യുവത്വം നാടിന്റെ കരുത്ത്

YUVATHWAM-MALAYALAM

‘യുവത്വം നാടുണർത്തുന്നു’ എന്ന ശീർഷകത്തിൽ എസ്.വൈ.എസ് യൂണിറ്റ് സമ്മേളനങ്ങൾ ഒക്‌ടോബർ 1 – നവംബർ 20 കാലയളവിൽ നടക്കുകയാണ്. സമ്മേളനത്തോടനുബന്ധിച്ച് ഓരോ യൂണിറ്റിലും നടക്കേണ്ട മുഖ്യമായൊരു കർമപദ്ധതിയാണ് ‘യുവസഭ’. യുവസഭയിൽ നമ്മുടെ ശ്രോതാക്കൾ യുവാക്കളായിരിക്കുമെന്ന തിരിച്ചറിവുണ്ടാവണം. യൗവനം കൊണ്ടുദ്ദേശിക്കുന്നത് എന്താണ്? അതിന്റെ ഇസ്‌ലാമികവും സാമൂഹികവുമായ പ്രാധാന്യമെന്ത്? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കേണ്ടതുണ്ട്.

യുവത്വമെന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലയളവാണ്. വിശുദ്ധ ഖുർആൻ ഇക്കാര്യം ഉണർത്തുന്നുണ്ട്. അല്ലാഹു പറഞ്ഞു: ഒരു ജന്മം രൂപപ്പെട്ടുവരുന്നതിന്റെ നാൾവഴി, ഗർഭാശയ കാലത്തിനു ശേഷം കുഞ്ഞിന്റെ രൂപം പ്രാപിച്ച് പുറത്തുവരുന്നു, ശേഷം യൗവനത്തിലേക്ക് പ്രവേശിക്കുന്നു (അൽ ഗാഫിർ 67). യൗവനത്തെ കുറിച്ച് ഏറ്റവും കരുത്തുറ്റത് എന്നാണ് ഖുർആൻ പ്രയോഗിച്ചിട്ടുള്ളത്. യുവത്വം അല്ലാഹുവിന്റെ അനുഗ്രഹമാണെന്നും വിശുദ്ധ ഖുർആനിന്റെ അധ്യാപനത്തിൽ നിന്നു ഗ്രഹിക്കാവുന്നതാണ്. ഊക്കും ഉശിരുമുള്ള ഘട്ടമാണ് യൗവനം. എല്ലാറ്റിനും യുവത്വമുണ്ട്. അത് ഏറ്റവും പുഷ്‌ക്കലമായ കാലമാണ്. യൗവനത്തിനുശേഷമുള്ളത് ശക്തി ക്ഷയിച്ചഘട്ടമാണ്. വല്ലാത്തൊരു അവസ്ഥയാണത്. പരസഹായം ആഗ്രഹിച്ചുപോവുന്ന സമയം. ‘അർദലുൽ ഉമുർ’ എന്നാണ് ഈ കാലഘട്ടം അറിയപ്പെടുന്നത്. ഇതിനെതൊട്ട് കാവൽ തേടാൻ തിരുനബി(സ്വ) കൽപ്പിച്ചിട്ടുണ്ട്.

ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണ് യൗവനം. യുവത്വം വിജയ പരാജയങ്ങളെ അടയാളപ്പെടുത്തും. ലാഭവും നഷ്ടവും യുവതയെ ബാധിക്കാൻ സാധ്യത കൂടുതലാണ്. ബാല്യകാലം ദുർബലതകൾ നിറഞ്ഞതായിരിക്കും. അതേസമയം അരക്ഷിതരാകുന്ന ബാല്യങ്ങളെ കരുതലോടെ വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കണം. ആരോഗ്യദശയാണ് യുവത്വം. വാർധക്യകാലം അവശതകൾ നിറഞ്ഞതും.

യുവാക്കൾ കർമനിരതരായിരിക്കണം. അതിന് ദിശയറിയുന്ന യുവത്വം രൂപപ്പെടണം. അവർ സാമൂഹിക പുനഃസൃഷ്ടിയും രാഷ്ട്രനിർമിതിയും ഏറ്റെടുക്കണം. ആരോഗ്യമുള്ള സമൂഹത്തിന് യുവത്വം അനിവാര്യമാണ്. വിദ്യാഭ്യാസം, അവബോധം, അച്ചടക്കം, നിസ്വാർത്ഥത, സേവന സന്നദ്ധത, ത്യാഗ മനോഭാവം, അധ്വാനശീലം, സാർത്ഥക മുന്നേറ്റം, തെളിഞ്ഞ കാഴ്ചപ്പാടുകൾ ഇതെല്ലാം മാതൃകാ യുവത്വത്തിന്റെ ഗുണങ്ങളാണ്. നല്ല പെരുമാറ്റവും സ്വഭാവവും ശീലമാക്കുക. മുതിർന്നവരെ പരിഗണിക്കാൻ മനസ്സുണ്ടാവുക. നല്ല കാര്യങ്ങളിൽ സഹകരിക്കാൻ തയ്യാറാവുക. സ്വന്തം വിശ്വാസം അന്യമതക്കാരോടുള്ള വിരോധത്തിനു നിമിത്തമാക്കാതെ അവരോട് സൗഹൃദപൂർവം ഇടപെടുക. മതത്തെ ശരിയായി മനസ്സിലാക്കാനും ശത്രുത ഇല്ലായ്മ ചെയ്യാനും ഇത് സാഹചര്യമൊരുക്കും. മാതാപിതാക്കളോടുള്ള ഉത്തരവാദിത്തം നിർവഹിക്കാൻ ശീലിക്കണം. വൃദ്ധസദനങ്ങൾ അധികപേർക്കും ഭീകരമായ ദുരനുഭവങ്ങളാണുണ്ടാക്കിയിട്ടുള്ളത്. ജീവിതത്തിൽ ഒരാൾക്കും ഈ ഗതി വരാതിരിക്കാൻ യുവാക്കൾ ജാഗ്രത്താകണം.

യൗവനം തിരികെ വന്നിരുന്നെങ്കിൽ വാർധക്യ ഘട്ടത്തിലെ പരാധീനതകൾ അതിനോട് പങ്കുവെക്കാമായിരുന്നുവെന്ന് ഒരറബിക്കവി പറയുന്നുണ്ട്. യുവത്വം എങ്ങനെയായിരിക്കണമെന്നത് പ്രധാനമാണ്. യൗവനത്തിൽ ഏതൊരാൾക്കും ചരിത്രബോധമുണ്ടായിരിക്കണം. ചരിത്രബോധം യുവത്വത്തെ ഉത്തേജിപ്പിക്കും, ചലനാത്മകമാക്കും. രാഷ്ട്രത്തെക്കുറിച്ചും മതകാര്യങ്ങളെക്കുറിച്ചും ദേശത്തെക്കുറിച്ചുമുള്ള ചരിത്രബോധം രൂപപ്പെടുത്തിയെടുക്കണം. ഇവയുടെ സംസ്‌കൃതി എപ്രകാരമായിരുന്നുവെന്നും കണ്ടെത്തണം. ഈ ബോധമുള്ള യുവാവ് സമകാലക്കാരെയും പിൻമുറക്കാരെയും ചരിത്രവെളിച്ചത്തിലേക്ക് നടത്തും. അതിനായി യുവാക്കളോട് നിരന്തരമായി സംവദിച്ചുകൊണ്ടിരിക്കും.

സ്വഹാബിമാരുടെയും രാഷ്ട്രനായകന്മാരുടെയും സാമൂഹ്യരംഗത്ത് നന്നായി സേവനം ചെയ്തവരുടെയും ചരിത്രങ്ങൾ മനസ്സിൽ തളംകെട്ടിനിന്നാൽ മാത്രമേ തനിക്കും വല്ലതും ചെയ്യണമെന്ന ചിന്ത രൂപപ്പെടുകയുള്ളൂ. ചരിത്രബോധത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജസ്വലത അതാണ്. മർഹൂം എം.എ ഉസ്താദ് തൊണ്ണൂറ്റിനാലാമത്തെ വയസ്സിലാണ് വിടപറഞ്ഞത്. ദീൻ പഠിക്കാനുള്ള വ്യവസ്ഥാപിത സംവിധാനമായ മദ്രസാരംഗം സമൂഹത്തിൽ വ്യാപകമാക്കാൻ ആശയപരമായി മുഖ്യപങ്കുവഹിച്ചത് എം.എ ഉസ്താദാണ്. ഉസ്താദിന്റെ 23-ാമത്തെ വയസ്സിൽ രൂപപ്പെട്ട ആശയമായിരുന്നു അത്. സമസ്തയിലേക്ക് വരുന്നതിനുമുമ്പുള്ള യൗവന കാലത്തായിരുന്നുഇതെന്നത് ശ്രദ്ധേയമാണ്. അടുക്കും ചിട്ടയുമുള്ള സംഘടനാ സംവിധാനം കരുത്തു പകർന്നപ്പോൾ വളരെ ഭംഗിയായി മദ്രസാരംഗം ശക്തമാക്കാൻ സാധിച്ചു. വിപ്ലവബോധം നമ്മെ കർമനിരതരാക്കും. ഇത് യുവത്വത്തിന്റെ പോസിറ്റീവ് തലമാണ്. യുവത്വത്തിന്റെ പ്രസരിപ്പ് നാടുണർത്തുമെന്ന കാര്യത്തിൽ തർക്കമില്ല.

യുവത്വത്തിന്റെ നെഗറ്റീവ് തലം വളരെ സങ്കടകരമാണ്. ആദർശ-ചരിത്രബോധമില്ലായ്മ, പാരമ്പര്യനിരാസം, അധ്വാനിച്ച് വല്ലതും സമ്പാദിക്കണമെന്ന ചിന്തയില്ലായ്മ ഖേദകരമാണ്. ഇത് യുവത്വത്തിന്റെ മരണമണിമുഴക്കമാണ് സൂചിപ്പിക്കുന്നത്. യുവതലമുറ നിഷ്‌ക്രിയമാകുന്നതിന്റെ അടയാളങ്ങൾ. ഇന്നത്തെ യുവതലമുറയുടെ അവസ്ഥ വിവരിക്കുമ്പോൾ, മാഫിയ, ഗുണ്ടായിസം, കുറ്റകൃത്യങ്ങൾ, വിശ്വാസ വഞ്ചന ഇതെല്ലാം നിറഞ്ഞുനിൽക്കുന്നൊരു ചിത്രമാണ് തെളിഞ്ഞുവരുന്നത്. ഇതിന്റെയെല്ലാം കൃത്യമായ കണക്കുകളും ലഭ്യമാണ്. യുവത്വത്തിന് സംഭവിച്ച ഇത്തരം നിഷ്‌ക്രിയത്വത്തിനുള്ള കാരണങ്ങൾ നാം അന്വേഷിക്കേണ്ടതുണ്ട്.

ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്ലായ്മയാണ് നിഷ്‌ക്രിയത്വത്തിന് പ്രധാന കാരണം. കാഴ്ചയിലും കേൾവിയിലും അഭിരുചികളിലും ആസ്വാദനങ്ങളിലും പ്രലോഭനങ്ങൾ നടത്തി യുവത്വത്തെ ഉറക്കിക്കിടത്തുന്നു. ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലെ വിപത്തുകൾ തിരിച്ചറിയാൻ കഴിയണം. ലഹരി ഉപയോഗം, മയക്കുമരുന്നുകൾ, രാഷ്ട്രീയ ലഹരി, കളികളിലൂടെയും വിനോദങ്ങളിലൂടെയുമുള്ള സമയഹത്യ ഇങ്ങനെ വിവിധ രീതിയിൽ നിഷ്‌ക്രിയത്വം കാണാൻ സാധിക്കും. യൗവനത്തെ പെട്ടെന്ന് പ്രലോഭിപ്പിക്കാൻ കഴിയുമെന്നതും തിരിച്ചറിയേണ്ടതാണ്. ഭൗതിക ഭ്രമവും അവരെ സ്വാധീനിക്കുന്നു.

ആസക്തികളെ നിയന്ത്രണവിധേയമാക്കേണ്ടത് സമരത്തിലൂടെയും ആത്മ ത്യാഗത്തിലൂടെയുമാണ്. ആസ്വാദന രീതികളിലൂടെയായാൽ ഫലംകാണില്ല. പ്രലോഭനങ്ങൾക്കെതിരെയും ആസക്തികൾക്കെതിരെയും പ്രതിരോധം സൃഷ്ടിക്കണം. ദുഷിച്ച ചങ്ങാത്തങ്ങളിൽ നിന്നു പിന്മാറി മാതൃകാ ചങ്ങാത്തം രൂപപ്പെടുത്താൻ കഴിയണം. അതിന് സംഘടനാ പ്രവർത്തനം നല്ലൊരവസരമാണ്. ഇതിലൂടെ പ്രലോഭനങ്ങളെ ധാർമികതയിലേക്കുള്ള വഴിയാക്കാൻ യുവാക്കൾക്ക് സാധിക്കും.

വർഗീയത, വംശീയത, തീവ്രവാദം, ഭീകരവാദം, കമ്പോള കിടമത്സരങ്ങൾ, കുറ്റകൃത്യങ്ങൾ, മോഷണം ഇവയെല്ലാം പ്രകോപനങ്ങളുടെ മാർഗങ്ങളാണ്, മാനുഷ വിരുദ്ധവും. കുടുംബ വഴക്കുകളും ഐക്യമില്ലായ്മയും അബദ്ധ സഞ്ചാരങ്ങൾക്ക് ആക്കം കൂട്ടും. പ്രലോഭനത്തിന്റെയും പ്രകോപനത്തിന്റെയും ഉന്മാദമായ രീതികൾ പുത്തൻ ഫ്രീക്കന്മാരെ സൃഷ്ടിക്കാനേ സഹായിക്കൂ.

ജീവിതത്തെക്കുറിച്ച് നല്ലൊരു കാഴ്ചപ്പാടുണ്ടാകുന്നത് ഇതിനെല്ലാം പരിഹാരമാണ്. ഈയൊരു അവസ്ഥ രൂപപ്പെടുത്തിയെടുക്കാൻ സ്വകാര്യമായുള്ള ഇബാദത്ത് സഹായിക്കും. പാതിരാസമയത്ത് രണ്ട് റക്അത്ത് തഹജ്ജുദ് നിസ്‌കരിച്ച് റബ്ബിലേക്ക് കൈനീട്ടി പ്രാർത്ഥിക്കുന്ന ശുദ്ധിയുള്ള മനസ്സിൽ വിരിയുന്ന പൂക്കൾ പ്രതീക്ഷക്ക് വകനൽകുന്നതാണ്. ഖലീഫ ഉമർ(റ)വും അമീറായ ഉമറുബ്‌നു അബ്ദുൽ അസീസ്(റ)വുമെല്ലാം രാത്രി സമയങ്ങളിൽ ഉറക്കൊഴിച്ച് ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ആധുനിക യുവത്വത്തിനും മാതൃകയാണ്. ജീവിതത്തെ നിങ്ങൾ എപ്രകാരം ഇഷ്ടപ്പെടുന്നുവോ അതിനേക്കൾ മരണത്തെ ഞങ്ങൾ ഇഷ്ടപ്പെടുന്നുവെന്ന സഅ്ദുബ്‌നു അബീവഖാസ്(റ)വിന്റെ ഓർമപ്പെടുത്തൽ നന്മയുടെ സൂചകങ്ങളാണ്.

തന്റെ പട്ടുമെത്തയിൽ കയറിക്കിടന്ന കൊട്ടാരത്തിലെ തൂപ്പുകാരിയെ ഇബ്‌റാഹീമുബ്‌നു അദ്ഹം(റ) പ്രഹരിച്ച സമയത്ത് അവൾ പ്രതികരിച്ചതിങ്ങനെ: അൽപസമയം മെത്തയിൽ കിടന്നതിന് നിങ്ങൾ എന്നെ ഇത്രമാത്രം ശിക്ഷിച്ചെങ്കിൽ ജീവിതകാലം മുഴുവൻ ഇതിൽ കിടക്കുന്ന നിങ്ങളെ അല്ലാഹു എപ്രകാരം ശിക്ഷിക്കും?’ അതിൽനിന്നു രൂപപ്പെട്ട തിരിച്ചറിവാണ് ഇബ്‌റാഹീമുബ്‌നു അദ്ഹം(റ)നെ പരിത്യാഗി(സാഹിദ്)യാക്കി മാറ്റിയത്. യുവാക്കളുടെ മനതലങ്ങളെ മാറ്റിയെഴുതാൻ പര്യാപ്തമായ സംഭവങ്ങളാണിതെല്ലാം.

യൗവനം നിർമാണാത്മകമാവേണ്ടതിനു പകരം നിഷ്‌ക്രിയമാകുന്നത് കഷ്ടമാണ്. ഇതിനെതിരെയുള്ള പ്രതിരോധമായാണ് ജീവിതത്തെകുറിച്ചുള്ള കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കുന്നത്. അത്തരമൊരു ചിന്ത രൂപപ്പെട്ടുകഴിഞ്ഞാൽ കേവല ആസ്വാദനങ്ങളിൽ നിന്നെല്ലാം മാറി സമൂഹത്തിനും നാടിനും ഗുണകരമായ വല്ലതും ചെയ്യുന്നതിലേക്ക് യുവത്വം എത്തിപ്പെടും. അതിലൂടെ സാന്ത്വന രംഗം സജീവമാകും. എഴുന്നേറ്റ് നടക്കുന്ന രക്തത്തിളപ്പുള്ള യുവാക്കളാണ് തളർന്നു കിടക്കുന്നവന് കൈത്താങ്ങായി എത്തേണ്ടത്. മാതൃകാ യൗവനത്തെ നാടിന് സമർപ്പിക്കുന്നതിന്റെ ഭാഗമായി എസ്.വൈ.എസ് ഏറ്റെടുത്ത് നടത്തുന്ന വലിയ പ്രവർത്തനമാണ് സാന്ത്വനം. സാന്ത്വനം വളണ്ടിയർമാരും സ്വഫ്‌വ അംഗങ്ങളും മാതൃകാ യൗവനത്തിന്റെ നേർരൂപങ്ങളാണ്, ആവണം.

കക്ഷിരാഷ്ട്രീയം യഥാർത്ഥ രാഷ്ട്രീയബോധമാകുന്നില്ലെന്ന് തിരിച്ചറിയണം. കക്ഷിത്വത്തിനതീതമായി രാജ്യത്തിന്റെയും ജനങ്ങളുടെയും അവസ്ഥ മനസ്സിലാക്കുകയും പ്രശ്‌നങ്ങൾ വിലയിരുത്തി പ്രവർത്തിക്കുകയും വേണം. രാഷ്ട്രീയ ഭേദമന്യേ നാടിനുവേണ്ടി പ്രവർത്തിക്കാൻ കഴിയണം. നിർമാണാത്മക മേഖലയിലേക്ക് യുവത്വത്തെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്.

ജീവിതമൂല്യത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കിത്തരുന്നു ഇസ്‌ലാം. നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നവരാണെന്നു വിശുദ്ധവേദം. ഈയൊരു ചിന്ത മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കിമാറ്റാൻ സഹായിക്കും. പരലോകജീവിതമുണ്ടെന്നും യുവത്വം ചോദ്യം ചെയ്യപ്പെടുമെന്നും തിരുനബി(സ്വ)യും പഠിപ്പിച്ചിട്ടുണ്ട്. അതിനാൽ മൂല്യവത്തായ ജീവിതവ്യവസ്ഥിതിയിൽ നിന്നും മതബോധത്തിൽ നിന്നും തിരിച്ചറിവു നേടി മാതൃകാ യൗവനത്തിലേക്ക് തിരിച്ചുവരികയും നാടിന്റെ നന്മക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും ചെയ്യണം. ഇസ്‌ലാമിക സംസ്‌കാരവും പരിസ്ഥിതി സൗഹൃദ ജീവിതവും ശീലമാക്കുക. എസ്.വൈ.എസ് ഒരുക്കുന്ന ‘യുവസഭ’ ഈ രംഗത്തുള്ള മികച്ച പരിശീലനക്കളരിയാണ്. നാഥൻ സ്വീകരിക്കട്ടെ.

You must be logged in to post a comment Login