സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍; മാതൃകാജീവിതം നയിച്ച ആത്മീയ നേതൃത്വം

കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ ജീവിച്ച സയ്യിദുമാരില്‍ സവിശേഷ വ്യക്തിത്വത്തിനുടമയായിരുന്നു സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍. സുന്നി പ്രസ്ഥാനത്തെ തങ്ങളെപ്പോലെ സ്വാധീനിച്ച സയ്യിദന്‍മാര്‍ ഏറെയില്ല. ഏറ്റവും താഴേതട്ടിലുള്ള പ്രവര്‍ത്തകര്‍ മുതല്‍ സംഘടനയുടെ സമുന്നതരായ ആളുകള്‍ക്ക് വരെ ഹൃദയ ബന്ധമുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ലാളിത്യം, വിനയം, ആധ്യാത്മികമായ സ്വഭാവം തുടങ്ങി നിരവധി വിശേഷണങ്ങള്‍ സമ്മേളിച്ച പെരുമാറ്റമായിരുന്നു തങ്ങളുടേത്.

നാല്‍പത് വര്‍ഷക്കാലമായി തങ്ങളുമായിട്ട് അടുത്ത ബന്ധമുണ്ടെനിക്ക്. ഒരുപക്ഷേ, അതിനു മുമ്പേ തന്നെ ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. കാരണം, തങ്ങളുമായി നടന്ന ഒരഭിമുഖത്തില്‍ അദ്ദേഹം ഓര്‍മിക്കുന്നുണ്ട്; വളരെ ചെറുപ്പത്തില്‍ തന്നെ വേങ്ങരയിലെ സ്വൂഫി വര്യനായിരുന്ന കോയപ്പാപ്പയുടെ അടുത്തേക്ക് ഇടക്കൊക്കെ പോകുമ്പോഴും അവിടെ നിന്ന് ഞാനുമായി ബന്ധമുണ്ടായിട്ടുണ്ട് എന്ന്. ചെറുപ്പം മുതലേ മഹാന്മാരായ സ്വൂഫി വര്യന്മാര്‍ക്കൊപ്പമായിരുന്നു തങ്ങളുടെ ജീവിതം. എന്റെ ഓര്‍മയില്‍ ആദ്യമായിട്ട് തങ്ങളെ ഞാന്‍ കാണുന്നത് മഹാനായ ആത്മീയ ഗുരു സി.എം വലിയുല്ലാഹിയെ കാണാന്‍ ചെന്നപ്പോഴാണ്. തുടര്‍ന്ന് സി.എം വലിയുല്ലാഹിയുമായുള്ള ബന്ധം വികസിച്ചതോടൊപ്പം തന്നെ തങ്ങളുമായുള്ള ഹൃദയ ബന്ധവും വര്‍ധിച്ചു. ആത്മീയ ചികിത്സാ രീതികളിലൊക്കെ തങ്ങള്‍ അവലംബമാക്കിയിരുന്നത് സി.എം വലിയുല്ലാഹി നിര്‍ദേശിച്ച വഴിയായിരുന്നു. സുന്നി പ്രസ്ഥാനം ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലകപ്പെട്ട സന്ദര്‍ഭത്തില്‍ സി.എം വലിയുല്ലാഹിയുടെ നിര്‍ദേശം അനുസരിച്ച് എല്ലാ അര്‍ത്ഥത്തിലും കൂടെ നിന്ന നേതാവാണ് തങ്ങള്‍. സുന്നി യുവജന സംഘത്തിന്റെ സുപ്രീം കൗണ്‍സില്‍ അംഗമായും മലപ്പുറം ജില്ലാ പ്രസിഡണ്ടായും അദ്ദേഹം പ്രവര്‍ത്തിച്ചു. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി മര്‍കസിന്റെ വൈസ് പ്രസിഡണ്ടുമാരിലൊരാളായിരുന്നു. സംഘടനയുടെ ഏതൊരു പരിപാടിക്കും തങ്ങള്‍ നേരത്തെ എത്തുമായിരുന്നു. പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന രീതിയായിരുന്നു തങ്ങള്‍ക്കുണ്ടായിരുന്നത്. ഏതൊരാള്‍ക്കും സ്വന്തം പിതാവിനെപ്പോലെ ഇടപഴകാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു ആ സന്നിധിയില്‍. അതുകൊണ്ടു തന്നെ വൈലത്തൂരിലും കൊടുവള്ളിയിലുമൊക്കെ തങ്ങളെ കാണാന്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ എത്തുമായിരുന്നു ഓരോ ദിവസവും.

കഴിഞ്ഞ കേരളയാത്രയുടെ സന്ദര്‍ഭമോര്‍ത്തു പോകുന്നു. ആ യാത്രയില്‍ ഏറ്റവും ആവേശത്തോടെ കൂടെയുണ്ടായിരുന്ന ഒരാള്‍ തങ്ങളായിരുന്നു. എല്ലാ സ്വീകരണ സമ്മേളനങ്ങളിലും അവിടുത്തെ സാന്നിധ്യമുണ്ടായിരുന്നു. സാമൂഹികവും വൈജ്ഞാനികവുമായ പ്രവര്‍ത്തന പദ്ധതികളോട് വലിയ താല്‍പര്യവും ആവേശവുമായിരുന്നു തങ്ങള്‍ പ്രകടിപ്പിച്ചിരുന്നത്.

മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയെ ഹൃദയത്തോട് അദ്ദേഹം ചേര്‍ത്തു വച്ചു. മര്‍കസില്‍ നടക്കുന്ന എല്ലാ പ്രധാന പരിപാടികളിലും നേരത്തെ എത്തി നേതൃത്വം നല്‍കുമായിരുന്നു. കഴിഞ്ഞ മീലാദ് സമ്മേളനത്തിന്റെയും പ്രഖ്യാപിക്കപ്പെട്ട മര്‍കസ് നാല്‍പതാം വാര്‍ഷികത്തിന്റെയുമെല്ലാം ചെയര്‍മാന്‍ സ്ഥാനത്ത് തങ്ങളായിരുന്നു ഉണ്ടായിരുന്നത്. തങ്ങള്‍ ചെയര്‍മാനാവുന്നത് പ്രവര്‍ത്തകര്‍ക്കും വലിയ ആവേശമായിരുന്നു. കാരണം, എല്ലാവരെയും പ്രചോദിപ്പിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങും.

ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യത ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയ ഒരാളായിരുന്നു തങ്ങള്‍. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇസ്‌ലാമിക ദഅ്‌വത്ത് പ്രചരിപ്പിക്കുന്നതിന് അദ്ദേഹം ഉപയോഗപ്പെടുത്തി. വിദേശത്തുള്ള പ്രവര്‍ത്തകര്‍ക്ക് പോലും അതുകൊണ്ട് തന്നെ തങ്ങളുടെ ഓരോ വാക്കും സുപരിചിതമായിരുന്നു.

നിനച്ചിരിക്കാതെയാണ് തങ്ങള്‍ നമ്മില്‍ നിന്ന് വിടപറഞ്ഞത്. ഇന്നലെ വരെ ചുറുചുറുക്കോടെ കൂടെ ഉണ്ടായിരുന്ന ഈ സാന്നിധ്യം പെട്ടെന്നൊരു ദിവസം അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കുമ്പോള്‍ തീര്‍ച്ചയായും വേദനയുണ്ട്. എപ്പോഴാണ് നാഥന്റെ വിളിക്ക് നമ്മളൊക്കെ ഉത്തരം പറയേണ്ടിവരികയെന്നറിയില്ലല്ലോ. അവിടുത്തോടൊപ്പം സ്വര്‍ഗത്തില്‍ അല്ലാഹു നമ്മെ ഒരുമിപ്പിക്കട്ടെ.

You must be logged in to post a comment Login