം സ്വീകരിക്കുകയില്ല. പശ്ചാത്തപിച്ചാൽ അല്ലാഹു സ്വീകരിക്കും. പിന്നെയും മദ്യപിച്ചാൽ നാൽപ്പത് ദിവസത്തെ നിസ്‌കാരം സ്വീകരിക്കപ്പെടുകയില്ല. പശ്ചാത്തപിച്ചാൽ അല്ലാഹു സ്വീകരിക്കും. നാലാം പ്രാവശ്യവും മദ്യപിച്ചാൽ അല്ലാഹു അവന്റെ നാൽപ്പത് ദിവസത്തെ സൽകർമങ്ങൾ സ്വീകരിക്കുകയില്ല. പശ്ചാത്താപവും സ്വീകരിക്കില്ല. മാത്രമല്ല, നരകക്കാരുടെ രക്തവും ചലവും അവനെ കുടിപ്പിക്കുന്നതുമാണ് (തുർമുദി, മിശ്കാത്ത്).

അബൂഹുറൈറ(റ)വിൽ നിന്ന്. നബി(സ്വ) പറഞ്ഞു: മദ്യപാനിയിൽ നിന്ന് വിശ്വാസത്തിന്റെ പ്രഭ പുറത്തുപോകുന്നതാണ് (ത്വബ്‌റാനി). ദൈലമുൽ ഹിംയരി(റ)വിൽ നിന്ന് ഉദ്ധരണം: ഞാൻ തിരുനബിയോട് ചോദിച്ചു: നബിയേ, ഞങ്ങൾ നല്ല തണുപ്പുള്ള രാജ്യത്താണ് താമസിക്കുന്നത്. ഞങ്ങളുടെ ജോലി കഠിനഭാരമുള്ളതുമാണ്. ഗോതമ്പിൽ നിന്നൊരു പാനീയമുണ്ടാക്കി കുടിച്ചാൽ ജോലി ചെയ്യാൻ ശരീരത്തിന് ശക്തിയും ഉന്മേഷവും ലഭിക്കും. തണുപ്പിനെ പ്രതിരോധിക്കാനും കഴിയും. ഞങ്ങൾ അങ്ങനെ ചെയ്യട്ടെ? തിരുനബിയുടെ ചോദ്യം: ആ പാനീയത്തിന് ലഹരിയുണ്ടോ? ഞാൻ പറഞ്ഞു: അതേ! ‘എങ്കിൽ അത് ഒഴിവാക്കുക’യെന്നായിരുന്നു നബി(സ്വ)യുടെ കൽപന. അപ്പോൾ ഞാൻ പറഞ്ഞു: ‘ജനങ്ങൾക്ക് അതൊഴിവാക്കാൻ കഴിയുന്നില്ല.’ റസൂൽ(സ്വ)യുടെ പ്രതികരണം: അവർ അത് ഒഴിവാക്കുന്നില്ലെങ്കിൽ അവരോട് പോരാട്ടം നടത്തണം (അബൂദാവൂദ്).

അബൂഉമാമയിൽ നിന്ന്. നബി(സ്വ) പറഞ്ഞു: എന്റെ രക്ഷിതാവ് സത്യം ചെയ്തിട്ടുണ്ട്. എന്റെ പ്രതാപംതന്നെയാണ് സത്യം, ഒരു ഇറക്ക് മദ്യം കഴിക്കുന്നവന് നരകത്തിലെ ചീഞ്ഞ രക്തം ഞാൻ കുടിപ്പിക്കുകതന്നെ ചെയ്യും. എന്നെ ഭയപ്പെട്ട് പിന്തിരിയുന്നവന് ശുദ്ധ പാനീയവും ഞാൻ കുടിപ്പിക്കും’ (അഹ്മദ്). ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: മൂന്ന് കൂട്ടർക്ക് അല്ലാഹു സ്വർഗം നിഷിദ്ധമാക്കിയിട്ടുണ്ട്. മദ്യപാനി, മാതാപിതാക്കളെ പ്രയാസപ്പെടുത്തുന്നവൻ, കുടുംബത്തിൽ നടക്കുന്ന മ്ലേഛത്തരങ്ങൾക്ക് മൗനിയായി നിന്നുകൊടുക്കുന്നവൻ (അഹ്മദ്, നസാഈ). ബിംബാരാധനക്ക് ലഭിക്കുന്ന കഠിന ശിക്ഷകൾ ഏറ്റുവാങ്ങി നരകത്തിൽ കഴിയേണ്ട ഹതഭാഗ്യരാണ് ലഹരിക്കാരെന്ന് ഇമാം ബുഖാരി(റ) താരീഖിലും ബൈഹഖി(റ) ശുഅബുൽ ഈമാനിലും ഉദ്ധരിച്ചിട്ടുണ്ട്.

 

You must be logged in to post a comment Login