Moulid aagosham - malayalam

‘കിസ്‌റ, കൈസർ, നജ്ജാശി തുടങ്ങി പല രാജാക്കൻമാരെയും ഞാൻ സന്ദർശിച്ചിട്ടുണ്ട്. അല്ലാഹുവാണ് സത്യം. മുഹമ്മദ്(സ്വ)യുടെ അനുചരൻമാർ അവിടത്തെ ആദരിക്കുന്നതുപോലെ ഒരു രാജാവിനെയും അനുയായികൾ   ആദരിക്കുന്നത് ഞാൻ കണ്ടില്ല. അല്ലാഹുവാണ് സത്യം. അവിടുന്ന് തുപ്പുകയാണെങ്കിൽ അനുചര വൃന്ദത്തിലെ ഒരു വ്യക്തിയുടെ കൈയിലത് വീഴും. അതയാൾ മുഖത്തും ശരീരത്തിലും ലേപനം നടത്തും. നബി വല്ലതും കൽപ്പിച്ചാൽ അത് നിർവഹിക്കുന്നതിൽ ആരും വൈമനസ്യം കാട്ടുകയില്ല. അവിടുന്ന് അംഗശുദ്ധി വരുത്തിയാൽ ശേഷിച്ച വെള്ളത്തിനായി യുദ്ധത്തിന്റെ വക്കോളമെത്തും. പ്രവാചകർ സംസാരിക്കുമ്പോൾ അവർ നിശ്ശബ്ദരാവുന്നു. അവിടത്തോടുള്ള ആദരവ് നിമിത്തം അവർ നബിയുടെ മുഖത്തേക്ക് നേർക്കുനേർ നോക്കുകപോലുമില്ല’ (ബുഖാരി. 2529).

തിരുനബി(സ്വ)യോടൊത്ത് ജീവിച്ച സ്വഹാബത്ത് അവിടത്തെ എത്രമാത്രം ബഹുമാനിച്ചുവെന്ന് ഇതിൽ നിന്നും നമുക്ക് ബോധ്യമാവും. മേൽ പരാമർശിച്ചവ ചില ഉദാഹരണങ്ങൾ മാത്രം. അവിടുത്തെ തിരുകേശം, നഖം, വിയർപ്പ് തുടങ്ങിയ ഏതിനും ഇസ്‌ലാം മഹത്ത്വവും പവിത്രതയും നൽകുന്നു. ബുഖാരി, മുസ്‌ലിം അടക്കമുള്ള ഹദീസ് ഗ്രന്ഥങ്ങളും അവയുടെ പണ്ഡിത വിശദീകരണങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നു.

ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീസ് (3747) വിശദീകരിച്ച് ഇമാം നവവി(റ) എഴുതി: നബി(സ്വ) സ്പർശിച്ചതോ മറ്റേതോ വിധേന അവിടുന്ന് നിമിത്തമായ ഏതിനും ശ്രേഷ്ഠതയുണ്ടെന്ന് പണ്ഡിതൻമാരും മുൻഗാമികളും പിൻഗാമികളും ഏകോപിച്ച കാര്യമാണ് (ശറഹു മുസ്‌ലിം. 7/40). ഇമാം ഖാളി ഇയാള് പറഞ്ഞത് ഇപ്രകാരം: നബി(സ്വ)യെ വന്ദിക്കുന്നതിന്റെയും ആദരിക്കുന്നതിന്റെയും ഭാഗമാണ് അവിടത്തോട് ബന്ധപ്പെട്ടതിനെയല്ലാം ആദരിക്കുകയെന്നത് (അശ്ശിഫാ. 56).

തിരുനബി(സ്വ)യെ ആദരിക്കണമെന്നത് ഇസ്‌ലാമിക പ്രമാണങ്ങൾകൊണ്ട് സ്ഥിരപ്പെട്ട അനിഷേധ്യമായ പരമാർത്ഥമാണ്. ആദരവിന് പ്രത്യേക രൂപമോ ശൈലിയോ വേണമെന്ന് ഏതെങ്കിലും ഇസ്‌ലാമിക പ്രമാണങ്ങൾ എവിടെയെങ്കിലും പറഞ്ഞോ? അത് മുൻഗാമികളാരെങ്കിലും രേഖപ്പെടുത്തിയോ? ഒരിക്കലുമില്ല. റസൂലുമായി ബന്ധപ്പെട്ട ഏതിനെയും ആദരിക്കണമെന്നും അത് അവിടുത്തെ ആദരിക്കലാണെന്നും സ്ഥിരപ്പെട്ടാൽ, ലോകത്തിനാകെയും അനുഗ്രഹമായ നബി(സ്വ) ജനിച്ച ദിവസത്തെയും അതുൾക്കൊള്ളുന്ന മാസത്തെയും പ്രത്യേകം പരിഗണിക്കുന്നതും അതിനെ ആഘോഷമാക്കുന്നതും അവിടത്തോടുള്ള ആദരവിന്റെ രീതിയാണെന്നത് നിസ്തർക്കം. ഈ വസ്തുത മൗലിദാഘോഷം ചർച്ച ചെയ്ത നിരവധി പണ്ഡിത മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം നവവി(റ)യുടെ ഗുരുവര്യനായ വിഖ്യാത പണ്ഡിതൻ ഇമാം അബൂശാമ (വഫാത്ത് ഹിജ്‌റ: 665) ബിദ്അത്തുകളെ വിമർശിക്കുന്നതിനായി രചിച്ച ഗ്രന്ഥത്തിൽപോലും മൗലിദാഘോഷം പുണ്യകരമാണെന്നതിന് പല കാരണങ്ങൾ പറഞ്ഞ കൂട്ടത്തിൽ ഇങ്ങനെ കാണാം: ‘മൗലിദാഘോഷിക്കുന്നവന്റെ മനസ്സിൽ നബിയോടുള്ള ആദരവും മഹത്ത്വവും കുടിയിരിക്കുന്നുണ്ടെന്ന് അതറിയിക്കുന്നു’ (അൽബാഇസ്, 1:23).

ഒരു ലക്ഷം ഹദീസ് ഹൃദിസ്ഥമാക്കിയ, നൂറിലധികം വ്യത്യസ്ത ശാഖകളിലായി സുപ്രധാന ഗ്രന്ഥങ്ങൾ ലോകത്തിന് സമ്മാനിച്ച മഹാപണ്ഡിതൻ ഇമാം സുയൂത്വി(റ) മൗലിദാഘോഷത്തിന്റെ പ്രാമാണികത ചർച്ചചെയ്യുന്ന ഹുസുനുൽ മഖ്‌സ്വിദ് എന്ന കിതാബും ഈ ആഘോഷം പ്രതിഫലാർഹമാണെന്നതിന് നിരത്തിയ കാരണങ്ങളിൽ ആദ്യം പറഞ്ഞത്, ‘അതിൽ നബി(സ്വ)യുടെ സ്ഥാനത്തെ ആദരിക്കലുണ്ട്’ എന്നാണ് (അൽഹാവി, 1:176). പ്രസിദ്ധ തഫ്‌സീർ ഗ്രന്ഥം റൂഹുൽ ബയാനി(9:56)ലും മൗലിദാഘോഷം നബിയെ ആദരിക്കുന്നതിന്റെ ഭാഗമാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്തിനധികം പറയണം; വിമർശകരുടെ പ്രസ്ഥാന ശിൽപിയും ഇതഃപര്യന്തം അവരുടെ ആശയാചാര്യനുമായ സാക്ഷാൽ ഇബ്‌നുതൈമിയ്യപോലും ഈ യാഥാർത്ഥ്യം തെളിയിച്ചു പറഞ്ഞതിങ്ങനെ: ‘മൗലിദിനെ ആദരിക്കലും അതിനെ ആഘോഷമാക്കലും പലയാളുകളും ചെയ്യാറുണ്ട്. അവർക്കതിൽ ശ്രേഷ്ഠമായ പ്രതിഫലമുണ്ട്. കാരണ നല്ല ഉദ്ദേശ്യത്തോടൊപ്പം അതിൽ നബി(സ്വ)യെ ആദരിക്കലുമുണ്ട്’ (ഇഖ്തിളാഅ്. 296).

ചുരുക്കത്തിൽ, തിരുനബി(സ്വ)യെ ആദരിക്കുന്നതിനുള്ള നിരവധി മാർഗങ്ങളിലാണ് മൗലിദാഘോഷത്തെ പൂർവസൂരികളായ ഇമാമുമാരും ഉൽപതിഷ്ണുക്കളുടെ  ആശയ സ്രോതസ്സായ ഇബ്‌നുതൈമിയ്യവരെയും ഉൾപ്പെടുത്തിയിട്ടുള്ളത്. പിൽക്കാല നിർമിതമായതോ ഇനി ഉത്ഭവിക്കുന്നതോ ആയ ഏതു വ്യത്യസ്ത രൂപവും നബി(സ്വ)യെ ആദരിക്കുന്നതിനും ബഹുമാനിക്കുന്നതിനും സ്വീകരിക്കാവുന്നതാണ്. മൗലിദ് പാരായണവും മദ്ഹ് പ്രഭാഷണവും സ്‌നേഹപ്രകടനങ്ങളുമെല്ലാം അതിൽ പെടുന്നു.

You May Also Like

കുടുംബ ജീവിതം: നബിമാതൃക

നൂറ്റാണ്ടുകൾ പിന്നിട്ടു. അഭിരുചികളും ട്രെന്റുകളും കടുത്ത പകർച്ചകൾക്കു വിധേയമായി. എന്നിട്ടും തിരുനബി(സ്വ) ഭാര്യമാരും മക്കളും ഒത്തു…

● നിസാമുദ്ദീൻ അസ്ഹരി പറപ്പൂർ

തിരുനബി(സ്വ)യുടെ സ്‌നേഹലോകം

കാരുണ്യത്തിന്റെ പ്രവാചകർ മുഹമ്മദ് നബി(സ്വ)യെ ലോകത്തിന് ലഭിച്ചതിലുള്ള സന്തോഷം പങ്ക് വെക്കുകയാണ് ആഗോള മുസ്‌ലിംകൾ. തിന്മകൾ…

● എസ് വൈ എസ് മീലാദ് കാമ്പയിൻ പ്രമേയം
Rasool S and Sidheeq R- Malayalam

റസൂൽ (സ്വ) – സിദ്ദീഖ്‌ (റ); ഇഴപിരിയാത്ത സൗഹൃദം

    അന്ധകാരത്തിന്റെ സർവ തിന്മകളും നിറഞ്ഞുനിൽക്കുന്ന അറേബ്യയിലാണ് അബൂബക്കർ സിദ്ദീഖ്(റ)ന്റെ ജനനം. രക്തച്ചൊരിച്ചിലും കൊള്ളയും…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ