റമളാനെ വരവേല്ക്കാം

വിശ്വാസികള്‍ക്ക് കുളിരു സമ്മാനിച്ചാണ് ഓരോ ഒരു റമളാനും കടന്നുവരുന്നത്. പുണ്യങ്ങളുടെ പൂക്കാലമാണ് ഈ മാസം. റമളാന്‍ സമാഗതമാകുന്നതിനു മുമ്പേ പ്രവാചകര്‍(സ്വ) സ്വഹാബത്തിന് വിശുദ്ധ മാസത്തിന്‍റെ സവിശേഷതകള്‍ വിവരിച്ചു കൊടുക്കുമായിരുന്നു. മാത്രമല്ല, റജബ് മാസം മുതല്‍ റമളാനിലെത്തിക്കണമേയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. അല്ലാഹു മാസങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ നല്‍കിയിട്ടുണ്ട്. നിരവധി ബറകതുകളുമായാണ് റമളാനെന്ന അതിഥിയുടെ വരവ്. അതുകൊണ്ടു തന്നെ നല്ല രൂപത്തില്‍ സ്വീകരിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. റമളാനില്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അല്ലാഹുവിനോട് നന്ദി ചെയ്യാന്‍ നാം ഏറ്റവും ബന്ധപ്പെട്ടവരായിരിക്കും. നന്ദിയുള്ളവരാകാനും തഖ്വയുള്ളവരാകാനുമാണല്ലോ റമളാന്‍റെ ആഗമനം.

റമളാന്‍ ക്ഷമയുടെ മാസമാണ്. വികാര വിചാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് സ്രഷ്ടാവിലേക്കു മടങ്ങാനുള്ള മാര്‍ഗമാണ് നോമ്പ്. അതിലെ സുന്നത്തായ കര്‍മങ്ങള്‍ക്ക്, മറ്റു മാസങ്ങളില്‍ നാം ചെയ്യാറുള്ള ഫര്‍ളിന്‍റെ പ്രതിഫലം ലഭിക്കും. ഒരു ഫര്‍ളിന് എഴുപത് ഫര്‍ളിന്‍റെ പ്രതിഫലവും നോമ്പുകാലത്ത് അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നു. റമളാന്‍ മാസത്തെ പവിത്രത പരിഗണിച്ച് മൂന്ന് ഭാഗങ്ങളായി വേര്‍തിരിച്ചതു കാണാം. ഒന്നാമത്തെ പത്ത് കാരുണ്യത്തിന്‍റെ പത്താണ്. ജനങ്ങളില്‍ കരുണ ചെയ്യുന്നവനോട് നിശ്ചയം അല്ലാഹു കരുണ ചെയ്യും. രണ്ടാമത്തെ പത്ത് പാപമോചനത്തിനുള്ളതാണ്. മൂന്നാമത്തെ പത്ത് നരക മോചനത്തിനുള്ളതും.

നരകത്തിന്‍റെ വാതിലുകള്‍ കൊട്ടിയടക്കപ്പെടുകയും സ്വര്‍ഗത്തിന്‍റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിടുന്ന ദിനരാത്രങ്ങളാണ് റമളാനിലേത്. ഈ രാവുകളില്‍ പ്രധാനമായും നാലുകാര്യങ്ങള്‍ നമ്മോട് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ശഹാദത്കലിമ ചൊല്ലാനും പൊറുക്കിലിനെ തേടാനും. സ്വര്‍ഗത്തെ ചോദിക്കാനും നരകത്തെ തൊട്ട് കാവല്‍ തേടാനും.

റമളാന്‍ അല്ലാഹു ബഹുമാനിച്ച മാസമാണ്, അതു കൊണ്ട് നമ്മളും ആ അതിഥിയെ ബഹുമാനിച്ചു വരവേല്‍ക്കേണ്ടതുണ്ട്. നോമ്പുകാരനെ നോമ്പുതുറപ്പിക്കല്‍ റമളാനിലെ മഹത്തായ സല്‍കര്‍മമാണ്. മുത്തുനബി(സ്വ) ഓര്‍മപ്പെടുത്തി: ‘നോമ്പുകാരനെ നോമ്പുതുറപ്പിച്ചാല്‍ നരക മോചനം നല്‍കി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്.’ അപ്പോള്‍ പാവപ്പെട്ട സ്വഹാബത്ത് പരിഭവം പറഞ്ഞു: നബിയേ, ഞങ്ങള്‍ക്ക് ആരെയും നോമ്പ് തുറപ്പിക്കാനുള്ള കഴിവില്ലല്ലോ. തിരുനബി പറഞ്ഞു: ‘ഒരിറക്കു പാലോ വെള്ളമോ, അതുമല്ലെങ്കില്‍ ഒരു കാരക്ക നല്‍കിയോ നോമ്പു തുറപ്പിച്ചാലും ഈ പ്രതിഫലം ലഭിക്കും.’ കൂടാതെ നോമ്പുകാരന് വെള്ളം നല്‍കിയവനെ ഹൗളുല്‍ കൗസറില്‍ നിന്ന് അല്ലാഹു കുടിപ്പിക്കുന്നതാണ്.

പ്രവാചകര്‍(സ്വ)യുടെ ഈ പ്രഖ്യാപനങ്ങള്‍ നോമ്പിന്‍റെ ശ്രേഷ്ഠതയെയാണ് വെളിപ്പെടുത്തുന്നത്. ഇബാദത്തുകള്‍ വര്‍ധിപ്പിക്കാനുള്ള ആഹ്വാനമാണിതെല്ലാം. പകല്‍ നോമ്പും രാത്രി ഇബാദത്തുമായി കഴിഞ്ഞുകൂടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുകയാണ്. അല്ലാഹുവിനെ മറന്ന് ജീവിക്കുന്നവര്‍ക്കൊപ്പം കൂട്ടുകൂടി അശ്രദ്ധവാന്മാരായി സമയം കൊല്ലാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

ദോഷികളായ ആളുകള്‍ക്ക് വലിയ പ്രതീക്ഷകളുമായാണ് റമളാന്‍ കടന്നുവരുന്നത്. ദോഷത്തില്‍ നിന്ന് വിട്ടുനിന്ന് തൗബ ചെയ്ത് അല്ലാഹുവിലേക്കു മടങ്ങാനാണ് റമളാന്‍ നല്‍കുന്ന സന്ദേശം. പാപമോചനം തേടുക, നിശ്ചയം അല്ലാഹു പൊറുക്കുന്നവനാണ്.

ചിലര്‍ നോമ്പുകാലത്തെ തിന്നാനും കുടിക്കാനും മാത്രമായി ഉപയോഗപ്പെടുത്തുന്നു. നിസ്കാരം പോലുമില്ലാതെ പകലുകള്‍ ഉറങ്ങിത്തീര്‍ക്കുന്നു ചിലര്‍, ഉറക്കമൊഴിച്ച് കളി തമാശകളിലേര്‍പ്പെട്ട് സമയം കളയുന്നവര്‍ വേറെ. നോമ്പുതുറയുടെ പേരില്‍ നിസ്കാരം ഖളാആക്കുന്നു സ്ത്രീകളടക്കമുള്ള ചിലര്‍, വരുമാനത്തിനുള്ള ബിസിനസ് അവസരമായി മാത്രം റമളാനെ കാണുന്നവരുമുണ്ട്. മനുഷ്യന്‍റെ സ്വഭാവം വ്യത്യാസപ്പെട്ടതു പോലെ റമളാനെ പരിഗണിക്കുന്ന മാര്‍ഗങ്ങളും വ്യത്യാസപ്പെടുകയാണിന്ന്.

നോമ്പുതുറക്കും അത്താഴത്തിനും അമിത ഭക്ഷണമൊഴിവാക്കുന്നത് ഇബാദത്തിനു കൂടുതല്‍ ഉന്മേഷം പകരുമെന്ന് മനസ്സിലാക്കണം. ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ ഉറക്കവും ആലസ്യവും മനുഷ്യനെ പിടികൂടും. പിന്നെ ഫര്‍ളുപോലും ചെയ്യാന്‍ മടിയായിരിക്കും. ആരോഗ്യ പ്രശ്നങ്ങളും തലവേദനയാകും. അങ്ങാടിയില്‍ എന്തിന് പള്ളിയില്‍ പോലും സംസാരിച്ച് സമയം കളയുന്നവര്‍ നിരവധിയുണ്ട്. പ്രവാചക തിരുമേനിയും സ്വഹാബത്തും സ്വാലിഹീങ്ങളും കാണിച്ചു തന്ന മാര്‍ഗമാണ് നാം സ്വീകരിക്കേണ്ടത്. നബി(സ്വ) റമളാനില്‍ മറ്റുമാസങ്ങളേക്കാള്‍ കൂടുതലായി ഇബാദതില്‍ മുഴുകുമായിരുന്നു.

ദാനധര്‍മങ്ങളുടെ മാസവുമാണ് റമളാന്‍. പാപമോചനവും നരകമോചനവും അല്ലാഹു മനുഷ്യനു നല്‍കുന്ന ധര്‍മമാണ്. മനുഷ്യര്‍ക്കിടയില്‍ തുല്യതയും നീതിയും അടിമകളോടു കാണിക്കുന്ന കാരുണ്യവും വിശക്കുന്നവന് വിശപ്പകറ്റലും മനുഷ്യര്‍ക്കിടയിലുള്ള ധര്‍മങ്ങളാണ്.

ശരീരത്തിനു കൂടുതല്‍ പ്രയാസമുണ്ടാക്കുന്ന നോമ്പിന് പകരമായി, ആ പ്രയാസങ്ങള്‍ കണക്കിലെടുത്ത് സ്വര്‍ഗമാണ് പ്രതിഫലമായി അല്ലാഹു വാഗ്ദാനം ചെയ്തത്. ആ പ്രതിഫലങ്ങളിലേക്കായിരിക്കണം പ്രയാസങ്ങളില്‍ വേദനിച്ചിരിക്കുന്നതിന് പകരം നമ്മുടെ ശ്രദ്ധ തിരിയേണ്ടത്.

You must be logged in to post a comment Login