മുത്തുനബിയുടെ ശഅ്ബാന്‍

jn2 (18)ഹിജ്റ കലണ്ടറിലെ എട്ടാം മാസമാണല്ലോ ശഅ്ബാന്‍. ഇത് നബി(സ്വ)യുടെ മാസമാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. പവിത്രമായ രണ്ടു മാസങ്ങള്‍ക്കിടയില്‍ (റജബ്, റമളാന്‍) വിസ്മരിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അതിന്‍റെ മഹത്വത്തെ പ്രവാചകര്‍(സ്വ) നന്നായി ഓര്‍മപ്പെടുത്തിയതു കാണാം.
ശഅ്ബാന്‍ മാസത്തില്‍ അവിടുന്ന് നോന്പിന്‍റെ കാര്യത്തില്‍ കൂടുതല്‍ ആവേശം കാണിക്കുന്നത് കണ്ട് ഉസാമതുബ്നു സൈദ്(റ) ചോദിച്ചു: നബിയേ, അങ്ങ് ഈ മാസത്തില്‍ നോന്പെടുക്കുന്നതു പോലെ ഇതര മാസങ്ങളില്‍ നോന്പെടുക്കുന്നത് കാണുന്നില്ലല്ലോ? നബി(സ്വ) മറുപടി നല്‍കിയതിങ്ങനെ: റജബിനും റമളാനും ഇടയില്‍ ജനങ്ങള്‍ ശ്രദ്ധിക്കാതെ പോവുന്ന മാസമാണിത്. അതില്‍ മനുഷ്യരുടെ സുകൃതങ്ങള്‍ അല്ലാഹുവിലേക്കുയര്‍ത്തപ്പെടുന്നു. അതിനാല്‍ നോമ്പുകാരനായിരിക്കെ എന്‍റെ അമലുകള്‍ ഉയര്‍ത്തപ്പെടാനാണ് ഞാനിഷ്ടപ്പെടുന്നത് (നസാഈ).
റജബ് മാസത്തിന്‍റെ മഹത്വം അതില്‍ ധര്‍മയുദ്ധം പോലും അനുവദനീയമല്ല എന്നതില്‍ തുടങ്ങുന്നു. പൂര്‍വികമായി തന്നെ ആദരവ് കല്‍പിക്കപ്പെട്ടിരുന്ന മാസമാണതെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. റമളാന്‍ മാസത്തിന്‍റെ പവിത്രതയും മഹത്വവും വിശ്രുതമാണല്ലോ. അതു രണ്ടിനുമിടയില്‍ വരുന്ന ശഅ്ബാനും വിശുദ്ധം തന്നെ. അതിനാല്‍ മുസ്ലിം ലോകം ഈ മാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചു എന്നും ബോധവാന്മാരായിരുന്നു.
നബി(സ്വ) റജബിനെക്കുറിച്ച് പറഞ്ഞതിങ്ങനെ: മാസങ്ങളില്‍ ഉത്തമമാണ് റജബ്. അത് അല്ലാഹുവിന്‍റെ മാസമാണ്. അതിനാല്‍ റജബിന്‍റെ മഹത്വത്തെ പരിഗണിച്ച് പ്രവര്‍ത്തിക്കുന്നവന്‍ അല്ലാഹുവിന്‍റെ ചിഹ്നങ്ങളെ മഹത്വപ്പെടുത്തിയവനായി. അവനെ അല്ലാഹു അനുഗ്രഹീത സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും വലിയ സംതൃപ്തി നല്‍കി അനുഗ്രഹിക്കുകയും ചെയ്യും.
ശഅ്ബാനെക്കുറിച്ച് തിരുദൂതര്‍(സ്വ) പറഞ്ഞതിതാണ്: അത് എന്‍റെ മാസമാണ്, അതിന്‍റെ മഹത്വം പരിഗണിച്ചവന്‍ എന്‍റെ കാര്യങ്ങളെ മഹത്വപ്പെടുത്തിയവനായി. അന്ത്യനാളില്‍ ഞാനവന് മുന്‍ഗാമിയും നിക്ഷേപവുമായിരിക്കും.
റമളാനെ സംബന്ധിച്ച് അവിടുന്ന് പറഞ്ഞു: എന്‍റെ സമുദായത്തിന്‍റെ മാസമാണത്. അതിന്‍റെ മഹത്വം പരിഗണിച്ചവനും അതിനെ ആദരിച്ചവനും അതിന്‍റെ പകലില്‍ നോമ്പനുഷ്ഠിക്കുകയും രാത്രിയില്‍ നിസ്കരിക്കുകയും തന്‍റെ ശരീരത്തെ തെറ്റുകളില്‍ നിന്ന് സൂക്ഷിക്കുകയും ചെയ്താല്‍, വിചാരണയും ശിക്ഷയുമുണ്ടാകുന്ന തെറ്റുകളില്‍ ഒന്നും അവശേഷിക്കാത്തവനായി റമളാനില്‍ നിന്ന് അവന്‍ പുറത്തു കടക്കും (ബൈഹഖി).
അല്ലാഹുവിനും മനുഷ്യര്‍ക്കുമിടയില്‍ റസൂല്‍(സ്വ)യുടെ സ്ഥാനമെന്ന പോലെയാണ് റജബിനും റമളാനിനുമിടയില്‍ ശഅ്ബാന്‍റെ പവിത്രത. നിര്‍ബന്ധമില്ലാതിരുന്നിട്ടും നബി(സ്വ) നോമ്പ് ധാരാളമായി അനുഷ്ഠിച്ചിരുന്നുവെന്നതാണ് ശഅ്ബാന്‍ മാസത്തെ പ്രവാചകരിലേക്കു ചേര്‍ത്തി പ്രയോഗിച്ചതിന്‍റെ നിദാനങ്ങളിലൊന്ന് എന്ന് ഹദീസ് വ്യാഖ്യാതാക്കള്‍ വ്യക്തമാക്കുന്നു. നബി(സ്വ)യുമായി ബന്ധപ്പെട്ടതെല്ലാം വിശ്വാസികള്‍ക്ക് അമൂല്യമാണ്. ഈ മാസത്തെ ആദരിക്കുന്നതിനും സല്‍കര്‍മങ്ങളാല്‍ ധന്യമാക്കുന്നതിനും അത് പ്രേരകവുമാണ്. ശഅ്ബാന്‍ മാസത്തിന്‍റെ പവിത്രത പരിഗണിക്കുന്നതുവഴി നബി(സ്വ)യോടുള്ള വിശ്വാസ സമീപനത്തിന്‍റെ രീതിയും പ്രകടമാവുന്നു.
നബി(സ്വ)യുടെ മാസത്തെ ആദരിച്ചാല്‍ ലഭ്യമാവുന്ന പാരത്രികമായ സൗഭാഗ്യങ്ങളാണ് അവിടുന്ന് പരലോകത്ത് നമ്മെ സ്വീകരിക്കാനുണ്ടാവുമെന്നതും ഒരു നിക്ഷേപം പോലെ നമുക്കുറപ്പായും ഗുണം ചെയ്തു തരുമെന്നതും. അതിന് കാരണമാവും വിധം ശഅ്ബാന്‍ ഒരു സംസ്കരണോപാധിയാണെന്നും പഠിപ്പിക്കുന്നു. ശുദ്ധീകരണം നടത്തുന്ന മാസമായ ശഅ്ബാന്‍ എന്‍റെ മാസമാണ് (ഇബ്നു അസാകിര്‍). വിശ്വാസിയെ പാപങ്ങളില്‍ നിന്നും ശുദ്ധീകരിക്കുന്നതിനുള്ള ഉപാധിയാണ് ഈ മാസമെന്നര്‍ത്ഥം. നബി(സ്വ)യുടെ മാസമാവുക വഴി സമുദായത്തിന് വലിയ സൗഭാഗ്യങ്ങള്‍ ലഭിക്കുന്നു.
സത്യവിശ്വാസികള്‍ക്കും നബി(സ്വ)ക്കും അനുകൂലവും തൃപ്തികരവുമായ പല കാര്യങ്ങളും ശഅ്ബാനില്‍ നടന്നിട്ടുണ്ട്. നബി(സ്വ)യെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമേറിയതാണ് അവയില്‍ രണ്ടെണ്ണം. അല്ലാഹു നല്‍കിയ പരിഗണനയും മഹത്വവും പ്രകടമാവുന്നവ കൂടിയാണത്. ഒന്ന്, പരിശുദ്ധ കഅ്ബാലയം ഖിബ്.ലയാക്കിയുള്ള വഹ്യും അതില്‍ അല്ലാഹു നബി(സ്വ)യുടെ തൃപ്തി അടിസ്ഥാനപ്പെടുത്തിയതുമാണ്. രണ്ട്, നബി(സ്വ)യുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുന്നതിനു നല്‍കിയ നിര്‍ദേശം. കേവലം ഒരു നിയമ നിര്‍മാണത്തിലോ പരിഷ്കരണത്തിലോ ഒതുക്കാതെ നബിമാഹാത്മ്യത്തെ ജ്വലിപ്പിക്കുന്ന വിധമാണ് ഈ രണ്ടു വിഷയങ്ങളുമായി ബന്ധപ്പെട്ട ആയത്തുകളുള്ളത്.
ഖിബ്.ല മാറ്റം
നുബുവ്വത്തിനുടനെത്തന്നെ ആരാധനയെന്ന നിലക്ക് നിസ്കാരവും ആരംഭിച്ചിട്ടുണ്ട്. പിന്നീട് മിഅ്റാജ് വേളയില്‍ അഞ്ചുനേരത്തെ ഫര്‍ള് നിസ്കാരങ്ങള്‍ നിര്‍ണയിക്കപ്പെട്ടു. നബി(സ്വ) ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞാണ് അന്നെല്ലാം നിസ്കരിച്ചിരുന്നത്. അതായിരുന്നു നിര്‍ദേശം. മക്കയില്‍ നിന്ന് ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞുനില്‍ക്കുമ്പോള്‍ വിശുദ്ധ കഅ്ബാലയവും മുന്നില്‍ വരുന്നവിധം നിസ്കരിക്കാമായിരുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി(സ്വ) മക്കയിലായിരുന്നപ്പോള്‍ കഅ്ബയെ മുന്നിലാക്കി ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞിരുന്നു. ഹിജ്റ പോയതിനു ശേഷം പതിനാറു മാസം കഴിഞ്ഞപ്പോള്‍ കഅ്ബയിലേക്ക് ഖിബ്.ല മാറ്റുകയുണ്ടായി (അഹ്മദ്).
മക്കയുടെയും കഅ്ബയുടെയും വടക്കുഭാഗമാണ് ബൈതുല്‍ മുഖദ്ദസ് ഉള്‍പ്പെടുന്ന പ്രദേശമുള്ളത്. അതിനാല്‍ കഅ്ബയുടെ തെക്കുഭാഗത്ത് വെച്ച് നിസ്കരിച്ചാല്‍ കഅ്ബയും ബൈതുല്‍ മുഖദ്ദസും മുന്നിലാവും. അങ്ങനെ രണ്ടുമായും നബി(സ്വ)ക്കുള്ള ആത്മബന്ധം ആസ്വദിക്കാനാവുമായിരുന്നു. എന്നാല്‍ മദീനയിലെത്തിയപ്പോള്‍ ഈ സൗകര്യം നഷ്ടപ്പെട്ടു. ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞു നിസ്കരിക്കുമ്പോള്‍ കഅ്ബയെ മുന്നിലാക്കാന്‍ സാധിക്കില്ലെന്നു മാത്രമല്ല, പിന്നിലാക്കേണ്ടിവരികയും ചെയ്യുന്നു. മദീനക്ക് തെക്കായി ബൈതുല്‍ മുഖദ്ദസും വടക്ക് കഅ്ബയും സ്ഥിതി ചെയ്യുന്നതിനാല്‍ അങ്ങനെയേ സാധിക്കുമായിരുന്നുള്ളൂ.
പിതാമഹന്‍ ഇബ്റാഹിം(അ)ന്‍റെ കരങ്ങളാല്‍ നിര്‍മാണ പൂര്‍ത്തീകരണം നടന്ന കഅ്ബയിലേക്ക് തിരിഞ്ഞ് നിസ്കരിക്കാനുള്ള സാഹചര്യമുണ്ടാവാന്‍ നബി(സ്വ) അതിയായി ആഗ്രഹിച്ചു. അലിയ്യുസ്വല്ലാബി ഇതെക്കുറിച്ച് എഴുതുന്നതിങ്ങനെ: നബി(സ്വ) പിതാവായ ഇബ്റാഹിം(അ) ന്‍റെ ഖിബ്.ലയിലേക്ക് തിരിഞ്ഞു നിസ്കരിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. കാരണം അവിടുന്ന് ഇബ്റാഹിം(അ)മുമായി ഏറെ ബന്ധപ്പെട്ടവരാണല്ലോ, ഇബ്റാഹിം(അ)ന്‍റെ പ്രാര്‍ത്ഥനയുടെ ഫലം കൂടിയാണല്ലോ അവിടുന്ന്, ഇബ്റാഹിം(അ) സത്യതൗഹീദിന്‍റെ ധ്വജവാഹകനായിരുന്ന പോലെ നബി(സ്വ)യും തൗഹീദിന്‍റെ പതാകവാഹകനാണല്ലോ. അതുകൊണ്ടുതന്നെ ജൂത, നസ്വാറാക്കളെപ്പോലെ മതത്തെയും ഗ്രന്ഥത്തെയും തിരുത്തുകയും മാറ്റിമറിക്കുകയും ചെയ്തവരില്‍ നിന്നു പൂര്‍ണമായും വ്യത്യസ്തമായി ഒരു ഖിബ്.ലയിലേക്ക് മുന്നിട്ട് നിസ്കരിക്കാന്‍ അവിടുന്ന് അതിയായി ആഗ്രഹിച്ചിരുന്നു. സ്ഥിരമായി ഇബ്റാഹിം(അ)ന്‍റെ ഖിബ്.ലയിലേക്ക് തിരിഞ്ഞു നിസ്കരിക്കാനാവണമെന്നായിരുന്നു താല്‍പര്യം (അസ്സീറതുന്നബവിയ്യ).
പൈതൃകത്തോടും അതിന്‍റെ അടയാളങ്ങളോടും നബി(സ്വ)ക്കുണ്ടായിരുന്ന ഈ സ്നേഹത്തെ അല്ലാഹു അംഗീകരിക്കുകയുണ്ടായി എന്നതാണ് ഖിബ്.ലമാറ്റ നിര്‍ദേശം സൂചിപ്പിക്കുന്നത്. ഒരു നിയമനിര്‍ദേശം നല്‍കുന്ന കേവല രീതിയല്ല ഖിബ്.ലമാറ്റത്തിന്‍റെ വിഷയത്തിലുള്ളത്. ഇനി കഅ്ബയിലേക്ക് തിരിഞ്ഞോളൂ എന്ന കല്‍പന അവതരിക്കുകയായിരുന്നില്ല. മറിച്ച്, നബി(സ്വ)യുടെ മനോഗതിയും അതിനെ അല്ലാഹു അംഗീകരിക്കുന്നതിന്‍റെയും ആമുഖ അറിയിപ്പിനു ശേഷമാണ് ഖിബ്.ല മാറ്റിയ വിവരം അറിയിക്കുന്നത്.
നബിയേ, അങ്ങയുടെ മുഖം ഇടക്കിടെ മുകളിലേക്ക് ഉയരുന്നത് നാം കാണുന്നുണ്ട്. തങ്ങള്‍ ഇഷ്ടപ്പെടുന്ന ഖിബ്.ലയിലേക്ക് നാം അങ്ങയെ തിരിക്കുക തന്നെ ചെയ്യുന്നതാണ്. അതിനാല്‍ മസ്ജിദുല്‍ ഹറാമിന്‍റെ ഭാഗത്തേക്ക് മുഖം തിരിക്കുക (അല്‍ബഖറ144).
നബി(സ്വ)യുടെ ഉല്‍ക്കടമായ ആഗ്രഹത്തെ അല്ലാഹു അംഗീകരിക്കുന്നു, പ്രവാചകര്‍ക്ക് പ്രിയങ്കരമായ ഖിബ്.ലയിലേക്ക് തിരിയാന്‍ കല്‍പിക്കുന്നു, എന്നീ ആമുഖ പരാമര്‍ശങ്ങള്‍ നബി(സ്വ)യെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഖിബ്.ല മാറ്റത്തിനു പിന്നില്‍ നബി(സ്വ)യുടെ ആഗ്രഹപൂര്‍ത്തിയും സംതൃപ്തിയുമുണ്ട്. അല്ലാഹു നബി(സ്വ)യുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്നതാണത്. ഇത് നടന്നത് ഹിജ്റ രണ്ടാം വര്‍ഷം ശഅ്ബാന്‍ മാസത്തിലാണ്.
ഖിബ്.ല കഅ്ബയാവാനുള്ള മോഹവുമായി കഴിയുന്ന നബി(സ്വ) ബനൂസലമയില്‍ പെട്ട ഉമ്മുബിശ്ര്‍(റ)യെ സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു. അവിടെ നിന്നും ഭക്ഷണം കഴിച്ച് മസ്ജിദു ബനീസലമയില്‍ നിസ്കാരം രണ്ടു റക്അത്ത് കഴിഞ്ഞിരിക്കെയാണ് ഖിബ്.ലമാറ്റത്തിന്‍റെ അറിയിപ്പ് വന്നത്. അങ്ങനെ നബി(സ്വ) കൂടെയുള്ളവര്‍ക്കൊപ്പം നേരെ എതിര്‍ദിശയിലേക്ക് വന്ന് നിസ്കാരം തുടര്‍ന്നു. ഈ പള്ളിയാണ് മസ്ജിദുല്‍ ഖിബ്.ലതൈനി എന്ന പേരിലറിയപ്പെടുന്നത്. നബി(സ്വ)യുടെ ആഗ്രഹം പോലെ ഖിബ്.ല മാറ്റമുണ്ടായ മാസമാണ് ശഅ്ബാന്‍. അതിനാല്‍ തന്നെ ശഅ്ബാന്‍ റസൂലിന്‍റെ മാസമാണെന്ന സത്യം ഏറെ ഹൃദ്യമാണ്.
സ്വലാത്ത് നിര്‍ദേശം
സ്വലാത്ത് ശ്രേഷ്ഠകരമായ ഒരു ഇബാദത്താണ്. അതിന്‍റെ പുണ്യവും മഹത്വവും ഏറെ പ്രസിദ്ധവും. നബി(സ്വ)യുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്ക് പ്രയാസരഹിതമായി നിര്‍വഹിക്കാനാവുന്ന ഒരു മഹദ്കര്‍മവുമാണത്.
ഇമാം ഫാകിഹാനി(റ) പറയുന്നു: ഞാനറിഞ്ഞിടത്തോളം നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലാന്‍ പറഞ്ഞതല്ലാതെ മറ്റൊരാളുടെ മേല്‍ സ്വലാത്ത് ചൊല്ലാന്‍ നിര്‍ദേശിച്ചതായി ഇല്ലതന്നെ. ഇതര അന്പിയാക്കളില്‍ നിന്നും വ്യത്യസ്തമായി നബി(സ്വ)ക്ക് അല്ലാഹു നല്‍കിയ ശ്രേഷ്ഠതയാണത് (അല്‍ഫജ്റുല്‍ മുനീര്‍).
സ്വലാത്തിനായി നിര്‍ദേശിക്കുന്ന ഈ ഖുര്‍ആന്‍ വചനം അവതരിച്ചത് ശഅ്ബാനിലായിരുന്നു. നിശ്ചയം, അല്ലാഹുവും അവന്‍റെ മലക്കുകളും നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചെയ്യുന്നു. വിശ്വാസികളേ, നിങ്ങളും നബിയുടെമേല്‍ സ്വലാത്ത് ചൊല്ലുകയും സലാം അര്‍പ്പിക്കുകയും ചെയ്യുക (അല്‍അഹ്സാബ്56). ഇവിടെയും ഒരു കല്‍പനയുടെ രീതിയല്ല സ്വീകരിച്ചിരിക്കുന്നത്. അല്ലാഹുവും അവന്‍റെ മലക്കുകളും ചെയ്യുന്നുവെന്ന ആമുഖ അറിയിപ്പിന് ശേഷം വിശ്വാസികളെ വിളിച്ച് സ്വലാത്തിനായി നിര്‍ദേശിക്കുകയാണ്. ഇതില്‍ സ്വലാത്തിന്‍റെയും നബി(സ്വ)യുടെയും മഹത്ത്വം, വിളംബരപ്പെടുത്തലുണ്ട്. അല്ലാഹുവും മലക്കുകളും ചെയ്യുന്ന കര്‍മമായ സ്വലാത്ത് നിങ്ങളും ചെയ്യുക. അനുയായികളുടെ സ്വലാത്തുകൂടി അവിടുത്തെമേലുണ്ടാവട്ടെ എന്ന ആശയമാണ് പ്രസ്തുത സൂക്തം പങ്കുവെക്കുന്നത്. ഈ സൂക്തത്തെക്കുറിച്ച് പണ്ഡിതര്‍ വിശദീകരിച്ചതു കാണാം. ഇമാം ഇബ്നു അത്വിയ്യ്(റ) എഴുതുന്നു: ഈ സൂക്തം മുഖേന അല്ലാഹു നബി(സ്വ)യെ മഹത്വപ്പെടുത്തിയിരിക്കുന്നു. അല്ലാഹുവിനോട് നബി(സ്വ)ക്കുള്ള സാമീപ്യത്തെ വിവരിക്കുന്നു (അല്‍മുഹര്‍ററുല്‍ വജീസ്).
അബൂഉസ്മാന്‍ വാഇള്, ഇമാം സഹ്ല്‍(റ)വിനെ ഉദ്ധരിക്കുന്നു: സഹ്ല്‍(റ) പറഞ്ഞു: ഈ സൂക്തം കൊണ്ട് നബി(സ്വ)യെ അല്ലാഹു മഹത്വപ്പെടുത്തിയത് ആദം നബി(അ)ന് സുജൂദ് ചെയ്യാന്‍ മലക്കുകളോട് കല്‍പിച്ച് നല്‍കിയ മഹത്വത്തെക്കാള്‍ സന്പൂര്‍ണമാണ്. കാരണം അതില്‍ അല്ലാഹു പങ്കെടുത്തിരുന്നില്ല. മലക്കുകള്‍ മാത്രം മഹത്വപ്പെടുത്തുന്നതിലുപരിയാണല്ലോ അല്ലാഹുവും മലക്കുകളും മഹത്വപ്പെടുത്തുക എന്നത് (അല്‍ഫജ്റുല്‍ മുനീര്‍).
സ്വലാത്ത് വഴി നടക്കുന്ന പവിത്രീകരണം വിശ്വാസികള്‍ക്കും ഗുണകരമാണ്. അതിനാല്‍ തന്നെ നബി(സ്വ)ക്കുള്ള മഹത്വവും അവിടുത്തെ അനുയായികള്‍ക്കുള്ള സൗഭാഗ്യവും വിളംബരപ്പെടുത്തുന്ന ആയത്താണിത്. ഇതിന്‍റെ അവതരണം നടന്നത് ശഅ്ബാനിലാണെന്നത് ശഅ്ബാന്‍ എന്‍റെ മാസമാണ് എന്ന വിശേഷണത്തിന് കൂടുതല്‍ തിളക്കം നല്‍കുന്നു. ശഅ്ബാനില്‍ സ്വലാത്ത് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പണ്ഡിതന്മാര്‍ വിവരിച്ചത് ഇതുകൊണ്ടുകൂടിയാണ്.
മഹത്വങ്ങള്‍
ശഅ്ബാന്‍റെ മഹത്വത്തെക്കുറിച്ച് മുകളില്‍ സൂചിപ്പിച്ചുവല്ലോ. ശഅ്ബാനില്‍ നബി(സ്വ) കൂടുതലായി നോമ്പനുഷ്ഠിച്ചിരുന്നു. റമളാനിനോട് ചേര്‍ന്നുവരാത്തവിധം നോമ്പനുഷ്ഠിക്കല്‍ നല്ലതാണ്. നമ്മുടെ കര്‍മങ്ങള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്ന മാസമായതിനാല്‍ തിരുദൂതര്‍(സ്വ) ആഗ്രഹിച്ച പോലെ നോമ്പുകാരനായിരിക്കെ നമ്മുടെ കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടാന്‍ നമ്മളും കൊതിക്കണം.
സുന്നത്തായ കര്‍മങ്ങളും ഇസ്തിഗ്ഫാറും സ്വലാത്തും അധികരിപ്പിക്കേണ്ട മാസമാണിത്. മഹാനായ അബൂബക്രില്‍ വര്‍റാഖ്(റ) പറയുന്നു: റജബ് കൃഷിയിറക്കുന്ന മാസമാണ്. ശഅ്ബാന്‍ നനയ്ക്കുന്ന മാസവുമാണ്. റമളാന്‍ വിളവെടുപ്പുകാലവും. റജബ് കാറ്റുപോലെയാണ്, ശഅ്ബാന്‍ മേഘം പോലെയും, റമളാന്‍ മഴപോലെയും.
മഹാന്മാര്‍ പറയുന്നു: ഒരു കൊല്ലം ഒരു വൃക്ഷം പോലെയാണ്. റജബ് മാസം അതിന് ഇലപിടിക്കുന്ന മാസമാണ്. ശഅ്ബാന്‍ ഫലം ലഭിക്കുന്ന മാസവും റമളാന്‍ അത് പറിച്ചെടുക്കുന്ന കാലവും (ലത്വാഇഫുല്‍ മആരിഫ്).
റജബ്, ശഅ്ബാന്‍, റമളാന്‍ എന്നീ മൂന്നു മാസങ്ങള്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രധാനവും പുണ്യം നിറഞ്ഞവയുമാണ്. സല്‍കര്‍മത്തിന്‍റെ വിത്തിറക്കി നനച്ചു വളമിട്ട് വിളവെടുക്കേണ്ട കാലം. അതിനാല്‍ സാധ്യമായ പുണ്യങ്ങള്‍കൊണ്ട് ഇക്കാലം പരമാവധി ഉപയോഗപ്പെടുത്തുക. പശ്ചാതാപവും പ്രാര്‍ത്ഥനയും പാപമോചനത്തിനുപകരിക്കുന്ന പുണ്യകര്‍മങ്ങളും വര്‍ധിപ്പിക്കുക.

 

You must be logged in to post a comment Login

Leave a Reply