മതപഠന മാന്ദ്യമുണ്ട്; പരിഹാര മാർഗങ്ങളും

മതപഠന രംഗത്ത് പ്രാഥമിക സംവിധാനമായ മദ്‌റസാ രംഗത്തും ഉന്നത നിലവാരത്തിൽ പഠനം നടത്താനുതകുന്ന ദർസ്-ശരീഅത്ത് കോളേജ് മേഖലയിലും ഒരുതരം ആലസ്യം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഈ മാന്ദ്യത്തിനുള്ള പ്രധാന കാരണങ്ങളും പരിഹാരങ്ങളും മനസ്സിലാക്കി യുദ്ധകാലാടിസ്ഥാനത്തിൽ നാം പ്രവർത്തിക്കേണ്ടതുണ്ട്.

ഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം

ഭൗതിക വിദ്യാഭ്യാസത്തിനു ലഭിച്ച സാർവത്രിക പ്രാധാന്യമാണ് മതപഠന രംഗത്തെ പിന്നാക്കം നടത്തിയ മുഖ്യ പ്രശ്‌നം. ഇരുതലത്തിലും -ഭൗതിക തലത്തിലും മതതലത്തിലും – ഹയർ സെക്കണ്ടറി വരെയുള്ള പൊതുവിദ്യാഭ്യാസം സമരസപ്പെടുത്തിക്കൊണ്ടു പോവുകയാണ് ഇതിനുള്ള സുതാര്യ പരിഹാരം. അതിന് ഹയർ സെക്കണ്ടറി മദ്രസകൾ ഉപയോഗപ്പെടുത്താവുന്നതാണ്. സെക്കണ്ടറി ഹയർ സെക്കണ്ടറി തലങ്ങളിലെ മതപഠനക്ലാസ്സുകൾക്ക് പള്ളികളും പള്ളിദർസുകളും ഉപയോഗപ്പെടുത്തുന്നതിന് ശ്രമിക്കാവുന്നതാണ്. ഹയർ സെക്കണ്ടറിക്ക് ശേഷം ഭൗതിക വിദ്യാഭ്യാസം തുടരുവാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികളെ ദഅ്‌വഃ കോളേജുകളിലേക്കും മതപഠനം മാത്രം തുടരുവാൻ തൽപരരായ വിദ്യാർത്ഥികളെ പള്ളിദർസുകളിലേക്കും വിടുക. പള്ളിദർസുകളിൽ നിന്ന് പഠനം പൂർത്തിയാക്കുന്നവർക്ക് ശരീഅത്ത് കോളേജുകളിൽ പ്രവേശനം നൽകുക. ഓരോ പള്ളിദർസും ഏറ്റവും അടുത്ത ശരീഅത്ത് കോളേജുമായി അഫിലിയേറ്റ് ചെയ്യുക. ശരീഅത്ത് കോളേജുകൾ താഴെ ക്ലാസുകൾ നിർത്തി വിദ്യാർത്ഥികളെ പള്ളിദർസുകളിൽ പഠനം നടത്തുവാൻ അനുവദിക്കുക. ഓരോ ശരീഅത്ത് കോളേജും പരമാവധി സൗകര്യത്തോടു കൂടി താഴെ ക്ലാസുകളിലേക്ക് വിദ്യാർത്ഥികളെ എടുക്കാൻ മത്സരിക്കുമ്പോൾ ദർസുകൾ തകരും.

ഓരോ മഹല്ലിലും ഓരോ ദർസ് വേണം. ഓരോ ദർസിലും ഇരുപത്തിയഞ്ച് കുട്ടികളെങ്കിലും വേണം. അപ്പോൾ ആ മഹല്ല് സജീവമാകും. ഓരോ ശരീഅത്ത് കോളേജും അതുമായി അഫിലിയേറ്റ് ചെയ്ത ദർസുകൾക്ക് മേൽനോട്ടം വഹിക്കണം. പൊതു പരീക്ഷകൾ നടത്തണം. ഈ പൊതുപരീക്ഷ പണ്ഡിത സംഘടന നേരിട്ടോ വിദ്യാഭ്യാസ ബോർഡ് നേരിട്ടോ ആകാം. പക്ഷേ, വർഷബന്ധിതമായ ക്ലാസ് പരീക്ഷകൾ പാടില്ല. അതു പള്ളി ദർസുകളിൽ പ്രായോഗികമല്ല. കിതാബ് അടിസ്ഥാനത്തിലുള്ള പരീക്ഷകൾ മാത്രം നടത്താം.

ഓരോ വിദ്യാർത്ഥിയും മുത്വവ്വൽ കോഴ്‌സ് പൂർത്തിയാക്കുന്നതിന് ഏതൊക്കെ ഗ്രന്ഥങ്ങൾ അനിവാര്യമായും പഠിച്ചിരിക്കണമെന്ന് നിശ്ചയിക്കുകയും അവയിൽ മുഖ്തസർ വരെയുള്ള കിതാബുകൾ പള്ളിദർസുകളിലും അതിനു മുകളിലുള്ള കിതാബുകൾ കോളേജുകളിലും പഠിപ്പിക്കുക. മുഖ്തസർ കോഴ്‌സിന് നിർദ്ദേശിച്ചിട്ടുള്ള ഓരോ കിതാബിനും എല്ലാ ദർസുകൾക്കുമായി പൊതുപരീക്ഷ നടത്തുക. ഓരോരുത്തരുടെ കഴിവും അവസരവും അനുസരിച്ച് മൊത്തം പഠിച്ചു തീർക്കുന്ന കിതാബുകളുടെ കാലയളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. മുഖ്തസറിനുള്ള കിതാബുകളെല്ലാം പലപ്പോഴോ ഒന്നിച്ചോ പരീക്ഷയെഴുതിക്കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് നൽകി ആ വിദ്യാർത്ഥിയെ കോളേജിലേക്ക് പ്രൊമോട്ട് ചെയ്യുക.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം

രണ്ടാമത്തെ കാരണം തൊഴിലിധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം വർധിച്ചു എന്നതാണ്. അധ്യാപനവും പ്രബോധനവും മുഖ്യജോലിയായി സ്വീകരിക്കുന്നതിന് തൽപരരും യോഗ്യരുമായ ആളുകളെ ആ വഴിക്കുതന്നെ തിരിക്കണം. അവർ മുദരിസുമാരും മുഅല്ലിമുകളും ഖത്തീബുമാരും പ്രസംഗകരും എഴുത്തുകാരുമായി വളരട്ടെ. അതിനു യോഗ്യരോ തൽപരരോ അല്ലാത്ത മതവിദ്യാർത്ഥികളെ താൽപര്യമുള്ള ഏതെങ്കിലും ഒരു ജോലി സ്വീകരിക്കുന്നതിന് മതപഠനത്തോടൊപ്പം തന്നെ അവരെ സജ്ജരാക്കണം. അത്തരക്കാരെ അതിന് സൗകര്യമുള്ള ദർസുകളിലേക്ക് വിടുകയോ, അല്ലെങ്കിൽ അതതു ദർസുകളിൽ നിന്ന് നിശ്ചിത സമയങ്ങളിൽ പുറത്തുള്ള സ്ഥാപനങ്ങളിലേക്ക് വിടുകയോ ചെയ്ത് അവർക്ക് തൊഴിൽ പരിശീലനം നൽകണം. തലപ്പാവ് അണിഞ്ഞു പോയി എന്ന ഏകകാരണം കൊണ്ട് അധ്യാപകനോ പ്രബോധകനോ ആകാൻ കഴിയാത്തവർ വെറുതെയിരിക്കുവാനോ അലഞ്ഞുതിരിയുവാനോ ഇടവരരുത്.

ശുഷ്‌കിച്ച വേതന വ്യവസ്ഥ

മതരംഗത്ത് പ്രവർത്തിക്കുന്നവരുടെ വേതനത്തിന്റെ അപര്യാപ്തതയാണ് മറ്റൊരു കാരണം. ഒരു തൂപ്പുവേലക്കാരന് കൊടുക്കുന്ന ശമ്പളം പോലും മതാധ്യാപകർക്ക് നൽകാൻ സമുദായം തയ്യാറല്ല. അതു കൊണ്ടു തന്നെ വലിയ കുടുംബ ബാധ്യതയുള്ള ഉസ്താദുമാർ ഭാരിച്ച ജീവിതച്ചെലവ് താങ്ങാൻ കഴിയാതെ രംഗം വിടാൻ നിർബന്ധിതരാവുന്നു. ആരെങ്കിലും രംഗം വിടാതെ പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ അവർ മറ്റു വല്ല വരുമാനമുള്ളവരോ, മറ്റു ജോലിക്ക് പോകാൻ കഴിയാത്ത ദുർബലരോ ആണ്. എല്ലാ കഷ്ടപ്പാടുകളും സഹിച്ച് കുടുംബസമേതം ദാരിദ്ര്യത്തിന്റെ കയ്പുനീർ കുടിച്ച് മറ്റുവേദികളുണ്ടെങ്കിലും ഈ മഹത്തായ വേദി വിടാതെ രംഗത്ത് ഉറച്ച് നിൽക്കുന്ന അപൂർവ്വം വ്യക്തിത്വങ്ങളെ ഇവിടെ വിസ്മരിക്കുന്നില്ല.

ഈ കഷ്ടപ്പാടുകളും പരാധീനതകളും കണ്ട് വളർന്നവർ അത് അവരുടെ സന്താനങ്ങളോ ബന്ധുക്കളോ അയൽവാസികളോ പരിചിതരോ ആരായിരിക്കട്ടെ അവരാരും തന്നെ ഈ രംഗത്തേക്ക് കടന്നുവരാൻ ധൈര്യപ്പെടുകയില്ല. പാവം ഉസ്താദിന് വന്ന ഗതികേട് എനിക്കും എന്റെ മക്കൾക്കും വന്ന് ഭവിക്കരുതേ എന്നേ അവരൊക്കെയും ചിന്തിക്കുകയുള്ളൂ. അതു കൊണ്ട് മിതമായ നിലക്ക് ജീവിക്കാനാവശ്യമായ വേതനമെങ്കിലും മതപണ്ഡിതന്മാർക്ക് നൽകണം. വിവാഹത്തിനും ഭവനനിർമാണത്തിനും ഹജ്ജ് യാത്രക്കും മാത്രമല്ല, കടം വീട്ടാൻ പോലും പരാശ്രയം നടത്തേണ്ട അവമതിയിലേക്ക് സമുദായം സമുന്നത സ്ഥാനം നൽകേണ്ട മതാധ്യാപകരെ വലിച്ചിഴക്കാൻ പാടില്ല. ധനമോഹികളായ വ്യക്തികളുടെ ദാഹവും മോഹവും തീർക്കുമാറ് വേതനം കൊടുത്ത് സംതൃപ്തരാക്കി പിടിച്ചു നിർത്താൻ ആർക്കും കഴിയില്ല. അത്തരക്കാരെ പിടിച്ചു നിർത്തുകയും ചെയ്യരുത്.

എന്നാൽ മതരംഗത്ത് വൈജ്ഞാനിക സേവനം ചെയ്ത് ജീവിക്കാൻ തൽപരരായ ആളുകൾ മാന്യമായി കുടുംബം പുലർത്താൻ മാർഗമില്ലാത്തതു കൊണ്ടു രംഗം വിടാൻ ഇടവരരുത്. മെച്ചപ്പെട്ട ശമ്പളം നൽകി അവരെ പിടിച്ചു നിർത്തണം. നാട്ടിൻ പുറത്തെ തോട്ടപ്പണിക്കാർക്ക് ഇന്ന് 750 രൂപ കൂലിയുണ്ട്. അതിനു പ്രത്യേക വിദ്യാഭ്യാസവും ട്രൈനിംഗും ഒന്നും ആവശ്യമില്ല. എന്നാൽ പഠന പരിശീലനങ്ങൾക്കു വേണ്ടി ജീവിതത്തിലെ ഒരു പ്രധാന ഭാഗം ചെലവഴിച്ച ശേഷം അത്യുന്നതമായ ഒരു സേവനത്തിനു രംഗത്തുവന്ന ഗുരുവര്യന്, ഒരു തോട്ടപ്പണിക്കാരന്റെ വേതനം കൊടുക്കുന്നില്ലെങ്കിലും മാന്യമായി ആരുടെ മുമ്പിലും ഓച്ഛാനിച്ചു നിൽക്കാതെ ജീവിക്കാനുള്ള ശമ്പളമെങ്കിലും കൊടുത്തിരിക്കണം. അതിനും കഴിയില്ലെങ്കിൽ സ്ഥാപന ഭാരവാഹികൾ രാജി വെച്ചു സ്ഥാപനത്തിനു വരുമാന സ്രോതസ്സുണ്ടാക്കാൻ കഴിയുന്നവരെ ഏൽപ്പിക്കണം. ഇല്ലെങ്കിൽ മറ്റൊരു പണിയും അറിയാത്തവനെയോ മറ്റൊരു ജോലിയും കിട്ടാത്തവനെയോ അല്ലാതെ അറിവും യോഗ്യതയുമുള്ള പ്രതിഭകളെ ഈ രംഗത്തേക്ക് കിട്ടുകയില്ല. അത് അവർക്ക് മതത്തോട് കൂറില്ലാത്തതു കൊണ്ടോ വിജ്ഞാനത്തോട് ബഹുമാനമില്ലാത്തത് കൊണ്ടോ അല്ല. അധ്യാപന സേവനത്തിൽ താൽപര്യമില്ലാത്തതുകൊണ്ടുമല്ല. പ്രത്യുത, ഈ സാമൂഹ്യബാധ്യതയേക്കാൾ കുടുംബം പുലർത്തുകയെന്ന വ്യക്തി ബാധ്യതക്ക് മുൻഗണന നൽകിയതു കൊണ്ടാണ്.

അസൗകര്യങ്ങളുടെ മതകലാലയം

ഭൗതിക കലാലയങ്ങളെ അപേക്ഷിച്ച്, മതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അസൗകര്യങ്ങളാണ് വേറെയൊരു കാരണം. ക്ലാസ്സും പഠനവും വിശ്രമവും ആരാധനയുമെല്ലാം ഒരിടത്തു തന്നെയാണ് നമ്മുടെ പള്ളിദർസുകളിൽ. ഇത് പുതിയ തലമുറക്ക് ദുസ്സഹമായി തോന്നുന്നു. അതിനു പുറമെ, പൊതു പള്ളികളിൽ ഇടതടവില്ലാതെ ആളുകൾ വന്നു കൊണ്ടിരിക്കും. മയ്യിത്ത് നിസ്‌കാരം, നികാഹ്, മീറ്റിംഗുകൾ, ക്ലാസുകൾ, മതപ്രസംഗങ്ങൾ, കൺവെൻഷനുകൾ ഇതെല്ലാം പള്ളികളിൽ നടക്കും. വിദ്യാർത്ഥികളുടെ സുഗമമായ പഠനത്തിന് ഇതെല്ലാം അസൗകര്യം സൃഷ്ടിക്കുന്നു. ദർസു വിദ്യാർത്ഥികളിൽ ഏറിയ കൂറും കൗമാരപ്രായക്കാരോ, യൗവനത്തിലേക്ക് കാലെടുത്തു വെച്ചവരോ ആയിരിക്കും. മുതിർന്നവർ പ്രതീക്ഷിക്കുന്ന പണ്ഡിതോചിതമായ ഗൗരവം ഇവരിൽ കണ്ടെന്നു വരില്ല. അതുകൊണ്ട് പള്ളിയിൽ വരുന്ന ചിലർ കുട്ടികളെ ശാസിക്കുകയും ചിലപ്പോൾ ചീത്ത പറയുകയും ചെയ്യാറുണ്ട്. ഇത് കുട്ടികളെ മാനസികമായി തളർത്തുന്നു. മുദരിസിനോടോ ദർസുഭാരവാഹികളോടോ പള്ളിദർസിനോടോ വിരോധമുള്ളവർ കുട്ടികളുടെ ചലനനിശ്ചലനങ്ങൾ അഭിവീക്ഷിച്ച് കുറ്റാരോപണങ്ങളുടെ മാലപ്പടക്കം പൊട്ടിക്കുന്നു. ഇത് കുട്ടികൾ പള്ളിദർസുകളിൽ നിന്ന് കൊഴിഞ്ഞുപോകുന്നതിനോ മുദരിസ് സ്ഥലം മാറുന്നതിനോ ഇടവരുത്തുന്നു.

കുട്ടികളുടെ ചലനങ്ങളും ശബ്ദങ്ങളും വരുന്നവർക്കും ചിലപ്പോൾ ശല്യമായിത്തോന്നാറുണ്ട്. അതു കൊണ്ട് കുട്ടികളുടെയും നാട്ടുകാരുടെയും സൗകര്യം പരിഗണിച്ച് പള്ളിദർസുകളിലെ വിദ്യാർത്ഥികൾക്ക് താമസത്തിനും വിശ്രമത്തിനും ഒരു പ്രത്യേക സ്ഥലം ഏർപ്പെടുത്തുന്നതാണ് നല്ലത്. ക്ലാസ്സുകളും ഇശാ മഗ്‌രിബിനിടയിലുള്ള കൂട്ടമായ പഠനവും രണ്ടാം ദർസുമെല്ലാം പള്ളിയിൽ തന്നെ നടക്കണം. കുട്ടികളുടെ ദർസിനാവശ്യമായ സൗകര്യങ്ങൾ പള്ളിയുടെ പവിത്രതക്കും പാരമ്പര്യത്തിനും വിരുദ്ധമാവാത്ത വിധം പരമാവധി ഏർപ്പെടുത്തണം.

താൽപര്യക്കുറവിന്റെ സ്വാധീനം

മതവിദ്യാഭ്യാസത്തോട് സമുദായത്തിനുള്ള താൽപര്യക്കുറവും അവഗണയുമാണ് ഏറെ പ്രധാനമായ കാരണം. ഇതിനു മുഖ്യമായി മൂന്ന് നിമിത്തങ്ങളുണ്ട്. ഒന്നു ബോധവൽക്കരണത്തിന്റെ കുറവു തന്നെ. ഓരോ മഹല്ലത്തിലും കഴിവുറ്റ പണ്ഡിതന്മാർ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും മതാധ്യയനത്തിന്റെയും അധ്യാപനത്തിന്റെയും വൈജ്ഞാനിക സേവനത്തിന്റെയും മഹത്ത്വവും സ്ഥാനവും വിളംബരം ചെയ്യുന്ന ഉദ്‌ബോധനങ്ങളും പ്രസംഗങ്ങളും ലേഖനങ്ങളും ലഘുലേഖകളും സി.ഡി.കളും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കണം. ഓരോ വർഷവും ദർസുദ്ഘാടനവും ദർസു സമാപനവും നാട്ടുകാരുടെ സാന്നിധ്യത്തിൽ ഗൗരവ പൂർവ്വം നടത്തണം. അതു രണ്ടും ശ്രദ്ധേയമായ പരിപാടികളാക്കണം.

നാട്ടിൽ നിന്നും നാട്ടിലെ പള്ളിദർസുകളിൽ നിന്നും ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്കു യാത്രയയപ്പുകൾ സംഘടിപ്പിക്കണം; ബിരുദം നേടി വരുന്ന വിദ്യാർത്ഥികൾക്കു സ്വീകരണാനുമോദന യോഗങ്ങളും സംഘടിപ്പിക്കണം. ഓരോ പ്രദേശത്തെ വിദ്യാർത്ഥികൾക്കും പ്രതിമാസ സ്‌കോളർഷിപ്പുകൾ നൽകണം. പാഠ്യഗ്രന്ഥങ്ങളും യൂണീഫോമുകളും ഉപഹാരങ്ങളായി നൽകണം. മതവിദ്യാർത്ഥികൾക്ക് മാത്രമായി വർഷാന്തം പ്രസംഗ-പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കണം. വാർഷിക പരീക്ഷകളിൽ റാങ്കുകൾ നേടുന്നവർക്ക് അവാർഡുകൾ നൽകുകയും അവയുടെ റിപ്പോർട്ടുകൾ ആനുകാലികങ്ങളിൽ വരുത്തുകയും വേണം.

സമൂഹത്തിന്റെ അവഗണനക്കു രണ്ടാമത്തെ നിമിത്തം, മതവിദ്യാർത്ഥികളിലും പണ്ഡിതന്മാരിലും വലിയൊരു വിഭാഗം സാമൂഹ്യപ്രതിബദ്ധതയില്ലാത്തവരാണെന്നതാണ്. സമൂഹത്തിന്റെ പ്രശ്‌നങ്ങൾ വിലയിരുത്തുകയും അവ പരിഹരിക്കുന്നതിന് ജനപിന്തുണ നേടി വേണ്ടത് പ്രവർത്തിക്കുകയും ചെയ്യുന്നതിൽ ശ്രദ്ധ കുറഞ്ഞവരാണ് പലരും. ലോകം കണ്ട ഏറ്റവും വലിയ മാതൃകാ ഗുരുവര്യരാണ് അല്ലാഹുവിന്റെ പ്രവാചകരായ മുഹമ്മദ് മുസ്ത്വഫ(സ്വ). തിരുനബി ജനങ്ങൾക്ക് ഉപദേശം നൽകുക മാത്രമായിരുന്നില്ല, അവരുടെ പ്രശ്‌നങ്ങൾ അന്വേഷിച്ച് കണ്ടെത്തുകയും അവ അപ്പപ്പോൾ തന്നെ പരിഹരിക്കുകയും ചെയ്തിരുന്നു. നമ്മുടെ സുപ്രധാന കാര്യങ്ങൾക്ക് പള്ളിയിലെ ഉസ്താദിന്റെ സഹായമോ മാർഗനിർദേശമോ ശിപാർശയോ അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുവാൻ പണ്ഡിതന്മാരുടെ നിഷ്‌കളങ്കമായ സാമൂഹ്യ സേവനപ്രവർത്തനങ്ങൾ സഹായകമാവണം.

അവഗണനക്കുള്ള മൂന്നാം നിമിത്തം പള്ളിദർസുകളുടെ മാന്ദ്യത്തിന് നേരത്തെ ചൂണ്ടിക്കാണിച്ച മൂന്നാമത്തെ കാരണം സൃഷ്ടിച്ച അവസ്ഥയാണ്. മാന്യതക്ക് ഒരിക്കലും നിരക്കാത്തതും മാന്യമായ ജീവിതത്തിന് ഒരു നിലയ്ക്കും പര്യാപ്തമവുല്ലാത്ത വേതനം പറ്റി കഷ്ടപ്പെടുകയും ജീവിതാവശ്യങ്ങൾക്ക് പലപ്പോഴും മറ്റുള്ളവരുടെ സഹതാപത്തിനും കൈമടക്കിനും ഉറ്റു നോക്കുന്ന ഒരു വിഭാഗമായാണ് ജനസാമാന്യം പൊതുവെ മതാധ്യാപകരെ കാണുന്നത്. ആ നിലയ്ക്കുള്ള ഒരു വേതന വ്യവസ്ഥയാണ് ഈ രംഗത്ത് ഭാരവാഹികൾ ഏർപ്പെടുത്തിയിട്ടുള്ളത്. വരുമാനങ്ങൾ മിച്ചമായി കുന്നുകൂടി കിടന്നാലും മതാധ്യാപകർക്ക് മാന്യമായ ശമ്പളം കൊടുക്കാൻ പിശുക്ക് കാണിക്കുന്നവരാണ് അവരിൽ പലരും. അതു കൊണ്ടു തന്നെ ഭാവി തുലക്കുന്ന ഒരേർപ്പാടായി ജനസാമാന്യം മതപഠനത്തെ കാണുന്നു. താമസംവിനാ ഈ ദുഃസ്ഥിതിക്ക് മാറ്റം വരുത്തുവാൻ നാട്ടുകാരണവന്മാർ ചട്ടങ്ങൾ മാറ്റണം.

ജോലിയും ശമ്പളവും കിട്ടുമെന്ന് കണ്ടാൽ ബഹുഭൂരിപക്ഷം രക്ഷിതാക്കളും തങ്ങളുടെ സന്താനങ്ങളെ മതപഠനത്തിനയക്കാൻ സന്നദ്ധരാകും. പല ദമ്പതിമാരും തങ്ങളുടെ ഏക സന്താനത്തെ പോലും രണ്ടോ മൂന്നോ വർഷത്തേക്ക് യാത്രപറഞ്ഞ് കടലിനക്കരേക്ക് വിടുന്നത് ജോലിക്കും ശമ്പളത്തിനും വേണ്ടി മാത്രമാണ്. ഇഷ്ടകാമുകിയെ വിവാഹം കഴിച്ച് മധുവിധു മാധുര്യം അവസാനിക്കും മുമ്പ് വിദേശത്തേക്ക് പോകുന്നതിന് പുതുമണവാളനെ പ്രേരിപ്പിക്കുന്നത് ജോലിയും ശമ്പളവും തന്നെ. ആകയാൽ മതപഠനം പൂർത്തിയാക്കിയാൽ ജോലിയും ശമ്പളവും ഉറപ്പുവരുത്താൻ സാധിക്കുമെങ്കിൽ സമുദായത്തിലെ ഭക്തകുടുംബത്തിലെ സന്താനങ്ങളെങ്കിലും ഈ രംഗത്തേക്കൊഴുകാതിരിക്കില്ല. ഈ ഉറപ്പു നൽകാൻ സമുദായം തയ്യാറുണ്ടോ? എങ്കിൽ പള്ളി ദർസുകളുടെയും, ശരീഅത്ത് കോളേജുകളുടെയും, മത പഠനത്തിന് മുഖ്യസ്ഥാനം നൽകുന്ന ദഅ്‌വഃ കോളേജുകളുടെയും ഭാവി ഭാസുരമാണ്. ഇതുവഴി വിശുദ്ധമതത്തിനു തന്നെയാണ് നാം കാവലൊരുക്കുന്നത്.

You must be logged in to post a comment Login