IMAM JAMALUDHEEN ASNAWI (R)-Malayalam

ഹിജ്‌റ എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച പ്രതിഭാധനനായ ശാഫിഈ പണ്ഡിതനാണ് ഇമാം അസ്‌നവി(റ). ഹിജ്‌റാബ്ദം 704-ല്‍ ഈജിപ്തിലെ അസ്‌നാ (ഇസ്‌നാ എന്നും പ്രയോഗമുണ്ട്) എന്ന പ്രദേശത്തായിരുന്നു ജനനം. ഖുറൈശീ ഗോത്രത്തില്‍ അമവി വംശപരമ്പരയില്‍ പെട്ട ഹസനുബ്‌നു അലിയാണ് പിതാവ്. തന്റെ ജനനത്തിനടുത്ത കാലത്ത് വഫാതായ പിതൃസഹോദരന്റെ പേരും അപരനാമവും ചേര്‍ത്താണ് പേരിട്ടത്. പൂര്‍ണനാമം അബ്ദുറഹീം അബൂമുഹമ്മദ് ജമാലുദ്ദീന്‍ എന്നാണ്. ജന്മനാട്ടിലേക്ക് ചേര്‍ത്തിയാണ് അസ്‌നവി എന്നറിയപ്പെട്ടത്.

പഠനം, ഗുരുവര്യര്‍

വിദ്യാഭ്യാസം ആരംഭിച്ചത് നാട്ടില്‍ തന്നെയായിരുന്നു. ചെറുപ്പത്തില്‍ തന്നെ വിശുദ്ധ ഖുര്‍ആനും ഇമാം നവവി(റ)യുടെ കിതാബുത്തന്‍ബീഹും ഹൃദിസ്ഥമാക്കി. പതിനാലാം വയസ്സില്‍ പിതാവ് മരണപ്പെട്ടതിന് ശേഷം മൂന്ന് വര്‍ഷം കൂടി ‘അസ്‌നാ’യില്‍ പഠനം തുടര്‍ന്നു. പിന്നീട് കൈറോയിലേക്ക് പോയി. പ്രശസ്തമായ കാമിലിയ്യ മദ്‌റസയില്‍ ചേര്‍ന്നു. അവിടെ അക്കാലത്ത് ഖുതുബുദ്ദീന്‍ മുഹമ്മദുസ്സുന്‍ബാത്വി(റ) ആയിരുന്നു മുദരിസ്. നിദാനശാസ്ത്രത്തില്‍ നിപുണനായ പണ്ഡിതശ്രേഷ്ഠനായിരുന്നു അദ്ദേഹം. ആകര്‍ഷകമായ പഠനരീതിയും ഹൃദ്യമായ പെരുമാറ്റവും കാരണം വിജ്ഞാനകുതുകികള്‍ അദ്ദേഹത്തെ തേടിയെത്തിക്കൊണ്ടിരുന്നു. അസ്‌നവി(റ)വും അദ്ദേഹത്തിന്റെ ശിഷ്യത്വം നേടി. അതു പക്ഷേ അധികകാലമുണ്ടായില്ല. ഹിജ്‌റ 722-ല്‍ അദ്ദേഹം വഫാതായി. ഒരുവര്‍ഷമേ ലഭിച്ചുള്ളൂവെങ്കിലും നിദാനശാസ്ത്രത്തില്‍ ഒരു മുതല്‍ക്കൂട്ടായിരുന്നു ആ സഹവാസ കാലം.

‘അല്‍ വജീസി’ എന്ന പേരില്‍ പ്രസിദ്ധനായ കര്‍മശാസ്ത്ര വിശാരദനായ പണ്ഡിതനാണ് ശൈഖ് ജമാലുദ്ദീന്‍ അല്‍ വജീസി(റ). ഇമാം ഗസ്സാലി(റ)യുടെ അല്‍വജീസ് എന്ന കര്‍മശാസ്ത്ര ഗ്രന്ഥം മന:പാഠമാക്കിയതിനാല്‍ ലഭിച്ചതാണ് ഈ വിശേഷണം. 76-ാം വയസ്സിലായിരുന്നു വഫാത്ത്. പ്രായാധിക്യത്തിലും യൗവനകാലത്തെന്ന പോലെ സ്ഥിരോത്സാഹിയായ ഗുരുവര്യരായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ പ്രഗത്ഭരായ ശിഷ്യരുടെ സാന്നിധ്യം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. കര്‍മശാസ്ത്രത്തില്‍ ഇമാം അസ്‌നവി(റ)യുടെ പ്രധാന ഗുരുവര്യരിലൊരാള്‍ ഇദ്ദേഹമാണ്.

ശൈഖ് അലാഉദ്ദീന്‍ അലിയ്യുല്‍ ഖൂനവി(റ)യുടെ ശിഷ്യത്വവും അസ്‌നവി(റ) നേടിയിട്ടുണ്ട്. ശാഫിഈ കര്‍മശാസ്ത്രത്തില്‍ നിപുണനായ അദ്ദേഹം ഭാഷാപണ്ഡിതനും സാത്വികനും സൂക്ഷ്മാലുവുമായിരുന്നു. ഈ ഗുരുശിഷ്യ ബന്ധം അസ്‌നവി(റ)വില്‍ കാര്യമായ സ്വാധീനം ചെലുത്തുകയുണ്ടായി.

ഇല്‍മുല്‍ ഹദീസിലും ഭാഷാശാസ്ത്രത്തിലും ശാഫിഈ കര്‍മശാസ്ത്രത്തിലും ഇല്‍മുല്‍ കലാമിലും മറ്റനേകം ജ്ഞാനശാഖകളിലും അവഗാഹം നേടിയ മഹാപണ്ഡിതര്‍ പലരും അസ്‌നവി(റ)യുടെ ഗുരുനാഥന്മാരായിരുന്നു. അനേകം അമൂല്യ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ശൈഖ് മജ്ദുദ്ദീന്‍ അബൂബക്‌റിസ്സന്‍കലൂനി, ഇമാം തഖ്‌യുദ്ദീനിസ്സുബ്കി, ശൈഖ് അബുല്‍ഹസന്‍ അലിയ്യുല്‍ അന്‍സാരി, ശൈഖ് അസീറുദ്ദീന്‍ അബൂഹയ്യാനില്‍ ഉന്‍ദുലുസി തുടങ്ങിയവര്‍ അവരില്‍ പ്രധാനികളാണ്.

ശൈഖ് അബുന്നൂര്‍ യൂനുസുല്‍ അസ്ഖലാനി, ശൈഖ് ഹുസൈന്‍ അബൂഅലിയ്യുല്‍ അസീര്‍, ശൈഖ് അബുല്‍ഫള്ല്‍ അബ്ദുല്‍ മുഹ്‌സിനിസ്സ്വാബൂനീ, ശൈഖ് നജ്മുദ്ദീനില്‍ ഹുസൈനില്‍ അസ്‌വാനി, അബുല്‍ഹസന്‍ അലിയ്യുന്നഖീബ്, അല്ലാമാ ശംസുദ്ദീന്‍ അബൂഅബ്ദില്ലാഹി മുഹമ്മദ് (റ) തുടങ്ങിയ മുഹദ്ദിസുകളില്‍ നിന്നും അസ്‌നവി(റ) ഹദീസ് സ്വീകരിച്ചിട്ടുണ്ട്.

ഫിഖ്ഹ്, ഉസ്വൂലുല്‍ ഫിഖ്ഹ്, അറബി ഭാഷാശാസ്ത്രം, വ്യാകരണം, അര്‍ത്ഥശാസ്ത്രം, അലങ്കാരശാസ്ത്രം, ഹദീസ്, ഇല്‍മുല്‍ഹദീസ്, ഉസ്വൂലുദ്ദീന്‍ തുടങ്ങിയ വിജ്ഞാന ശാഖകളിലെല്ലാം വ്യുല്‍പത്തി കൈവരിച്ച പണ്ഡിത പ്രവരരായിരുന്നു അസ്‌നവി(റ). കര്‍മശാസ്ത്രത്തിലും നിദാന ശാസ്ത്രത്തിലും അദ്ദേഹത്തിന് തുല്യരായി അക്കാലത്താരുമുണ്ടായിരുന്നില്ലെന്ന് ഹാഫിള് സൈനുദ്ദീനുല്‍ ഇറാഖി(റ) രേഖപ്പെടുത്തിയിട്ടുണ്ട്.

ബുദ്ധികൂര്‍മതയും സ്ഥിരോത്സാഹവും യോഗ്യതയൊത്ത ഗുരുവര്യരുടെ ശിഷ്യത്വവും ദീര്‍ഘകാലത്തെ പഠന സപര്യയും മഹാനെ വൈജ്ഞാനിക മേഖലയില്‍ ഉന്നതസ്ഥാനീയനാക്കി. വിവിധ വിജ്ഞാന ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിശ്വപ്രസിദ്ധരായ പണ്ഡിത മഹത്തുക്കളുടെ ജ്ഞാനസമ്പാദന വിതരണ മാതൃകയെ സ്വജീവിതത്തിലൂടെ കാണിച്ചയാളായിരുന്നു അദ്ദേഹമെന്ന് സൈനുല്‍ ഇറാഖി രേഖപ്പെടുത്തിയത് കാണാം:

അനുകരണീയ മാതൃക

അസ്‌നവി(റ) വിദ്യാര്‍ത്ഥികള്‍ക്കും പണ്ഡിതര്‍ക്കും ഗുരുനാഥന്മാര്‍ക്കുമെല്ലാം അനുകരണീയനായ വ്യക്തിത്വമായിരുന്നു. ജ്ഞാനപ്പകര്‍ച്ചയിലും വിദ്യാര്‍ത്ഥി സ്‌നേഹത്തിലും ജീവിത ലാളിത്യത്തിലും സ്വഭാവ വൈശിഷ്ട്യത്തിലും സമീപന രീതികളിലും മാതൃക തീര്‍ത്തു. ഇബ്‌നുഹജറില്‍ അസ്ഖലാനി(റ) എഴുതുന്നു: അദ്ദേഹം നിപുണനായ കര്‍മശാസ്ത്രജ്ഞനും മികച്ച അധ്യാപകനുമായിരുന്നു. സ്‌നേഹവും വിനയവും ഗുണവും നിറഞ്ഞ യോഗ്യന്‍. നിസ്സാരന്മാരും ദുര്‍ബലന്മാരുമായി അടുത്തിടപഴകും. ബുദ്ധി കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ജ്ഞാനം ലഭ്യമാക്കുന്നതിനായി അതീവ താല്‍പര്യം കാണിച്ചു. തന്റെ അറിവില്‍പെട്ടതും ചര്‍ച്ചയില്‍ വന്നതുമായ കാര്യങ്ങള്‍ തന്നെ ആരെങ്കിലും ഇങ്ങോട്ട് പറയുകയാണെങ്കില്‍ ആദ്യമായി കേള്‍ക്കുന്നതുപോലെ ശ്രദ്ധിക്കും. അവതരിപ്പിക്കുന്നവനെ ഒരിക്കലും നിരാശനാക്കില്ല. ആവശ്യക്കാര്‍ക്ക് ഗുണവും നന്മയും എത്തിക്കുന്നതില്‍ അതീവ താല്‍പര്യം കാണിച്ചിരുന്നു (അദ്ദുററുല്‍ കാമിന ഫീഅഅ്‌യാനില്‍ മിഅതിസ്സ്വാമിന 1/307).

അധ്യാപനം

ഹിജ്‌റ 727-ല്‍ 23 വയസ്സുള്ളപ്പോഴാണ് അധ്യാപകനായി നിയുക്തനാകുന്നത്. മരണപ്പെടുന്നതിന് ദിവസങ്ങള്‍ മുമ്പ് വരെ അധ്യാപനത്തിലും രചനയിലും മുഴുകി. കുടുംബ പാരമ്പര്യത്തെ കരുതലോടെ സംരക്ഷിക്കുന്നതില്‍ അദ്ദേഹം വലിയ വിജയമാണ് നേടിയത് എന്ന് ചരിത്രം വ്യക്തമാക്കുന്നു. ജ്ഞാനസേവകരായ പണ്ഡിത കുടുംബത്തില്‍ ജനിച്ച മഹാന്റെ പിതാവായ ഹസനുബ്‌നു അലി(റ)യും സഹോദരന്‍ ഇമാദുദ്ദീന്‍(റ)യും അമ്മാവന്‍ സുലൈമാനുബിന്‍ ജഅ്ഫറില്‍ അസ്‌നവി(റ) തുടങ്ങിയവരെല്ലാം ജ്ഞാനസേവന വഴിയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരായിരുന്നു. ധാരാളം ഗ്രന്ഥങ്ങളും ആ കുടുംബത്തില്‍ നിന്ന് സമൂഹത്തിന് ലഭിച്ചിട്ടുണ്ട്.

ഇമാം അസ്‌നവി(റ)ന്റെ ജ്ഞാന സേവനത്തിന്റെ സ്പര്‍ശമേറ്റവരനവധിയാണ്. ഇബ്‌നുല്‍ ഇമാദില്‍ ഹമ്പലി(റ), അസ്‌നവീ(റ)യുടെ അധ്യാപനത്തെക്കുറിച്ചും അതിന്റെ ഫലത്തെക്കുറിച്ചും എഴുതുന്നു: ‘ഹിജ്‌റ 727-ാം വര്‍ഷത്തില്‍ ഇമാം അധ്യാപന വൃത്തിയില്‍ നിയമിതനായി. ജാമിഉത്വുലൂനില്‍ ഖുര്‍ആന്‍ വ്യാഖ്യാന സദസ്സിന് നേതൃത്വം നല്‍കി. ഇടക്ക് സര്‍ക്കാരുദ്യോഗം ഏല്‍ക്കേണ്ടിവന്നെങ്കിലും അതുപേക്ഷിച്ച് അധ്യാപന രംഗത്തേക്ക് തന്നെ വന്ന് പഠനവും രചനയും തുടര്‍ന്നു. അദ്ദേഹത്തിന്റെ ശിഷ്യനായ സിറാജുദ്ദീനുബ്‌നുല്‍ മുലഖിന്‍, ത്വബഖാതുല്‍ ഫുഖഹാഇ ശ്ശാഫിഇയ്യയില്‍ പറയുന്നു: ‘അസ്‌നവി(റ) ശാഫിഈ മദ്ഹബിലെ പ്രധാന ഗുരുവര്യരും മുഫ്തിയും ഗ്രന്ഥകാരനും നിദാനശാസ്ത്രം, കര്‍മശാസ്ത്രം, അറബിഭാഷ തുടങ്ങിയ വിജ്ഞാന ശാഖകള്‍ സ്വായത്തമാക്കിയവരുമാണ്. ചരിത്രകാരന്മാര്‍ പറയുന്നു: ധാരാളം പണ്ഡിതര്‍ മഹാന്റെ ശിഷ്യരായി ജ്ഞാനസേവകരായിട്ടുണ്ട്. ഈജിപ്ത് ദേശത്തെ സമകാല പണ്ഡിതരധികവും അദ്ദേഹത്തിന്റെ പാഠശാലയിലെ പഠിതാക്കളായിരുന്നു (ശദറാതുദ്ദഹബ് ഫീ അഖ്ബാറി മന്‍ദഹബ 6/623, 624).

‘അസ്‌നവി(റ) തന്റെ വൈജ്ഞാനിക സേവന ദൗത്യം കൈറോയിലെ ഒട്ടേറെ പാഠശാലകളില്‍ നിര്‍വഹിച്ചിട്ടുണ്ട്. അഖ്ബഗാവിയ്യ മദ്‌റസ, മദ്‌റസതുല്‍ ഫാരിസിയ്യ, മദ്‌റസതുല്‍ ഫാളിലിയ്യ, അല്‍ മദ്‌റസത്തുശ്ശരീഫിയ്യ, അല്‍ ഫഖ്‌രിയ്യ, ജാമിഉ ത്വുലൂന്‍ തുടങ്ങിയ ഉന്നതമായ പാഠശാലകളില്‍ അദ്ദേഹം അധ്യാപനം നടത്തി (അല്‍ മൗസൂഅതുല്‍ അറബിയ്യതുല്‍ ഇസ്‌ലമിയ്യ).

തന്റെ  ഗുരുനാഥന്മാരടക്കമുള്ള മഹാപണ്ഡിതരുടെ സന്തതികളും മഹാന്റെ പാഠശാലയിലെത്തിയിരുന്നു. ശൈഖ് അലാഉദ്ദീന്‍ ഖൂനവി(റ)യുടെ സന്താനങ്ങളായ ശൈഖ് മുഹിബ്ബുദ്ദീന്‍ മഹ്മൂദ്, ശൈഖ് ബദ്‌റുദ്ദീന്‍ ഹുസൈന്‍, ശൈഖ് സ്വദ്‌റുദ്ദീന്‍ അബ്ദുല്‍ കരീം എന്നിവര്‍ അക്കൂട്ടത്തില്‍പെട്ടവരാണ്. പിതാവിന്റെയും ഗുരുനാഥന്റെയും മാതൃക പിന്തുടര്‍ന്ന് പില്‍കാലത്ത് വലിയ വൈജ്ഞാനിക സേവനങ്ങള്‍ നടത്തിയവരായിരുന്നു ഇവര്‍ മൂന്ന് പേരും.

ഹദീസ്, ഫിഖ്ഹ്, നിദാനശാസ്ത്രം, ഭാഷാശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകളില്‍ ശ്രദ്ധേയമായ സാന്നിധ്യം അടയാളപ്പെടുത്തിയ മഹാപണ്ഡിതര്‍ ശിഷ്യഗണങ്ങളില്‍ കാണാം. ശൈഖ് ജമാലുദ്ദീന്‍ അംയൂത്വി, ശൈഖ് ബുര്‍ഹാനുദ്ദീന്‍ അബ്‌നാസി, ശൈഖ് സിറാജുദ്ദീനില്‍ അന്‍സ്വാരി, ശൈഖ് ശിഹാബുദ്ദീനില്‍ ഖമ്മാഹ്, ശൈഖ് സൈനുദ്ദീനില്‍ മറാഗീ, ശൈഖ് സ്വദ്‌റുദ്ദീനില്‍ അബ്ശാത്വി(റ) തുടങ്ങിയ കര്‍മശാസ്ത്ര പണ്ഡിതര്‍ അസ്‌നവി ഇമാമിന്റെ ശിഷ്യരാണ്. ശൈഖ് ശംസുദ്ദീനില്ലഖമി, ശൈഖ് ജമാലുദ്ദീനില്‍ ബഗ്ദാദി, ശൈഖ് ശിഹാബുദ്ദീന്‍ അഹ്മദ്, ശൈഖ് സ്വദ്‌റുദ്ദീനില്‍ യാസൂഫി, ശൈഖ് നൂറുദ്ദീന്‍ ഹൈതമി(റ) തുടങ്ങിയവര്‍ അസ്‌നവി ശിഷ്യന്മാരായ ഹദീസ് പണ്ഡിതരില്‍ പെടുന്നു.

അല്‍ഹാഫിളുല്‍ ഇറാഖി എന്നറിയപ്പടുന്ന വിശ്രുതനായ ഹദീസ്, ഫിഖ്ഹ്, ചരിത്രപണ്ഡിതന്‍ അസ്‌നവി(റ)യുടെ ശിഷ്യനാണ്. ഗുരുനാഥനെ കുറിച്ചെഴുതിയ ഗ്രന്ഥത്തില്‍ ഉസ്താദില്‍ നിന്ന് ശ്രവിച്ച ഗ്രന്ഥങ്ങളും കേട്ട വിധവും വിവരിച്ചിട്ടുണ്ട്. തന്റെ സതീര്‍ത്ഥ്യരായി ഉണ്ടായിരുന്നവരെയും അനുസ്മരിക്കുന്നത് കാണാം.

രചനാലോകം

അനേകം അതുല്യഗ്രന്ഥങ്ങള്‍ വിവിധ വിജ്ഞാന ശാഖകളില്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ജവാഹിറുല്‍ ബഹ്‌റൈനി ഫീ തനാഖുളില്‍ ഹിബ്‌റൈനി, അത്തന്‍ഖീഹു അലത്തുസ്വഹീഹ്, ശറഹുല്‍ മിന്‍ഹാജ് ലില്‍ബൈളാവീ, അല്‍ഹിദായതു ഫീ ഔഹാമില്‍ കിഫായ, കിതാബുല്‍ മുഹിമ്മാത്, കിതാബുത്തംഹീദ്, ത്വബഖാതുല്‍ ഫുഖഹാഅ്, ത്വിറാസുല്‍മഹാഫിലി ഫീ അല്‍ഗാസില്‍ മസാഇല്‍, കാഫില്‍മുഹ്താജ് ഫീ ശറഹില്‍ മിന്‍ഹാജിലിന്നവവി (ഭാഗികം) പോലുള്ള അനേകം ഗ്രന്ഥങ്ങള്‍ വിവിധ വിജ്ഞാന ശാഖകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

ഭാഗികമായ രചനകളും വ്യാഖ്യാനങ്ങളും സ്വന്തമായി വ്യക്തിത്വം പുലര്‍ത്തുന്നവ തന്നെയാണ്. നവവീ ഇമാമിന്റെ മിന്‍ഹാജിനെഴുതിയ ശര്‍ഹ് കിതാബുല്‍ മുസാഖാത് വരെയാണ്. എന്നാല്‍ അത് വളരെ ഫലപ്രദമാണ്. മിന്‍ഹാജിന്റെ ശറഹുകളില്‍ ഏറെ ഫലപ്രദായ ശര്‍ഹാണിതെന്ന് പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. കനപ്പെട്ട എട്ട് വാല്യങ്ങളുള്ള കിതാബുല്‍ മുഹിമ്മാത്ത് ശ്രദ്ധേയമായ കൃതിയാണ്. അതിന്റെ ആമുഖത്തില്‍ രചനക്കുള്ള പ്രേരണയും നിര്‍വഹിക്കുന്ന വിധവും രേഖപ്പെടുത്തിയിട്ടുണ്ട്. മദ്ഹബിലെ ശൈഖാനിയായ നവവി, റാഫിഈ(റ)യുടെ ഗ്രന്ഥങ്ങളെയാണ് ഇതില്‍ വിശദീകരണത്തിനും വ്യാഖ്യാനത്തിനും വിധേയമാക്കിയിരിക്കുന്നത്.

വഫാത്ത്

ഇമാം അസ്‌നവി(റ)യുടെ ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതിയിരുന്ന ഖാളീ നൂറുദ്ദീന്‍ ഇബ്‌റാഹീമുല്‍ ഇസ്‌നാവീ(റ)യെ ഹാഫിളുല്‍ ഇറാഖി(റ) ഉദ്ധരിക്കുന്നു: ‘ഒരു ദിവസം ഞാന്‍ ശൈഖി (അസ്‌നവി)ന്റെ അടുത്തേക്ക് ചെന്നപ്പോള്‍ പകര്‍ത്തിയെഴുതാനുള്ളവ എനിക്ക് തന്നു. അതിലെ ഒരു കഷ്ണം ശൈഖവര്‍കള്‍ എടുത്തു. അതെടുത്തു വായിക്കണമെന്ന് ഞാന്‍ കരുതിയിരുന്നു. അപ്പോഴവിടുന്ന് എന്നോടിങ്ങനെ പറഞ്ഞു: ഇത് നിന്നെക്കുറിച്ചുള്ളതാണ്. അപ്പോള്‍ അതെനിക്കു കാണിച്ചു തരണമെന്ന് ഞാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. ഉടന്‍ ശൈഖ് പറഞ്ഞു: ‘ഞാന്‍ സ്വപ്നം കണ്ടു. ഞാന്‍ തദ്‌രീസിലേര്‍പ്പെട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു. അപ്പോള്‍ എന്റെ അടുത്തിരുന്ന ഒരാള്‍ എന്നോട് ഇങ്ങനെ പറയുകണ്ടായി: ഏ മനുഷ്യാ, ഞങ്ങള്‍ നിങ്ങളുടെ വരവിനെ അതിയായി ആഗ്രഹിക്കുന്നുണ്ട്.’ അപ്പോള്‍ അടുത്തിരിക്കുന്ന മറ്റൊരാളോട് ഞാന്‍ ചോദിച്ചു: ആ പറഞ്ഞയാള്‍ ആരാണ്? അദ്ദേഹം പറഞ്ഞു: ‘അത് ഉമറുബ്‌നുല്‍ ഖത്വാബ്(റ)യാണ്’ (തര്‍ജുമതുല്‍ ഇമാമില്‍ അസ്‌നവി(റ).

ഹിജ്‌റ 772 ജുമാദല്‍ ഊലാ ആറാം തിയ്യതി ചൊവ്വാഴ്ച അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടു. ഒരാഴ്ചക്കാലം ദര്‍സ് നടത്താന്‍ സാധിച്ചില്ല. അടുത്ത ബുധനാഴ്ച അഥവാ ജുമാദല്‍ ഊലാ പതിനാലിന് വീണ്ടും ജാമിഅ് ത്വുലൂനില്‍ ദര്‍സിനിരുന്നു. അവിടെ പ്രധാനമായും ഖുര്‍ആന്‍ വ്യാഖ്യാനമായിരുന്നു നടത്തിയിരുന്നത്. ദര്‍സില്‍ സൂറതുല്‍ ബഖറയിലെ 281-ാം സൂക്തത്തിന്റെ അവസാനഭാഗം, അഥവാ അല്ലാഹുവിലേക്ക് നിങ്ങള്‍ മടക്കപ്പെടുന്ന ദിനത്തെ നിങ്ങള്‍ സൂക്ഷിക്കുക എന്ന ഭാഗം ഓതിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഇവിടെ നാം നിര്‍ത്തുന്നു.’

ക്ലാസ് കഴിഞ്ഞും ഈ സൂക്തഭാഗം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓതി കണ്ണുതുടച്ചാണ് അദ്ദേഹം വാഹനം കയറിപ്പോയത്. പിറ്റേദിവസം വ്യാഴാഴ്ച അഖ്ബഗാവിയ മദ്‌റസയില്‍ ക്ലാസിനെത്തി വിദ്യാര്‍ത്ഥികളോടിങ്ങനെ പറഞ്ഞു: ഇമാം ഗസ്സാലി(റ) മൂന്ന് നാള്‍ കഴിഞ്ഞശേഷമേ രോഗസന്ദര്‍ശനം നടത്താവൂ എന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ എന്നെ ശല്യപ്പെടുത്തരുത്. മൂന്നു ദിവസം കഴിഞ്ഞല്ലാതെ നിങ്ങളെന്നെ സന്ദര്‍ശിക്കാന്‍ വരരുത്. ശേഷം അദ്ദേഹം വീട്ടിലേക്ക് തിരിച്ചുപോയി.

ഹാഫിളുല്‍ ഇറാഖി(റ) പറയുന്നു: പിന്നീട് അദ്ദേഹം ഒരു അഖീഖത്ത് സല്‍കാരത്തില്‍ പങ്കെടുത്തു. അന്ന് അസ്വറ് സമയത്ത് ഞാന്‍ ഉസ്താദ് അസ്‌നവി(റ)യെ കണ്ടിരുന്നു. വെള്ളിയാഴ്ച രാവിലെ ഞാന്‍ ഉസ്താദിന്റെ അടുത്തു ചെന്നു. അല്‍പം മരുന്ന് കഴിച്ചതായി എന്നോട് പറഞ്ഞു. പിന്നെ ഞാന്‍ വീട്ടിലേക്ക് ചെന്നപ്പോള്‍ ഉസ്താദ് ചാരിയിരിക്കുകയായിരുന്നു. ഞാനിപ്പോള്‍ നല്ല അവസ്ഥയിലാണ്, കഫത്തിന്റെ ശല്യമുണ്ടായതിനാല്‍ അല്‍പം മരുന്നു കഴിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ഞാന്‍ അവസാനമായി ഉസ്താദിനെ ഹയാത്തില്‍ കണ്ടതപ്പോഴായിരുന്നു.

പിന്നെ ശനിയാഴ്ച ക്ലാസില്‍ വന്നില്ല. അന്നും ചില രചനകള്‍ ഉസ്താദ് നിര്‍വഹിച്ചെന്ന് അറിയാന്‍ കഴിഞ്ഞു. ഞായറാഴ്ച രാത്രി ഇശാക്ക് ശേഷം മദ്‌റസയില്‍ വന്ന് അല്‍പനേരം ചെലവഴിച്ച് വീട്ടിലേക്ക് തന്നെ മടങ്ങിപ്പോയി. കുറച്ചുസമയം ഉറങ്ങിയ ശേഷം എഴുന്നേറ്റ് പുറത്തിറങ്ങി ഖിബ്‌ലക്കഭിമുഖമായി ഏറെ ദുആ ചെയ്തു. ശേഷം വിദ്യാര്‍ത്ഥികളില്‍ ചിലരെ വിളിച്ച് വീട്ടിലേക്ക് കൊണ്ടുചെന്നാക്കണമെന്നറിയിച്ചു. അവരുടെ തോളില്‍ കയ്യൂന്നി വീട്ടിലെത്തി. അപ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മാറാനായി വൃത്തിയുള്ള വേറെ വസ്ത്രം ആവശ്യപ്പെട്ടു. പക്ഷേ, വസ്ത്രം കൊണ്ടുവന്നപ്പോഴേക്ക് മഹാനവര്‍കള്‍ അന്ത്യയാത്രയായിരുന്നു. ഹിജ്‌റ 772-ലായിരുന്നു അത്.

ഖാളില്‍ഖുളാത്ത് അബൂബഖാഅ് ഒന്നാം ജനാസ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. പിന്നീട് പള്ളിയിലും മറ്റുമായി മൂന്ന് പ്രാവശ്യം മയ്യിത്ത് നിസ്‌കാരം നടന്നു. ശേഷം തനിക്ക് വേണ്ടി കരുതിവെച്ച സ്ഥലത്ത് അദ്ദേഹത്തിന്റെ ജനാസ മറവ് ചെയ്തു. വന്‍ ജനാവലി ഖബറടക്കത്തിനു സംബന്ധിച്ചു. എന്റെ ആയുസ്സിനിടക്ക് ഏറെ ആളുകള്‍ കരയുന്നതായി കണ്ട ജനാസയായിരുന്നു അത്. ജനാസ കുളിപ്പിക്കാനും കഫന്‍ ചെയ്യാനും നിസ്‌കരിക്കാനും മറവ് ചെയ്യാനും എനിക്കു സൗഭാഗ്യം ലഭിച്ചു (തര്‍ജമതുല്‍ ഇമാമില്‍ അസ്‌നവി-റ).

ഒരായുഷ്‌കാലം മുഴുവനായി ജ്ഞാന സമ്പാദനത്തിനും വിതരണത്തിനും വിനിയോഗിച്ച മഹാനുഭാവന്റെ വിയോഗം കഴിഞ്ഞിട്ട് 666 ആണ്ട് പിന്നിട്ടിരിക്കുന്നു. നാഥന്‍ നമ്മെ മഹാനൊപ്പം സ്വര്‍ഗത്തില്‍ ഒന്നിപ്പിക്കട്ടെ.

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ