1അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ്(സ്വ) അവന്റെ ദൂതനാണെന്നും സാക്ഷ്യപ്പെടുത്തുക, നിസ്കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക, റമളാനില്‍ നോമ്പ് അനുഷ്ഠിക്കുക, ഹജ്ജ് നിര്‍വഹിക്കുക എന്നീ അഞ്ച് അടിസ്ഥാനങ്ങളുടെ മേലാണ് ഇസ്ലാം (ബുഖാരി). വിശ്വാസകാര്യങ്ങളും അനുഷ്ഠാന കര്‍മങ്ങളും ചേര്‍ന്നതാണ് ഇസ്ലാം. ഇതില്‍തന്നെ ഏറെ പ്രാധാന്യമുള്ളത് വിശ്വാസത്തിനാണ്. അവ ക്രമവും പ്രമാണ ബദ്ധവുമായില്ലെങ്കില്‍ കര്‍മങ്ങള്‍ കൊണ്ട് ഫലപ്രാപ്തിയുണ്ടാവില്ല. വിശ്വാസം പൂര്‍ണമായ ഒരാളില്‍ നിന്ന് അനുഷ്ഠാനവൈകല്യങ്ങള്‍ ഉണ്ടായാലും രക്ഷപ്പെട്ടേക്കാം. വിശ്വാസം മനസ്സിന്റെ രഹസ്യമാണ്. കര്‍മങ്ങളാണെങ്കില്‍ ശരീരത്തിന്റെ പരസ്യ പ്രകടനവും. മനസ്സ് എങ്ങനെയെന്ന് നിര്‍വചിക്കാന്‍ സാധാരണ ഗതിയില്‍ കഴിയാത്തതുകൊണ്ട് അതിന്റെ ദിശാസൂചികളായി കര്‍മങ്ങള്‍ നിലനില്‍ക്കുന്നു. ഭക്തി പ്രകടിപ്പിക്കുകയും മതം കല്‍പ്പിച്ച ആരാധനകളര്‍പ്പിക്കുകയും ചെയ്യുന്ന ഒരാള്‍ വിശ്വാസിയാണെന്ന് അങ്ങനെ നാം മനസ്സിലാക്കുന്നു. അഥവാ അങ്ങനെയേ നമുക്ക് തിരിച്ചറിയാനാവുകയുള്ളൂ. ഭൗതിക ലോകത്തെ വിധിതീരുമാനങ്ങള്‍ ഇത്തരം പ്രകടിതാടയാളങ്ങളെ പരിഗണിച്ചാവുന്നത് മതം അനുവദിച്ചതാണ്. അകം അല്ലാഹുവിലര്‍പ്പിച്ചുകൊണ്ട് പ്രത്യക്ഷ പ്രമാണങ്ങളുമായി മുന്നോട്ടു പോവാനേ നമുക്കാവുകയുള്ളൂ. ഇവിടെയാണ് കര്‍മത്തിന്റെ ഭാഗമാകുമ്പോള്‍ തന്നെ വിശ്വാസത്തിന്റെ ജൈവ ഘടകമായ ശഹാദത്തിന്റെ പ്രസക്തി. ഉപരിസൂചിത ഹദീസില്‍ ഇസ്ലാമിന്റെ അടിസ്ഥാനകാര്യങ്ങളില്‍ ഒന്നാമതായെണ്ണിയത്, അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് (സ്വ) അവന്റെ റസൂലാണെന്നുമുള്ള സാക്ഷ്യപ്പെടുത്തലാണ്. അതായത് ശരിയായ വിധം ഇത് വിശ്വസിച്ച് വ്യക്തമായി പ്രഖ്യാപിക്കുക. ഇതു മാത്രമാണോ നിര്‍ബന്ധ വിശ്വാസം? ഒരിക്കലുമല്ല. പ്രവാചകന്‍മാര്‍, വേദങ്ങള്‍ തുടങ്ങി വിശ്വസിക്കേണ്ടവ വേറെയുമുണ്ട്. പരാമര്‍ശിക്കപ്പെട്ട രണ്ടും അതിപ്രധാന്യമുള്‍ക്കൊള്ളുന്നതുമാണ്. അല്ലാഹു മാത്രമാണാരാധ്യന്‍ എന്നും മുഹമ്മദ് റസൂല്‍(സ്വ) അവനാല്‍ നിയോഗിതനായ പ്രവാചകരാണെന്നും അത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരാള്‍ അതോടൊപ്പം മറ്റെല്ലാ വിശ്വാസങ്ങളും ഒന്നിച്ച് ഏറ്റെടുക്കുകയാണ്. ആരാധ്യനായ അല്ലാഹു കല്‍പിച്ചതൊക്കെയും അവന്റെ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. വിടവാങ്ങല്‍ ഹജ്ജിലെ പ്രസംഗത്തിനൊടുവില്‍ തിരുനബി(സ്വ) അത് ആവര്‍ത്തിച്ചുറപ്പിച്ചതാണുതാനും. അതോടെ ആ കാര്യങ്ങളെല്ലാം നമുക്കറിയാന്‍ മാര്‍ഗങ്ങളായി. നബി(സ്വ)യെ വിശ്വസിക്കുന്നത് മറ്റുള്ള വിശ്വാസങ്ങള്‍ക്ക് മുഴുവന്‍ അംഗീകാരമാണെന്ന് സാരം. വിശ്വാസം മനസ്സിന്റെ ഏര്‍പ്പാടാണെന്ന് പറഞ്ഞല്ലോ. എല്ലാകാര്യങ്ങളും കൃത്യമായി ഒരാള്‍ വിശ്വസിച്ചതുകൊണ്ട് മാത്രമായില്ല. അത് പ്രഖ്യാപിക്കുകയും വേണം. പ്രഖ്യാപനം ശരീരത്തിന്റെ ക്രിയയാണ്. ശരീരാവയവങ്ങളാണ് അത് നിര്‍വഹിക്കുന്നത്. അതുകൊണ്ട് തന്നെ അനുഷ്ഠാന ഭാഗമായാണ് അത് പരിഗണിക്കപ്പെടുന്നത്. ശഹാദത്ത് നിര്‍വഹിക്കുന്നതോടെ മനുഷ്യന്‍ മുസ്ലിമാണെന്ന് തീരുമാനമാവുന്നു. മറ്റു അനുഷ്ഠാനങ്ങള്‍ കൊണ്ട് വിശ്വാസത്തിനു വര്‍ധനവും തെളിമയുമേറുന്നു. മതകാര്യങ്ങള്‍ നിര്‍വഹിക്കുക വഴി മാനുഷിക പൂര്‍ണതയിലെത്താന്‍ അവന് സാധിക്കുകയും ചെയ്യും. ശഹാദത്ത് എന്നാല്‍ ദൃഢമായ വര്‍ത്തമാനമെന്ന് നിര്‍വചിക്കപ്പെട്ടിരിക്കുന്നു (താജുല്‍ അറൂസ്). ശഹാദത്തിന്റെ ഭൂതകാല രൂപമായ ശഹിദക്ക് നേരാവണ്ണം അറിഞ്ഞ് വ്യക്തമായ വിധം അറിയിക്കുക എന്നാണര്‍ത്ഥം (ഖുര്‍തുബി 444). നീങ്ങിമാറാത്ത അറിവ് അഥവാ വിശ്വാസവും അത് ഉള്ളിലൊതുക്കാതെ വ്യക്തമാക്കുന്ന പ്രഖ്യാപനവും ഈ പദം അടിസ്ഥാനപരമായുള്‍കൊള്ളുന്നുവെന്ന് ബോധ്യമായല്ലോ. അതോടൊപ്പം രണ്ടിന്റെയും നിയമ നിബന്ധനകള്‍ മതം വിശദീകരിച്ചതു കൂടിയാകുമ്പോള്‍ അധരവ്യായാമത്തെയല്ല; ഉറച്ച, ആത്മാര്‍ത്ഥത നിറഞ്ഞ പ്രഖ്യാപനം തന്നെയാണ് ശഹാദത്ത് ഉള്‍കൊള്ളുന്നത്. മനസ്സറിയാത്ത, ദൃഢമല്ലാത്ത വാക്കുകള്‍ കൊണ്ട് പ്രത്യക്ഷത്തില്‍ വിശ്വാസം നടിക്കാനായെന്ന് വരാം. അത്തരം നടനങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് തിരിച്ചറിയാന്‍ നിയതമായൊരു മാര്‍ഗമില്ലതാനും. എന്നാലും നാമത് സ്വീകരിക്കുന്നു, അല്ലെങ്കില്‍ സ്വീകരിക്കേണ്ടിവരുന്നു. ചില സംഘട്ടനങ്ങളില്‍ പരാജയം തുറിച്ച് നോക്കിയ ശത്രുക്കളില്‍ ചിലര്‍ ശഹാദത്ത് ഉച്ചരിച്ചിട്ടും സ്വഹാബിവര്യര്‍ കൊന്നുകളഞ്ഞത് ചരിത്രത്തിലുണ്ട്. അതുവരെയും ഇസ്ലാമിന്റെ നാശത്തിനുവേണ്ടി യുദ്ധം ചെയ്തയാള്‍ കൊലചെയ്യപ്പെടുമെന്നായപ്പോള്‍ വിശ്വാസ പ്രഖ്യാപനം നടത്തുമ്പോള്‍ സാഹചര്യതെളിവുകള്‍ അത് കാപട്യമാണെന്ന് ശക്തിയുക്തം വാദിക്കുന്നു. തലയെടുത്ത സ്വഹാബിയും അങ്ങനെ തന്നെയാണ് ധരിച്ചത്. പക്ഷേ മതം പറയുന്നത് മറിച്ചായിരുന്നു. തിരുനബി (സ്വ) അദ്ദേഹത്തെ വിമര്‍ശിച്ചു കൊണ്ട് ഇങ്ങനെ ചോദിച്ചു: നീ അദ്ദേഹത്തിന്റെ മനസ്സ് കീറിനോക്കിയിരുന്നോ? പ്രഖ്യാപനം പരിഗണിക്കണമെന്നതിന്റെ ആവശ്യകത തെളിയിക്കുന്നു ഈ ചോദ്യം. മതത്തില്‍ ബല പ്രയോഗമില്ലെന്ന ഖുര്‍ആന്‍ പ്രഖ്യാപനത്തിന്റെ (2255) പൊരുള്‍ ഇവിടെ നമുക്ക് ബോധ്യപ്പെടും. മതവിരുദ്ധനായൊരാളെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പ്രത്യക്ഷ മുസ്ലിമാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ വിശ്വാസം മനസ്സിലാണു വേണ്ടത്. അത് സ്വയേഷ്ടപ്രകാരവും പൂര്‍ണമായുള്‍കൊണ്ടുമാണുണ്ടാവേണ്ടത്. ഇങ്ങനെയൊരു സ്വകാര്യം സാധിപ്പിച്ചെടുക്കാന്‍ ഭീഷണിക്കാവില്ല. ബലപ്രയോഗം കൊണ്ട് മതം മാറ്റത്തിന് കഴിയില്ലെന്നും അങ്ങനെയുള്ള കുറേ ആളുകളെ മതത്തിനാവശ്യമില്ലെന്നും ഇസ്ലാം പ്രഖ്യാപിച്ചത് ഇതുകൊണ്ടാണ്. ശഹാദതെന്ന ചെറിയ വാചകം കൊണ്ട് മഹത്തായ ചില കാര്യങ്ങള്‍ വിശ്വാസിക്ക് നേടാനാവുന്നു. ആത്മ ധൈര്യവും നിരാശാരഹിതമായ ജീവിതവും തന്നെ പ്രധാനം. താന്‍ ഒറ്റക്കല്ലെന്നും ആദ്യമനുഷ്യന്‍ മുതല്‍ അന്ത്യപ്രവാചകന്‍ വരെയുള്ള വിശുദ്ധതാവഴി ലോകത്തിനു പഠിപ്പിച്ച വലിയൊരു സത്യത്തിന്റെ വാഹകനാണെന്നും പ്രഖ്യാപിക്കാനാവുക ചെറിയകാര്യമാണോ. അതോടെ സര്‍വ ശക്തനും സര്‍വജ്ഞനും അടിമകളെ സഹായിക്കാന്‍ സദാ സന്നദ്ധനുമായ സ്രഷ്ടാവിന്റെ സംരക്ഷണത്തിലാണെന്ന ബോധം മനുഷ്യനെ ആത്മ വിശ്വാസത്തിന്റെ ഉച്ചിയിലേക്കുയര്‍ത്തുന്നു. പ്രയാസങ്ങള്‍ നേരിടുമ്പോഴും രോഗങ്ങള്‍കൊണ്ട് കഷ്ടപ്പെടുമ്പോഴും അതിനെല്ലാം പ്രതിഫലം ലഭിക്കുന്ന ഒരു ദിവസത്തെ കുറിച്ച് മതം മനുഷ്യനെ ഓര്‍മിപ്പിക്കുന്നു. അങ്ങനെതന്നെ സംഭവിക്കുകയും ചെയ്യും. നന്മ പ്രവര്‍ത്തിക്കാന്‍ ദൈവ വിശ്വാസം പ്രചോദനമേകുകയും എത്രമേല്‍ സുരക്ഷിതാവസ്ഥയിലാണെങ്കിലും സ്രഷ്ടാവിന്റെ ശ്രദ്ധയില്‍ നിന്ന് മാറാനാവില്ലെന്ന ബോധം അവനെ നിര്‍മലനാക്കുകയും ധര്‍മ നിഷ്ഠമായ ജീവിതം തുടരാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. വിശ്വാസത്തിന്റെ തുറന്നു പറച്ചില്‍ വഴി ആത്മ വിശ്വാസവും ഉള്‍ക്കരുത്തും നേടാനാവുമെന്നു ചുരുക്കം. ആരാധനക്കായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ഒന്നാം അനുഷ്ഠാനമാണ് ശഹാദത്ത്. അതിനു വഴിപ്പെട്ടുവെങ്കില്‍ നിസ്കാരത്തെ കുറിച്ച് ബോധ്യപ്പെടുത്താനാണ് മുആദ്(റ)നോട് നബി(സ്വ) പറഞ്ഞത.് സത്യസാക്ഷ്യത്തിന്റെ സായൂജ്യം നേടുന്നവര്‍ ഭാഗ്യവാന്‍മാര്‍. അവരാണ് ഉന്നത സമഷ്ടി. അവര്‍ക്കുവേണ്ടിയാണ് വാനഭൂവനങ്ങളുടെ വിശാലതയുള്ള പറുദീസ തയ്യാര്‍ചെയ്തിരിക്കുന്നത്. മുഹമ്മദ് മിന്‍ഹാജ്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ