Private-party-table-settingനോന്പുതുറക്കും പെരുന്നാളിനും മറ്റും നമുക്ക് അതിഥികളുണ്ടാവുമല്ലോ. ഒരു അതിഥി വീട്ടിലേക്ക് വരുന്നതിനെ നിങ്ങള്‍ എങ്ങനെ കാണുന്നു. നിറഞ്ഞ മനസ്സോടെയോ, നീരസത്തോടെയോ? അതിഥിയെ ആദരിക്കണമെന്നത് മാനുഷികാദര്‍ശങ്ങളില്‍ പെട്ടതാണ്. ഇസ്ലാം അതിനെ ആത്മീയ കാര്യങ്ങളില്‍ അതിപ്രധാനമായാണ് ഗണിക്കുന്നത്. തിരുനബി(സ്വ) പറഞ്ഞു: അതിഥിയെ സല്‍ക്കരിക്കാത്തവനില്‍ ഒരു നന്മയുമില്ല (അഹ്മദ് 4155).
അനസ്(റ) പറഞ്ഞത് അതിഥിയെ ഊട്ടാത്ത ഭവനത്തില്‍ മലക്കുകള്‍ കടന്നുവരില്ല എന്നാണ്. മലക്കുകള്‍ ഉത്തമ അതിഥികളാകുന്നു. പക്ഷേ, അവര്‍ ആഗമിക്കണമെങ്കില്‍ നാം സല്‍ക്കാരപ്രിയരാകണം.
ഖലീലുല്ലാഹി ഇബ്റാഹിം(അ) ആതിഥ്യ വിഷയത്തില്‍ ഉത്തമ മാതൃകയായിരുന്നു. ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്നു: ഇബ്റാഹിം നബി(അ) വല്ലതും കഴിക്കാനുദ്ദേശിച്ചാല്‍ ഒപ്പം തിന്നാന്‍ ഒരാളെ അന്വേഷിക്കും. അങ്ങനെ ഒരാളെ തേടി ഒന്നോ രണ്ടോ മൈല്‍ സഞ്ചരിക്കാനും അവിടുന്ന് തയ്യാറായിരുന്നു. അതിനാല്‍ തന്നെ മഹാന്‍ അറിയപ്പെട്ടത് അതിഥികളുടെ പിതാവെന്നാണ്. തന്റെ ആതിഥ്യബോധവും താല്‍പര്യവും കാരണമാകാം അവിടുത്തെ മഖാമില്‍ ഇന്നും അതിഥി സല്‍ക്കാരം നടന്നുവരുന്നു. രാത്രിപോലും അതു നടക്കാതിരിക്കുന്നില്ല. നൂറുകണക്കിനു പേര്‍ അവിടുത്തെ മശ്ഹദില്‍ നിന്നും അനുദിനം അന്നഭോജനം നടത്തുന്നു (മുകാശഫതുല്‍ ഖുലൂബ്264).
അതിഥികള്‍ അനുഗ്രഹത്തിന്റെ വക്താക്കളാകുന്നു. അവര്‍ നമ്മുടെ വീടണയുന്നത് നിരവധി റഹ്മതുകളുമായാണ്. അവരെ ചെറുപ്പവലിപ്പം നോക്കാതെ ആദരിച്ചാല്‍ നാമും ആദരിക്കപ്പെടും. അവരെ നിന്ദിച്ചാല്‍ നമ്മളും നിന്ദിക്കപ്പെടും.
പുഞ്ചിരിച്ചുവേണം അതിഥിയെ സ്വീകരിക്കാന്‍. അവരെ യാത്രയാക്കുന്നത് അതിനെക്കാള്‍ സംതൃപ്തിയോടെയും. അതിഥിയെ വെറുപ്പിക്കുന്ന വാക്കും നോക്കും നമ്മില്‍ നിന്നുണ്ടാകാന്‍ പാടില്ല. ചിലര്‍ അതിഥിയെ നിന്ദിക്കുന്നതില്‍ ഹരം കാണുന്നവരാണ്. നിന്ദ ആദ്യം വരുന്നത് മനസ്സിലായിരിക്കും. പിന്നെയത് നാക്കിലൂടെ പുറത്തുവരും; പ്രവൃത്തിയിലൂടെയും. ഒരു തിരുവചനത്തില്‍ ഇങ്ങനെ കാണാം: നിങ്ങള്‍ അതിഥികള്‍ക്ക് ബുദ്ധിമുട്ട് വരുത്തരുത്. അവരെ വെറുപ്പിക്കുകയുമരുത്. അതിഥിയെ കോപം പിടിപ്പിച്ചവന്‍ അല്ലാഹുവിനെയാണ് ദ്യേം പിടിപ്പിക്കുന്നത് (ഇത്ഹാഫ് 5237).
അതിഥിയെ പട്ടിണിക്കിടുന്നതും ഒറ്റയ്ക്കാക്കുന്നതും മര്യാദകേടാണ്. അവര്‍ക്ക് തുണയായി നില്‍ക്കണം. സ്വന്തം സുഖസൗകര്യങ്ങള്‍ വിട്ടുനല്‍കാന്‍ മടിക്കുകയുമരുത്. അനുവദനീയമായ അലങ്കാരങ്ങളും ആസ്വാദനങ്ങളും അവര്‍ക്ക് ലഭ്യമാക്കണം. അവരില്‍ നിന്നുണ്ടാകുന്ന അവിവേകങ്ങള്‍ മറക്കാനും പൊറുക്കാനും സന്മനസ്സ് കാണിക്കണം. അതിഥി സല്‍ക്കാരത്തില്‍ സഹോദരിമാര്‍ ഏറെ പ്രാധാന്യം കാണിക്കണം. വ്യക്തിപരമായ തിരക്കുകള്‍ക്ക് അതിനായി അവധി നല്‍കാം.

തസ്ഫിയ23/ എസ്എസ് ബുഖാരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ