ഒരു ഷൂ നിര്‍മാണക്കമ്പനി തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ആഫ്രിക്കന്‍ നാട്ടില്‍ എത്രമാത്രം വില്‍പന സാധ്യതയുണ്ടെന്നറിയാന്‍ ഒരു മാനേജരെ അങ്ങോട്ടയച്ചു. അയാള്‍ പോയ വേഗത്തില്‍ത്തന്നെ തിരിച്ചുവന്നു. ആ നാട്ടില്‍ ആരും ഷൂസിടുന്നില്ല എന്ന് ഉടമയെ ധരിപ്പിച്ചു.
കമ്പനി മുതലാളി മറ്റൊരു മാനേജരെ അതേ സ്ഥലത്തേക്കയച്ചു. അവിടെച്ചെന്നു പഠനം നടത്തിവന്ന മാനേജര്‍ ആഹ്ലാദപൂര്‍വം മുതലാളിയോടു പറഞ്ഞു. കയറ്റിയയച്ചാല്‍ നമ്മുടെ ഷൂസുകള്‍ക്കവിടെ നല്ല ഡിമാന്‍റുണ്ടാവും.
എങ്ങനെ? മുതലാളി അന്വേഷിച്ചു. മാനേജര്‍ പറഞ്ഞു: ആ നാട്ടില്‍ ആരും ഷൂസിടുന്നില്ല, നിലവില്‍ ഒരു കമ്പനിയും അവിടെ ഷൂ നിര്‍മിക്കുന്നില്ല എന്ന്.
ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ട പാഠം ഇതാണ്. ഓരോ മനുഷ്യനും ഓഫീസ്, വ്യാപാരം, വീട് എന്നിങ്ങനെ വിവിധ സന്ദര്‍ഭങ്ങളില്‍ വിവിധ തരത്തിലുള്ള അനുഭവങ്ങള്‍ക്കു വിധേയരാവുന്നു. എല്ലാ അനുഭവങ്ങളെയും രണ്ടു വിഭാഗമായി തിരിക്കാന്‍ കഴിയും.
പകുതി വെള്ളം നിറച്ച ഗ്ലാസ്സിനെപ്പറ്റി ചിന്തിക്കുക, അതില്‍ പകുതി വെള്ളമുണ്ടെന്നുള്ളത് വ്യക്തമായ സംഗതിയാണ്. നമ്മുടെ വസ്തുനിഷ്ഠമോ അല്ലാത്തതോ ആയ മനോഭാവമനുസരിച്ച് അതിനെ പകുതി നിറഞ്ഞതോ പകുതി കാലിയായതോ ആയി കണക്കാക്കാം. ഇതാണ് മനോഭാവം.
സാധാരണ മനോഭാവമനുസരിച്ച് നമ്മള്‍ ഗ്ലാസ്സിനെ മാറ്റമില്ലാത്തതായും അതിനുള്ളിലെ വെള്ളത്തെ നിരന്തരം മാറുന്നതായും കണക്കാക്കുന്നു. അപ്പോള്‍ ഗ്ലാസ്സിന്റെ വലിപ്പത്തെ അടിസ്ഥാനമാക്കിയാണ് നാം വെള്ളത്തിന്റെ അളവു കണക്കാക്കുന്നത്. അതിന്റെ ഫലമാണു ഗ്ലാസ്സ് പകുതി നിറഞ്ഞതോ പകുതി ശൂന്യമോ എന്ന കാഴ്ചപ്പാട്. നമ്മള്‍ തുടര്‍ന്നും വെള്ളം ഒഴിക്കുകയാണെങ്കില്‍ ഗ്ലാസ്സ് നിറയുകയും മറിച്ചു ചെയ്താല്‍ അതു ശൂന്യമാവുകയും ചെയ്യുന്നു.
ഇനി നമ്മള്‍ ഗ്ലാസ്സിനെ നിരന്തരം മാറുന്ന ഒന്നായും അതിലെ വെള്ളത്തെ മാറ്റമില്ലാത്തതായും സങ്കല്‍പിക്കുക. അപ്പോള്‍ ഗ്ലാസ്സിന്റെ വലിപ്പം കണക്കാക്കുന്നത് അതിലെ വെള്ളത്തിന്റെ അളവിനെ അടിസ്ഥാനമാക്കിയാണ്. നമ്മള്‍ ഉപയോഗിക്കുന്നതു വലിയ ഗ്ലാസ്സാണെങ്കില്‍ അത് ഏകദേശം ശൂന്യമായിരിക്കും. ചെറിയതാണെങ്കില്‍ വക്കുവരെ നിറഞ്ഞതായിരിക്കും. ഇങ്ങനെ ഒരു മനോഭാവത്തിലൂടെ നോക്കിയാല്‍ ഗ്ലാസ്സ് ഏറെ വലുതോ ഏറെ ചെറുതോ ആയിരിക്കും. ഗ്ലാസ്സ് പകുതി നിറഞ്ഞതോ ശൂന്യമോ എന്നതില്‍ നിന്ന് ഒരുപാടു വലുതോ ചെറുതോ എന്ന നിഗമനത്തില്‍ നാം എത്തുന്നതു നമ്മുടേതന്നെ മനോഭാവത്തിലൂടെയാണ്.ഇവിടെ പോസിറ്റീവും നെഗറ്റീവും ഉണ്ട്.
സമ്മര്‍ദം വളരെ വ്യക്തിപരമായ അനുഭവമാണ്. അതിനാല്‍ ഓരോരുത്തരിലും സമ്മര്‍ദം ഏല്‍പ്പിക്കുന്ന ആഘാതം വ്യത്യസ്തമാണ്. ഒരാള്‍ക്കു മാനസിക സമ്മര്‍ദമുണ്ടാക്കുന്ന ഒരു കാര്യം മറ്റൊരാള്‍ക്ക് സംഭവിച്ചാല്‍ അതേ അളവില്‍ സംഘര്‍ഷമുണ്ടാകണമെന്നില്ല. അതിനാല്‍ പൊതുവായ മാര്‍ഗങ്ങള്‍ എല്ലാവരിലും ഫലം കാണണമെന്നില്ല.
സംഘര്‍ഷമുണ്ടാക്കുന്ന പ്രതിസന്ധികളെ നേരിടുന്ന മനോഭാവമാണു പ്രധാനം. ഒരു പ്രധാന കാര്യത്തിനു വീട്ടില്‍ നിന്നു പുറത്തേക്കിറങ്ങുന്ന ഒരാളുടെ മുമ്പിലേക്ക് ഒരു വലിയ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീഴുന്നു. പരുക്കേല്‍ക്കാതെ രക്ഷപ്പെടുന്ന അയാള്‍ക്കു മൂന്നു വിധത്തില്‍ ചിന്തിക്കാം.
ഇന്നെനിക്ക് ചീത്ത ദിവസം, ഇന്നെനിക്ക് നല്ല ദിവസം, ഇന്നെനിക്ക് സാധാരണ ദിവസം.
ഒരു നല്ല കാര്യത്തിന് ഇറങ്ങിയപ്പോള്‍ തന്നെ മാര്‍ഗതടസ്സമായി ഒരു ശിഖരം വീണു. ഇത് അപശകുനമാണ്. ഇന്നു ചെയ്യാന്‍ പോകുന്ന കാര്യം ശരിയാകില്ല. ഇതാണ് ആദ്യ കൂട്ടരുടെ വിചാരം. ഈ വിചാരം മാനസിക സംഘര്‍ഷത്തിനു കാരണമാകും. സംശയത്തോടെയാകും ജോലികള്‍ ചെയ്യുക. ആത്മവിശ്വാസക്കുറവുമുണ്ടാകാം. അപ്പോള്‍ ഫലം തൃപ്തികരമാവില്ല.
ഇത്രയും വലിയ ശിഖരം എന്റെ മുമ്പില്‍ വീണിട്ടും എന്റെ തലമുടിനാരിഴയ്ക്കു പോലും ഒന്നും സംഭവിച്ചില്ലല്ലോ എന്നു ചിന്തിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗത്തില്‍പെടുന്നത്. ഇങ്ങനെ ചിന്തിക്കുന്നവര്‍ക്കു കൂടുതല്‍ ഉന്മേഷത്തോടെ ജോലി ചെയ്യാന്‍ സാധിക്കും.
മൂന്നാമത്തെ വിഭാഗത്തില്‍ പെട്ടവര്‍ ശിഖരം വീണതു പ്രകൃതിയുടെ വികൃതിയായി കണക്കാക്കും. അവര്‍ അസാധാരണമായി ഒന്നും സംഭവിക്കാത്തതുപോലെ ജോലിയില്‍ മുഴുകും.
മൂന്നു വിഭാഗത്തിനും സംഭവിച്ചത് ഒരേ പ്രതിസന്ധിയാണെങ്കിലും അതിനെ നേരിട്ട മനോഭാവം അവര്‍ വിജയിക്കുന്ന തോത് വ്യത്യസ്തമാക്കുന്നു.
നിങ്ങളെപ്പോഴെങ്കിലും നിങ്ങളുടെ ചിന്തകളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അത് രസാവഹമായ ഒരു വിനോദവും ഗൗരവപൂര്‍ണമായ ഒരു പഠനവുമാണ്. അങ്ങനെ പഠിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വ്യക്തമാകുന്ന ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു. പല ചിന്തകളും ദിനം പ്രതി പല തവണ ആവര്‍ത്തിക്കുന്നവയാണ്. ഈ പതിവുചിന്തകളില്‍ നല്ലതും ചീത്തയുമുണ്ടാകാം. നമ്മുടെ ഊര്‍ജ്ജതലം ചിന്തകളെ സ്വാധീനിക്കുന്നുണ്ട്. മസ്തിഷ്ക്കത്തിന്റെ ഇടതു  വലതു ഭാഗങ്ങളിലെ ന്യൂണോണുകളുടെ പ്രവര്‍ത്തനക്ഷമതക്ക് ചിന്തകളുമായി ബന്ധമുണ്ട്. നിങ്ങളുടെ വൈയക്തിക മനസ്സും സാമൂഹികമനസ്സും ചിന്തിക്കുന്നത് പലപ്പോഴും രണ്ട് രീതികളിലാണ്. ചിന്തകളിലും ചിലപ്പോഴെല്ലാം നമ്മള്‍ മുഖംമൂടി ധരിക്കാറുണ്ട്. നെഗറ്റീവായ ചിന്തകളും പോസിറ്റീവായ ചിന്തകളും ന്യൂട്രല്‍ ചിന്തകളും ഉണ്ട്. നെഗറ്റീവായ ചിന്തകളെ പല രീതിയില്‍ തരംതിരിക്കാം. വിഷാദാത്മക ചിന്തകള്‍, സംശയാത്മകചിന്തകള്‍, വിദ്വേഷചിന്തകള്‍, അത്യാഗ്രഹപൂര്‍ണ ചിന്തകള്‍, അസൂയാത്മകചിന്തകള്‍, അയഥാര്‍ത്ഥ ബോധചിന്തകള്‍, ജഡത്വപൂര്‍ണ ചിന്തകള്‍, ഭയാത്മക ചിന്തകള്‍. നിങ്ങളുടെ ഒരു ദിവസത്തെ ചിന്തകളില്‍ കൂടുതലും ഈ വിഭാഗങ്ങളില്‍ പെടുന്നവയാണെങ്കില്‍ അവ നിങ്ങളുടെ ജീവിതവിജയത്തിന് മാത്രമല്ല, മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പോലും തടസ്സമായി നിന്നേക്കാം. പലതരത്തിലുള്ള ശാരീരികരോഗങ്ങളുടെ പിന്നിലും തെറ്റായ ചിന്താശൈലി പ്രവര്‍ത്തിക്കുന്നുണ്ട്. ശുഭാപ്തി വിശ്വാസികള്‍ക്ക് ആയുസ്സും ആരോഗ്യവും കൂടുതലാണെന്ന് പല ഗവേഷണങ്ങളും തെളിയിക്കുന്നു.
ചിന്തകളുടെ സ്രോതസ്സുകളെ വ്യക്തമായി മനസ്സിലാക്കുക. പല സങ്കല്‍പങ്ങളും ധാരണകളും തെറ്റായിരുന്നുവെന്ന് നിങ്ങള്‍ക്ക് തന്നെ തോന്നിത്തുടങ്ങും. ചിലചിന്തകള്‍ യഥാര്‍ത്ഥ ലോകത്ത് നിന്നും വലിച്ചു കൊണ്ടുപോകുന്നതായി അറിയുവാന്‍ സാധിക്കുകയും ചെയ്യും.
ഒന്നാം ഘട്ടത്തില്‍ ചിന്തകളെ ശരിയാംവണ്ണം വര്‍ഗീകരിക്കുവാന്‍ സാധിച്ചാല്‍ രണ്ടാം ഘട്ടം തുടങ്ങുകയായി. ഇവിടെ ചിന്തകളുടെ നിര്‍വീര്യകരണമാണ് സംഭവിക്കുന്നത്. വികാരങ്ങളെ സംഭവങ്ങളാക്കി ന്യൂട്രലൈസ് ചെയ്യുന്ന പ്രക്രിയയാണിതെന്ന് പറയാം. ഒരു തരം ശുദ്ധീകരണപ്രക്രിയ. ഇങ്ങനെ ന്യൂട്രലൈസ് ചെയ്യുമ്പോള്‍ യാഥാര്‍ത്ഥ്യബോധവും തികഞ്ഞ ഉള്‍ക്കാഴ്ചയും ഉണ്ടാകണം. മൂന്നാമത്തെ ഘട്ടത്തില്‍ ചിന്തകളുടെ മേല്‍ സത്ഭാവന അലിയിച്ചു ചേര്‍ക്കുന്നു. ഇതിലൂടെ ഏതൊരു സംഭവത്തിലും ഒരു നല്ല വശം കാണുവാന്‍ സാധിക്കുന്നു. ഏതൊരു വ്യക്തിയുടെയും നന്മകളിലേക്ക് മനസ്സ് ചെന്നെത്തുന്നു. ഉപബോധമനസ്സിനെയും കാലക്രമേണ ഒരു പരിധി വരെ ശുദ്ധീകരിക്കുവാന്‍ ഈ പ്രക്രിയയിലൂടെ സാധിക്കും.
അബോധചിത്രങ്ങളെയും ബോധചിന്തകളെയും വേര്‍തിരിച്ച് തെറ്റായ അബോധചിന്തകളെ നിര്‍വീര്യകരണത്തിലൂടെയും ശുദ്ധീകരണത്തിലൂടെയും ബോധചിന്തകളാക്കി മാറ്റാന്‍ കഴിയും. സദ്ചിന്താ പരിശീലനത്തിലൂടെ പല ബാഹ്യവും ആന്തരികവുമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും. മനസ്സിന്റെ വിസ്തൃതി വികാസം പ്രാപിക്കുന്നു. അത് ജീവിതവിജയത്തിന്റെയും മനഃസമാധാനത്തിന്റെയും സന്തോഷത്തിന്റെയും അടിസ്ഥാനമാകുന്നു.
ഭക്ഷണപ്രിയനായ ഒരാള്‍ക്ക് ആഹാരം കാണുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ പോലെ സന്തോഷം നേടാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ അതിനുള്ള വഴികള്‍ അവര്‍ക്ക് അജ്ഞാതമാണ്. സന്തോഷം എവിടെയാണ് കെട്ടുപിണഞ്ഞുകിടക്കുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് പോസിറ്റീവ് സൈക്കോളജിസ്റ്റുകള്‍ ചെയ്യുന്നത്.
നല്ല ചിന്ത, നല്ല പ്രവൃത്തി എന്നിവയാണ് സന്തോഷത്തിന്റെ അടിസ്ഥാനഘടകങ്ങള്‍. ജീവിതവിജയം നേടാനും സന്തോഷം ലഭിക്കാനും പോസിറ്റീവ് സൈക്കോളജി മുന്നോട്ട് വയ്ക്കുന്നത് ഇവയാണ്.
പോസിറ്റീവായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി അയാളുടെ പ്രവൃത്തികള്‍ മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. ജീവിതത്തെ എപ്പോഴും വെല്ലുവിളിയോടെ എടുക്കണം. തിരക്കേറിയ ജീവിതത്തിനിടയ്ക്ക് മനസ്സിന് ഉല്ലാസം ലഭിക്കുന്ന പ്രവൃത്തികള്‍ ചെയ്യണം. പുതിയ കോഴ്സുകള്‍ പഠിക്കുക, പുതിയ വ്യായാമങ്ങള്‍ പരിശീലിക്കുക എന്നിവയൊക്കെ പോസിറ്റീവായി മാറാന്‍ സഹായിക്കുന്ന പ്രവൃത്തികളാണ്.
ജനിതകമായി ലഭിക്കുന്ന കഴിവുകളെ വളര്‍ത്തിയെടുക്കുന്നതും പോസിറ്റീവാകാന്‍ സഹായിക്കുന്നു. സാഹിത്യം, ചിത്രരചന എന്നിവയില്‍ ജന്മസിദ്ധമായ കഴിവുണ്ടെങ്കില്‍ അത് വളര്‍ത്തിയെടുക്കണം. ചിലര്‍ക്ക് ചില കാര്യങ്ങള്‍ പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ സഹായിക്കും. മറ്റു ചിലര്‍ക്കതിന് കഴിയില്ല. തനിക്ക് ചെയ്യാന്‍ കഴിയാത്തത് മറ്റൊരാള്‍ ചെയ്താല്‍ അയാളെ അഭിനന്ദിക്കാനുള്ള മനസ്സുണ്ടായിരിക്കണം.
ഓരോ വ്യക്തിക്കും ജീവിതത്തില്‍ പ്രത്യേക ലക്ഷ്യമുണ്ട്. എന്താണാ ലക്ഷ്യമെന്ന് കണ്ടെത്തുക. തന്റെ ലക്ഷ്യവുമായി ദീര്‍ഘകാലത്തെ ബന്ധമുള്ള ഒരാള്‍ക്ക് മാത്രമേ വിജയത്തിലെത്താന്‍ സാധിക്കുകയുള്ളൂവെന്ന് പോസിറ്റീവ് സൈക്കോളജി ഓര്‍മപ്പെടുത്തുന്നു. ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കുകയും അതിനുവേണ്ടി നിരന്തരം പ്രവര്‍ത്തിക്കുകയും വേണമെന്നര്‍ത്ഥം. ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്യത്തിലെത്താന്‍ എന്തുചെയ്യണം എന്ന് ചിന്തിക്കുന്നതിനെക്കാള്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ലക്ഷ്യത്തിലെത്താന്‍ വേണ്ടതിനെപ്പറ്റി തയ്യാറെടുപ്പ് നടത്തണം.
ലക്ഷ്യത്തിലെത്താന്‍ വേണ്ടി അനാരോഗ്യകരമായ മത്സരങ്ങളിലേര്‍പ്പെടരുത്. തന്നെക്കാള്‍ വേഗത്തില്‍ മറ്റൊരാള്‍ ലക്ഷ്യത്തിലെത്തിയാല്‍ അതിനെ അസൂയയോടെ വീക്ഷിക്കാതെ അയാളെ അഭിനന്ദിക്കുക. ലക്ഷ്യത്തിനുവേണ്ടിയുള്ള പരിശ്രമമാണ് പ്രധാനം. സത്യസന്ധമായി തന്നെ പരിശ്രമിക്കണം. കുറുക്കു വഴി തേടിയാല്‍ ലക്ഷ്യത്തിലേക്കുള്ള വഴി തെറ്റും.
നിങ്ങളുടെ പ്രവൃത്തിയെപ്പറ്റി മറ്റുള്ളവര്‍ വിമര്‍ശിച്ചേക്കാം. വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിച്ചാല്‍ നെഗറ്റീവ് ചിന്തകള്‍ മനസ്സില്‍ കൂടുകെട്ടും. വിമര്‍ശനം നല്ലതാണ്. മറ്റുള്ളവര്‍ വിമര്‍ശിക്കുന്നതിനെപ്പറ്റി സ്വയം വിമര്‍ശനം നടത്തുന്നതും നല്ലതാണ്. തെറ്റുകള്‍ മനസ്സിലാക്കി തിരുത്തി സഞ്ചരിച്ചാല്‍ ലക്ഷ്യം വേഗത്തിലെത്തും.

വനിതാ കോര്‍ണര്‍
ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ