വൈജ്ഞാനിക മേഖലയിൽ അതുല്യമായ വ്യക്തിമുദ്ര പതിപ്പിച്ച ഇമാം ശാഫിഈ(റ) കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പര്യായമായിരുന്നു. വൈജ്ഞാനിക മുന്നേറ്റത്തിനു വേണ്ടി വിവിധ രാജ്യങ്ങൾ സന്ദർശിച്ച അദ്ദേഹം നിരവധി ഗുരുവര്യന്മാരുടെ ശിഷ്യത്വം സ്വീകരിക്കുകയും അനുഗ്രഹം കരഗതമാക്കുകയും വിജ്ഞാനത്തിന്റെ നാനാതുറകളിൽ അഗാധമായ അവഗാഹം നേടുകയും ചെയ്തു.

ചെറുപ്പത്തിൽ തന്നെ പ്രായത്തിൽ കവിഞ്ഞ പക്വത പ്രകടിപ്പിച്ച മഹാനവർകൾ ജീവിതത്തിലുടനീളം ബുദ്ധിപരമായ ഔന്നത്യം നിലനിർത്തി.

ഇമാം ശാഫിഈ(റ)ന് പ്രധാനമായും ഇരുപത് ഗുരുവര്യരുണ്ടെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അവരിൽ അഞ്ചു പേർ മക്കയിലായിരുന്നു. ആറു പേർ മദീനയിലും നാലു പേർ യമനിലും. ഇറാഖിലും അഞ്ച്  ഗുരുവര്യരുണ്ടായിരുന്നു (അൽഇമാമുശ്ശാഫിഈ: മനാഖിബുഹു വ മവാഹിബുഹു/86).

 

മക്കയിലെ ഗുരുവര്യർ

മക്കയിൽ ഇമാം കർമശാസ്ത്ര പഠനം ആരംഭിച്ചത് മുസ്‌ലിമു ബിനു ഖാലിദ് അസ്സൻജി(റ-വഫാത്ത് ഹിജ്‌റ 180)വിൽ നിന്നാണ്. മികവുറ്റ പണ്ഡിതനും മതകാര്യങ്ങളിൽ അങ്ങേയറ്റം കണിശത പുലർത്തുന്നയാളുമായിരുന്നു ഇദ്ദേഹം. അഹ്മദുൽ അസ്‌റഖി(റ) പറയുന്നു: ‘മുസ്‌ലിമു ബ്‌നു ഖാലിദ്(റ) അഗ്രേസരനായ കർമശാസ്ത്ര വിശാരദനും സുന്നത്തുനോമ്പനുഷ്ഠിക്കുന്ന മഹദ്‌വ്യക്തിത്വവുമായിരുന്നു.’ മിസ്വ്അബുബ്‌നു അബ്ദില്ലാഹ്(റ) പറയുന്നു: ‘ആദ്യഘട്ടത്തിൽ ഇമാം ശാഫിഈ(റ) കവിതയിലും സാഹിത്യത്തിലും മാത്രമാണ് ശ്രദ്ധ ചെലുത്തിയിരുന്നത്. പിൽക്കാലത്താണ് അദ്ദേഹം കർമശാസ്ത്രത്തിലേക്കു തിരിഞ്ഞത്. അതിനൊരു കാരണമുണ്ട്. ഒരു ദിവസം ഇമാം വാഹനപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. പിന്നിൽ എന്റെ പിതാവിന്റെ എഴുത്തുകാരനുമുണ്ടായിരുന്നു. യാത്രക്കിടെ ഇമാം ഒരു പദ്യം ചൊല്ലിയപ്പോൾ പിന്നിലിരിക്കുന്ന എഴുത്തുകാരൻ അദ്ദേഹത്തെ മുട്ടി വിളിച്ചു കൊണ്ട് പറഞ്ഞു: ‘നിങ്ങളെ പോലെയുള്ളവർ ഇത്തരം വിഷയങ്ങളിൽ ആയുസ്സ് നഷ്ടപ്പെടുത്തുകയാണോ? കർമശാസ്ത്രവുമായി നിങ്ങൾക്ക് എന്ത് ബന്ധമാണുള്ളത്? ഈ ചോദ്യം മഹാനവർകളെ വല്ലാതെ ചിന്തിപ്പിച്ചു. ശേഷം മക്കയിലെ മുഫ്തി മുസ്‌ലിമുബ്‌നു ഖാലിദുസ്സൻജി(റ)യെ സമീപിച്ച് കർമശാസ്ത്ര പഠനം ആരംഭിച്ചു. പിന്നീട് മദീനയിൽ ഇമാം മാലികി(റ)ന്റെ ദർസിലും പങ്കെടുത്തു’ (തഹ്ദീബ്).

സുഫ്‌യാനുബ്‌നു ഉയയ്‌ന(മരണം ഹി. 198)യാണ് ശാഫിഈ ഇമാമിന്റെ മറ്റൊരു ഗുരുനാഥൻ. ഹദീസ് വിവരണങ്ങളിലും ശേഖരണത്തിലും വിശ്രുതനായിരുന്നു അദ്ദേഹം. ഹർമല(റ) പറയുന്നു: ‘ശാഫിഈ(റ) പറയുന്നതു ഞാൻ കേട്ടു; സുഫ്‌യാനുബ്‌നു ഉയയ്‌ന (റ)യുടെ അടുക്കലുള്ളതിനേക്കാൾ വിജ്ഞാന സാമഗ്രികൾ മറ്റൊരാളുടെയടുത്തും ഞാൻ കണ്ടിട്ടില്ല. മഹാനവർകളേക്കാൾ ഹദീസ് വിശദീകരണം നന്നായി അറിയാവുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല’. ഇബ്‌നു മഹ്ദിയും ഇതേ ആശയം പങ്കുവെക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ‘സുഫ്‌യാനുസ്സൗരി(റ)വിന്റെയടുക്കലുള്ളതിനേക്കാൾ ഖുർആനിക വിജ്ഞാനവും ഹദീസ് വിശദീകരണ വിവരവും ഇബ്‌നു ഉയയ്‌ന(റ)ന്റെയടുത്തുണ്ട്’. ശാഫിഈ ഇമാം പറയുന്നു: ‘മതവിധികളുടെ അടിസ്ഥാനങ്ങൾ അഞ്ഞൂറോളം ഹദീസുകളാണ്. അവയിൽ മുപ്പതെണ്ണമൊഴികെയുള്ളവ ഞാൻ ഇമാം മാലിക്(റ)ന്റെയടുത്ത് കണ്ടിട്ടുണ്ട്’. അതേസമയം അവയിൽ നാല് ഹദീസ് ഒഴികെയുള്ളവ ഞാൻ ഇബ്‌നു ഉയയ്‌നയുടെ പക്കൽ കണ്ടിട്ടുണ്ട്’.

ഇബ്‌നു ജുറൈജ്, മഅ്മറുബ്‌നു റാശിദ്, മർവാനുബ്‌നു സാലിം, ഉസ്മാനുബ്‌നു അസ്‌വദ് തുടങ്ങിയവരിൽ നിന്ന് ഹദീസ് റിപ്പോർട്ട് ചെയ്ത അബ്ദുൽ മജീദ്ബ്‌നു അബ്ദിൽ അസീസ് ബ്‌നു അബീറവ്വാദ് (മരണം ഹി. 206)വും ഉബൈദുല്ലാഹിബ്‌നു ഉമർ(റ), യൂനുസ് ബ്‌നു അബീ ഇസ്ഹാഖ്(റ), സുഫ്‌യാനുസ്സൗരി(റ) തുടങ്ങിയ പ്രമുഖരിൽ നിന്ന് ഹദീസ് സ്വായത്തമാക്കിയ സഈദു ബ്‌നു സാലിം(മരണം ഹി. 200)വും ശാഫിഈ ഇമാമിന്റെ മക്കയിലെ ഉസ്താദുമാരാണ്.

ദാവൂദ്ബ്‌നു അബ്ദുറഹ്മാനിൽ അത്വാർ(മരണം ഹി. 174) ഇമാമവർകളുടെ മറ്റൊരു ഗുരുവാണ്. അബൂജഅ്ഫറു ത്വഹാവി(റ) പറയുന്നു: ‘അഹ്മദുബ്‌നു മുഹമ്മദ് ശാഫിഈ(റ) എന്നോട് പറഞ്ഞു: ‘എന്റെ പിതൃവ്യനായ ഇബ്‌റാഹീമുബ്‌നു മുഹമ്മദു ശാഫിഈ(റ) ഇങ്ങനെ പറയുന്നതു ഞാൻ കേൾക്കാനിടയായി. ഫുളൈലുബ്‌നു ഇയാളിനേക്കാൾ ആരാധനാനിമഗ്നനായ ഒരാളെയോ, ദാവൂദ്ബ്‌നു അബ്ദുറഹ്മാനിൽ അത്വാറിനേക്കാൾ സൂക്ഷ്മശാലിയായ ഒരാളെയോ ഞാൻ കണ്ടിട്ടേയില്ല.’

പതിനൊന്നു കൊല്ലം മക്കയിൽ  താമസിച്ച ഇമാം ശാഫിഈ(റ) വൈജ്ഞാനിക രംഗത്ത് അതിവേഗം മുന്നേറുകയും കാലഘട്ടത്തിലെ മുഴുവൻ പണ്ഡിതരുടെയും ആശ്രയമായി മാറുകയും ചെയ്തു. അബൂ നുഐം(റ) രേഖപ്പെടുത്തുന്നു: ‘മക്കയിലെ മസ്ജിദുൽ ഹറാമിലിരുന്ന് ഫത്‌വ നൽകിയിരുന്ന ഇബ്‌നു അബ്ബാസ്(റ)നു ശേഷം അത്വാഉ ബ്‌നു അബീ റവാഹ്(റ)വാണ് ആ സ്ഥാനം അലങ്കരിച്ചിരുന്നത്. ശേഷം അബ്ദുൽ മലിക് ബ്‌നു അബ്ദുൽ അസീസ്ബ്‌നു ജുറൈജ്(റ)വും പിന്നീട് മുസ്‌ലിമുബ്‌നു ഖാലിദ് അസ്സഞ്ചി(റ)യും അതിനു ശേഷം സഈദ്ബ്‌നു സാലിം(റ)വും ഫത്‌വ നൽകുന്നവരായി തുടർന്നു. പിന്നീട് ആ സ്ഥാനത്തിരുന്നത് യുവപണ്ഡിതനായ മുഹമ്മദ് ബ്‌നു ഇദ്‌രീസ് അശ്ശാഫിഈ(റ) ആയിരുന്നു’ (ഹിൽയതുൽ ഔലിയാഅ് 9/93).

 

മദീനയിലെ ഗുരുവര്യർ

മക്കയിലെ ദീർഘകാല പഠന കാലത്ത് വ്യത്യസ്ത വിജ്ഞാനങ്ങൾ നുകർന്ന ശേഷം ഉപരി പഠനത്തിനു വേണ്ടി ഇമാം മാലിക്(റ)ന്റെ ദർസിൽ പങ്കെടുക്കണമെന്ന ആഗ്രഹത്തോടെ ഇമാം ശാഫിഈ(റ) മദീനയിലേക്ക് തിരിച്ചു. 12,000 ഹദീസുകൾ ക്രോഡീകരിച്ച ഇമാം മാലിക്(റ)ന്റെ മുവത്വ ഒമ്പതു രാത്രികൊണ്ട് മനഃപ്പാഠമാക്കിയതിനു ശേഷമായിരുന്നു പ്രസ്തുത യാത്ര. തന്റെ ഗ്രന്ഥമായ മുവത്വ കാണാതെ പാരായണം ചെയ്ത ഇമാമവർകളോട്  മാലിക്(റ)വിന് അതിയായ സ്‌നേഹവും വാത്സല്യവും തോന്നി. വീണ്ടും വീണ്ടും അതു പാരായണം ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. ശേഷം ഒരു  ഉപദേശവും നൽകി. ‘നിങ്ങൾ അല്ലാഹുവിനെ ഭയക്കുക, നല്ല സ്ഥാനം നിങ്ങൾക്ക് പിന്നീട് കൈവരും. നിങ്ങളുടെ ഹൃദയത്തിൽ അല്ലാഹു പ്രകാശം നിക്ഷേപിച്ചിരിക്കുന്നു. പാപം കൊണ്ട്  നിങ്ങൾ ആ പ്രഭയെ കെടുത്തിക്കളയരുത്’ (തഹ്ദീബ് 1/54).

പിന്നീട് മാലിക്ബ്‌നു അനസ്(റ) ഹിജ്‌റ 179-ലാണ് വഫാത്താകുന്നത് ഹാഫിള് ദഹബി പറയുന്നു: ‘പതിമൂന്നാം വയസ്സിലാണ് ഇമാം ശാഫിഈ(റ) മാലിക്ബ്‌നു അനസ്(റ)ന്റെ സവിധത്തിലെത്തിയത്’ (സിയറു അഅ്‌ലാമിന്നുബലാഅ് 10/12).

മാലിക്(റ)ന്റെ ശിഷ്യത്വം സ്വീകരിച്ച ശാഫിഈ ഇമാം പഠന കാര്യങ്ങളിൽ അതി സാമർത്ഥ്യം നിലനിർത്തി. പതിനാലാമത്തെ വയസ്സിൽ തന്നെ മഹാനവർകൾ ഫത്‌വ നൽകാനുള്ള അനുവാദം നൽകിയിരുന്നു.

മദീനയിലെ കർമശാസ്ത്ര പ്രമുഖരിൽപ്പെട്ട വ്യക്തിയും മാലികി ഇമാമിന്റെ സന്തത സഹചാരിയുമായിരുന്ന അബ്ദുല്ലാഹി സ്വാഇഗ്(മരണം ഹി. 206)വും സ്വഫ്‌വാനുബ്‌നു സലീം(റ), യസീദുബ്‌നുൽ ഹാദ്(റ), സൗർ നു സൈദ്(റ) എന്നിവരിൽ നിന്നും ഹദീസ് റിപ്പോർട്ട് ചെയ്ത അബ്ദുൽ അസീസുദ്ദറാവർദി(മരണം ഹി. 186)വും പ്രഗത്ഭ പണ്ഡിതരായിരുന്ന ഇബ്‌നു അബീഫുദൈക്(മ. 200)വും ഇബ്‌റാഹീമുബ്‌നു മുഹമ്മദ്(മ.184)വും ഇബ്‌റാഹീമുബ്‌നു സഅദ്(മ.183)വും ഇമാമവർകളുടെ മദീനയിലെ മറ്റു ഉസ്താദുമാരാണ്. ബുഖാരി(റ) പറയുന്നു: ‘മദീനക്കാരിൽ അക്കാലത്ത് ഏറ്റവും കൂടുതൽ ഹദീസ് കൈവശമുണ്ടായിരുന്ന വ്യക്തിയായിരുന്നു ഇബ്‌റാഹീമു ബ്‌നു സഅദ്(റ)’. പതിനാറു വർഷമാണ് ഇമാം ശാഫിഈ (റ) മദീനയിൽ താമസിച്ചത്.

 

യമനിലെ ഗുരുവര്യർ

ഇമാം മാലിക്(റ)ന്റെ വഫാത്തിനു ശേഷം ശാഫിഈ ഇമാം യമനിലേക്കു പുറപ്പെട്ടു. അവിടെ നിന്നും ഒട്ടനവധി ഗുരുവര്യന്മാരുടെ ശിഷ്യത്വം സ്വീകരിച്ചു. അബൂ അയ്യൂബ് മുത്വറഫുബ്‌നു മാസിൻ (മ.191), യമനിലെ സ്വൻആഇലെ ഖാളിയും കർമശാസ്ത്ര വിശാരദനുമായ ഹിശാമുബ്‌നു യൂസുഫ് (മ.197), ഔസാഈ(റ), ലൈസുബ്‌നു സഅദ്(റ), മാലിക് ബ്‌നു അനസ്(റ) എന്നിവരിൽ നിന്നെല്ലാം ഹദീസുകൾ സ്വായത്തമാക്കിയ അംറുബ്‌നു അബീസലമ (മ.214), ഹമ്മാദ്ബ്‌നു സലമ(റ), ലൈസ്ബ്‌നു സഅദ്(റ), മാലിക്ബ്‌നു അനസ്(റ), ഹമ്മാദ്ബ്‌നു സൈദ്(റ) എന്നിവരിൽ നിന്നും ഹദീസ് റിപ്പോർട്ട് ചെയ്ത യഹ്‌യബ്‌നു ഹിസാൻ (മ.208) എന്നിവരാണ് ഇമാം ശാഫിഈ(റ) വിന്റെ യമനിലെ ഉസ്താദുമാർ.

 

ഇറാഖിലെ ഗുരുവര്യർ

മക്കയിൽ നിന്നും മദീനയിൽ നിന്നും യമനിൽ നിന്നും വിജ്ഞാനം വേണ്ടവിധം നുകർന്ന ഇമാം ശാഫിഈ(റ) ഇറാഖിലും ശ്രമം തുടർന്നു കൊണ്ടിരുന്നു. ഇറാഖിലെ കർമശാസ്ത്ര പണ്ഡിതരിൽ പ്രമുഖനായിരുന്ന മുഹമ്മദ് ബ്‌നു ഹസൻ(മ.189)വിന്റെ ശിഷ്യത്വം സ്വീകരിച്ചു. ഔസാഈ(റ), മാലിക് ബ്‌നു അനസ്(റ) തുടങ്ങിയവരിൽ നിന്നും ഹദീസുകൾ റിപ്പോർട്ട് ചെയ്ത മുഹമ്മദ് ബ്‌നു ഹസൻ(റ), ഫിഖ്ഹിന്റെ ചില ഭാഗങ്ങൾ ഇമാം അബൂഹനീഫ(റ)വിൽ നിന്നും മറ്റു ഭാഗങ്ങൾ ഖാളി അബൂയുസുഫ്(റ)വിൽ നിന്നുമാണ് പഠിച്ചിരുന്നത്. ഇബ്‌റാഹീമുൽ ഹറബി പറയുന്നു: ‘ഞാനൊരിക്കൽ ഇമാം അഹ്മദ്(റ)വിനോട് ചോദിക്കുകയുണ്ടായി. ഇത്രയധികം മസ്അലകൾ താങ്കൾക്കെവിടെനിന്നാണ് ലഭിച്ചത്?’  ‘മുഹമ്മദ് ബ്‌നുൽ ഹസനിന്റെ ഗ്രന്ഥങ്ങളിൽ നിന്ന് ‘എന്നായിരുന്നു മഹാനവർകളുടെ മറുപടി.

അതിഭക്തനും മഹാ പണ്ഡിതനുമായ വകീഅ് ബ്‌നു ജർറാഹ്(മ.197)വിൽ നിന്നും ഇമാം ശാഫിഈ(റ)വിന് വിജ്ഞാനം സമ്പാദിക്കാൻ സാധിച്ചു. ഫള്‌ല്ബ്‌നു മുഹമ്മദിശ്ശഅ്‌റാനി(റ) പറയുന്നു: യഹ്‌യബ്‌നു അക്‌സം പറയുന്നതു ഞാൻ കേട്ടു. ‘ഞാൻ വകീഇനോടൊപ്പം യാത്രയിലും അല്ലാത്തപ്പോഴും കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം പകൽ മുഴുവൻ നോമ്പെടുക്കുകയും ഓരോ രാത്രിയിലും ഖുർആൻ ഖത്മ് ചെയ്യാറുമുണ്ടായിരുന്നു.’ അഹ്മദ്ബ്‌നു ഹമ്പൽ(റ) പറയുന്നു: ‘വകീഅ്(റ)നേക്കാൾ വിജ്ഞാനം സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരാളെയും എനിക്കറിയില്ല.’

ഒരു പുരുഷായുസ്സു മുഴുവൻ വിജ്ഞാനത്തിനു വേണ്ടി മാറ്റിവെച്ച അബൂ ഉസാമത്തിൽ കൂഫി(മ.201)യിൽ നിന്നും തന്റെ സർവസ്വവും ഹദീസിനു വേണ്ടി സമർപ്പിച്ച അബ്ദുൽ വഹാബിസഖഫി(മ.194)യിൽ  നിന്നും അറിവു പഠിക്കാനുള്ള ഭാഗ്യവും ശാഫിഈ ഇമാമിനു ലഭിച്ചു. അബ്ദുല്ലാഹിബ്‌നു ഉമർബ്‌നു അബാൻ(റ) പറയുന്നു: ‘എന്റെ ഈ രണ്ടു വിരലുകൾ കൊണ്ട് ഒരു ലക്ഷം ഹദീസ് ഞാൻ എഴുതി വെച്ചിട്ടുണ്ടെന്ന് അബൂ ഉസാമ(റ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.’ സുഫ്‌യാൻ(റ) പറയുന്നു: ‘കൂഫയിൽ(ഇറാഖിലെ) അബൂ ഉസാമയെക്കാൾ ബുദ്ധിശക്തിയുള്ള ഒരാളും അക്കാലത്തുണ്ടായിരുന്നില്ല’. അംറുബ്‌നു അലി(റ) പറയുന്നു: അബ്ദുൽ വഹാബ്ബ്‌നു അബ്ദിൽ മജീദിസ്സഖഫി(റ)വിന് ഒരോ വർഷവും 40,000-ത്തിന്റെയും 50,000-ത്തിന്റെയും ഇടയിൽ വരുമാനമുണ്ടായിരുന്നു. എന്നാൽ അവയിലൊന്നും ശേഷിക്കാത്ത വിധം, ഹദീസിന്റെ ആളുകൾക്ക് വേണ്ടി അവ മുഴുവൻ അദ്ദേഹം ചെലവഴിക്കുകയാണ് ചെയ്യാറുള്ളത്.(സിയറു അഅ്‌ലാമിന്നു ബലാഅ്).

കർമശാസ്ത്രത്തിലും ഹദീസ് പാണ്ഡിത്യത്തിലും ഒരു പോലെ മികവു തെളിയിച്ച ഇസ്മാഈൽബ്‌നു അലിയ്യത്തുൽ ബസ്വരി(മ.193) ഇമാം ശാഫിഈയുടെ പ്രധാന ഉസ്താദുമാരിലൊരാളാണ്. യൂനുസ് ബ്‌നു ബുകൈർ(റ) പറയുന്നു: ‘ഇസ്മാഈലുബ്‌നു അലിയ്യ ഹദീസ് പണ്ഡിതന്മാരുടെ നേതാവാണെന്ന് ശുഐബ്(റ) പറയുന്നതു ഞാൻ കേട്ടു’. ഇബ്‌റാഹീമിബ്‌നു അബ്ദില്ലാ(റ) പറയുന്നു: ‘ബസ്വറയിൽ ചെന്നപ്പോൾ അവിടെ ഇബ്‌നു അലിയ്യയേക്കാൾ ഹദീസിൽ മാഹാത്മ്യമുള്ള ഒരാളെയും കണ്ടിട്ടില്ലെന്ന് യസീദ് ബ്‌നു ഹാറൂൻ(റ) പറയുന്നതു ഞാൻ കേൾക്കാനിടയായിട്ടുണ്ട്’. ശുഅ്ബ(റ) പറഞ്ഞു: ‘ഇബ്‌നു അലീ(റ) കർമശാസ്ത്ര പണ്ഡിതരുടെ കൂട്ടത്തിലുള്ള സുഗന്ധച്ചെടിയാണ്’ (സിയറു അഅ്‌ലാമിന്നുബലാഅ്). ഇങ്ങനെയുള്ള മഹാജ്ഞാനികളിൽ നിന്ന് വിദ്യ ആർജിച്ചതുകൊണ്ട് ശാഫിഈ(റ) പണ്ഡിതരുടെ പണ്ഡിതനായി മാറി.

സൈനുദ്ദീൻ ഇർഫാനി മാണൂർ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ