MA-USTHAD

എംഎ ഉസ്താദ് മണ്‍മറഞ്ഞു. കേരളീയ മുസ്‌ലിംകളുടെ ധൈഷണിക നായകനായിരുന്നു ഉസ്താദ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഉസ്താദിനെപ്പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പണ്ഡിതര്‍ അപൂര്‍വമായിരിക്കും. എഴുത്തുകാരന്‍, വാഗ്മി, സംഘാടകന്‍, ചിന്തകന്‍, മുദരിസ് തുടങ്ങി ഉസ്താദിന്‍റെ വിശേഷണങ്ങള്‍ ഏറെ. ഒരു വര്‍ഷം മുമ്പ് താജുല്‍ ഉലമ വിട പറഞ്ഞപ്പോള്‍ സമസ്തയുടെ അധ്യക്ഷസ്ഥാനത്തേക്ക് ആര് വരണമെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. അധ്യക്ഷ പദവിയില്‍ എംഎ ഉസ്താദ് ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നതിനിടയിലാണ് അവിടുത്തെ വിയോഗം. പ്രായത്തിന്‍റെ അവശതകളുണ്ടായിരുന്നെങ്കിലും, പെട്ടെന്നുള്ള ഉസ്താദിന്‍റെ വിയോഗ വാര്‍ത്ത കേട്ട് സുന്നി കൈരളി മുഴുവന്‍ തേങ്ങി. ഒരു നോക്കുകാണാന്‍ പതിനായിരങ്ങള്‍ തൃക്കരിപ്പൂരിലേക്കും സഅദിയ്യയിലേക്കും ഒഴുകി. ജീവിതകാലത്ത് ഏറ്റവും താല്‍പര്യത്തോടെ നട്ടുവളര്‍ത്തിയ സഅദിയ്യ:യുടെ ചാരത്തു തന്നെയായി ഉസ്താദിന്‍റെ അന്ത്യവിശ്രമം.

പ്രവാചകന്മാരുടെ അനന്തരാവകാശികളാണ് പണ്ഡിതന്മാര്‍ എന്ന തിരുനബി(സ്വ)യുടെ വചനത്തിന്‍റെ സാക്ഷ്യപത്രമാണ് എം.എ.ഉസ്താദിന്‍റെ ജീവിതം. അതിലെ ചില ചിത്രങ്ങളാണ് ചുവടെ:

മദ്റസാ പ്രസ്ഥാനത്തിന്‍റെ ശില്‍പി

കേരളീയ ഇസ്ലാമിക ചരിത്രത്തില്‍ സമാനതയില്ലാത്ത മാറ്റങ്ങള്‍ ഉണ്ടാക്കിയ സംഭവമാണ് മദ്റസാ പ്രസ്ഥാനത്തിന്‍റെ ആരംഭം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ മതപരമായി ശോചനീയാവസ്ഥ നേരിടുന്നതിന്‍റെ മുഖ്യകാരണം, കേരളത്തിലേത് പോലുള്ള മദ്റസാ സംവിധാനം അവിടെ ഇല്ലാതെ പോയതാണ്. കേരളത്തിലെ മുസ്‌ലിം കുട്ടികള്‍ക്ക് അഞ്ചു വയസ്സു മുതലേ ശാസ്ത്രീയമായി മതപഠനം നല്‍കുന്നതില്‍ മദ്റസകള്‍ക്കുള്ള സംഭാവനകളെ കുറിച്ച അക്കാദമിക പഠനങ്ങള്‍ പോലും പുറത്തിറങ്ങിയിട്ടുണ്ട്. പ്രൊഫ. സുഷമ ജെയ്റഹ് എഴുതി ങമറൃമമെ ീള ഗലൃമഹമ; അി ീ്ലൃ്ശലം എന്ന പഠനം അതിലൊന്നാണ്. കേരളത്തിലെ മുസ്‌ലിംകള്‍ക്ക് നൈതികമായ പരിപ്രേക്ഷ്യം നല്‍കുന്നതില്‍ മദ്റസകള്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്നാണ് ഈ പ്രബന്ധം പറയുന്നത്.

വ്യവസ്ഥാപിതമായ മദ്റസകള്‍ എന്ന ചിന്തക്ക് ആദ്യമായി തുടക്കമിട്ടത് എം.എ. ഉസ്താദാണ്. മദ്റസാ പ്രസ്ഥാനത്തിന്‍റെ ആവശ്യകത ഹൃദയത്തില്‍ തട്ടിയതോടെ ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീ പാര്‍ട്ടിയുമായുള്ള ബന്ധം ഉത്തമമല്ലെന്നും ദീനീ രംഗത്ത് സഹകരിക്കുന്ന ഏത് രാഷ്ട്രീയക്കാരനുമായും സഹകരിക്കുക എന്ന തത്ത്വമാണ് ദീനിനും സംസ്കാരത്തിനും ഉപയുക്തമെന്നും മനസ്സിലാക്കിയതായി എംഎ ഉസ്താദ് പറഞ്ഞിട്ടുണ്ട്.

സമസ്തയുടെ പ്രഥമ മുഖപത്രം അല്‍ബയാന്‍ മാസികയുടെ 1951 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ആറാം ലക്കത്തില്‍ എം.എ.ഉസ്താദ് ഒരു ലേഖനമെഴുതി. മദ്റസാ പ്രസ്ഥാനത്തിന്‍റെ അനിവാര്യതയും ലക്ഷ്യവുമായിരുന്നു പ്രതിപാദ്യം. ആ ലേഖനത്തിന്‍റെ സംഗ്രഹം ഇങ്ങനെ:

സ്വതന്ത്ര ഭാരതത്തില്‍ പൊതുവിദ്യാലയങ്ങളില്‍ മതപഠനം നിരോധിക്കാനുള്ള നീക്കവും ബഹുജനങ്ങള്‍ക്ക് വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള പിടിപ്പുകേടും ചിന്താവിഷയമായിരുന്നു. നിവാരണ മാര്‍ഗം അടിത്തറയില്‍ തന്നെ ഇരുവിദ്യാഭ്യാസവും സുലഭമാക്കലാണ്. എല്ലാ സ്കൂളുകളോടനുബന്ധിച്ചും മദ്റസകള്‍ സ്ഥാപിക്കുകയും അതിനാവശ്യമായ സിലബസും പാഠ്യപദ്ധതിയും തയ്യാറാക്കപ്പെടുകയും വേണം.

എംഎ ഉസ്താദിന്‍റെ ഈ ലേഖനം വലിയ അനുരണങ്ങള്‍ സൃഷ്ടിച്ചു. സാത്വികരായ മഹാപണ്ഡിതന്മാര്‍ക്ക് അതില്‍ പറഞ്ഞ കാര്യങ്ങള്‍ ബോധിച്ചു. അങ്ങനെ 1951 സെപ്റ്റംബര്‍ 17-നു വിദ്യാഭ്യാസ ബോര്‍ഡിന്‍റെ പ്രഥമ യോഗം വാളക്കുളം ജുമുഅത്ത് പള്ളിയില്‍ ചേര്‍ന്നു. 37 അംഗങ്ങള്‍ പങ്കെടുത്തു. എം.എ.ഉസ്താദ് അതിലൊരാളാണ്. അവിടെ വെച്ചാണ് വിദ്യാഭ്യാസ ബോര്‍ഡിന്‍റെ സിലബസും നിയമാവലിയും തയ്യാറാക്കിയത്. എം.എ.ഉസ്താദിനെ ആ യോഗത്തില്‍ വളരെയധികം പരിഗണിക്കപ്പെട്ടു. അതോടെ കേരളത്തിന്‍റെ പല ഭാഗങ്ങളിലും വിദ്യാഭ്യാസ ബോര്‍ഡ് അംഗീകരിച്ച മദ്റസകള്‍ രൂപം കൊണ്ടു.

മദ്റസയിലേക്ക് ആവശ്യമായ  പാഠപുസ്തകം ഉണ്ടാക്കാനുള്ള കമ്മിറ്റി പിന്നീട് നിലവില്‍ വന്നപ്പോഴും എം.എ.ഉസ്താദ് അതിലംഗമായിരുന്നു. ആദ്യകാലത്ത് മിക്ക ക്ലാസുകളിലേക്കുള്ള ചരിത്രപുസ്തകങ്ങള്‍ (താരീഖ്) ഉസ്താദ് രചിച്ചതാണ്.

1958-ല്‍ മുഅല്ലിംകളുടെ പരിശീലനത്തിനും കൂട്ടായ പ്രവര്‍ത്തനത്തിനും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപീകരിച്ചപ്പോള്‍ റെയിഞ്ചുകളുടെ നിയമാവലി തയ്യാറാക്കിയതും ഉസ്താദ്. കേരളത്തിലെ ആദ്യ റെയിഞ്ച് ആ വര്‍ഷം പയ്യന്നൂരില്‍ നിലവില്‍ വന്നപ്പോള്‍ അതിന്‍റെ പ്രസിഡന്‍റും ഉസ്താദായിരുന്നു. വിദ്യാഭ്യാസ ബോര്‍ഡിന്‍റെ പ്രഥമ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ ഉസ്താദിനു പ്രായം വെറും 25 മാത്രമായിരുന്നു. പക്ഷേ, പക്വതയും അവധാനതയും ഒരറുപതു പിന്നിട്ട ധിഷണാശാലിയുടേതായിരുന്നു.

മുഅല്ലിംകളെ ബോധവല്‍കരിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍റെ നേതൃത്വതതില്‍ അല്‍ മുഅല്ലിം ത്രൈമാസിക ആരംഭിച്ചപ്പോള്‍ കനമുള്ള ലേഖനങ്ങള്‍ അതിലെഴുതി ഓരോ ലക്കവും മികവുറ്റതാക്കി എംഎ ഉസ്താദ്. സുന്നിവോയ്സിലും സുന്നിടൈംസിലും ഉസ്താദ് എഴുതിയ ലേഖനങ്ങള്‍ കമ്മ്യൂണിസം, സോഷ്യലിസം തുടങ്ങിയ പ്രസ്ഥാനങ്ങളെപ്പറ്റി സുന്നികളെ ബോധവാന്മാരാക്കി.

1989-ല്‍ സമസ്തയിലെ പിളര്‍പ്പ് സംഭവിച്ചപ്പോള്‍ സത്യത്തിന്‍റെ പക്ഷത്ത് ഉറച്ചുനിന്നു. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്‍റെ രൂപീകരണത്തിന് നേതൃത്വം നല്‍കിയതും എം.എ.ഉസ്താദായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശംസ നേടിയ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്‍റെ പാഠപുസ്തകങ്ങളും ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ അനല്‍പമായ പങ്കും ഉസ്താദിനുണ്ട്. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ പ്രസിഡന്‍റും എം.എ.ഉസ്താദായിരുന്നു. കുട്ടികളുടെ മാനസികമായ വികാസത്തിനുതകുന്ന വിധത്തില്‍ പാഠാവലിയും ക്ലാസുകളും ചിട്ടപ്പെടുത്തുന്ന സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഇംഗ്ലീഷ് മീഡിയങ്ങളിലും ബോര്‍ഡിംഗ് സ്കൂളുകളിലും ബദര്‍ പാഠാവലി സൃഷ്ടിച്ച് സമന്വയ വിദ്യാഭ്യാസത്തിന്‍റെ പുതിയ തലങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ എല്ലാറ്റിനും പിറകില്‍ സന്തോഷത്തോടെ ഉസ്താദുണ്ടായിരുന്നു.

ബോര്‍ഡിംഗ് മദ്റസയുടെ ആരംഭം

കേരളത്തില്‍ ബോര്‍ഡിംഗ് മദ്റസ എന്ന ആശയത്തിന്‍റെ ശില്‍പി എം.എ.ഉസ്താദാണ്. 1969-ലെ പട്ടിക്കാട് ജാമിഅ: നൂരിയ്യ: സമ്മേളനത്തോടനുബന്ധിച്ച് ഉസ്താദ് ഒരു ലഘുലേഖ പുറത്തിറക്കി. ബോര്‍ഡിംഗ് മദ്റസകള്‍/ ഹോസ്റ്റലുകള്‍ സ്ഥാപിക്കേണ്ടതിന്‍റെ അനിവാര്യതയായിരുന്നു അതില്‍ വിവരിച്ചിരുന്നത്.

മക്കള്‍ക്ക് മതവിജ്ഞാനം നല്‍കാതെ ഭൗതിക വിദ്യ മാത്രം നല്‍കുന്ന ധനാഢ്യരെ, സമന്വയ വിജ്ഞാനത്തിന്‍റെ പ്രസക്തി ബോധ്യപ്പെടുത്തി മക്കള്‍ക്ക് ചെറുപ്പത്തിലേ ഇരുവിജ്ഞാനവും നല്‍കുക എന്നതായിരുന്നു ബോര്‍ഡിംഗ് മദ്റസകളുടെ ലക്ഷ്യങ്ങളിലൊന്ന്. സമസ്തയുടെ ഉലമാക്കള്‍, ഉസ്താദിന്‍റെ നിര്‍ദ്ദേശം ഗൗരവതരമായി ചര്‍ച്ച ചെയ്യുകയും ബോര്‍ഡിംഗ് മദ്റസകള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടന്ന് ചേളാരിയില്‍ ആദ്യത്തെ ബോര്‍ഡിംഗ് മദ്റസ തുടങ്ങാന്‍ എം.എ.ഉസ്താദ് തന്നെ മുന്‍ കൈ എടുത്തു.

ഉത്തര കേരളത്തിലേക്ക് ബോര്‍ഡിംഗ് മദ്റസകള്‍ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെ എം.എ.ഉസ്താദും കെ.വി.ഉസ്മാന്‍ സാഹിബും തലശ്ശേരിക്കടുത്ത് വേങ്ങാട് ഖാദിരിയ്യാ ബോര്‍ഡിംഗ് മദ്റസ സ്ഥാപിച്ചു. തുടര്‍ന്ന് സമസ്ത കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്‍റെ ആഭിമുഖ്യത്തില്‍ സമര്‍ഖന്ദിയ്യാ ബോര്‍ഡിംഗ് മദ്റസയും ഉണ്ടാക്കി. അത് പില്‍ക്കാലത്ത് രണ്ടായി വിഭജിച്ച് പടന്ന റഹ്മാനിയ്യാ ബോര്‍ഡിംഗും കളനാട് സഅദിയ്യാ ബോര്‍ഡിംഗുമായി മാറി.

സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരുടെ മക്കളെ ആധ്യാത്മിക പാതയിലൂടെ ചെറുപ്രായത്തിലേ നടത്താന്‍ ബോര്‍ഡിംഗ് സ്കൂളുകള്‍ വലിയ അര്‍ത്ഥത്തില്‍ സഹായിച്ചിട്ടുണ്ട്. ഇന്ന് കേരളത്തില്‍ കൂണുപോലെ ബോര്‍ഡിംഗുകള്‍ വളര്‍ന്നുവരുമ്പോള്‍ അതിന്‍റെ ശില്‍പി എം.എ.ഉസ്താദാണെന്ന് പുതുതലമുറ അറിയേണ്ടതുണ്ട്.

ഖുവ്വത്ത് സൃഷ്ടിച്ച ചലനങ്ങള്‍

1973- നവംബര്‍ 5-നാണ് എം.എ.ഉസ്താദ് തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം മദ്റസയില്‍ ചാര്‍ജ്ജെടുക്കുന്നത്. അവിടെ മുദരിസായി പി.എ. അഹ്മദ് മുസ്‌ലിയാരും ഉണ്ടായിരുന്നു. സര്‍സയ്യിദില്‍ ഭൗതിക വിജ്ഞാനം നേടാനെത്തുന്ന വിദൂര വിദ്യാര്‍ഥികള്‍ക്ക് ഖുവ്വത്തുല്‍ ഇസ്ലാം വലിയൊരു തണലായിരുന്നു. അവര്‍ ഖുവ്വത്തില്‍ താമസിച്ചു ഒഴിവുദിനങ്ങളിലും കോളേജ് ക്ലാസ് തീര്‍ന്ന ശേഷവും മതവിഷയങ്ങള്‍ സമഗ്രമായി പഠിക്കാനുള്ള സൗകര്യം ഖുവ്വത്തിലുണ്ടായിരുന്നു.

തന്‍റെ ധൈഷണികമായ മികവ് കൊണ്ട് ഖുവ്വത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ ഉസ്താദിന് സാധിച്ചു. ക്ലാസുകള്‍ക്ക് കൃത്യമായ സമയനിഷ്ഠയും പാഠാവലിയും ഉണ്ടാക്കി. സര്‍സയ്യിദില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് ഭാവി വികസിക്കാനുതകുന്ന വിധം മതവിജ്ഞാനം ക്രമീകരിച്ചു. എ.പി.അബ്ദുല്ല മൗലവി, വി.പി.എം.വില്ല്യാപ്പള്ളി തുടങ്ങിയ പ്രഗത്ഭരെ ഖുവ്വത്തിലേക്ക് സഹമുദരിസുമാരായി കൊണ്ടുവന്ന് അറിവിന്‍റെ വസന്തം സൃഷ്ടിച്ചു അവിടെ.

ഇന്ന് സുന്നി സംഘടനക്ക് കീഴില്‍ ആര്‍ട്സ് കോളേജുകള്‍ (അക്കാദമിക വിദ്യാഭ്യാസം റെഗുലര്‍ ആയി നല്‍കുകയും മതവിജ്ഞാനം അതോടൊപ്പം പകരുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍) ധാരാളമുണ്ട്. പക്ഷേ, ഖുവ്വത്തുല്‍ ഇസ്ലാം ആണ് ഇതിനൊക്കെ മാതൃകയായത്. ഖുവ്വതിന് മത-ഭൗതിക സമന്വയത്തിന്‍റെ ചിട്ടയും സൗന്ദര്യവും നല്‍കിയത് എം.എ.ഉസ്താദും.

രണ്ട് തരത്തിലായിരുന്നു ഖവ്വതിലെ അഡ്മിഷന്‍ എം.എ.ഉസ്താദ് രൂപപ്പെടുത്തിയത്. മദ്റസ ഏഴാം തരം പാസായവരെ തിരഞ്ഞെടുത്ത് മുഖ്തസ്വര്‍ ക്ലാസ് കൊണ്ടവസാനിക്കുന്ന സിലബസ് സര്‍സയ്യിദ് കോളേജില്‍ പഠനം നടത്തുന്നവര്‍ക്ക് പാര്‍ട് ടൈം ആയി ഭാഗികമായും ഫുള്‍ടൈമുകാര്‍ക്ക് പൂര്‍ണമായും കോളേജ് പഠനം പൂര്‍ത്തിയാക്കി ശേഷം മത രംഗത്ത് തുടരുന്നവര്‍ക്ക് തുടര്‍ന്ന് കോഴ്സ് പൂര്‍ത്തിയാക്കാന്‍ പ്രാപ്തമാവും വിധത്തിലായിരുന്നു സിലബസ് ക്രമീകരണം.

ഇതിന്‍റെ ഫലം അതിശയകരമായിരുന്നു. സര്‍സയ്യിദില്‍ പോകുന്ന ഭൗതിക വിദ്യാര്‍ഥികള്‍ക്ക് മതമൂല്യങ്ങളോട് വലിയ താല്‍പത്യം തോന്നിതുടങ്ങി. പി.എ.കെ.മുഴപ്പാലയെപ്പോലുള്ള വിദ്യാര്‍ഥികള്‍ വെള്ള തൊപ്പിയണിഞ്ഞ്, കാമ്പസില്‍ ധാര്‍മികതയുടെ കാഹളം മുഴക്കി. സര്‍സയ്യിദ് വിദ്യാര്‍ഥികളെ രചനാത്മകമായി നന്നായി പരിശീലിപ്പിച്ചിരുന്നു ഉസ്താദ്. മികച്ച പ്രഭാഷകരും എഴുത്തുകാരും സംഘാടകരും അതിനാല്‍ ആ വിദ്യാര്‍ഥികള്‍ക്കിടയില്‍ സുലഭമായി. എംഎ ഉസ്താദ് നല്‍കുന്ന നോട്ടുകള്‍ കുറിച്ചെടുത്ത് സര്‍സയ്യിദിലെ കലോത്സവങ്ങളില്‍ പങ്കെടുത്തപ്പോഴൊക്കെ ഒന്നാം സ്ഥാനം തന്നെ തേടിയെത്തിയിരുന്നുവെന്ന് പി.എ.കെ.മുഴപ്പാല അയവിറക്കാറുണ്ട്.

ഖുവ്വതുല്‍ ഇസ്ലാമില്‍ ഉസ്താദിന്‍റെ വിദ്യാര്‍ഥിയായിരുന്ന, പിന്നീട് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ കാസിം ഇരിക്കൂര്‍ എം.എ.ഉസ്താദിനെ കുറിച്ചിങ്ങനെയെഴുതി: ‘വിദ്യാഭ്യാസത്തിലൂടെ വ്യക്തിത്വ പരിപൂര്‍ണത പ്രാപിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കിയ അപൂര്‍വ പണ്ഡിതനാണ് എം.എ.ഉസ്താദ്. പള്ളി മൂലയില്‍ ചടഞ്ഞിരിക്കുന്ന വ്യക്തിയെക്കുറിച്ചല്ല, സമൂഹത്തിന്‍റെ നടുവിലേക്കിറങ്ങി പ്രബുദ്ധമായൊരു തലമുറയെ എങ്ങനെ വാര്‍ത്തെടുക്കാം എന്നതിനെക്കുറിച്ച് അനുഗ്രഹീതനായ ആ അധ്യാപകന് കാഴ്ചപാടുണ്ട്. അതുകൊണ്ടാണ് പ്രസംഗം, എഴുത്ത്, സംവാദം എന്നീ മേഖലകളില്‍ വിദ്യാര്‍ഥികളുടെ കഴിവ് പരിപോഷിപ്പിക്കാന്‍ സാഹിത്യസമാജവും ‘അല്‍ബലാഗ്’ മാസികയും അദ്ദേഹം ആരംഭിച്ചത്.’

1978- വരെ ഖുവ്വതില്‍ ഉസ്താദ് സേവനം ചെയ്തു. ആ സമയത്ത് ലീഗ് രണ്ടായി പിളര്‍ന്ന്, അവിടത്തെ പണ്ഡിതന്മാര്‍ ആക്ഷേപിക്കപ്പെട്ടപ്പോള്‍ അദ്ദേഹം വേദനയോടെ ഇറങ്ങിപ്പോന്നു. ഫാറൂഖ് കോളേജ് ലക്ചര്‍ ഡോ. അഹ്മദ് സഈദ് സാഹിബടക്കം പില്‍കാലത്ത് അറിയപ്പെട്ട അക്കാദമീഷ്യരും എഴുത്തുകാരും ഖുവ്വതിലെ ഉസ്താദിന്‍റെ ഉല്‍പന്നങ്ങളാണ്.

ഖുവ്വതില്‍ നിന്ന് പിരിഞ്ഞെങ്കിലും വിജയകരമായ ആര്‍ട്സ് കോളേജ് സംവിധാനം സഅദിയ്യയില്‍ പുനരാരംഭിച്ചു ഉസ്താദ്. ഒ ഖാലിദിനെപ്പോലുള്ള പ്രതിഭകള്‍ സഅദിയ്യ ആര്‍ട്സ് കോളേജിന്‍റെ സന്തതികളാണ്. പിന്നീട് മര്‍കസിലും കൊടിയത്തൂരുമെല്ലാം ആര്‍ട്സ് കോളേജുകള്‍ വന്നു. മത-ഭൗതിക സമന്വയത്തിന്‍റെ പുതിയ ശീലമായിരുന്നു ഇവ. എം.എ.ഉസ്താദിന്‍റെ ദീര്‍ഘദര്‍ശനം പിഴച്ചിട്ടേയില്ല. സര്‍സയ്യിദ് വിദ്യാര്‍ഥികളെ മതമേഖലയില്‍ പരിശീലിപ്പിക്കുവാനുള്ള പദ്ധതി ഇന്നത്തെ ദഅ്വാ കോളേജുകളുടെ പ്രാഗ്രൂപമെന്ന് പറയാം.

സഅദിയ്യയുടെ ശില്‍പി

ഭാരതത്തിന് എം.എ.ഉസ്താദ് നല്‍കിയ ഏറ്റവും പ്രധാന വൈജ്ഞാനിക സംഭാവനയാണ് ജാമിഅ സഅദിയ്യ. അന്താരാഷ്ട്ര രംഗത്ത് വിശ്രുതമായ മത ഭൗതിക കലാലയമായി സഅദിയ്യ ഇന്നു മാറിയിരിക്കുന്നു.

1971-ല്‍ സമസ്ത കണ്ണൂര്‍ ജില്ലാ ഘടകം നിലവില്‍ വന്നു. ഉത്തര കേരളത്തില്‍ ഉന്നതമായൊരു ഇസ്ലാമിക് കോംപ്ലക്സിന് രൂപം നല്‍കാന്‍ എം.എ.ഉസ്താദിന്‍റെ നേതൃത്വത്തില്‍ സമസ്ത ജില്ലാ കമ്മിറ്റി ആലോചിച്ചു. ഈ തീരുമാനം അറിഞ്ഞ കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി അദ്ദേഹം നടത്തിയിരുന്ന സഅദിയ്യ കോളേജ് ഏറ്റെടുക്കാന്‍ സമസ്തയോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് സഅദിയ്യയുടെ പ്രധാന നാദിര്‍ (ജനറല്‍ മാനേജര്‍) ആജീവനാന്തം ഉസ്താദിന്‍റെ കരങ്ങളിലായിരിക്കണം ഈ സ്ഥാപനത്തിന്‍റെ നിയന്ത്രണം എന്ന് കല്ലട്ര ഹാജി തീരുമാനിച്ചു. ഇകെ ഉസ്താദിനെപ്പോലുള്ളവരുടെ നിര്‍ദേശം ഇതിന് ധൈര്യം പകരുകയും ചെയ്തു. ദേളിയില്‍ അഞ്ചേക്കര്‍ ഭൂമിയും കാസര്‍ഗോഡ് നഗര മധ്യത്തില്‍ 42 മുറികളുള്ള കെട്ടിടവും അദ്ദേഹം ഉസ്താദിനെ ഏല്‍പ്പിച്ചു.

ഉസ്താദ് നേതൃത്വത്തിലെത്തിയതോടെ ഒരു ജൂനിയര്‍ കോളേജ് എന്നിടത്ത് നിന്ന് ജാമിഅ (ഡിശ്ലൃശെ്യേ) സഅദിയ്യ മാറി. ശരീഅത് കോളേജില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ച ആയിരക്കണക്കിന് സഅദികള്‍ ഇതിനകം സമൂഹമധ്യേ സേവകരായി തീര്‍ന്നിട്ടുണ്ട്. കലാസാഹിത്യത്തിലും തൊഴില്‍ പരിശീലനത്തിലും കഴിവാര്‍ജിച്ച മുത്വവ്വല്‍ കോഴ്സ് പൂര്‍ത്തിയാക്കുമ്പോള്‍ ഇസ്ലാമിക വിജ്ഞാനീയങ്ങളിലും ഇംഗ്ലീഷ്, ഉര്‍ദു, അറബി ഭാഷകളിലും മികച്ച കോച്ചിംഗ് ലഭിക്കുന്നു. ഖുര്‍ആന്‍ പാരായണത്തിലും ആധുനിക അധ്യാപന പരിശീലനത്തിലും വിദഗ്ധ ട്രെയിനിംഗ് സഅദികള്‍ക്ക് കിട്ടുന്നു. അഥവാ ‘സഅദി’ എന്ന ബിരുദം മതത്തിലും ഭൗതികത്തിലും ജ്ഞാനമുള്ളവര്‍ക്കാണ് നല്‍കപ്പെടുന്നത് എന്നര്‍ത്ഥം.

വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത് മുന്നേറ്റത്തിന്‍റെ കവാടം തുറക്കപ്പെടാതെ വികസനം വഴിമുട്ടിയപ്പോള്‍ ഈ സൗഭാഗ്യ കേന്ദ്രത്തിലെ വെള്ളി വെളിച്ചം സമൂഹത്തിലെ വിവിധ മേഖലകളിലേക്ക് വീശിക്കൊണ്ടേയിരുന്നു. നഴ്സറി വിദ്യാഭ്യാസം മുതല്‍ പ്ലസ്.ടു വരെയും മദ്റസാ ഒന്നാം ക്ലാസ് തൊട്ട് ശരീഅത്ത് കോളേജ്, ബിരുദാനന്തര ബിരുദ കോഴ്സ് വരെയും പ്രൈമറി ക്ലാസില്‍ നിന്ന് ഡിഗ്രിയും പിജിയും തുടങ്ങിയവ കരഗതമാക്കാനുള്ള സൗകര്യം സഅദിയ്യ:യില്‍ സൃഷ്ടിക്കപ്പെട്ടതിന്‍റെ കാരണം സമന്വയ വിദ്യാഭ്യാസത്തോടുള്ള എം.എ.ഉസ്താദിന്‍റെ താല്‍പര്യമായിരുന്നു.

സഅദിയ്യ യതീംഖാന ഉത്തര മലബാറിലെ നിരാലംബരായ അനാഥകളുടെ സ്വര്‍ഗമാണ്. പിതാവ് നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മതപരവും ഭൗതികവുമായി എത്ര വേണമെങ്കിലും പഠിക്കാനുള്ള താമസ-ഭക്ഷണ സൗകര്യവും മറ്റു ചെലവും വിജ്ഞാനവും ഇവിടെ നിര്‍ലോഭം നല്‍കുന്നു.

ഹോസ്റ്റല്‍ സൗകര്യത്തിന് പുറമെ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം റെസിഡന്‍ഷ്യല്‍ സ്കൂള്‍, സഅദിയ്യ: കാമ്പസിലെ വലിയ സ്ഥാപനമാണ്. അച്ചടക്ക ബോധത്തില്‍ മുന്നില്‍നില്‍ക്കുന്ന ഇവിടുത്തെ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സിക്കും പ്ലസ്.ടുവിനും എല്ലാവര്‍ഷവും നൂറു ശതമാനം വിജയം നേടുന്നു.

ബോര്‍ഡിംഗ് മദ്റസ, നിരവധി സ്കൂളുകള്‍, ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ്, ഹോം കെയര്‍ ഫോര്‍ ഓര്‍ഫന്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, ആര്‍ട്സ് ആന്‍റ് കൊമേഴ്സ് കോളേജ്, അഫ്സലുല്‍ ഉലമ അറബിക് കോളേജ്, ഇന്‍ഡസ്ട്രിയല്‍ ആന്‍റ് ട്രെയിനിംഗ് സെന്‍റര്‍, കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്‍റര്‍, ഇസ്ലാമിക് ലൈബ്രറി തുടങ്ങി ഡസനിലധികം സ്ഥാപനങ്ങള്‍ സമന്വയ വിദ്യാഭ്യാസത്തിന്‍റെ വസന്തം വിരിയിച്ച് എംഎ ഉസ്താദിന്‍റെ നേതൃത്വത്തില്‍ സഅദിയ്യയില്‍ ഭംഗിയായി നടക്കുന്നു. ആറായിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ നിലവില്‍ സഅദിയ്യ:യില്‍ പഠനം നല്‍കുന്നു.

എഴുത്തിന്‍റെ സൗന്ദര്യം

വായനയുടെ, വാക്കുകളുടെ സ്നേഹിതനാണ് എം.എ.ഉസ്താദ്. ഉസ്താദിന്‍റെ ഭാഷാപരമായ മികവും ജ്ഞാനത്തിന്‍റെ ആഴവും അറിയാന്‍ അദ്ദേഹത്തിന്‍റെ രചനകള്‍ ധാരാളം.

പ്രഗത്ഭനായൊരു പണ്ഡിതനേ മത-ഭൗതിക സമന്വയത്തിന്‍റെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകൂ. ജ്ഞാനം കൊണ്ട് അനുഗ്രഹീതരായവരുടെ ചിന്തയും പ്രവര്‍ത്തനവും എപ്പോഴും സക്രിയമായിരിക്കും. ചെറുപ്രായം മുതലേ ലഭ്യമായ പത്രങ്ങളെല്ലാം ഉസ്താദ് തേടിപ്പിടിച്ച് വായിക്കുമായിരുന്നു. മാത്രമല്ല, അറബിയോടൊപ്പം ഉര്‍ദുവിലും പ്രാഗത്ഭ്യം നേടി. ഖാസിം ഇരിക്കൂര്‍ എഴുതുന്നു: “ഭാഷാവ്യുല്‍പത്തിയാണ് ഉസ്താദിന്‍റെ കരുത്തെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ മുസ്‌ലിം ചലനങ്ങളെയും ചിന്തകളെയും എം.എയെപ്പോലെ മനസ്സിലാക്കിയ പണ്ഡിതന്മാര്‍ കുറയും. ലോകത്തിന്‍റെ പുതിയ ഗതിവിഗതികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അദ്ദേഹത്തിന് കമ്യൂണിസം, സോഷ്യലിസം, ലിബറലിസം, സിയോണിസം, ഫെമിനിസം തുടങ്ങി ആധുനിക ചിന്തകളെക്കുറിച്ചെല്ലാം നല്ല ധാരണയുണ്ട്. മാത്രമല്ല, അവയെക്കുറിച്ച് പഠിക്കാനും പ്രസംഗിക്കാനും ശിഷ്യന്മാരെ പ്രാപ്തരാക്കുന്നതില്‍ സവിശേഷ ശ്രദ്ധ ചെലുത്താറുമുണ്ട്. മുസ്‌ലിം ലീഗ് രണ്ടായി പ്രവര്‍ത്തിച്ച ആ കാലഘട്ടത്തില്‍ ചന്ദ്രികയും ലീഗ് ടൈംസും ഒരുമിച്ച് ഉസ്താദിന്‍റെ മേശപ്പുറത്ത് കാണാം.”

ഉസ്താദിന്‍റെ ലളിതവും സുന്ദരവുമായ ഭാഷ ആരെയും ആകര്‍ഷിക്കും. ആ ശൈലിയിലെ വശ്യത വാക്കുകള്‍ക്കതീതം. ഖുവ്വതിലെയും സഅദിയ്യയിലെയും അക്കാദമിക വിദ്യാര്‍ഥികളെ തന്നിലേക്കാകര്‍ഷിപ്പിക്കാന്‍ കരുത്തുള്ള ഭാഷയും ആഴമുള്ള ജ്ഞാനവും എം.എ.ഉസ്താദിനെ തുണച്ചിട്ടുണ്ട്. ആധ്യാത്മികതയും ആധുനികതയും ഒരേപോലെ ആ അനുഗ്രഹീത തൂലികയില്‍ നിന്ന് പ്രവഹിക്കും. പ്രസംഗവും അങ്ങനെത്തന്നെ. അളന്നുമുറിച്ച വാക്കുകള്‍. അതിലെല്ലാം അടങ്ങിയിട്ടുണ്ടാവും.

ലുഖ്മാന്‍ കരുവാരക്കുണ്ട്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ