റയ്യാന്‍ കവാടത്തിലേക്ക്

വീണ്ടുമൊരു റമളാന്‍ കൂടി. പൈശാചിക സമ്മര്‍ദങ്ങളുടെ വേലിയേറ്റങ്ങളിലും ധര്‍മം പുലര്‍ത്താന്‍ ശ്രമിക്കുന്ന വിശ്വാസി ലോകത്തിന് സന്തോഷത്തിന്‍റെ പെരുമഴക്കാലം. പോയ കാലത്തെ വീഴ്ചകളുടെ തിരുത്തും വരും കാലത്തെ അഭിമുഖീകരിക്കാന്‍ പോന്ന കരുത്തുമാണ് വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന റമളാന്‍. സ്രഷ്ടാവിന്‍റെ കാരുണ്യമാണത്. പാപങ്ങളില്‍ നിന്ന് വിടുതല്‍ നേടാനും പുണ്യങ്ങള്‍ വാരിക്കൂട്ടി വിജയം വരിക്കാനും ഇതിനപ്പുറം നല്ലൊരവസരമില്ല. നോമ്പ്, തറാവീഹ്, ഇഅ്തികാഫ്, ഖുര്‍ആന്‍ പാരായണം, സ്വദഖകള്‍ തുടങ്ങി പത്തരമാറ്റുള്ള നിരവധി ആരാധനകളാണ് നമ്മെ കാത്തിരിക്കുന്നത്. ആത്മാവിനെ വഴിപ്പെടുത്തി നാളേക്കു വേണ്ടി പ്രവര്‍ത്തിച്ചവന്‍-ബുദ്ധിമാന്‍ ആരാണെന്നതിനു നബി(സ്വ) നല്‍കിയ വിശദീകരണമാണിത്. നാളേക്കു വേണ്ടി തയ്യാറാക്കിയതെന്താണെന്ന് ഓരോരുത്തരും ആലോചിക്കട്ടെ എന്ന് വിശുദ്ധ ഖുര്‍ആനും (അല്‍ ഹശര്‍/20) ഓര്‍മപ്പെടുത്തുന്നു. റമളാന്‍ വെറുമൊരു അനുഷ്ഠാനമല്ല; പുതുക്കം സ്ഥാപിക്കലിനുള്ള അസുലഭ സന്ദര്‍ഭമാണെന്ന തിരിച്ചറിവാണ് വേണ്ടത്. എങ്കില്‍ റയ്യാന്‍ കവാടത്തിലേക്ക് നമ്മെ ആനയിക്കുന്ന സൗഭാഗ്യമായി വിശുദ്ധിയുടെ പൂക്കാലം മാറും. ഖുര്‍ആന്‍ അവതരിച്ച മാസമാണിത്. ലോകത്തിന്‍റെ സര്‍വകാല നിയമപുസ്തകം പാരായണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ഈ ലക്കത്തിലെ പ്രധാന വിഭവം. തുടര്‍പഠനങ്ങള്‍ക്ക് ഇത് പ്രചോദനമേകട്ടെ എന്ന പ്രാര്‍ത്ഥനയോടെ.

You must be logged in to post a comment Login