ഹറമുകളിൽ താമസിക്കുമ്പോൾ

ഹറമൈനിയിൽ വിശുദ്ധ ഉംറ തീർത്ഥാടകരുടെ തിരക്കേറുന്ന സന്ദർഭമാണിത്. മക്കയിലും മദീനയിലും ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഹ്രസ്വമായി സൂചിപ്പിക്കാം.

മക്കയിൽ ശ്രദ്ധിക്കേണ്ടത്

ഭൂമുഖത്ത് ഏറ്റവും പുണ്യം നിറഞ്ഞ പ്രദേശമാണ് മക്കാശരീഫ്.  അവിടെ എത്തിച്ചേരാനും പുണ്യകർമങ്ങൾ നിർവഹിക്കുവാനും അവസരമുണ്ടാകുന്നത് ജീവിതത്തിലെ സൗഭാഗ്യങ്ങളിൽ പെട്ടതാണ്. മക്കയിലെ ഓരോ നിമിഷവും ഭക്തിപൂർണമാക്കി എല്ലാവിധ പ്രതിഫലങ്ങളും നേടാൻ നാം ഉത്സാഹിക്കണം. അധികമാർക്കും ലഭിക്കാത്ത ഒരു മഹാഭാഗ്യമാണ് തനിക്ക് കിട്ടിയിരിക്കുന്നത്. ഇത് ഉപയോഗപ്പെടുത്താത്തവൻ നിർഭാഗ്യവാനാണ്. പുണ്യകർമങ്ങൾക്ക് ലക്ഷക്കണക്കിനു പ്രതിഫലം കിട്ടുന്ന മക്കയിൽ സമയം വെറുതെ പാഴാക്കുന്നത് മഹാനഷ്ടമാണ്.

മക്കാ ശരീഫിൽ താമസിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതും ആചരിക്കേണ്ടതുമായ ചില സുപ്രധാന കാര്യങ്ങളുണ്ട്. പ്രധാനമായും കുറ്റങ്ങളും തെറ്റുകളും വരാതെ സൂക്ഷിക്കുക. പരദൂഷണം, ഏഷണി തുടങ്ങിയവ പൂർണമായും വർജിക്കുക. എല്ലാവിധ തർക്കങ്ങളിൽ നിന്നും എല്ലാ അർഥത്തിലും വിട്ടുനിൽക്കണം. പല ദേശക്കാരും ഭാഷക്കാരും ഒന്നിച്ച് താമസിക്കുന്ന സന്ദർഭമാണ്. തർക്കങ്ങളും ബഹളങ്ങളും ഉണ്ടാവാൻ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് പരിശുദ്ധ ഖുർആൻ അത് പ്രത്യേകം എടുത്തുപറഞ്ഞ് വർജ്ജിക്കാൻ കൽപിച്ചത്.

ഒരു വീട്ടിൽ നിന്ന് പുറപ്പെട്ട കുടുംബാംഗങ്ങൾ തമ്മിൽ പോലും പിണക്കമുണ്ടാവുക സാധാരണമാണ്. പരസ്പരം തെറ്റിച്ച് നമ്മുടെ ഇബാദത്തുകൾ നഷ്ടപ്പെടുത്താൻ പിശാച് കിണഞ്ഞ് ശ്രമിക്കുന്നുണ്ടെന്ന് ഓർക്കണം. താമസസ്ഥലത്തിന്റെ പേരിലും ആഹാരം പാകംചെയ്യുന്ന കാര്യത്തിലുമെല്ലാം പല തർക്കങ്ങളും നടക്കാനിടയുണ്ട്. ജീവിതത്തിൽ മുമ്പ് ശീലിക്കാത്ത അനുഭവങ്ങളും അവസ്ഥകളും വരുമ്പോൾ അത് ക്ഷമാപൂർവം തരണം ചെയ്യാൻ പലർക്കും സാധിക്കില്ല. എല്ലാം സഹിക്കാനും ത്യാഗം അനുഭവിക്കാനും നാം തയ്യാറാകണം.  ഹജ്ജ്-ഉംറ വേളകളിൽ ഏറ്റവും പ്രതിഫലാർഹമായ ഇബാദത്താണ് സേവന പ്രവർത്തനങ്ങൾ. ദുർബലരെ സഹായിക്കുക, വഴി തെറ്റിയവരെ മാർഗദർശനം ചെയ്യുക, കുടുങ്ങിയവരെ രക്ഷപ്പെടുത്തുക, രോഗികൾക്ക് ചികിത്സ ലഭിക്കാനാവശ്യമായത് ചെയ്യുക തുടങ്ങി ശരീരംകൊണ്ട് ചെയ്തു തീർക്കാവുന്ന പുണ്യകർമങ്ങൾ നിരവധിയാണ്. ഇത്തരം സേവന-കാരുണ്യ പ്രവർത്തനങ്ങളുടെ ബറകത്തുകൊണ്ട് അല്ലാഹു നമ്മെ കുടുങ്ങിയ ഘട്ടങ്ങളിൽ സഹായിക്കുകയും അളവറ്റ പ്രതിഫലം നൽകുകയും ചെയ്യും. മക്കയിൽ താമസിക്കുമ്പോൾ ചെയ്യാവുന്ന പ്രധാന കാര്യങ്ങളിൽ ചിലത് ശ്രദ്ധിക്കുക.

  1. മസ്ജിദുൽ ഹറാമിൽ നടക്കുന്ന ഫർള് നിസ്‌കാരത്തിന്റെ ജമാഅത്തുകളിൽ തക്ബീറതുൽ ഇഹ്‌റാം മുതൽ പങ്കെടുക്കുക.

ലക്ഷക്കണക്കിന് സത്യവിശ്വാസികൾ സംബന്ധിക്കുന്ന ജമാഅത്താണത്.  ലക്ഷങ്ങൾ കണക്കെ പ്രതിഫലം കിട്ടുന്ന ഹറമിലാകുമ്പോൾ മഹത്ത്വത്തിന്റെ വലുപ്പം പറയേണ്ടതില്ലല്ലോ. ഏതു വിഷയങ്ങളിൽ ഏർപ്പെട്ടാലും ജമാഅത്തിന് മസ്ജിദുൽ ഹറാമിലെത്തണമെന്ന് പ്രതിജ്ഞാബോധമുണ്ടായിരിക്കണം. ഉംറക്ക് ഇഹ്‌റാം ചെയ്യാൻ പുറത്തു പോകുന്നത് പോലും ജമാഅത്ത് നഷ്ടപ്പെടാതെയാവാൻ ശ്രദ്ധിക്കണം.

  1. മസ്ജിദുൽ ഹറാമിൽ ഇഅ്തികാഫ് വർധിപ്പിക്കുക. കഴിവതും പള്ളിയിൽ പോയിരിക്കുക. പള്ളിയിൽ പ്രവേശിക്കുമ്പോൾ ‘അല്ലാഹുവിനുവേണ്ടി ഈ പള്ളിയിൽ ഇഅ്തികാഫ് ഞാൻ കരുതി’ എന്ന് നിയ്യത്തുണ്ടാകണം. ഒരധ്വാനവും കൂടാതെ, നാമറിയാതെ മഹാപ്രതിഫലം കിട്ടുന്ന സംഗതിയാണ് ഇഅ്തികാഫ്. പുറത്തുപോയി വീണ്ടും പ്രവേശിക്കുമ്പോൾ നിയ്യത്ത് പുതുക്കണം.
  2. മസ്ജിദുൽ ഹറാമിലാകുമ്പോൾ കഅ്ബാലയത്തെ നോക്കിക്കൊണ്ടിരിക്കുക. വെറുതെ നോക്കിയിരിക്കുന്നതുപോലും മഹത്തായ പുണ്യകർമമാണെന്ന് ഹദീസിൽ വന്നിരിക്കുന്നു. അദബില്ലാതെ മസ്ജിദുൽ ഹറാമിൽ ഇരിക്കരുത്.
  3. മസ്ജിദുൽ ഹറാമിൽ പ്രവേശിച്ച ഉടനെ ത്വവാഫ് ചെയ്യുക. മറ്റു പള്ളികളുടെ തഹിയ്യത്തിന് പകരം ഇവിടെ ത്വവാഫാണ് സുന്നത്ത്. ത്വവാഫിന് സാധിക്കാത്ത സമയങ്ങളിൽ തഹിയ്യത്ത് നിസ്‌കരിക്കണം. എപ്പോഴും വുളൂ ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുക. പള്ളിയിൽ താമസിക്കുമ്പോൾ വുളൂ നഷ്ടപ്പെട്ടാൽ ഉടൻ പുതുക്കുന്നത് സുന്നത്താണ്.
  4. സുന്നത്ത് നിസ്‌കാരം വർധിപ്പിക്കുക, ഫർള് നിസ്‌കാരങ്ങളുടെ മുമ്പും പിമ്പുമുള്ള റവാതിബ്, വിത്‌റ്, ളുഹാ, ഇശ്‌റാഖ്, സ്വലാത്തു ത്തസ്ബീഹ്, ഏറ്റവും പ്രധാനമായി തഹജ്ജുദ് മുതലായവ ഒന്നൊഴിയാതെ നിസ്‌കരിക്കാൻ ഉത്സാഹിക്കണം. ഒരു റക്അത്തിന് മറ്റ് പള്ളികളിൽ നിർവഹിക്കുന്നതിനേക്കാൾ ലക്ഷങ്ങൾ മടങ്ങ് പ്രതിഫലമാണ് ലഭിക്കാൻ പോകുന്നതെന്നോർക്കുക. പ്രത്യേകമായി നബി(സ്വ) നിസ്‌കരിച്ച പള്ളികളിൽ വെച്ച് സുന്നത്ത് നിസ്‌കാരങ്ങൾ നിർവഹിക്കാൻ ഉത്സാഹിക്കണം. ജമാഅത്ത്, സുന്നത്ത് നിസ്‌കാരം പോലുള്ളവക്കുള്ള പുണ്യം പുരുഷന്മാർക്കാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം. അവർക്ക് ലഭിക്കുന്നതിലധികം പ്രതിഫലം സ്ത്രീകൾക്ക് വീടകങ്ങളിലും താമസ റൂമുകളിലും നിസ്‌കരിക്കുന്നതു കൊണ്ട് ലഭ്യമാകും. നബി(സ്വ) പഠിപ്പിച്ചതിങ്ങനെയാണ്.
  5. ഖുർആൻ പാരായണം, ദിക്‌റ്, സ്വലാത്ത് എന്നിവ വർധിപ്പിക്കുക. ഹദീസിൽ വന്നതും മറ്റുമായ ദിക്‌റുകൾ പരാമർശിക്കുന്ന ഗ്രന്ഥങ്ങൾ കൂടെ കരുതേണ്ടതാണ്. പ്രധാന ദിക്‌റുകൾ, സ്വലാത്തുകൾ എന്നിവ നിശ്ചിത എണ്ണം ചൊല്ലി പൂർത്തിയാക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നത് അവ വർധിപ്പിക്കാനുള്ള കാരണമായേക്കും. ദുആക്ക് ഉത്തരം ലഭിക്കുന്ന പ്രത്യേക സ്ഥലങ്ങളിൽ ധാരാളമായി പ്രാർഥിക്കണം.
  6. ദാനധർമങ്ങൾ അധികരിപ്പിക്കുക. പാവപ്പെട്ടവരും അശരണരും ധാരാളമായി ഹറമിലുമുണ്ടാകും. നമ്മുടെ കൂടെയുള്ളവരിൽ തന്നെ വളരെ സാധുക്കളുണ്ടായിരിക്കും.  കയ്യിലുള്ള ധനം മോഷ്ടിക്കപ്പെട്ടവർ, പ്രതീക്ഷിക്കാത്ത ചെലവുകൾ വന്നു കൈവശമുള്ളത് തീർന്നുപോയവർ, രോഗമായി ചികിത്സിക്കാൻ പ്രയാസമുള്ളവരും മറ്റും നമ്മുടെ കൂട്ടത്തിൽ തന്നെയുണ്ടാകാറുണ്ട്.  ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ള സാധുക്കളും ഹറമിൽ ധാരാളമുണ്ടാകും.  സാധ്യമായത് നൽകി അവരെയെല്ലാം സന്തോഷിപ്പിക്കാൻ ശ്രമിക്കണം. യാത്രാ ചെലവ് എങ്ങനെയെങ്കിലും സ്വരൂപിച്ച്  മക്കയിലെത്തുന്ന നിരവധി സജ്ജനങ്ങളുണ്ട്. അതുപോലെ മാസങ്ങളായി തൊഴിൽ രഹിതരായി നാട്ടിലേക്ക് മടങ്ങാൻ വകയില്ലാതെ ഭക്ഷണത്തിന് പോലും പ്രയാസപ്പെടുന്ന മലയാളികളെയും കണ്ടുമുട്ടിയേക്കും. അവരെയൊക്കെ സഹായിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണ്.
  7. ത്വവാഫ് വർധിപ്പിക്കുക. സന്ദർഭം ലഭിക്കുമ്പോഴെല്ലാം ത്വവാഫ് ചെയ്യുക. മക്കാശരീഫിൽ വെച്ച് മാത്രം ചെയ്യാൻ സാധിക്കുന്ന ഒരു അമൂല്യ പുണ്യമാണ് ത്വവാഫ്.
  8. ഹിജ്ർ ഇസ്മാഈലിൽ പ്രവേശിക്കുക, അവിടെ വെച്ച് നിസ്‌കരിക്കുക, അതിന്റെ നേരെ മുകളിലുള്ള പാത്തിയുടെ താഴെ പ്രാർഥനക്കുത്തരം ലഭിക്കുന്ന സ്ഥാനമാണ്.
  9. ഉംറ വർധിപ്പിക്കുക. ഹറമിന് പുറത്ത് എവിടെ പോയാലും ഉംറക്ക് ഇഹ്‌റാം ചെയ്യാം. തൻഈമിലേക്ക് പോകുന്ന ബസ്സും മറ്റു വാഹനങ്ങളും പരിസരത്തു നിന്ന് എപ്പോഴും ലഭിക്കുന്നതാണ്. ഉംറ കഴിയുന്നത്ര വർധിപ്പിക്കണം.
  10. കഅ്ബാ ശരീഫിന്റെ ഉള്ളിൽ കയറി രണ്ട് റക്അത്ത് നിസ്‌കരിക്കൽ പുണ്യമാണ്. പക്ഷേ സാധാരണക്കാർക്ക് ഇപ്പോൾ ഇത് സാധിക്കുകയില്ല. എന്നാൽ ഹിജ്ർ ഇസ്മാഈൽ കഅ്ബയിൽ പെട്ടതു തന്നെയാണെന്നത് സൗഭാഗ്യമാണ്. അത് ഉപയോഗപ്പെടുത്തുക.
  11. സംസം കൂടുതലായി കുടിക്കുക. ആത്മീയവും ശാരീരികവുമായ നേട്ടങ്ങൾ ലഭിക്കാൻ സംസം ഉപകരിക്കുന്നു. അത് ധാരാളം കുടിക്കുക.

മദീനാ മുനവ്വറയിൽ ശ്രദ്ധിക്കേണ്ടവ

മദീനയിലെ ഓരോ കാൽവെപ്പും വളരെ കരുതലോടെയായിരിക്കണം. പുണ്യം നേടുന്നതിനു പകരം ഗുരുത്വക്കേട് സമ്പാദിക്കുന്ന യാതൊന്നും വന്നുപോകാതിരിക്കാൻ ജാഗ്രത കാണിക്കണം. മദീനാ മനവ്വറ:യിലെ താമസ വേളയിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം:

  1. മസ്ജിദുന്നബവിയിൽ എല്ലാ ജമാഅത്തിലും ഒന്നാം തക്ബീർ മുതൽ ഹാജരാവുക. തുടർച്ചയായി 40 ജമാഅത്ത് ലഭിക്കുന്നവർക്കു മഹത്തായ പ്രതിഫലമുണ്ട്. മറ്റ് പള്ളികളിൽ നിർവഹിക്കുന്നതിനേക്കൾ ഏറെ പ്രതിഫലം അവിടെ ഒരു റക്അത്തിന് ലഭിക്കുന്നതാണ്. എല്ലാ സൽപ്രവർത്തനങ്ങൾക്കും ഈ വർധിച്ച പ്രതിഫലം ലഭിക്കും.
  2. അത്യാവശ്യത്തിനല്ലാതെ പള്ളി വിട്ടുപോകാതിരിക്കുക. ഇഅ്തികാഫ് അധികരിപ്പിക്കുക. ഇപ്പോൾ പള്ളി രാത്രിയും തുറന്നിടുന്നത് തീർത്ഥാടകർക്ക് വളരെ ഉപകാരപ്രദമാണ്.
  3. മദീനാ താമസ വേളയിൽ നബി(സ്വ)ക്ക് ഇഷ്ടമില്ലാത്ത ഒരു സംഗതിയും നടപ്പിലോ ഇരിപ്പിലോ ഉണ്ടാവരുത്.’ഞാൻ മരണമടഞ്ഞാലും നിങ്ങളുടെ കർമങ്ങൾ എനിക്കു കാണിക്കപ്പെടുമെന്നും നന്മ കണ്ടാൽ അല്ലാഹുവിനെ സ്തുതിക്കുമെന്നും തിന്മ കണ്ടാൽ നിങഅങൾക്കുവേണ്ടി പൊറുക്കൽ തേടുമെന്നും പറഞ്ഞ തിരുനബി(സ്വ) നമ്മുടെ കണ്ണിൽ നിന്നു മറഞ്ഞുവെന്നു മാത്രമേയുള്ളൂ. പ്രവാചകർ(സ്വ)യെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ മാത്രമേ, വിശിഷ്യാ അവിടുത്തെ നഗരത്തിൽ വെച്ച് നാം ചെയ്യാൻ പാടുള്ളൂ. പ്രവാചക ചര്യകൾ പൂർണമായി അനുധാവനം ചെയ്യുക, താടി വളർത്തുക, മുടി ചീകുക, വൃത്തിയിൽ നടക്കുക, തല മറക്കുക, സുഗന്ധം പുരട്ടുക, ബ്രഷ് ചെയ്യുക മുതലായ ചെറുതും വലുതുമായ എല്ലാ സുന്നത്തുകളും പിന്തുടരണം.

വെറുക്കപ്പെടുന്ന വാസനയുള്ള വല്ലതും ഭക്ഷിച്ചവർ നമ്മുടെ പള്ളിയിൽ വരരുതെന്ന അവിടുത്തെ താക്കീത് പുകവലിക്കാർ ഗൗരവത്തോടെ കാണണം. അത്തരം ദുശ്ശീലങ്ങൾ പൂർണമായി വർജ്ജിക്കണം.

  1. പള്ളിയിൽ ചെന്നാൽ റൗളയുടെ ഭാഗത്ത് സ്ഥലം പിടിക്കുക. വളരെ നേരത്തെ ചെന്നാൽ മാത്രമേ റൗളയിൽ സ്ഥാനം ലഭിക്കുകയുള്ളൂ. റൗളയിൽ റസൂൽ(സ്വ) കൂടുതലായി ഇരിക്കാറുള്ള ഉസ്ത്വുവാനത്തു ആയിശ, ഉസ്ത്വുവാനതുൽ മുഖല്ലഖ എന്നിവിടങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുക. പള്ളിയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ദിക്‌റുകളും മര്യാദകളും നിർവഹിക്കുക. ഇഅ്തികാഫ് കരുതുക. തിരക്കുമൂലം റൗളയിൽ സ്ഥലം കിട്ടാതെ വന്നാൽ റൗളയുടെ പടിഞ്ഞാറും വടക്കും സ്ഥിതി ചെയ്യുന്ന നബി(സ്വ)യുടെ കാലത്ത് പള്ളിയായി ഉപയോഗിച്ച സ്ഥലത്തിന് മുൻഗണന നൽകുക. പള്ളിയുടെ ഖിബ്‌ല ഭാഗത്തും അൽപം വികസിപ്പിച്ചിട്ടുണ്ട്. ഖലീഫ ഉസ്മാൻ(റ) വിശാലമാക്കിയ സ്ഥലത്താണ് ഇപ്പോഴത്തെ മിഹ്‌റാബ്. ജമാഅത്ത് നടക്കുമ്പോൾ റൗളയിൽ നിൽക്കുന്നതിനേക്കാൾ ഉത്തമം ഇമാമിനോട് അടുത്ത സ്വഫ്ഫുകളിൽ നിൽക്കലാണ്.
  2. നബി(സ്വ)യുടെ ഖബറുശ്ശരീഫ് പിന്നിൽ വരുന്ന വിധം നിസ്‌കരിക്കാതിരിക്കുക. പള്ളിയിൽ ചെല്ലുമ്പോഴെല്ലാം അവിടുത്തേക്കും കൂട്ടുകാർക്കും സലാം പറയുക.
  3. മദീനാശരീഫിൽ വെച്ച് കഴിവതും സുന്നത്ത് നോമ്പുകൾ അനുഷ്ഠിക്കുക, ഖുർആൻ ഖത്മ് ചെയ്യുക, സ്വലാത്തുകൾ അധികരിപ്പിക്കുക.
  4. മദീനയിലുണ്ടാകുന്ന എല്ലാ വിഷമങ്ങളിലും പ്രയാസങ്ങളിലും ക്ഷമിക്കുക. ബുദ്ധിമുട്ട് പ്രകടിപ്പിക്കാതിരിക്കുക. പൊടി പടലങ്ങളിൽ പോലും വെറുപ്പുണ്ടാകരുതെന്ന് മഹാന്മാർ പറയുന്നുണ്ട്. തിരുനബി(സ്വ) പറയുന്നു: മദീനയുടെ പ്രയാസങ്ങളിൽ വല്ലവനും ക്ഷമിച്ചാൽ അന്ത്യദിനത്തിൽ ഞാൻ അവന്റെ ശിപാർശകനാകും (മുസ്‌ലിം). മറ്റൊരു ഹദീസ് ഇപ്രകാരമുണ്ട്: മദീനയുടെ പൊടിപടലങ്ങളിൽ എല്ലാ രോഗത്തിനും ശമനമുണ്ട്.
  5. മദീനയിലുണ്ടാകുന്ന കാരക്ക ഭക്ഷിക്കുക. പലയിനം കാരക്കകളും അവിടെയുണ്ട്. നബി(സ്വ) പ്രത്യേകം എടുത്തു പറഞ്ഞ ഒരിനമാണ് അജ്‌വ.’റസൂൽ(സ്വ) പറഞ്ഞു:’മദീനയിലെ അജ്‌വ കാരക്കയിൽ നിന്ന് ഏഴെണ്ണം രാവിലെ വെറും വയറ്റിൽ ആരെങ്കിലും ഭക്ഷിച്ചാൽ സിഹ്‌റ്, വിഷം ഉൾപ്പെടെയുള്ള ഒന്നും ആ ദിനം അവനെ ബുദ്ധിമുട്ടിക്കുകയില്ല (മുസ്‌ലിം).
  6. മദീന ഹറമിൽ വെച്ച് വേട്ട ജീവികളെ നശിപ്പിക്കരുത്. അവിടെയുള്ള മരമോ, ചെടിയോ മുറിക്കലും കല്ലോ മണ്ണോ ഹറമിന് പുറത്തുകൊണ്ടുപോകലും പാടില്ലാത്തതാകുന്നു.

എന്നാൽ ‘അശ്ശിഫാ, വാദീ ബുത്വ്ഹാൻ’ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു മണ്ണുണ്ട്. ഇത് ഔഷധമെന്ന നിലയിൽ കൊണ്ടുപോകാവുന്നതാണെന്ന് ചില പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നു.’മസ്ജിദുഖുബായിലേക്ക് പോകുന്ന വഴിയിൽ സ്വുഐബിൽ മൗളിഅ് തുറാബുശ്ശിഫാ എന്ന പേരിലാണ് ഈ സ്ഥലം ഇപ്പോൾ അറിയപ്പെടുന്നത്.

  1. മദീനാ നിവാസികളെ ആദരിക്കുക. നബി(സ്വ)യുടെ നാട്ടുകാരും അവിടുത്തെ സഹായികളും സംരക്ഷകരുമായ അൻസ്വാറുകളുടെ’ പൗത്രന്മാരാണ് അവരെന്ന ബോധം നമുക്കുണ്ടാവണം.

മദീനാ നിവാസികളെ പ്രശംസിച്ചുകൊണ്ട് പല വചനങ്ങളും തിരുനബി(സ്വ) പറഞ്ഞിട്ടുണ്ട്. അവരെ നിന്ദിക്കുന്നത് ഇഹലോകത്തും പരലോകത്തും നഷ്ടങ്ങൾക്ക് കാരണമാകുന്നതാണ്.

(റീഡ് പ്രസ് പ്രസിദ്ധീകരിക്കുന്ന കാന്തപുരം ഉസ്താദിന്റെ ഉംറ സിയാറ എന്ന പുസ്തകത്തിൽ നിന്നൊരു ഭാഗം)

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

You must be logged in to post a comment Login