മതരംഗത്തെ കൗതുക വാര്‍ത്തകള്‍

പല കൗതുക വാര്‍ത്തകളും നാം കേള്‍ക്കാറുണ്ട്. പല്ല ഉപയോഗിച്ച് കാറ് വലിച്ചുകൊണ്ടു പോകുന്നതും ചില പോഴത്തക്കാര്‍ തവള, തേള്, ഓന്ത് പോലുള്ള ജീവികളെ പച്ചക്ക് തിന്നുന്നതുമൊക്കെ. നൊന്തു പ്രസവിച്ച മാതാവിനെ മകന്‍ ബലാത്സംഗം ചെയ്തതും, പിതാവിനെ മക്കള്‍ നിഷ്ഠൂരമായി കൊന്നു തള്ളുന്നതുമൊക്കെയായ ദുഃഖ വാര്‍ത്തകളും സുലഭമായുണ്ടാവാറുണ്ട്.

സന്താപവും സഹതാപവും കൗതുകവും നിറഞ്ഞ ചില വിചിത്ര വാര്‍ത്തകളും പുതിയ കാലത്ത് പൊതുജനം സഹിക്കേണ്ടി വന്നിരിക്കുന്നു. ഈ ഗണത്തില്‍ പുതിയതാണ് വികട സമസ്ത വൈസ് പ്രസിഡന്‍റ് മുജാഹിദ് പള്ളി ഉദ്ഘാടനം ചെയ്ത റിപ്പോര്‍ട്ട്. സമസ്തയും മുജാഹിദ് പ്രസ്ഥാനവും തമ്മിലുള്ള ബന്ധം ലോജിക് രീതിയില്‍ വിലയിരുത്തിയാല്‍ “തബായുന്‍ കുല്ലി”യാണ്. അഥവാ പൂര്‍വാപര വിരുദ്ധം. ഒലക്കയും പാന്തവും ഏച്ചുകൂട്ടിയതു പോലെയും കീരിയും പാന്പും കല്യാണം കഴിച്ചാലുള്ളതു പോലെയുമൊക്കെയാണിത്. തമ്മില്‍ ഒരു സഹകരണവും രണ്ടും അനുവദിക്കുന്നില്ല.

ജന്മപരമായി തന്നെ സമസ്തയും മുജാഹിദും രണ്ട് ചേരിയാണ്. ഒരു സഹകരണവും ബിദ്അത്തിനോട് പാടില്ലെന്ന് പഠിപ്പിക്കാന്‍ പിറന്നതാണ് സമസ്ത. കല്യാണാടിയന്തിരങ്ങള്‍ മുതല്‍ പരസ്പരം സലാം പറയുന്നതുപോലും പാടില്ലെന്ന് അതിന്റെ നേതാക്കള്‍ പ്രചരിപ്പിച്ചു. പഴയ മിനുട്സ് പൊടി തട്ടിയെടുത്താല്‍ ഈ വിധമുള്ള നിരവധി പ്രമേയങ്ങളും തീരുമാനങ്ങളും കാണാനാവും. അഹ്മദ്കോയ ശാലിയാത്തിയെ പോലുള്ള മഹാജ്ഞാനികള്‍ ഇതു വിശദീകരിച്ച് ഫത്വ നല്‍കുക മാത്രമല്ല; ബിദ്അത്ത് ബാന്ധവം പുലര്‍ത്തിയ ബന്ധുവിന് അനന്തരാവകാശം നിഷേധിച്ച് വസ്വിയ്യത് തയ്യാറാക്കുക വരെ ചെയ്തു.

മറുവശത്തോ, സുന്നികള്‍ മുശ്രിക്കുകളാണെന്നും അവരെ കൊല്ലല്‍ നിര്‍ബന്ധമാണെന്നും പ്രചരിപ്പിച്ചുവന്നു. മുജാഹിദുമായി “ഭായ് ഭായ്”കളിയിലേര്‍പ്പെട്ട വരും ആദരിക്കുന്ന ബഹുമാന്യരായ ശിഹാബ് തങ്ങളെക്കുറിച്ച് തന്നെ കഠിന മുശ്രിക്ക് അഥവാ ഗുണമൊത്ത ബഹുദൈവ വിശ്വാസി എന്നു സമീപകാലത്തു പോലും മുജാഹിദുകള്‍ പ്രചരിപ്പിച്ചു; ഗള്‍ഫ് ശൈഖുമാര്‍ക്ക് വിതരണം ചെയ്യാന്‍ മര്‍ഹൂം തങ്ങള്‍ നൂല്‍ മന്ത്രിച്ചൂതുന്നതിന്റെ വീഡിയോ വരെ അവര്‍ തയ്യാറാക്കുകയും ചെയ്തു. ഈ രണ്ടു വിഭാഗവും എങ്ങനെയാണ്, എന്തു ന്യായപ്രകാരമാണ് ചങ്ങാത്തം കൂടുക? സമസ്തയെയും മതത്തെയും കുറിച്ച് അല്‍പമെങ്കിലും അറിയുന്ന ആര്‍ക്കും ഇത് സഹിച്ച് സഹകരിക്കാനുമാവുമോ?

കൊട്ടപ്പുറം സംവാദത്തിലടക്കം മുജാഹിദുകളുടെ ഏറ്റവും വലിയ നേതാവായിരുന്നു എപി അബ്ദുല്‍ ഖാദിര്‍ മൗലവി. അദ്ദേഹത്തിന്റെ സമുദായ സേവനം ശരിക്കു പറഞ്ഞാല്‍ മലിനമായിരുന്നു. സുന്നികള്‍ മുശ്രിക്കുകള്‍, പ്രവാചക സ്നേഹ പ്രകടനം ബിദ്അത്ത്, മന്ത്രം, പിഞ്ഞാണമെഴുത്ത് പോലുള്ളവ കടുത്ത ശിര്‍ക്ക്, ജുമുഅ വാങ്ക് മുതല്‍ ഖുതുബ വരെയും പരിഷ്കരിക്കല്‍…. ഇങ്ങനെ പോകുന്നു മൗലവിയുടെ മതവിരുദ്ധതകള്‍. ഇവയുടെ ന്യായാന്യായങ്ങള്‍ അന്യത്ര പരിശോധിക്കപ്പെട്ടതാകയാല്‍ ഇവിടെ അതിനു മുതിരുന്നില്ല. ഒന്നുറപ്പാണല്ലോ, സമസ്ത പ്രചരിപ്പിക്കുന്നതും അനുഭവിക്കുന്നതുമായ ഒട്ടുമിക്ക സംഗതികളും ഈ മൗലവിക്ക് ഏറെ അരോചകമായിരുന്നു; ശിര്‍ക്കും ബിദ്അത്തുമായിരുന്നു. എന്നിട്ടും പ്രസ്തുത മൗലവി മരണപ്പെട്ടപ്പോള്‍ ടി സമസ്ത ഉപാധ്യക്ഷന്റെ പ്രഖ്യാപനം വന്നു: സമുദായ നവോത്ഥാനത്തിന് മഹദ് സംഭാവനകളര്‍പ്പിച്ച ബഹുമാന്യ പണ്ഡിതനായിരുന്നു എപി മൗലവി!

ഇത് സത്യസന്ധമായി പറഞ്ഞതാണെങ്കില്‍, എപി മൗലവിയുടെ പ്രവര്‍ത്തികള്‍ നവോത്ഥാനമാണെങ്കില്‍ താന്‍ നേതാവായ സമസ്തക്ക് എന്തു പ്രസക്തിയാണുള്ളതെന്ന് ചിന്തിക്കാനെങ്കിലും ഉത്തരവാദപ്പെട്ടവര്‍ക്ക് ബാധ്യതയുണ്ടാവേണ്ടതല്ലേ. അതല്ല, രണ്ടു സംഘങ്ങളും തമ്മിലുള്ള ചില അവിശുദ്ധ സമവായങ്ങള്‍ക്കുള്ള മുന്നൊരുക്കമാവുമോ ഇത്? “സമവായ”യോ “മലമുണ്ടി വായ”യോ എന്തായാലും ഇത്തരം മതവിരുദ്ധ നാടകങ്ങളായിരിക്കും സമുദായം പുറംകാലു കൊണ്ട് തള്ളുകയെന്ന ഓര്‍മ, പുറംകാല് ഫത്വക്ക് വൈദഗ്ധ്യം കാണിക്കുന്നവര്‍ക്കെങ്കിലും ഉണ്ടായിരിക്കണം.

You must be logged in to post a comment Login