ആത്മജ്ഞാനികള്‍ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് രിള്വാ. അതായത് ആത്മതൃപ്തി. ഹാരിസ്(റ) പറഞ്ഞു: “വിധികള്‍ക്കു വഴങ്ങുന്നതില്‍ മനസ്സ് പുലര്‍ത്തുന്ന ശാന്തതയാണ് രിള്വാ.’ ദുന്നൂന്‍(റ) പറയുന്നതിങ്ങനെ: “വിധികള്‍ മനസ്സമാധാനത്തോടെ ഏറ്റുവാങ്ങലാണത്.’
നബി(സ്വ) പറയുന്നു: അല്ലാഹുവിനെ സംരക്ഷകനായി കണ്ടവന്‍ സത്യവിശ്വാസത്തിന്റെ മധുരിമ നുകര്‍ന്നവനായിരിക്കും. മറ്റൊരിക്കല്‍ അവിടുന്നരുളി: അല്ലാഹു യുക്തിപൂര്‍വം കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നു. സമാധാനത്തെ ആത്മതൃപ്തിയിലും ദൃഢതയിലുമാണവന്‍ സ്ഥാപിച്ചിരിക്കുന്നത്. വിഷാദത്തെയും ദുഃഖത്തെയും വെറുപ്പിലും സംശയത്തിലും അവന്‍ കുടിയിരുത്തിയിരിക്കുന്നു.
ജുനൈദ്(റ) അഭിപ്രായപ്പെട്ടു: മനസ്സകങ്ങളിലേക്കെത്തിച്ചേരുന്ന നേരായ ജ്ഞാനമാകുന്നു രിള്വാ. യഥാര്‍ത്ഥ അറിവുമായും ഉറപ്പുമായും മനസ്സ് കെട്ടുപിണഞ്ഞാല്‍ അത് രിള്വായില്‍ ചെന്നെത്തും. ആത്മസ്നേഹവും (മഹബ്ബത്) തൃപ്തിയും ഭയപ്രതീക്ഷ (ഖൗഫ്, റജാഅ്) കളെ പോലെയല്ല. ഇഹത്തിലും പരത്തിലും അടിമയുമായി പിരിയാതെ തുടരുന്ന വികാരങ്ങളാണവ. സ്വര്‍ഗീയ വാസികള്‍ വരെ ഇവ കൂടാതെ സുഖസ്ഥരാകില്ല.
ഇബ്നു അത്വാഅ്(റ) പറഞ്ഞു: അടിമക്ക് മുമ്പേ അല്ലാഹു തെരഞ്ഞെടുത്ത വിധികള്‍ക്കു വിധേയമായി മനസ്സകം ശാന്തി കൊള്ളലാണ് രിള്വാ. അല്ലാഹു ഉത്തമമായതല്ലാതെ ഒരാള്‍ക്കും തെരഞ്ഞെടുക്കില്ല. അപ്പോള്‍ പിന്നെ അതില്‍ തൃപ്തിപ്പെടുകയും അതൃപ്തിപ്പെടാതിരിക്കുകയുമാണ് ആത്മീയത കൊതിക്കുന്ന ഏതൊരാളുടെയും ബാധ്യത.
അബൂതുറാബ്(റ) പറയുന്നു: ദുന്‍യാവില്‍ നിന്ന് കുറഞ്ഞ അളവിനെങ്കിലും പ്രാധാന്യം കൊടുക്കുന്നവന്‍ അല്ലാഹുവിന്റെ പ്രീതിയറ്റവനാകുന്നു.
സരിയ്യ്(റ) പറഞ്ഞു: അഞ്ചു സ്വഭാവങ്ങള്‍ ഇലാഹീ സാമീപ്യം തേടുന്നവരുടെ ബാധ്യതയാണ്. ഇഷ്ടാനിഷ്ടങ്ങളില്‍ അല്ലാഹുവിനെകൊണ്ട് സംതൃപ്തനാവുക, അവനിലേക്ക് അനുരാഗിയാകാന്‍ പറ്റുന്ന പ്രവൃത്തികള്‍ ചെയ്യുക, അവനെക്കൊണ്ട് ആനന്ദനിര്‍വൃതി കൊള്ളുക, അല്ലാഹു അല്ലാത്തവയില്‍ നിന്ന് ഒറ്റപ്പെട്ടവനാവുക എന്നിവയാണ് ആ അഞ്ചുശീലങ്ങള്‍.
ഫുള്വയ്ല്‍(റ): സ്വസ്ഥാനത്തിനു മീതെ യാതൊന്നും കൊതിക്കാതിരിക്കലും രിള്വയാണ്.
ഇബ്നു മസ്ഊദ്(റ): രിള്വാ മൂന്ന് വിധമുണ്ട്. അല്ലാഹുവിനെ കൊണ്ട്, അല്ലാഹുവിന് വേണ്ടി, അല്ലാഹുവിനെ തൊട്ട്. സ്വതന്ത്രാധികാരിയും നിയന്താവുമെന്നതാണ് അല്ലാഹുവിനെ കൊണ്ടുണ്ടാകേണ്ട തൃപ്തിയുടെ പൊരുള്‍. വീതിക്കുന്നവനും കൊടുക്കുന്നവനുമാണവനെന്ന ബോധമാണ് അല്ലാഹുവിനെ തൊട്ടുള്ള തൃപ്തി. ആരാധ്യനും രക്ഷിതാവുമാണെന്ന അവബോധം അവനുവേണ്ടിയുള്ള സംതൃപ്തിയാകുന്നു.
ഒരിക്കല്‍ അബൂസഈദ്(റ)നോട് ഒരാള്‍ ചോദിച്ചു: ഒരാള്‍ക്ക് ഒരേ സമയം സംതൃപ്തനും അതൃപ്തനുമാവാന്‍ കഴിയുമോ? മഹാന്‍ പറഞ്ഞു: അതേ. അല്ലാഹുവിനെ തൃപ്തിപ്പെടുകയും സ്വന്തത്തെ വെറുക്കുകയും ചെയ്യുക. അതുപോലെ അല്ലാഹുവില്‍ നിന്ന് തിരിച്ചുകളയുന്നവയെയും വെറുക്കുക.
സമ്പന്നതയെക്കാള്‍ ദാരിദ്ര്യമാണ് എനിക്ക് പ്രിയമെന്ന് അബൂദര്‍റ്(റ)നോട് ഒരാള്‍ പറഞ്ഞതായി അദ്ദേഹം ഹസന്‍(റ)നോട് പറയുകയുണ്ടായി. അപ്പോള്‍ ഹസന്‍(റ) പറഞ്ഞു: അബൂദര്‍റ്, അല്ലാഹു അദ്ദേഹത്തിന് കരുണയേകട്ടെ. നല്ലൊരവസ്ഥ ഒരാള്‍ക്ക് അല്ലാഹു തെരഞ്ഞെടുത്താല്‍ പിന്നീട് മറ്റൊരവസ്ഥ പ്രാപിക്കണമെന്ന് അവന്‍ ഇച്ഛിക്കുന്നത് മൗഢ്യമാകുന്നു.
അലി(റ) പറയുകയുണ്ടായി: അപേക്ഷയും അര്‍ത്ഥനകളും ശീലിച്ചാല്‍ ആത്മസംതൃപ്തി പ്രാപിച്ചവനാകാം.
ജുനൈദുല്‍ ബഗ്ദാദി(റ)ന്റെ സദസ്സില്‍ വെച്ച് ഒരിക്കല്‍ ശിബ്ലി(റ) ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് എന്നു ചൊല്ലി. അപ്പോള്‍ ജുനൈദ്(റ) പറഞ്ഞു: നിങ്ങളുടെ ഈ വാക്ക് മനസ്സ് കുടുസ്സാകുമ്പോള്‍ പറയേണ്ടതാണ്. അപ്പോള്‍ ശിബ്ലി(റ) പറഞ്ഞു: അങ്ങ് പറഞ്ഞത് സത്യം തന്നെ. ജുനൈദ്(റ) തുടര്‍ന്നു പറഞ്ഞു: വിധികൊണ്ട് സംതൃപ്തനാകാന്‍ കഴിയാതിരിക്കലാണ് മനസ്സങ്കോചം കൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത്.
രിള്വായുടെ നിഗൂഢത അനാവൃതമാക്കാനാണ് ജുനൈദ്(റ) ഇങ്ങനെ പറഞ്ഞത്. രിള്വാ കരസ്ഥമാവുക മനസ്സകം പ്രവിശാലവും വിസ്തൃതവുമാകുമ്പോഴാണ്. മനോവികാസം ലഭിക്കുക ആത്മദൃഢത (യഖീന്‍)യുടെ പ്രകാശഫലമായാണ്. ആത്മപ്രകാശം അകത്തുകടന്നാല്‍ മനസ്സകം വികസിക്കും. ഉള്‍ക്കണ്ണ് വിടര്‍ത്തിയാല്‍ അല്ലാഹുവിന്റെ ആസൂത്രണ രഹസ്യം പ്രകടമാവുകയും ചെയ്യും. അതോടെ വെറുപ്പും കുശുന്പും പമ്പകടക്കും. കാരണം മനോവികാസം സ്നേഹത്തിന്റെ മധുരിമ ഉള്‍ച്ചേര്‍ന്നതാണ്. യഥാര്‍ത്ഥ അനുരാഗിയുടെ ലക്ഷ്യം അഭീഷ്ടവൃത്തി വേണ്ടവിധം പാലിക്കലാകുന്നു.
ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയുടെ കണ്ണാടിയാകുന്നു.
ഏതെങ്കിലുമൊരാളില്‍ നിന്ന് ഏതെങ്കിലുമൊരു സമയത്ത് ഛിദ്രയുടെ പടലം പ്രകടമായാല്‍ അവര്‍ അവനെ വെറുക്കും. കാരണം ഛിദ്രത ദേഹേച്ഛയുടെ ഫലമായി ഉരുത്തിരിയുന്നതാണ്. ദേഹേച്ഛയാകട്ടെ സമയനഷ്ടത്തിന്റെ പ്രധാന ഹേതുവും. നികൃഷ്ട ഇച്ഛ ഒരാളില്‍ പ്രകടമായാല്‍ സംഘടിത വൃത്തത്തില്‍ നിന്നവന്‍ പുറത്തുകടക്കും. സമയത്തിന്റെ വിധിയും അവകാശവും അവന് പാഴാവുകയാവും ഫലം. സാമൂഹ്യ സമീപന രീതികള്‍ തെറ്റിക്കുന്നതിലേക്കാകും പിന്നീട് കാര്യങ്ങള്‍ നീങ്ങുക. ഈ സന്ദര്‍ഭത്തില്‍ സംഘബോധത്തിലേക്ക് തന്നെ അവനെ തിരിച്ച് കൊണ്ടുവരാന്‍ മറ്റു സത്യവിശ്വാസികള്‍ ശ്രമിക്കേണ്ടതാണ്. ഒരു മുഅ്മിന്‍ മറ്റൊരു മുഅ്മിനിന് കണ്ണാടിയാണെന്ന വചനത്തിന്റെ പൊരുള്‍ ഇതത്രെ.
ആത്മതൃപ്തി
ആത്മീയ കാംക്ഷിക്കുണ്ടായിരിക്കേണ്ട മഹദ്ഗുണങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്നാണ് ഖനാഅത്ത് (ഉള്ളതുകൊണ്ട് തൃപ്തമായി ജീവിക്കല്‍). അല്ലാഹു പറഞ്ഞു: “ആണാവട്ടെ പെണ്ണാവട്ടെ സത്യവിശ്വാസമുണ്ടായിരിക്കെ വല്ല നന്മയും ചെയ്താല്‍ സംതൃപ്ത ജീവിതം നാം അവനെ ജീവിപ്പിക്കും’ (ഖുര്‍ആന്‍ 16/97).
ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഭൂരിപക്ഷവും പറയുന്നത് ഇഹലോകത്തെ സംതൃപ്ത ജീവിതം (ഹയാതുന്‍ ത്വയ്യിബ) ഖനാഅത്താണെന്നാണ്. ഖനാഅത്ത് അല്ലാഹുവില്‍ നിന്നുള്ള ഒരു ദാനമാണ്. നബി(സ്വ) പറഞ്ഞു: ഖനാഅത്ത് ദൈവിക നിധികളില്‍ ഒന്നാണ്. ഒരിക്കലുമത് തീര്‍ന്നുപോകുന്നതല്ല. മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: കൂട്ടുകാരനെ തേടുന്നവന് ഉത്തമ കൂട്ടുകാരനായി അല്ലാഹു തന്നെ മതി. നേരം പോക്കാഗ്രഹിക്കുന്നവന് പരിശുദ്ധ ഖുര്‍ആന്‍ തന്നെ ധാരാളം. നിധികുംഭമാഗ്രഹിക്കുന്നവന് ഖനാഅത്തും ഉപദേഷ്ടാവിനെ (വാഇള്) അന്വേഷിക്കുന്നവന് മരണത്തെക്കുറിച്ചുള്ള ബോധവും ധാരാളം. ഈ നാലും മതിയാകാത്തവന് പിന്നെ നരകം മതി.
അബൂഹുറൈറ(റ)യില്‍ നിന്നു നിവേദനം: നബി(സ്വ) പറഞ്ഞു: നീ സൂക്ഷ്മാലുവായിത്തീരുന്നുവെങ്കില്‍ ജനങ്ങളില്‍ വലിയ ആരാധകനായി മാറാം. ഉള്ളതുകൊണ്ട് സംതൃപ്തനാകുന്നുവെങ്കില്‍ ജനങ്ങളില്‍ വെച്ചേറ്റവും നന്ദിയുള്ളവനായിത്തീരും. സ്വന്തത്തിനിഷ്ടപ്പെടുന്നത് അപരന് കൂടി ഇഷ്ടപ്പെടുന്നവനായാല്‍ യഥാര്‍ത്ഥ മുഅ്മിനാകാം. നിന്റെ അയല്‍വാസിക്കു ഗുണം ചെയ്യുന്നുവെങ്കില്‍ നിനക്കൊരു പൂര്‍ണ മുസ്‌ലിമാകാം. ചിരി നീ കുറക്കുക. കാരണം അമിത ചിരി മനസ്സിനെ കൊന്നുകളയും.
തീര്‍ച്ചയായും അല്ലാഹു അവര്‍ക്ക് നല്ല ഭക്ഷണം നല്‍കുമെന്ന ഖുര്‍ആന്‍ വാക്യത്തിലെ രിസ്ഖുന്‍ ഹസന്‍ (സദ്ഭക്ഷണം) ഖനാഅത്താണെന്ന് ചില വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്.
വഹബ്(റ) പറഞ്ഞു: പ്രതാപവും സമ്പന്നതയും ചുറ്റാനിറങ്ങി. വഴിയില്‍ വെച്ചവര്‍ ഖനാഅത്തിനെ കണ്ടുമുട്ടി. അതോടെ അവരതില്‍ ലയിച്ചുചേര്‍ന്നു.
സബൂറില്‍ ഇങ്ങനെയൊരു സുവിശേഷമുണ്ട്: ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവന്‍ വിശക്കുന്നവനാണെങ്കിലും സമ്പന്നനാകുന്നു.
തൗറാത്തിലെ ഒരു പരാമര്‍ശം കാണുക: മനുഷ്യപുത്രന്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നുവെങ്കില്‍ സമ്പന്നത കൊണ്ടവന് അനുഗ്രഹീതനാകാം. ജനങ്ങളെ വെടിയുന്നവന് മനുഷ്യത്വവും തുണയാവും. അല്‍പം ക്ഷീണം സഹിക്കാന്‍ ഒരാള്‍ തയ്യാറായാല്‍ അവനു വിശ്രമത്തിനുള്ള അവസരം കിട്ടും.
ഒരു അധ്യാത്മജ്ഞാനി പറഞ്ഞു കാണാം: അഞ്ചു കാര്യങ്ങളെ അഞ്ചു വിഷയങ്ങളില്‍ അല്ലാഹു കുടിയിരുത്തിയിരിക്കുന്നു; പ്രതാപത്തെ അല്ലാഹുവിനെയനുസരിക്കുന്നതില്‍, അപമാനത്തെ പാപം ചെയ്യുന്നതില്‍, ഗാംഭീര്യതയെ രാത്രി നിസ്കാരത്തില്‍, തത്ത്വജ്ഞാനത്തെ ഒഴിഞ്ഞ വയറ്റില്‍, സമ്പന്നതയെ ഖനാഅത്തില്‍.
ഒരു പണ്ഡിതവചനമിങ്ങനെ: നിന്റെ അത്യാഗ്രഹത്തിന് ഖനാഅത്ത് കൊണ്ട് കടിഞ്ഞാണിടുക. അങ്ങനെ ശത്രുവിനെ ശിക്ഷിക്കും പോലെ അതിനെ ശിക്ഷിക്കുക.
മറ്റൊന്നിങ്ങനെ: ജനങ്ങളുടെ പക്കലുള്ളതിലേക്ക് കണ്ണുനീട്ടുന്നവന്‍ നീണ്ട ദുഃഖത്തിനു പാത്രമാകേണ്ടിവരും.
അബൂയസീദ്(റ) ഒരന്യ ദേശത്തുവെച്ച് വസ്ത്രം അലക്കി. കൂടെയൊരു കൂട്ടുകാരനുമുണ്ടായിരുന്നു. വസ്ത്രം ആറിയിടാന്‍ സമയത്ത് സുഹൃത്ത് പറഞ്ഞു: “ആ കാണുന്ന മുന്തിരിത്തോപ്പിന്റെ മതിലില്‍ ഇടാം.’ അപ്പോള്‍ മഹാന്‍ പറഞ്ഞു: “അന്യരുടെ മതിലിലും മറ്റും തുണി തൂക്കാന്‍ കുറ്റി തറച്ചുകൂടാ. മരത്തിന്മേലും പറ്റില്ല. അതിന്റെ കൊമ്പുകളൊടിയാന്‍ കാരണമായേക്കും.’ അപ്പോള്‍ സുഹൃത്ത് പറഞ്ഞു: എങ്കില്‍ പുല്‍മേടില്‍ വിരിച്ചിടാം. “പാടില്ല, അവ കാലികള്‍ക്കുള്ള തീറ്റയാണ്.’ ഇതും പറഞ്ഞ് അബൂ യസീദ്(റ) നനഞ്ഞ വസ്ത്രം സ്വന്തം പുറത്ത് നിവര്‍ത്തിയിട്ട് സൂര്യനു നേരെ കുനിഞ്ഞുനിന്നു. ആ ഭാഗം ഉണങ്ങിയപ്പോള്‍ വസ്ത്രത്തിന്റെ മറ്റെ ഭാഗവും അതുപോലെ പുറത്ത് നിവര്‍ത്തി ഉണക്കി!
ഇമാം ഗസ്സാലിറ);പറുദീസ/13 എസ്എസ് ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ