റമളാന്‍ വരുന്നു നമുക്ക് സ്വീകരിക്കാന്‍ പഠിക്കാം

lets welcome ramalan-malayalam

ഹിജ്‌റ വര്‍ഷം 1439-ലെ റമളാനിന്റെ മുന്നൊരുക്കപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് മുസ്‌ലിം ലോകം. സമഗ്രമായ ആസൂത്രണങ്ങളോടെ പുണ്യറമളാനിനെ സ്വീകരിക്കാന്‍ വേണ്ടിയുള്ള ആവേശത്തിമര്‍പ്പിലാണ്. ആരാധനകളുടെ പൂക്കാലമായ റമളാന്‍ മാസത്തെ ആത്മ ഹര്‍ഷത്തോടെയും ചൈതന്യത്തോടെയും വരവേല്‍ക്കാന്‍ സാധിക്കണമെങ്കില്‍ നന്നായി ഒരുങ്ങിയിരിക്കണം. ഒരു പ്രധാനപ്പെട്ട അതിഥിയെ യാതൊരു മുന്നൊരുക്കവുമില്ലാതെ സ്വീകരിക്കുന്നത് ശരിയല്ലല്ലോ.

സത്യത്തില്‍ പുണ്യറമളാനിനെ വിശ്വാസികള്‍ നിരന്തരം ക്ഷണിച്ചുവരുത്തുകയാണ്; നീണ്ട രണ്ടുമാസത്തെ പ്രാര്‍ത്ഥനയോടെയും പ്രതീക്ഷയോടെയും. അപ്പോള്‍ പിന്നെ കുറ്റമറ്റ പ്ലാനിംഗോടെ തന്നെയാകണം സ്വീകരണം.

മാനസികമായ തീരുമാനങ്ങളാണ് സുപ്രധാനം. ഇത്തവണത്തെ റമളാന്‍ എങ്ങനെയാവണം, എവിടെയാകണം എന്ന് ഓരോ വിശ്വാസിയും നേരത്തെ ആസൂത്രണം ചെയ്യേണ്ടതുണ്ട്. യാന്ത്രികമായി നോമ്പെടുത്തും വല്ലപ്പോഴും തറാവീഹ് നിര്‍വഹിച്ചും ആള്‍ക്കൂട്ടത്തിനനുസരിച്ച് ആരാധനകളില്‍ പങ്കെടുത്തുമുള്ള വഴിപാട് പരിപാടികള്‍ക്ക് പകരം റജബ് മാസം മുതല്‍ നന്നായി മുന്നൊരുക്കം നടത്തി റമളാനിനെ വരവേല്‍ക്കാന്‍ കഴിഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ മധുരതരമാകും പുണ്യമാസം. ഇതിന്റെ അഭാവമാണ് പലര്‍ക്കും റമളാന്‍ ഭാരമായി അനുഭവപ്പെടുന്നത്.

അല്ലാഹുവേ, റജബിലും ശഅ്ബാനിലും നീ ഞങ്ങള്‍ക്ക് ബറകത്ത് ചെയ്യേണമേ എന്ന പള്ളി ഇമാമിന്റെ പ്രാര്‍ത്ഥനക്ക് ആമീന്‍ പറയുക മാത്രമാണ് അധികപേരുടെയും മുന്നൊരുക്കത്തിന്റെ ആകെ പ്രവര്‍ത്തനം. തിരുനബി(സ്വ) പ്രാര്‍ത്ഥിച്ചു പഠിപ്പിച്ചുതന്ന ഈ ദുആ അവധാനപൂര്‍വ്വം സ്വന്തമായി നിര്‍വഹിക്കുന്നവര്‍ വിരളമായിരിക്കും. അല്ലാഹു അവനിലേക്ക് ചേര്‍ത്ത് പറഞ്ഞ ശഅ്ബാനിലും ആരാധനകളില്‍ വര്‍ധനവ് വരുത്തിയാണ് ക്രമീകരണം ആരംഭിക്കേണ്ടത്.

പതിനൊന്ന് മാസം പതിവാക്കിയ ആരാധനകള്‍ പന്ത്രണ്ടാം മാസം ഒറ്റയടിക്ക് വര്‍ധിപ്പിച്ചാല്‍ അത് സാധാരണ നിലയില്‍ ശരീരം വഴങ്ങിത്തരില്ല. പതുക്കെപതുക്കെ കൂട്ടിക്കൊണ്ടുവന്നാല്‍ ഏത് ശരീരവും അംഗീകരിക്കുകയും ചെയ്യും. പ്രകൃതി പരമായ പ്രതിഭാസമാണിത്. ഫര്‍ള് മാത്രം കഷ്ടിച്ച് നിസ്‌കരിക്കുന്നവന് ഇരുപത് റക്അത്ത് തറാവീഹ് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. ഇടക്കിടക്ക് നോമ്പെടുത്ത് ശീലിക്കാത്തവന് ഒരുമാസക്കാലം ഒന്നിച്ച് ഉപവസിക്കുന്നത് പ്രയാസകരമാകും. റജബിലും ശഅ്ബാനിലും സുന്നത്തായ നിസ്‌കാരത്തിലും നോമ്പിലും സജീവമായാല്‍ റമളാന്‍ മുന്നൊരുക്കത്തിന്റെ പ്രാക്ടിക്കല്‍ രൂപമായി. രണ്ട് മാസം മുമ്പ് ഖുര്‍ആന്‍ പാരായണം ആരംഭിക്കുന്നവന് റമളാനിലെ ദീര്‍ഘമായ ഖുര്‍ആനോത്ത് ഒരിക്കലും ഭാരമാകില്ല.

മൂന്ന് വിധത്തില്‍ മുന്നൊരുക്ക പ്രവര്‍ത്തനം നടത്താമെന്നാണ് പണ്ഡിതാഭിപ്രായം. ഒന്ന് മാനസികമായ തീരുമാനം, രണ്ട് ശാരീരികമായ ഒരുക്കം, മൂന്ന് കര്‍മപരമായ മുന്നൊരുക്കം. ആരോഗ്യത്തോടെയും ആത്മീയ ചൈതന്യത്തോടെയും റമളാനിനെ സ്വീകരിക്കാനും ആരാധനാ നിരതമാകാനുമുള്ള രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പ്രാര്‍ത്ഥന മാനസിക മുന്നൊരുക്കത്തിന്റെ ഭാഗമാണ്.

‘അല്ലാഹുമ്മ സല്ലിംനീ ഇലാ റമളാന വസല്ലിം ലീ റമളാന വതസല്ലംഹു മിന്നീ മുതഖബ്ബലാ’ എന്ന് സ്വഹാബികള്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

റമളാനില്‍ കര്‍മരംഗത്ത് സജീവമാകണമെന്ന് നേരത്തെ തീരുമാനമെടുക്കുകയും അതിനനുസരിച്ച് ജോലിയെയും ജീവിതത്തെയും ക്രമീകരിക്കുകയും വേണം. ദുര്‍ബലമായ അഭിപ്രായങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. ശക്തമായ തീരുമാനങ്ങള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. റമളാനില്‍ എന്തൊക്കെ എത്രയൊക്കെ ചെയ്യണമെന്ന് ഉറച്ച നിലപാടിലെത്താന്‍ വിശ്വാസിക്ക് കഴിയുന്നതാണ് മാനസികമായ മുന്നൊരുക്കം. അല്ലാഹു ഖുദ്‌സിയ്യായ ഹദീസില്‍ പറയുന്നു: എന്റെ അടിമ ഒരു നല്ല കാര്യം ചെയ്യാന്‍ കരുതിയാല്‍ തന്നെ ഞാനവന് അതിന്റെ പ്രതിഫലം രേഖപ്പെടുത്തിക്കഴിഞ്ഞു.

എത്രതവണ ഖുര്‍ആന്‍ ഖത്മ് തീര്‍ക്കണമെന്നും എത്രപേരെ നോമ്പ് തുറപ്പിക്കണമെന്നും ഇഅ്തികാഫ് എങ്ങനെ എവിടെയാകണമെന്നും ജമാഅത്തിന് കൃത്യമായി പോകണമെന്നും എല്ലാം തീരുമാനിക്കുന്നതിനനുസരിച്ചാണ് സാധ്യമാവുക. ഒരു നോമ്പും തറാവീഹും ജമാഅത്തുമൊന്നും ഒഴിഞ്ഞുപോകാതിരിക്കാന്‍ ശ്രമിക്കുമെന്നും ഉറച്ച തീരുമാനമെടുക്കുന്നത് മുന്നൊരുക്കം തന്നെയാണ്. നിശ്ചയം കര്‍മങ്ങളുടെ സ്വീകാര്യത നിയ്യത്തുകളുടെ അടിസ്ഥാനത്തിലാണ് എന്ന തിരുവചനം ശ്രദ്ധേയം.

കര്‍മങ്ങളുടെ സ്വീകാര്യതക്ക് നിയ്യത്ത് അനിവാര്യമായതുപോലെ അവയുടെ സമ്പൂര്‍ണതക്ക് നിയ്യത്ത് നന്നാക്കല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. നല്ല നിയ്യത്തുകളിലൂടെ മാത്രമേ സല്‍കര്‍മങ്ങള്‍ രൂപപ്പെടുകയുള്ളൂ. നിങ്ങളിലാരാണ് നന്നായി കര്‍മം ചെയ്യുന്നവര്‍ എന്ന് നാം ശരിക്കും പരിശോധിക്കുമെന്ന് ഖുര്‍ആന്‍ പല സ്ഥലങ്ങളില്‍ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.

ഇമാം അഹ്മദും(റ) മറ്റും ഉദ്ധരിക്കുന്ന ഒരു തിരുവചനം കാണുക: ഇദാ ജാഅ ശഅ്ബാനു ഫത്വഹ്ഹിറൂ ഖുലൂബക്കും വഅഹ്‌സിനൂ നിയ്യതകും – ശഅബാന്‍ സമാഗതമായാല്‍ നിങ്ങള്‍ ഹൃദയം ശുദ്ധിയാക്കുകയും നിയ്യത്ത് നന്നാക്കുകയും ചെയ്യണം. പുണ്യങ്ങളുടെ പൂക്കാലമായ റമളാനിന്റെ മുന്നൊരുക്കത്തിനുള്ള പ്രേരണയാണിത്.

കുറ്റകൃത്യങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയും പാപമോചന പ്രാര്‍ത്ഥനകളിലും പ്രവര്‍ത്തനങ്ങളിലും മുഴുകിയും ഖുര്‍ആന്‍ പാരായണവും ഇലാഹീ സ്മരണയും വര്‍ധിപ്പിച്ചും മറ്റും ഹൃദയത്തെ ശുദ്ധിയാക്കാന്‍ സാധിക്കും. അങ്ങനെ സംശുദ്ധമായ ഹൃദയത്തില്‍ നിന്നാണ് ഉറച്ച തീരുമാനങ്ങളുണ്ടാവേണ്ടത്.

പത്ത് പതിനൊന്നു മാസത്തെ എണ്ണമറ്റ കുറ്റകൃത്യങ്ങളിലൂടെ കറപിടിച്ച മനുഷ്യഹൃദയം നിരന്തരമായ സംസ്‌കരണപ്രക്രിയകളിലൂടെ മാത്രമേ ശുദ്ധിയാവുകയുള്ളൂ. വ്യക്തിയുടെ വളര്‍ച്ചയും വികാസവും ഹൃദയ വിമലീകരണവുമായി ബന്ധപ്പെട്ടതാണ്. നന്മകള്‍ ഉയിരെടുക്കുന്നതും തിന്മകള്‍ വെള്ളവും വളവും സ്വീകരിച്ച് ശക്തിയാര്‍ജിക്കുന്നതും ഹൃദയത്തിലാണ്. വിളക്കുപോലെ പ്രകാശം ചൊരിയുന്ന നിഷ്‌കളങ്ക ഹൃദയത്തിലേ നല്ല നിയ്യത്തുകള്‍ ഉണ്ടാവൂ. ഒരുപാടൊരുപാട് നല്ലകാര്യങ്ങള്‍ ചെയ്യാന്‍ വെമ്പല്‍കൊള്ളുന്നവര്‍ക്ക് പശ്ചാത്താപത്തിന്റെ നിര്‍മലമായ മനസ്സുണ്ടാകും, തീര്‍ച്ച.

ശാരീരികമായ മുന്നൊരുക്കമാണ് രണ്ടാമത്തേത്. പതിനൊന്ന് മാസം പകലന്തിയോളം വയര്‍ നിറച്ച് ആഹാരം കഴിച്ച് ശീലിച്ച മനുഷ്യശരീരത്തെ പകല്‍ സമയം പൂര്‍ണമായും പട്ടിണികിടക്കാനും നോമ്പ് മുറിയുന്ന മുഴുവന്‍ സംഗതികളില്‍നിന്ന് വിട്ടുനില്‍ക്കാനും പാകപ്പെടുത്തേണ്ടതുണ്ട്. പുണ്യ റജബിലും ശഅ്ബാനിലും കുറച്ച് ദിവസം സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ ഒരുമാസം തീര്‍ത്തും പട്ടിണി കിടക്കാനും നോമ്പെടുക്കാനും സത്യവിശ്വാസി പരിശീലിക്കുന്നു. നോമ്പ് കാലം പ്രയാസകരമാകുന്നില്ല. വിശപ്പും ദാഹവും സഹിക്കാനും പട്ടണിപ്പാവങ്ങളുടെ പ്രയാസങ്ങളറിയാനും നോമ്പിന്റെ പരമമായ ലക്ഷ്യം നേടിയെടുക്കാനും സത്യവിശ്വാസിക്ക് സാധ്യമാകുന്നു. ശാരീരിക മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടുള്ള സുന്നത്ത് നോമ്പിലൂടെ ഏത് പ്രതിസന്ധിഘട്ടത്തിലും റമളാന്‍ നോമ്പനുഷ്ഠിക്കാന്‍ പരിശീലനം നേടുന്നു.

തിരുനബി(സ്വ) റമളാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സുന്നത്ത് നോമ്പനുഷ്ഠിച്ചിരുന്നത് ശഅ്ബാനിലായിരുന്നു. – കുറേ ദിവസം തുടര്‍ച്ചയായി അവിടുന്ന് നോമ്പെടുക്കുമ്പോള്‍ സ്വഹാബികള്‍ പറയും. ഇനി നബി(സ്വ) നോമ്പ് മുറിക്കില്ല എന്ന്. അപ്പോഴേക്കും പ്രവാചകര്‍(സ്വ) നോമ്പ് മുറിക്കും. കുറേ ദിവസം നോമ്പെടുക്കാതിരിക്കും. അപ്പോള്‍ അവര്‍ പറയും, ഇനി നബി(സ്വ) നോമ്പെടുക്കില്ല എന്ന്. ഉടന്‍ നബി(സ്വ) വീണ്ടും തുടര്‍ച്ചയായി നോമ്പെടുക്കും. അങ്ങനെ റജബിലും ശഅ്ബാനിലും അവിടുന്ന് ധാരാളം സുന്നത്ത് നോമ്പെടുക്കുമായിരുന്നു.

മലിനമായ മനസ്സിന്റെ സംസ്‌കരണം പോലെ പ്രധാനപ്പെട്ടതാണ് കരിപുരണ്ട് കിടക്കുന്ന ശരീരത്തിന്റെ ശുദ്ധീകരണവും, ബാഹ്യമായ അഴുക്ക് നീക്കിയും മനുഷ്യ ശരീരത്തില്‍നിന്ന് വെട്ടിയും വടിച്ചും ഒഴിവാക്കേണ്ട മുടിയും നഖവും നീക്കിയും വീടും പരിസരവും വൃത്തിയാക്കിയും റമളാനിനെ സ്വീകരിക്കുന്നത് പുണ്യകര്‍മമാണെന്നാണ് പണ്ഡിതാഭിപ്രായം.

റമളാന്‍ പ്രമാണിച്ച് ‘നനച്ചുകുളി’ എന്ന പേരില്‍, നമ്മള്‍ ഉപയോഗിക്കുന്ന മുഴുവന്‍ വസ്തുക്കളും കഴുകി വൃത്തിയാക്കുന്ന സമ്പ്രദായം പഴയകാലം മുതല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതും ഇന്നും തുടര്‍ന്നു വരുന്നതുമാണ്. റമളാനിനോടടുത്ത സമയത്താണ് നനച്ചുകുളി സംഘടിപ്പിക്കാറുള്ളത്. നോമ്പിന്റെ മുന്നോടിയായി വീടും പള്ളിയും മദ്രസകളുമെല്ലാം ക്ലീന്‍ ചെയ്യുന്നതും പെയിന്റിംഗ് നടത്തുന്നതും സാര്‍വ്വത്രികമാണ്. വിശുദ്ധ റമളാനിനോടുള്ള ആദര സൂചകമായാണ് ഇത്തരം മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത്.

കര്‍മപരമായ മുന്നൊരുക്കമാണ് മൂന്നാമത്തേത്. ഏതൊരു വിശ്വാസിയും കര്‍മകുശലതയോടെ ആരാധനാ നിരതനാകുന്ന സന്ദര്‍ഭമാണ് റമളാന്‍. നോമ്പും നിസ്‌കാരവും ഖുര്‍ആനോത്തും ഇഅ്തികാഫും ധര്‍മം ചെയ്യലും നോമ്പുതുറ സല്‍ക്കാരവും അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുണ്യ കര്‍മങ്ങളുടെ പൂക്കാലം. നേരത്തെയുള്ള ആസൂത്രണങ്ങളോടെയും മുന്നൊരുക്കത്തോടെയും നിര്‍വഹിക്കപ്പെടുന്ന ആരാധനകള്‍ ആശ്വാസകരമാകും. ഇബാദത്തുകളെക്കുറിച്ചുള്ള ശരിയായ പഠനവും പരിശീലനവും ലഭിച്ചതിന് ശേഷമാകുമ്പോള്‍ മധുരതരമായി അനുഭവപ്പെടും.

റമളാനിലെ ആരാധനകളെക്കുറിച്ചുള്ള വിശദമായ പഠന ക്ലാസ്സുകള്‍ സജീവമായി സംഘടിപ്പിക്കേണ്ടതുണ്ട്. ഓരോ കര്‍മത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും സ്വീകാര്യതയെ സംബന്ധിച്ചുമുള്ള മതകീയ വീക്ഷണങ്ങളും കര്‍മശാസ്ത്രവിധികളും സംശയനിവാരണത്തോടെ നടക്കേണ്ടതുണ്ട്. വര്‍ഷംതോറും നടന്നുവരുന്ന റമളാന്‍ മുന്നൊരുക്കം വഴിപാട് പരിപാടികൊണ്ട് ശരിയായ ഫലംചെയ്യില്ല. ഓരോ പ്രദേശത്തെയും മുഴുവന്‍ വിശ്വാസി – വിശ്വാസിനികളെയെല്ലാം പ്രത്യേകം ക്ഷണിച്ചുവരുത്തി ആകര്‍ഷകമായ വിഷയാവതരണം നടത്തിയാവണം ഇത്.

രണ്ട് മാസം മുമ്പ് തന്നെ തിരുനബി(സ്വ) റമളാനിന്റെ വരവ് അറിയിച്ചുകൊണ്ട് സുവിശേഷം നല്‍കുമായിരുന്നുവെന്ന് നിരവധി ഹദീസുകളില്‍ വന്നിട്ടുണ്ട്. പുണ്യമാസത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങാനും പാപമോചനം നടത്താനും കടങ്ങളും ബാധ്യതകളും വീട്ടിത്തീര്‍ക്കാനും പ്രവാചകര്‍(സ്വ) കല്‍പിക്കുമായിരുന്നു. പിണങ്ങിക്കഴിയുന്നവരെ ഇണക്കാനും കലഹങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും പരസ്പര വിട്ടുവീഴ്ചയോടെ ജീവിക്കാനും സ്വഹാബികളെ ഉപദേശിക്കുമായിരുന്നു.

റജബ് മാസത്തിലെ ഒരു വെള്ളിയാഴ്ച ദിവസം മൂന്നാം ഖലീഫ ഉസ്മാന്‍(റ) മദീന മിമ്പറില്‍ ഒരു പ്രഭാഷണം നടത്തി. റമളാനിന് വേണ്ടി ഒരുങ്ങി തയ്യാറാകുന്നതിനെകുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രസംഗം. സകാത്ത് നല്‍കാന്‍ കഴിവുള്ളവര്‍ അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. സാമ്പത്തിക ശേഷിയുള്ളവര്‍ സകാത്ത് നല്‍കാന്‍ തയ്യാറായപ്പോള്‍ പട്ടിണിപ്പാവങ്ങള്‍ക്ക് റമളാന്‍ ആശ്വാസകരമായി എന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. അറിയുക, ജനങ്ങളേ ഇത് നിങ്ങളുടെ സകാത്തിന്റെ മാസമാണെന്ന് ഉമര്‍(റ) മിമ്പറില്‍ നിന്ന് വിളിച്ചു പറഞ്ഞത് ശഅ്ബാന്‍ മാസത്തിലായിരുന്നു.

വിശുദ്ധ റമളാനിന്റെ ശ്രേഷ്ഠതകളും മഹത്ത്വങ്ങളും വിശ്വാസി മനതലങ്ങളില്‍ പതഞ്ഞുപൊങ്ങുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള അവസാന അവസരങ്ങളും ഉപയോഗപ്പെടുത്താന്‍ നമുക്കും തയ്യാറെടുക്കാം. സത്യവിശ്വാസികള്‍ക്ക് അനുഗ്രഹീത റമളാന്‍ ദൈവാരാധനക്കുവേണ്ടി ശക്തി സംഭരിക്കാനുള്ള അനര്‍ഘ അവസരമാണ്. കപട വിശ്വാസികള്‍ക്കാവട്ടെ വിശ്വാസികളുടെ ന്യൂനതകളും പാളിച്ചകളും അന്വേഷിച്ചുനടക്കാനുള്ള കാലവും. അങ്ങനെ സത്യവിശ്വാസിക്ക് ഈ മാസം വലിയ സമ്പാദ്യവും അനുഗ്രഹവുമായിത്തീരുമ്പോള്‍ ദുര്‍വൃത്തന് ശിക്ഷയും ശാപവുമായി ഭവിക്കുന്നു. തിരുനബി(സ്വ)യുടെ ഈ ഹദീസ് ഇമാം അഹ്മദ്(റ) മുസ്‌നദ് 2/524-ലും ഇമാം ബൈഹഖി(റ) ശുഅബുല്‍ ഈമാന്‍ 3607-ാം നമ്പര്‍ ഹദീസായും ഉദ്ധരിച്ചിട്ടുണ്ട്.

സാര്‍വത്രികമയി നാട്ടില്‍ നിലനില്‍ക്കുന്ന മറ്റൊരു മുന്നൊരുക്കമുണ്ട്. നമ്മുടെ അടുക്കളയിലെ സ്റ്റോക്ക് റൂമില്‍ കേന്ദ്രീകരിക്കുന്ന വിഭവ ശേഖരണമാണത്. രണ്ട് മാസം സുഭിക്ഷമായി കഴിക്കാനുള്ള ആഹാരവിഭവങ്ങള്‍ നേരത്തെ ഒരുക്കിവെക്കാന്‍ ഏറെ ശ്രദ്ധിക്കുന്നവരാണവര്‍. മല്ലി, മുളക്, തുടങ്ങിയവയുടെ പൊടികളും മറ്റ് വിഭവങ്ങളും ധാരാളമായി തയ്യാറാക്കുന്നതില്‍ മത്സരിക്കുന്നു പലരും. ഇവ്വിധമുള്ള സ്വീകരണവും മുന്നൊരുക്കവും നല്ലതുതന്നെയാണ്. റമളാനിന്റെ അനുഗ്രഹ നിമിഷങ്ങള്‍ മാര്‍ക്കറ്റില്‍ ചെലവഴിക്കാതിരിക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ പുണ്യമാസത്തെ വരവേല്‍ക്കുന്നത് കേവല ഭക്ഷണ വിഭവങ്ങളില്‍ പരിമിതപ്പെടുത്തരുത്. പകല്‍ മുഴുവന്‍ പട്ടിണി കിടക്കേണ്ട പുണ്യമാസത്തെ തീറ്റയുടെ മാസമാക്കുന്നത് ഒരിക്കലും ശരിയല്ലെന്ന് ഓര്‍മിക്കുക.

You must be logged in to post a comment Login