ട്രെയിന്‍ യാത്രയിലാണ് മട്ടാഞ്ചേരിക്കടുത്തുള്ള മൂന്നു ചെറുപ്പക്കാരെ പരിചയപ്പെട്ടത്. മുസ്‌ലിംകളാണെങ്കിലും കാഴ്ചക്ക് അത്തരമൊരു ലക്ഷണവും തോന്നുകയേയില്ല. പല വിരലുകളില്‍ ഇരുമ്പ് വളയങ്ങള്‍ മോതിരമായി ധരിച്ചിരിക്കുന്നു. രക്ഷാബന്ധന്‍ പോലെ തോന്നിക്കുന്ന ചരടുകളും കഴുത്തില്‍ ലോഹമാലയും. ഒട്ടിപിടിച്ച വസ്ത്രവും വാര്‍ന്നു തൂങ്ങിയ മുടിയും പാലക്കാടന്‍ ഗ്രാമങ്ങളിലെ കരിമ്പനകളെ ഓര്‍മിപ്പിക്കും. ഇതൊന്നുമല്ല; അവരുടെ മതബന്ധമാണ് ഞെട്ടേണ്ട യഥാര്‍ത്ഥസംഗതി. മുഹമ്മദ് നബി(സ്വ)യെ കേട്ടറിവുണ്ട്. നബിക്ക് ഭാര്യമാരും മക്കളുമുണ്ടെന്നുമറിയാം. അതിനപ്പുറമൊന്നുമറിയില്ല. നബിക്ക് എത്ര മക്കളുണ്ടെന്നതിന്റെ ഉത്തരം ചിരിമാത്രം. ഇനി മറുവശം നോക്കാം. മമ്മുക്ക ഫാന്‍സാണ് മൂവരും. അദ്ദേഹത്തിന്റെ ഭാര്യവീട് കണ്ടിട്ടുണ്ട്. മക്കള്‍, മരുമക്കള്‍, അടക്കം അവരുടെ പ്രായം, ജോലി, വാപ്പ നടനും മകന്‍ നടനും അഭിനയത്തില്‍ ചേര്‍ന്ന കാലം, സാഹചര്യം, പ്രധാന പടങ്ങള്‍, പ്രത്യേകതകള്‍, ഇഷ്ടങ്ങള്‍ തുടങ്ങി എല്ലാം മണി മണി പോലെ റെഡി. നിസ്കാരത്തിന്റെ കാര്യമാണ് ഏറെ കഷ്ടം. ജോലി കാരണം അതിനൊന്നും നേരം ലഭിക്കില്ലത്രെ. അവര്‍ ഉണരുന്നതിന്റെ മുമ്പ് നടക്കുന്ന ഒരു നിസ്കാരത്തെ കുറിച്ച് ബോധമുണ്ടെങ്കിലും അത് സ്വുബ്ഹിയാണോ അസ്വണോ എന്നതില്‍ ശക്തമായ കണ്‍ഫ്യൂഷന്‍!

ഇനി മറ്റൊരനുഭവം പറയാം. കഴിഞ്ഞ റമളാനില്‍ ഒരു മുസ്‌ലിം വീട്ടില്‍ ദഅ്വാ ആവശ്യാര്‍ത്ഥം എത്തി. ഗൃഹനാഥന്‍ സിഗരറ്റ് പുകച്ച് സിറ്റൗട്ടിലിരിക്കുന്നത് കണ്ട് ഞെട്ടിനില്‍ക്കുന്ന ആഗതരെ “ഉസ്താദുമാര്‍ക്ക് വെള്ളം കൊടുക്ക്” എന്ന് അന്തര്‍ജനങ്ങളോട് കല്‍പ്പിച്ച് അദ്ദേഹം ബോധംകെടുത്തുക തന്നെ ചെയ്തു. പണ്ട് മര്‍ഹൂം പിഎംകെ ഫൈസി കിളിമലക്ക് താഴെ ഇസ്‌ലാം കേട്ട് കേള്‍വി എന്ന ഫീച്ചര്‍ എഴുതി ഇത്തരം ചില മുസ്‌ലിംകളെ കേരളക്കാര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. അങ്ങനെയുള്ള വല്ലനാട്ടിലുമായിരിക്കും ഈ റമളാന്‍ ആഘോഷമെന്നു ധരിച്ചവര്‍ നിരാശപ്പെട്ടേക്കുക, കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്താണ് സംഭവം.

ദഅ്വാ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സുന്നിവോയ്സ് പലയാവര്‍ത്തി എഴുതിയതാണ്. ശവദാഹം നടത്തുന്ന മുസ്‌ലിംകളുള്ള പഞ്ചാബിലെ ദുരവസ്ഥ ഏതാനും ലക്കം മുമ്പ് കവര്‍സ്റ്റോറിയായി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നമ്മുടെ സ്വന്തം നാട്ടില്‍, മൂക്കിനു താഴെ ഇസ്‌ലാം കേള്‍വിയിലൊതുങ്ങിയ അനേകായിരങ്ങളാണ് ജീവിക്കുന്നത്. സത്യപാതയിലെത്തിക്കാന്‍ എന്തുകൊണ്ട് നമുക്കാവുന്നില്ല എന്ന ചിന്തക്ക് ഏറെ പ്രസക്തിയില്ലേ?

കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് നക്ഷത്രബള്‍ബുകളും നിയോണ്‍ ലൈറ്റുമായി കച്ചവടസ്ഥാപനം അലങ്കരിച്ച മുസ്‌ലിമിനോട് അതിന്റെ ചീത്തവശം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. അതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ എന്ന അലസപ്രതികരണമായിരുന്നു അദ്ദേഹത്തിന്. ദൈവം മനുഷ്യാവതാരം സ്വീകരിച്ചു വന്നതിന്റെ ശുഭസൂചനയായി നക്ഷത്രം പ്രത്യക്ഷപ്പെട്ടതിന്റെ സ്മരണയായാണ് ക്രൈസ്തവര്‍ ഇവയെ കാണുന്നതെങ്കില്‍, ഇതുമായി ഏകദൈവ വിശ്വാസിക്ക് എങ്ങനെ രാജിയാവാനാവും? ദൈവം ജനിക്കലും മരിക്കലും അതിന്റെ ആഘോഷവും ഇസ്‌ലാം അംഗീകരിക്കുമോ? മതസൗഹാര്‍ദം, പരസ്പര സ്നേഹം, സഹകരണം എന്നൊക്കെപറഞ്ഞാല്‍ അന്യോന്യം ആരാധനാകര്‍മങ്ങളിലും പ്രത്യേക മതസംസ്കാരങ്ങളിലും കൂടിച്ചേരുക എന്നതല്ല. അത് ബന്ധത്തേക്കാള്‍ ബന്ധവിഛേദനത്തിനാണ് വഴിവെക്കുക. പക്ഷേ മതം വേണ്ടവിധം പഠിക്കാതെ ഒരു ജനറല്‍ മുസ്‌ലിമാവാന്‍ വിവരമില്ലാതെ പലരും തയ്യാറാവുന്നു. പ്രബോധകന്റെ ബാധ്യത കൂടുന്നുവെന്നര്‍ത്ഥം.

വിശുദ്ധമതം നെഞ്ചേറ്റാന്‍ ഭാഗ്യം ലഭിച്ചവരാണ് നാം. അത് സഹോദരങ്ങള്‍ക്കെങ്കിലും പകര്‍ന്നു കൊടുക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. തീര്‍ച്ചയായും ഇതേ കുറിച്ച് നമ്മോട് മഹ്ശറില്‍ ചോദ്യമുണ്ടാവും. ഒരാളെയെങ്കിലും നിസ്കരിപ്പിക്കാനായാല്‍, നമ്മുടെ ഇടപെടല്‍ കൊണ്ട് ഒരു മദ്യപാനി സംസ്കൃതനായാല്‍, ഒരു സഹോദരി ഔറത്ത് മറക്കല്‍ ശീലമാക്കിയാല്‍ ആഖിറത്തിലേക്കുള്ള ഏറ്റവും വലിയ മുതല്‍ക്കൂട്ടായി അതുമാറും. വന്‍ ബഹളങ്ങളും ആക്രോശങ്ങളുമല്ല; സ്നേഹം നിറഞ്ഞ, ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തിയാണ് സമൂഹത്തിനു വേണ്ടത്. നമുക്കൊതുങ്ങുന്ന ഏതാനുമാളുകള്‍ക്കിടയില്‍ നേതാവു ചമയുന്നതിലല്ല; നമ്മെ അറിയാത്ത ഒരാള്‍ക്കെങ്കിലും ദീന്‍ എത്തിക്കുന്നതിലാണുകാര്യം. അഹങ്കാരത്തിന്റെ സര്‍വജാഢകളും തിരസ്കരിച്ച് സമൂഹത്തോടൊന്നു പുഞ്ചിരിക്കാന്‍ തയ്യാറാവുക. സ്നേഹോപദേശത്തിനു സ്വയം ഒരുങ്ങുക. ഇതൊക്കെ ഏതാനും മതവിരുദ്ധര്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തിട്ട് മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട്പോയാല്‍, ദുന്‍യാവിനേക്കാള്‍ വലിയ നഷ്ടം ആഖിറത്തിലുണ്ടാവുമെന്ന് ഓരോരുത്തരും ഓര്‍ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പരിഹരിക്കാവുന്ന ന്യൂനതകള്‍

  മതപ്രഭാഷണം, രാഷ്ട്രീയ പ്രസംഗം, അനുമോദന പ്രസംഗം, അനുശോചന പ്രസംഗം, അനുഗ്രഹ പ്രഭാഷണം, അനുസ്മരണ പ്രഭാഷണം…

മന്ത്രം, ഉറുക്ക്: സ്വലാഹി മഞ്ഞതന്നെ കാണുന്നു!

പാഴ്മരം പോലെയാണ് മുജാഹിദ് പ്രസ്ഥാനം അകക്കാമ്പോ കാതലോ ഇല്ലാത്ത ദുര്‍ബല സ്വരൂപം. എത്രമേല്‍ പുറം മോടികാണിച്ചാലും…

മദീനയിലെ ആചാരങ്ങള്‍: ചരിത്രകാരന്‍ പറയുന്നത്

  പുണ്യമദീനയില്‍ ജനിച്ചുവളര്‍ന്ന മഹാ സാത്വികനായ ചരിത്രകാരനാണ് മുഹമ്മദ് കിബ്രീത്ബ്നു അബ്ദില്ലാഹില്‍ ഹുസൈനി(റ). ഹി. 1011ല്‍…