സ്വാഗതം… ആദര്ശ വായനാ കുടുംബത്തിലേക്ക്

മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് അറിവ്. അതു നേടാത്തവന്റെ മതവും മനുഷ്യത്വവും പൂര്‍ണമാകില്ല. ഒരു ഉത്തമ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അറിവ് അവന്റെ ബാധ്യതയും വിശ്വാസത്തിന്റെ ഭാഗവുമാണ്. പരമപ്രധാനമാണത്. ‘വിശ്വസിച്ചവരെയും അറിവുള്ളവരെയും അല്ലാഹു പദവികള്‍ നല്‍കി ഉയര്‍ത്തു’മെന്ന് ഖുര്‍ആന്‍ (58/11) വിളംബരം ചെയ്യുന്നു.
അറിവ് നേടാനുള്ള വഴികളില്‍ മുഖ്യമാണ് വായന. ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ പെരുകിയ ഇന്നത്തെ കാലത്ത് വായന മരിച്ചുകൊണ്ടിരിക്കുന്നു എന്ന പരിഭവം വ്യാപകമാണ്. എന്നാല്‍ വായന ഒരിക്കലും മരിക്കില്ല എന്നതാണു സത്യം. മനുഷ്യനെ ‘മനുഷ്യനാ’ക്കുന്ന, നമുക്ക് തിരിച്ചറിവും കാഴ്ചപ്പാടും വളര്‍ത്താന്‍ കാരണമാകുന്ന വായന ഒരിക്കലും മരിച്ചുകൂടാ. ‘താങ്കളെ സൃഷ്ടിച്ച നാഥന്റെ നാമത്തില്‍ വായിക്കുക’എന്ന ഉദ്ഘോഷത്തോടെയാണ് വിശുദ്ധ ഖുര്‍ആനിന്റെ അവതരണാരംഭം തന്നെ. വായന ഒരിക്കലും മരിക്കില്ലെന്നും മരിക്കരുതെന്നും വായിച്ചു വളരണമെന്നും ഈ വചനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം അറിവ് മതത്തിന്റെ, നിത്യനൂതനമായ വിശ്വാസ കര്‍മസംഹിതകളുടെ ജീവനാണ്. ഖുര്‍ആനും ഇതര പ്രമാണങ്ങളും അവയുടെ വിവരണങ്ങളായ അനുബന്ധങ്ങളും എന്നും എപ്പോഴും വായിക്കപ്പെട്ടുകൊണ്ടിരിക്കണം. അതില്‍ പ്രധാനമാണ് ആദര്‍ശവായന. ഈ ലക്ഷ്യത്തോടെയാണ് ‘മലയാളിയുടെ ആദര്‍ശവായന’ എന്ന സന്ദേശവുമായി സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) മുഖപത്രമായ സുന്നിവോയ്സ് വായനാലോകത്ത് നിലയുറപ്പിച്ചിരിക്കുന്നത്. നീണ്ട അരനൂറ്റാണ്ടിന്റെ പാരമ്പര്യം ഈ ആദര്‍ശവായനക്കുണ്ട്.
സമൂഹത്തിന്റെ നാനാതുറകളിലുള്ള അനേകായിരം വ്യക്തികളെയും കുടുംബങ്ങളെയും ആദര്‍ശ വായനാ ലോകത്തേക്ക് സുന്നിവോയ്സ് കൈപിടിച്ചാനയിച്ചിട്ടുണ്ട്. സുന്നിവോയ്സിന്റെ ആദര്‍ശ വായനാ കുടുംബം അതിവിപുലമാണിന്ന്. ഒട്ടനേകം കുടുംബങ്ങളും സഹകാരികളും ദിനേന ഈ കുടുംബത്തില്‍ അണിചേര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിജയിക്കാനാവാത്ത ആദര്‍ശ വായന എന്ന പ്രമേയത്തില്‍ ഈയിടെ നടത്തിയ പ്രചാരണകാല പ്രവര്‍ത്തനങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ആര്‍ക്കും അതിജയിക്കാനാവാത്തതായി. അരലക്ഷം പുതിയ വരിക്കാരെന്ന ലക്ഷ്യം പ്രഥമ ഘട്ടത്തില്‍ തന്നെ മറികടക്കാനായി.
സുന്നിവോയ്സിന്റെ ജീവനാഡികളായ എസ് വൈ എസ് പ്രവര്‍ത്തകര്‍ കര്‍മഗോദയിലിറങ്ങിയപ്പോള്‍ ആദര്‍ശ പ്രേമികളായ വായനക്കാര്‍ നല്‍കിയ കലവറയില്ലാത്ത പിന്തുണയാണ് പത്രത്തിന്റെ ഈ കുതിപ്പിനും മുന്നേറ്റത്തിനുമുള്ള കാരണം. ഈ ആദര്‍ശ പിന്തുണയെ പ്രാര്‍ത്ഥനാപൂര്‍വം അഭിനന്ദിക്കുന്നതോടൊപ്പം ഓരോ ലക്കവും ആഴമേറിയ പഠനത്തിന് വിധേയമാക്കിയും പരമാവധി പേരെ വായിപ്പിച്ചും പ്രസ്ഥാനത്തിന്റെ വൈജ്ഞാനികവും ആദര്‍ശപരവുമായ താല്‍പര്യം സമ്പൂര്‍ണമായി നേടിയെടുക്കുന്നതിന് യത്നിക്കണമെന്നും മുഖപത്രത്തിന്റെ വെബ് എഡിഷനായ www.sunnivoice.net പരമാവധി പ്രചരിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു. മുഴുവന്‍ അനുവാചകരെയും ആദര്‍ശ വായനാ കുടുംബത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.

കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍
(സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍, എസ് വൈ എസ്)
പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍
(പ്രസിഡന്‍റ്, എസ് വൈ എസ് സംസ്ഥാന കമ്മിറ്റി)
പേരോട് അബ്ദുറഹ്മാന്‍ സഖാഫി
(ജനറല്‍ സെക്രട്ടറി, എസ് വൈ എസ്)
മുഹമ്മദ് പറവൂര്‍
(സുന്നിവോയ്സ്കാര്യ സെക്രട്ടറി, എസ് വൈ എസ്)

You must be logged in to post a comment Login