da'wa college -malayalam

മതപഠത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞവർ തന്നെയും അതു മാത്രമായാൽ ജീവിത രംഗത്ത് പരാധീനതകൾ അനുഭവിക്കേണ്ടി വരുമെന്നു വിചാരിച്ച് മക്കളെ മതപഠന സംവിധാനങ്ങളിലേക്ക് പറഞ്ഞയക്കാൻ മടിച്ചു തുടങ്ങിയ ഒരു പ്രത്യേക സന്ദർഭത്തിലാണ് ദഅ്‌വാ കോളേജുകളെ കുറിച്ച് സമുദായം ഉയർന്നു ചിന്തിച്ചത്. അങ്ങനെയാണ് മതഗ്രന്ഥങ്ങൾ പതിവു പോലെ അഭ്യസിച്ചുകൊണ്ടു തന്നെ ഡിഗ്രിയും പിജിയും അതിനപ്പുറവും പഠിക്കാനുള്ള സംവിധാനമായി ദഅ്‌വാ കോളേജുകൾ പിറവിയെടുക്കുന്നത്. മുന്നിട്ടിറങ്ങിയവർക്കും പിന്തുണച്ചവർക്കും ആനന്ദം സമ്മാനിക്കുന്നതായിരുന്നു ഈ സംരംഭത്തിന്റെ പിൽക്കാല വളർച്ച. കിതാബോതിത്തെളിഞ്ഞ അഭ്യസ്ഥ വിദ്യരും ഭൗതികമായി പലവിധ കോഴ്‌സുകൾ മിടുക്കോടെ പാസായ തനിമുസ്‌ലിയാർമാരും സാക്ഷികൾ- ദഅ്‌വാ കോളേജുകൾ മതത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. ഇന്നിപ്പോൾ മുദരിസുമാർ, ഖത്വീബുമാർ, മദ്‌റസാധ്യാപകർ, സംഘടനാ പ്രവർത്തകർ, നേതാക്കൾ, സ്ഥാപന മേധാവികൾ, പ്രഭാഷകർ, എഴുത്തുകാർ തുടങ്ങി പ്രബോധന രംഗത്തെ വ്യത്യസ്ത മേഖലകളിലൊക്കെയും കേവലം സാന്നിധ്യമല്ല, ദഅ്‌വാ കോളേജിൽ നിന്ന് പുറത്തിറങ്ങിയവർ. പ്രത്യുത അനിവാര്യമായ ജൈവഘടകങ്ങൾ തന്നെയാണ്! മതത്തെയും വിജ്ഞാനത്തെയും സംരക്ഷിക്കാൻ മഹാന്മാരായ നേതാക്കളുടെ ദീർഘവീക്ഷണം പൂർണ വിജയം നേടുകയായിരുന്നു ഇവിടെ.

മതരംഗത്തെ ഉപരി പഠനത്തിന് ലോകാടിസ്ഥാനത്തിലും കേരളത്തിൽ പ്രത്യേകിച്ചും നിലനിന്നുവന്നിരുന്നത് പള്ളിദർസ് രീതിയായിരുന്നു. ഗുരുകുല വിദ്യാഭ്യാസ രീതിയിൽ ഓരോ ഗ്രന്ഥവും ഇഴകീറി ആഴത്തിലുള്ള പഠനം സാധ്യമാകുമെന്നതാണ് ഈ സമ്പ്രദായത്തിന്റെ വലിയ ഗുണം. പിന്നെ വലിയൊരു സാമ്പത്തിക ബാധ്യതയില്ലാതെ വിദ്യാർത്ഥികളുടെ ഭക്ഷണവും വസ്ത്രവും മറ്റാവശ്യങ്ങളും നടന്നുപോകുന്നതും. എന്നാൽ ഭൗതിക വിജ്ഞാന രംഗത്തുണ്ടായ കുതിച്ചുചാട്ടവും ജോലിക്കും സാമ്പത്തിക ഭദ്രതക്കും പൊതു കോഴ്‌സുകളിൽ വൈദഗ്ധ്യം നേടിയേ പറ്റൂ എന്ന അവസ്ഥയും ദർസുകളെ ബാധിച്ചു. ചടഞ്ഞുകൂടി കാലങ്ങളെടുത്ത് ഓതിപ്പഠിക്കാനും പൊതുവെ താൽപര്യം കുറഞ്ഞുവരികയുണ്ടായി. അതുകൊണ്ട് തന്നെ ദർസുകൾ കേരളത്തിൽ ശുഷ്‌കിച്ചുവന്നു. ഈ ഒഴുക്കിനിടയിലും നൂറും അതിലധികവും വിദ്യാർത്ഥികൾ പഠിക്കുന്ന നിരവധി പള്ളിദർസുകൾ പ്രതാപകാലത്തെ ഓർമിപ്പിച്ച് ഇപ്പോഴും നിലനിൽക്കുന്നത് മതസ്‌നേഹികൾക്ക് സന്തോഷം പ്രദാനം ചെയ്യുന്നതാണ്.

ദർസുകൾക്ക് ദഅ്‌വാ കോളേജുകൾ  ഭീഷണിയാവുമെന്നൊരാശങ്ക ആദ്യകാലത്തുണ്ടായിരുന്നു, ചില ശുദ്ധമനസ്‌കർക്കെങ്കിലും. അതവരുടെ മതസ്‌നേഹത്തിന്റെ ഭാഗവുമായിരുന്നു. മുൻ മാതൃകയില്ലാത്ത ഒന്നാകയാൽ ഇത്തരം സന്ദേഹങ്ങൾ സ്വാഭാവികവുമായിരുന്നു. അന്ന് രണ്ടു വിദ്യാഭ്യാസവും ഒന്നിച്ചു നൽകുക എന്നാൽ ഒരു ആർട്‌സ് കോളേജ് മാത്രമേ മനസ്സിലെത്തുകയുള്ളൂവല്ലോ. എന്നാൽ, ഇവയ്‌ക്കൊക്കെ ജീവിതം കൊണ്ട് ദഅ്‌വാ കോളേജുകൾ പരിഹാരം നൽകി. നന്നായി കിതാബറിയുന്ന മുതഅല്ലിമുകൾ ഇതുവഴി സൃഷ്ടിക്കപ്പെട്ടു. നമ്മുടെ സംഘടനാ സമ്മേളനങ്ങളിലും പഠന ക്യാമ്പുകളിലും സജീവ സാന്നിധ്യമായി ഇവരുണ്ടാവുകയും ചെയ്തു.

ആദ്യഘട്ടത്തിൽ എസ്എസ്എൽസിയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളിൽ നിന്ന് വിവിധങ്ങളായ കടുകട്ടി പ്രവേശന പരീക്ഷകൾ വഴി ശരിക്കും യോഗ്യരായവരെ മാത്രമായിരുന്നു തിരഞ്ഞെടുത്തിരുന്നത്. മത-ഭൗതിക വിദ്യാർത്ഥികൾ പഠിക്കുന്ന വിഷയങ്ങൾ ഒന്നിച്ച് അഭ്യസിക്കാനുള്ളതുകൊണ്ട് അനിവാര്യമായിരുന്നു ഇത്. പിന്നീട് ഇതിൽ ചില മാറ്റങ്ങൾ ദൃശ്യമായിത്തുടങ്ങി. ശക്തമായ പരീക്ഷ കുറഞ്ഞുവന്നു. അഡ്മിഷനിൽ ശിപാർശകൾ സ്വാധീനിച്ചു തുടങ്ങി. ദഅ്‌വാ സ്ഥാപനങ്ങൾ വർധിച്ചുവന്നതിന്റെ അനിവാര്യ പരിണതിയായിരുന്നു ഇത്. അങ്ങനെ ചിലയിടങ്ങളിലെങ്കിലും ഞെക്കിപ്പഴുപ്പിക്കേണ്ട അവസ്ഥയുണ്ടായി എന്നതൊഴിച്ചാൽ ഇപ്പോഴും നല്ല നിലവാരമുള്ള കുട്ടികളാണ് ദഅ്‌വാ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നത്. രാവും പകലും സക്രിയമാക്കി അവർ ദീനീ സേവനത്തിനൊരുങ്ങുകയാണ്.

ഇനിയും ഉയരുകയാവാം

മുകളിൽ സൂചിപ്പിച്ച പോലെ മത-ഭൗതിക സമന്വയ രീതിയാകയാൽ ഇതു രണ്ടും ഒന്നിച്ചാവാഹിക്കാൻ ശേഷിയുള്ള വിദ്യാർത്ഥികൾക്ക് മാത്രം അഡ്മിഷൻ നൽകുകയാണ് ദഅ്‌വാ കോളേജുകൾ സമ്പൂർണ വിജയത്തിലെത്തിക്കാൻ ആദ്യം ചെയ്യേണ്ടത്. പ്രവേശന പരീക്ഷയിൽ ഏക മാനദണ്ഡം സ്റ്റേറ്റ് അടിസ്ഥാനത്തിൽ തന്നെ ജാമിഅതുൽ ഹിന്ദിനു കീഴിൽ കൊണ്ടുവരുന്നത് കൂടുതൽ ഫലപ്രദമായിരിക്കും. പരീക്ഷയുടെ റിസൽട്ടു വരുമ്പോൾ കുറച്ചു പേർ അയോഗ്യരാവുന്നതു പതിവു രീതി. അത്തരം വിദ്യാർത്ഥികളും രക്ഷിതാക്കളും വസ്തുത ഉൾക്കൊണ്ട് മറ്റു സംരംഭങ്ങളായ ദർസ്, ആർട്‌സ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ പോലുള്ള സാധ്യതതകൾ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ഭൗതിക സ്ഥാപനങ്ങളിൽ റഗുലറായി പഠിക്കുന്നവർക്ക് നാട്ടിലെ ദർസും വ്യവസ്ഥാപിത ദർസില്ലാത്തിടത്തു പള്ളിയിലെ ഉസ്താദുമാരെ ഉപയോഗപ്പെടുത്തിയും അത്യാവശ്യ മതജ്ഞാനം നേടാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കും. ഇതിനു പകരം വിവിധ നേതാക്കളുടെ ശിപാർശയും മറ്റുമായി തിരസ്‌കരിക്കപ്പെട്ടവരെ തിരിച്ചെടുപ്പിക്കാൻ രക്ഷിതാക്കൾ സമ്മർദം നടത്തുന്നത് പ്രധാനമായും ബാധിക്കുക വിദ്യാർത്ഥിയെ തന്നെയാണെന്നു തിരിച്ചറിയേണ്ടതുണ്ട്. ഒന്നു രണ്ടു വർഷമാകുമ്പോഴേക്ക് പഠനഭാരം താങ്ങാനാകാതെ കുട്ടി കഷ്ടപ്പെടും. പരീക്ഷകളിൽ തോൽവിയുടെ പരമ്പരകളുണ്ടാവും. സേ പരീക്ഷയിൽ പോലു കര പിടിച്ചെന്നു വരില്ല. ഇത്തരക്കാരെ സഹിക്കാൻ സ്ഥാപനത്തിനു കഴിയാതെയും വരും. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ്, കോറം തികക്കാൻ വേണ്ടി അപേക്ഷ തന്നവരെ ‘കഠിന ടെസ്റ്റ്’ നടത്തി ഒടുവിൽ ഒരാളെയും വിടാതെ തിരഞ്ഞെടുക്കുന്ന അവസ്ഥ മാറണമെന്നു പറയുന്നത്.

പള്ളിദർസ് പോലെ വിശാലമായ പഠന സമയം ദഅ്‌വാ വിദ്യാർത്ഥികൾക്ക് ലഭിക്കില്ലല്ലോ. ലഭ്യമായ സമയം മുഴുവൻ വിനിയോഗിക്കാൻ ഒന്നാം വർഷം മുതൽ കുട്ടികളെ വിട്ടുവീഴ്ച നൽകാതെ പരിശീലിപ്പിക്കുകയാണ് ഇതിനുള്ള പരിഹാരം. ഏതു പിരീയഡിലെയും ക്ലാസ് അവസാനിച്ചാൽ ഉടൻ തന്നെ പാഠഭാഗം മുഴുവനായി ഒരു പൊതുവായന നടത്തുന്ന ശീലം ഏറെ ഉപകാരപ്പെടും. ഓരോ ക്ലാസ് കഴിയുമ്പോഴും അതാതു ഗ്രന്ഥങ്ങൾ കൂട്ടിവെച്ച് പിന്നീട് പഠിക്കാനിരിക്കുമ്പോൾ പാഠഭാഗത്തെക്കുറിച്ച് ഒരു ധാരണയുമുണ്ടാകാതെ പരിഭ്രമിക്കാതിരിക്കാൻ ഇത് ഏറെ സഹായകമാണ്. ക്ലാസ് എടുത്ത ഭാഗങ്ങൾ പഠിച്ചിട്ടല്ലാതെ അടുത്ത ദിവസം പാഠം തുടങ്ങരുതെന്ന് എല്ലാ അധ്യാപകരും തീരുമാനിക്കുകയും വേണം. എങ്കിൽ അസ്വറിനു ശേഷവും ഒന്ന്, രണ്ട് ദർസുകളിലുമൊക്കെ നന്നായി പഠനം നടക്കും. പരമാവധി സമയം ലാഭിക്കുന്ന വിധം ഭക്ഷണം, സ്ഥാപനത്തിലെ സമ്മേളനാദി പരിപാടികൾ, ആത്മീയ സദസ്സുകൾ പോലുള്ളവ ക്രമീകരിക്കുകയും ചെയ്യുക.

കിതാബ് നന്നായി പഠിക്കുമെങ്കിലും ഭൗതിക വിഷയങ്ങൾ തീരെ ശ്രദ്ധിക്കാത്ത ചിലരുണ്ടാകും; മറിച്ചും. ഇതു രണ്ടും അനുവദിക്കാൻ പാടില്ല. പരീക്ഷാ സന്ദർഭത്തിൽ മാത്രം ഭൗതിക വിഷയങ്ങൾ ശ്രദ്ധിക്കുന്നതു കൊണ്ടാണ് സേ പരീക്ഷയുടെ പ്രധാന ഉപഭോക്താക്കളായി ചില സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അധഃപതിക്കുന്നത്. രണ്ടാം ദർസിലെ ഒരു മണിക്കൂറെങ്കിലും ഭൗതിക പഠനത്തിനും പരിശീലനത്തിനും മാറ്റിവെച്ചാൽ ഈ പ്രശ്‌നം പരിഹരിക്കാം. അതിനു വേണ്ടി ബെല്ലടിക്കുന്ന രീതി പ്രയോഗിക്കുന്ന പക്ഷം കൂടുതൽ ശ്രദ്ധയും ഗുണവുമുണ്ടാകുമെന്നു തോന്നുന്നു.

പരന്ന വായനയില്ലാതെ നല്ലൊരു പ്രബോധകനാകാനാവില്ല. പ്രഭാഷണവും എഴുത്തുമൊക്കെ വിജയിപ്പിച്ചെടുക്കാനും ഇതു വേണം. സമാജത്തിനു കീഴിലായി ഒരു അധ്യാപകന്റെ മേൽനോട്ടത്തിൽ തന്നെ ലൈബ്രറി കൈകാര്യം നടക്കണം. പുസ്തക വിതരണം മാത്രമല്ല, വായിപ്പിക്കുകയും വേണം.

പ്രോത്സാഹിപ്പിക്കാൻ വിവിധ മത്സരങ്ങളാവാം. വായന മത്സരം, ഏതാനും പുസ്തകങ്ങൾ നൽകി പ്രൊജക്ട് നിർമിക്കൽ മത്സരം, ബുക് ടെസ്റ്റ് പോലുള്ളവ ആലോചിക്കാം. വിജയികൾക്ക് പൊതുവേദികളിൽവെച്ച് അഭിനന്ദനങ്ങളും സമ്മാനങ്ങളും നൽകുകയും വേണം. ഒഴിവു പിരീഡുകളും അസ്വറിനുശേഷം പോലെയുള്ള വെറുതെ കളയുന്ന സമയങ്ങളും വായനക്കും എഴുത്ത് പരിശീലനത്തിനും മാറ്റിവെക്കുന്ന സ്വഭാവം ചെറുപ്പത്തിലേ വളർത്തിയെടുക്കാൻ അധ്യാപകർക്കായാൽ അത്തരം വിദ്യാർത്ഥികളിൽ നമുക്ക് പ്രതീക്ഷപുലർത്താനാവും.

വിദ്യാർത്ഥികളുടെ വീടുകളിൽ നടക്കുന്ന പല പരിപാടികൾക്കും ദഅ്‌വാ കോളേജുകളിൽ നിന്ന് പറഞ്ഞയക്കാറില്ല. അതു തുടരുകതന്നെവേണം. എന്നിരിക്കെ, അത്ര അത്യാവശ്യമില്ലാത്ത പല കാര്യങ്ങൾക്കും വേണ്ടി ക്ലാസ് മുടങ്ങുന്ന സ്വാഭവം ചില സ്ഥാപനങ്ങളിലെങ്കിലുമുണ്ട്. അവിടെ നടക്കുന്ന പരിപാടികൾക്കുവേണ്ടി ദിവസങ്ങൾ, അധ്യാപകരുടെ അപ്രഖ്യാപിത ലീവുകാരണം പല പിരീഡികൾ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാലുള്ള സമയ നഷ്ടം ഇതൊന്നും ഒരിക്കലും സംഭവിച്ചുകൂടാ. ക്ലാസ് ലീഡർവശം എല്ലാ പിരീഡും ഉൾകൊള്ളുന്ന ഒരു മാർക്ക് പട്ടിക നൽകിയാൽ ഓരോ ദിവസവും എത്ര ക്ലാസ്സുകൾ ആരൊക്കെ നടത്തിയെന്ന് കൃത്യമായി മനസ്സിലാക്കാനാവും. ഇത് ആഴ്ചയിൽ പ്രിൻസിപ്പാൾ പരിശോധിക്കുകയും മുടങ്ങിയ അധഅയാപകരോട് കാരണം തേടുകയും ചെയ്താൽ ക്ലാസ് മുടങ്ങലിന് പരിഹാരമാകും. അതോടൊപ്പം പ്രസ്തുത പരിശോധന ലിസ്റ്റ് വെച്ച് വിദ്യാർത്ഥികൾക്ക് നൽകേണ്ട പൊതു ക്ലാസുകൾ തീരുമാനിക്കുകയുമാകാം.

കൃത്യവിലോപത്തിനും വൈകിവരുന്നതിനുമൊക്കെ മാതൃകയോജ്യമായ ശിക്ഷകൾ നൽകുകയും വിദ്യാർത്ഥികളുമായ ബന്ധപ്പെട്ട കാര്യങ്ങൾ യഥാസമയം രക്ഷിതാക്കളെ അറിയിച്ചും മുന്നോട്ടു പോവുകയാണ് വേണ്ടത്. ഓരോ വിദ്യാർത്ഥിക്കു വേണ്ടിയും ഓരോ ഫയൽ സൂക്ഷിക്കുന്ന രീതി സമഗ്രമായ വിലയിരുത്തലിനും മാറ്റം വരുത്തേണ്ടത് മാറ്റിയെടുക്കുന്നതിനും ഉപകരിക്കും. പ്രസ്തുത ഫയലിൽ പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങളെല്ലാം ശേഖരിക്കണം. പഠന കാലത്ത് കുട്ടിക്ക് ലഭിച്ച അവാർഡുകൾ, സാഹിത്യമത്സര വിജയങ്ങൾ, കുട്ടിയുടെതായി പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങൾ പോലുള്ളവയും അച്ചടക്കലംഘനം, തോൽവി, കൃത്യവിലോപം, വൈകിവരൽ, ഹാജർനില പോലുള്ളവയും വേണം. അത് ക്ലാസ് അധ്യാപകൻ ഇടയ്ക്കിടെ വിലയിരുത്തി ആവശ്യമെങ്കിൽ പ്രിൻസിപ്പലിനെ അറിയിച്ച് പുരോഗമനപരമായ മാറ്റങ്ങൾ സൃഷ്ടിച്ചെടുക്കണം.

എട്ടാം ക്ലാസ്സു മുതൽ പഠനം തുടങ്ങുന്ന രീതിയാണ് ഇപ്പോൾ കൂടുതൽ കോളേജുകൾ സ്വീകരിച്ചുവരുന്നത്. ചെറിയ കുട്ടികളാകയാൽ അവരെ ഒന്നാം വർഷത്തിൽതന്നെ പഠനരംഗത്ത് ഏറെ താൽപര്യമുള്ളവരും ആത്മീയ രംഗങ്ങളിൽ ശ്രദ്ധയുള്ളവരായും വളർത്തിക്കൊണ്ടുവരാൻ സാധിക്കും. ഉണർന്നിരിക്കുന്ന ഉസ്താദുമാരും സേവനനിരതരായ നടത്തിപ്പുകാരും ഒത്തൊരുമിച്ചാൽ ദഅ്‌വാ കോളേജുകളെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കെത്തിക്കാൻ നിഷ്പ്രയാസം സാധിക്കും. അല്ലാഹു നൽകിയ അമാനത്താണ് മുമ്പിലിരിക്കുന്ന വിദ്യാർത്ഥികളെന്ന ബോധം അധ്യാപകർക്ക് വെളിച്ചം കാണിക്കട്ടെ.

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

കുടുംബ ബന്ധത്തിന്റെ വില; വിലാപവും

സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.…

● കെഎംഎ റഊഫ് രണ്ടത്താണി

ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര

മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍…