MA USTHAD

സമുദായത്തിന്‍റെ താല്‍പര്യത്തോടൊപ്പം നിന്നാണ് വിടപറഞ്ഞ സമസ്താധ്യക്ഷന്‍ എംഎ ഉസ്താദ് പ്രവര്‍ത്തിച്ചത്. മുതഅല്ലിമുകളെയും ഭൗതിക വിദ്യാര്‍ത്ഥികളെയും മുഅല്ലിമുകളെയും ഒപ്പം സാധാരണക്കാരെയും സമുദ്ധരിക്കുന്നതിനായി നാനാവിധത്തില്‍ മഹാന്‍ വിയര്‍പ്പൊഴുക്കി. മദ്റസാ പ്രസ്ഥാനത്തിന്‍റെയും മത-ഭൗതിക സമന്വയ സ്ഥാപനങ്ങളുടെയും മതാധ്യാപക സംഘടനയുടെയും രൂപീകരണവും പരിപോഷണവും അദ്ദേഹം മുന്നില്‍ നിന്നു നടത്തിയതാണ്. ഇപ്രകാരം പൊതുവിഷയങ്ങളിലും ഉസ്താദ് ഇടപെട്ടു. അതിലേക്കു വെളിച്ചം പകരുന്ന ചില കാഴ്ചകള്‍ സുന്നിവോയ്സിന്‍റെ മൂന്നര പതിറ്റാണ്ടു മുമ്പുള്ള താളുകളില്‍ വായിക്കാം:

1980 മെയ് 23 ലക്കത്തില്‍ ആ പദ്ധതി പുനഃപരിശോധിക്കണം എന്ന തലവാചകത്തില്‍ എംഎ ഉസ്താദിന്‍റെ പ്രസ്താവന കാണാം. ജനവാസ മേഖലയില്‍ പുതിയ ഡാം നിര്‍മിക്കാനുള്ള ശ്രമത്തിനെതിരെയാണത്. അതില്‍ നിന്ന്:

‘ചരിത്ര പ്രസിദ്ധവും ചിരപുരാതനവും വടക്കേ മലബാറില്‍ ജാതിമത ഭേദമന്യേ എല്ലാവരാലും ആദരിക്കപ്പെടുന്നതുമായ പുളിങ്ങോം മഖാമും ജുമുഅത്ത് പള്ളിയുമടക്കം എട്ടു മുസ്‌ലിം പള്ളികളും അത്രതന്നെ മദ്റസകളും ഒരു ഹൈസ്കൂളടക്കം അഞ്ച് ഭൗതിക വിദ്യാലയങ്ങളും അത്രയും എണ്ണം ഇതര സഹോദര സമുദായങ്ങളുടെ ആരാധനാലയങ്ങളും വെള്ളത്തിലകപ്പെടുകയും രണ്ടായിരത്തി അഞ്ഞൂറ് വീട്ടുകാര്‍ ഭവന രഹിതരായിത്തീരുകയും ചെയ്യാന്‍ ഇടവരുത്തുന്ന കാക്കടവു ഡാം പദ്ധതി അടിയന്തിരമായും പുനഃപരിശോധന നടത്തണമെന്ന് ഗവണ്‍മെന്‍റിനോടും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരോടും അഭ്യര്‍ത്ഥിക്കുന്നു. 1975-ല്‍ ഭൂരിഭാഗവും വനപ്രദേശമായിരുന്ന കാലത്ത് ആവിഷ്കരിച്ചിരുന്ന ഒരു പദ്ധതി അതേ സങ്കല്‍പത്തില്‍ ഇപ്പോള്‍ വളരെയധികം ജനനിബിഢമായിത്തീര്‍ന്ന ശേഷം നടപ്പിലാക്കണമെന്ന ശാഠ്യം നിരര്‍ത്ഥകവും ക്രൂരവുമാണ്. ആരാധനാലയങ്ങളും പുണ്യ തീര്‍ത്ഥാടന കേന്ദ്രങ്ങളും നശിപ്പിക്കപ്പെടുകയും അയ്യായിരത്തോളം കുടുംബങ്ങളുടെ ജീവിത സൗകര്യം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന പ്രസ്തുത പദ്ധതി പുനഃപരിശോധിച്ച് വേണ്ടത് ചെയ്യാന്‍ ഉത്തരവാദ കേന്ദ്രങ്ങളില്‍ നല്ലവരായ എല്ലാവരും സമ്മര്‍ദം ചെലുത്തുകയും പ്രതിഷേധമുയര്‍ത്തുകയും ചെയ്യേണ്ടിയിരിക്കുന്നു.’

വിദ്യാഭ്യാസ ബോര്‍ഡിന്‍റെ ദീര്‍ഘകാല സാരഥി എംഎ ഉസ്താദായിരുന്നു. അദ്ദേഹത്തിന്‍റെ സേവനങ്ങളും യുക്തിയും ഭാവി സമുദായത്തിന് ഉതകുംവിധം ഇന്നത്തെ തലമുറയെ ദീനിയായി ചിട്ടപ്പെടുത്തുന്നതില്‍ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ഇന്നത്തെ രൂപത്തില്‍ കുതിച്ചുചാട്ടം നടത്തിയത് എംഎ ഉസ്താദിന്‍റെ കഠിനാധ്വാനം കൂടി ഊര്‍ജമാക്കിയാണ്.

മദ്റസകളുടെ ചാലക ശക്തികള്‍ മുഅല്ലിംകളാണല്ലോ. അധ്യാപന രംഗത്ത് ഏഴു പതിറ്റാണ്ടോളം നിറഞ്ഞുനിന്ന മഹാന്‍ സഹാധ്യാപകരുടെ പ്രയാസങ്ങള്‍ കണ്ടും അറിഞ്ഞും നേരിലനുഭവിച്ചതിനാല്‍ അവയ്ക്കു പരിഹാരം നിര്‍ദേശിക്കുകയുണ്ടായി. പ്രദേശത്തെ മദ്റസകളുടെ കൂട്ടായ്മയായി റൈഞ്ച് കമ്മിറ്റി രൂപീകരിച്ചതിനു പിന്നിലും അദ്ദേഹമായിരുന്നു. അതുപോലെ മുഅല്ലിം ക്ഷേമനിധി, മുതഅല്ലിം സ്കോളര്‍ഷിപ്പ് നടപ്പാക്കുന്നതിന് മുന്‍കൈ എടുത്തതും മഹാനാണ്.

1980 മാര്‍ച്ച് 7 ലക്കത്തില്‍ ‘മുഅല്ലിംകള്‍, അവരുടെ കര്‍ത്തവ്യങ്ങളും’ എന്ന ലേഖനമുണ്ട്. അതില്‍ നിന്ന്:

‘മുഅല്ലിംകളുടെ നിസ്തുലമായ സേവനത്തെ ആദരവോടും സ്നേഹവായ്പോടും വിലയിരുത്തുകയും അവരുടെ അവശതകളും കഷ്ടപ്പാടുകളും അന്വേഷിച്ച് പരിഹാരമുണ്ടാക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്ന രക്ഷിതാക്കളും ഭാരവാഹികളും എത്ര പേരുണ്ട് എന്ന് വിശാലമായൊരു പൊതുവീക്ഷണം നടത്തുന്നവര്‍ക്ക് അങ്ങനെയുള്ള വളരെ കുറച്ചുപേരെ മാത്രമേ കാണാനാകുകയുള്ളൂ എന്നതാണ് പരമാര്‍ത്ഥം. ഇന്നത്തെ നമ്മുടെ സിലബസും പാഠപുസ്തകവുമനുസരിച്ച് പുസ്തകത്തിലുള്ളത് കുട്ടികളെ പഠിപ്പിക്കണം എന്ന ചുമതലയാണ് മുഅല്ലിംകള്‍ക്കുള്ളത്. എന്നാല്‍ അതുകൊണ്ടു മാത്രം കര്‍ത്തവ്യം നിര്‍വഹിച്ചുവെന്ന് ഒരു മുഅല്ലിമിന് സമാധാനിക്കാനാവുമോ? ഇക്കാലത്ത് ജനങ്ങളിലാകമാനം പടര്‍ന്നു പന്തലിച്ചിട്ടുള്ള പൈശാചിക പ്രവണതകളില്‍ നിന്നും തന്‍റെ അധീനത്തിലുള്ള വിദ്യാര്‍ത്ഥികളെ മോചിപ്പിക്കാനും താന്‍ എന്തു പഠിപ്പിച്ചുവോ അത് കുട്ടികളില്‍ പ്രാവര്‍ത്തിക രൂപേണ അവരെ കണ്ട് നടപ്പില്‍ വരുത്തിച്ച് എല്ലാവിധ പൈശാചിക പ്രേരണകളില്‍ നിന്നും അവരെ സംശുദ്ധരാക്കി കൊണ്ടുവരാനുമുള്ള ഉത്തരവാദിത്തം മനസ്സിലാക്കി അതനുസരിച്ചവര്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്തുതന്നെ പ്രതിബന്ധങ്ങളുണ്ടെങ്കിലും കിട്ടുന്ന ഭൗതിക പ്രതിഫലം എത്രതന്നെ തുച്ഛമാണെങ്കിലും മുസ്‌ലിം സമുദായത്തിന്‍റെ ഭാവി സംവിധായകരായ വിദ്യാര്‍ത്ഥികളെ മതബോധവും മതഭക്തിയും സര്‍വോപരി അച്ചടക്കബോധവും ഉള്ളവരാക്കി തീര്‍ക്കേണ്ടുന്ന ഉത്തരവാദിത്തമാണ് തങ്ങളിലുള്ളതെന്ന ബോധത്തോടെ അല്ലാഹുവിന്‍റെ പ്രീതിയെ മാത്രം കാംക്ഷിച്ചുകൊണ്ട് പ്രവര്‍ത്തിച്ചാലേ മുഅല്ലിം എന്ന ശ്രേഷ്ഠ പദവിക്ക് നാം അര്‍ഹരായി തീരുകയുള്ളൂ…’ ലേഖനം തുടരുകയാണ്.

എംഎ ഉസ്താദിന്‍റെ നിര്യാണത്തോടെ ഒരു വലിയ തണലാണ് നഷ്ടപ്പെട്ടിരിക്കുന്നത്. നാഥന്‍ ആ ഖബറിടം സ്വര്‍ഗമാക്കട്ടെ.

You May Also Like
Shaikh Ahmed er-Rifai-maqam

ശൈഖ് രിഫാഈ(റ) ജീവിതം, ദര്‍ശനം

ലോക പ്രശസ്തരായ നാല് ഖുതുബുകളിലൊരാളായിരുന്നു ശൈഖ് അഹ്മദില്‍ കബീറുര്‍രിഫാഈ(റ). മുസ്‌ലിം ലോകം ശൈഖ് രിഫാഈയുടെ സ്മരണകള്‍…

ഇമാം ശാഫിഈ(റ)

നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ ഖുറൈശികളെ അധിക്ഷേപിക്കരുത്. കാരണം അതിലൊരു പണ്ഡിതന്‍ ഭൂലോകമാസകലം വിജ്ഞാനത്താല്‍ നിറക്കുന്നതാണ്.’ ‘അല്ലാഹുവേ…

MA-USTHAD

എംഎ ഉസ്താദ്; അനുകരണീയ പ്രബോധകന്‍

മര്‍ഹൂം എംഎ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (ന.മ) പല കാര്യങ്ങളിലും വ്യതിരിക്ത വ്യക്തിത്വമായിരുന്നു. ആത്മീയതയുടെയും ആദര്‍ശ…