islam - malayalam

നുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള മുറവിളിയുടെ കാലമാണിത്. നിഷേധം അരങ്ങേറുകയും പ്രതിഷേധം വനരോദനമാവുകയും ചെയ്യുന്നുവെന്നതാണ് ഇന്നത്തെ മനുഷ്യാവകാശങ്ങളുടെ പൊതുരീതി. കൃത്യമായൊരാദർശാടിത്തറയിൽ നിന്ന് ജീവിതദൗത്യത്തെ നിരീക്ഷിക്കാനും നിർവചിക്കാനും സാധിക്കാത്തതാണിതിന്റെ അടിസ്ഥാന കാരണം. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനം പ്രയോഗവൽക്കരിക്കാൻ ബാധ്യസ്ഥരായവർതന്നെയാണതിനെ അവഗണിക്കുന്നതെന്നതാണ് വിരോധാഭാസം. സ്വാർത്ഥതയും അതിമോഹങ്ങളും അടിസ്ഥാനമായ സാമൂഹിക സംവിധാനങ്ങൾക്ക് കാവലിരിക്കുന്നവർ മഹാഭൂരിഭാഗത്തെ ഭയപ്പാടോടെയാണ് കാണുന്നത്. തങ്ങളുടെ മേൽക്കോയ്മകൾ തകർക്കപ്പെടുമോ എന്ന ആശങ്ക കാരണം മറ്റുള്ളവരെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ്. അതുവഴി ഭീതി പടർത്തി പാദസേവകരെ സൃഷ്ടിക്കുകയും അവരെ അക്രമോത്സുകരാക്കുകയും ചെയ്യുന്നു.

മനുഷ്യാവകാശങ്ങളെ ചവിട്ടി മെതിച്ചുകൊണ്ടുള്ള ഭരണകൂട ഭീകരതകളും സ്വേച്ഛാധിപത്യപരമായ പ്രവണതകളും ഉണ്ടാകുന്നത് ഇത്തരമൊരു പശ്ചാത്തലത്തിലാണ്. മനുഷ്യപ്പറ്റുള്ള താത്ത്വികാടിത്തറകളിൽ സ്ഥാപിതമായ സാമൂഹിക-രാഷ്ട്രീയ വീക്ഷണങ്ങൾ തന്നെയും ഈ അവസ്ഥയിൽ നിന്നു മുക്തമാകുന്നില്ല എന്നതാണ് സമാധാനമില്ലാത്ത സാമൂഹിക സാഹചര്യം സൃഷ്ടിക്കുന്നത്. അവകാശ പ്രഖ്യാപനം നടത്തുന്നവർതന്നെ എത്രമാത്രം ആത്മാർത്ഥതയുള്ളവരാണെന്ന് ആലോചനയർഹിക്കുന്നതാണ്. അല്ലെങ്കിൽ ആത്മാർത്ഥമായ ചുവടുവെപ്പുകൾക്ക് സാധിക്കാത്തവിധം ഒരു വിധേയപ്പെടലിന്റെ കരാളഹസ്തങ്ങളാൽ ബന്ധനസ്ഥമാണ് അത്തരം വേദികൾ. സ്വാർത്ഥമായ നിലപാടുകളിൽ ഉറപ്പിക്കപ്പെട്ട സാമൂഹിക സ്ഥാപന-സംവിധാനങ്ങളുടെ ഒരു ഉൽപന്നമെന്നോ ഏജൻസിയെന്നോ പറയാവുന്ന ഒരവസ്ഥയിലേക്കവ പരിമിതപ്പെട്ടുപോയിരിക്കുന്നു. അത്‌കൊണ്ടുതന്നെ മനുഷ്യാവകാശത്തെ മാനിക്കുന്ന ഒരു താത്ത്വകാടിത്തറയല്ല രൂപപ്പെടുന്നത്. സ്വാർത്ഥതയുടെ അടിത്തറയിൽ മുളച്ച് പൊന്തിയ ഒരു തളിരില മാത്രമായി മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ മാറിയിരിക്കുകയാണ്.

സാമൂഹിക സ്ഥാപനങ്ങളുടെ നിയന്ത്രണാധികാരം കൂടുതലാണെന്നതിനാൽ ശക്തമായ പ്രചോദനവും വിചാരപരമായ മാറ്റവും ഉണ്ടാകേണ്ടതുണ്ട്. വൈയക്തികമായി സാധിക്കുന്ന ചില ശീലങ്ങളും മാറ്റങ്ങളുമുണ്ട്. സ്വന്തം ജീവിതവീക്ഷണത്തെ കൃത്യമായ ഒരാദർശാടിത്തറയിൽ ഭദ്രപ്പെടുത്തുക എന്നതാണത്. അവകാശ നിഷേധങ്ങളും അടിച്ചമർത്തലുകളും നിർബാധം നടക്കുന്ന കാലത്ത് ചെറുതെങ്കിലും ഗുണപരമായ സാമൂഹിക വിചാരത്തിന് വലിയ പ്രസക്തിയുണ്ട്. സാമൂഹിക സംവിധാനത്തെ തിരുത്തിക്കുറിച്ച് വൈയക്തികമായ ജീവിതദൗത്യം നിർവഹിക്കാനാവില്ല. എങ്കിലും സ്വന്തം ജീവിതത്തിന് കൃത്യമായ ഒരു നിലപാട് രൂപപ്പെടുത്താൻ ആർക്കും കഴിയും. കഴിയണമെന്നതാണ് മനുഷ്യാസ്തിത്വത്തിന്റെ ശരിയായ താൽപര്യം.

മൗലികമായ ചില വിചാരങ്ങൾ അനിവാര്യമായി വരുന്നതിവിടെയാണ്. വിശുദ്ധ ഇസ്‌ലാം അല്ലാഹുവിന്റെ മതമാണ്. അതിന് കേവലമായ ഭൗതിക ലക്ഷ്യങ്ങളല്ല ഉള്ളത്. ഇഹത്തിനപ്പുറത്ത് ഒരു പരലോകമുണ്ട്. അവിടെയും ജീവിതമുണ്ട്. രണ്ടു ലോകത്തെ ജീവിതവും തമ്മിൽ ഗുണപരമായി പാരസ്പര്യപ്പെടണം. സത്യവിശ്വാസമുണ്ടായാൽ മാത്രം സാധിക്കുന്നതാണിത്. എന്നാൽ ഇസ്‌ലാം വിഭാവനം ചെയ്യുന്ന പ്രത്യക്ഷ സാമൂഹിക ഗുണങ്ങൾ ലഭിക്കാൻ സത്യവിശ്വാസിയാകണമെന്നില്ല. ഇഹത്തിലും പരത്തിലും ഗുണത്തിനുള്ളതാണത്. ഏത് ഗുണവും ആർക്കും തിരഞ്ഞെടുക്കാവുന്നതാണ്. ഐഹിക ഗുണം തിരഞ്ഞെടുത്താൽ അത് മാത്രം ലഭിക്കും. ഇസ്‌ലാമിക വ്യവസ്ഥ അടിച്ചേൽപിക്കാനുള്ളതല്ല. ഒരു മുസ്‌ലിം നിർബന്ധമായും പാലിക്കേണ്ടതാണത്. മുസ്‌ലിമല്ലാത്ത ഒരാളെയും അതിന് നിർബന്ധിക്കാനാവില്ല താനും.

ഇസ്‌ലാം സമർപ്പിക്കുന്ന മനുഷ്യാവകാശങ്ങൾക്ക് കൃത്യമായ ആദർശാടിത്തറയുള്ളതിനാൽ അതംഗീകരിക്കാൻ വിശ്വാസി സർവാത്മനാ ബാധ്യസ്ഥരാണ്. പ്രയോഗതലത്തിൽ മനുഷ്യാവകാശ വ്യവസ്ഥകളുടെ നട്ടെല്ലാവാൻ യോഗ്യതയുള്ളതാണ് ഇസ്‌ലാമിലെ മനുഷ്യാവകാശ നിർദേശങ്ങളും പാഠങ്ങളും. മതം സമർപ്പിക്കുന്ന മനുഷ്യാവകാശമൂല്യങ്ങളും അതിന്റെ അടിത്തറകളും പ്രയോഗരീതികളും പരസ്പരം അഭേദ്യമായ ബന്ധമുള്ളവയാണ്. മനുഷ്യമനസ്സുകളിൽ വ്യക്തമായ പ്രതിഫലനങ്ങളുണ്ടാക്കാൻ അതിനു സാധിക്കും. ഇസ്‌ലാമിക വ്യവസ്ഥ എന്ന നിലയിൽ നിന്നതിനെ അടർത്തിയെടുത്താലും അതിന്റെ പ്രയോഗഗുണങ്ങൾ ലഭിക്കും. അതുപോലെ ആദർശാടിത്തറയുടെ വക്താക്കളുടെ വിശ്വാസ ദൗർബല്യം കാരണം പ്രയോഗത്തിൽ പിറകോട്ട് പോകുന്ന അവസ്ഥയും ഉണ്ടാകും. സ്വന്തമായി വ്യക്തിത്വവും പ്രാധാന്യവുമുള്ളതാണ് ഇസ്‌ലാമിലെ മനുഷ്യാവകാശ വ്യവസ്ഥകൾ എന്നതിനാൽ തന്നെ അത് എന്നും പ്രസക്തം തന്നെ.

മനുഷ്യനെ ആദരണീയനായാണ് സൃഷ്ടിക്കപ്പെട്ടത്. ഭൗതിക ലോകത്ത് അവന്റെ നിയോഗവും ആദരവും തമ്മിൽ ബന്ധമുണ്ട്. അല്ലാഹു താൻ സൃഷ്ടിച്ച ഖലീഫയെ ആദരണീയനാക്കി സൃഷ്ടിച്ചു എന്നർത്ഥം. ആത്മാവും ജഡവും ചേർന്നതാണ് മനുഷ്യർ. രണ്ടിനും അല്ലാഹു നിശ്ചയിച്ചു നൽകിയ പ്രകൃതമുണ്ട്. ആദരവിനു നിരക്കാത്തവിധം ഈ പ്രകൃതം ആയിത്തീരാൻ പറ്റില്ല. മണ്ണിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെങ്കിലും അതിൽ നിക്ഷിപ്തമാക്കിയ ആത്മാവ് അല്ലാഹു സന്നിവേശിപ്പിച്ചതാണ്. അവൻ പറയുന്നു: നബിയേ, തങ്ങളുടെ നാഥൻ മലക്കുകളോട് പറഞ്ഞ സന്ദർഭം സ്മരണീയമാണ്; ‘ഞാൻ മണ്ണിൽ നിന്നും മനുഷ്യനെ സൃഷ്ടിക്കുകയാണ്. അങ്ങനെ ഞാനവനെ ശരിയായി സൃഷ്ടിച്ചുകഴിഞ്ഞ് ഞാനതിൽ എന്റെ പക്കൽ നിന്നുള്ള ആത്മാവിനെ നിക്ഷേപിച്ചാൽ നിങ്ങളവന് സാഷ്ടാംഗം ചെയ്യുന്നവരാകുവീൻ’ (സ്വാദ്: 72).

പ്രതിനിധിയെ നിശ്ചയിക്കുന്നുവെന്നു മലക്കുകളെ അറിയിച്ച ശേഷം അവരെ നിങ്ങൾ ആദരിക്കണമെന്നു നിർദേശിക്കുക കൂടി ചെയ്തിരിക്കുന്നു. മലക്കുകളുടെ ഈ സുജൂദ് ആദരവിന്റേതാണ്. മനുഷ്യ പിതാവായ ആദം(അ)ന്റെ സൃഷ്ടിപ്പ് രീതിയും അനന്തര കാര്യങ്ങളുമെല്ലാം മാനുഷ്യകത്തിന്റെ മൊത്തം പ്രഭാവത്തെയാണ് കാണിക്കുന്നത്. അല്ലാഹു ആദം സന്തതികൾക്ക് അഥവാ മനുഷ്യർക്ക് നൽകിയ ആദരവിനെ കുറിച്ച് പറഞ്ഞതിങ്ങനെ: നിശ്ചയമായും ആദം സന്തതികളെ നാം ആദരിച്ചിട്ടുണ്ട്. അവരെ കരയിലും കടലിലും നാം വാഹനത്തിൽ സഞ്ചരിപ്പിച്ചിരിക്കുന്നു. ഉത്തമമായ വിഭവങ്ങളിൽ നിന്ന് നാമവർക്ക് ഭക്ഷണമായി നൽകി. നാം സൃഷ്ടിച്ച അനേകം സൃഷ്ടികളെക്കാളും നാമവരെ ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു (അൽഇസ്‌റാഅ്: 70).

ആദരവിന്റെ കേവലമായ അർത്ഥത്തെക്കാൾ വിപുലവും മഹത്ത്വവുമുള്ളതാണിതിൽ വിവരിച്ച ബഹുമാനം. അവന്റെ ആകാര മനോഹാരിത, ഇഷ്ടാനുസരണം കടലിലും കരയിലും യാത്രക്കു സാധിക്കൽ, ഭക്ഷണം, വസ്ത്രം, പാനീയം തുടങ്ങിയവയിൽ പ്രത്യേക ശീലങ്ങളും രീതികളും, ധനം സമ്പാദിച്ചും വികസിപ്പിച്ചും ഇഷ്ടങ്ങളും ആഗ്രഹങ്ങളും സാധിക്കാൻ കഴിയുന്ന അവസ്ഥ, വേവിച്ചും പാകം ചെയ്തും ഭക്ഷണം കഴിക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങൾ പ്രത്യക്ഷമായിത്തന്നെ മനുഷ്യനിൽ വേറിട്ട് കാണാവുന്നതാണ്. രൂപത്തിലും ഭാവത്തിലും ശീലത്തിലും താനർഹിക്കുന്ന ആദരവിന് ക്ഷതമേൽക്കാതെ ജീവിക്കണമെന്നത് അവന്റെ പ്രത്യക്ഷ പ്രകൃതിയുടെ തേട്ടമാണ്. അതിനാവശ്യമായ സാഹചര്യപ്പൊരുത്തത്തെയാണ് അവന്റെ ജീവിതാവകാശങ്ങളായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

ശരീരത്തെക്കാൾ പ്രധാനമാണ് ആത്മാവ്. കാരണം ആത്മാവിന്റെ സാന്നിധ്യത്തിലാണ് ശരീരം പ്രവർത്തിക്കുന്നത്. ആത്മാവിന്റെ ആദരണീയത ഉപരിസൂചിപ്പിച്ച സൂക്തത്തിലുണ്ട്. അല്ലാഹു നിക്ഷേപിക്കുന്നതാണത്. പ്രത്യക്ഷമായ ഒരു ശക്തിയുടെയും യാതൊരുവിധ സ്വാധീനവും അതിലില്ല. അതുകൊണ്ടു തന്നെ അതിന്റെ അസ്തിത്വം പരിശുദ്ധമാണ്. ഈ പരിശുദ്ധി കളങ്കപ്പെടാതിരിക്കണമെന്നത് ആത്മാവിന്റെയും പ്രകൃതിപരമായ തേട്ടമാണ്. അതിനാൽ ആത്മാവും ആത്മാവിന്റെ സാന്നിധ്യത്തിൽ പ്രവർത്തനക്ഷമമാകുന്ന മനുഷ്യ ശരീരവും സിദ്ധികളും അതിന്റെ സ്വാഭാവികതകളും ഗുണപരമായി പരിരക്ഷിക്കപ്പെടണം.

മനുഷ്യാസ്തിത്വത്തിന്റെ ആദരണീയതയെ നിരാകരിക്കുന്നതും അവഗണിക്കുന്നതുമായ ചിന്തകളിൽ നിന്നും വീക്ഷണങ്ങളിൽ നിന്നും ഇസ്‌ലാം മുക്തമാണ്. സർവചരാചര സൃഷ്ടി സംവിധായകനായ അല്ലാഹുവിന് പുതിയൊരു സൃഷ്ടിപ്പിന് പുതിയൊരു രീതി സ്വീകരിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ല. നേരത്തെ നിലവിലുള്ള ഏതെങ്കിലും ഒരു സൃഷ്ടിയെ രൂപം മാറ്റി പുതിയൊരു സൃഷ്ടിയായി അവതരിപ്പിക്കേണ്ട സ്ഥിതി അവനില്ല. മനുഷ്യർക്കായി രൂപം നൽകിയ ശരീരത്തിൽ പുതിയ ഒരു ആത്മാവിനെത്തന്നെ നിക്ഷേപിക്കാനവനശക്തനുമല്ല. മനുഷ്യനോളം നിലവാരമില്ലാത്ത ഒരു സൃഷ്ടിയെ രൂപമാറ്റം വരുത്തുമ്പോൾ സൃഷ്ടിപ്പിന്റെ ഘടകങ്ങളുടെ ക്രോഡീകരണം മാത്രമാണല്ലോ ലാഭിക്കാനാവുന്നത്. അതിനു വേണ്ടി മനുഷ്യനെ അപേക്ഷിച്ച് അധമത്വമുള്ള ജീവിയുടെ സന്ധാരണ പ്രക്രിയയെ അവലംബിച്ചു എന്ന് പറയുന്നത് മനുഷ്യന്റെ അസ്തിത്വത്തെ ഇടിച്ചുതാഴ്ത്തുന്ന കാര്യമാണ്. ദൈവമില്ലെന്ന് സ്ഥാപിക്കാൻ ഡാർവിനും സംഘവും ഇത്രമാത്രം ക്ലേശിക്കേണ്ടിയിരുന്നില്ല.

മനുഷ്യന്റെ അടിസ്ഥാനം അല്ലാഹുവിന്റെ സൃഷ്ടിപ്പാണ്. മറിച്ച് മനോഹാരിതയും വിചാരശീലങ്ങളും സാംസ്‌കാരിക ബോധവുമില്ലാത്ത കുരങ്ങല്ല. അല്ലാഹുവിന്റെ സൃഷ്ടിയായി മനുഷ്യനെ പരിചയപ്പെടുത്തുന്നു ഇസ്‌ലാം. മനുഷ്യനെന്ന നിലയിൽ പല ആദരവുകളും നൽകുകയും അപകടപ്പെടാതിരിക്കാൻ ചട്ടക്കൂട് നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യരുടെ ഏതെങ്കിലും വികാരത്തെയോ ശീലത്തെയോ സ്വഭാവത്തെയോ ഉയർത്തിക്കാണിക്കുകയും അതിൽ അവനെ തളച്ചിടുകയും ചെയ്യുന്ന രീതിയും ഇസ്‌ലാമിലില്ല. അവനെ കേവലമൊരു ഉപഭോക്താവായി അവതരിപ്പിക്കുന്ന മുതലാളിത്തവും സാമ്പത്തികനാക്കി അവതരിപ്പിക്കുന്ന സോഷ്യലിസവും ലൈംഗികനാക്കി അവതരിപ്പിക്കുന്ന ഫ്രോയിഡിസവും മനുഷ്യരുടെ ഏതെങ്കിലും ഒരു വശത്തെ മാത്രമാണ് പരിഗണിക്കുന്നത്. അവന്റെ പ്രധാന ഘടകമായ ആത്മാവിനെ അവഗണിക്കുകയാണ് ഇത്തരം പ്രസ്ഥാനങ്ങളെല്ലാം.

മനുഷ്യനിലെ പ്രതിഭാത്വങ്ങളും വികാരങ്ങളും വിചാരങ്ങളും പ്രവർത്തനക്ഷമതകളും അവന്റെ മനസ്സും മനഃസാക്ഷിയും ആഗ്രഹങ്ങളും അഭിലാഷങ്ങളും തനിക്കനുഗുണമാക്കുന്ന ആദർശ വ്യവസ്ഥയാണ് ഇസ്‌ലാം. സംസ്‌കരണവും പരിചരണവും പ്രയോഗവൽക്കരണവും മാർഗദർശനങ്ങളും നൽകി അവന്റെ അസ്തിത്വവും വ്യക്തിത്വവും സുരക്ഷിതമാക്കുന്നു മതം.

ആദിമ മനുഷ്യനെ പാപിയാക്കി മനുഷ്യരെല്ലാം പാപികളായി പിറവിയെടുക്കുന്നുവെന്ന് കരുതുന്ന വിശ്വാസവും മുജ്ജന്മ പാപങ്ങളുടെ ഫലമായി ഹീനജന്തുക്കളായി പുനർജനിക്കുമെന്ന വിശ്വാസവും ശാരീരിക വികാരങ്ങളെയും മനുഷ്യപ്രകൃതത്തിന്റെ തേട്ടങ്ങളെയും അടിച്ചമർത്തുന്ന സന്യാസവും സാമൂഹിക നീതിയും അവസര സമത്വങ്ങളും നിഹനിക്കുന്ന സാമൂഹിക വീക്ഷണങ്ങളും മനുഷ്യനെന്ന ഉന്നത സൃഷ്ടിയുടെ മഹത്ത്വം മുഖവിലയ്‌ക്കെടുത്തില്ല എന്നു പറയേണ്ടിവരും. അത്തരം വിശ്വാസങ്ങളും വീക്ഷണങ്ങളും വച്ചുപുലർത്താനുള്ള അഭിപ്രായ-വിശ്വാസ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നതും ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന മനുഷ്യാവകാശ മൂല്യങ്ങളുടെ ഭാഗമാണ്.

മനുഷ്യന്റെ പ്രകൃതവും വികാരവിചാരങ്ങളും ആഗ്രഹാഭിലാഷങ്ങളും ദൗർബല്യങ്ങളും സംസ്‌കരിച്ച് പ്രത്യുൽപാദനപരമാക്കുകയാണ് മതം. അവയെ മുഴുവനായി അടിച്ചമർത്തുകയല്ല. ഏതൊരവസ്ഥയും തനിക്കനുകൂലമാക്കാനും ഒഴുക്കിനെതിരെ പിടിച്ചുനിൽക്കാനും സാഹചര്യങ്ങളോട് സമരസപ്പെട്ട് വ്യക്തിത്വം നിലനിർത്താനും അവനാവും. കാരണം എല്ലാം അനുഗുണമാക്കാനുള്ള മാർഗദർശനം ഇസ്‌ലാം അവനു നൽകിയിട്ടുണ്ട്. മനുഷ്യനെ ബാധിക്കുന്ന പ്രമത്തതകളെ ഖുർആൻ എണ്ണിപ്പറയുന്നത് തന്റെ ദൗർബല്യം മനസ്സിലാക്കാൻ സഹായകമാണ്: സ്ത്രീകൾ, കുട്ടികൾ, സ്വർണ-വെള്ളിക്കൂമ്പാരങ്ങൾ, ഉയർന്ന തരം കുതിരകൾ, വളർത്തു കാലികൾ, കൃഷി എന്നീ പ്രിയങ്കരമായവയോടുള്ള മോഹം മനുഷ്യർക്ക് അലങ്കാരമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ അവയൊക്കെ ഐഹിക ജീവിതത്തിലെ സുഖഭോഗ വസ്തുക്കളാണ്. ഉത്തമ സങ്കേതം അല്ലാഹുവിങ്കലാകുന്നു (ആലുഇംറാൻ: 14).

ഭാര്യ, സന്താനം, സമ്പത്ത്, വാഹനം, വളർത്തു മൃഗങ്ങൾ, കൃഷി എന്നിവയോടുള്ള അമിതമായ പ്രതിപത്തി ചിലരിലുണ്ടാവും. അത് കരണീയമല്ല. അവയെക്കാൾ മികച്ചത് അല്ലാഹുവിൽ നിന്ന് പ്രതിഫലമായി ലഭിക്കാനുള്ളതാണ്. ഇവയെല്ലാം ഐഹിക ജീവിതവുമായി ബന്ധപ്പെട്ടതും. ഇവയെയൊന്നും ജീവിത ലക്ഷ്യമാക്കാതെ ഉപാധികളാക്കുന്ന രീതിയാണ് മനുഷ്യന് ഗുണകരം. അവയിലുള്ള മോഹം ശക്തമായാൽ അവ പ്രാപിക്കുകയെന്നത് ലക്ഷ്യമായിത്തീരും. അതേസമയം അവയെ ഉപാധിയായി മാത്രം ഗണിച്ചാൽ ഉപയോഗപ്പെടുത്തൽ മാത്രമേ സംഭവിക്കൂ. അമൂല്യമായ മനുഷ്യജീവിതത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി ഈ ഭൗതിക സൗകര്യങ്ങൾ മാറിക്കൂടെന്നാണ് മതപാഠം.

ഭൗതിക സൗകര്യ-വിഭവങ്ങളുമായി ബന്ധപ്പെട്ട വികാരാവേശം സ്വാഭാവികം. പക്ഷേ അതിനെ വിവേകംകൊണ്ടും വിചാരംകൊണ്ടും സംസ്‌കരിക്കാൻ സാധിക്കണം. ഭൗതിക പ്രത്യയശാസ്ത്ര വീക്ഷണങ്ങളിൽ പലതും മനുഷ്യന്റെ ദൗർബല്യങ്ങളെ/പ്രത്യേകതകളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ്. അതിന് ചില പശ്ചാത്തല ചിത്രങ്ങളുണ്ടാവാമെങ്കിലും പൊതുവായ ഒരു തത്ത്വം അവതരിപ്പിക്കുന്നതിന് മാത്രം മാനദണ്ഡയോഗ്യത അവയ്ക്കില്ല. മനുഷ്യന്റെ ബലഹീനതകളെ വളം നൽകി കൂടുതൽ രൂക്ഷമാക്കുകയല്ല വേണ്ടത്, പരിഹാരം സമർപ്പിക്കുകയാണ്. ഇസ്‌ലാം സമർപ്പിക്കുന്നത് പരിഹാരമാണ്. അതുവഴി മനുഷ്യമഹത്ത്വത്തിനിണങ്ങാത്ത ദുഷ്‌പേരുകളിൽ നിന്നു സുരക്ഷ നേടാനാവുന്നു. ഇസ്‌ലാമികമായ ശിക്ഷണ വ്യവസ്ഥയും ധാർമിക പാഠങ്ങളും പാരത്രികമായ മുന്നറിയിപ്പുകളും പ്രസക്തമാവുന്നത് അതിനാലാണ്.

മനുഷ്യന് അംഗീകരിക്കാനും വിശ്വസിക്കാനും അവലംബമാക്കാനും തന്നെ സൃഷ്ടിച്ച നാഥനെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. തന്നെക്കാൾ ഉന്നതനും ഗുണസമ്പൂർണനും സർവജ്ഞനും സർവശക്തനുമായ അല്ലാഹുവിൽ വിശ്വസിച്ച് അവന്റെ വിനീത ദാസനായിത്തീരുന്നവൻ തന്നെ വരിഞ്ഞുമുറുക്കാനും പിടിച്ചു കെട്ടാനും മറ്റൊരു അധിപനില്ലെന്ന പ്രഖ്യാപനം കൂടി നടത്തുന്നുണ്ട്. തൗഹീദ് എന്ന ആദർശം തന്നെ കരുത്തുറ്റ അത്താണിയാണ്. താൻ നിരാലംബനല്ലെന്നും സർവശക്തന്റെ സുദൃഢമയൊരാശ്രയം തനിക്കുണ്ടെന്നുമുള്ള വിചാരം സൃഷ്ടിക്കുന്ന ആത്മവിശ്വാസവും ആത്മബലവും സക്രിയനും സമാധാനിയുമായ മനുഷ്യനെയാണ് രൂപപ്പെടുത്തുക.

ഖിലാഫത്ത് എന്ന വ്യക്തിത്വവും അതിന്റെ ആനുകൂല്യമായ ആദരവും തൗഹീദെന്ന ആദർശഭൂമികയിൽ ജീവിതം ഉറപ്പിച്ച് വിജയം വരിക്കാനാണ് പ്രേരിപ്പിക്കുന്നത്. ഏതൊന്നിനും അന്ത്യവും മറുവശവും വിചാരണയുമുണ്ടെന്ന ബോധം തൗഹീദാദർശത്തിന്റെ സംഭാവനയാണ്. തൗഹീദ് എന്ന ആദർശത്തിന് ആശയതലം മാത്രമല്ല ഉള്ളത്. ഒന്നായി ജീവിക്കലിന്റെയും ഒരുമയുടെയും ശക്തമായ പ്രചോദനമാണത്.

അല്ലാഹു ഒന്ന് എന്നു പഠിപ്പിക്കുന്ന മതവും ഒന്നായിരിക്കുമെന്നത് സ്വാഭാവികമാണ്. അവന്റെ സൃഷ്ടികളായ മനുഷ്യരും ഒന്ന് എന്നത് അഥവാ ഒരുമയിലായിരിക്കണമെന്നത് അതിന്റെ താൽപര്യമാണ്. വൈജാത്യങ്ങൾ പലതും നിലനിൽക്കുമ്പോഴും സുരക്ഷിതമായി നിലനിൽക്കേണ്ട ഒരുമ അതിന്റെ പകൃതിപരമായ കാരണങ്ങൾകൊണ്ട് സുഭദ്രമായിരിക്കണം. മനുഷ്യൻ എന്ന വിലാസത്തിൽ സാധിക്കേണ്ടതാണീ ഒരുമപ്പെടൽ. സാഹോദര്യമെന്നോ സമത്വമെന്നോ സൗകര്യം പോലെ ഇതിനെ വിളിക്കാം. ബനൂ ആദം(ആദം സന്തതികൾ), ഇൻസാൻ(മനുഷ്യൻ), നാസ്(ജനങ്ങൾ) എന്നീ പദങ്ങളാണ് മനുഷ്യനെ പറ്റി ഖുർആൻ പൊതുവായി പ്രയോഗിക്കുന്നത്. ഈ സംജ്ഞകളിൽ പ്രയോഗിക്കപ്പെടുമ്പോൾ മനുഷ്യരുടെ പരസ്പര ബന്ധം അതിൽ നിലീനമായിട്ടുണ്ട്. അല്ലാഹു പറയുന്നു: മനുഷ്യരേ, നിങ്ങളെ നാം ഒരാണിൽ നിന്നും പെണ്ണിൽ നിന്നുമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങളെ നാം വ്യത്യസ്ത വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയിരിക്കുന്നു. നിങ്ങൾ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണത്. അല്ലാഹുവിന്റെ അടുക്കൽ ഏറെ ആദരണീയർ നിങ്ങളിൽ ഏറ്റവും ഭക്തിയുള്ളവരാണ് (അൽഹുജുറാത്ത്: 13).

നബി(സ്വ) പറഞ്ഞു: ജനങ്ങളേ, നിങ്ങളുടെ നാഥൻ ഒന്ന്, പിതാവ് ഒന്ന്, എല്ലാവരും ആദമിന്റെ സന്തതികളാണ്. ആദം മണ്ണിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. അല്ലാഹുവിന്റെ അടുക്കൽ ഏറെ ആദരണീയർ നിങ്ങളിൽ ഏറ്റവും ഭക്തിയുള്ളവരാണ്. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ, ചുവന്നവന് വെളുത്തവനേക്കാളോ, വെളുത്തവന് ചുവന്നവനേക്കളോ തഖ്‌വയുടെ അടിസ്ഥാനത്തിലല്ലാതെ ഒരു ശ്രേഷ്ഠതയുമില്ല (അഹ്മദ്).

മനുഷ്യർക്കിടയിൽ വിവേചനവും അയിത്തവും ഉണ്ടാകരുത്. കാരണം എല്ലാവരും ഒരു കുടുംബമാണ്. അടിസ്ഥാനം മണ്ണാണ്. മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യപുത്രൻമാരും പുത്രികളുമായി പെരുകിയതാണ്. അവന്റെ ഭാഷയും ദേശവും വർണവും സാഹചര്യവും വ്യത്യസ്തമായതിൽ ചില സൗകര്യങ്ങൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ടെന്നത് സത്യം. പരസ്പരം അറിയാനും മനസ്സിലാക്കാനുമാണത്. വിവേചനത്തിനും അയിത്തത്തിനുമല്ല. മനുഷ്യൻ എന്ന മനോഹര ജീവിയെ അർഹിക്കുംവിധം പരിഗണിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഭൗതികമായ അതിജീവന പ്രശ്‌നങ്ങളിൽ ഇസ്‌ലാമിന്റെ ഈ വിശാലമായ കാഴ്ചപ്പാട് വ്യക്തമായിക്കാണാം.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ പരാമർശിക്കപ്പെട്ട മൗലികമായ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഇസ്‌ലാം സമർപ്പിക്കുന്ന അവകാശ സ്വാതന്ത്ര്യങ്ങളോളം വരില്ല എന്നതാണ് സത്യം. ഇസ്‌ലാമിന്റെ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ പരാമർശിക്കപ്പെട്ട മൗലികാവകാശ പ്രഖ്യാപനങ്ങൾക്ക് വ്യക്തവും സുഭദ്രവുമായ ഒരു ആദർശാടിത്തറയുണ്ട്. അതിൽ സ്ഥാപിതമായതിനാൽ അതിന്റെ പ്രയോഗവും പ്രതിഫലനവും ഇസ്‌ലാമിക് സൊസൈറ്റിയിൽ വ്യക്തമായി കാണാനാവും.

മക്കാവിജയ നാളിൽ കഅ്ബയിൽ ആദ്യത്തെ വാങ്ക് വിളിച്ചത് ബിലാൽ(റ) ആയിരുന്നു. നിറത്തിലും കുലീനതയിലും അറേബ്യയിലെ പൊതുവിചാരമനുസരിച്ച് താഴ്ന്നവൻ. എന്നാൽ അദ്ദേഹത്തെ കൊണ്ടുതന്നെ വാങ്കു കൊടുപ്പിച്ച നബി(സ്വ)യുടെ നടപടി എക്കാലത്തെയും സാമൂഹിക പരിഷ്‌കർത്താക്കൾക്കും പരിഷ്‌കരണ സംരംഭങ്ങൾക്കും മാതൃകയാണ്. സത്യം വിശ്വസിക്കാത്ത ചിലർ മാത്രമാണന്ന് അതിനെതിരായി മുഖം ചുളിച്ചത്. ലോക ചരിത്രത്തിൽ ഒരിക്കൽ മാത്രം നടന്നതാണ് കഅ്ബയിൽ കയറിയുള്ള ആദ്യ വാങ്ക്. അത് നിറത്തിൽ കറുത്ത, മക്കയിൽ മാടമ്പികളുടെ ക്രൂരമർദനത്തിനിരയായ, എത്യോപ്യൻ അടിമ ബിലാൽ(റ) ആയി. ഇതിനെ വെല്ലാൻ മറ്റൊരു ചരിത്ര മുഹൂർത്തമില്ല.

യാതൊരു വിവേചനവുമില്ലാതെ, തങ്ങളുടെ സഹോദരങ്ങളായി പരദേശികളായെത്തിയ സുഹൈബിനെ(റ)യും സൽമാനെ(റ)യും കാണാനും പരിഗണിക്കാനും സത്യവിശ്വാസികൾക്കു സാധിച്ചു. തിരുനബി(സ്വ) അവരുടെ മുൻനിരയിലായിരുന്നുതാനും. ഉപരി സൂചിത തൗഹീദ് എന്ന ആദർശത്തിലാണ് ഖിലാഫത്ത് എന്ന മനുഷ്യാസ്തിത്വത്തിന്റെ തായ്‌വേരുകളുള്ളത് എന്നതാണിതിന്റെ കാരണം.

ഇസ്‌ലാം പഠിപ്പിക്കുന്ന സാമൂഹ്യനീതി വ്യവസ്ഥകളിലും ജീവകാരുണ്യ സേവനനിർദേശങ്ങളിലും ഇതിന്റെ പ്രകടമായ സാന്നിധ്യം കാണാം. പച്ചക്കരളുള്ളതിന് പച്ചവെള്ളം കൊടുത്താൽ ആത്യന്തിക വിജയത്തിന് അത് മതിയാവും; മനുഷ്യനാവണമെന്നില്ല. അയൽവാസി പട്ടിണി കിടക്കേ വയറ് നിറക്കുന്നവൻ പൂർണ വിശ്വാസിയല്ല. അയൽവാസി മനുഷ്യനാണെന്ന പരിഗണന മാത്രമാണിവിടെ, വിശ്വാസിയാവണമെന്നില്ല. മതപരമായി അവിശുദ്ധമോ മ്ലേച്ഛമോ അപകടകാരിയോ ആയത് തനിക്ക് പറ്റില്ല എന്നതു പോലെ അപരർക്കും അത് നൽകിക്കൂടെന്നാണ് മതവിധി. സ്വന്തത്തിന് കൽപിക്കുന്ന ആദരം അപരനും വകവച്ച് നൽകണമെന്നാണ് ഇസ്‌ലാം ഉണർത്തിയിരിക്കുന്നത്.

മദ്യം, ശവം, പന്നിയിറച്ചി തുടങ്ങിയവ വിശ്വാസിക്ക് നിഷിദ്ധമാണ്. അതിനാൽ തന്നെ അതിന്റെ വിൽപനയും ഭക്ഷിപ്പിക്കലും കുടിപ്പിക്കലും ആർക്കാണെങ്കിലും നിഷിദ്ധം തന്നെ. മനുഷ്യന്റെ അടിസ്ഥാന സവിശേഷതയായ ആദരത്തെ വിശ്വാസി വിശാലമായാണ് പരിഗണിക്കേണ്ടത് എന്നർത്ഥം. മാനവനൊന്ന് എന്ന ആശയത്തെ ഇത്രമേൽ പരിഗണിക്കാൻ മറ്റേത് പ്രത്യയശാസ്ത്രത്തിനാണ് കഴിഞ്ഞിട്ടുള്ളത്?

സമൂഹത്തിൽ വൈജാത്യങ്ങൾ സ്വാഭാവികമാണ്. അതിനെ തല്ലിക്കെടുത്താൻ സാധിക്കണമെന്നില്ല. അതിന്റെ പേരിൽ അവഗണനയല്ല വേണ്ടത്, പരിഗണനയാണ്. ഏതൊരു കുറവും പൂർണതയും താങ്ങും തേടുന്നുണ്ട്. ആരോഗ്യം, ആയുസ്സ്, ജീവിത ധർമം, സാമ്പത്തികം, ആകാരം, ലിംഗം, അനാഥത്വം, വൈധവ്യം തുടങ്ങിയവയിലൊക്കെ ഏറ്റവ്യത്യാസങ്ങളുണ്ടാവും. താരതമ്യേനെ ദൗർബല്യമോ കുറവോ ഉള്ളവർ പരിഗണിക്കപ്പെടണമെന്ന പ്രത്യേകമായ പാഠങ്ങൾ ഇസ്‌ലാം സമർപ്പിക്കുന്നു. ആ പരിഗണനകൾ സൗജന്യം എന്ന നിലയിൽ ഐച്ഛികമായി ചെയ്തുകൊടുക്കേണ്ടവ മാത്രമല്ല. നിർബന്ധമായും അനുഷ്ഠിക്കുകയും പാലിക്കുകയും ചെയ്യേണ്ടവയും അതിലുണ്ട്. ലംഘിച്ചാൽ ശിക്ഷയും പാലിച്ചാൽ പ്രതിഫലവും ഉണ്ടെന്ന് അറിയിച്ചിട്ടുമുണ്ട്. സ്ത്രീകൾ, കുട്ടികൾ, മാതാപിതാക്കൾ, തൊഴിലാളികൾ, വൃദ്ധർ, ദരിദ്രർ, അഗതികൾ, വിധവകൾ, അനാഥർ, ഗുരുനാഥർ, വിദ്യാർത്ഥികൾ, യാത്രക്കാർ, രോഗികൾ, പവിത്ര വസ്തുക്കൾ, സ്ഥലങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവക്കെല്ലാം നിശ്ചിതമായ അവകാശങ്ങളുണ്ട്. സംരക്ഷണത്തിനും അതിജീവനത്തിനും വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും ചികിത്സക്കും പരിചരണത്തിനും അനുമോദനത്തിനുമുള്ള അവകാശങ്ങൾ ഇസ്‌ലാമിക ധർമ-കർമശാസ്ത്രങ്ങൾ പഠിപ്പിക്കുന്നു. മനുഷ്യന് മാത്രമല്ല, ജീവികൾക്കും മണ്ണിനും വിണ്ണിനും വായുവിനും ജലത്തിനും അവകാശങ്ങളും അവയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ഗുണപരവും അനിവാര്യവുമായ  നിർദേശങ്ങളും കാണാം. പ്രകൃതിയുടെ സന്തുലനത്തിനും അതെല്ലാം അത്യന്താപേക്ഷിതമായതിനാൽ വിശ്വാസി അത് പാലിച്ചേ തീരൂ.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ