പ്രവാചക കുടുംബമാണ് അഹ്‌ലുബൈത്ത്. പിൽക്കാല ജനങ്ങൾക്ക് ആത്മീയാശ്വാസമായി മാറി അവർ. തന്റെ കുടുംബത്തെ സ്‌നേഹിക്കണമെന്നാണ് ഉമ്മത്തിനോടുള്ള റസൂലിന്റെ നിർദേശം. സലമത്തുബിൻ അക്‌വഅ്(റ)യിൽ നിന്ന് നിവേദനം. ‘വാനലോകത്തുള്ള നക്ഷത്രങ്ങൾ വഴിതെറ്റുന്നതിൽ നിന്ന് നിർഭയത്വം നൽകുന്നത് പോലെ അഹ്‌ലുബൈത്ത് എന്റെ സമുദായത്തിന് കാവലാണ് (അൽമുഅ്ജമുൽ കബീർ 2/11).

നബികുടുംബവും സമൂഹവും

അഹ്‌ലുബൈത്തിന്റെ വിഷയത്തിൽ ജനങ്ങളെ നാലു വിഭാഗങ്ങളായി തിരിക്കാം. ആദരിക്കുന്നവർ, അനാദരിക്കുന്നവർ, നിഷേധിക്കുന്നവർ, ആരാധിക്കുന്നവർ. അഹ്‌ലുബൈത്ത് ആദരിക്കപ്പെടേണ്ടവരാണെന്നും അവർക്ക് മഹത്ത്വം കൽപിക്കൽ വിശ്വാസത്തിന്റെ ഭാഗമാണെന്നും അവരെ തിരസ്‌കരിക്കലും അനാദരിക്കലും മതഭ്രഷ്ടിനുള്ള കാരണമാകുമെന്നും അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ വിശദീകരിക്കുന്നു. ഇമാം ശാഫിഈ(റ)ൽ നിന്ന് ഇക്കാര്യം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (ഇആനതുത്വാലിബീൻ 1/171).

അഹ്‌ലുബൈതിനെ അനാദരിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. ചില കാര്യലാഭങ്ങൾക്കുവേണ്ടി നബികുടുംബത്തെ ദുരുപയോഗം ചെയ്യുന്ന ഇവർ ആത്മീയമായ പരിഗണനക്ക് പകരം ഭൗതിക താൽപര്യങ്ങൾ മുൻനിറുത്തിയാണ് പ്രവാചക കുടുംബത്തോട് മമത കാണിക്കുക. തങ്ങളുടെ വലയത്തിൽ അകപ്പെടാത്ത അഹ്‌ലുബൈത്തിനെതിരെ ഇത്തരക്കാർ കൊലവിളി നടത്തുകയും ചെയ്യും. കർബലയിലും മറ്റും അതാണു കണ്ടത്. ചില മേഖലകളിൽ ഇന്നും ഈ സ്ഥിതി നിലനിൽക്കുന്നു.

എന്നാൽ ബിദഇകൾ അഹ്‌ലുബൈത്തിന്റെ ആസ്തിക്യത്തെ തന്നെ നിഷേധിക്കുന്നവരാണ്. സന്താന പരമ്പരയുടെ പ്രഥമ കണ്ണി പുരുഷന്മാരായിരിക്കൽ അനിവാര്യമായതിനാൽ അതില്ലാത്തതുകൊണ്ട് അഹ്‌ലുബൈത്തിന് പ്രസക്തിയില്ലെന്നുവരെ ഒരു വിഭാഗം വാദിക്കുന്നു. തിരുനബിക്ക് ആൺമക്കളിലൂടെ സന്താന പരമ്പര നിലനിന്നിട്ടില്ലല്ലോ എന്നാണതിനു ന്യായീകരണം. കർബലയിൽ ആൺകുട്ടികളെല്ലാം കൊല്ലപ്പെട്ടെന്നു അതു കൊണ്ട് തിരുകുടുംബത്തിന്റെ കണ്ണി മുറിഞ്ഞുപോയെന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.

ജൂത-ക്രൈസ്തവർ പ്രവാചകന്മാരെ ആരാധിച്ച പോലെ അഹ്‌ലുബൈത്തിലെ ചില വ്യക്തിത്വങ്ങൾക്ക് ദിവ്യത്വം കൽപിക്കുകയും അവതാര പരിവേഷം നൽകുകയും ചെയ്ത അബദ്ധജഡില വിശ്വാസത്തിൽ അകപ്പെട്ടവരാണ് റാഫിളികളിലെ മൂസവിയ്യ വിഭാഗം. ഹുലൂലിയ്യ, ഇൽമാനിയ്യ വിഭാഗങ്ങളും ഇവരുടെ പാത പിൻപറ്റുന്നവരാണ്.

അഹ്‌ലുബൈത്തും ആസ്തിക്യവും

നബികുടുംബത്തിന്റെ ആസ്തിക്യവും ആധികാരികതയും അഹ്‌ലുസ്സുന്നയും അവാന്തര വിഭാഗങ്ങളും തമ്മിൽ ഏറെ ചർച്ചയുണ്ടായ വിഷയമാണ്. പ്രമാണങ്ങൾ പരിശോധിക്കുമ്പോൾ ഇതിൽ സംശയത്തിന് യാതൊരു പഴുതുമില്ലെന്ന് ബോധ്യപ്പെടും.

നബി(സ്വ)യുടെ ആൺസന്തതികളിലെ അവസാന കണ്ണി ഇബ്‌റാഹിം(റ)വും വഫാതായപ്പോൾ ആൺമക്കളില്ലാത്തതിന്റെ പേരിൽ പ്രസ്ഥാനം നിലച്ചുപോകുമെന്ന ദുരാരോപണം ചില കുബുദ്ധികൾ ഉന്നയിച്ചു. അപ്പോൾ അവതരിച്ച അധ്യായമാണ് സൂറതുൽ കൗസർ. ഈ അധ്യായത്തിലെ പ്രഥമ സൂക്തത്തിൽ പരാമർശിച്ച കൗസർ എന്നതിന്റെ ഒരു വ്യഖ്യാനം അഹ്‌ലുബൈത്ത് എന്നതാണ്. ഇമാം റാസി(റ) പറയുന്നു: ‘ഈ അധ്യായം നബി(സ്വ)ക്ക് ആൺ സന്താനങ്ങളിലൂടെ പിൻതലമുറക്കാരില്ല എന്ന് ആക്ഷേപിച്ചവർക്കു മറുപടിയാണ്. അഥവാ ലോകാവസാനം വരെ തിരുനബിയുടെ കുടുംബം നിലനിൽക്കും. നോക്കൂ, അഹ്‌ലുബൈത്തിന്റെ വേരറുക്കാൻ നിരവധി കൊലകൾ നടന്നിട്ടും ലോകം നബികുടുംബത്തെ കൊണ്ട് സജീവമാണ്. അവരെ കൊലപ്പെടുത്താൻ വന്നവർക്കാണ് ചരിത്രത്തിൽ മേൽവിലാസമില്ലാതായത് (തഫ്‌സീറുൽ കബീർ 32/61).

തിരുനബി(സ്വ) വിശുദ്ധ ഖുർആൻ ലോകത്തിന് സമർപ്പിച്ചപോലെ സമൂഹത്തിന് മഹാദാനമായി നൽകിയ മറ്റൊന്നാണ് അഹ്‌ലുബൈത്ത്. അവിടുന്ന് പറഞ്ഞു: ‘ഞാൻ നിങ്ങളിൽ രണ്ടു കാര്യങ്ങൾ ഉപേക്ഷിക്കുന്നു. എന്റെ ഗ്രന്ഥവും എന്റെ കുടുംബവും’ (മുസ്‌ലിം).

സൈദുബിൻ അർഖം(റ) പറഞ്ഞു: ഒരു ദിവസം തിരുനബി ഖുതുബയിൽ പറഞ്ഞു: ജനങ്ങളേ, നിശ്ചയം ഞാൻ മനുഷ്യനാണ്. അല്ലാഹുവിന്റെ ദൂതൻ വരുമ്പോൾ ഞാൻ പോകും. ഞാൻ നിങ്ങളിൽ പ്രധാനമായ രണ്ടു വിഷയങ്ങൾ അവശേഷിപ്പിക്കുന്നു. അതിൽ പ്രഥമം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. അതിൽ നേർവഴിയും പ്രകാശവുമുണ്ട്. അതിനെ നിങ്ങൾ മുറുകെ പിടിക്കുകയും അതുകൊണ്ട് കർമരംഗം സജീവമാക്കുകയും ചെയ്യുക. മറ്റൊന്ന് അഹ്‌ലുബൈത്താണ്. എന്റെ അഹ്‌ലുബൈത്തിന്റെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക (ഇത് അവിടുന്ന് മൂന്നു പ്രാവശ്യം ആവർത്തിച്ചു).

ഈ ഹദീസ് കേട്ടപ്പോൾ ഹുസൈൻ(റ) ചോദിച്ചു: സൈദ്, ആരാണ് അഹ്‌ലുബൈത്ത്. പ്രവാചക പത്‌നിമാർ അവരിൽ പെടുമോ? അദ്ദേഹം പറഞ്ഞു: ഭാര്യമാർ അവിടുത്തെ അഹ്‌ലുബൈത്തിൽ പെടുമെങ്കിലും ഇവിടെ ഉദ്ദേശിക്കുന്നത് സ്വദഖ നിഷിദ്ധമാക്കപ്പെട്ടവരാണ്. അവർ അലി(റ), ജഅ്ഫർ(റ), അബ്ബാസ്(റ) എന്നിവരുടെ കുടുംബമാണ് (മുസ്‌ലിം).

തിരുനബി(സ്വ) പറയുന്നു: നിങ്ങൾ മുഹമ്മദ് നബിയെ അവിടുത്തെ കുടുംബത്തിൽ പ്രതീക്ഷിക്കുക (ബുഖാരി).

ലോകാവസാനം എല്ലാ തറവാടും മുറിയുമെങ്കിൽ എന്റെ കുടുംബം മുറിയുകയോ ഞാനുമായി (ആദർശപരമായി) സ്വീകരിച്ച നിലപാടുകൾക്ക് ക്ഷതമേൽക്കുകയോ ഇല്ല (മജമഉസ്സവാഇദ് 9/173).

മുകളിൽ കൊടുത്ത ഹദീസുകളിൽ നിന്നും തിരുകുടുംബത്തിന്റെ ആസ്തിക്യവും പ്രസക്തിയും നിലനിൽക്കുമെന്നു വ്യക്തമാണ്. വിശുദ്ധ ഖുർആനിൽ പല സ്ഥലങ്ങളിൽ തിരുകുടുംബത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

അഹ്‌ലുബൈത്തും ശ്രേഷ്ഠതകളും

ലോകത്ത് നിരവധി കുടുംബങ്ങളും വിഭാഗങ്ങളുമുണ്ട്. അതിൽ ഏറ്റവും പരിഗണനയും ശ്രേഷ്ഠതകളും നിലനിൽക്കുന്നത് അഹ്‌ലുബൈത്തിനാണ്. ചില തിരുവചനങ്ങൾ ശ്രദ്ധിക്കുക.

ഇബ്‌നു അബ്ബാസ്(റ) തിരുനബിയിൽ നിന്നും ഉദ്ധരിക്കുന്നു: നിങ്ങൾ അല്ലാഹുവിനെ സ്‌നേഹിക്കുക. നിങ്ങൾക്കു വേണ്ട എല്ലാ അനുഗ്രഹങ്ങളും നൽകുന്നത് അവനാണ്. അല്ലാഹുവോടുള്ള സ്‌നേഹത്തോടൊപ്പം എന്നെയും സ്‌നേഹിക്കുക. എന്നെ സ്‌നേഹിക്കുന്നുവെങ്കിൽ എന്റെ കുടുംബത്തെയും ഇഷ്ടപ്പെടുക (സുനനുത്തിർമുദി, അൽ മുസ്തദ്‌റക് 3/150).

അബൂദാവൂദിൽ ഖുദ്‌രി(റ) നബി(സ്വ)യിൽ നിന്ന്: അഹ്‌ലുബൈത്തിനോടുള്ള ഈർഷ്യത നരകത്തിലേക്കെത്തിക്കും (അൽമുസ്തദ്‌റക് 3/150).

അബൂഹുറൈറ(റ)യിൽ നിന്നും അബൂയഅ്‌ല(റ) ഉദ്ധരിക്കുന്നു: നിങ്ങളിൽ ഏറ്റവും ഉത്തമർ എന്റെ കുടുംബത്തിന് നന്മ ചെയ്യുന്നവരാണ് (മജ്മഉസ്സവാഇദ് 9/174).

അല്ലാമാ ഹാകിം ഉദ്ധരിക്കുന്നു: ഒരിക്കൽ അബൂദർറിൽ ഗിഫാരി(റ) കഅ്ബയുടെ കവാടം പിടിച്ചു പറഞ്ഞു: എന്നെ അറിയുന്നവരുണ്ടാകാം, ഇല്ലാത്തവരുമുണ്ടാകാം. പരിചയമില്ലാത്തവരോട് പറയട്ടെ; ഞാൻ അബൂദർറാണ്. നബി(സ്വ) പറയുന്നത് ഞാൻ കേട്ടു: അറിയുക, നിശ്ചയം എന്റെ അഹ്‌ലുബൈത്തിന്റെ ഉദാഹരണം നൂഹ് നബി(അ)യുടെ കപ്പൽ പോലെയാണ്. അതിൽ കയറിയവർ രക്ഷപ്പെട്ടു. അതിനോട് പുറം തിരിഞ്ഞവർ പരാജയപ്പെട്ടു (അൽമുസ്തദ്‌റക്, കിതാബുൽ ഹിൽയ 4/306).

സലമതുബിൻ അക്‌വഅ്(റ)ൽ നിന്ന് ഉദ്ധരണം: നക്ഷത്രങ്ങൾ ആകാശാവലംബകർക്ക് നേർവഴിയാകുന്നതു പോലെ എന്റെ കുടുംബം ഭൂമിയിലുള്ളവർക്ക് കാവലാണ് (മുസ്‌നദ് അബീയഅ്‌ല).

മേൽഹദീസുകൾ അഹ്‌ലുബൈത്തിന്റെ ശ്രേഷ്ഠതകൾ വിവരിക്കുന്ന ചിലതു മാത്രമാണ്. കൂടുതൽ ഹദീസുകൾക്ക് കൻസുൽ ഉമ്മാൽ 34143 മുതൽ നോക്കുക.

അഹ്‌ലുബൈത്തും ആദരവും

തിരുകുടുംബത്തെ ആദരിക്കലും അവർക്ക് മഹത്ത്വം കൽപിക്കലും ഈമാനിന്റെ ഭാഗമാണല്ലോ. പക്ഷേ, ഇതംഗീകരിക്കുന്നു എന്ന് അവകാശപ്പെടുന്നവർ തന്നെ അറിഞ്ഞും അറിയാതെയും അഹ്‌ലുബൈത്തിനെ അനാദരിക്കുന്നതായി കാണാം.

ചിലർ ആദരവിന് രാഷ്ട്രീയ നിറം നൽകുമ്പോൾ, മറ്റു ചിലർ സമ്പത്തിന്റെ സ്വാധീനം തിരുകുടുംബത്തിന്റെ മൂല്യമായി തെറ്റിദ്ധരിക്കുന്നു. വേറെ ചിലരാകട്ടെ തികഞ്ഞ പക്ഷപാതിത്വത്തിന്റെ പേരിൽ അഹ്‌ലുബൈത്തിൽ ചിലരെ അവമതിക്കുന്നു. ഈ പ്രവണത അതിരുകടന്ന് അക്രമങ്ങൾ അഴിച്ചുവിടുന്നവരും വിരളമല്ല. അത്തരക്കാർക്ക് തിരുനബി(സ്വ) മുന്നറിയിപ്പ് നൽകുന്നു: എന്റെ കുടുംബത്തിലുള്ള ആരെയെങ്കിലും വേദനിപ്പിച്ചാൽ അവരുടെ മേൽ അല്ലാഹുവിന്റെ ശക്തിയായ കോപമുണ്ടാകും (ദൈലമി).

കാണുമ്പോൾ കൈചുംബിച്ചും എഴുന്നേറ്റു നിന്നും മന്ത്രിപ്പിച്ചും മാത്രം ആദരവു പരിമിതപ്പെടുത്താതെ ഹൃദയാന്തരങ്ങളിൽ അവരോടുള്ള മതിപ്പും ബഹുമാനവും വേരുറപ്പിക്കേണ്ടതുണ്ട്.

അഹ്‌ലുബൈത്തിൽ മതത്തിനു വിരുദ്ധമായ വല്ല നിലപാടുകളും ശ്രദ്ധയിൽ പെട്ടാൽ അത് തിരുത്താതിരിക്കൽ ആദരവല്ല, മറിച്ച് അനാദരവാണ്. തിരുനബിയുമായി അവരുടേത് രക്തബന്ധത്തിനു പുറമെ ഈമാനികമായ ബന്ധം കൂടിയാണ്. അതിന് എതിരായ പ്രവണതകൾ അവരിൽ കണ്ടെത്തിയാൽ സ്‌നേഹത്തോടെ, മാന്യത കൈവിടാതെ ഉണർത്തൽ അവരോടുള്ള ബഹുമാനമാണെന്ന് കൂടി മനസ്സിലാക്കുക. അഹ്‌ലുബൈത്തിലെ പ്രഥമ കണ്ണിയും തന്റെ കരളിന്റെ കഷ്ണമെന്ന് അവിടുന്ന് വിശേഷിപ്പിച്ചവരുമായ ഫാത്വിമ(റ)യെ കുറിച്ച് തിരുനബി(സ്വ) പറഞ്ഞത്, എന്റെ മകൾ ഫാത്വിമ മോഷണം നടത്തിയാലും അവളുടെ കൈ ഞാൻ മുറിക്കുമെന്നാണല്ലോ. തിരുകുടുംബത്തിൽ തെറ്റ് കണ്ടാൽ തിരുത്താതിരിക്കൽ റസൂലിനെ ധിക്കരിക്കലാണെന്ന് ഈ ഹദീസിൽ നിന്നു ഗ്രഹിക്കാം.

ആദരവ് ചില സയ്യിദുമാരിൽ മാത്രം പരിമിതപ്പെടുത്തുന്നതും ന്യായീകരിക്കാവതല്ല. അഹ്‌ലുബൈത്ത് ഏതു കക്ഷിയാണെങ്കിലും തിരുരക്തം സഞ്ചരിക്കുന്നവരെന്ന നിലക്ക് അവരെ ബഹുമാനിക്കണം. അത് വിശ്വാസത്തിന്റെ അനിവാര്യതയാണെന്ന പോലെ പ്രവാചകരോടുള്ള കടപ്പാടിന്റെയും ഭാഗമാണ്.

അബ്ദുറശീദ് സഖാഫി ഏലംകുളം

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ