ഞങ്ങളും മനുഷ്യരാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. ബോംബിംഗില്‍ മുഖം നഷ്ടപ്പെട്ട നാലര വയസ്സുകാരിയുടെ ജീവിത കഥ പറഞ്ഞ് അഫ്ഗാന്‍ പ്രസിഡന്‍റ് ഹാമിദ് കര്‍സായി, നിലവിലെ അമേരിക്കന്‍ നിലപാടിനെതിരെ നിസ്സഹായതയോടെ പ്രതികരിച്ചതാണിത്.
‘ഞങ്ങളും ജനങ്ങളാണ്. ഞങ്ങള്‍ക്കും വീടുകളുണ്ട്; കുടുംബങ്ങളും കുട്ടികളുമുണ്ട്.’ അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യം തുടരുന്ന നിരുത്തരവാദപരമായ അക്രമങ്ങളും വിവേചന രഹിതമായ സൈനികാഭ്യാസങ്ങളും ഒരു രാഷ്ട്രത്തിന്റെ സമാധാനം കെടുത്തിക്കൊണ്ടേയിരിക്കുന്നതിന്റെ സ്വൈരക്കേട് കാരണം ഇങ്ങനെ പൊട്ടിത്തെറിച്ചു.
‘ഞാന്‍ ആ കുട്ടിയെ സന്ദര്‍ശിച്ചു. മരിക്കാറായ പെണ്‍കുട്ടി, മുഖം നഷ്ടപ്പെട്ടവള്‍; സ്വന്തം ഉമ്മയും. അവള്‍ക്കൊരു മുഖം തിരിച്ചു കിട്ടുമോ എന്ന് ഞാന്‍ ഡോക്ടര്‍മാരോട് ചോദിച്ചു. അവള്‍ക്കിനി യഥാര്‍ത്ഥത്തില്‍ ഒരു മുഖം ഒരിക്കലും തിരിച്ചുകിട്ടില്ലഅവര്‍ പറഞ്ഞു. അഫ്ഗാന്‍ വീടുകളെ ആദരിക്കണമെന്ന് ഞാന്‍ അമേരിക്കയോട് അപേക്ഷിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഒരു താലിബാന്‍ യോദ്ധാവിനെ തെരഞ്ഞ് പിടിക്കുന്നതിന് ഒരു കുടുംബത്തെ മുഴുവന്‍ കൊല്ലുന്നതെന്തിനെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതിനാല്‍ ഈ അറുകൊല അവസാനിപ്പിക്കണം. എത്ര ദുരന്തങ്ങള്‍ ഞങ്ങള്‍ അഫ്ഗാനികള്‍ സഹിക്കണം?
ഇരു രാഷ്ട്രങ്ങളും തമ്മില്‍ അഫ്ഗാനിലെ പത്ത് നഗരങ്ങളില്‍ അടുത്ത പത്തുവര്‍ഷത്തേക്കുകൂടി ഉഭയകക്ഷി സുരക്ഷാ കരാറുണ്ടാക്കണമെന്ന അമേരിക്കയുടെ പുതിയ ആവശ്യം ഉള്‍ക്കൊള്ളാനാകാതെ കര്‍സായി വിങ്ങിപ്പൊട്ടിയതിന്റെ ആഴം മനുഷ്യസ്നേഹികളുടെ ഹൃത്തടങ്ങളില്‍ സ്നേഹതിരകള്‍ രൂപപ്പെടുത്തേണ്ടതാണ്. അഫ്ഗാന്‍ വീടുകളെ ആദരിക്കണമെന്ന പാശ്ചാത്യന്‍ സൈനികര്‍ക്കുള്ള ഒബാമയുടെ കത്തിനെക്കുറിച്ച് ചോദ്യമുന്നയിച്ചപ്പോഴും ഈ പ്രസിഡന്‍റ് സഹതപിച്ചതിങ്ങനെ: ‘കത്ത് ലഭിച്ചതിന്റെ മൂന്നാം ദിവസം അമേരിക്കന്‍ സൈന്യം ഒരു വീട് ബോംബെറിഞ്ഞു തകര്‍ത്തു. ഒരു വയസ്സുകാരനെ കൊന്നു. കുട്ടിയുടെ മാതാവിനും അമ്മായിമാര്‍ക്കും ഗുരുതരമായ പരിക്കേല്‍പ്പിച്ചു. അമേരിക്കയില്‍ അവരിത് ചെയ്യില്ല. ഒബാമ ഉദ്ദേശ്യശുദ്ധി വരുത്തണം. അദ്ദേഹം ഇതുവരെ അതു ചെയ്തിട്ടില്ല.’
ഹിന്ദിയിലെ രണ്ടുവരി കവിത ചൊല്ലി കര്‍സായി അതിനു മറ്റൊരു ഭാഷ്യം തീര്‍ത്തു: ‘അവര്‍ ഞങ്ങളുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. പക്ഷേ, ഞങ്ങളെ കൊല്ലാനുള്ള മരുന്നാണ് ഞങ്ങള്‍ക്ക് തരുന്നത്.’ അമേരിക്കന്‍ മനോഗതി എന്തെന്നതിന് ഞാന്‍ ഒന്നുകൂടി വ്യക്തത നല്‍കും: ‘ഞങ്ങളുടെ സൗഖ്യത്തിനായി അവര്‍ പ്രാര്‍ത്ഥിക്കുന്നു. പക്ഷേ, ഞങ്ങള്‍ക്കൊരിക്കലും മനസ്സുഖം തരാത്ത മരുന്നാണവര്‍ ഞങ്ങള്‍ക്ക് നല്‍കുന്നത്.’ അമേരിക്കന്‍ ബന്ധത്തിലുള്ള അതൃപ്തി പ്രകടിപ്പിച്ച് കര്‍സായി ഇതുകൂടി പറഞ്ഞു: ‘എന്നെ അമേരിക്ക വിശ്വസിക്കുന്നില്ല. ഞാന്‍ അമേരിക്കയെയും വിശ്വാസം കൊള്ളുന്നില്ല.’
2001 സപ്തംബറിലെ മാധ്യമ ഭാഷയിലെ ഭീകരാക്രമണത്തിന് പ്രതികാരമോ പ്രതിരോധമോ ഭീകര നിരാകരണമോ ആയിരുന്നോ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ നാറ്റോഅമേരിക്കന്‍ സൈന്യങ്ങളുടെ മധ്യേഷ്യയിലെ പകപോക്കലുകള്‍? അഫ്ഗാനിലെ നരനായാട്ടുകള്‍? രാഷ്ട്രീയത്തിലെ ജനായത്ത രീതി പുനസ്ഥാപിക്കലോ മറ്റെന്തെങ്കിലും മാനുഷിക പരിഗണനകള്‍ക്ക് പുതുജീവന്‍ നല്‍കലോ ആയിരുന്നോ ഈ സൈനിക നടപടികള്‍? 2014ലും മനുഷ്യ സ്നേഹികള്‍ ഇതു ചോദിച്ചുകൊണ്ടിരിക്കും.
ഭീകരാക്രമണത്തില്‍ ഒരു അഫ്ഗാനിയും പങ്കെടുത്തില്ലെന്നു മാത്രമല്ല, സമര പോരാട്ട പ്രായത്തിലെത്തിയ തെക്കന്‍ അഫ്ഗാനികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 92 ശതമാനവും ഈ ആക്രമണത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്തവരായിരുന്നുവെന്നാണ് രണ്ടായിരത്തി ഒന്നില്‍ നടത്തിയ സര്‍വേ വ്യക്തമാക്കിയത്. പകരം അവര്‍ ചോദിച്ചത്, 43 വര്‍ഷം ആയുര്‍ദൈര്‍ഘ്യമുള്ള പാവങ്ങള്‍ കെട്ടിക്കിടന്ന് നരകിക്കുന്ന, 7000 മൈലുകള്‍ അമേരിക്കയില്‍ നിന്നകലെയുള്ള ഒരു അവികസിത രാജ്യം അമേരിക്കന്‍ ജനതക്ക് എന്തു സൈനിക ഭീഷണിയാണ് വരുത്താനുള്ളത് എന്നായിരുന്നു.
അല്‍ഖാഇദ സാന്നിധ്യം ഇന്നത്തെ അഫ്ഗാനില്‍ ആയിരം അംഗബലത്തിന് പോലും സാധ്യതയില്ലെന്നിരിക്കെ എന്തിനാണ് ലക്ഷം സൈനികരെ ഈ ദരിദ്രരാജ്യത്ത് കുടിയിരുത്തുന്നത്? നിലവിലെ ഈ സംവിധാനം അഫ്ഗാനിലെ സാധാരണക്കാര്‍ക്ക് ഒരു ഗുണവും പ്രത്യക്ഷത്തില്‍ ഉണ്ടാക്കിയിട്ടില്ലെന്നിരിക്കെ, അല്ലെങ്കില്‍ കര്‍സായിയുടെ ദയനീയ പ്രതിഷേധത്തില്‍ നിന്ന് നാം മനസ്സിലാക്കിയതു പോലെ ദുരിതപര്‍വം തീര്‍ക്കുന്ന ഈ സൈന്യവിന്യാസ ശാക്തീകരണം അടുത്ത പത്തു വര്‍ഷത്തേക്കു കൂടി ഉഭയകക്ഷി സുരക്ഷാ കരാറിന്റെ മറയില്‍ എന്തിനു ലോകം സഹിക്കണം? ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുമ്പോഴാണ് അമേരിക്കയിലെ ഹൈസ്കൂളില്‍ ഒരു വിദ്യാര്‍ത്ഥി പലര്‍ക്കുമെതിരെ വെടിയുതിര്‍ത്ത ശേഷം സ്വയം വെടിവെച്ച് മരിക്കുന്നതിന്റെ ചിത്രം സ്ക്രീനില്‍ തെളിഞ്ഞുവരുന്നത്.
ട്വിറ്ററിലും നെറ്റ് പുസ്തകങ്ങളിലും പുതിയ ചോദ്യങ്ങള്‍ പിറവിയെടുത്തു തുടങ്ങി; എന്തിനാണ് നിങ്ങള്‍ പാശ്ചാത്യര്‍ കൊളറാഡോ സ്കൂളില്‍ വെടിയുതിര്‍ത്തു മരിച്ച ഒരു വിദ്യാര്‍ത്ഥിയുടെ പേരില്‍/പരിക്കു പറ്റിയ രണ്ടാളുടെ പേരില്‍ കണ്ണീര്‍പൊഴിക്കുന്നത്? അതേ സമയം അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കത്തിയെരിയുന്ന അനേകം ഗ്രാമീണ ബാലന്മാരുടെയും അവരുടെ കുടുംബത്തിന്റെയും നിലവിളികളും പരിദേവനങ്ങളും കേട്ടിട്ട് ഒരു തുള്ളിപോലും കണ്ണീര്‍ പൊഴിക്കാത്തത്? അമേരിക്കയുടെ ഹൃദയത്തില്‍ നടക്കുന്ന വെടിവെപ്പു സംസ്കാരം ആഗോള സാന്ത്വനം പകരുന്നവരെന്ന ഖ്യാതിയില്‍ പശ്ചിമേഷ്യയില്‍ ഒന്നിച്ചു പ്രചരിപ്പിച്ചു. പാകിസ്താനിലും അഫ്ഗാനിലും ഇപ്പോഴുമത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. കര്‍സായി പറഞ്ഞു നിര്‍ത്തിയിടത്തുനിന്ന് ഒബാമ പങ്കുവെച്ച വൈകാരികതയിലേക്ക് കടന്നുചെല്ലുമ്പോള്‍ രണ്ടു നേതാക്കള്‍ ഇരകള്‍ക്കുവേണ്ടി തന്നെയാണ് സംസാരിക്കുന്നതെന്ന് ബോധ്യമാകും.
ഈ വെടിവെപ്പു സംസ്കാരം ഇല്ലാതാകാന്‍ നാം മാറണമെന്ന സന്ദേശവുമായി ഒബാമ വീണ്ടും രംഗത്തു വന്നിരിക്കുന്നു. ‘വി കാന്‍ ചെയ്ഞ്ച്’ എന്ന അമരവാക്യത്തില്‍ വന്ന ഒബാമയുടെ അമേരിക്ക ഒന്നാമൂഴത്തില്‍ ആഗോളതലത്തില്‍ കീറിമുറിച്ച ഉണങ്ങാത്ത മുറിവുകള്‍ നിലനില്‍ക്കെയാണ് രണ്ടാമൂഴത്തില്‍ മാറാത്ത മാറ്റത്തിനുവേണ്ടി അല്ലെങ്കില്‍ മാറ്റിയവതരിപ്പിച്ച മാറ്റത്തിനു വേണ്ടി ഇപ്പോഴും ഗീര്‍വാണം മുഴക്കുന്നത്.
2,200 കുട്ടികള്‍ പഠിക്കുന്ന അരപാഹോ സ്കൂളിലെ ഒരു കുട്ടിയെ കൊന്ന പുതിയ വെടിവെപ്പ് മനസ്സില്‍ ധ്യാനിച്ച് ഒബാമ, കഴിഞ്ഞ വര്‍ഷം കണക്ടിക്കെട്ടില്‍ 20 കുട്ടികളും 6 മുതിര്‍ന്നവരും വെടിവെപ്പിനിരയായതിന്റെ വാര്‍ഷിക അനുശോചനത്തില്‍ അമേരിക്കക്കാരോട് പറഞ്ഞത് വി മസ്റ്റ് ചെയ്ഞ്ച് എന്നാണ്. ‘ഒരു വര്‍ഷം മുമ്പുണ്ടായ വെടിവെപ്പിനു ശേഷം ഇന്നുവരെയും സമാധാനപരമായ ജീവിതം നാമനുഭവിച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ വീണ്ടും പറഞ്ഞറിയിക്കാന്‍ പറ്റാത്ത കലാപ മൗനത്തില്‍ നാം വീണ്ടും ജീവിക്കേണ്ടിവന്നു.’ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തോക്കു നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഒബാമ ആഹ്വാനം ചെയ്യുന്നു. അപകടകാരികളായ ജനങ്ങളില്‍ തോക്കുകളെത്തരുതെന്നും ഊന്നിപ്പറയുന്നു. മൂല്യാധിഷ്ഠിത സമൂഹ സൃഷ്ടിപ്പിനു വേണ്ടി ഒബാമ പറയുന്നതിങ്ങനെ: “we have to do more to heal troubled minds. we have to do everything we can to protuct our children from harm, and make them feal loved, and valued  and cared for….’ (The Hindu).

അരക്ഷിത മനസ്സുകളെ കൂടുതല്‍ ശ്രദ്ധയോടെ ചികിത്സിക്കാനും അപകടത്തില്‍ നിന്ന് സ്വന്തം മക്കളെ കൂടുതല്‍ സ്നേഹം കൊടുത്ത്, മൂല്യം പകര്‍ന്ന്, കരുതല്‍ നല്‍കി ഏതുവിധേനയും ശ്രമിക്കണമെന്നുമുള്ള ഒബാമയുടെ ആഹ്വാനം കുട്ടികളെയും കുടുംബത്തെയും മൃഗീയമായി കൊലചെയ്യുകയാണ് പാശ്ചാത്യന്‍ സൈന്യമെന്ന കര്‍സായിയുടെ ദീനരോദനത്തിനോട് കൂട്ടിക്കെട്ടുമ്പോള്‍ വലിയൊരു മുഖംമൂടിയില്‍ പൊതിഞ്ഞ സാംസ്കാരിക ശൂന്യത ലോകത്തോട് കൊഞ്ഞനം കാട്ടുന്നില്ലേ? വാഷിംഗ്ടണില്‍ നിന്നല്ല യഥാര്‍ത്ഥ മാറ്റം വരുന്നതെന്നും ആ മാറ്റം നിങ്ങളില്‍ നിന്നു മാത്രമാണെന്നും അമേരിക്കക്കാരോട് പറയുന്ന തുടര്‍ വരികള്‍ ചേര്‍ത്ത് ആദ്യ പ്രസ്താവത്തെ രക്തത്തിലൊഴുക്കി കര്‍സായിക്ക് കൈമാറിയാല്‍, അദ്ദേഹമത് അഫ്ഗാനിലെ അമേരിക്കന്‍ സൈനിക താവളത്തിന്റെ പൂമുഖത്തൊട്ടിച്ചാല്‍ ഇനിയുള്ള തോക്കു സംസ്കാരം ലോകത്തിന് എങ്ങനെ വായിക്കാനാകും?

 

ടിടി ഇര്‍ഫാനി വാക്കാലൂര്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ